ബാബറി മസ്ജിദ്ദ് ധൂളികളായ് അന്തരീക്ഷത്തില്‍ ലയിച്ചപ്പോള്‍ പൊടിപടലങ്ങള്‍ കോറിയിട്ട വരികളാണ് യഥാര്‍ത്ഥത്തില്‍ പില്‍ക്കാല ഇന്ത്യയുടെ രാഷ്ട്രീയത്തെ മാറ്റിമറിച്ചത്. മസ്ജിദ്ദിന്റെ പതനം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ എന്റെ പേനയില്‍ നിന്ന് ഉതിര്‍ന്ന വരികള്‍ ഇപ്പോഴും മനസ്സില്‍ പച്ചപിടിച്ച് കിടക്കുന്നു; ”മത നിരപേക്ഷ ഭാരതത്തിന്റെ ചരമക്കുറിപ്പെഴുതാനായിരുന്നു ഈ യാത്ര എന്ന് ഞങ്ങളാരും നിനച്ചിരുന്നില്ല…
ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഗതിവിഗതികള്‍ നിരീക്ഷിക്കുമ്പോള്‍ അന്ന് കോറിയ വരികള്‍ക്ക് ഒരു പ്രവചന സ്വഭാവം ഉണ്ടായിരുന്നില്ലേ എന്ന് തോന്നുന്നു.
മൂന്ന് പതിറ്റാണ്ട് കാലത്തെ മാധ്യമ്രപവര്‍ത്തനത്തിന്റെ ബാക്കിയിരിപ്പ് എന്താണ്? പലരും ചോദിക്കുകയും സ്വയം ചോദിക്കുകയും ചെയ്യുന്ന പ്രസക്തിയുള്ള ചോദ്യം തന്നെയാണിത്. ഭരണ-നിര്‍വ്വഹണ സ്ഥാനത്തേക്കാള്‍ എന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചിട്ടുള്ളത് ഒരു സാധാരണ മാധ്യമ പ്രവര്‍ത്തകന്റെ യാത്രാ വഴിത്താരകളാണ്.
എന്നെ യഥാര്‍ത്ഥത്തിലല്‍ രൂപപ്പെടുത്തിയത് ഇത്തരത്തിലുള്ള സഞ്ചാരപഥങ്ങളാണ്. വാര്‍ത്തയ്ക്ക് വേണ്ടിയുള്ള അലച്ചിലുകള്‍ പലപ്പോഴും സ്ഫുടം ചെയ്യപ്പെടുന്നത് നമ്മുടെ മനസ്സ് തന്നെയാണ്. അജ്ഞതയുടെയും ധാര്‍ഷ്ട്യത്തിന്റെയും താന്‍പോരിമയുടെയും കൂര്‍ത്ത നാരുകള്‍ പലപ്പോഴും തേച്ചു കളയുന്നത് വാര്‍ത്ത അന്വേഷണത്തിന്റെ ഉരകല്ലുകളാലാണ്.
മാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ചില വാര്‍ത്താവിസ്ഫോടനങ്ങളുടെ ബാക്കിപ്രതം എന്റെ മനസ്സില്‍ ചെറിയ വിങ്ങലോടെ പച്ചപിടിച്ച് കിടപ്പുണ്ട്. മറക്കാനാഗ്രഹിക്കുന്ന ഈ പ്രതലങ്ങല്‍ പലപ്പോഴും കാലിക രാഷ്ട്രീയത്തില്‍ തെളിഞ്ഞ് വരാറുണ്ട്. അതിലെ ഏറ്റവും പ്രധാനപ്പെട്ടത് 1992 ഡിസംബര്‍ 6ന് ദൗര്‍ഭാഗ്യകരമായ കറുത്ത ദിനമാണ്. 500 വര്‍ഷം പഴക്കമുള്ള പുരാതനമായ ബാബറി മസ്ജിദ്ദിന്റെ തകര്‍ച്ച റിപ്പോര്‍ട്ട് ചെയ്യാന്‍ ഡല്‍ഹിയില്‍ നിന്ന് വണ്ടികയറിയത് മുതലുള്ള ഓരോ രംഗവും ഒരു നിമിഷം കൊണ്ടു എനിക്ക് ഓര്‍ത്തെടുക്കാനാകും.
ഡിസംബര്‍ 6ന്റെ തണുത്തുറഞ്ഞ പ്രഭാതത്തില്‍ വെള്ളകീറുന്നതിന് മുമ്പ് ഫൈസബാദ്ദിലെ ഹോട്ടലില്‍ നിന്ന് ഞങ്ങള്‍ ഒരു കൂട്ടം മാധ്യമ്രപവര്‍ത്തകര്‍ അയോദ്ധ്യയിലേക്ക് യാത്ര ആരംഭിച്ചു. 5 കിലോമീറ്റര്‍ മാത്രമേ ദൂരമുള്ളുയെങ്കിലും അംബാസിഡര്‍ കാറിനുള്ളില്‍ ഞെരുങ്ങിയിരുന്നു നിശ്ശബ്ദതയുടെ ആഴങ്ങളില്‍ ഓരോരുത്തരും ഒട്ടേറെ അനുമാനങ്ങള്‍ നടത്തി. വെങ്കിടേഷ് രാമകൃഷ്ണന്‍, എം.കെ അജിത്കുമാര്‍ , ഇ.എസ്. സുഭാഷ്, പി.ആര്‍. രമേഷ്, മുരളീധര്‍ റെഡ്ഡി എന്നിങ്ങനെ ഒരു പിടി പേരുകള്‍ മനസിലേയ്ക്ക് വരുന്നു.
ബാബറിമസ്ജിദിന് തൊട്ടു മുന്‍പിലുള്ള മാനസ്സ് ഭവന്റെ പടവുകള്‍ ചവിട്ടി ടെറസ്സിലേക്ക് പോകുമ്പോള്‍ അന്തരീക്ഷം ‘ജയ്‌സീയറാം’ വിളികളാല്‍ മുഖരിതമാക്കിയിരുന്നു. കാവിതുണികളും തലകെട്ടുകളും തൃശൂലങ്ങളും വിറ്റ്കൊണ്ടിരുന്ന ഒരു കൂട്ടം പേരെ വകഞ്ഞ് മാറ്റിയാണ് ഞങ്ങള്‍ ടെറസ്സിലെത്തിയത്.
മസ്ജിദ്ദിന്റെ ഒരു വിളിപ്പാടകലെ പൊലീസ് ബന്തവസ്സില്‍ പുറത്ത് ബി.ജെ.പിയുടെയും സംഘപരിവാറിന്റെയും മുതിര്‍ന്ന നേതാക്കള്‍ തങ്ങിയിരുന്നു. എല്‍.കെ അദ്വാനി, മുരളിമനോഹര്‍ ജോഷി, ഉമാഭാരതി, അശോക്സിംഗാള്‍ ഇപ്പോഴത്തെ യു.പി. മുഖ്യമ്രന്തി ആദിത്യനാഥും അദ്ദേഹത്തിന്റെ ഗുരു മഹന്ത് അവൈദ്യനാഥുമൊക്കെ പ്രസരിപ്പോടെ കര്‍സേവകര്‍ക്കിടയില്‍ തല ഉയര്‍ത്തി നില കൊണ്ടിരുന്നു.
ഇടയ്ക്കിടയ്ക്ക് ഇവര്‍ ഉച്ചഭാഷിണിയിലൂടെ മസ്ജിദിന് ചുറ്റും തടിച്ച് കൂടിയിരുന്ന കര്‍സേവകരെ പ്രകോപനപരമായി അഭിസംബോധന ചെയുന്നുണ്ടായിരുന്നു. മന്ത്രോച്ചാരണങ്ങളും കൊലവിളികളും ഇഴകോര്‍ത്ത് നിന്ന അന്നത്തെ അന്തരീക്ഷം മനസ്സില്‍ നിന്ന് ഒരിക്കലും മാഞ്ഞ് പോകില്ല.
പ്രകോപനങ്ങളുടെ കുത്തൊഴുക്കും ഉച്ചസ്ഥായിലുള്ള വെല്ലുവിളികളും ഉയര്‍ന്നിരുന്നെങ്കിലും ജനാധിപത്യ മതേതര ഇന്ത്യക്ക് ഇതൊക്കെ പ്രതിരോധിക്കാനുള്ള കരുത്തുണ്ടാകുമെന്നാണ് ഞാനും എന്റെ സുഹൃത്തുക്കളും വിചാരിച്ചിരുന്നത്. എന്നാല്‍ സൂര്യന്‍ ഞങ്ങളുടെ ഉച്ചിക്ക് മുകളില്‍ എത്തിയതോടെ അന്തരീക്ഷം കലങ്ങിമറിഞ്ഞു.
ഞങ്ങളെയാകെ സ്തംബ്ധരാക്കിക്കൊണ്ട് എവിടെനിന്നോ നൂറു കണക്കിന് കര്‍സേവകര്‍ കപ്പിയും കയറും ഉപയോഗിച്ച് മസ്ജിദിന്റെ താഴികക്കുടങ്ങളിലേക്ക് ഇരച്ച് കയറി. ആയുധങ്ങള്‍ കൊണ്ട് അന്തരീക്ഷത്തില്‍ പൊടിപടലങ്ങളും ആക്രോശങ്ങളും ഉയര്‍ന്നു. ഒന്ന് പാളിനോക്കിയപ്പോള്‍ ആഘോഷതിമിര്‍പ്പിലായ നേതാക്കളുടെ മുഖം വൃക്തമായും കാണാന്‍ കഴിഞ്ഞു. മുരളിമനോഹര്‍ജോഷിയുടെ തോളില്‍ അമര്‍ന്ന് കിടന്ന് ”ഒരു തട്ട് കൂടി കൊടുക്കു’ എന്ന് വിളിച്ച് പറയുന്ന ഉമാഭാരതിയുടെ ചിതം എടുത്ത് നിന്നു. അവിശ്വസനീയമായിരുന്നു രംഗം. മിനിട്ടുകള്‍ക്കുള്ളില്‍ ആ പുരാതന മസ്ജിദ് ധൂളികളായി അന്തരീക്ഷത്തില്‍ ലയിച്ചു.
വിശ്വസിക്കാനാകാതെ കണ്ണ് തിരിമ്മി തുറന്ന ഞങ്ങള്‍ മറ്റൊരു അപകടം കൂടി അഭിമുഖീകരിക്കാന്‍ പോവുകയായിരുന്നു. എവിടെയോ തയ്യാറാക്കിയ തിരക്കഥ എന്ന പോലെ പ്രതക്കാര്‍ക്ക് എതിരേയുള്ള വേട്ട ആരംഭിച്ചു. കുറുവടി ഏന്തിവന്ന ഒരു പറ്റം കര്‍സേവകര്‍ മാധ്യമപ്രവര്‍ത്തകരെ തലങ്ങും വിലങ്ങും മര്‍ദ്ദിച്ചു. ജോണ്‍ ബ്രിട്ടാസ് ബാലന്‍ എന്ന പേര് സ്വീകരിക്കാന്‍ നിമിഷങ്ങളെ വേണ്ടിയിരുന്നുള്ളു. മാനസ്സ് ഭവന്റെ ടെറസില്‍ കുടുങ്ങിയ ഞങ്ങള്‍ എങ്ങനെ രക്ഷപ്പെടും? എന്റെ ചെറിയ ബുദ്ധിയില്‍ വിരിഞ്ഞ ഒരാശയമാണ് ഞങ്ങള്‍ക്ക് സുരക്ഷാ ഇടനാഴി തീര്‍ത്തത്.
വില്പനയ്ക്ക് വച്ചിരുന്ന കാവിത്തുണി വാങ്ങി പലകഷണങ്ങളാക്കി ഞങ്ങള്‍ ഓരോരുത്തരും തലയില്‍ കെട്ടി. അപ്പോഴേക്കും വില്പനക്കാര്‍ തുണി വില പതിന്മടങ്ങായി ഉയര്‍ത്തിയിരുന്നു. ജീവന്റെ മുമ്പില്‍ ഇതൊക്കെ നിസ്സാരമായിരുന്നത് കൊണ്ട് ചോദിച്ച പണം കൊടുത്ത് തുണി വാങ്ങി കെട്ടി. കാവിയുടെ ആവരണത്തിന് കര്‍സേവകരായി രൂപാന്തരം പ്രാപിച്ച ഞങ്ങള്‍ ‘ജയ് ശ്രീറാം’ എന്ന് വിളിച്ച് സുരക്ഷിതമായി പടി ഇറങ്ങി. ഒരു വിധത്തില്‍ കാര്‍ കണ്ടെത്തി സുരക്ഷിതമായ ഭൂമിയിലേക്കു ഞങ്ങള്‍ പലായനം ചെയ്തു. കാല്‍നൂറ്റാണ്ട് കഴിഞ്ഞെങ്കിലും അയോദ്ധ്യയില്‍ നടന്ന സംഭവവികാസങ്ങള്‍ എന്റെ മനസ്സിനെ ഇന്നും കൊളുത്തി വലിക്കാറുണ്ട്. അന്ന് തുടങ്ങിയ മലക്കം മറിച്ചിലുകളാണ് ഇന്ത്യയെ ഇന്നത്തെ സ്ഥിതിയിലെത്തിച്ചിരിക്കുന്നത്.
അയോദ്ധ്യയുമായി ഉള്ള എന്റെ സംസര്‍ഗ്ഗത്തിന് രണ്ടര വ്യാഴവട്ടക്കാലത്തെ പഴക്കമുണ്ട്. 1989ല്‍ ശിലാന്യാസ് റിപ്പോര്‍ട്ട് ചെയ്യാനാണ് ഞാനാദ്യം അയോദ്ധ്യയ്ക്ക് എത്തിയത്. ഉത്തരേന്ത്യയുമായി പൊരുത്തപ്പെട്ടു വരുന്നതേ ഉണ്ടായിരുന്നുള്ളു.
ദില്ലിയില്‍ നിന്ന് തീവണ്ടിയുടെ ജനറല്‍ കംമ്പാര്‍ട്ട്‌മെന്റില്‍ ലഖ്‌നൗ വരെ. അവിടെ നിന്ന് യു.പി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ തുരുമ്പിച്ച ബസ്സില്‍ ഫൈസബാദ്ദിലേക്ക്. പിന്നീട് നടന്നും കുതിരവണ്ടി കയറിയുമൊക്കെയാണ് അയോദ്ധ്യയിലെത്തിയത്. പുരാണങ്ങളിലും പുസ്തകങ്ങളിലും വായിച്ചറിഞ്ഞ അയോദ്ധ്യ ആയിരുന്നില്ല എന്റെ മുമ്പില്‍.
ഇന്ത്യന്‍ രാഷ്ട്രീയത്തെ ഗ്രസിക്കാന്‍ പോകുന്ന വന്‍ വിപത്തിന്റെ വാതായനമായിട്ടാണ് എനിക്കന്നുതന്നെ അയോദ്ധ്യ അനുഭവപ്പെട്ടത്. ഭക്തി മന്ത്രങ്ങള്‍ക്കുള്ളില്‍ ഒളിഞ്ഞിരിക്കുന്ന രക്തച്ചുവ അന്നേ എന്റെ നാവില്‍ കയ്പായി അനുഭവപ്പെട്ടിരുന്നു. ശിലാന്യാസില്‍ തുടങ്ങി 3 വര്‍ഷത്തിനുള്ളില്‍ മസ്ജിദിനെ കീഴ്‌പെടുത്തി അധികാരത്തിന്റെയും ധാര്‍ഷ്ട്യത്തിന്റെയും കാവിക്കൊടി പാറിച്ചതോടെ ഇന്ത്യന്‍ രാഷ്ട്രീയം പതുക്കെ തമോഗര്‍ത്തത്തിലേയ്ക്ക് പതിക്കുകയായിരുന്നു.
എണ്ണമറ്റ കലാപങ്ങളും അത് സൃഷ്ടിച്ച ചോരപ്പുഴകളൊക്കെ റിപ്പോര്‍ട്ട് ചെയ്യാനുള്ള ഭാഗ്യമോ നിര്‍ഭാഗ്യമോ എനിക്കുണ്ടായിട്ടുണ്ട്. മസ്ജിദ്ദിന്റെ തകര്‍ച്ചക്കിടയിലും കൗതുകകരമായ മറ്റ് പലകാര്യങ്ങളും നടന്നിരുന്നു. എന്റെ എതിര്‍ ദിശയിലുള്ള പത്രമെന്ന് വിശ്വസിക്കാവുന്ന ‘മലയാളമനോരമ’ യുടെ സര്‍വ്വാധികാരിയായ പ്രതാധിപര്‍ കെ.എം.മാത്യുവില്‍ നിന്ന് എനിക്ക് ലഭിച്ച കത്താണ് അതിലൊന്ന്.
അയോദ്ധ്യയിലെ മാധ്യമവേട്ടക്കിടയില്‍ മനോരമ സംഘം വിലകൂടിയ ക്യാമറകള്‍ ഉപേക്ഷിച്ച് ഡല്‍ഹിയിലേക്ക് പ്രയാണം ചെയ്തിരുന്നു. ഡിസംബര്‍ 6ന് ശേഷം തുടര്‍ന്നും അയോദ്ധ്യയില്‍ തങ്ങിയ ഞങ്ങള്‍ ആ ക്യാമറ വീണ്ടെടുത്ത് മനോരമയുടെ ഡല്‍ഹി ഓഫീസില്‍ ഏല്പിച്ചു. ഇതിന്റെ സന്തോഷത്തിലാണ് മാത്തുക്കുട്ടിച്ചായന്‍ എനിക്ക് നേരിട്ട് കത്തയച്ചത്. ആദ്യമായിട്ടായിരിക്കും ഒരു മാധ്യമ്രപവര്‍ത്തകന് ഇത്തരത്തിലൊരു അനുഭവം.
https://www.kairalinewsonline.com/