Image

നീലി (നോവൽ -ഭാഗം-2: ആർച്ച ആശ)

Published on 18 July, 2020
നീലി (നോവൽ -ഭാഗം-2: ആർച്ച ആശ)
അയാളുടെ കണ്ണുകൾ ആ വീടിനുള്ളിലൊരു പ്രദിക്ഷണം നടത്തി പഴമയുടെ ചരിത്രത്തിലേക്ക് നിലംപൊത്താറായെങ്കിലും  നല്ല വൃത്തിയായി സൂക്ഷിച്ചിട്ടുണ്ട്.

രണ്ടു മുറികളും അടുക്കളയും മാത്രമേ ഉപയോഗപ്രദമായുള്ളൂ. അടുപ്പിലെ തീയണഞ്ഞിട്ടില്ല. ഒരു കലവുമായവൾ കിണറ്റിനടുത്തേക്ക് പോയി. അകത്തു നിന്നു വെള്ളം കോരാൻ പറ്റുന്ന രീതിയിലാണ് കിണറിന്റെ കിടപ്പ്.. പുകച്ചുരുളുകൾ മേൽക്കൂരയോളം ചെന്നുതട്ടി പരന്നുപോകുന്നുണ്ട്.

അവൾ പഴയ ഒരു ചൂരൽ കസേര നീക്കിയിട്ടു   "ഇവിടെ ഇരിക്കൂ,  ഞാനൽപ്പം കാപ്പിയിട്ടു തരാം നിങ്ങൾ മഴനനഞ്ഞു ആകെ തണുത്തിരിക്കുന്നു."

കസേരയിലിരുന്നതും അടുത്തകിടന്ന ടീപ്പോയിൽ മുറിഞ്ഞ കാലൊന്നു തട്ടി
അയ്യോ.... വേദനകൊണ്ട് നിലവിളിച്ചുപോയി.
അതുകേട്ടവൾ ഓടിയെത്തി.

എന്തേ....എന്തുപറ്റി? വേവലാതിയോടെ അവളുടെ ചോദ്യം

അവളുടെ മുന്നിലേക്ക് അയാൾ കാലു നീട്ടി
ചോരയൊലിക്കുന്നുണ്ട്. എന്തുകൊണ്ടോ അതുകണ്ട് അവൾ തലവെട്ടിച്ചു. ലോപ്പസിന് ശരിക്കും ആ നിഷ്‌ക്കളങ്കതയിൽ ചിരി വന്നു.ഒരു വശം കൊണ്ടവളുടെ കണ്ണുകളുടെ തിളക്കം ലോപ്പസ് കണ്ടു.

ഈശ്വരാ..... ഇതെന്തു പറ്റിയതാ, നന്നായി മുറിഞ്ഞിട്ടുണ്ടെല്ലോ? ചോരയും പോണൂ...

ഞാനിപ്പോ വരാട്ടോ തിടുക്കത്തിലവൾ അടുക്കളയിലേക്കു പോയി. അകത്തെന്തോ ഇടിച്ചു പൊട്ടിക്കുന്നുണ്ട്.
ഹോ..! എന്താ വേദന...
അവൾ പോയ വഴിയേ കണ്ണെറിഞ്ഞു.
ദാ വരുന്നുണ്ട്.....ലോപ്പസ് കസേരയിലേക്ക് തലചായ്ച്ചു കിടന്നു.
അവളുടെ ഒരു കയ്യിൽ പച്ചമഞ്ഞൾ ചതച്ചതുണ്ടായിരുന്നു....
ഇവൾ ഇതെന്തിനുള്ള പോക്കാ ..
അവൾ പതിയെ താഴെയിരുന്നു......
ടീപ്പോയിലേക്കു ലോപ്പസിന്റെ കാലു പൊക്കിവെച്ചു സാവധാനം വിരലിലെ ചോര തുടച്ചുമാറ്റി. മുറിവിലേക്കു മഞ്ഞൾ വെച്ചു........

അമ്മോ.. എന്തൊരു നീറ്റൽ സ്വർഗ്ഗം കാണുന്നു......

അയാൾ കാലു വലിക്കാനൊരുങ്ങിയെങ്കിലും അവൾ ബലമായി പിടിച്ചുവെച്ചു. "അടങ്ങിയിരിക്കൂന്നേ... ഇതെന്താ കുട്ടികളെ പോലെ, ദാ നാളെ രാവിലത്തെക്കു ഈ മുറിവുണങ്ങും."
"എന്നാലും വല്ലാത്ത വേദന പൊകച്ചിൽ."

അവളാ വിരലിൽ പതിയെ ഊതികൊടുത്തു. അവളുടെ ശ്വാസം നീറ്റലിന്റെ അസ്വസ്ഥതയുടെ മേൽ തണുവിന്റെ കുളിരണിയിച്ചു. അവളൊരിക്കലും അവിടെനിന്നെഴുന്നേൽക്കാതിരുന്നെങ്കിൽ.ചിന്തകളുടെ പടയോട്ടത്തിൽ കഴിഞ്ഞനിമിഷങ്ങളെ മറന്നു,ലോകം ആ നിമിഷത്തിലൊതുക്കി അറിയാതെ അടഞ്ഞുപോയ കണ്ണുകളിൽ അവളൊതുങ്ങി.

അവളുടെ കൈകളിലെ ഇളം ചൂടിൽ അയാൾ വേദന മറന്നുതുടങ്ങി.
ലോപ്പസ് മെല്ലെ കണ്ണുതുറന്നു.
അവൾ മറ്റൊന്നും ശ്രദ്ധിക്കാതെ മുറിവിലേക്ക് മാത്രമായി ശ്രദ്ധകേന്ദ്രീകരിച്ചിരിപ്പുണ്ട്.

കുനിഞ്ഞിരിക്കുന്ന അവളുടെ മുഖവും കഴുത്തും കാണാൻ വല്ലാത്തൊരു ഭംഗിയുണ്ട് .

പെട്ടെന്നെന്തു കൊണ്ടോ അവൾ സാരിതലപ്പു കൊണ്ടു കഴുത്തു മറച്ചു. ഉയർന്ന കൈകൾക്കിടയിലൂടെ മാംസളമായ കഴുത്തും തുളുമ്പി പൊട്ടാൻ വെമ്പി നിൽക്കുന്ന മാറിടങ്ങളും   മൃദുലമെങ്കിലും ഉറപ്പുള്ള കരങ്ങളും തെളിഞ്ഞുകാണാമായിരുന്നു....

ഇച്ഛാഭംഗത്തോടെ ആർത്തിപൂണ്ട കണ്ണുകൾ പിൻവലിച്ചയാൾ പുറകിലേക്ക് ചാഞ്ഞു.

ദേ, ഈ കാപ്പി കുടിക്കൂ.......
അവളുടെ ശബ്ദം ലോപ്പസിനെയുണർത്തി. ഗ്ലാസ്സിൽ ആവിപറക്കുന്ന കാപ്പിയുമായി അവളുണ്ട് മുന്നില്.

ആ കണ്ണുകളിലേക്ക് നോക്കുമ്പോഴെല്ലാം താൻ അലിഞ്ഞില്ലാതാവുന്നതായി ലോപ്പസിന് തോന്നി അതിന്റെ ആഴപ്പരപ്പിൽ നീന്തിതുടിക്കുന്ന തിളങ്ങുന്ന നീല ചിറകുള്ള  പരൽമീനുകൾ ഉള്ളം കൊത്തിപ്പറിക്കുന്നപോലെ.

ലോപ്പസ് കാപ്പി ചുണ്ടോട് ചേർത്തു.

നല്ല കൈപ്പുണ്യമുണ്ടിവൾക്കു  തിരിച്ചു ഗ്ലാസ് കൊടുക്കുന്നതുവരെ അവൾ കാത്തുനിന്നു........

"ഇവിടെ വേറെയാരുമില്ലേ.....?"
ലോപ്പസിന്റെ  ചോദ്യത്തിന് തെല്ലുനേരത്തിന് ശേഷം

"അച്ഛൻ ഉണ്ട് അത്യാവശ്യമായി പുറത്തു പോയിരിക്കുന്നു നാളെയെ ഉള്ളൂ ഇനി മടക്കം".

ഇവളിതെങ്ങനെ ഈ കാട്ടിൽ ഒറ്റയ്ക്ക് ആരും തുണയില്ലാതെ ലോപ്പസ്  അതിശയിച്ചു.

"അല്ല ഇയാളുടെ പേരെന്താ....?"

അടക്കിയൊതുക്കിയ ശബ്ദത്തിൽ"ഗൗരി.."

"അപ്പോൾ തനിക്കു പേടിയില്ലെ  ഇവിടെ ഈ കാട്ടിൽ ഒറ്റക്ക്.....??"

"ഏയ് ഇല്ല...ഞാൻ ജനിച്ചുവളർന്നത് ഇവിടെയാണ് എന്റെ അമ്മ വസൂരി വന്നു മരിച്ചപ്പോൾ അമ്മാത്തേക്ക് ചെല്ലാൻ എല്ലാരും നിർബന്ധിച്ചതുമാണ്, പക്ഷെ ഞാനും അച്ഛനും എന്റെ അമ്മയുറങ്ങുന്ന ഈ മണ്ണിൽ ഇവിടെയിങ്ങനെ.
അതുപറയുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.

"അയ്യോ ക്ഷമിക്കൂ........
തന്നെ  വേദനിപ്പിക്കാനല്ല ആരെയുമിവിടെ കണ്ടില്ല അതുകൊണ്ടാ  ചോദിച്ചത്."

"നിങ്ങളിരിക്കൂ ഞാനിത്തിരി ആഹാരമുണ്ടാക്കട്ടെ."
കണ്ണുകൾ തുടച്ചവൾ അകത്തേക്കു പോയി.

അയാളുടെ കണ്ണുകൾ അവളെ പിന്തുടർന്നു.

അപ്പോഴാണ് ലോപ്പസിന്റെ ചിന്തയിലേക്ക് സാത്താനും ഓജോയുമെത്തിയത്.
പെട്ടെന്ന് പോക്കറ്റിലേ ഫോൺ തപ്പി...
ഫോണിലെ നനവ് കണ്ടപ്പോഴാണ് ഹോ ഇതു നനഞ്ഞല്ലോ...
ഓണാകുന്നുണ്ട്....സാത്താന്റെ ഫോണിലേക്ക് വിളിക്കാൻ നോക്കി.ഇവിടെ range ഇല്ലെന്ന് തോന്നുന്നു. ഒന്നുകൂടി വിളിച്ചു.റിംഗ്  ചെയ്യുന്നുണ്ട്.

"ഹലോ" സാത്താന്റെ ശബ്ദം ചെവിയിൽ വീണു.
"സാത്താനെ നിങ്ങൾ ഇതെവിടാ..."
"ആന്ദ്രോ" നിങ്ങൾ അവരിൽ നിന്ന് രക്ഷപ്പെട്ടോ..."
"ഉവ്വ്‌ടാ" നിങ്ങളിപ്പോൾ എവിടെ.?"
മറുതലയ്ക്കൽ ആശ്വാസത്തിന്റെ ദീർഘനിശ്വാസം കേൾക്കാം.
"ഞങ്ങൾ ബലി കുന്ന് കയറി ആന്ദ്രോ..."
ഓജോയുടെ ശബ്ദം
"അതെന്നാടാ അങ്ങോട്ട്?"
"നമ്മളെ തപ്പി താഴെ പോലീസ് വന്നു,  പിന്നൊന്നും നോക്കിയില്ല ഇങ്ങോട്ട് കയറി. ധൈര്യത്തോടെ ഇങ്ങോട്ട് വരാൻ ഏതവനും ഒന്നു മടിക്കും.
കഴിഞ്ഞ ആഴ്ച കൂടിയിവിടെ പുലിയിറങ്ങിയതല്ലേ...?"
കള്ളചിരിയോടെ ഓജോ പറഞ്ഞു നിർത്തി.

"ആ ശരി ശരി....സൂക്ഷിക്കണം എന്തുവന്നാലും പിടികൊടുക്കരുത്."
"ഞങ്ങൾ നോക്കിക്കൊള്ളാം..നിങ്ങൾ ഇതെവിടെ ആന്ദ്രോ.?"

"ഞാനിവിടെ നാരായണിക്കല്ല്  ഭാഗത്താണ്. ഒരു കാട്ടുപ്രദേശം range ഒന്നുമില്ല."
"നാരായണിക്കല്ലോ...?"
"അതേ..."
അപ്പുറത്തു നിന്നും അനക്കം ഒന്നുമില്ല. ലോപ്പസ് ചെവിയിൽ നിന്നും ഫോണെടുത്തു നോക്കി.
ഫോൺ ചത്തു.മഴ നനഞ്ഞതല്ലേ.ദേഷ്യം കൊണ്ടു ലോപ്പസ് ഫോണ് നിലത്തേക്കറിഞ്ഞു.
ആ ശബ്ദം കേട്ട് ഗൗരി ഓടിവന്നു.
ലോപ്പസിന്റെ മുഖത്തേക്കും നിലത്തു ചിതറി കിടക്കുന്ന ഫോണിലേക്കും നോക്കി.

"എന്തുപറ്റി..?"
"ഫോണിൽ വെള്ളം കയറി.കേടായെന്നു തോന്നുന്നു."
"ഓ...,ആരോടോ സംസാരിക്കുന്നത് പോലെ തോന്നി."
"അതേ കൂട്ടുകാരെ  വിളിച്ചതാണ്, അപ്പോഴാണ് ഈ ഫോണ്"
"അവരോടു ഈ സ്ഥലം പറഞ്ഞുകൊടുത്തോ..?"
"ഉവ്വ്"
ചുണ്ടിലൂറിയ ചിരിയടക്കി അവൾ "നന്നായി..,
വിളിക്കണമെങ്കിൽ നമ്മുക്ക് വഴിയുണ്ടാക്കാം നേരമൊന്നു പുലരട്ടെ."
അയാൾ മെല്ലെ തലയാട്ടി.
നമ്പർ അറിയാതെ എങ്ങനെ വിളിക്കാൻ,ലോപ്പസ് ചിന്തിച്ചു.
അവൾ അകത്തേക്ക് പോകാനായി തിരിഞ്ഞു എന്നിട്ട്
"അതേ നിങ്ങളുടെ പേരെന്താ..?"
"അർജ്‌ജുൻ" 
"ഉം..."  അതുകേട്ട് ഗൗരി ഒന്നിരുത്തി മൂളിയതുപോലെ ലോപ്പസിന് തോന്നി.
'ലോപ്പസ് അലജാന്ദ്രോ' തനിക്ക് ഈ പേരിട്ട അപ്പനറിയുന്നുണ്ടോ ഒന്നുപിടിച്ചു നിൽക്കാൻ എത്ര പേരുകളാണ് കൂട്ടുകാർക്ക് 'ആന്ദ്രോ'യെന്ന മലപ്പുറംകാർക്ക് 'അജാസെ'ന്ന ഇപ്പൊ ഇതാ ഇവിടെ 'അർജ്‌ജുനെ'ന്ന അപ്പന്റെ ഈ ലോപ്പസിന്റെ തത്രപ്പാട്.

കുറച്ചു  സമയത്തിന് ശേഷം ഗൗരി ഒരു തളികയിൽ ചൂട് കഞ്ഞിയും ചമ്മന്തിയും ടീപ്പോയിൽ കൊണ്ടുവെച്ചു.
അയാൾ അതു മുഴുവൻ വേഗത്തിൽ കുടിച്ചു തീർത്തു നല്ല വിശപ്പുണ്ടായിരുന്നു...ഇന്നലെ വൈകിട്ടെന്തോ കഴിച്ചതാണ്....പിന്നെ ഒരിടത്തു നിന്നിട്ടില്ലല്ലോ.
അപ്പോഴേക്കും ഗൗരി വാ  കഴുകാനായി  മൊന്തയിൽ വെള്ളവുമായി വന്നു..
കതകു തുറന്നു പുറത്തേക്കിറങ്ങി.നടക്കുമ്പോൾ കാലിനു വേദനയുണ്ട്. കൈകഴുകി തിരിയുമ്പോൾ മുഖംതുടയ്ക്കാൻ തോർത്തുമായി അവൾ പിന്നിൽനില്പുണ്ട്.കയ്യും മുഖം തുടയ്ക്കുന്നതിനിടയിൽ വീണ്ടും കാറ്റോടു കൂടി മഴ പെയ്യാൻ തുടങ്ങി. ഈ മഴയിലും പാലപ്പൂവിന്റെ ഗന്ധം. ലോപ്പസ് മൂക്കുവിടർത്തി.
"അടുത്തെവിടെയോ പാലപൂത്തൂന്നു തോന്നണൂ...."
അയാളുടെ മനസറിഞ്ഞിട്ടെന്നപോലെ അവൾ പറഞ്ഞു.

ഇടയിലെത്തിയ ഒരുചെറുകാറ്റ് അവളുടെ സാരി നീക്കി കടന്നുപോയി അവളുടെ ആലില വയറും പൊക്കിൾചുഴിയും ഒരു മാത്ര മിന്നിമറഞ്ഞു. അതുകണ്ട ലോപ്പസ് ഒന്നുഞെട്ടി.
തന്നെ നിയന്ത്രിച്ചേ മതിയാവൂ.പിന്നെ ഇതൊക്കെ നമ്മുടെ കയ്യിൽ അല്ലല്ലോ. എന്താവുമെന്നു കണ്ടറിയണം.

ലോപ്പസ് അവൾക്ക് പിന്നാലെ അകത്തേക്ക് കയറി.

(തുടരും)
നീലി (നോവൽ -ഭാഗം-2: ആർച്ച ആശ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക