(ഇന്ന് സെപ്റ്റംബർ മുപ്പത് പരിഭാഷാ ദിനം
അലക്സാണ്ടർ പുഷ്കിൻ കവിതകളുടെ സ്വതന്ത്ര പരിഭാഷ)
ഒരു കവിയോട്
ഹേ കവി നീ ചുറ്റുമുള്ളവരുടെ പ്രശംസ ഗൗനിക്കരുത്
ആ സ്തുതി വചനങ്ങൾ കടന്നു പോകും
പിന്നെ വരും വിഡ്ഢിക ളുടെ വിധിയും
മരവിച്ച ജനക്കൂട്ടത്തിന്റെ പരിഹാസച്ചിരിക ളും
അപ്പോഴും നീ ശക്തനായി , നീരസത്തോടെ , ശാന്തനായിരിക്കണം
നീയാണ് രാജാവ് , ഏകാകിയാവുക
സ്വാതന്ത്ര്യത്തിന്റെ പാതയിൽ
സഞ്ചരിക്കുക സ്വതന്ത്ര മനസ്സോടെ
പ്രിയ കവീ, നിന്റെ ചിന്തകളെ നവീനമാക്കുക
പ്രശംസാപത്രങ്ങൾ മോഹിക്കാതെ
ഓ ..ശക്തനായ കലാകാരാ
നീയാണ് പരമോന്നത നീതിപീഠം
നിനക്കുള്ളിലാണ് , നിന്റെ സംതൃപ്തി യാണ് പരമമായ വിധി
നീ സംതൃപ്തനാവുക
ജനക്കൂട്ടം നിന്റെ വാക്കുകളെ പഴിക്കട്ടെ
നിന്റെ ചിന്തകൾ ദഹിക്കുന്ന അൾത്താരയിലേക്കവർ
ആഞ്ഞു തുപ്പട്ടെ
നിന്റെ പാനപാത്രങ്ങൾ ഒരു കുഞ്ഞിന്റെ വികൃതി കണക്കവർ
എറിഞ്ഞു കളയട്ടെ
------------------------------------------
2. രാത്രി
നിനക്കായുള്ള എന്റെ സ്നേഹാതുരമായ മൃദു മന്ത്രണം
രാത്രിയുടെ പട്ടു കമ്പളം ഭേദിക്കുന്നു
എന്റെ കിടക്ക ക്കരികിൽ ശോകം നിറ ഞ്ഞ
കാവൽക്കാരനായി മെഴുകുതിരി ജ്വലിക്കുന്നു
എന്റെ കവിതകൾ കുത്തിയൊഴു കി
നീയെന്ന ഏകാന്ത സ്നേഹപ്രവാഹത്തിൽ ലയിക്കുന്നു
കൂരിരുട്ടിൽ രത്നങ്ങൾ പോലെ തിളങ്ങുന്ന നിന്റെ കണ്ണുകൾ
എന്നോട് ചിരിച്ചുകൊണ്ട് മന്ത്രിക്കുന്നു
പ്രിയനേ ഞാൻ നിന്റേതാണ് .. ഞാൻ നിന്റേതാണ്
-----------------------------------------------
3. ഞാൻ നിന്നെ സ്നേഹിച്ചിരുന്നു
ഞാൻ നിന്നെ സ്നേഹിച്ചിരുന്നു
എന്റെ ആത്മാവിൽ നിന്നും.
ഇന്നും കുത്തിനോവിക്കുന്നുണ്ടെന്നെ
ഇനിയും മാഞ്ഞുപോകാത്ത സ്നേഹം
നീയത് ഓർമ്മിക്കാതിരിക്കട്ടെ
നിന്നെ മുറിപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല
നിന്നെ ഞാൻ സ്നേഹിച്ചിരുന്നു
നിശ്ശബ്ദമായി, ഹതാശനായി
അത്രമേൽ ആർദ്രമായ് സത്യമായ്
വികാരോന്മത്തനായ്
മറ്റൊരുവനാൽ
നീയിനിയും സ്നേഹിക്കപ്പെടട്ടെ
ഇത്രയും ആഴത്തിൽ തന്നെ