പ്ലേറ്റോയുടെ വിശ്വ വിഖ്യാത ഗ്രന്ഥം ആണ് -റിപ്പപ്ലിക്. അജ്ഞതയിൽ ജനിച്ചു വളർന്നു മരിക്കുന്ന സാധാരണ മനുഷരെ; അജ്ഞതയിൽ നിന്നും മോചിപ്പിക്കാൻ കടപ്പാട് ഉള്ളവൻ ആണ് തത്വചിന്തകൻ. സമൂഹത്തിൽ തത്വചിന്തകരുടെ ദൗത്യത്തെ ചിത്രീകരിക്കാൻ, പ്ലേറ്റോ; റിപ്പബ്ലിക് എന്ന അതുല്യ രചനയിൽ ഉപയോഗിച്ചിരിക്കുന്ന ഗുഹോപമ (Allegory of the Cave) അലിഗോറി ഓഫ് ദി കേവ് എന്താണ് എന്ന് നോക്കാം.
ചെറുപ്പം മുതൽ പുറത്തുനിന്നുള്ള പ്രകാശമോ, ശബ്ദമോ എത്താത്ത ഒരു ഗുഹയിൽ ചങ്ങലകൾ കൊണ്ട് ബന്ധിക്കപ്പെട്ട കുറെ മനുഷർ. അവർക്കു തിരിയുവാനോ പുറകോട്ട് നോക്കുവാനോ സാധിക്കില്ല; അതുപോലെയാണ് അവരെ തളച്ചിട്ടിരിക്കുന്നതു. അവരുടെ മുന്നിലുള്ള ശൂന്യഭിത്തിയിൽ നോക്കി ജീവിതം മുഴുവനും പോക്കേണ്ടിവരുന്ന ഇ മനുഷ്യരുടെ പുറകിൽ ആണ് ഗുഹയുടെ പ്രവേശന കവാടം. ഈ നിസ്സഹായർക്കു പുറകിൽ ഒരഗ്നികുണ്ഡവും. അഗ്നി കുണ്ഡത്തിനും അവർക്കും മദ്ധ്യേ ഒരു മതിൽക്കെട്ടും ഉണ്ട്. മതിൽക്കെട്ടിനു മുകളിൽ ഇടക്കിടെ തടിയിൽ വെട്ടി ഉണ്ടാക്കിയ; മരങ്ങൾ, മൃഗങ്ങൾ എന്നിവയുടെ ചലിക്കുന്ന രൂപങ്ങൾ ചിലർ കൊണ്ടുനടക്കുന്നു. അവയുടെ നിഴൽ ഗുഹക്കുള്ളിലെ ശൂന്യഭിത്തിയിൽ പതിക്കുന്നു. ആ മനുഷ്യർ, തങ്ങൾക്കു മുന്നിൽ ഭിത്തിയിൽ തെളിയുന്ന നിഴലുകൾ യാഥാർഥ്യം എന്ന് കരുതുന്നു. കാരണം നിഴലുകൾക്കപ്പുറമൊന്നും അവർ ദർശിച്ചിട്ടില്ല. അവർ ഒരിക്കലും ഗുഹക്കു പുറത്തുള്ളത് ഒന്നും കണ്ടിട്ടില്ല. പുറകിൽ എന്താണ് എന്ന് തിരിഞ്ഞു നോക്കുവാനും അവർക്കു സാധ്യമല്ല. അതിനാൽ നിഴലുകളെ യാഥാർത്ഥ്യമായി അവർ കരുതുന്നു.
എന്നാൽ തത്വജ്ഞാനി; പുറത്തുള്ള വെളിച്ചം നിറഞ്ഞ, യാഥാർത്ഥ പർമാർത്ഥത ദർശിക്കാൻ അവസരം ലഭിച്ചവർ ആണ്. നിഴലുകളെ പരമാർത്ഥതയായി തെറ്റിദ്ധരിക്കാതിരിക്കാൻ അവർക്കു സാധിക്കും. ഇന്ദ്രിയങ്ങൾ മുഖേന നാം അറിയുന്നതിന് ഉപരി; അടിസ്ഥാന സത്യങ്ങൾ അവയുടെ മൗലികവും ഉദാത്തവുമായ അവസ്ഥയിൽ വേർതിരിച്ചു അറിയുവാൻ കഴിവ് നേടിയവൻ ആണ് തത്വ ജ്ഞാനി .
നിഴലുകൾ മാത്രം കണ്ടിട്ടുള്ള ഇ ഗുഹാ മനുഷർ, ഇ നിഴലുകൾ സത്യം ആണെന്നു വിശ്വസിക്കുന്നു. അവയെ കാണുമ്പോൾ അവർ ആഹ്ളാദിക്കുന്നു, അവയെപ്പറ്റി പരസ്പരം സംസാരിക്കുന്നു. അവരുടെ വിശ്വസത്തിൽ അടിയുറച്ചു നിൽക്കുന്നു, അ വിശ്വസം അവർക്കു ജീവിത വിജയം കൊണ്ടുവരുമെന്നും കരുതുന്നു. അതാണ് ഒരു സാധാരണ വിശ്വാസിയുടെ ലോകം. ഇവരെ മതത്തിലും രാഷ്ട്രീയത്തിലും മറ്റു സാമൂഹ്യ മണ്ഡലങ്ങളിലും കാണാം!
ഒരിക്കൽ ഇതിലൊരു ഗുഹാമനുഷൻ ചങ്ങലകൾ മുറിച്ചു ഗുഹക്കു പുറത്തു വന്നു. അന്നേവരെ സൂര്യ പ്രകാശം കണ്ടിട്ടില്ലാത്ത അവന്‍റെ കണ്ണുകൾ വേദനിച്ചു, അവനു പ്രകാശത്തെ ഉൾക്കൊള്ളാൻ സാധിച്ചില്ല, എന്നാൽ ക്രമേണ അവനു കാഴ്ച ലഭിച്ചു. ജീവനുള്ള, ചലിക്കുന്ന വർണ്ണങ്ങൾ നിറഞ്ഞ ലോകം അവനെ വിസ്‌മയിപ്പിച്ചു. അവൻ കണ്ടവയെല്ലാം അവനു പുതിയത് തന്നെ, അതിനാൽ അവയൊക്കെ യാഥാർഥ്യം ആണ് എന്ന് അംഗീകരിക്കുവാനും, ഗുഹയിൽ അവൻ കണ്ടത് സത്യം അല്ല എന്ന് മനസ്സിൽ ആക്കുവാനും വളരെ പ്രയാസപ്പെട്ടു. എങ്കിലും വളരെയധികം സമയത്തിനുശേഷം അവന് സത്യം മനസ്സില്‍ ആയി. ഗുഹയിലെ അവന്‍റെ കൂട്ടുകാരെ ഇ സുവാർത്ത അറിയിക്കാൻ അവൻ തിരികെ പോയി, പക്ഷെ അവർ അവനെ വിശ്വസിച്ചില്ല. വെളിയിലെ പ്രകാശത്തിൽ തുറന്ന അവന്‍റെ കണ്ണുകൾ; ഗുഹയിൽ കാണുന്നത് വെറും നിഴൽ ആണെന്നും തിരിച്ചറിഞ്ഞു. ഇ സത്യം അവൻ തടവുകാരോട് പറഞ്ഞു, അവരുടെ ചങ്ങലകൾ അഴിച്ചു അവരെ പുറത്തു കൊണ്ടുവരുവാൻ ശ്രമിച്ചു. 'നിനക്ക് ഭ്രാന്ത് ആണ് എന്ന് പറഞ്ഞു അവർ അവനെ അക്രമിക്കുവാനും തുടങ്ങി. ഇതല്ലേ നമ്മൾ മനുഷ ചരിത്രത്തിന്റെ തുടക്കം മുതൽ കാണുന്നത്?
പ്ലേറ്റോയുടെ ഉപമയിലെ ഗുഹ, നമ്മുടെ അജ്ഞത, മതം, രാഷ്ട്രീയം, സാമൂഹ്യ ബന്ധങ്ങൾ, എന്നിങ്ങനെ പലതിന്‍റെ പ്രതീകം അല്ലേ! ഇവിടെ; ഗുഹയിൽ നിന്നും മോചിതനായ തത്വ ചിന്തകൻ; അഞതയുടെ ഇരുട്ടിൽ നിന്നും അറിവിന്‍റെ സത്യത്തിലേക്ക് നയിക്കുവാൻ ശ്രമിക്കുന്നു. എന്നാൽ അത്തരം ഗുരുക്കൻമ്മാർക്ക് തിരികെ ലഭിക്കുന്നത് എന്താണ് എന്ന്, എന്നും നാം ചരിത്രത്തില്‍ കാണുന്നു.
ഏറിയ ശതമാനം ആൾക്കാരും അവരുടെ അറിവില്ല്യയ്മ്മയിൽ ആനന്ദം കണ്ടെത്തുന്നവർ ആണ്. ഇ അലസത അവരുടെ ആശ്വാസ മേഖലയാണ്. അതുകൊണ്ടാണ്; അവരെ അഞതയുടെ അലസതയിൽനിന്നും വിടർത്തി മാറ്റി മോചിപ്പിക്കാൻ ശ്രമിക്കുന്നവരെ ശത്രുക്കൾ ആയി കാണുന്നതും മോചകനെ ഉപദ്രവിക്കുന്നതും ചിലപ്പോൾ കൊല്ലുകയും ചെയുന്നത്. സോക്രട്ടിസിനു വിഷം കൊടുത്തു കൊന്നത് പോലെ എത്ര എത്ര ...
പ്രകാശത്തിൽ നടക്കുന്നവർ, പ്രകാശത്തിലേക്ക് അന്ധകാരസ്ഥരെ നയിക്കുന്നവർ ഒക്കെ അപകടപരമായി ജീവിക്കുന്നു. കാപട്യത്തിന്‍റെയും അജ്ഞതയുടെയും തടവ് പുള്ളികൾ അന്തകാരത്തിൽ ഒളിച്ചിരുന്ന് പ്രകാശിതരെ നശിപ്പിക്കാൻ ശ്രമിക്കുന്നു. അതാണ് മനുഷ ചരിത്രം; തുടക്കം മുതൽ ഇന്നേവരെ!
നമ്മുടെ ചുറ്റുപാടും നോക്കു! മിക്കവാറും എല്ലാവരും ഗുഹാവാസികൾ ആണ്. അഞത, അഹംകാരം, സ്വാർദ്ധത, തീവ്രവാദം, സ്റ്റോക്ക് മാർക്കറ്റ്, അമിത ഭക്ഷണം, അമിത ഭോഗം, പണക്കൊതി, മതം, ജാതി, വർണ്ണം, അറിവിനെ എതിർക്കുക, സ്ത്രീ വിദ്വെഷം, രാഷ്ട്രീയം; എന്നിങ്ങനെ അനേകം കൊച്ചു ഗുഹകളിൽ പാർക്കുന്നവർ. ഇവരുടെ ലക്ഷം വീട് കോളനിയിൽ എങ്ങാനും പ്രബുദ്ധരായവർ അകപ്പെട്ടാലുള്ള അനന്തര അവസ്ഥ പറയേണ്ടിയത് ഇല്ലല്ലോ! സത്യവും ശാസ്ത്രവും വെറുക്കുന്ന ഇ ഗുഹാ വാസികൾ ഹാലിളകിയ കാട്ടുപോത്തുകളെപോലെയാണ്. ഹിലരി ക്ളിന്ടന്‍, കമല ഹാരിസ് എന്നിവരെപോലെയുള്ള സ്ത്രീകളെ അങ്ങികരിക്കാന്‍ ഉള്ള മനോഭാവം ഇല്ലാത്ത; പുരുഷമേധാവിത്വം തലക്ക് മത്തുപിടിച്ച ഗുഹാവാസികള്‍.
മനുഷ ചരിത്രത്തിൽ ഇന്നേവരെ ഉണ്ടായിട്ടുള്ള പ്രശ്നങ്ങൾക്കെല്ലാം കാരണം ഗുഹാവാസി മനോഭാവം ആണ്. ഇതിനു പരിഹാരം ഉണ്ടോ?- ഹാ ശ്രമിക്കാം!. നമ്മൾ എവിടെ ജനിക്കുന്നു എന്നതിന് നമുക്ക് യാതൊരു വിധത്തിലും കണ്ട്രോൾ ചെയ്യാവുന്നത് അല്ല. എല്ലാ ജനനവും തീർത്തും ആകസ്മികം/ അവിചാരിതം ആണ്. അതായത് ആരും ശ്രീബുദ്ധൻ ആയി ജനിക്കുന്നില്ല, എല്ലാവരും ഗുഹയിൽ തന്നെയാണ് ജനിക്കുന്നത്. പഴയ ദൈവങ്ങളുടെ കഥകൾ നോക്കു, അവരും ജനിക്കുന്നത് ഗുഹയിൽ തന്നെ. എന്നാൽ ഇ ദൈവങ്ങളുടെ കൂടെ നമ്മളും ജനിക്കുന്നു, അവരുടെ കെട്ടുകഥകൾ കേട്ട് വളരുന്നു, അവയെ വണങ്ങുന്നു. ഇല്ല!; വലിയ പ്രശ്നം ഇല്ല ഇവിടം വരെ ഒക്കെ; അത് കുട്ടിക്കാലം. പക്ഷെ കുട്ടിക്കാലം കഴിയുമ്പോള്‍ ഇ ദൈവങ്ങളെ വണങ്ങുന്നതിനു പകരം നമ്മൾ വളരണം. പുലിയെ പേടിച്ചു ഓടുന്ന മാനിനെപ്പോലെ കുതിച്ചു ചാടി ഓടി വളരണം. അവിടം മുതൽ നമ്മൾ പുതിയ മനുഷ്യൻ ആയി മാറുന്നു. അതാണ് മൃഗം ആയ നമ്മൾ മറ്റു മൃഗങ്ങളിൽ നിന്നും വേർതിരിക്കപ്പെടുന്ന അവസ്ഥ. അപ്പോൾ മാത്രമേ ഇ ഗുഹകളിൽ നിന്നും കുറേപേർക്കെങ്കിലും പുറത്തുവരാൻ സാധിക്കയുള്ളൂ.
പാപം എന്നത് മതങ്ങൾ ഉണ്ടാക്കിയ കൂച്ചു വിലങ്ങുകൾ ആണ്, വെറുംകെട്ടുകഥകൾ മാത്രം. പക്ഷെ തത്വ ചിന്തകന്‍റെ സത്യ വേദപുസ്തകത്തിൽ 'അജ്ഞത' പാപം ആണ്. എന്നാൽ അന്ധകാരത്തിലും അഞതയിലും വളഞ്ഞുകൂടി സുഖനിദ്ര നടിക്കുന്നവരെ ഉണർത്താൻ, നീണ്ട കുപ്പായങ്ങൾ ധരിച്ചർ വായിൽ തോന്നിയത് ഒക്കെ വിളിച്ചു കൂവിയാൽ അത് പ്രബോധനം ആവില്ല. ഉറക്കം നടിക്കുന്നവരെ സത്യം പറഞ്ഞു മനസ്സിൽ ആക്കുക; അതാണ് വിദ്യാഭ്യാസം. സത്യവും ശാസ്ത്രവും പഠിപ്പിക്കുന്ന വിദ്യ. ആരേയും തല്ലി അടിച്ചു പഠിപ്പിക്കാൻ സാധിക്കില്ല, പോയി പുസ്തകം വായിക്കു എന്ന് പറഞ്ഞു ഓടിക്കുന്നതും പ്രായോഗികം അല്ല. നീണ്ട പ്രഭാഷണ പ്രസംഗങ്ങളും പ്രയോജനം ചെയ്യില്ല. അറിവ് ഇല്ലാത്തവരെ; അറിവുള്ള മറ്റുള്ളവരുമായി താരതമ്യം ചെയുമ്പോൾ; അവർ ഏതു നിലവാരത്തിൽ ആണ് എന്ന് മനസ്സിൽ ആക്കുക . കൂപമണ്ഡൂകത്തോട്, അവ പ്രപഞ്ചം എന്ന് കരുതുന്ന കിണറ്റിൽ നിന്നും പുറത്തുവന്നാൽ മറ്റൊരു വലിയ ലോകം കാണാം എന്ന് അറിയിക്കുക. അവക്ക് പുറത്തുവരാൻ ഒരു വഴിയും കാണിക്കുക, അതാണ് തത്വ ചിന്തകന്റെ ധർമ്മം.
എല്ലാവർക്കും എല്ലാമോ വളരെയേറെയോ അറിയുവാനുള്ള കെപ്പാസിറ്റി ഇല്ല. അവരവരുടെ ബ്രെയിൻ കെപ്പാസിറ്റിക്കു ഉൾക്കൊള്ളാൻ സാധിക്കുന്നത്രയും അവർ ഗ്രഹിക്കട്ടെ!; പരിപൂർണ്ണ അജ്ഞതയേക്കാൾ കുറെ അറിവ് എങ്കിലും നല്ലത് അല്ലേ!. കൂടുതൽ, കൂടുതൽ അറിയുംതോറും; അറിവ് വര്ധിക്കുന്നതിനേക്കാൾ ഉപരി, നമുക്ക് എത്രയോ കുറച്ചു മാത്രമേ അറിയൂ എന്ന് മനസ്സിൽ ആകും. അതാണ് ജ്ഞാനം . അപ്പോൾ കൂടുതൽ അറിയുവാനുള്ള വിശപ്പും ദാഹവും ഉണ്ടാകും. അപ്പോൾ ഉറക്കം നടിക്കുന്നവർ എഴുന്നേറ്റ്, അറിവുള്ളവർ കാണിച്ചുകൊടുക്കുന്ന പാതകളിൽകൂടി മുന്നോട്ടു നീങ്ങും. വിജ്ഞാനത്തിനുവേണ്ടിയുള്ള ദാഹം ആണ് നാലുകാലിൽ നടന്ന മനുഷരെ ക്ഷീരപഥങ്ങൾക്ക് അപ്പുറം എത്തിച്ചത്.
നീ; എത്രമാത്രം വിഡ്ഢിയാണ് എന്ന് ഒരുവനെ മനസ്സിൽ ആക്കാൻ ശ്രമിച്ചാൽ; പോത്തിനോട് വേദം ഓതുന്നപോലെ എന്നുമാത്രം അല്ല, താൻ; വിഡ്ഢിയാണെന്നു തോന്നുന്ന വിഡ്ഢികൾ ഉണ്ടോ? അതിനാൽ വിഡ്ഢിയെ അവന്റെ വിഡ്ഢിത്തരത്തിൽ കൈയ്യോടെ പിടികൂടാൻ ശ്രമിച്ചാൽ, കാട്ടു കഴുതയുടെ പല്ല് എണ്ണാൻ ശ്രമിക്കുന്നതുപോലിരിക്കും!. അതിനാൽ, ഗുഹയിൽനിന്നും രക്ഷപെട്ടവർ തിരിച്ചു ഗുഹയിൽ ചെല്ലണം. നമ്മൾ കണ്ട വെളിച്ചത്തിന്റെ ലോകത്തെക്കുറിച്ചു പറയണം. അല്ലാതെ, ഹേ!; ഞാനും എൻ്റെ കുടുംബവും രക്ഷപെട്ടു, നൗ ഐ ഡോണ്ട് കെയർ! എന്ന മട്ടിൽ പോകരുത്. പാലം കടക്കുവോളം നാരായണ! നാരായണ!; പാലം കടന്നുകഴിയുമ്പോൾ കൂരായണ! കൂരായണ!. -
അതേ!; കാലത്തിന്റെ തെറാപ്യൂട്ടിക് ഹീലിംഗ് ശക്തി വലുതാണ്. ഞാൻ, ഞാൻ -എന്ന ഭാവങ്ങളെ വീട്ടു തടങ്കലിൽ കെട്ടിയിടാൻ ഒരു സൂഷ്‌മ വയറസിനു സാധിച്ചു, മനുഷ് ജീവൻ എത്രയോ ക്ഷണികം. അതിനാൽ ഗുഹയിൽ നിന്നും രക്ഷപെട്ടവർ തിരികെ ചെല്ലണം, അവർ ഷിറ്റ് ഹോളിൽ നിന്ന് വന്നവർ ആണെങ്കില്ലും . നൂറ്റാണ്ടുകൾ അടിമത്തം അനുഭവിക്കുന്ന ഒരു ജനതക്ക് കുറെ കടലാസ്സ് നിയമങ്ങൾ പോരാ മോചനം ലഭിക്കാൻ. മനുഷ സ്നേഹികൾ ആയ നേതാക്കൾ, ഗുഹയിൽനിന്നും രക്ഷപെട്ടവർ; ദുഃഖവും,ദുരിതവും, അഞതയും ഒക്കെ അനുഭിക്കുന്നവരുടെ ഗുഹകളിലേക്കു ചെന്നു, അവർ നീട്ടിയ കരങ്ങളിൽ പിടിച്ചു അനേകർ മോചിതർ ആയി. അതേ! നമ്മൾ മാത്രം, നമ്മുടെ മക്കൾ മാത്രം രക്ഷപ്പെട്ടാൽ മതിയോ? അതേ!; നിങ്ങളുടെ മക്കൾ രക്ഷപെട്ടു എങ്കിൽ, അവർക്കു ഇനി നിങ്ങളെക്കൊണ്ട് ആവശ്യം ഇല്ല.
എന്നാൽ അത്തരം സഹായം വേണ്ട അനേകരുടെ മക്കൾ ഉണ്ട്, ഇനിയുള്ള കാലമെങ്കിലും മറ്റുള്ളവരെ അപഹസിക്കുന്ന പരിപാടി അവസാനിപ്പിക്കുക. അടിമത്തത്തില്‍ നിന്നുള്ള മോചനം ചിലപ്പോള്‍ വളരെയധികം സിമ്പിള്‍ ആയിരിക്കാം, നിങ്ങള്‍ കറുത്ത കണ്ണട വെച്ച് ഇരുട്ടില്‍ ഇരുന്നാല്‍ നിങ്ങള്‍ക്ക് ചുറ്റും ഉള്ളത് കാണാന്‍ സാധിക്കുമോ?
നിങ്ങൾക്കും നിങ്ങളുടെ മക്കൾക്കും ലഭിച്ച അനേകം അവസരങ്ങളിൽ ഒന്നുപോലും ലഭിക്കാൻ ഉള്ള വഴികൾ ഇല്ലാത്തവരെ തേടുക, അനേകർ നിങ്ങളുടെ ചുറ്റുപാടും ഉണ്ട്. നിങ്ങള്‍ക്ക് ചുറ്റുമാണ് ഭുലോകം കറങ്ങുന്നത് എന്ന ഭാവം; നിങ്ങൾ കുഴിച്ച കുഴികള്‍ ആണ്, അവയില്‍ നിന്നും പുറത്തുവരിക. അതാണ് ലാസറിന്‍റെ ഉയ്ര്‍പ്പിന്‍റെ ഉപമയുടെ മെസ്സേജ്- 'ലാസറേ! പുറത്തു വരിക. അതേ; ജീവന്‍ ഉണ്ടെങ്കിലും ചത്തതിനു ഒക്കുമേ ജീവിച്ചിരിക്കിലും എന്ന മട്ടില്‍ ജീവിക്കുന്നവര്‍ ഗുഹകളിൽ നിന്നും പുറത്തുവരുക!
സത്യത്തിന്‍റെ വെളിച്ചം നിങ്ങളെ നന്മകള്‍ നിറഞ്ഞവര്‍ ആക്കട്ടെ!- അപ്പോള്‍ നിങ്ങള്‍ക്ക് 'കറമ്പനേയും കമലയേയും മനുഷര്‍ ആയി കാണുവാന്‍ ശക്തി തരുന്ന ഉള്‍കാഴ്ച്ച ലഭിക്കും. സത്യത്തിന്‍റെ സ്വാതന്ത്രം ഇ ഭൂമിയിലെ പറുദീസ ആണ്. അതേ; ഇന്നുമുതൽ നിങ്ങളും പറുദീസയിൽ ജീവിക്കു!- നിങ്ങളുടെയും മറ്റുള്ളവരുടെയും ജീവിതം നരകം ആക്കാതെ!.