ഉത്തർ പ്രദേശിലെ ദളിത് പെൺകുട്ടിയുടെ ബലാത്‌സംഗവും അതിക്രൂരമായ കൊലപാതകവും ദേശീയ തലത്തില്‍ ബി.ജെ.പി.-യ്ക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെ ശക്തമായ പ്രതിപക്ഷ നീക്കങ്ങള്‍ക്കുള്ള തുടക്കമായി മാറുമോ എന്നാണ് ഇനി കാണേണ്ടത്. സ്ത്രീപീഢനങ്ങള്‍ക്കും ദളിത് നീതിക്കും വേണ്ടിയുള്ള പോരാട്ടങ്ങളില്‍ കോണ്‍ഗ്രസും രാഹുലും ശ്രദ്ധ നേടുമോയെന്നും കാണേണ്ടതുണ്ട്. എന്തായാലും രാഹുൽ ഗാന്ധിയുടേയും, പ്രിയങ്ക ഗാന്ധിയുടേയും ഊര്‍ജസ്വലമായ ഇടപെടലില്‍ കോൺഗ്രസ് പ്രവര്‍ത്തകര്‍ പുത്തനുണര്‍വ്വിലായി എന്ന കാര്യം ആർക്കും നിഷേധിക്കുവാൻ ആവില്ലാ. രാഹുലിനെ സംബന്ധിച്ച് ഈ വിഷയം വീണ്ടും ഒരു തിരിച്ചുവരവിനുള്ള നാന്ദിയായി മാറുമോ എന്നുള്ളതാണ് ഇനിയുള്ള നാളുകളിൽ കാണേണ്ടത്.
അടിയന്തിരാവസ്ഥയെ തുടർന്ന് അധികാരം നഷ്ടപ്പെട്ട അവസ്ഥയിൽ ഇന്ദിരാ ഗാന്ധി ഉണർന്നു പ്രവർത്തിച്ചത് പോലെ രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ഇപ്പോഴെങ്കിലും ഉണർന്നു പ്രവർത്തിക്കുന്നത് തീർച്ചയായും അണികൾക്ക് ആവേശം പകരുന്ന ഒന്നാണ്. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഡൽഹി-ഉത്തർ പ്രദേശ് അതിർത്തിയിൽ യോഗി സർക്കാർ ആയിരകണക്കിന് പൊലീസുകാരെ വിന്യസിച്ചത് രാഹുൽ ഗാന്ധിയുടേയും പ്രിയങ്കാ ഗാന്ധിയുടേയും ഹത്രാസ് സന്ദർശനത്തിൻറ്റെ രാഷ്ട്രീയ പ്രാധാന്യം കണ്ടറിഞ്ഞിട്ട് തന്നെയാണ്.
ഉത്തർ പ്രദേശിലെ പ്രത്യേക രാഷ്ട്രീയ അന്തരീക്ഷവും രാഹുൽ ഗാന്ധിയുടെ ഹത്രാസിലേക്കുള്ള യാത്രക്ക് പ്രചോദനം പകർന്നിട്ടുണ്ടാകാം. 2011 സെൻസസ് പ്രകാരം ഉത്തർപ്രദേശിലെ ദളിത് ജനസംഖ്യ 21.1 ശതമാനമാണ്. തെരെഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ അതുകൊണ്ട് തന്നെ ദളിത് സമുദായത്തിൻറ്റെ വോട്ട് വളരെ നിർണ്ണായകവുമാണ്. ഹത്രാസിൽ പ്രതി സ്ഥാനത്തുള്ളവർ ഠാക്കൂർ സമുദായത്തിൽ ഉള്ളവരാണ്. ഠാക്കൂർ സമുദായം ഉത്തർ പ്രദേശിൽ 7 ശതമാനം മാത്രമാണ്. പക്ഷെ അവർ കൈവശം വെച്ചിരിയ്ക്കുന്ന ഭൂമിയിലൂടെയാണ് ജാതിമേധാവിത്തം ദളിത്, പിന്നോക്ക ജന വിഭാഗങ്ങളിൽ പ്രയോഗിക്കുന്നത്.
ഇവിടെ സംഘ പരിവാർ രാഷ്ട്രീയത്തിൻറ്റെ തന്ത്രങ്ങളും ശ്രദ്ധിക്കപ്പെടേണ്ടതുണ്ട്. ഇന്നത്തെ 'ഹിന്ദുത്വ' രാഷ്ട്രീയത്തിൽ മതസൗഹാർദവും ജനങ്ങളെ ഒന്നിപ്പിക്കലും ഇല്ലാ. പ്രഗ്യ സിങ് ഠാക്കൂറും, യോഗി ആദിത്യനാഥും ഉൾപ്പെടെയുള്ളവർ ഹിന്ദുക്കളുടെ മുഴുവൻ കുത്തക ഏറ്റെടുക്കുന്നതിൽ ആശങ്കയുള്ളവർ രാജ്യത്താകമാനമുണ്ട്. തങ്ങളുടെ സംഘടനയുടെ ട്രൗസറിൻറ്റെ പോക്കറ്റിൽ എല്ലാ ഹിന്ദുക്കളും നിർബന്ധമായും വന്നു വീഴണമെന്നാണ് ഇവർ ശഠിക്കുന്നത്. അതിൻറ്റെ കൂടെ കപട രാജ്യ സ്നേഹവും, മിഥ്യാഭിമാനവും വന്നാൽ നമ്മുടെ 'ഇലക്റ്ററൽ പൊളിറ്റിക്‌സിൽ വൻ വിജയങ്ങൾ കൊയ്യാം. ജനങ്ങളെ ഭിന്നിപ്പിച്ചു കൊണ്ട് നേടുന്ന ഈ തിരഞ്ഞെടുപ്പ് വിജയത്തിൽ ആത്യന്തികമായി എന്ത് സംഭവിക്കും എന്ന് പറയാൻ വയ്യാ. 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നേ തന്നെ ഒരു വിദേശ ചാനൽ വാട്ട്സാപ്പിലൂടെയും സോഷ്യൽ മീഡിയയിലൂടെയും ബി.ജെ.പി. -ക്ക് അനുകൂലമായി പ്രചരിക്കപ്പെട്ട അനേകം വ്യാജ പ്രചാരണങ്ങൾ നന്നായി കാണിച്ചു. ഇന്ത്യൻ ചാനലുകളൊന്നും അത് കാണിച്ചില്ല. ഇത്തരം ശക്തമായ പ്രചാരണങ്ങളിലൂടെ മുന്നേറുന്ന ബി.ജെ.പി.-യെ ചെറുക്കാൻ കോൺഗ്രസിന് ആവുമോ എന്നാണ് ഇനി കാണേണ്ടത്. ഹത്രാസിലുള്ള 'വാൽമീക്' പോലുള്ള ദളിത്-പിന്നോക്ക ജാതികളെ കൂട്ടുപിടിച്ചാൽ മാത്രമേ കോൺഗ്രസിന് ഒരു പുത്തൻ ഉണർവ് ഉത്തർ പ്രദേശ് രാഷ്ട്രീയത്തിൽ സാധ്യമാകൂ.
ഇനി ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലേക്കൊന്നു നോക്കാം.1977 ഓഗസ്റ്റിൽ ബീഹാറിലെ 'ബെൽച്ചി' - യിൽ 2 കുഞ്ഞുങ്ങളടക്കം 11 ദളിതരെ കൂട്ടക്കൊല ചെയ്തപ്പോൾ ഇന്ദിരാ ഗാന്ധി അത് രാഷ്ട്രീയ ആയുധം ആക്കി. നടന്നും, കഴുതപ്പുറത്തും, ട്രാക്റ്ററിലും അവസാനം ആനപ്പുറത്തും ആണ് കോരിച്ചൊരിയുന്ന മഴയത്ത് ഇന്ദിരാ ഗാന്ധി ബീഹാറിലെ 'ബെൽച്ചി' - യിൽ എത്തിയത്. പിറ്റേ ദിവസം രാജ്യങ്ങളിലെ പത്രങ്ങളിലെല്ലാം ഇന്ദിരാ ഗാന്ധി ആനപ്പുറത്ത് ഇരുന്ന് 'ബെൽച്ചി' - യിലേക്ക് പോകുന്ന ചിത്രങ്ങൾ പ്രത്യക്ഷപ്പെട്ടു. തങ്ങൾ ദളിതരോടോത്ത്
ഉണ്ട് എന്ന ശക്തമായ സന്ദേശം കൊടുക്കാൻ ഇന്ദിരാ ഗാന്ധിക്ക് അതോടെ സാധിച്ചു. പക്ഷെ കഴിഞ്ഞ ആറു വർഷം ദളിതരും, ആദിവാസികളും, ന്യൂന പക്ഷങ്ങളും, പാവപ്പെട്ടവരും ആക്രമിക്കപ്പെട്ടപ്പോൾ രാഹുൽ ഗാന്ധിക്കും, സോണിയാ ഗാന്ധിക്കും അങ്ങനെ ഒരു സന്ദേശവും കൊടുക്കുവാൻ സാധിച്ചില്ല. നോട്ടു നിരോധനവും, ജി.എസ്.ടി. - യും കൊണ്ട് പൊറുതിമുട്ടിയ ചെറുകിട കർഷകരേയും, അസംഘടിത മേഖലയിൽ പ്രവർത്തിക്കുന്ന തൊഴിലാളികളേയും സംഘടിപ്പിക്കുവാൻ കോൺഗ്രസിന് ആയില്ല. പക്ഷെ കൊറോണ വ്യാപകമായി പടർന്നു പിടിക്കുന്നതിന് മുമ്പേ മോഡി സർക്കാർ ഏർപ്പെടുത്തിയ അങ്ങേയറ്റം നിരുത്തരവാദപരമായ 'സമ്പൂർണ ലോക്ക്ഡൗണിനോട്' പ്രതികരിക്കുവാൻ കോൺഗ്രസിന് ആയി. ഒരു കോടിയോളം വരുന്ന ജനതയാണ് അന്ന് പൊരിവെയിലത്ത് ഭക്ഷണവും വെള്ളവുമില്ലാതെ ആയിരകണക്കിന് കിലോമീറ്ററുകൾ നടന്നത്. കേന്ദ്ര സർക്കാർ തന്നെ ഒരു കോടിയോളം മൈഗ്രൻറ്റ് ലേബറേഴ്സ് അത്തരത്തിൽ നടന്നുവെന്ന് ഈയിടെ അംഗീകരിച്ചു. പിന്നീടുണ്ടായ ചൈനീസ് ആക്രമണത്തിനോടും, ഇന്ത്യയുടെ ഭൂമി പിടിച്ചെടുത്തതിനോടും പ്രതിഷേധിക്കുവാൻ കോൺഗ്രസിന് സാധിച്ചു. ഈയിടെ കേന്ദ്ര സർക്കാർ അംഗീകരിച്ച കർഷക ബില്ലിന് പകരം മറ്റൊരു കർഷക ബിൽ കൊണ്ടുവരാനും കോൺഗ്രസിന് ആയി. ഉപാധികളോടെ ആണെങ്കിലും കർഷക ബില്ലിനെതിരെ അത്തരത്തിൽ പ്രതിഷേധിക്കുവാൻ കോൺഗ്രസ് പാർട്ടിക്ക് സാധിച്ചു എന്ന യാഥാർഥ്യം കാണാതിരിക്കാൻ ആവില്ല.
ഇന്ത്യയുടെ പ്രത്യേക പരിതസ്ഥിതിയിൽ ഇനി ഉയർന്നു വരേണ്ടത് 30-40 കോടിയോളം വരുന്ന ഇന്ത്യയിലെ പാവപ്പെട്ടവരാണ്. ദാരിദ്ര്യ രേഖക്ക് കീഴിലുള്ള ഈ ഭീമമായ ജനസംഖ്യ പല രാജ്യങ്ങളിലേയും മൊത്തം ജനസംഖ്യക്ക് മേലെയാണ്. ഈ ജനസംഖ്യയിൽ മഹാ ഭൂരിപക്ഷവും ദളിതരും ആദിവാസികളും മുസ്‌ലിങ്ങളുമാണ്. സച്ചാർ കമ്മിറ്റി ചൂണ്ടി കാട്ടിയത് ഉത്തരേന്ദ്യയിൽ മുസ്ലീങ്ങളുടെ സാമ്പത്തിക സ്ഥിതി ദളിതരെക്കാൾ മോശമാണെന്നാണ്. പക്ഷെ ഇപ്പോൾ സച്ചാർ കമ്മിറ്റി പറഞ്ഞത് പോലെയല്ല കാര്യങ്ങൾ. ഉത്തരേന്ദ്യയിൽ മുസ്ലീങ്ങളുടെ സാമ്പത്തിക സ്ഥിതിയിൽ മാറ്റമുണ്ട്. പക്ഷെ ദളിതരേയും മുസ്ലീങ്ങളേയും ഭയപ്പെടുത്തി വോട്ടു ബാങ്ക് രാഷ്ട്രീയം കളിക്കുന്നതിനു പകരം വിദ്യാഭ്യാസം, തോഴിൽ, ആരോഗ്യം, പാർപ്പിടം, ഇൻഫ്രാസ്ട്രക്ചർ - ഇവ ആ സമുദായങ്ങൾക്ക് ലഭ്യമാക്കി അവരുടെ സാമൂഹ്യ സാമ്പത്തിക സ്ഥിതി മെച്ചപെടുത്താനാണ് എല്ലാ രാഷ്ട്രീയ പാർടികളും ശ്രദ്ധിക്കേണ്ടത്. പക്ഷെ അങ്ങനെ സംഭവിക്കണമെങ്കിലും സാമൂഹ്യമായ കാഴ്ചപ്പാട് മാറേണ്ടതുണ്ട്. ഫ്യുഡൽ മൂല്യങ്ങൾ നിലനിൽക്കുന്ന ഒരു വ്യവസ്ഥിതിയിൽ കണ്ടമാനം അതിക്രമങ്ങൾ പാവപ്പെട്ടവർക്ക് എതിരേയുണ്ട്. കേരളത്തിലെ പലർക്കും അതൊക്കെ മനസിലാക്കാൻ പോലും സാധിക്കുകയില്ല. "End of violence is the end of poverty" എന്ന് പറയുന്നത് ഇത്തരം ഫ്യുഡൽ മൂല്യവ്യവസ്ഥിതിയുടേയും വയല