ഈ കുറിപ്പ് അമേരിക്കന്‍ മലയാളിയെ ഇരുത്തി ചിന്തിപ്പിക്കണം. നമ്മുടെ അടുത്ത തലമുറ ഇന്ത്യന്‍ ധാര്‍മ്മികത പോട്ടെ അമേരിക്കന്‍ ധാര്‍മ്മികതയെങ്കിലും പാലിക്കുന്നുണ്ടോ? അതോ കഞ്ചാവും വലിച്ച്, വിദ്യാഭ്യാസം ചെയ്യാതെ, ശരിയായ ജോലിയൊന്നുമില്ലാതെ, ഗാംഗുകളിലും, മറ്റും അംഗങ്ങളായി ജീവിക്കുകയാണോ?
ചെറുപ്പക്കാര്‍ ഭാര്യയെ കൊല്ലുന്ന സംഭവങ്ങള്‍ ഉണ്ടാവുന്നതെന്തു കൊണ്ടാണ്? പലപ്പോഴും ഭര്‍ത്താവ് ഇവിടെ ദീര്‍ഘകാലം ജീവിച്ചയാളും ഭാര്യ നാട്ടില്‍ നിന്നു വരുന്നയാളുമാണെങ്കില്‍ പൊരുത്തക്കേട് ആദ്യമേ തന്നെ തുടങ്ങുന്നു.
അമേരിക്കയിലെ പിരുപിരുപ്പന്‍ (ഹൈ പ്രഷര്‍) ജീവിതം നാട്ടില്‍ യാഥാര്‍ഥ്യത്തില്‍ ജീവിച്ചു വന്നവര്‍ക്ക് പലപ്പോഴും മനസിലാകുക പോലുമില്ല. അമേര്‍ക്കയില്‍ ശാന്തമായും സ്വസ്ഥമായും ഇരിക്കുന്നത് ഒരു കുറവാണല്ലോ.
മക്കള്‍ പറഞ്ഞാല്‍ കേള്‍ക്കില്ല എന്നത് മിക്ക മാതാപിതാക്കളും പറയുന്നതാണ്. ചെറുപ്പത്തില്‍ തല്ലിയാല്‍ മാതപിതാക്കള്‍ ജയിലിലാകും. 18 വയസു കഴിഞ്ഞാല്‍ മാര്‍ക്ക് ലിസ്റ്റ് പോലും കോളജിലോ സ്‌കൂളിലോ ചോദിക്കാന്‍ പോലും പറ്റില്ല.
ഇങ്ങനെയോക്കെയുള്ള ഒരു തലമുറക്കു വേണ്ടിയാണോ നാം ഇവിടെ എത്തിപ്പെട്ടത്?
സമാന രീതിയില്‍ ഭാര്യമാരെ കൊല്ലുന്ന രണ്ടു സംഭവങ്ങളാണു നമ്മുടെ കണ്മുന്നില്‍ നടന്നത്. ന്യു ജെഴ്‌സിയില്‍ പള്ളിക്കുള്ളില്‍ കയറി ഭാര്യയെ കൊന്നതും ഇപ്പോള്‍ ഫ്‌ലോറിഡയില്‍ മെറിന്‍ ജോയിയെ കൊന്നതും. ഇന്ന് മെറിന്റെ (28) ജന്മദിനവും വിവാഹ വാര്‍ഷികവുമാണ്.
ഈ കൊലപാതകം നാട്ടില്‍ മനോരമയും മറ്റും റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിയിലായി വന്ന കമന്റുകള്‍ പലതും ഞെട്ടിക്കുന്നതാണ്. നാട്ടിലെ ലൈംഗിക വൈക്രുതം പിടിച്ച മനസുകള്‍ എങ്ങനെ ചിന്തിക്കുന്നു എന്ന് അതില്‍ കാണാം. സൗന്ദര്യമുള്ള ഒരു പെണ്ണ് കൊല്ലപ്പെട്ടാല്‍ അതിനു പിന്നില്‍ അവിഹിത കാര്യങ്ങള്‍ തെരയുന്ന കേരളീയ സമൂഹം. അതല്ല അമേരിക്കന്‍ സത്യം. ഇവിടെ രണ്ടാം തലമുറക്ക് വിവാഹജീവിതം എങ്ങനെയെന്നോ എന്തിനെന്നോ പോലും നിശ്ചയമില്ലാത്ത അവസ്ഥയുണ്ട്. ഈയിടെക്കിറങ്ങിയ സിനിമ 'കെട്യോളാണു എന്റെ മാലാഖ' എന്ന ചിത്രം ഉദാഹരണമായി ഒരു സുഹ്രുത്ത് ചൂണ്ടിക്കാട്ടി. ഏകദേശം അതാണു ഇവിടെയും സ്ഥിതി
മാതാപിതാക്കല്‍ വലിയ വീടിന്റെയും വിലപിടിച്ച കാറിന്റെയും പേരില്‍ ഊറ്റം കൊള്ളുമ്പോള്‍ മക്കള്‍ അവരുടെ വഴിക്കു പോകുന്നു.ഇവിടെ മാതാപിതാക്കളെ കുറ്റം പറയുന്നില്ല. കരണം മക്കളുടെ പുറകെ നടക്കാന്‍ ആവുമോ? അവര്‍ പറഞ്ഞാല്‍ കേട്ടില്ലെങ്കില്‍ എന്തു ചെയ്യാനാവും?
രണ്ടാം തലമുറക്ക് ഒരു ബന്ധവുമില്ലാത്ത രീതിയില്‍ ആരാധനാലയങ്ങളും സംഘടനകളും മാറുന്നു എന്നതുതന്നെ ഒരു അപകട സൂചനയാണ്.കോളജില്‍ പോയാല്‍ പിന്നെ കുട്ടികള്‍ പള്ളിയില്‍ പോലും വരില്ലെന്നതാണൂ സ്ഥിതി.
ഭര്‍ത്താവിനെ പേടിച്ച് ജീവിക്കേണ്ടി വരുന്ന സ്ത്രീകളുടെ ജീവിതംഓര്‍മിപ്പിക്കുകയാണ് മെറിന്റെ കൊലപാതകം. ജീവന്‍ പണയംവച്ചാണ് ചിലരെങ്കിലും ജീവിക്കുന്നത്. തന്റെ സുഹൃത്തിനുണ്ടായ അനുഭവം പങ്കുവയ്ക്കുകയാണ് എഴുത്തുകാരി ആന്‍ പാലി.
ആന്‍ പാലിയുടെ കുറിപ്പ്
എട്ടു വര്‍ഷം മുന്‍പ് വിദേശത്ത് നേഴ്സായി ജോലി ചെയ്ത സുഹൃത്ത് മകളോടൊപ്പം നാട്ടില്‍ വന്ന് നിന്നതോര്‍മ്മയുണ്ട്. ഭര്‍ത്താവിന്റെ സംശയരോഗമായിരുന്നു കാരണം, ചവിട്ടും ഇടിയും കിട്ടി തിരിഞ്ഞ ഇടതുകൈ പ്ലാസ്റ്ററിട്ടായിരുന്നു അവള്‍ വീട്ടിലെത്തിയത്.
എന്നിട്ടും കുറച്ച് ദിവസത്തിനുള്ളില്‍ ഭര്‍ത്താവിനൊപ്പം അവള്‍ തിരികെപ്പോയി. എന്തിനാണ് അങ്ങനെ ഒരു വിഡ്ഢിത്തം ചെയ്യുന്നതെന്ന് ചോദിച്ചപ്പോള്‍, 'അതാവുമ്പോള്‍ തല്ലും ചവിട്ടും കിട്ടുമെന്നേയുള്ളൂ, പിരിഞ്ഞാല്‍ അയാള്‍ എങ്ങനെയേലും എന്നേം മോളേം കൊല്ലും.' 'പോലീസിലറിയിച്ചുകൂടെ?'
'അങ്ങേരു കൊന്ന് കഴിഞ്ഞ് പോലീസ് വന്നിട്ടെന്താ കാര്യം? '\അവള്‍ പറഞ്ഞതില്‍ കൂടുതല്‍ അനുഭവിച്ചു കഴിഞ്ഞു എന്ന് മനസ്സിലായപ്പോള്‍ കൂടുതലൊന്നും ചോദിചില്ല.എന്നാലും അവള്‍ ഭാഗ്യവതിയാ, ഇന്നിപ്പോ കുഞ്ഞിനെ സ്വന്തം വീട്ടില്‍ വിട്ട് അന്യദേശത്തു ജോലി ചെയ്യാനെങ്കിലും അവള്‍ക്കു കഴിയുന്നുണ്ട്. പക്ഷെ ആ കുട്ടിയെ കാണുമ്പോള്‍ ഉള്ളീന്നൊരാന്തല്‍ വരും, അച്ഛന്റെയും അമ്മയുടെയും സ്‌നേഹം കിട്ടേണ്ട പ്രായത്തില്‍ അമ്മാവന്റെയും ഭാര്യയുടെയും കരുണയില്‍ ജീവിക്കേണ്ടി വരുന്നല്ലോ എന്നോര്‍ത്ത്...
ക്രൂരനായ ഒരുത്തന്റെ കയ്യില്‍ പെട്ട് കുത്തേറ്റു മരിക്കേണ്ടി വന്ന മെറിനെയൊക്കെ ഓര്‍മ്മിക്കുമ്പോള്‍ അങ്ങനെയൊരു വര്‍ത്തയില്‍പ്പെടാതെ രക്ഷപ്പെട്ട സുഹൃത്തിനെക്കുറിച്ച് സമാധാനം തോന്നും.തനിക്കിങ്ങനെയൊരു അവസ്ഥ വരുമെന്ന് മെറിനും പലപ്പോഴും തോന്നിയിട്ടുണ്ടാവും.യാതൊരു മനസ്സമാധാനവുമില്ലാതെ എന്തൊരു ഭീതിയിലാവും ആ പാവം ജീവിച്ചിട്ടുണ്ടാവുക !
RIP Dear Merin! May you find peace now!