ഗാർഹിക പീഡനമാണ് എണ്ണത്തിൽ കൂടുതൽ, അത് സ്നേഹ പ്രകടനം അല്ല. വളരെ കുപ്രസിദ്ധി നേടിയ അമ്മായിയമ്മ പോർ, പീഡനം ആണ്. അതിനാൽ ഗാർഹിക പീഡനത്തെ നിസാരമായി തള്ളിക്കളയരുത്. ''എങ്ങനെ എങ്കിലും അഡ്ജസ്റ്റ് ചെയിതു മുന്നോട്ടു പോകു'' എന്ന പഴഞ്ചൻ വിഡ്ഢിത്തരം ആരും ആവർത്തിക്കരുത്. പീഡനം ചെയ്യുന്ന ആളും, പീഡനത്തിന്റെ ഇരകളും ശാസ്ട്രീയ പരിഹാരങ്ങൾ തേടണം. മതം,മയക്കുമരുന്ന്, മന്ത്രവാദി -ഇവയൊന്നും പരിഹാര മാർഗങ്ങൾ അല്ല.
ഗാർഹിക പീഡനം ശാരീരികമോ,മാനസികമോ, അവ രണ്ടും കൂടിയുള്ളതോ ഒക്കെ ആകാൻ സാധ്യത ഉണ്ട്. പീഡകനും ഇരയും പല പ്രായത്തിൽ ഉള്ളവർ, സ്ത്രീ, പുരുഷൻ, ഒക്കെ ആയിരിക്കും. വർണ്ണ,ജാതി,ലിംഗ -വിവേചനം ഒന്നും പീഡകനും ഇരക്കും ഇല്ല. ഒരു പ്രത്യേക പ്രായം കഴിഞ്ഞവരെ പേടിക്കേണ്ട എന്നതും തെറ്റിദ്ധാരണയാണ്. പീഡനത്തിന് പല രീതികളും ഉണ്ട് എങ്കിലും പലപ്പോഴും പീഡന മുറകൾക്കു പ്രത്യേക രീതികളും ഉണ്ടാവാം. ഭാര്യ ഭർത്തൃ ബന്ധത്തിൽ മാത്രം ഗാർഹിക പീഡനം ഒതുങ്ങുന്നില്ല. പീഡകനും ഇരയും ആരുമാകാം; പിതാവ്,മാതാവ്, സഹോദരൻ,സഹോദരി, മക്കൾ- ഒക്കെ പീഡകരോ ഇരകളോ ആകാം.
ഇരയെ കീഴടക്കാൻ ആണ് പീഡനം നടത്തുന്നത്, അതിനു അനേകം മാർഗങ്ങളും ഉണ്ട്. ശാരീരിക മാനസിക ദൂഷണം, വൈകാരിക ദൂഷണം, സെക്സ് ദൂഷണം, അങ്ങനെ പല രീതികളിലും പീഡനം ഉണ്ടാവാം. പീഡകൻ പലപ്പോഴും ഇരയെ കീഴ് പ്പെടുത്തുവാൻ ആയുധങ്ങൾ മാത്രം അല്ല കുട്ടികളെയും, മറ്റു ബന്ധുക്കളെയും ഒക്കെ ഉപയോഗിക്കും. പീഡനം സഹിക്കുന്ന ഇര; മാനസികമായും ശാരീരികമായും തകരുന്നു. മനഃശാസ്ത്രത്തിന്റെ വീക്ഷണത്തിൽ പീഡനം കൊലപതാക തുല്യം തന്നെ. അതുകൊണ്ടാണ് പീഡകനും ഇരയും മനഃശാസ്ട്രത്തിന്റെ സഹായം തേടണം എന്നത്.
താൻ ചെയ്യുന്നത് പീഡനം ആണ് എന്ന് ചിലപ്പോൾ പീഡകന് അറിവ് പോലും ഉണ്ടായിരിക്കണമെന്നില്ല. അതുപോലെ താൻ പീഡിപ്പിക്കപ്പെടുന്നു എന്ന് ഇരയും തുടക്കത്തിൽ മനസ്സിലാക്കണം എന്നില്ല. പലപ്പോഴും ദൈനം ദിന ജീവിതം പാളം തെറ്റുമ്പോൾ മാത്രമേ പലരും പീഡനത്തെ ശ്രദ്ധിക്കാൻ തന്നെ തുടങ്ങു. പീഡകൻ സ്ത്രീയോ പുരുഷനോ ആകാം, പീഡനത്തിന്റെ ഭവിഷത്തുകൾ ഇരയിലും പീഡകനിലും വളരെക്കാലം നിലനിൽക്കാം. ദീർഘകാലം നിലനിൽക്കുന്ന മാനസിക രോഗങ്ങൾ, ശാരീരിക രോഗങ്ങൾ, പ്രതീക്ഷകളും പ്രത്യശകളും നശിക്കുക, വിഷാദ രോഗം, വിഭ്രാന്തി, ആസ്തമ, പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ - ഒക്കെ പീഡനത്തിന്റെ പരിണിത ഫലങ്ങൾ ആണ്.
അവനെ കണ്ടാൽ ഒരു കള്ളന്റെ ലക്ഷണം ഉണ്ട് എന്ന് പറയുന്നതുപോലെ; പീഡകന് പ്രത്യേക ലക്ഷണങ്ങൾ ഒന്നും ഇല്ല. ചക്ക കുത്തി തുളച്ചു നോക്കുന്നതുപോലെ പീഡകനെ മുൻകൂട്ടി തിരിച്ചറിയാൻ പ്രത്യേക മാർഗങ്ങളും ഇല്ല. ഏത് കാലത്തും, പ്രായത്തിലും പീഡകൻ അവതരിക്കാം. ചിലർ പകൽ മാന്യനെപ്പോലെ കപട വേഷ ധാരി ആവാം. പുറമേ നല്ല പെരുമാറ്റം, നല്ല വസ്ത്രം, നല്ല പുഞ്ചിരി, മിടുക്കൻ, സമർത്ഥൻ, വിദ്യാഭ്യാസം; എന്നുവേണ്ട എല്ലാ ലക്ഷണങ്ങളും ഒത്തവൻ ആയിരിക്കാം പക്ഷെ സ്വകാര്യ ജീവിതത്തിൽ അവനോ അവളോ പിശാചിന്റെ അവതാരവും ആവാം.
മദ്യം, മയക്കുമരുന്നുകൾ, സെക്സ്, എന്നിവകൾക്കു അടിമപെട്ടവർ, സാമൂഹ്യ നിയമങ്ങളുമായി ഒത്തു ഇണങ്ങാൻ പ്രയാസം ഉള്ളവർ -ഇവർ ഒക്കെ പീഡകർ ആകാനുള്ള സാദ്യത കൂടുതൽ ആണ്. ഇരയെ മറ്റുള്ളവരിൽ നിന്നും അകറ്റുവാൻ പീഡകൻ ശ്രമിക്കും, ചെന്നായ്ക്കൾ, ഹയീന മുതലായ വേട്ട മിർഗ്ങ്ങൾ ചെയ്യുന്നതുപോലെ. ഇരക്കു ലഭിക്കാൻ സാദ്യതയുള്ള സഹായത്തിൽ നിന്നും അവരെ അകറ്റുക എന്ന തന്ത്രം. ഇരയെ കബളിപ്പിക്കാൻ പീഡനത്തിന് ശേഷം ക്ഷമ ചോദിക്കുക, സ്നേഹം നടിക്കുക അങ്ങനെ പല തന്ത്രങ്ങളും അവർ തുടരെ കാട്ടും, അതൊക്കെ സഹിച്ചും ഷമിച്ചും മുന്നോട്ടു പോയാലും പീഡനം തുടരും. അതിനാൽ തുടക്കത്തിൽ തന്നെ പീഡകനെ നേരിടണം. പലപ്പോഴും പീഡകർ പിൻവാങ്ങും. പീഡനം അവസാനിപ്പിക്കുന്നില്ല എങ്കിൽ നിയമത്തിൻ്റെ വഴികളിലൂടെ പീഡകനെ നേരിടണം.
പീഢകനുമായുള്ള ബന്ധങ്ങൾ അവസാനിപ്പിച്ചാലും, പീഡനത്തിനു വിദേയമായ ഇരയുടെ ജീവിതം കഷ്ടപ്പാടുകൾ നിറഞ്ഞതു ആവാം. മാനസികമായും, ശാരീരികമായും, സാമ്പത്തികമായും ഒക്കെ തകർന്ന അവരുടെ ജീവിതം ദുഃഖ, രോഗ വിദേയം ആകുന്നു. അതുകൊണ്ട് ആണ് പീഡനം കൊലപാതകം തന്നെ എന്ന് കണക്കാക്കുന്നത്. യിസ്ഹാക്കിനെ ബലി കഴിക്കാൻ ഒരുക്കിയ എബ്രഹാം കൊലപാതകി ആണ്. ചത്തതിന് ഒക്കുമേ ജീവിച്ചിരിക്കിലും എന്നത് പോലെ ആയിരുന്നു ഇസ്ഹാക്കിന്റെ ശിഷ്ട കാലം. അബ്രഹാമിന്റെ ദൈവത്തിന്റെ നിയമത്തെക്കാൾ മേൻമ ഏറിയ ഇന്നത്തെ മനുഷരുടെ നിയമപ്രകാരം; കൊലപാതക ശ്രമത്തിനു വിശ്വസികളുടെ പിതാവ് ജെയിലിൽ കിടക്കും, ഫ്രാങ്കോ പിതാവിനെപ്പോലെ കുറേക്കാലം വഴുതി നടന്നാലും.
പീഡനത്തിന് ഇരയാവുന്നവർ കൂടുതലും സ്ത്രീകൾ ആണ്. പരിഷ്‌ക്കാരത്തിന്റെ കിരീടം ചൂടി നിൽക്കുന്ന അമേരിക്കയിൽ പോലും 38 മില്യണിൽ അധികം ആണ് ഇരകൾ ആയ സ്ത്രീകളുടെ എണ്ണം. ഇൻറ്റർ നെറ്റ് വന്നതോടെ പീഡനം വെബിലൂടെയും ആയി. പര ദൂഷണവും പീഡനം ആണ്. ഒരിക്കൽ പോലും നേരിട്ട് അറിവില്ലാത്ത സ്ത്രീകളുടെ മേൽ വിർത്തികേടുകൾ പറഞ്ഞു പരത്തുന്നവരെ കഠിനമായി ശിക്ഷിക്കണം. വേണ്ടത്ര നിയമങ്ങൾ ഇല്ല എങ്കിൽ പുതിയ നിയമങ്ങൾ ഉണ്ടാക്കണം. ഇത്തരം ഞരമ്പ് രോഗികൾ കേരളത്തിൽ ആണ് കൂടുതൽ.
പീഡനത്തിന് വിധേയം ആയ ഇരകൾക്കു സഹായം എത്തിക്കേണ്ടത് മറ്റുള്ളവരുടെ കടമ ആണ്. ആരുടെയും ജീവിതം അങ്ങനെ നശിക്കുവാൻ ഉള്ളതല്ല. ആർക്കും ആരേയും പീഡിപ്പിക്കുവാനുള്ള അധികാരവും ഇല്ല. പീഡകൻ കൊലപാതകി ആണ്. അവർ ആരായിരുന്നാലും ശിഷിക്കപ്പെടണം