Image

കൊറോണ വ്യാപനത്തിന്റ്റെ സമയത്തെങ്കിലും ജനസംഖ്യാ വിസ്‌ഫോടനം എന്ന രൂക്ഷമായ പ്രശ്‌നം രാജ്യം തിരിച്ചറിയുമോ?: വെള്ളാശേരി ജോസഫ്

വെള്ളാശേരി ജോസഫ് Published on 18 September, 2020
കൊറോണ വ്യാപനത്തിന്റ്റെ സമയത്തെങ്കിലും ജനസംഖ്യാ വിസ്‌ഫോടനം എന്ന രൂക്ഷമായ പ്രശ്‌നം രാജ്യം തിരിച്ചറിയുമോ?: വെള്ളാശേരി ജോസഫ്
ചെറിയൊരു പ്രദേശത്ത് കണ്ടമാനം ജനസംഖ്യ ഉള്ളതാണ് കോവിഡിനെ ചെറുക്കുന്നതില്‍ ഇന്ത്യയുടെ ഏറ്റവും വലിയ വെല്ലുവിളി; ഇന്ത്യയുടെ മെട്രോ നഗരങ്ങളിലും, ടൗണുകളിലും, ചേരികളിലും ജനസാന്ദ്രത സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ ഏറെയാണ്; കൊറോണ വ്യാപനത്തിന്റ്റെ സമയത്തെങ്കിലും ജനസംഖ്യാ വിസ്‌ഫോടനം എന്ന രൂക്ഷമായ പ്രശ്‌നം രാജ്യം തിരിച്ചറിയുമോ?   

നിലവില്‍ 137 കോടിയാണ് ഇന്ത്യയുടെ ജനസംഖ്യ. ഇന്നത്തെ രീതിയില്‍ പോയാല്‍, 2027ല്‍ ചൈനയുടെ 143 കോടി മറികടന്ന് ഇന്ത്യ ലോക ജനസംഖ്യയില്‍ ഒന്നാമതെത്തും എന്ന് കഴിഞ്ഞവര്‍ഷം ഐക്യരാഷ്ട്രസഭയുടെ ഒരു റിപ്പോര്‍ട്ട് കൃത്യമായ കണക്കുകള്‍ നിരത്തി വെളിപ്പെടുത്തുകയുണ്ടായി. സത്യത്തില്‍ കോവിഡ് കാലത്ത് ഇന്ത്യയിലെ നഗരങ്ങളിലേയും ചേരികളിലേയും ജനസാന്ദ്രത കൊറോണയെ ചെറുക്കുന്നതില്‍ പൊതുജനരോഗ്യസംവിധാനത്തിന് വലിയ വെല്ലുവിളികളാണ് സൃഷ്ടിക്കുന്നത്. ചെറിയൊരു പ്രദേശത്ത് കണ്ടമാനം ജനസംഖ്യ ഉള്ള രാജ്യമാണ് ഇന്ത്യ. വലുപ്പത്തില്‍ ലോകരാജ്യങ്ങളുടെ ഇടയില്‍ ഇന്ത്യ ഏഴാം സ്ഥാനത്തേ വരികയുള്ളൂ; അതേസമയം ചൈനക്ക് വലുപ്പത്തില്‍ മൂന്നാം സ്ഥാനമുണ്ട്. ഇന്ത്യയെക്കാളേറെ ജനസംഖ്യ ഉണ്ടെങ്കിലും 9.6 ദശലക്ഷം ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്ത് വ്യാപിച്ചുകിടക്കുന്ന ചൈന ഇന്ത്യയെക്കാളും എത്രയോ വലുതാണ്. ഇന്ത്യയിലെ വികസന പ്രവര്‍ത്തനങ്ങള്‍ മൊത്തം പാഴായി പോകുന്നതില്‍ നമ്മുടെ ജനസംഖ്യാ വര്‍ദ്ധനവാണ് ഏറ്റവും പ്രധാനമായ കാരണം. 1930 മുതല്‍ ആണ് ഇന്ത്യയിലെ ജനസംഖ്യ കൂടാന്‍ തുടങ്ങിയത്. അതിന് മുമ്പ് ജനനത്തോടൊപ്പം മരണവും ഇന്ത്യയില്‍ നടന്നിരുന്നു. പകര്‍ച്ച വ്യാധികളില്‍ നിന്ന് മോഡേണ്‍ മെഡിസിന്റ്റെ വരവോടെ കുറേയൊക്കെ മുക്തി നേടിയതും, ആഭ്യന്തര സംഘര്‍ഷങ്ങളില്‍ ആളുകള്‍ മരിച്ചു വീഴുന്നത് കുറഞ്ഞതും ആയിരുന്നു 1930കള്‍ മുതല്‍ ഇന്ത്യയില്‍ ജനസംഖ്യ വര്‍ദ്ധിക്കാന്‍ കാരണം. കൊളോണിയല്‍ സര്‍ക്കാര്‍ ജനസംഖ്യാ നിയന്ത്രണ പരിപാടികള്‍ ഇന്ത്യയില്‍ നടപ്പാക്കിയില്ല. 

സത്യം പറഞ്ഞാല്‍, കൊളോണിയല്‍ സര്‍ക്കാരിനെന്നല്ല, ഒരു സര്‍ക്കാരിനും അത്ര എളുപ്പത്തില്‍ ഇന്ത്യയില്‍ ജനസംഖ്യാ നിയന്ത്രണം നടപ്പാക്കാന്‍ സാധിക്കില്ലെന്നുള്ളതാണ് വസ്തുത. കാരണം നമ്മുടെ പൊതുബോധം ജനസംഖ്യാ നിയന്ത്രണത്തിന് എതിരാണ്. ഇന്നുപോലും വിവാഹം കഴിഞ്ഞാല്‍ സ്ത്രീകള്‍ക്ക് 'വിശേഷമുണ്ടോ വിശേഷമുണ്ടോ' എന്ന് ആളുകള്‍ ചോദിച്ചുകൊണ്ടിരിക്കുമല്ലോ. ഉത്തരേന്ത്യയില്‍ കുഞ്ഞുങ്ങളുണ്ടാകുന്നത്; പ്രത്യേകിച്ച് ആണ്‍കുഞ്ഞുങ്ങള്‍ ഉണ്ടാവുന്നത് വലിയ ഉത്സവമായാണ് കൊണ്ടാടുന്നത്. ആണ്‍കുട്ടികള്‍ ഉണ്ടായാല്‍ എല്ലാവര്‍ക്കും സ്വീറ്റ്‌സ് കൊടുക്കണം; പിന്നെ ആട്ടവും പാട്ടുമായി ഹിജഡകള്‍ വരും കുഞ്ഞുങ്ങളെ അനുഗ്രഹിക്കാന്‍. അവര്‍ക്ക് സാരിയും അവര്‍ ചോദിക്കുന്ന കാശും കൊടുക്കണം. അല്ലെങ്കില്‍ തുണി പൊക്കി കാണിക്കാന്‍ വരെ അവര്‍ മടിക്കുകയില്ല. കുഞ്ഞുങ്ങള്‍ ഉണ്ടാവുന്നത് ഉത്സവമായി കൊണ്ടാടുന്ന ഒരു രാജ്യത്ത് ജനസംഖ്യ വര്‍ദ്ധിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ.

ആണുങ്ങളില്‍ നിര്‍ബന്ധിത വന്ധ്യംകരണം ആണ് നമ്മുടെ ജനസംഖ്യ നിയന്ത്രിക്കാന്‍ ഏക പോംവഴി. പണ്ട് സഞ്ജയ് ഗാന്ധി അത് ചെയ്യാന്‍ നോക്കിയപ്പോള്‍ മനുഷ്യസ്‌നേഹികള്‍ എന്ന പേരില്‍ ചിലര്‍ അപ്പോള്‍ പൊട്ടിക്കരഞ്ഞു. 'നാസ്ബന്തി' എന്ന ജനസംഖ്യാ നിര്‍മാര്‍ജന പരിപാടി അന്ന് വലിയ തോതില്‍ അപലപിക്കപ്പെട്ടു. മുസ്ലീങ്ങള്‍ ഈ പദ്ധതി എതിര്‍ക്കുമെന്നാണ് അന്ന് പലരും പറഞ്ഞിരുന്നത്. 'നാസ്ബന്തി' എന്ന കുടുംബാസൂത്രണ പദ്ധതി നടപ്പാക്കുന്നതില്‍ സഞ്ജയ് ഗാന്ധിക്കൊപ്പം ശക്തമായി നിലകൊണ്ട ഒരു വ്യക്തി രുക്‌സാന സുല്‍ത്താന ആയിരുന്നു. രുക്‌സാന സുല്‍ത്താനയെ സഞ്ജയ് ഗാന്ധി കുടുംബാസൂത്രണത്തിന്റ്റെ ആശയപ്രചാരണത്തിന് വേണ്ടി പുരാതന ഡല്‍ഹിയിലേക്ക് അയച്ചു. ഭാഗ്യവശാല്‍ രുക്‌സാന സുല്‍ത്താനയെ ശ്രവിച്ച പല മുസ്‌ലീം സ്ത്രീകളും കുടുംബാസൂത്രണമെന്ന ആശയത്തെ പിന്തുണയ്ക്കുകയാണ് ഉണ്ടായത്. അന്ന് മുസ്‌ലീം പുരുഷന്‍മാരില്‍ നിന്ന് വ്യത്യസ്തമായ സമീപനം അവരുടെ ഭാര്യമാര്‍ക്ക് വന്നതില്‍ ഒരത്ഭുതവുമില്ലാ; കാരണം എട്ടും പത്തും പ്രസവിച്ച് അവരാകെ മടുത്തിരുന്നു.

ഹിന്ദി മേഖലയില്‍ അഞ്ചും ആറും കുഞ്ഞുങ്ങള്‍ ഇപ്പോഴും ഒരു സാധാരണ കാര്യം മാത്രമാണ്. കൂടുതലും വരുമാനം കുറഞ്ഞവരിലാണ് കൂടുതല്‍ കുഞ്ഞുങ്ങളെ കാണാന്‍ സാധിക്കുന്നതും. ഡല്‍ഹിയിലെ സമ്പന്നമായ ഡിഫന്‍സ് കോളനിയിലോ, വസന്ത് കുഞ്ചിലോ പോയാല്‍ അധികം കുട്ടികളെ കാണാന്‍ സാധിക്കുകയില്ല. എന്നാല്‍ രാജ്യ തലസ്ഥാനത്തെ 'ഫോര്‍ത് ക്ലാസ്' ജീവനക്കാര്‍ താമസിക്കുന്നിടത്തോ, പുനരധിവാസ കോളനികളിലോ ചെന്നാല്‍ നെല്ലിക്കാ കൊട്ട മറിഞ്ഞതു പോലെ പിള്ളേരെ കാണാന്‍ സാധിക്കും. ചിലപ്പോള്‍ വിദ്യാഭ്യാസം ഉള്ള ദമ്പതികള്‍ പോലും സന്താന നിയന്ത്രണത്തില്‍ പിന്നോക്കം ആണെന്നതാണ് ഇന്‍ഡ്യാ മഹാരാജ്യത്തിലെ ദുഃഖകരമായ ഒരു വസ്തുത. എന്തായാലും അടിയന്തിരാവസ്ഥകാലത്തെ സഞ്ജയ് ഗാന്ധിയുടെ മുഷ്‌ക്ക് കാരണം കുറച്ചെങ്കിലും കുടുംബാസൂത്രണം ഇന്ത്യയില്‍ അംഗീകരിക്കപ്പെട്ടു. അല്ലായിരുന്നെങ്കില്‍ ഇന്ത്യയുടെ പാരമ്പര്യ സമൂഹത്തില്‍ കുടുംബാസൂത്രണം എന്ന പദ്ധതി അംഗീകരിക്കപ്പെടാനുള്ള സാധ്യത വളരെ കുറവാണ്. പെറ്റു കൂട്ടുന്ന കാര്യത്തില്‍ മതങ്ങള്‍ തമ്മില്‍ ഇന്ത്യയില്‍ മല്‍സരമാണ്; പ്രത്യേകിച്ച് ഉത്തരേന്ത്യയില്‍. ഇന്ത്യയില്‍ ദാരിദ്ര്യവും മത സ്വാധീനവും, ബോധമില്ലായ്മയും ജനസംഖ്യാ വര്‍ദ്ധനവിനുള്ള കാരണങ്ങളാണ്. ഇപ്പോള്‍ സംഘ പരിവാറുകാരിലെ ചിലര്‍ മുസ്ലീങ്ങളെ അപേക്ഷിച്ചു ഹിന്ദുക്കളുടെ ജനസംഖ്യ പിന്നോക്കം പോകുന്നു എന്നുപറഞ്ഞു വ്യാപകമായ പ്രചാരണം നടത്തുന്നുണ്ട്. സംഘ പരിവാറുകാരുടെ ചില സ്വാമിമാര്‍ ഹിന്ദു സ്ത്രീകളോട് കൂടുതല്‍ പെറ്റുകൂട്ടാന്‍ ആഹ്വാനം ചെയ്യുന്ന വീഡിയോ കാണാം. ഇങ്ങനെ ആഹ്വാനം ചെയ്യുന്നതല്ലാതെ ഈ സ്വാമിമാരൊക്കെ കുഞ്ഞുങ്ങള്‍ ഉണ്ടാകുമ്പോള്‍ അവരുടെ ചെലവ് കൂടി ഏറ്റെടുക്കുമോ? കൂടുതല്‍ കൂടുതല്‍ കുട്ടികളെ ഉണ്ടാക്കാന്‍ പറയുന്നതല്ലാതെ അവര്‍ക്ക് നല്ല വിദ്യാഭ്യാസം, പോഷകാഹാരം  ഇവയൊന്നും കൊടുക്കുവാന്‍ ആരും ശ്രദ്ധിക്കുന്നില്ലെന്നുള്ളതാണ് ഇന്‍ഡ്യാ മഹാരാജ്യത്തിലെ ദുഃഖസത്യം. മതബോധവും ഇന്‍ഡ്യാ മഹാരാജ്യത്ത് ജനസംഖ്യ വര്‍ധിക്കാന്‍ കാരണമാകുന്നുണ്ട്. ഒറ്റ മതക്കാരും കുട്ടികള്‍ ഇഷ്ടം പോലെ വേണം എന്ന മിഥ്യാബോധത്തില്‍ നിന്ന് മുക്തരല്ല. ഹിന്ദു മതത്തില്‍ മരണാനന്തര കര്‍മങ്ങള്‍ ആണ്‍മക്കളെ കൊണ്ട് ചെയ്യിക്കുന്നത് കൊണ്ട് തന്റ്റെ ആത്മാവിന് മോക്ഷം കിട്ടണമെങ്കില്‍ ആണ്‍കുഞ്ഞു ജനിക്കണം എന്നാണ് പല പിതാക്കന്‍മാരുടേയും ആഗ്രഹം. ഇത്തരത്തില്‍ ആണ്‍കുഞ്ഞുണ്ടാകാന്‍ ഭാര്യമാരെ അഞ്ചും, ആറും വരെ പ്രസവിപ്പിക്കുന്നതൊക്കെ ഉത്തരേന്ത്യയില്‍ സാധാരണമാണ്. സ്ത്രീകളെ കൊണ്ട് മരണാനന്തര കര്‍മങ്ങള്‍ ചെയ്യിപ്പിക്കുകയാണ് ഇതിന് ഏക പോംവഴി. 

ഏതെങ്കിലും ഒരു സമുദായത്തെ മാത്രം ജനസംഖ്യ കൂടുന്നതില്‍ കുറ്റപ്പെടുത്തുന്നതില്‍ കാര്യമില്ല. ജനസംഖ്യാ നിയന്ത്രണം കാര്യക്ഷമമായി നടപ്പിലാക്കുവാന്‍ പല സമുദായ നേതാക്കള്‍ക്കും താല്പര്യമില്ല. ഒരു സമുദായത്തേയും ഇക്കാര്യത്തില്‍ വെള്ളപൂശുന്നതില്‍ കാര്യമില്ല. എല്ലാ മതങ്ങളും ഇക്കാര്യത്തില്‍ കണക്കാണ്. ഇന്ത്യന്‍ സമൂഹത്തിന്റ്റെ ആധുനികവല്‍ക്കരണം മാത്രമാണ് ജനസംഖ്യ നിയന്ത്രിക്കുന്നതിനുള്ള ഏക പോംവഴി. 

ഉത്തരേന്ത്യയില്‍ ഇന്നും ശ്മശാനങ്ങളില്‍ അപൂര്‍വമായേ സ്ത്രീകളെ കാണാന്‍ സാധിക്കുകയുള്ളൂ. 2030 വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ത്രീകള്‍ ശ്മശാനങ്ങളില്‍ പോകുന്നതേ കാണാന്‍ സാധിക്കില്ലായിരുന്നു. ബി.ജെ.പി യുടെ ജനസംഖ്യാ നിയന്ത്രണ പദ്ധതിയില്‍,  മുസ്ലീങ്ങളുടെ ജനസംഖ്യ കുറക്കുന്ന കാര്യത്തില്‍ മാത്രമേ അവര്‍ക്ക് താല്പര്യമുള്ളൂ. ഹിന്ദു ജനതയും പെറ്റു കൂട്ടുന്നുണ്ടെന്നുള്ളത് അവര്‍ കാണുന്നില്ല. അവിടെയാണ് കുഴപ്പം മുഴുവനും. ഹിന്ദു സമൂഹത്തിലെ പുരുഷന്‍മാര്‍ മരണാനന്തര കര്‍മങ്ങള്‍ ചെയ്യിക്കാന്‍ വേണ്ടി ആണ്‍കുഞ്ഞുങ്ങള്‍ ഉണ്ടായി കാണുന്നത് ആഗ്രഹിക്കുന്നുണ്ട്. ആ വകുപ്പില്‍ ഇന്ത്യയില്‍ ജനസംഖ്യ കണ്ടമാനം കൂടുന്നുണ്ട്. അതൊന്നും ബി.ജെ.പി.ക്കാരും സംഘ പരിവാറുകാരും ഒരിക്കലും കാണുകയേ ഇല്ലാ. അതൊക്കെ കൂടാതെ, സമൂഹത്തില്‍ പെണ്‍കുട്ടികളോടുള്ള അവഗണന നിലനില്‍ക്കുന്നതുകൊണ്ട് പെണ്‍ ഭ്രൂണഹത്യയും വ്യാപകമായി നടക്കുന്നൂ. ആണ്‍കുഞ്ഞുങ്ങളുടെ ജനനത്തിനു വേണ്ടി പെണ്‍ ഭ്രൂണഹത്യ നടത്തുന്നത് വലിയ സാമൂഹ്യ പ്രശ്‌നങ്ങള്‍ക്കും ജനസംഖ്യാ വര്‍ധനവിനും വഴിയൊരുക്കുന്നു. 15 വര്‍ഷത്തില്‍ മിച്ചം ബി.ജെ.പി. ഗുജറാത്ത് ഭരിച്ചിട്ട് അവിടെ സ്ത്രീ പുരുഷ അനുപാതം വളരെ മോശമാണ്. പെണ്‍ ഭ്രൂണഹത്യ അവിടെ വ്യാപകമായി നടക്കുന്നു. വിവാഹ പ്രായമായ ആണുങ്ങള്‍ക്ക് ഗുജറാത്തില്‍ പെണ്ണു പോലും കിട്ടുന്നില്ല. പട്ടേല്‍ സമുദായത്തില്‍ പെട്ടവര്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്ന് പെണ്‍കുട്ടികളെ ഗുജറാത്തില്‍ ഇറക്കുമതി ചെയ്യുകയാണ്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് 42 ഒറിയ പെണ്‍കുട്ടികള്‍ക്ക് വേണ്ടി ഗുജറാത്തില്‍ ക്യൂ നിന്നത് 5000 പേരാണ്. പത്രങ്ങളിലൊക്ക വന്ന വാര്‍ത്തയാണിത്. വെറുതെയല്ല സാമ്പത്തിക ശാസ്ത്രത്തില്‍ നോബല്‍ സമ്മാനിതനായ അമര്‍ത്യ സെന്‍ പൊതു ജനാരോഗ്യവും, വിദ്യാഭ്യാസവും സൃഷ്ടിക്കാതെ വ്യവസായ പുരോഗതി നേടാന്‍ യത്‌നിക്കുന്ന ലോകത്തിലെ ഒരേ ഒരു രാജ്യം ഇന്ത്യയാണെന്ന് പറഞ്ഞത്.

സഞ്ജയ് ഗാന്ധി കുടുംബാസൂത്രണം നടപ്പിലാക്കുവാന്‍ മുഷ്‌ക്ക് പ്രകടിപ്പിച്ചതാണ് കോണ്‍ഗ്രസ്സ് അടിയന്തിരാവസ്ഥക്ക് ശേഷം തോല്‍ക്കാന്‍ കാരണം. സ്ത്രീകള്‍ തന്നെ അന്ന് ഇതിന്റ്റെ പേരില്‍ തങ്ങളുടെ ഭര്‍ത്താക്കന്മാരെ ഷണ്ഡന്മാരാക്കി എന്നുപറഞ്ഞു ഇന്ദിരാ ഗാന്ധിക്ക് എതിരേ തിരിഞ്ഞു. പക്ഷെ 1970കളില്‍ നിങ്ങള്‍ ഒരു വലിയ ബോംബിന്റ്റെ മുകളിലാണ് കേറിയിരിക്കുന്നത് എന്ന് പല അന്താരാഷ്ട്ര വിദഗ്ധരും ജനസംഖ്യാ വര്‍ദ്ധനവ് ചൂണ്ടിക്കാട്ടി ഇന്ത്യക്ക് മുന്നറിയിപ്പ് തന്നിട്ടുണ്ടായിരുന്നു. 1930കള്‍ തുടങ്ങി ഓരോ വര്‍ഷവും ഒരു കോടിയോളം സംഖ്യ മൊത്തം ജനസംഖ്യയില്‍ ഇന്ത്യയില്‍ കൂടിയിട്ടുണ്ടെന്നുള്ള കാര്യം ആര്‍ക്കും നിഷേധിക്കാന്‍ സാധ്യമല്ല.

ഇന്ത്യയുടെ വ്യവസായ പ്രമുഖരില്‍ ജെ.ആര്‍.ഡി. ടാറ്റ മാത്രമാണ് ജനസംഖ്യാ വര്‍ദ്ധനവ് എന്ന ഗൗരവമായ വിഷയം ഉയര്‍ത്തിയ ഒരേയൊരു വ്യക്തി. നെഹ്‌റു ഈ വിഷയത്തിന്റ്റെ ഗൗരവം മനസിലാക്കിയപ്പോഴേക്കും കാര്യങ്ങള്‍ വൈകി പോയിരുന്നു. നെഹ്‌റു ഒരു പത്രപ്രവര്‍ത്തകനോട് വര്‍ധിച്ചു വരുന്ന ജനസംഖ്യയാണ് വികസന പദ്ധതികളെല്ലാം പാഴായി പോകാനുള്ള പ്രധാന കാരണമെന്ന് ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. കുടുംബാസൂത്രണം നടപ്പാക്കുക വഴി  കോണ്‍ഗ്രസിന് ഭരണം നഷ്ടപ്പെട്ടതിന് ശേഷം ഇതൊരു രാഷ്ട്രീയ വിഷയമാക്കാന്‍ ഇന്ത്യയില്‍ ഒരു മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടിയും ധൈര്യം കാണിച്ചിട്ടില്ല. അടിയന്തിരാവസ്ഥ കാലഘട്ടത്തിന് ശേഷം നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികള്‍ കുടുംബാസൂത്രണം മുഖ്യപദ്ധതിയായി ഏറ്റെടുക്കാന്‍ മടിക്കുന്നത് തിരഞ്ഞെടുപ്പുകളിലെ തിരിച്ചടികള്‍ കാണുന്നതുകൊണ്ടാണ്; അതല്ലാതെ ഇതിന്റ്റെ പ്രാധാന്യം തിരിച്ചറിയാത്തത് കൊണ്ടല്ല. ഇന്‍ഡ്യയിലെ ഏറ്റവും ആദ്യം പരിഹരിക്കേണ്ട വിഷയം ആണ് ജനസംഖ്യാ വര്‍ദ്ധനവെന്നുള്ളതില്‍ ഇന്നാര്‍ക്കും ഒരു തര്‍ക്കവുമില്ല. പക്ഷെ പൊതുജനത്തോട് നല്ല ഭാഷയില്‍ ഇതിനെ കുറിച്ച് പറഞ്ഞാല്‍ അവര്‍ കേള്‍ക്കില്ല. ഗര്‍ഭ നിരോധന ഉറയും ലൂപ്പുമൊക്കെ ഉണ്ടെങ്കിലും, ഇന്ത്യയുടെ പാരമ്പര്യ സമൂഹത്തില്‍ അവയൊക്കെ കുടുംബാസൂത്രണത്തില്‍ ഫലപ്രദമായ മാര്‍ഗങ്ങളല്ല. ഇന്ത്യയുടെ കൂട്ടുകുടുംബ വ്യവസ്ഥിതിയില്‍ ജനിക്കാനിരിക്കുന്ന കുട്ടികളുടെ കാര്യത്തില്‍ സ്ത്രീകള്‍ക്ക് സ്വതതന്ത്രമായ തീരുമാനം എടുക്കാന്‍ ബുദ്ധിമുട്ടുണ്ട്. അതുകൊണ്ട് ലൂപ്പ് ഫിറ്റുചെയ്യലൊക്കെ വിഷമമുള്ള കാര്യങ്ങളാണ്. ഗര്‍ഭനിരോധന ഉറകള്‍ ആരും കാണാതെ സൂക്ഷിച്ചു വെക്കുന്നതും, ഉപയോഗിച്ച് കഴിഞ്ഞു മറവ് ചെയ്യുന്നതുമൊക്കെ യാഥാസ്ഥിതിക ഇന്ത്യയില്‍ ബുദ്ധിമുട്ടുള്ള കാര്യങ്ങളാണ്.  പെറ്റു കൂട്ടുന്നത് എന്തോ വലിയ പുണ്യ പ്രവൃത്തി ആണെന്ന് പഠിപ്പിക്കുന്ന സമൂഹവും മതങ്ങളും ഉള്ള നാട്ടില്‍ അതുകൊണ്ടുതന്നെ നിര്‍ബന്ധിത വന്ധ്യംകരണം മാത്രമാണ് ജനസംഖ്യ നിയന്ത്രിക്കാനുള്ള ഏക പോംവഴി.

(ലേഖകന്റ്റെ ഈ അഭിപ്രായങ്ങള്‍ തീര്‍ത്തും വ്യക്തിപരമാണ്. അതിന് ലേഖകന്റ്റെ ജോലിയുമായി ഒരു ബന്ധവുമില്ലാ.)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക