Image

ഡയറി ഓഫ് എ ട്രോഫി വൈഫ് (കഥ: ഷാജന്‍ ആനിത്തോട്ടം)

Published on 14 July, 2020
ഡയറി ഓഫ് എ ട്രോഫി വൈഫ് (കഥ: ഷാജന്‍ ആനിത്തോട്ടം)
ഞാന്‍ വെറോണിക്ക. റോണി എന്ന് നിങ്ങള്‍ക്കെന്നെ വിളിക്കാം. ചെറുപ്പം മുതലേ എല്ലാവരും അങ്ങനെയാണ് എന്നെ വിളിക്കുന്നത്. സര്‍ട്ടിഫിക്കറ്റുകളില്‍ മാത്രം വെറോണിക്ക എന്ന പേരുണ്ട്; പാസ്‌പോര്‍ട്ടിലും. മരിക്കുന്നത് വരെ വല്യമ്മച്ചി എന്നെ "റോണിമോളേ'യെന്നാണ് വിളിച്ചിരുന്നത്. ഏത് ആള്‍ക്കൂട്ടത്തിനിടയിലും  "റോണിമോളേ'യെന്ന് വിളിച്ച് എന്റെ കൈയില്‍ മുറുകെപ്പിടിച്ചുകൊണ്ടങ്ങനെ നടക്കുന്നത് വല്യമ്മച്ചിക്ക് ഒത്തിരി സന്തോഷമായിരുന്നു; അത് കേള്‍ക്കുന്നത് എനിക്കും. തൃശൂര് പുത്തന്‍പള്ളി പെരുന്നാളിന് എല്ലാക്കൊല്ലവും വല്യമ്മച്ചിയുടെ കൈയില്‍ത്തൂങ്ങി അയല്‍വക്കംകാരോടൊപ്പം പോകുന്നത് ചെറുപ്പകാലത്തെപ്പറ്റിയുള്ള എന്റെ ഏറ്റവും നല്ല ഓര്‍മ്മകളിലൊന്നാണ്. കൂര്‍ക്കഞ്ചേരിയിലെ ഞങ്ങളുടെ വീട്ടില്‍ നിന്നും ചില വര്‍ഷങ്ങളില്‍ നടന്നുപോലും ഞങ്ങള്‍ പോയിട്ടുണ്ട്. ഒരു വര്‍ഷം പെരുന്നാള്‍ കൂടി രാത്രിയില്‍ മടങ്ങിവരുന്ന വഴിയില്‍ ഞാനെങ്ങനെയോ കൂട്ടം തെറ്റിപ്പോയി. ചിയ്യാരത്തുള്ള അമ്മായിയുടെ മകള്‍ റോസിയുമായി ഞാന്‍ വര്‍ത്തമാനം പറഞ്ഞു നടന്നതാണ്. വല്യമ്മച്ചിയും ആരോടൊക്കെയോ മിണ്ടിപ്പറഞ്ഞു നടക്കുന്നതിനിടയില്‍ ഞങ്ങള്‍ ഇത്തിരിനേരം വഴിവാണിഭക്കാരുടെ കടകളിലൊന്നില്‍ പൊട്ടും വളയും നോക്കിയങ്ങ് നിന്നുപോയി. എന്തുപറയാനാണ്, ആള്‍ക്കൂട്ടം നടന്നുനീങ്ങിക്കൊണ്ടിരുന്നതൊക്കെ ഞങ്ങളങ്ങ് മറന്നു. ഇത്തിരിക്കഴിഞ്ഞപ്പോഴാണ് കൂട്ടം തെറ്റിയ കാര്യം ഞങ്ങളോര്‍ത്തത്. "റോണിമോളേ'യെന്നും "റോസീ'യെന്നുമൊക്കെയുള്ള ആര്‍ത്തലപ്പ് കേട്ടപ്പോഴാണ് ഞങ്ങള്‍ക്ക് പരിസരബോധം വന്നതെന്ന് പറഞ്ഞാല്‍ മതിയല്ലോ. ഒരുവിധത്തില്‍ ഞങ്ങളെ വല്യമ്മച്ചിയും അമ്മായിയും കണ്ടുപിടിച്ചു. അതില്‍പ്പിന്നെ എവിടെപ്പോയാലും വല്യമ്മച്ചി എന്റെ കയ്യില്‍ തന്നെ മുറുകെപ്പിടിച്ചുകൊണ്ടേ നടക്കൂ.

ജൂലൈ 4, 2020

ഇന്നിപ്പോള്‍ വല്യമ്മച്ചിയെ ഓര്‍ക്കാന്‍ പ്രധാനപ്പെട്ട ഒരു കാര്യമുണ്ട് കെട്ടോ; പത്തൊമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതുപോലൊരു ജൂലൈ ഫോര്‍ത്തിനാണ് വല്യമ്മച്ചി ഓര്‍മ്മയായത്! ഞാനന്ന് ഇവിടെ അമേരിക്കയിലാണ്. ബാക്ക്‌യാര്‍ഡില്‍ പ്രാഞ്ചീസും മക്കളും ഞാനും കൂടി പതിവുപോലെ ബാര്‍ബിക്യൂ പാര്‍ട്ടി നടത്തിയ ദിവസം. പ്രാഞ്ചിയുടെ ചങ്ങാതിമാരൊക്കെ വൈകുന്നേരത്തോടെ വന്നു. ഒന്നും രണ്ടുമല്ല, ആറ് കുടുംബങ്ങളെയാണ് പ്രാഞ്ചി ക്ഷണിച്ചത്. പക്ഷേ എനിക്ക് വലിയ കഷ്ടപ്പാടൊന്നുമില്ലായിരുന്നു കേട്ടോ. കുക്ക് ചെയ്യാന്‍ വേണ്ട സാധനങ്ങള്‍ എല്ലാം കേരളാ ഫുഡ്‌സ്കാര് മാരിനേറ്റ് ചെയ്ത് തന്നിരുന്നു. ഞങ്ങളുടെ ബാക്ക്‌യാര്‍ഡില്‍ തൃശൂര്‍ പൂരം നടത്താനുള്ള സ്ഥലമുണ്ട്. വീടിന് മുമ്പില്‍ വലിയൊരു അമേരിക്കന്‍ ഫ്‌ളാഗൊക്കെ കെട്ടിനിര്‍ത്തി ഡ്രൈവ്‌വേയുടെ ഇരുവശങ്ങളില്‍ ചെറുപതാകകളും കുത്തിവെച്ച്, നല്ല ആംബിയന്‍സാണ് പ്രാഞ്ചിയും ഞങ്ങളുടെ കുഞ്ഞുമക്കളും ചേര്‍ന്ന് സൃഷ്ടിച്ചൊരുക്കിയത്. (മേനി നടിക്കാനും ഓളമുണ്ടാക്കാനും ഞങ്ങള്‍ തൃശൂര്‍ക്കാരെ കഴിഞ്ഞല്ലേ ആരുമുള്ളൂ?) അവരെത്ര കാട്ടിക്കൂട്ടിയാലും പക്ഷേ, സംഗതി കളറാക്കുന്നത് ഞാനാണ്. അത് പ്രാഞ്ചിക്കുമറിയാം. മുപ്പര്‍ക്കത് ഇഷ്ടവുമാണ്;  എന്നെ വച്ച് ആളാകുന്നതാണ് പ്രാഞ്ചിയുടെ ഇഷ്ടവിനോദം (അതെക്കുറിച്ച് പിന്നാലെ എഴുതാം).

ജൂലൈ 4, 2001

സന്ധ്യയായപ്പോഴേയ്ക്കും എല്ലാവരുമെത്തി. ഫുഡൊക്കെ കഴിച്ചുകൊണ്ടിരുന്നപ്പോള്‍ പ്രാഞ്ചി എന്നെക്കൊണ്ടൊരു പാട്ടും പാടിച്ചു. "ബ്രൗണ്‍ ഗേള്‍ ഇന്‍ ദ റിംഗ്' എന്ന് ഞാന്‍ പാടുമ്പോള്‍ "ലാലലാലാലാ' യെന്ന് കോറസ് പാടാന്‍ പ്രാഞ്ചിയോടൊപ്പം സകല ആണുങ്ങളും കൂടി. മണ്ണൂത്തിക്കാരന്‍ ഡെന്നിയുടെ മുഖം ഇപ്പോഴും ഞാനോര്‍ക്കുന്നുണ്ട്. ആളൊരു ചുള്ളനാണ് കേട്ടോ. ഗഡി പണ്ടേതോ സ്റ്റേജ് ഷോ ക്കാരുടെ കൂടെ അമേരിക്കയില്‍ വന്ന് മുങ്ങിയതാണ്. ഇതുവരെയും പേപ്പര്‍ ശരിയായിട്ടില്ലാത്തതുകൊണ്ട് തല്‍ക്കാലം ആരുടെയോ ഗ്യാസ് സ്റ്റേഷനില്‍ ജോലി ചെയ്യുകയാണത്രെ. ആള് അസ്സലായി പാടും. ഞങ്ങളൊന്നിച്ചൊരു ഡ്യൂയറ്റ് പാടിക്കൊണ്ടിരിക്കുമ്പോഴാണ് നാട്ടില്‍നിന്നും ഫോണ്‍ വന്നത്. പാട്ടും തീറ്റയും കഴിഞ്ഞ് സിറ്റിയുടെ ഫയര്‍വര്‍ക്‌സ് കാണാനുള്ള ഒരുക്കത്തിലായിരുന്നു എല്ലാവരും. ഞങ്ങളുടെ ബാക്ക്‌യാര്‍ഡില്‍ ഇരുന്നാല്‍ ആകാശത്തെ ആ വിസ്മയക്കാഴ്ചകള്‍ നന്നായി കാണാം.

ഫോണ്‍ അറ്റന്റ് ചെയ്ത പ്രാഞ്ചിയുടെ മുഖം വാടുന്നത് പാടിക്കൊണ്ടിരിക്കുന്നതിനിടയിലും ഞാന്‍ ശ്രദ്ധിച്ചു. എന്നെ വിഷമിപ്പിക്കാതിരിക്കാന്‍ പ്രാഞ്ചി പിന്നെയും കൂട്ടുകാരോടൊപ്പം കോറസ് പാടി. പിന്നെ, എന്നെ സാവധാനം വീടിനുള്ളിലേക്ക് കൂട്ടിക്കൊണ്ടുപോയി കാര്യം പറഞ്ഞു. വല്യമ്മച്ചി വയസ്സെത്തി യാത്രപറഞ്ഞതാണെങ്കിലും എനിക്കത് വല്ലാതെ സങ്കടമുണ്ടാക്കുന്നതായിരുന്നു. പാര്‍ട്ടിയൊക്കെ പെട്ടെന്നവസാനിപ്പിച്ച് ഞങ്ങള്‍ പിറ്റേന്ന് നാട്ടിലേക്ക് പോകാനുള്ള ഒരുക്കങ്ങളാരംഭിച്ചു.

ഇന്നിപ്പോള്‍ അതൊക്കെ ഓര്‍ക്കുമ്പോള്‍ ഒരുജാതി മരവിപ്പാണെനിക്ക്. കരയണോ, സങ്കടപ്പെട്ടിങ്ങനെ ജനലിലൂടെ കുറേനേരം പുറത്തേക്ക് നോക്കിയിരിക്കണോ എന്നുമാത്രമേ തീരുമാനിക്കാനുള്ളൂ. എന്തായാലും ഒന്നുതന്നെ. കുറെക്കഴിയുമ്പോള്‍ മാസ്ക്കും ധരിച്ച് രണ്ടോ മൂന്നോ പേര്‍ മരുന്നുതരാനും വാക്കറില്‍പ്പിടിച്ച് നടത്തിക്കാനും വരും. "അസിസ്റ്റഡ് ലിവിംഗി'ന്റെ അസ്കിതകളൊക്കെ ഇപ്പോള്‍ ഞാന്‍ ശീലിച്ചു കഴിഞ്ഞു. വൈകുന്നേരം കുളിപ്പിച്ച് കഴിഞ്ഞ് അവരെന്നെ വീല്‍ചെയറിലിരുത്തി ഈ ബില്‍ഡിംഗിന്റെ താഴത്തെ നിലയിലെ ഉദ്യാനത്തിലേക്ക് കൊണ്ടുപോകും. അവിടെ എന്നെപ്പോലെ വേറെ പലരുമുണ്ടാവും. കൊറോണക്കാലമായതിനാല്‍ എല്ലാവരും മുഖംമൂടിയണിഞ്ഞാണ് വരുന്നത്. അതാണെനിക്ക് തീരെ സഹിക്കാന്‍ വയ്യാത്തത്. ആരെയും കാണാനിപ്പോള്‍ ഒരു ചന്തവുമില്ല. ഓപ്പറേഷന്‍ തീയേറ്ററില്‍ നില്‍ക്കുന്നതുപോലെത്തെ ഫീലിംഗാണ്. എന്നിതൊക്കെ മാറുമോ ആവോ... ലിഫ്റ്റിലെ കണ്ണാടിയില്‍ മാസ്ക് മാറ്റി എന്റെ മുഖം കാണുമ്പോള്‍ എന്റെ കണ്ണുകള്‍ നിറയാറുണ്ട്. പണ്ട് പ്രാഞ്ചി എന്നെ കല്യാണം കഴിച്ച കാലത്തെപ്പറ്റി ഞാനറിയാതെ ഓര്‍ത്തുപോകും.

ഒക്‌ടോബര്‍ 31, 1984

ഇന്ദിരാഗാന്ധി കൊല്ലപ്പെട്ട ദിവസമാണ് പ്രാഞ്ചി എന്നെ പെണ്ണുകാണാന്‍ വന്നത്. കാര്യം നമ്മുടെ പ്രധാനമന്ത്രിയാണ് കൊല്ലപ്പെട്ടതെങ്കിലും, അപ്രതീക്ഷിതമായൊരവധി കിട്ടിയതിന്റെ സന്തോഷത്തിലാരുന്നു ഞാനും കൂട്ടുകാരികളും. പറഞ്ഞാല്‍ വിശ്വസിക്കുമോ, ഞാനന്ന് വിമല കോളജിന്റ ചെയര്‍മാനാണ്; എന്നിട്ടും ഒരു അനുശോചനയോഗം പോലും സംഘടിപ്പിക്കാന്‍ മുന്‍കൈയെടുക്കാതെ, ഉച്ചകഴിഞ്ഞ് വിവരം അറിയിച്ചുകൊണ്ട് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ കോളജിന് അവധി പ്രഖ്യാപിച്ചത് കേട്ടയുടനെ കൂട്ടുകാരികളുടെ കൂടെ ഞാനും സ്ഥലം വിട്ടു! പണ്ടേ കോണ്‍ഗ്രസ് പാരമ്പര്യമുള്ള കുടുംബത്തില്‍ ജനിച്ച് വളര്‍ന്ന എനിക്ക് വേണമെങ്കില്‍ സിസ്റ്ററുമായി ആലോചിച്ച് ഞങ്ങളുടെ ലേഡീസ് ഒണ്‍ലി കോളജിലൊരു ചെറിയ അനുശോചനയോഗം സംഘടിപ്പിക്കാമായിരുന്നുവെന്ന് വീട്ടിലേക്കുള്ള ബസ്സിലിരിക്കുമ്പോള്‍ തോന്നിയിരുന്നു.

വീടിന്റെ ഗേറ്റ് കടന്നപ്പോള്‍ത്തന്നെ അപ്പനെന്നെ കാത്ത് ഉമ്മറത്ത് നില്‍ക്കുന്നത് കണ്ടു. മുഖത്ത് പ്രധാനമന്ത്രി മരിച്ചതിന്റെ ഒരു വിഷമവും ഞാന്‍ കണ്ടില്ല. ചിരിച്ചുകൊണ്ട് എന്നെ സ്വീകരിച്ചിട്ട് വേഗം വല്ലതും കഴിച്ചിട്ട് ഒരുങ്ങി നില്‍ക്കാന്‍ പറഞ്ഞത് എനിക്ക് തീരെ മനസ്സിലായില്ല. വല്യമ്മച്ചിയാണ് പറഞ്ഞത്, ""റോണിമോളെ, നീയൊന്ന് കുളിച്ച് നല്ല ചുള്ളത്തിയായി വന്നേ ക്ടാവിനെ ഇന്നൊരാള്‍ കാണാന്‍ വരുന്നുണ്ടേ...!''

അടുക്കളയിലിരുന്ന് ഭക്ഷണം കഴിക്കുമ്പോള്‍ അമ്മ എല്ലാം വിശദമാക്കി: ""ഇന്ന് വൈകുന്നേരം നിന്നെ പെണ്ണുകാണാന്‍ ഒരു അമേരിക്കക്കാരന്‍ വരുന്നുണ്ട്. നീ കോളേജ് വിട്ട് വരുമ്പോള്‍ കാണാന്‍ വരാമെന്നാണ് ലോനപ്പന്‍ വിളിച്ച് പറഞ്ഞത്. നീയിന്ന് നേരത്തെ വന്നത് നന്നായി. റെഡിയാകുവാന്‍ കൂടുതല്‍ സമയം കിട്ടുമല്ലോ. ഞങ്ങളുടെ നാട്ടുകാരനാണ്. കുരിയച്ചിറ കവലയില്‍ നിന്നും ഇത്തിരി ഉള്ളിലേക്ക് പോയാല്‍ മതി. എന്റെ പഴയ നാടാണെങ്കിലും ഞാന്‍ അവരെപ്പറ്റി കേട്ടിട്ടില്ല. പക്ഷേ ലോനപ്പനവരെ നന്നായിട്ടറിയാം. നല്ല കുടുംബക്കാരാണത്രെ. കുഞ്ഞാങ്ങള ദോഷം പറയില്ലല്ലോ. ഫ്രാന്‍സീസ് എന്നാണ് ചെക്കന്റെ പേര്. കഴിഞ്ഞയാഴ്ച നീയും വല്യമ്മച്ചീം കൂടി ഒല്ലൂര്‍ പള്ളിയില്‍ റാഫേല്‍ മാലാഖയുടെ പെരുന്നാള് കൂടാന്‍  പോയതോര്‍ക്കുന്നില്ലേ? അവിടെവച്ച് നിന്നെ കണ്ട് ആള്‍ക്ക് ഇഷ്ടായീന്നാ ലോനപ്പന്‍ പറഞ്ഞത്. ഇത്രേം നല്ല സുന്ദരി ഈ തൃശൂര്‍ ജില്ലയില്‍ വേറെയില്ലെന്ന് അവന്‍ കൂട്ടുകാരോട് പറഞ്ഞെന്ന്.... അന്വേഷിച്ച്  പിടിച്ച് വന്നപ്പോള്‍ അവന്റെ നാട്ടുകാരന്‍ ലോനപ്പന്‍ ചേട്ടന്റെ പെങ്ങളുടെ മോളാണെന്ന് മനസ്സിലായതോടെ അവര് പിന്നെ ആലോചനയങ്ങ് മുറുക്കുകയായിരുന്നു. രണ്ടാള്‍ക്കും ഇഷ്ടായീന്ന് വച്ചാല്‍ കല്യാണം രണ്ടാഴ്ചയ്ക്കകം നടത്തണന്നാ ലോനപ്പന്‍ പറഞ്ഞത്. ചെക്കന് തിരിച്ചുപോകാന്‍ ഇനി അധികം ദിവസമില്ലന്നേ....''

ഡിഗ്രി തേര്‍ഡ് ഇയര്‍ പഠിച്ചുകൊണ്ടിരുന്ന എനിക്കപ്പോള്‍ കല്യാണത്തെപ്പറ്റി ചിന്തിക്കാനുള്ള മാനസികാവസ്ഥയൊന്നുമല്ലായിരുന്നു. പക്ഷേ കൂടുതല്‍ പറഞ്ഞിട്ട് കാര്യമില്ല. ഞങ്ങളുടെ കല്യാണമങ്ങ് നടന്നു.  ദോഷം പറയരുതല്ലോ, പ്രാഞ്ചീസും ആളൊരു ചുള്ളനായിരുന്നു കേട്ടോ. ഇത്തിരി കഷണ്ടിയുള്ളതുകൊണ്ട് പ്രായം കുറച്ച് പറയും എന്നേയുള്ളൂ. എഞ്ചിനീയറാണ്, അമേരിക്കയിലാണെങ്കില്‍ നല്ല ജോലി, പെരുത്ത ശമ്പളം. അവധിക്ക്  വന്ന മൂപ്പര് പല പെണ്ണുങ്ങളേയും കണ്ടിട്ടും ഒന്നുമങ്ങോട്ട് സെറ്റായില്ല. ഒല്ലൂര് പള്ളിയിലെ രാത്രിപ്പെരുന്നാളിന് വല്യമ്മച്ചിയുടെ കയ്യുംപിടിച്ച് പ്രദക്ഷിണം കൂടി നടന്ന എന്നെ കണ്ട് മൂപ്പരുടെ മനസ്സിളകിയെന്നാണ് പ്രാഞ്ചി പിന്നീടെപ്പോഴും പറഞ്ഞ് എന്നെ സന്തോഷിപ്പിച്ചത്.

ഡിസംബര്‍ 1984

കല്യാണം കഴിഞ്ഞ് തിരിച്ചുപോയ പ്രാഞ്ചി ദേ ഒന്നരമാസം കഴിഞ്ഞ് വീണ്ടും വന്നിരിക്കുന്നു.... എന്നെക്കാണാതെ മൂപ്പര്‍ക്കവിടെ ഇരിപ്പുറയ്ക്കുന്നില്ലായിരുന്നേത്ര. ആദ്യത്തെ ക്രിസ്തുമസ് ഒന്നിച്ച് കൂടണമെന്ന ന്യായം പറഞ്ഞാണ് വന്നതെങ്കിലും എനിക്ക് കാര്യം മനസ്സിലായി- പ്രാഞ്ചിക്ക് എന്നെ പിരിഞ്ഞിരിക്കാന്‍ വയ്യാതായിരിക്കുന്നു. എനിക്കും സന്തോഷായീന്ന് പറഞ്ഞാല്‍ മതിയല്ലോ. ഞങ്ങളാ അവധിക്കാലമങ്ങ് പൊളിച്ചു. ഒരുമാസം  കഴിഞ്ഞ് പ്രാഞ്ചി മടങ്ങുന്നത് വരെ എന്നും കാറിലായിരുന്നു. കുരിയച്ചിറയില്‍നിന്ന് കോളജിലേക്കും തിരിച്ചുമുള്ള എന്റെ യാത്ര.


മെയ് 1985

തൃശൂര്‍ പൂരമായപ്പോഴേയ്ക്കും പ്രാഞ്ചി പിന്നേം വന്നു. അപ്പോഴേയ്ക്കും എന്റെ കോഴ്‌സും കഴിഞ്ഞിരുന്നു. പൂരം ഞങ്ങള്‍ തകര്‍ത്തുകൂടി. പൂരത്തിന് കുടമാറ്റം കാണാന്‍ വന്നവര്‍ അങ്ങോട്ടൊന്നും നോക്കാതെ എന്നെ നോക്കി വെള്ളമിറക്കുകയായിരുന്നെന്നാണ് പ്രാഞ്ചി പറഞ്ഞത്. മൂപ്പര്‍ക്കത് സന്തോഷവുമായിരുന്നു. എഴുന്നള്ളത്തിന് "പേരാമംഗലം വിശ്വനാഥ'നെ കൊണ്ടുവന്ന ഗമയിലാണ് പ്രാഞ്ചി എന്നെ കൊണ്ടുനനടന്നത്. എന്നിക്കും ഇത്തിരി ഗമ വന്നൂന്ന് കൂട്ടിക്കോളൂ ട്ടോ.

വിസ ഇന്റര്‍വ്യൂവിന് ആ മാസം മദ്രാസില്‍ പോയപ്പോള്‍ ടാജ് കണ്ണിമറയിലാണ് ഞങ്ങള്‍ താമസിച്ചത്. അവിടുത്തെ സൗകര്യങ്ങള്‍ കണ്ട് ഞാന്‍ അമ്പരന്നുപോയി. പ്രാഞ്ചിക്ക് പക്ഷേ, എന്നെ സന്തോഷിപ്പിക്കുവാന്‍ വേണ്ടി ഇനിയും എന്തൊക്കെയോ ചെയ്യണമെന്നുള്ള ചിന്തയായിരുന്നു എപ്പോഴും. അവിടെയുള്ള ജീവനക്കാരൊക്കെ  എന്നെ കൊതിയോടെ നോക്കുന്നത് പ്രാഞ്ചി ശരിക്കും ആസ്വദിച്ചു. അത്തവണ പ്രാഞ്ചി മടങ്ങുമ്പോള്‍ ആ കൈകളില്‍ പിടിച്ച് ഞാനുമിങ്ങോട്ട് പോന്നിരുന്നു. വല്യമ്മച്ചിയെ വിട്ടുപിരിയുന്നതു മാത്രമായിരുന്നു എന്നെ ഏറ്റവും വിഷമിപ്പിച്ചത്.

ഡിസംബര്‍ 1991

ഏഴു വര്‍ഷത്തെ കാത്തിരിപ്പിനുശേഷം ഞാന്‍ ഞങ്ങളുടെ ഇരട്ടക്കുട്ടികളെ പ്രസവിച്ചു. കാത്തിരിപ്പെന്ന് വച്ചാല്‍ ബോധപൂര്‍വ്വം വച്ച് താമസിപ്പിച്ചെന്ന് പറഞ്ഞാല്‍ മതിയല്ലോ. പ്രസവിച്ചാല്‍ എന്റെ സൗന്ദര്യമൊക്കെ കുറയുമെന്ന് ഭയന്ന് ഉടനെ കുട്ടികളുണ്ടാകുന്നതില്‍ പ്രാഞ്ചിക്ക് വലിയ താല്പര്യമില്ലായിരുന്നു എന്നുപറയുന്നതാണ് സത്യം. എന്തൊരു സ്വഭാവം അല്ലേ? എനിക്കെന്തെങ്കിലും കുഴപ്പമായിരിക്കുമെന്നാണ് ഇവിടുള്ളവര്‍ വിചാരിച്ചത്; അതുമല്ലെങ്കില്‍ ശരീരവടിവ് നഷ്ടപ്പെടുമെന്ന് ഭയന്ന് ഞാനായിട്ട്  വേണ്ടെന്ന് വെപ്പിച്ചതാവുമെന്ന് വരെ കൂട്ടുകാര്‍ പറഞ്ഞുതുടങ്ങിയിരുന്നു. അല്ലെങ്കിലും പെണ്ണുങ്ങള്‍ക്കായിരിക്കുമല്ലോ എപ്പോഴും  പഴി കേള്‍ക്കേണ്ടിവരുന്നത്..! ""ഈ മുലക്കുന്നുകളൊക്കെ തല്‍ക്കാലം ഞാന്‍ മാത്രമാസ്വദിച്ചാല്‍ മതി, ഈ ചാമ്പങ്ങാച്ചുണ്ടുകള്‍കൊണ്ട് എന്നെ മാത്രം നീ ഉമ്മവച്ചാല്‍ മതി''യെന്നൊക്കെ പ്രാഞ്ചി സ്വകാര്യത്തില്‍ എന്നോട് പറഞ്ഞുകൊണ്ടിരുന്നത് എനിക്ക് നാട്ടുകാരോട് പറയാന് പറ്റുമോ?

പ്രസവത്തോടെ എല്ലാ മലയാളി അസോസിയേഷന്‍ പ്രോഗ്രാമുകള്‍ക്കും പള്ളി പരിപാടികള്‍ക്കും എന്നെ അണിയിച്ചൊരുക്കി ഒപ്പം കൊണ്ടുപോകുന്ന രീതിക്കൊരു ചെറിയ ബ്രേക്ക് ആയി എന്നുപറയാം. പിന്റോയും ജിന്റോയും വളരുന്നതും നോക്കി ഞാന്‍ ഓരോ ദിവസവും തള്ളിനീക്കി. കൊരട്ടിമുത്തിക്ക് വല്യമ്മച്ചിയര്‍പ്പിച്ച നേര്‍ച്ചകൊണ്ടുണ്ടായതാണ് രണ്ടുപേരുമെന്ന് കൂര്‍ക്കഞ്ചേരിയില്‍ എല്ലാവരും വിശ്വസിച്ചു.  (എനിക്കല്ലേ കാര്യമറിയൂ?); കുരിയച്ചിറയിലെ ഞങ്ങളുടെ ആലപ്പാട്ട് തറവാട്ടില്‍ പക്ഷേ, ""പ്രാഞ്ചിക്ക് അപ്പനാകാനുള്ള സമയം ഇപ്പോഴായിരിക്കും വന്നത്'' എന്നതായിരുന്നു ന്യായീകരണം (അമ്മയുടെ സമയത്തെപ്പറ്റി ഭര്‍തൃവീട്ടുകാര്‍ ചിന്തിക്കില്ലല്ലോ.. കാക്കയ്ക്ക് എന്നും തന്‍കുഞ്ഞ് പൊന്‍കുഞ്ഞ്!)

ഒക്‌ടോബര്‍ 1999

കൊരട്ടിമുത്തിയുടെ പെരുന്നാള്‍ കൂടാന്‍ ഞങ്ങള്‍ എല്ലാവരും കൂടി ഒരുമാസത്തെ അവധിക്ക് നാട്ടില്‍ പോയി; പെരുന്നാള്‍ കൂടുകയെന്നതിനേക്കാള്‍ വല്യമ്മച്ചിയുടെ നേര്‍ച്ച കഴിക്കുക എന്നതായിരുന്നു പ്രധാന ഉദ്ദേശ്യം. പിറ്റേ ആഴ്ച ഒല്ലൂര്‍ പള്ളിയിലെ മാലാഖയുടെ പെരുന്നാളിനും ഞങ്ങള്‍ പോയി എന്ന് പ്രത്യേകം പറയേണ്ടല്ലോ. ഞങ്ങളുടെയൊപ്പം വല്യമ്മച്ചിയും വന്നു. "വളപ്രദക്ഷിണ'വും രൂപക്കൂട്ടില്‍ തിളങ്ങി നില്‍ക്കുന്ന റാഫേല്‍ മാലാഖയും വെടിക്കെട്ടുമൊക്കെ ഞങ്ങളുടെ മക്കള്‍ക്ക് ചില്ലറ കൗതുകമല്ല നല്‍കിയത്. പക്ഷേ നാട്ടുകാര്‍ക്ക് കൗതുകം എന്റെ കൈയും പിടിച്ചുകൊണ്ടുള്ള പ്രാഞ്ചിയുടെ നടത്തമായിരുന്നു. പെരുന്നാള്‍ പ്രദക്ഷിണസമയത്ത് വല്യമ്മച്ചിയുടെ ഇരുകൈകളിലും പിടിച്ച് പിന്റോയും ജിന്റോയും നടന്നപ്പോള്‍, എന്റെ കൈയില്‍ പിടിച്ച് വലിയ ജേതാവിനെപ്പോലെ പ്രാഞ്ചി നടന്നുകൊണ്ടിരുന്നു. വഴിയ്ക്കിരുവശവും നില്‍ക്കുന്നവരുടെ നോട്ടം ഞങ്ങളുടെ നേരെയാണെന്നറിഞ്ഞുകൊണ്ടുള്ള പ്രാഞ്ചിയുടെ നെഞ്ച് വിരിച്ചുള്ള ആ നടത്തമുണ്ടല്ലോ,  ഈ ജന്മത്ത് ഞാനത് മറക്കില്ല!

ആ വര്‍ഷം നാട്ടില്‍വെച്ച് ഞങ്ങളുടെ പതിനഞ്ചാമത് വെഡ്ഡിംഗ് ആനിവേഴ്‌സറിയും ഗംഭീരമായിട്ട് ഞങ്ങളാഘോഷിച്ചു. അത്തവണ ആലുക്കാസില്‍നിന്നും പ്രാഞ്ചി എനിക്കൊരു ഡയമണ്ട് നെക്‌ലസ് വാങ്ങിത്തന്നത് കുരിയച്ചിറക്കാര്‍ മുഴുവനുമറിഞ്ഞു. ""പെണ്ണിന്റെയൊരു ഭാഗ്യം'' - ലൂസി നാത്തൂന്‍ അസൂയ മൂത്താണത് പറഞ്ഞതെങ്കിലും മുഖത്ത് വെറുതെ ഒരു ചിരി കെട്ടിനിര്‍ത്തിയിരുന്നു.

നവംബര്‍ 2009

ഇരുപത്തഞ്ചാം വിവാഹവാര്‍ഷികം ആഘോഷിക്കാന്‍ ജമൈക്കയിലേയ്ക്കാണ് ഞങ്ങള്‍ പോയത്. മക്കളെ തനിച്ച് വീട്ടിലാക്കി ഇത്രയും ദൂരം പോകുന്നത് എനിക്ക് ഭയമായിരുന്നു. പക്ഷേ പ്രാഞ്ചി എനിക്ക് ധൈര്യം തന്നു: ""അവര്‍ക്ക് പതിനെട്ട് വയസ്സാകാറായി. എന്നിട്ടും എന്റെ റോണീ, നീയവരെ ഇള്ളക്കുട്ടികളെപ്പോലെ യാണ് കാണുന്നത്. അവരെയൊന്ന് ഇന്‍ഡിപെന്‍ഡന്റ് ആക്കാന്‍ നോക്കൂ മോളേ...'' വയസ്സ് അന്‍പത് കഴിഞ്ഞെങ്കിലും പ്രാഞ്ചിക്കപ്പോഴും ഒരു ഇരുപത്തഞ്ചുകാരന്റെ ഉത്സാഹവും ആവേശവുമായിരുന്നു. നേര് പറയാമല്ലോ, ജമൈക്കയിലെ ട്രഷര്‍ ബീച്ചിലൂടെ അര്‍ദ്ധനഗ്നയായി പ്രാഞ്ചിയുടെ കൈയും പിടിച്ച് നടക്കുമ്പോള്‍ എന്റെ മനസ്സും കാല്‍ നൂറ്റാണ്ടിന് പിന്നിലെ അവസ്ഥയിലായിരുന്നു; രാത്രിയില്‍ ആഡംബര റിസോര്‍ട്ടിലെ ഏറെ മൃദുലമായ മെത്തയില്‍ എല്ലാം മറന്ന് കെട്ടിപ്പിടിച്ച് കിടക്കുമ്പോള്‍ ഞങ്ങളുടെ ശരീരങ്ങളും. ഓര്‍ക്കുമ്പോള്‍ ഇപ്പോഴും എന്റെ ശരീരം പുളകം കൊള്ളുന്നു...

ഫെബ്രുവരി 8, 2020

ഓര്‍ക്കാന്‍ ഞാന്‍ ഒട്ടും ഇഷ്ടപ്പെടാത്ത ദിവസമാണിത്; എന്റെ ജീവിതം തച്ചുതകര്‍ത്ത ദിവസം! എന്റെ പിറന്നാളാണിന്ന്. മക്കളൊക്കെ ദൂരയുള്ള നഗരങ്ങളില്‍ സെറ്റില്‍ ചെയ്തതോടെ ഞങ്ങളുടെ കിളിക്കൂട് ഏറെ നാളായി ഒഴിഞ്ഞുകിടക്കുകയായിരുന്നു. ഒരാള്‍ ഫിലാഡല്‍ഫിയയില്‍ അവന്റെ ഭാര്യയോടൊപ്പം കഴിയുന്നു; മറ്റേയാള്‍ ഒക്കലഹോമയില്‍ ജോലിസ്ഥലത്തിനടുത്ത് വീടുവാങ്ങി വാസമുറപ്പിച്ചിരിക്കുന്നു. വീട്ടില്‍ പ്രാഞ്ചിയും ഞാനും മാത്രമാണുള്ളതെന്നതുകൊണ്ട് മദ്ധ്യവയസ്ക്കരുടെ എല്ലാ "കുസൃതിത്തരങ്ങളും' സര്‍വ്വസ്വാതന്ത്ര്യത്തോടെ ഞങ്ങള്‍ നടത്തുന്നുണ്ട്. രാവിലെ ചായയും മൊത്തിക്കുടിച്ചുകൊണ്ട് പുറത്ത് തകര്‍ത്ത് പെയ്യുന്ന സ്‌നോയുമാസ്വദിച്ചുകൊണ്ടങ്ങനെ നില്‍ക്കുമ്പോഴാണ് മൂപ്പര്‍ക്ക് പെട്ടെന്നൊരു പൂതി തോന്നുന്നത്.

""റോണീ, പെട്ടെന്ന് റെഡിയാകൂ. ഇത്തവണത്തെ ബര്‍ത്ത്‌ഡേ നമുക്ക് കേക്കിലും സ്റ്റേക്കിലുമൊതുക്കേണ്ട. നമുക്ക് മില്ലേനിയം പാര്‍ക്കില്‍ ഐസ് സ്‌കേറ്റിംഗിന് പോകാം.  ഈ മഞ്ഞ് കാണുമ്പോള്‍ അറിയാതെ മോഹം തോന്നുന്നു.''

ഞങ്ങളുടെ രണ്ടുപേരുടെയും ഇഷ്ടവിനോദമായിരുന്നു ഐസ്  സ്‌കേറ്റിംഗ്. വിന്റര്‍ മാസങ്ങളില്‍ സമയം കിട്ടുമ്പോഴൊക്കെ അടുത്തുള്ള പാര്‍ക്ക്  ഡിസ്ട്രിക്ടിന്റെ ചെറിയ റിങ്കുകളില്‍ പോയി ഞങ്ങള്‍ കളിച്ച് രസിക്കാറുണ്ട്. പിറന്നാള്‍ പ്രമാണിച്ച് ഡൗണ്‍ ടൗണിലെ മക്കോര്‍മിക്ക് ട്രിബ്യൂണ്‍ ഐസ് റിങ്കില്‍ പോവണമെന്ന് പ്രാഞ്ചി പറഞ്ഞപ്പോള്‍ ആദ്യമേ ആവേശം തോന്നിയെങ്കിലും പിന്നെ എന്തുകൊണ്ടോ മനസ്സ് വേണ്ടെന്ന് പറഞ്ഞു. ഇന്ന് വീട്ടില്‍  വെറുതെയിരിക്കാനാണ് എനിക്ക് തോന്നുന്നത്. പക്ഷേ പ്രാഞ്ചിക്ക് എങ്ങനെയെങ്കിലും പുറത്തുചാടണം. സ്‌നോയും തണുപ്പുമൊന്നും കക്ഷിക്ക് പ്രശ്‌നമല്ല. എന്റെ ബര്‍ത്ത്‌ഡേ യ്ക്ക് ഇങ്ങനെയെന്തെങ്കിലും പുതിയ ആശയങ്ങള്‍ കൊണ്ടുവന്ന് എന്നെ സന്തോഷിപ്പിക്കണമെന്നതാണ് എപ്പോഴും പുള്ളിയുടെ ജീവിതലക്ഷ്യമെന്ന് തോന്നും.

കൊറോണ പരന്നുതുടങ്ങിയ സമയമാണ്, റിസ്‌ക്കെടുക്കേണ്ടെന്നൊക്കെ ഞാന്‍ പറഞ്ഞുനോക്കി.  ഒരു രക്ഷയുമില്ല. വൈറസിനെപ്പേടിച്ച് അധികമാളുകള്‍ വരില്ല, തിരക്കില്ലാതെ കളിച്ചുരസിക്കാമെന്നൊക്കെ പറഞ്ഞ് എന്നെ നിര്‍ബന്ധിച്ചു. പാര്‍ക്കൊക്കെ അടച്ചുപൂട്ടാന്‍ തീരുമാനിക്കുന്നതിനുമുമ്പ് ഒന്ന് പോയിക്കളയാമെന്ന് ഞാനും ഒടുവില്‍ സമ്മതിക്കുകയായിരുന്നു.

ശനിയാഴ്ചയായതുകൊണ്ട് ട്രാഫിക് കുറവായിരുന്നു. ഞാനായിരുന്നു ഡ്രൈവ് ചെയ്തത്. ദിവസങ്ങള്‍ക്കു മുമ്പേ പെയ്തിറങ്ങിയ ഹിമശകലങ്ങള്‍ എക്‌സ്പ്രസ്‌വേയുടെ വിരിമാറില്‍ കട്ടപിടിച്ച് കിടക്കുന്നുണ്ട്. അപ്പോഴും വീശിയടിച്ചുകൊണ്ടിരുന്ന ഹിമക്കാറ്റ് വല്ലാത്തൊരു വെല്ലുവിളിയാണ് തരുന്നത്. എങ്കിലും വേഗത കുറച്ച് ഞാന്‍ വണ്ടിയോടിച്ചുകൊണ്ടിരുന്നു. കാര്‍ സ്റ്റീരിയോയില്‍ നിന്നും ഒഴുകിവന്നുകൊണ്ടിരുന്ന പാട്ടിനൊപ്പിച്ച് പ്രാഞ്ചി മൂളുകയാണ്: ""ബൈ ദ റിവേഴ്‌സ് ഓഫ് ബാബിലോണ്‍.... ദെയര്‍ വി സാറ്റ് ഡൗണ്‍...''

""പ്രാഞ്ചിക്ക് ഈ സങ്കടപ്പാട്ടല്ലാതെ വേറൊന്നുമില്ലേ ഇന്നത്തെ ദിവസം കേള്‍ക്കാന്‍?'' ഞാന്‍ ചിരിച്ചുകൊണ്ട് ചോദിച്ചു.

""ഓക്കെ ഡാര്‍ലിംഗ്, എന്നാല്‍പ്പിന്നെ ബോണി എമ്മിന്റെ ഒരു അടിപൊളിപ്പാട്ടാവാം...'' പ്രാഞ്ചി സി.ഡി. കളക്ഷനുകള്‍ക്കിടയില്‍നിന്നും ഞങ്ങളുടെ പഴയൊരു പ്രിയപ്പെട്ട പാട്ടെടുത്ത് പ്ലേ ചെയ്തു.

""ബ്രൗണ്‍ ഗേള്‍ ഇന്‍ ദ റിംഗ്... ലാലലാലാലാ'' പാട്ടിനൊപ്പിച്ച് ഉച്ചത്തില്‍ പ്രാഞ്ചി താളം പിടിക്കാന്‍ തുടങ്ങിയതോടെ ഞാനും ഉറക്കെപ്പാടി; അറിയാതെ പ്രാഞ്ചിയുടെ തുടയില്‍ താളം പിടിച്ചു.

നാലാമത്തെ വട്ടം "ലാലലാലാലാ' പാടിക്കൊണ്ടിരിക്കുമ്പോഴാണ് തൊട്ട് മുമ്പിലോടിക്കൊണ്ടിരുന്ന ഒരു കൂറ്റന്‍ ട്രക്ക് പെട്ടെന്ന് സ്പീഡ് കുറച്ചത് കണ്ട ഞാന്‍ സൈഡിലോട്ട് കാര്‍ വെട്ടിച്ച് മാറ്റിയത്. പക്ഷേ നിമിഷങ്ങള്‍ക്കകം കാര്‍ സ്കിഡ് ചെയ്ത് രണ്ടുതവണ വട്ടംചുറ്റി സൈഡിലെ ഡിവൈഡറില്‍ ശക്തിയോടെ ചെന്നിടിക്കുകയായിരുന്നു. ബാലന്‍സ് തെറ്റി ഒന്നിന് പിറകെ മറ്റൊന്നായി മൂന്ന് കാറുകള്‍ ഞങ്ങളുടെ വണ്ടിയ്ക്കിട്ട് വന്നിടിക്കുകയും ചെയ്തു.

മണിക്കൂറുകള്‍ കഴിഞ്ഞ് ബോധം തിരികെ കിട്ടുമ്പോള്‍ ഞാന്‍ റഷ് ഹോസ്പിറ്റലിന്റെ എമര്‍ജന്‍സി റൂമില്‍  ജീവനുവേണ്ടി മല്ലിടുകയായിരുന്നു; അപ്പോഴേയ്ക്കും ഒരു ഗുഡ്‌ബൈ പോലും പറയാന്‍ നില്‍ക്കാതെ പ്രാഞ്ചി യാത്രയായിക്കഴിഞ്ഞിരുന്നു. പിന്നെ നടന്നതൊന്നും ഓര്‍മ്മിക്കുവാനോ പറയുവാനോ എനിക്ക് ശക്തിയില്ല.

ജൂലൈ 4, 2020. 9 പി.എം.

ഉറങ്ങാന്‍ സമയമായിരിക്കുന്നു. അടുത്ത മുറികളിലെല്ലാവരും കിടന്നുകഴിഞ്ഞു; അല്ലെങ്കില്‍ ഉറങ്ങാന്‍ ശ്രമിക്കുന്നു. കെയര്‍ഗിവര്‍ വന്ന് എന്നെ നിര്‍ബന്ധിച്ച് കിടത്തുന്നതിനുമുമ്പ് ഞാനുമൊന്ന് കണ്ണടയ്ക്കാന്‍ നോക്കട്ടെ.

മുറിയിലെ റേഡിയോയില്‍ നിന്നും നേരിയ ശബ്ദത്തില്‍ ബോണി എം. ആല്‍ബത്തില്‍നിന്നുള്ള  ആ പാട്ട് കേള്‍ക്കുന്നതുപോലെ...

""ബൈ ദ റിവേഴ്‌സ് ഓഫ് ബാബിലോണ്‍,
ദെയര്‍ വീ സാറ്റ് ഡൗണ്‍,
യേ യേ വീ വെപ്റ്റ്...
വെന്‍ വീ റിമമ്പര്‍ സയണ്‍''

ഇനി ആരുമറിയാതെ എനിക്കുമൊന്ന് പൊട്ടിക്കരയണം, എന്റെ പ്രാഞ്ചിയെ ഓര്‍ത്ത്....!!


Join WhatsApp News
രാജു തോമസ് 2020-07-14 10:54:06
കൊള്ളാമല്ലൊ! നല്ല technique, ചേരുന്ന ഭാഷയും. പേരും പിടിച്ചു. അവസാനം പറഞ്ഞ കരച്ചിൽ എനിക്കും വന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക