ലോകമെമ്പാടും മരണഭീതിയുടെ ഭൗതിക പശ്ചാത്തലം ഒരുക്കിയ ഒരു മഹാമാരിയുടെ കാലത്ത് എന്താണെഴുതുക? ആഗോള സാമൂഹ്യ-സമ്പദ്വ്യവസ്ഥയെ താറുമാറാക്കിയ ഒരു പകർച്ചവ്യാധിയുടെ വ്യാപനം ഇത് ആദ്യമായാണ്. ആളും ആരവവുമൊഴിഞ്ഞു വിജനമായ നിരത്തിലേക്ക് കണ്ണെറിയുമ്പോൾ കണ്ടു ശീലിച്ച ലോകത്തിന്റെ അപരിചിതമുഖമാണ് ദൃശ്യമാകുന്നത്. പൂർത്തിയാകാത്ത പല സ്വപ്നങ്ങളും ഇവിടെയുപേക്ഷിച്ച് വിടപറഞ്ഞ മനുഷ്യരുടെ നോവ് ചുറ്റും വിങ്ങിനിറയുമ്പോൽ ശുഭസൂചകമായി എന്താണ് കുറിക്കാനാവുക?
അപരനിലേക്കുള്ള അകലത്തിന്റെ കൃത്യമായ അളവ് മനസ്സ് നിരന്തരം ഓർമ്മപ്പെടുത്തുന്നു. എല്ലാവരിലേക്കുമുള്ള ശരിദൂരം നാം നിർണ്ണയിക്കുകയാണ്. പ്രിയപ്പെടുന്നവരുടെ പോലും ഓരോ ആലിംഗനത്തിലും ശ്വാസനിശ്വാസത്തിന്റെ ചൂടിലും ഭീതിയുടെ ഹൃദയമിടിപ്പുണ്ട്. നാല് ചുവരുകൾക്കുള്ളിലും നാളെയെക്കുറിച്ചുള്ള ഉൽക്കണ്ഠകളുടെ മർമ്മരങ്ങളുണ്ട്. ഒരുമയുടെ താളത്തിൽ ഇതിനെയും അതിജീവിക്കാമെന്ന ഈരടികൾ പിന്നണിയിൽ മുഴങ്ങുമ്പോഴും ഏതുനിമിഷവും കടന്നുവന്നേക്കാവുന്ന ആപത്തിന്റെ പതുങ്ങിയ കാലൊച്ചയും കാതുകളിൽ മുഴങ്ങാറുണ്ട്.
എപ്പോഴോ എഴുതിച്ചേർത്ത ജീവിതചര്യയിലെ മുൻഗണനാപട്ടികയെ പുതുക്കി നിശ്ചയിക്കേണ്ടിയിരിക്കുന്നു. സ്വന്തം നിലനില്പിനേക്കാൾ വലുതല്ല ഒന്നുമെന്നു പുതിയ കാലം നമ്മെ ഓർമ്മപ്പെടുത്തുന്നു. ബന്ധുക്കളും ഉറ്റസുഹൃത്തുക്കളുമൊക്കെ എന്തിനും തുണയാകുമെന്ന വിശ്വാസത്തിനാണ് കോട്ടം തട്ടിയിരിക്കുന്നത്. പരസഹായത്തിന്റെ പരിമിതികൾ ഇന്ന് ബോദ്ധ്യമാകുന്നു. വ്യക്തി തന്നിലേക്ക് തന്നെ ഒതുങ്ങുന്ന സമയം. ഒറ്റപ്പെടലിന്റെയും നിരാശയുടേയുമൊക്കെ കയങ്ങളിൽ ആണ്ടുപോകാതെ എന്താണ് ചെയ്യാനാവുക? വായന, വ്യായാമം, എഴുത്ത്, പാചകം, കൃഷി തുടങ്ങിയ മനസ്സിലെ കർമ്മനിരതമാക്കുന്ന പ്രവൃർത്തികൾ അഭിരുചിയനുസരിച്ചു ജീവിതചര്യയിൽ ഉൾപ്പെടുത്തുന്നത് തീർച്ചയായും ഗുണകരമാകും. അശാസ്ത്രീയമായ കീഴ്വഴക്കങ്ങളും അസമത്വത്തിന്റെ അനുഭവലോകവുമൊക്കെ ഇവിടെ അന്യമാകുകയാണ്. പുതിയ പെരുമാറ്റ രീതികൾക്ക് ഇത് തുടക്കം കുറിച്ചേക്കാം. ഹസ്തദാനങ്ങളും സ്നേഹാലിംഗനങ്ങളും നിഷേധിക്കപ്പെടുന്ന പുതിയ സൗഹൃതലോകത്തിലൂടെയാണ് ഇനി നാം സഞ്ചരിക്കേണ്ടത്.
പൊടിപടലങ്ങൾ അടങ്ങിയ അന്തരീക്ഷത്തിൽ കാഴ്ച്ചകൾ വ്യക്തമാകുന്നു. പ്രകൃതി കൂടുതൽ സുന്ദരിയാകുന്നു. അതല്ല, അതിസുന്ദരിയാണെന്ന് നാം തിരിച്ചറിയുന്നു. നക്ഷത്രതിളക്കത്തിലെ ജൈവ നിശബ്ദതയിൽ മുങ്ങിയ രാത്രിയിലെ യാമങ്ങൾ മനോഹരമാണ്. ചടുലമായ ലോകത്തെ രൂപപ്പെടുത്തുവാൻ ശ്രമിച്ച മനുഷ്യരാശിയെ പ്രകൃതി പുതിയൊരു കാലത്തെ കാട്ടിത്തരുന്നതാവാം.
പുതുരീതികൾ നമ്മൾ ശീലിക്കുകയാണ്. എന്തും ഉടച്ചുവാർക്കപ്പെടുന്നു. ആരോഗ്യരംഗം ശുദ്ധീകരിക്കപ്പെടുന്നു. അഭിനവ ആത്മീയഗുരുക്കന്മാർ അണിയറയിൽ മറഞ്ഞിരിക്കുന്നു. പരമ്പരാഗത വിദ്യാഭ്യാസ സമ്പ്രദായങ്ങൾ ഉടച്ചുവാർക്കപ്പെടുന്നു. ആർഭാടങ്ങളും ആഘോഷങ്ങളും അന്യമാകുന്നു. അനാവശ്യ യാത്രകളൊഴിവാക്കി കുടുംബത്തിന്റെ ഊഷ്മളതയിൽ സന്തോഷം കണ്ടെത്താൻ ഓരോരുത്തരും ശ്രമിക്കുകയാണ്. സാമൂഹ്യ ജീവിത്തിലെ അത്യന്താപേക്ഷിതമായ കൂട്ടായ്മകൾ നമുക്ക് എത്രനാളാണ് ഒഴിവാക്കാനാവുക? ജീവിതത്തിന്റെ മുറുകിയ താളത്തിനു പോലും മാറ്റമുണ്ടായിരിക്കുന്നു.
അദൃശ്യനായ ഒരു അണുവിനെതിരെയുള്ള പോരാട്ടത്തിൽ,അതിശക്തരെന്ന് അഹങ്കരിച്ചിരുന്ന നാം എത്രയോ ദുർബലരാണെന്ന് തിരിച്ചറിയുകയാണ്. പ്രകൃതിക്കുമേൽ നാം നേടിയെന്നു കരുതിയ വിജയം വെറും മിഥ്യയായിരുന്നില്ലേ? ഈ വർഷം നഷ്ടമായ വസന്തത്തിന്റെയും ഗ്രീഷ്മത്തിന്റെയും അകന്നുപോകുന്ന ശിശിരകാലത്തിന്റെയും നഷ്ടബോധത്തിലാണ് പലരും. വരും വർഷങ്ങളെക്കുറിച്ചു എന്ത് ഉറപ്പാണ് ഉള്ളതെന്ന് ചോദിക്കുന്നവരുമുണ്ട്. ഇനിയെങ്കിലും പുതിയ തീരുമാനങ്ങളെടുക്കുമ്പോൾ അത് പ്രകൃതിയെ മറന്നുള്ള ഒന്നാകാതിരിക്കട്ടെ.
ശുഭാപ്തി വിശ്വാസം തുടരുമ്പോഴും യാഥാർഥ്യത്തിന്റെ ചൂണ്ടുപലകകൾ നമ്മുടെ കണ്ണിൽപ്പെടാതിരിക്കരുത്. കരുതലിന്റെയും നിന്താന്തജാഗ്രതയുടെയും ഉത്തരവാദത്തിന്റെയും പുതിയ കാലത്തിലൂടെയാണ് ഈ തലമുറ കടന്നുപോകുന്നത്. മറ്റൊരു വൻദുരന്തം ഒഴിവാക്കപ്പെടേണ്ടതുണ്ട്. ദുരന്തപട്ടികയിൽ ചേർക്കാൻ ചരിത്രത്തിന് ഒരു വാചകം എഴുതിച്ചേർത്താൽ മാത്രം മതിയാകും. പ്രതിരോധമരുന്നുകൾ ഉടൻതന്നെ പൊതുജനങ്ങൾക്ക് ലഭ്യമായി തുടങ്ങുമെന്നാശിക്കാം. എല്ലാ മഹാമാരികളും സാമൂഹ്യജീവിതത്തിൽ പരിവർത്തനത്തിനു കാരണമായിട്ടുണ്ട്. ലോകം മാറുകയാണ്. മാറ്റത്തെ ഉൾക്കൊള്ളാൻ നമുക്ക് സാധിക്കേണ്ടതുണ്ട്. പുതിയ പ്രതിബന്ധങ്ങൾ അതിജീവിക്കാൻ നമുക്കാകണം.
ജാലകവിരിയിലൂടെ മുറിഞ്ഞു വീഴുന്ന വെട്ടത്തിൽ പ്രത്യാശയുടെ വെളിച്ചം കാണാൻ ശ്രമിക്കുകയാണ്. ചുറ്റും വ്യാപിക്കുന്ന മഹാമാരിയുടെ ഇരുട്ടിനെ പഴിച്ചിരിക്കാതെ ഒരു മെഴുതിരി വെട്ടമെങ്കിലും തെളിയിക്കുവാൻ നമുക്കാകട്ടെ. തീർച്ചയായും ഈ ഇരുട്ടിൽനിന്നും തെളിമയുള്ള ലോകത്തേക്ക് മെല്ലെമെല്ലെയാണെങ്കിലും നടന്നെത്താനാവും. ലോകം അതിന്റെ താളവും ക്രമവും വീണ്ടെടുക്കുകതന്നെ ചെയ്യും. ആകുലതയുടെ ഈ കാലത്ത് നമ്മുടെ നാവിൽനിന്ന് ഉതിരേണ്ടത് കരുണയുടെ ഭാഷ മാത്രമായിരിക്കട്ടെ.
xxxxxxxxx
(ബിജോ ജോസ് ചെമ്മാന്ത്ര)
(BijoChemmanthara@gmail.com)