ചുമിന്‍ ന്യൂജന്‍ എന്ന വിയറ്റ്‌നാംകാരന്‍ എന്റെ സഹപ്രവര്‍ത്തകനായിരുന്നു. “ചെറിയ യുദ്ധം ഭാവിയിലെ വലിയ യുദ്ധത്തെ തടയും...” എന്നു ലിന്‍ഡന്‍ ജോണ്‍സന്‍ വിയറ്റ്‌നാം യുദ്ധത്തെപ്പറ്റി പറഞ്ഞുനടന്നതിന്റെ തിക്തഫലം അനുഭവിച്ച ഭാഗ്യദോഷി. അയാളുടെ അപ്പൂപ്പനു അഹോരാത്രം കഷ്ടപ്പെട്ടു പടുത്തുയര്‍ത്തിയ ഒരു ഫെര്‍ട്ടിലൈസര്‍ ഫാക്ടറിയുണ്ടായിരുന്നു. മാതാവ് അന്നാട്ടിലെ അറിയപ്പെടുന്ന മെഡിക്കല്‍ ഡോക്ടര്‍. കൊട്ടാരസമാനമായ ഒരു വലിയ വീട്ടില്‍ ആ കുടുംബം സസന്തോഷം വര്‍ഷങ്ങളോളം കഴിഞ്ഞു. കഷ്ടപ്പെട്ടു ചോരനീരാക്കിയുണ്ടാക്കിയ ആ ഫാക്ടറിയില്‍ അനേകം പാവങ്ങള്‍ തൊഴില്‍ കണ്ടെത്തി. പാവപ്പെട്ടവരുടെയൊക്കെ ഓലപ്പുരയിലെ അടുപ്പുകളില്‍ പലതിലും തീ പുകയാന്‍ തുടങ്ങി. അപ്പോഴാണ് “എല്ലാവര്‍ക്കും സമത്വം” എന്ന സിദ്ധാന്തവുമായി ഒരു കൂട്ടര്‍ ഹോചിമിന്റെയും, മാവോയുടെയും, ചെഗുവേരയുടേയും ഫോട്ടോയുമായി വന്നു, വാളിന്റെയും, കുന്തത്തിന്റെയും മുള്‍മുനയില്‍ നിര്‍ത്തി ഭീകരതാണ്ഡവമാടിയത്. ജീവന്‍ തിരികെ കിട്ടുമെങ്കില്‍ അത്രമാത്രം മതിയെന്നു ആ കുടുംബം കൊതിച്ചു. ആറുപേര്‍ അടങ്ങുന്ന ആ കുടുംബത്തിനു മാത്രം വേണ്ട ബെഡും, കസേരയും, മേശയും കൊടുത്തിട്ടു ബാക്കിയുള്ളതെല്ലാം പെറുക്കി ഹോചിമിന്റെ സഖാക്കള്‍ സ്ഥലം വിട്ടു. ആ വലിയ വീടിന്റെ മറ്റു മുറികളിലായി നാലു കുടുംബക്കാരെക്കൂടി പാര്‍പ്പിച്ചു. അങ്ങനെ നാലു ഭവനരഹിതര്‍ക്കും ‘ഭവന’മായി. അപ്പൂപ്പനും ഫാക്ടറിയിലെ ഒരു സാദാ തൊഴിലാളിയായി മാറി. ചൂഷണം എന്തെന്നു ആദ്യമായി ആ കുടുംബം തിരിച്ചറിഞ്ഞു.
ചൂഷണം ഇന്നുമിന്നെലയും തുടങ്ങിയതല്ലെന്നു നമ്മുടെ ഇന്ത്യാ മഹാരാജ്യത്തിന്റെ തന്നെ സ്വന്തം ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാവും. ഗ്രീക്കുകാര്‍, ഇറ്റാലിയന്‍, ചൈനാക്കാരന്‍, അറബി, ഡച്ചുകാരന്‍, ഫ്രെഞ്ചുകാരന്‍, ഇംഗ്ലീഷുകാരന്‍, ഇവരെല്ലാം വന്നു ആ രാജ്യത്തിന്റെ ഊര്‍ജ്ജം നുകര്‍ന്നവര്‍. അതില്‍ ഒന്നാം സ്ഥാനം വഹിച്ചതു ഇംഗ്ലീഷുകാരാണ്. അവര്‍ ആ രാജ്യത്തെ അനേകവര്‍ഷങ്ങള്‍ ‘റേപ്പു’ ചെയ്തു. അവര്‍ ലോകത്തിന്റെ നാലുകോണിലും ചെന്ന് കണ്ണില്‍ ചോരയില്ലാതെ ആ പണി തുടര്‍ന്നുകൊണ്ടേയിരുന്നു. കോടികളുടെ സ്വത്തുക്കള്‍ അവരുടെ രാജ്യത്തേക്കു തിരിച്ചുവിട്ടു.
അനേകവര്‍ഷത്തെ അവിശ്രമ പ്രയത്‌നങ്ങള്‍ക്കു ശേഷം അനേകം പുണ്യാത്മാക്കളുടെ ജീവന്‍ ബലി കൊടുത്തു ആ രാജ്യത്തെ വിദേശീയരില്‍ നിന്നും രക്ഷിച്ചു. അങ്ങനെ ആ രാജ്യത്തു ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യം പിറന്നു വീണു. അനീതിയാലും, അസമത്വങ്ങളാലും, അക്രമങ്ങളാലും ഭീതിദമായി അവഗണിക്കപ്പെട്ട ആ രാജ്യത്തു അക്രമരാഹിത്യത്തിന്റെ ശിലാസ്ഥാപനം നടന്നു.
രാജഭരണമല്ല, ജനായത്തഭരണമാണു ഇനിയും ആ രാജ്യത്തു വേണ്ടതു എന്നു ജനം ആര്‍ത്തുവിളിച്ചു. സ്വാതന്ത്ര്യം എന്ന വാക്കിന്റെ പിന്‍ബലത്തില്‍ മനുഷ്യന്‍ ചേരിതിരിഞ്ഞു. മനസ്സിന്റെ പൊരുത്തത്തിലും, പൊരുത്തക്കേടിലും ഓരോരോ സംഘടനകള്‍ പൊന്തിവന്നു. ചിലര്‍ അതിനു ‘പാര്‍ട്ടി’ എന്ന ഓമനപ്പേര്‍ നല്‍കി. തുടക്കത്തില്‍ ചില പാര്‍ട്ടികള്‍ രാജ്യത്തിന്റെ നന്മ മാത്രം മുന്നില്‍ കണ്ടുകൊണ്ടു പ്രവര്‍ത്തനമാരംഭിച്ചു. കാലത്തിന്റെ പ്രയാണത്തില്‍ പാര്‍ട്ടികള്‍ പിളര്‍ന്നു. പിളരും തോറും വളരാന്‍ തുടങ്ങി. വളരുംതോറും പിളരാന്‍ തുടങ്ങി. പാര്‍ട്ടികള്‍ക്കു നേതാക്കളായി, അണികളായി, ഗുണ്ടാകളായി, പാവം ജനം വീണ്ടും അടിമകളായി.
പ്രാചീനകാലം മുതല്‍ വിദേശീയര്‍ വന്നു ഇന്ത്യയില്‍ ആധിപത്യം സ്ഥാപിച്ചു കച്ചവടം തുടങ്ങി. “ആരുവേണമെങ്കിലും വന്നോട്ടെ ഇതൊന്നുമെന്റെ പ്രശ്‌നമല്ല” എന്നുള്ള നിസ്സംഗമനോഭാവത്തില്‍ വര്‍ഷങ്ങളോളം ഇന്ത്യാക്കാരന്‍ തലതാഴ്ത്തി നിന്നു കൊടുത്തു. ഒന്നും പറയാതെ വിദേശീയാധിപത്യത്തിന്റെ നുകത്തില്‍ കീഴില്‍ അടിമകളായി കഴിയാനേ അന്നു ഇന്ത്യന്‍ ജനതയ്ക്കു കഴിഞ്ഞിരുന്നുള്ളൂ. ചരിത്രം പറയുന്നു അനേകവര്‍ഷങ്ങള്‍ക്കു ശേഷമാണു നട്ടെല്ലുള്ള പ്രബുദ്ധരായ നേതാക്കള്‍ മുമ്പോട്ടിറങ്ങി വന്നതെന്ന്. പതിനാലാം നൂറ്റാണ്ടു മുതല്‍ പത്തൊന്‍പതാം നൂറ്റാണ്ടു വരെ വിദേശീയര്‍ കയറിയിറങ്ങി ആ രാജ്യത്തെ കൊള്ളയടിച്ചപ്പോള്‍ കയ്യുംകെട്ടി നില്‍ക്കാനേ പാവം ജനത്തിനു കഴിഞ്ഞുള്ളൂ. അതിന്റെ വേറൊരു വകഭേദമാണു ഭാരത ജനത അല്ലെങ്കില്‍ പ്രത്യേകിച്ചു പറഞ്ഞാല്‍ കേരള ജനതയിന്നനുഭവിക്കുന്നത്. ഇന്നു വിദേശീയരുടെ കൊള്ളയല്ല ഭയപ്പെടേണ്ടതു പ്രത്യുത തദ്ദേശീയരുടേതാണ്. അല്ലെങ്കില്‍ നാടന്‍ കൊള്ളക്കാര്‍..! തനിമലയാളത്തില്‍ പറഞ്ഞാല്‍ രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍..!
ഏകദേശം അമേരിക്കയുടെ മൂന്നിലൊന്നു മാത്രം വലിപ്പമുള്ള ഇന്ത്യയില്‍ ഇന്നു എത്ര രാഷ്ട്രീയ പാര്‍ട്ടികള്‍? ഉറുമ്പുകള്‍ അരി വലിച്ചോണ്ടു പോവുന്നപോലെ രാജ്യത്തെ അങ്ങോട്ടും ഇങ്ങോട്ടും ഇട്ടു വലിക്കുകയാണ്. ഇന്നിത് എഴുതുമ്പോള്‍ ഇന്ത്യയില്‍ എത്രാമത്തെ പാര്‍ട്ടിയാണു ജനിച്ചതെന്നു വാര്‍ത്താമാദ്ധ്യാമങ്ങള്‍ക്കു പോലും അറിയാന്‍മേല. ജനത്തിന്റെ വിശ്വാസ്യതയെ തമസിക്കരിച്ചു കൊണ്ടു പാര്‍ട്ടി പ്രവര്‍ത്തകര്‍ പരക്കം പായുകയാണ്.
ഇന്നു, ഈ പാര്‍ട്ടിപ്രവര്‍ത്തകര്‍ അഴിമതി സംസ്ക്കാരത്തില്‍ നിന്നുകൊണ്ടു കരിഞ്ചന്തയും, പൂഴ്ത്തിവയ്പ്പും, കൈക്കൂലിയും കുലത്തൊഴിലാക്കിയിട്ടു, പെണ്‍വാണിഭമാഫിയായും, കോടികള്‍ വിലമതിക്കുന്ന ബംഗ്ലാവിന്റെയും, ആഡംബരക്കാറുകളുടെയും, സ്വര്‍ണ്ണപ്പണ്ടങ്ങളുടെയും, തോട്ടങ്ങളുടെയും മുതലുള്ളവരായി. ഉടയാത്ത ഉടയാടകള്‍ അണിഞ്ഞു എപ്പോഴും ശീതീകരിച്ച വിദേശനിര്‍മ്മിത കാറുകളില്‍ സഞ്ചാരം. മൂന്നുമാസത്തിലൊരിക്കല്‍ ‘സാമ്രാജ്യത്വമോഹികളുടെ’ രാജ്യത്തു ‘രാഷ്ട്രീയവല്‍ക്കരിച്ച വെക്കേഷന്‍’, സിനിമാ സ്റ്റൈലില്‍ മക്കളുടെ വിവാഹധൂര്‍ത്ത്...! ഇവരില്‍ നല്ലൊരു ശതമാനം കോടികള്‍ സ്വിസ് ബാങ്കിലിട്ടിട്ടു, മണിച്ചിത്രതാഴിട്ടു പൂട്ടി, ശീതീകരിച്ച പഞ്ചനക്ഷത്രഹോട്ടലുകളില്‍ ഉറങ്ങി മദ്യവും മദിരാക്ഷിയുമായി കഴിയുന്നവര്‍! ഇതില്‍ ക്രിമിനല്‍ സ്വഭാവമുള്ള അന്യോപജീവികളെ ഒരിക്കലും സൂര്യപ്രകാശം കടന്നുചെല്ലാത്ത തുറങ്കിലിട്ടു പൂട്ടി അതിന്റെ താക്കോല്‍ കടലില്‍ വലിച്ചെറിയേണ്ട സമയം അമ്പേ വൈകിയിരിക്കുന്നു.
ബലഹീന മനുഷ്യന്റെ മനഃശാസ്ത്രം മനസ്സിലാക്കി- മൈക്കിന്റെ കോളാമ്പിയില്‍കൂടെ മദ്യലഹരിയില്‍ വരുന്ന ഇവരുടെ ‘ചിന്നംവിളി’ കേട്ടു മദംപൊട്ടി മത്തരാവുന്ന അര്‍ദ്ധപട്ടിണിക്കാരന്റെ കര്‍ണ്ണപുടത്തിനു ഇതൊരു വക സംഗീതം പോലെയിരിക്കുന്നു. അല്ലെങ്കില്‍ എന്തിനു ഇത്രയും ജനം തെരുവുവിളക്കിന്റെ മുമ്പിലെ ഈയല്‍ പോലെ തടിച്ചുകൂടുന്നു.
രാഷ്ട്രീയ പാര്‍ട്ടികളിന്നു ഓരോരോ കോര്‍പ്പറേഷന്‍ പോലെയായിരിക്കുന്നു. വലിയ പണം സമ്പാദിക്കുന്ന കോര്‍പറേഷന്‍! രാഷ്ട്രീയവും, മതവും, സിനിമയുമാണ് പണം ഉണ്ടാക്കാനുള്ള എളുപ്പമാര്‍ഗ്ഗം. അപ്പോള്‍ ഈ മൂന്നു വകുപ്പുകള്‍ക്കും സര്‍വ്വകലാശാലകളില്‍ മെഡിക്കല്‍ കോഴ്‌സിനുളളതുപോലെ വലിയ കാപ്പിറ്റേഷന്‍ ഫീസൊക്കെ വാങ്ങി കോഴ്‌സുകള്‍ നടപ്പാക്കരുതോ?
ഒരു കാലത്തു പാവപ്പെട്ടവനു അവന്റെ കൂലിചെയ്തതിനുള്ള വേതനം വാങ്ങിക്കൊടുക്കാനും, അവകാശങ്ങള്‍ പിടിച്ചു പറ്റാനും ഒക്കെ കമ്മ്യൂണിസം വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നതു വിസ്മരിച്ചുകൂടാ. കമ്മ്യൂണിസം ഒരു കാലത്തു ആ കാലത്തിന്റെ ആവശ്യമായിരുന്നു. ഇന്നതിന്റെ പ്രസക്തി ക്ഷയിച്ചുപോയിരിക്കുന്നു. കമ്മ്യൂണിസം ജീവവായുവായി ശ്വസിച്ചിരിക്കുന്ന ചൈന കമ്മ്യൂണിസത്തെ ഇന്നു വെറും പേപ്പറില്‍ മാത്രമാക്കി ഒതുക്കി നിര്‍ത്തിയിരിക്കുകയാണ്. റഷ്യയ്ക്കു#് എഴുപതുകളില്‍ അമേരിക്കയ്ക്കുണ്ടായിരുന്നതിലും കൂടുതല്‍ അണുബോംബുകള്‍ ഉണ്ടായിരുന്നു. റഷ്യയുടെ ‘മാനസാന്തര’ത്തിനു ശേഷം അവയെല്ലാം എവിടെയൊക്കെയോ പോയോ ആവോ? ഒരിക്കല്‍ കാപ്പിറ്റലിസത്തെ മറികടന്നു വിയറ്റ്‌നാം മുതല്‍, നിക്കറാഗ്വ വരെ കമ്മ്യൂണിസത്തെ ഉള്‍ക്കൊണ്ടു. ലോകത്തിലെ സമ്പന്നരാഷ്ട്രമായ അമേരിക്കയുടെ ഉപസ്ഥത്തില്‍ സ്ഥിതി ചെയ്യുന്ന ക്യൂബ വരെ നീണ്ടു പോവുന്നു ആ പോക്ക്... റാവൂളിന്റെ കാലശേഷം ആ നീണ്ടപോക്കും നിലയ്ക്കും. അധികാരത്തില്‍ വന്നിട്ടു കേവലം അഞ്ചു വര്‍ഷത്തിനകം ഗോര്‍ബച്ചേവ് റഷ്യന്‍ കമ്മ്യൂണിസത്തിന്റെ അല്ല, ലോക കമ്മ്യൂണിസത്തിന്റെ തന്നെ ശവപ്പെട്ടിയുടെ അവസാനത്തെ ആണിയും അടിച്ചു. അങ്ങനെ ലോക കമ്മ്യൂണിസത്തിന്റെ അവസാനത്തിന്റെ ആരംഭം കുറിച്ചു. അതിനു ‘പെരസ്‌ടോയിക്ക’ എന്നൊരു ഓമനപ്പേരും നല്‍കി. സമത്വവും, സോഷ്യലിസവും പറഞ്ഞു നടന്നിരുന്ന റഷ്യയിലെ ബ്രഷ്‌നേവിന്റെ ഗരാജീനുള്ളില്‍ ഏഴു കാറുകളുടെ ശേഖരമുണ്ടായിരുന്നു എന്നു ഒരിക്കല്‍ വായിച്ചു. അതില്‍ ആഡംബരക്കാറുകളും ഉണ്ടായിരുന്നു. തത്വത്തില്‍ ഇന്ത്യയിലെ കോണ്‍ഗ്രസ്, കമ്മ്യൂണിസ്റ്റ്, ബി.ജെ.പി., മറ്റിതര നപുംസകപാര്‍ട്ടികള്‍ എല്ലാം തന്നെ ഒരേ നാണയത്തിന്റെ ഇരുവശം മാത്രം. ഇവരെല്ലാം ജനങ്ങള്‍ക്കു ഒരെത്തും പിടിയും കിട്ടാത്ത ഏതോ ഒരു പൊതു നിഗൂഢപാര്‍ട്ടിയില്‍പെട്ടവര്‍! ഇവര്‍ പൊയ്മുഖം വച്ചു പലതരത്തില്‍ ജനത്തിന്റെ മുമ്പില്‍ അവതരിക്കുന്നു എന്നുമാത്രം. ഒരു തുള്ളി വിയര്‍പ്പുപോലും പൊടിയാതെ കോടികള്‍ സമ്പാദിക്കുന്ന ‘ബുദ്ധിമാന്‍മാരായ’ അലസന്‍മാരുടെ ഒരു മാര്‍ഗ്ഗം.
കമ്മ്യൂണിസത്തോടു സന്ധിയില്ലാ സമരം നടത്തിയ അമേരിക്ക ഇന്നു കമ്മ്യൂണിസത്തെ ഭയക്കുന്നില്ല. ഇന്നവര്‍ക്കു ഭീകരവാദം എന്ന കീറാമുട്ടിയാണു തലവേദനയായി തീര്‍ന്നിരിക്കുന്നത്. കമ്മ്യൂണിസം ഇന്നു പല്ലുകൊഴിഞ്ഞ ഒരു സിംഹം പോലെയായിരിക്കന്നു. ലോകകമ്മ്യൂണിസം ഇന്നു അന്ത്യശ്വാസം വലിക്കുകയാണ്. ഒരര്‍ത്ഥത്തില്‍, പ്രത്യേകിച്ചു ഇന്നത്തെ രാഷ്ട്രീയ കാലാവസ്ഥയില്‍ ഇന്ത്യക്കു കോണ്‍ഗ്രസും, ബി.ജെ.പി.യും, കമ്മ്യൂണിസ്റ്റും ആവശ്യമാണെന്നു തോന്നുന്നു. അല്ലെങ്കില്‍ ഒരു ഏകാധിപത്യപ്രവണത തഴച്ചു വളരും. ആരോ ബുദ്ധിയുള്ളവന്‍ ഒരിക്കല്‍ പറഞ്ഞു; “കമ്മ്യൂണിസ്റ്റുകാര്‍ക്കു രാഷ്ട്രീയമുണ്ട്, ദേശഭക്തിയില്ല; ബി.ജെ.പി.യ്ക്കു ദേശഭക്തിയുണ്ട്, രാഷ്ട്രീയമില്ല; കോണ്‍ഗ്രസുകാര്‍ക്കു ഇതു രണ്ടുമില്ല” എന്ന്. കോണ്‍ഗ്രസിലെ ഒരു അഭിനവസമുന്നത നേതാവ് ഒരിക്കല്‍ പറഞ്ഞത് “കോണ്‍ഗ്രസുകാര്‍ ഖദറണിഞ്ഞ മാംസപിണ്ഡങ്ങള്‍” എന്നാണ്.
കേരളത്തിലെ ഏതാനും വിദ്യാര്‍ത്ഥികളോടു നാളുകള്‍ക്കു മുമ്പു മനോരമ ഒരു സര്‍വ്വേ നടത്തിയപ്പോള്‍ ലഭിച്ചതായ ഉത്തരങ്ങള്‍ ഇങ്ങനെ- “വിദ്യാഭ്യാസമില്ലാത്ത ആളുകള്‍ക്കു ജോലിയൊന്നും ചെയ്യാതെ നടന്നു പൈസയുണ്ടാക്കാന്‍ പറ്റിയ ജോലിയാണിത്.” മറ്റൊരു കൂട്ടര്‍ പറയുന്നു “കള്ളന്‍മാരുടെ സംഘമാണ് രാഷ്ട്രീയ പാര്‍ട്ടികള്‍,” “അഴിമതി, കൈക്കൂലി, അനീതി ഇതെല്ലാം അവരാണ്...” എന്നു വേറെ ചിലര്‍.
ഇന്നു ‘ദൈവത്തിന്റെ സ്വന്തം നാട്ടില്‍’ ഭരണം കൊട്ടേഷനിലിട്ടിരിക്കയാണ്, ഓട്ടോപൈലറ്റില്‍ പറക്കുന്ന വിമാനംപോലെ. നാണംകെട്ട വിവാദങ്ങള്‍ തീര്‍ന്നിട്ട് ഭരിക്കാന്‍ നേരമില്ല. ‘പട്ടണത്തില്‍ ഭൂതം’ എന്നു ദൃശ്യമാദ്ധ്യമങ്ങളിലെവിടെയോ കണ്ടു ഒരിക്കല്‍. എന്തിനീ ഭൂതത്തെ പട്ടണത്തില്‍ മാത്രമായി ഒതുക്കി നിര്‍ത്തിയിരിക്കുന്നു? ദൈവത്തിന്റെ നാട്ടില്‍ മുഴുവന്‍ ഭൂതമായിരിക്കുന്നു. ദൈവത്തിന്റെ നാടു ഭരിക്കുന്നതു ഭൂരിഭാഗം സമയവും ദൈവത്തില്‍ വിശ്വാസമില്ലാത്തവരാണല്ലോ? ഇതിനെ സായിപ്പിന്റെ ഭാഷയില്‍ ‘പാരഡോക്‌സ്’ എന്നോ എന്തുവേണമെങ്കിലും വിളിച്ചോളൂ.
കേരളത്തിലിന്നിപ്പോള്‍ എത്ര പ്രമാദമായ കേസാണെങ്കിലും കൊലപാതകം നടക്കുന്നതിനു തലേദിവസം തന്നെ ‘പ്രതി’കളെ കൂട്ടത്തോടെ പിടികൂടിയിരിക്കുന്ന പ്രതിഭാസമായി മാറി...! ആരോഗ്യമേഖലയെപ്പറ്റി പറഞ്ഞാല്‍ മഹാകഷ്ടം! ഡെങ്കിപ്പനി, എലിപ്പനി, പന്നിപ്പനി, കുരങ്ങുപനി, ചെള്ളുപനി, കോഴിപ്പനി, കരിമ്പനി, തക്കാളിപ്പനി... പിന്നെ ‘കുമ്പളങ്ങാപ്പനി...,’ ചിക്കുന്‍ഗുനിയ, എയ്ഡ്‌സ്, എന്തൊക്കെ ബാധകള്‍ വേണം? അതിനെല്ലാം പുറമെ ഹരിതഗൃഹപ്രഭാവ പ്രശ്‌നങ്ങള്‍, മറ്റിതര പരിസ്ഥിതി മലിനീകരണം, വര്‍ണ്ണമഴ...! ഹൊ... ഇതെല്ലാം നടക്കുന്നതു ദൈവത്തിന്റെ സ്വന്തം നാട്ടില്‍...!
ആള്‍ദൈവങ്ങള്‍, ക്വട്ടേഷന്‍ സംഘങ്ങള്‍, ലൈംഗികവൈകൃത്യങ്ങള്‍, പെണ്‍പീഡനം ഇതെല്ലാം സാമ്പത്തിക പുരോഗതിയുടെ അഥവാ നൂറുശതമാനം സാക്ഷരത കൈവരിച്ചതിന്റെ അനന്തര ദൂഷ്യപാര്‍ശ്വഫലങ്ങളോ? കേരളം അര്‍മ്മാദരോഗികളെക്കൊണ്ടു നിറഞ്ഞു.
കേരളത്തിലും, ബംഗാളിലും മാത്രം കുറെ ‘ബുദ്ധിജീവികള്‍!’ അവര്‍ ഇന്ത്യാമഹാരാജ്യത്തിന്റെ ഭാവിതിരുത്തിയെഴുതാന്‍ മോഹനവാഗ്ദാനമെന്ന തേന്‍പുരട്ടിയ ചക്രായുധവുമായി നടക്കുന്നു. ഈ ബുദ്ധിജീവികള്‍ പാവം ജനത്തിന്റെ ഘ്രാണശ്രവണനയനങ്ങള്‍ക്കു ആകര്‍ഷകമായ ഒരിക്കലും ഫലപ്രാപ്തി പ്രാപിക്കാത്ത പദ്ധതികളുമായി വന്നു പാമ്പാട്ടികളെപ്പോലെ ജനത്തിന്റെ മുമ്പില്‍ മകുടി ഊതുകയാണ്. പാവം ജനം താളത്തിനൊത്തു തുള്ളുന്നു. മൂന്നു ദശവര്‍ഷക്കാലം ബംഗാളില്‍ മാര്‍ക്‌സിസ്റ്റു പാര്‍ട്ടി ഭരിച്ചതിന്റെ ‘നേട്ടം’ കേരളത്തിനാണ്; കേരളം പതിനേഴു ലക്ഷത്തില്‍പ്പരം ബംഗാളികളെക്കൊണ്ടു നിറഞ്ഞു. ഈ പാര്‍ട്ടികള്‍ അമേരിക്ക എന്തു ചെയ്താലും ജനദ്രോഹപരം എന്നു പറഞ്ഞു ‘സാമ്രാജ്യത്വവാദികള്‍’ എന്ന ബാനറില്‍ മുദ്ര കുത്തുന്നു. “ഇഷ്ടമില്ലാത്തച്ചി തൊട്ടതൊക്കെയും കുറ്റം.”
ഇന്നു കേരളത്തില്‍ സാധാരണക്കാരനു സമാധാനത്തോടെ കിടന്നുറങ്ങാന്‍ സംഗതമായ ഒരു സാഹചര്യമില്ല. ഒരു കണ്ണു തുറന്നുപിടിച്ചുകൊണ്ടു വേണം ഓരോരുത്തരും ഇന്ന് ഉറങ്ങാന്‍ പോവേണ്ടത്. ഓരോരുത്തരും ഉറങ്ങാന്‍ പോവുന്നത്. നേരം വെളുക്കുമോ അല്ലെങ്കില്‍ വെളുപ്പിക്കുമോ എന്നവര്‍ക്കു ഭയം. ഒരു കാലത്തു, അതായതു ശിപായി ലഹളയുടെ സമയത്തു, ബ്രിട്ടീഷുകാര്‍ ശിപായിമാരുടെ ശരീരങ്ങള്‍ പീരങ്കികളുടെ കുഴലിനോടു ചേര്‍ത്തു പിടിച്ചു പൊട്ടിച്ചിതറിച്ചു കൊണ്ടാണു ഇന്ത്യന്‍ ജനതയെ ഭയത്തിന്റെ നിഴലില്‍ വിഥേയത്വത്തിന്റെ അടിമകളാക്കിയത്. ഇന്ത്യ അതു മറന്നിട്ടില്ല. കാരണം ചരിത്രത്തിന്റെ താളുകളില്‍ അത്രമാത്രം ശക്തമായി അമര്‍ത്തി അതെഴുതപ്പെട്ടിരിക്കുന്നു. അതിലും ഭയാനകമായ ഒരവസ്ഥയാണു ഭാരതത്തിന്റെ ചില ഭാഗങ്ങളില്‍ ഇന്നരങ്ങേറിക്കൊണ്ടിരിക്കുന്നത്. മത-വര്‍ഗ്ഗീയ രാഷ്ട്രീയ വിഥേയത്വം നിലനിര്‍ത്താന്‍ ഏതറ്റം വരെയും പോവാന്‍ ഇന്നു നേതാക്കള്‍ മുന്‍നിരയില്‍ തന്നെ. ആര്‍ഷഭാരത സംസ്ക്കാരങ്ങളും, സദാചാരങ്ങളും, മതമൂല്യങ്ങളുമെല്ലാം ഇന്നു വിചാരണചെയ്യപ്പെട്ടിരിക്കുകയാണ്. ഒരു പ്രാചീന, കുലീന സംസ്ക്കാരത്തിന്റെ അന്തിമഘട്ടങ്ങളിലാണോ ഇന്നു നാം ജീവിക്കുന്നത്? ഒരു മഹല്‍ സംസ്ക്കാരം കൂടെ നമ്മുടെ കണ്‍മുമ്പില്‍ നിന്നും എന്നെന്നേക്കുമായി കണ്‍മറയപ്പെടുകയാണോ?
‘അമ്മേ’ എന്നുച്ചരിക്കാന്‍ പഠിപ്പിച്ച വിദ്യാലയങ്ങളൊക്കെ റാഗിംഗിന്റെയും ബലാല്‍ക്കാരത്തിന്റെയും, പ്രാകൃതമായ, അധോമുഖ രാഷ്ട്രീയത്തന്റെയും കേളീകേന്ദ്രമാവുകയാണോ? പതിതരുടെ ഉദ്ധാരണത്തിനും, മറ്റുമായി ജന്മം കൊണ്ട പാര്‍ട്ടികളൊക്കെ സ്വാര്‍ത്ഥസ്ഥാപിത താല്‍പര്യങ്ങള്‍ക്കുള്ള വേദിയായി മാറിയിരിക്കുന്നു. സോഷ്യലിസം നടപ്പാക്കി വരണ്യവര്‍ഗ്ഗത്തെ ഉല്‍മൂലനം ചെയ്യണമെന്നു അലമുറയിട്ടു നടന്നവര്‍ ഇന്നു ഭൂജന്മികളായി കോടികളുടെ അധിപതികളായി വരേണ്യവര്‍ഗ്ഗമായി മാറിയിരിക്കുന്നു. പാവം ജനത്തിനിതെല്ലാം അസ്പര്‍ശ്യം! പുസ്തകത്തില്‍ പറയുന്നതും ചെയ്തികളുമായി അജഗജാന്തരം! സദാചാരസനാതനധര്‍മ്മങ്ങള്‍ പറഞ്ഞുകൊടുക്കുന്ന മതസമൂഹത്തിന്റെയെല്ലാം കഴുത്തില്‍ കത്തിവച്ചാല്‍....? ഇവയൊന്നും മനസ്സിലാക്കാതെ വളര്‍ന്നുവരുന്ന പുതിയ തലമുറ എന്തായിരിക്കും ലോകത്തിനു കാഴ്ച വയ്ക്കുക?
പാര്‍ട്ടികള്‍ക്കു അംഗത്വഫീസ് കൊടുക്കാന്‍ അര്‍ദ്ധപട്ടിണിക്കാരന്‍ പൊരിവെയിലില്‍ പാറപോലെ ഉറച്ചമണ്ണില്‍ വെട്ടുകയാണ്. നട്ടുച്ചസൂര്യന്റെ താപതീഷ്ണതയില്‍ അവന്റെ കാലുകള്‍ കുഴയുമ്പോള്‍ തൂമ്പാ മാത്രമെ വീഴാതെ പിടിച്ചു നില്‍ക്കാന്‍ അവനു അഭയമുള്ളൂ. അവന്റെ അടുത്ത തലമുറയ്ക്കു ‘നല്ല ഭാവി’ വാഗ്ദാനം ചെയ്ത നേതാവിനെ ജയിപ്പിക്കാന്‍ അവന്‍ രക്തം വിയര്‍പ്പാക്കുകയാണ്. മൈക്കിന്റെ കോളാമ്പിയില്‍ കൂടെവരുന്ന ‘വിഷക്കാറ്റ്’ അടിച്ചു മദം പൊട്ടി മത്തനായി അവന്‍ കൊല്ലും, കൊലയും നടത്തും, വെട്ടും കുത്തുമേല്‍ക്കും. ജീവന്‍ അറ്റുപോയ പട്ടിണിപ്പാവത്തിന്റെ ചെറ്റപ്പുരയില്‍ നിന്നും ഇനിയും പുക ഉയരുകയില്ല. നേതാവു ദൃശ്യവാര്‍ത്താമാദ്ധ്യമങ്ങളുടെ അകമ്പടിയോടെ വന്നു നക്കപ്പിച്ച എന്ന ‘സര്‍വ്വാണികര്‍മ്മം’ നടത്തിയിട്ടു പോവും. നേതാവിനു ശബ്ദായമാനമായ സ്വീകരണവും കിട്ടും. നാളത്തെ റ്റി.വിയിലും പത്രങ്ങളിലും പടവും കാണും. ജനങ്ങള്‍ വീണ്ടും വഞ്ചിതരാവും.
രാഷ്ട്രീയ മുതലെടുപ്പില്‍ സഹികെട്ട്, മാവോയിസ്റ്റുകളും, ഹോചിമിനിസ്റ്റുകളും, ചെഗുവേരയിസ്റ്റുകളും കൂടി വന്നിട്ട്- നേതാക്കന്മാര്‍ സാമ്രാജ്യത്വരാജ്യങ്ങളിലേയും, അറബിനാടുകളിലേയും, സിംഗപ്പൂരിലേയും മേശയുടെ അടിയില്‍ കൂടെ അടിച്ചുമാറ്റി ദേശത്തെ വിറ്റു പണം കൊണ്ടു നിര്‍മ്മിച്ച രമ്യഹര്‍മ്മങ്ങളേയും, കൊട്ടാരതുല്യമായ മണിമാളികകളുടെയും മുറികളില്‍ വാളും, കുന്തവുമായി അതിക്രമിച്ചു കയറി സോഷ്യലിസത്തിന്റെ ബാനറില്‍ താമസമുറപ്പിക്കുമ്പോഴേ എന്റെ സഹപ്രവര്‍ത്തകനായിരുന്ന ചുമിന്‍ ന്യൂജനേ പോലെയുള്ളവരുടെ വികാരങ്ങളും, മനോവേദനയും മനസ്സിലാവുകയുള്ളൂ.
ഓര്‍ക്കുക... എല്ലാവരേയും കുറേക്കാലത്തേക്കും, കുറേപേരെ എല്ലാക്കാലത്തേക്കും കബളിപ്പിക്കാന്‍ പറ്റും; എന്നാല്‍ എല്ലാവരേയും എല്ലാക്കാലത്തേക്കും കബളിപ്പിക്കാന്‍ പറ്റില്ല. ഈ തത്വം നേതാക്കള്‍ മറക്കാതിരുന്നാല്‍ നന്ന്... (2008)