കമലാ ഹാരിസിന്റെ വശ്യമായ പടം വൈറ്റ് ഹ്‌സിന്റെ ഭിത്തിയില്‍ തൂങ്ങുമോ? അതൊരു വലിയ സ്വപ്നമായിരിക്കാം, ചരിത്രത്തിലെ ഒരു മഹാ സംഭവവും! ഇതുവരെ അമേരിക്കയിലെ വെളുത്ത മദാമ്മക്കോ, കറുത്ത ആഫ്രിക്കന്‍ അമേരിക്കക്കാരിക്കോ കണികാണാന്‍ പറ്റാത്ത ആദ്യത്തെ വനിതാ അമേരിക്കന്‍ പ്രസിഡന്റ് എന്ന പദവി കാലക്രമേണ കമലാ ഹാരിസ് നേടിയെടുക്കുമോ?
78 വയസ്സുള്ള ജോ ബൈഡന് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ഒരു വനിതയായിരിക്കുമെന്ന് ട്രമ്പിനുപോലും നല്ല ധാരണയുണ്ടായിരുന്നു. പക്ഷെ ബൈഡനെ വംശീയവാദി എന്ന് കുറ്റപ്പെടുത്തി, വീട്ടിനുള്ളിലെ തന്നെ ശത്രുവായിരുന്ന കമലയെ സ്ഥാനാര്‍ഥിയാക്കിയയ്ത് പല പ്രതീക്ഷകളോടെയാണ്. ഒന്നാമത് സ്ത്രീകളുടെ മുഴുവന്‍ വോട്ടും തൂത്തു വാരാം. രണ്ടാമതായി കറുത്ത വര്‍ഗ്ഗക്കാരിയെന്ന ലേബലില്‍, ഇപ്പോള്‍ അസംതൃപ്തരായി നില്‍ക്കുന്ന ബ്ലാക് ലൈവ്സ് മാറ്റേഴ്‌സ് പറഞ്ഞു നടക്കുന്ന എല്ലവരുടെയും, കൂട്ടത്തില്‍ ഇന്‍ഡ്യാക്കാരുടെയും വോട്ടുകള്‍ മുഴുവന്‍ വന്ന് വീഴാന്‍ പോകുന്നത്, ഡെമോക്രാറ്റ് പെട്ടിയില്‍ത്തന്നെ! 78 ന്റെ വാര്‍ദ്ധക്യഅരിഷ്ടതകള്‍ തളര്‍ത്തുന്ന ബൈഡന്‍ പ്രസിഡന്റ് ആയിപ്പോയെങ്കില്‍, പിന്നെ 55 വയസ്സുകാരിക്ക് പ്രസിഡന്റ് ആകാന്‍ ഒരു ഹൃദയമിടിപ്പിന്റെ ദൂരമേയുള്ളുവെന്നു അവരും സ്വപ്നം കാണാന്‍ തുടങ്ങിയതില്‍ ഒരു കുറ്റവും പറയാനില്ല.
പക്ഷെ, യാഥാര്‍ഥ്യങ്ങള്‍ ബഹു ദൂരത്തിലാണ്. ആദ്യ റൗണ്ടില്‍ തന്നെ പ്രൈമറി ഇലക്ഷനില്‍ നിന്നും തൂത്തെറിയപ്പെട്ട കമലാ ഹാരിസ്സിന്റെ പേരില്‍ ഡമോക്രാറ്റുകളുടെ തന്നെ വോട്ടുകള്‍ ലഭിക്കാന്‍ സാധുത കാണുന്നില്ല. കാര്യം ശരി തന്നെ, രണ്ടു ഇമ്മിഗ്രന്റ്‌സിനു പിറന്നതാണ്, ഹോവാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദമെടുത്തവളാണ്, കാലിഫോര്‍ണിയയിലെ ആദ്യത്തെ വനിതാ അറ്റോര്‍ണി ജനറല്‍ ആയിരുന്നു, മൂന്നാമത്തേ ആഫ്രിക്കന്‍ അമേരിക്കന്‍ സെനറ്റര്‍, എന്നീ നിലകളിലെല്ലാം ശോഭിച്ചാലും, നമ്മുടെ ഹിലാരി മാഡത്തിനുപോലും നേടാന്‍ കഴിയാത്ത കസേര, ഒരു ഇമ്മിഗ്രന്റ് വനിതക്ക് കൊടുക്കാനും മാത്രം വിശാല മനസ്‌കരായോ അമേരിക്കയിലെ വനിതകള്‍? പിന്നെ കൂടെ കുറെ പുരുഷമേധാവിത്വ മഹാമനസ്‌കരും. കൂട്ടത്തില്‍ കമലാ ഹാരിസ് ഇന്‍ഡ്യാക്കാര്‍ക്ക് വേണ്ടി എന്തെങ്കിലും പറയുകയോ ചെയ്യുകയോ ചെയ്തതായി കേട്ടുകേള്‍വിപോലുമില്ല .
പക്ഷെ, ഇന്‍ഡ്യാ - പാകിസ്ഥാന്‍ കാശ്മീര്‍ വിഷയങ്ങളില്‍ ' സാഹചര്യം എങ്ങനെ വന്നാലും കാഷ്മീര്‍ കാര്യത്തില്‍ ഇടപെടേണ്ട' എന്നാണല്ലോ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ആകുന്നതിനു മുമ്പ് തന്നെ കമലാജി നിലപാട് വ്യക്തമാക്കിയത്. ഒരു പക്ഷെ ഇനിയും ഇന്‍ഡ്യാക്കാരോട് നല്ല സമീപനം കാഴ്ച വെച്ചേക്കാം. ഇന്ത്യന്‍- അമേരിക്കന്‍ എന്ന് അറിയപ്പെടുന്നതിനേക്കാള്‍ ആഫ്‌റിക്കന്‍ -അമേരിക്കന്‍ എന്ന് സ്വയം പരിചയപ്പെടുത്തുമ്പോള്‍ അവരുടെ ഇന്ത്യയോടുള്ള പ്രേമം എത്രയെന്നു മനസിലാക്കാന്‍ വിവേകം ഇന്ത്യക്കാര്‍ക്ക് ഉണ്ടെന്നുകൂടി അറിഞ്ഞിരിക്കണം. അബന്ധം പറ്റിയോ ബൈഡന്‍ ജി?
ബോര്‍ഡറുകളും തുറന്നിട്ട് സോഷ്യലിസവും നടപ്പിലാക്കാമെന്ന് പറഞ്ഞു നടക്കുന്ന ഡെമോക്രാറ്റ് വിഭാഗത്തോട്, രാജ്യസ്‌നേഹമുള്ള എത്ര അമേരിക്കന്‍സിനു മമത കാണുമെന്നു കണ്ടറിയണം. പ്രത്യേകിച്ചും, സ്വയം മാരിവാന പുകച്ചു നടന്നുവെന്ന് പറഞ്ഞുകൊണ്ട് മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്ന ഒരു വനിതയ്ക്കു, ദിനവും ഇവിടെ കൊല്ലപ്പെടുന്ന ആയിരക്കണക്കിന് ശിശുക്കളോടും മറുപടി പറയേണ്ടി വരും.
കഴിവുള്ള ഒരു സെനറ്റര്‍ ആയി പ്രശോഭിക്കുന്ന കമലാ ഹാരിസ് ഇന്‍ഡ്യാക്കാര്‍ക്കു വേണ്ടി എന്ത് ചെയ്തു, സ്വന്തം അമ്മയുടെ നാടായ ഇന്ത്യക്കുവേണ്ടി എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ എന്ന് പോലും ഇന്‍ഡ്യാക്കാരും ചോദിച്ചു തുടങ്ങിയിരിക്കുന്നു. ഇന്ത്യയില്‍ താമര വിരിഞ്ഞ ഈ കാലത്ത് ഇവിടെയും കമലദളം വിരിയുമോ? ജയിച്ചു വന്നാല്‍ പലതുകൊണ്ടും ചരിത്രം തിരുത്തിക്കുറിക്കുമ്പോള്‍, അതിന്റെ പേരില്‍ നമുക്കും ചുമ്മാ അഭിമാനിക്കാന്‍ സാധ്യമാകണേയെന്നു എനിക്കും ആഗ്രഹമുണ്ട്. 1952 ലും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച ചാര്‍ലൊറ്റ ബാസ് എന്ന 'ബ്ലായ്ക്ക് വുമണ്‍' റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഐസന്‍ഹോവറിനോട് പരാജയം ഏറ്റുവാങ്ങിയ ചരിത്രം ആവര്‍ത്തിക്കാതിരിക്കട്ടെ.
ഏതായാലും ഒരു കാര്യം മറക്കരുത്, താന്‍ ജയിച്ചു പ്രസിഡന്റ് ആയാല്‍, പ്രസിഡന്റ് ട്രമ്പിന്റെ പടം വൈറ്റ് ഹൗസിലെ ഭിത്തിയില്‍ തൂക്കുന്ന സമയത്തു, ട്രമ്പിനെ മാന്യമായി ക്ഷണിച്ചു ആദരിക്കുമെന്ന് ഒരു 'റെയിന്‍ ചെക്ക്' ഓഫര്‍ ഇപ്പോഴേ ജോ ബൈഡന്‍ നല്‍കിയിട്ടുണ്ട്.
ഡെമോക്രാറ്റ് പാര്‍ട്ടിയെപ്പറ്റി നല്ല കാര്യങ്ങള്‍ പലതും പറയാനുണ്ട്. ജനാധിപത്യ സോഷ്യലിസം അമേരിക്കയില്‍ നടത്താന്‍ മുറവിളി കൂട്ടുന്ന അണികള്‍ പിന്നിലുണ്ട് . ക്യാപ്പിറ്റലിസം കൊണ്ട് നന്നായി ശോഭിച്ചുകഴിഞ്ഞ ഒരു രാജ്യമാണ് അമേരിക്കയെന്നു ഓര്‍ക്കണം. ഈ വ്യവസ്ഥിതിയെ തകിടം മറിക്കുന്ന 'ചേഞ്ചസ് ' സ്വീകരിക്കാന്‍ ഇവിടുത്തെ ജനത പക്വത പ്രാപിച്ചിട്ടില്ല. വെനിസ്വേല എത്ര സമ്പദ് സമൃദ്ധിയില്‍ കഴിഞ്ഞ രാജ്യമായിരുന്നു, ഈ പറയുന്ന ജനാധിപത്യ സോഷ്യലിസം പടര്‍ന്നു പന്തലിച്ചപ്പോള്‍, ടോയ്ലറ്റിലെ നാപ്കിന്‍സ് പോലും അവിടെ മരീചികയായിരിക്കുന്നു.
ഡെമോക്രാറ്റ്‌സിന്റെ 'പ്രോഗ്രസ്സ്സീവ് ടാക്‌സ് ' എന്ന താത്വിക നയം തന്നെ, സാമ്പത്തിക സമത്വം അമേരിക്കയില്‍ വാഗ്ദാനം ചെയ്യുന്നതാണ് . താഴ്ന്ന വരുമാനക്കാര്‍ക്കും ഇടത്തരക്കാര്‍ക്കും പ്രയോജനം നല്‍കുന്ന സാമ്പത്തിക നയങ്ങള്‍ ഡെമോക്രാറ്റ് പദ്ധതികളിലുണ്ട്. സാമ്പത്തിക അസമത്വം കുറയുമ്പോള്‍ സാമ്പത്തിക വളര്‍ച്ച നേടാനാവുമെന്ന് അവര്‍ വീക്ഷിക്കുന്നു.
തത്വത്തില്‍ നല്ലതായിരിക്കാം, പക്ഷെ എങ്ങനെ പ്രാവര്‍ത്തികമാക്കും ? സമ്പന്നരായവര്‍ ഉയര്‍ന്ന നികുതികള്‍ കൊടുക്കണം എന്ന് പറയുന്നത് മനസ്സിലാക്കാം. സാമൂഹ്യ സേവനങ്ങള്‍ക്ക് കൂടുതല്‍ പണം ചിലവാക്കണം, പക്ഷെ മിലിട്ടറിക്കും പോലീസ് സുരക്ഷിത വ്യവസ്ഥകള്‍ക്കും കുറഞ്ഞ ഫണ്ടിങ്ങ് മതി എന്ന് പറയുന്നത് തീരെ മനസ്സിലാകുന്നില്ല. ഭീകരവാദികളെയും ആഭ്യന്തര കലാപം സൃഷ്ടിക്കുന്നവരെയും , കൊള്ളയടിയും മോഷണവും നടത്തുന്നവരെയും പ്രോത്സാഹിപ്പിക്കുന്ന നയങ്ങള്‍ രാജ്യത്തിനു ഭീഷണി തന്നെയായിരിക്കും.
എന്നാല്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി നയങ്ങള്‍ പ്രഖ്യാപിക്കുന്നത് ടാക്‌സ് കട്ടുകള്‍ ചെയ്തു, കൂടുതല്‍ പണം കഷ്ടപ്പെടുന്നവന്റെ പോക്കറ്റില്‍ ഇട്ടുകൊടുക്കുക എന്ന സഹായപദ്ധതിയാണ് . താന്‍ വിജയിച്ചാല്‍, കൊറോണയോടനുബന്ധിച്ചുള്ള സാമ്പത്തിക മാന്ദ്യം കുറക്കാന്‍ പ്രഖ്യാപിച്ചിരിക്കുന്ന ടാക്‌സ് കട്ടുകള്‍ സ്ഥിരമാക്കാന്‍ ശ്രമിക്കും എന്നാണു ട്രമ്പ് പ്രഖ്യാപിച്ചിരിക്കുന്നത് . ബിസ്സിനസ്സുകാരുടെയും വ്യക്തികളുടെയും നികുതി ഭാരം കുറക്കാന്‍, സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍, ഫാമിലി ടാക്‌സ് ക്രെടിട്‌സ് എന്നിവ കൂട്ടുകയും ചെയ്യുമെന്നാണ് റിപ്പബ്ലിക്കന്‍ നയങ്ങള്‍ വെളിവാക്കുന്നത്.
റിപ്പബ്ലിക്കന്‍ അജണ്ടാ പ്രകാരം ടാക്‌സ് കട്ടുകള്‍ കൂടുതല്‍ തൊഴില്‍ അവസ്സരങ്ങള്‍ സൃഷ്ടിക്കപ്പെടും . ഡമോക്രാറ്റുകള്‍ ഗവെര്‍ന്മെന്റ് കൂടുതല്‍ ഫണ്ടുകളിലൂടെ ചെലവ് ചെയ്താല്‍, കൂടുതല്‍ തെഴില്‍ അവസ്സരങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് ടാക്‌സ് നേടാമെന്നാണ്. ഈ രണ്ടു രീതികളും സമന്വയിപ്പിച്ചുകൊണ്ടു പ്രസിഡന്റ് ബാരക് ഒബാമ എക്കണോമിക് സ്റ്റിമുലസ് ആക്ട് നടപ്പിലാക്കിയത് നമുക്ക് അറിവുള്ളതാണ്. ബില്‍ ക്ലിന്റണ്‍ 18.6 മില്യണ്‍ തൊഴില്‍ അവസ്സരങ്ങള്‍ സൃഷ്ടിക്കാനും അങ്ങനെയുള്ള മാര്‍ഗ്ഗങ്ങള്‍ തേടിയിട്ടുണ്ട്.
മൂന്നു തവണ പ്രസിഡന്റ് ആയതിലൂടെ ഫ്രാങ്ക്ളിന്‍ റൂസ്സ്വെല്റ്റ് 21.5% വും റൊണാള്‍ഡ് റീഗന്‍ 16.5% വും തൊഴില്‍ സാധ്യതകള്‍ വര്‍ധിപ്പിച്ചതായി ചരിത്രം രേഖപ്പെടുത്തുന്നു.
മറ്റൊരു പ്രധാന വിഷയം മിനിമം വേജസ് വര്‍ധിപ്പിക്കുന്നതിലാണ്. മഹാ സാമ്പത്തിക മാന്ദ്യത്തിനു ശേഷം പ്രസിഡന്റ് റൂസ്വെല്റ്റ് നടപ്പിലാക്കിയ മണിക്കൂറിനു മിനിമം വേജസ് $0.25 എന്നത് ഇന്നത്തെ കണക്കില്‍ മാറ്റിയെടുത്താല്‍ മണിക്കൂറിന് ഏകദേശം $5.00 എന്ന സ്ഥിതിയിലായിരിക്കാം. 2009 ലാണ് ഇന്നത്തെ നിലവിലുള്ള $7.25 എന്ന മിനിമം വേജസ് നടപ്പിലാക്കിയത്. ഡെമോക്രാറ്റ് നിര്‍ദ്ദേശിക്കുന്നത് ഇന്നത്തെ നാണയപ്പെരുപ്പവും വിലക്കയറ്റവും പരിഗണിച്ചു മിനിമം വേജസ് $15.00 ആക്കണമെന്നതാണ്. ഗവെര്‍ന്മേന്റിനു കനത്ത ഭാരമാകുമെങ്കിലും, സാധാരണക്കാരന് വലിയ ഒരു പ്രത്യാശ ഏകുന്ന പരിഷ്‌കാരമായിരിക്കുമെന്നതില്‍ സംശയമില്ല.
പക്ഷെ ചെറുകിട വ്യാപാരികളും ബിസിനസ്സുകാരും കുത്തുപാളയെടുക്കാന്‍ ഇത് കാരണമാകുമെന്ന് റിപ്പബ്ലിക്കന്‍സ് സമര്‍ത്ഥിക്കുന്നു. 2014 ലെ കോണ്‍ഗ്രസ്സണകോണ്‍ഗ്രസ്സണല്‍ ബഡ്ജറ്റ് ഓഫിസ് റിപ്പോര്‍ട്ട് പ്രകാരം ഇതുപോലെ മിനിമം വേജസ് വര്‍ധിപ്പിച്ചാല്‍ 900,000 ലധികം കുടുംബങ്ങളെ ദാരിദ്ര്യ രേഖയില്‍നിന്നും ഉയര്‍ത്താന്‍ സാധിച്ചേക്കും; പക്ഷേ അതോടൊപ്പം 500,000 ത്തിലധികം ജോലിക്കാര്‍ക്ക് തൊഴില്‍ എന്നേക്കുമായി നഷ്ടപ്പെടുകയും ചെയ്യും.
മാത്രമല്ല, 'ഇന്‍വേഴ്‌സ് പേ റോള്‍ ടാക്സേഷന്‍' രീതിയില്‍ ഉയര്‍ന്ന വരുമാനക്കാരെയും നികുതിദായകരാക്കാന്‍ ഡെമോക്രാറ്റിന് പരിപാടിയുണ്ട്. ഇപ്പോള്‍ $137,700 വരെയുള്ളവര്‍ക്കാണ് ടാക്‌സ് പിടുത്തങ്ങള്‍ നിലവിലുള്ളത്. കൂടുതല്‍ വരുമാനമുള്ളവരെ. ടാക്‌സ് പരിധിയില്‍ കൊണ്ടുവരുന്നത്, സെനറ്റില്‍ ഇരുകൂട്ടരുടെയും അംഗീകാരത്തില്‍ ചെയ്യേണ്ട സംഗതിയായതിനാല്‍, ഇത് വല്ലതും നടക്കുന്ന കാര്യമാണോ?
ഇത്രയും പറഞ്ഞത് ജോലിയും കൂലിയും എന്ന വിഷയത്തെപ്പറ്റി ഇരു കൂട്ടരുടെയും വീക്ഷണങ്ങള്‍ മാത്രം വെളിവാക്കാന്‍ വേണ്ടിയായിരുന്നു. മറ്റു പ്രധാന വിഷയങ്ങളെപ്പറ്റി പിന്നാലെ വിശകലനം ചെയ്യാമെന്ന് കരുതട്ടെ.
ഈ ഭാഗം എഴുതുന്നതിനു മുമ്പായി ചില സുഹൃത്തുക്കളോട് സംസാരിച്ചതിന്റെ ചില പ്രസക്ത ഭാഗങ്ങള്‍ ഉദ്ധരിക്കട്ടെ.
ഹൂസ്റ്റണിലെ കട്ട ഡെമോക്രാറ്റ് സുഹൃത്ത് പറയുന്നു 'ഡെമോക്രാറ്റിനെ ഞാന്‍ സപ്പോര്‍ട്ട് ചെയ്യുന്നതിന് 7 കാരണങ്ങള്‍ ഉണ്ട് (1) ടാക്‌സ് പരിഷ്‌കാരങ്ങള്‍ - ട്രമ്പ് വലിയ പണക്കാരുടെയും ബിസിനസ്സുകാരുടെയും ടാക്‌സ് നിരക്ക് 35% ത്തില്‍നിന്നും 21% ആക്കിക്കുറച്ചത് ന്യായമല്ല, പണക്കാരും കോര്‍പറേറ്റുകളും ഉയര്‍ന്ന ടാക്‌സ് കൊടുക്കണം.
(2) ഡെമോക്രാറ്റിന്റെ നയം മിനിമം വേജസ് $15 ആക്കി ഉയര്‍ത്തണമെന്നുള്ളതാണ് . ഇപ്പോള്‍ പണക്കാരനും പാവപ്പെട്ടവനും തമ്മില്‍ വലിയ ഒരു വിടവുണ്ട്. (3) അഫോര്‍ഡബിള്‍ ഹെല്ത്ത്‌കെയര്‍ പ്രാവര്‍ത്തികമാക്കാന്‍ ഡെമോക്രാറ്റിന്റെ ആദ്യപടി ആയിരുന്നു ഒബാമകെയര്‍, അത് പുനഃസ്ഥാപിക്കാന്‍ ഡെമോക്രാറ്റിന് സാധിക്കും.(4) വിദ്യാഭ്യാസമാണ് ഏറ്റവും നല്ല നിക്ഷേപം എന്ന തത്വത്തില് ഡെമോക്രാറ്റ്, കോളേജ് ഡിഗ്രിതലം വരെ സൗജന്യ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കും. (5) ഗണ്‍ കണ്ട്രോള്‍ , ബാക്ഗ്രൗണ്ട് ചെക്ക് എന്നിവയില്‍ കര്‍ശന നിയന്ത്രണം വേണമെന്ന് ഡെമോക്രാറ്റ് പാര്‍ട്ടി നിര്‍ദ്ദേശിക്കുന്നു. (6) ഇല്ലീഗല്‍ ഇമിഗ്രന്റ്സ് വിഷയത്തില്‍ അമേരിക്കയില്‍ ഇപ്പോള്‍ വന്നിട്ടുള്ളവരെയെല്ലാം അംഗീകരിച്ചു ലീഗല്‍ പൗരത്വം നല്‍കാന്‍ ഡെമോക്രാറ്റിന്റെ നയത്തോടു യോജിക്കുന്നു.(7) പാവപ്പെട്ടവര്‍ക്കും ഇടത്തരക്കാര്‍ക്കും അഫോര്‍ഡബിള്‍ ഹൗസിങ്ങ് പദ്ധതി നടപ്പിലാക്കും.
എന്നാല്‍ ഡെമോക്രാറ്റിന്റെ എനിക്ക് അംഗീകരിക്കാനാവാത്ത 3 നയങ്ങള്‍ കൂടി പറയട്ടെ.
(1) ഗേ, ലെസ്ബിയന്‍, ട്രാന്‍സ്ജെന്‍ഡര്‍ തുടങ്ങിയവരെയും ദൈവം അങ്ങനെ സൃഷ്ടിച്ചതാകയാല്‍, അവര്‍ തമ്മിലുള്ള വിവാഹത്തെ ഞാന്‍ അംഗീകരിക്കുന്നില്ല. (2) ഗര്‍ഭച്ചിദ്രം എന്ന വിഷയത്തെ മുഴുവനായും ഞാന്‍ സപ്പോര്‍ട്ട് ചെയ്യുന്നില്ല, സ്ത്രീകള്‍ അവരവരുടെ വ്യക്തിഗത തീരുമാനത്തിന് വിട്ടേക്കുന്നതാണ് അഭികാമ്യം. (3) കമ്മ്യൂണിറ്റി കോളജുകളിലൂടെ തൊഴിലധിഷ്ഠിത ട്രെയിനിങ്ങുകള്‍ നല്കി പാവപ്പെട്ടവര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ നല്‍കുന്നതിന് പകരം, ഫുഡ് സ്റ്റാമ്പുകള്‍ നല്‍കുന്നതിനെ നിയന്ത്രിക്കണം '
മറ്റൊരു സുഹൃത്ത് ഫ്‌ളോറിഡയില്‍നിന്നും ഒറ്റ വാചകത്തില്‍ പറഞ്ഞത് ' ഞാന്‍ ഒരു സത്യ ക്രിസ്ത്യാനി ആയതുകൊണ്ട് ഒരിക്കലും ഡെമോക്രാറ്റ് ആയിരിക്കയില്ല. പിന്നെ ഈ വര്‍ഗ്ഗീയതയും വംശീയതയും പുതിയ വിഷയമൊന്നുമല്ല, രണ്ടു പാര്‍ട്ടികളുടെ ഭരണത്തിലും ഇവയൊക്കെ വേണ്ടവിധം വളര്‍ത്തിയിട്ടുണ്ട് '
പക്ഷേ ഇതിലും രസകരം തമിഴ്‌നാട്ടുകാരനായ അമീര്‍ അല്‍ത്താഫിന്റെ ചോദ്യമാണ്. 'നിങ്ങളുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി കമലച്ചേച്ചി ആഫിക്കന്‍ അമേരിക്കന്‍ എന്ന് കൊട്ടിഘോഷിക്കുന്നുണ്ടല്ലോ. അവരുടെ അമ്മ ഞങ്ങളുടെ നാട്ടില്‍നിന്നും പണ്ട് അമേരിക്കക്കു വന്നതുകൊണ്ട്, കമല ഇന്ത്യന്‍-അമേരിക്കന്‍ എന്ന് പറഞ്ഞിരുന്നെങ്കില്‍, ഇന്‍ഡ്യാക്കാര്‍ക്കും സ്വല്പം അഭിമാനിക്കാമായിരുന്നു. അതോ നടക്കുന്നില്ല. പക്ഷെ കമലച്ചേച്ചിയുടെ പിതാജി ജമൈക്കയില്‍ നിന്നാണെന്നു ഇപ്പോള്‍ കേള്‍ക്കുന്നു. പക്ഷെ നിങ്ങള്‍ വിളിച്ചുകൂവുന്നത് , കമലാ ഹാരിസ് ആഫ്രിക്കന്‍-അമേരിക്കന്‍ വംശജയാണെന്ന്. എന്ന് തൊട്ടാണാവോ ജമൈക്കാ എന്ന് കൊച്ചു രാജ്യം, കൊളംബസ് പോലും അറിയാതെ അട്‌ലാന്റിക് സമുദ്രം ചാടിക്കടന്ന്, ആഫ്രിക്കയില്‍ വന്നുപെട്ടത് ??'
ഇതിനൊക്കെ ആരാണാവോ മറുപടി പറയുന്നതെന്ന് എനിക്കറിയില്ല !