Image

മലയാളസാഹിത്യം അമേരിക്കയില്‍: മുന്‍പേ നടന്നവര്‍ - ജോണ്‍ മാത്യു (മീനു എലിസബത്ത്)

Published on 12 October, 2020
മലയാളസാഹിത്യം അമേരിക്കയില്‍: മുന്‍പേ നടന്നവര്‍ - ജോണ്‍ മാത്യു (മീനു എലിസബത്ത്)

നമുക്കു മുന്‍പേ മലയാള സാഹിത്യവുമായി ഇവിടെ നടന്നവര്‍! അറുപതുകള്‍ മുതല്‍ ഇവിടെ കുടിയേറിയവര്‍.
ഇന്ത്യയുടെ മണ്ണില്‍ നിന്നും വേര് പിഴുതു വരേണ്ടി വന്നെങ്കിലും ഭാഷയും സാഹിത്യവും നെഞ്ചോടു ചേര്‍ത്ത് യാത്ര തുടര്‍ന്നവര്‍! ഭാഷ സംഘടനകളും വായനക്കൂട്ടായ്മകളും ഉണ്ടാക്കിയവര്‍. പുതിയ എഴുത്തുകാര്‍ക്ക് വേണ്ടി പാത വെട്ടിത്തെളിച്ചവര്‍. അവരുടെ കുടിയേറ്റത്തിന്റെ ചരിത്രവും ഇതിലൂടെ അടയാളപ്പെടുത്തുവാന്‍ ഒരു എളിയ ശ്രമം.
മീനു എലിസബത്തിന്റെ പുതിയ പംക്തി ആരംഭിക്കിന്നു

അമേരിക്കന്‍ മലയാള സാഹിത്യ രംഗത്ത് എന്നും ഉയര്‍ന്നു കേട്ടിരുന്ന പേരാണ് ജോണ്‍ മാത്യുവിന്റേത്. എഴുത്തിനെ വളരെ ഗൗരവമായി എടുത്തിരിക്കുന്ന ചുരുക്കം ചിലരില്‍ ഒരാള്‍. മലയാള സാഹിത്യമോ ഇംഗ്ലിഷ് സാഹിത്യമോ ആയിക്കൊള്ളട്ടെ, അദ്ദേഹം വാചാലനാകും.

1973 ല്‍ ഡല്‍ഹിയുടെ ചൂടില്‍നിന്നു ഡെട്രോയിറ്റിലെ കൊടുംതണുപ്പിലേക്കു കുടുംബവുമായി വന്നിറങ്ങുമ്പോള്‍, ഏതൊരു പ്രവാസിയെയും പോലെ കടുത്ത ഗൃഹാതുരത്വം അദ്ദേഹത്തെയും പിടികൂടി. പക്ഷേ അതിനൊക്കെ എവിടെ സമയം? എങ്കിലും ജോലിയും കുടുംബ കാര്യങ്ങളുമെല്ലാമായി ഓടി നടക്കുമ്പോഴും താന്‍ ഒപ്പം കൊണ്ടു നടന്നിരുന്ന വായനയും എഴുത്തും അദ്ദേഹം കൈ വിട്ടിരുന്നില്ല.

മല്ലപ്പള്ളി കുന്നത്ത് വീട്ടില്‍ കെ.എം. മത്തായിയുടെയും ഏലിയാമ്മയുടെയും മകനാണ് ജോണ്‍ മാത്യു. പിതാവ് കെ.എം. മത്തായി നെടുങ്ങാടപ്പള്ളി ഹൈസ്‌കൂളിലെ അധ്യാപനായിരുന്നു. ഒരധ്യാപകന്റെ മകനായാതിനാലാവാം പഠനം എന്നും ജോണിന് പ്രിയങ്കരമായിരുന്നു. സെന്റ് മേരീസ് പ്രൈമറി സ്‌കൂള്‍, സിഎംഎസ് ഹൈസ്‌കൂള്‍, തിരുവല്ല മാര്‍ത്തോമാ കോളേജ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനു ശേഷം അറുപതുകളുടെ തുടക്കത്തിലാണ് ഡല്‍ഹിയിലേക്കുള്ള കുടിയേറ്റം. അവിടെ കാള്‍ടെക്‌സ് ഓയില്‍ കമ്പനിയില്‍ ജോലിയും ഒപ്പം പഞ്ചാബ് യൂണിവേഴ്‌സിറ്റിയിലെ പഠനവും. 1969 തില്‍ പാമ്പാടി സ്വദേശിനി ബേബിക്കുട്ടിയുമായുള്ള വിവാഹത്തിനു ശേഷം എഴുപതുകളുടെ തുടക്കത്തില്‍ അമേരിക്കയിലേക്കുള്ള കുടിയേറ്റം.
സാഹിത്യത്തിലേക്കുള്ള വഴി: ചെറുപ്പം മുതല്‍ കയ്യില്‍ കിട്ടുന്നതെല്ലാം വായിക്കുന്ന ശീലം ഉണ്ടായിരുന്നു. മല്ലപ്പള്ളിയില്‍ അന്നുണ്ടായിരുന്ന ജയകേരളം ബാലജനസഖ്യത്തില്‍ പത്താം വയസ്സില്‍ അംഗമാവുന്നതും അന്നത്തെ ബാലമാസികയായ ബാലമിത്രത്തിന്റെ വരിക്കാരനാവുന്നതും എല്ലാം അദ്ദേഹത്തിന്റെ ഓര്‍മകളില്‍ തിളങ്ങി നില്‍ക്കുന്നു.
അറുപതുകളിലെ ഡല്‍ഹിയിലേക്കുള്ള കുടിയേറ്റമാണ് ആ സാഹിത്യ ജീവിതത്തിന് അടിത്തറ പാകിയതെന്നു പറയാം. ഡല്‍ഹിയിലെ കേരള ക്ലബ്ബില്‍ പ്രശസ്ത കലാകാരന്‍മാര്‍, എഴുത്തുകാര്‍, കാര്‍ട്ടൂണിസ്റ്റുകള്‍ ഇവരുമെല്ലാമായി അടുത്തിടപഴകുവാന്‍ കഴിഞ്ഞു. ഇവരില്‍ ഭൂരിഭാഗവും പാശ്ചാത്യ ലിബറല്‍ രീതിയിലുള്ള ബുദ്ധിജീവികളായിരുന്നു. അന്നത്തെ ചിന്തകളും ചര്‍ച്ചകളുമെല്ലാം ആധുനികതയെ ചുറ്റിപ്പറ്റി തന്നെ. പ്രമുഖ സാഹിത്യനിരൂപകനായിരുന്ന എം.ഗോവിന്ദനെ പരിചയപ്പെടുവാന്‍ സാധിച്ചത് ഒരു ഭാഗ്യമായി ജോണ്‍ മാത്യു കരുതുന്നു. അതുപോലെ ഒ.വി. വിജയന്‍, എം. മുകുന്ദന്‍, ചെറിയാന്‍ കെ. ചെറിയാന്‍, കാക്കനാടന്‍ ഇവരുമായുള്ള സഹവാസവും സാഹിത്യ ചര്‍ച്ചകളുമെല്ലാം മായാതെ മനസ്സില്‍ നില്‍ക്കുന്നു. അക്കാലത്ത് അദ്ദേഹത്തെ ആകര്ഷിച്ചിരുന്ന രണ്ടു വ്യക്തികളായിരുന്നു വളരെ കുറച്ചു മാത്രം എഴുതിയിരുന്ന എം.പി. നാരായണപിള്ളയും രാജന്‍ കാക്കനാടനും.
ആയിടക്കാണ് എം. മുകുന്ദന്‍, ഉണ്ണികൃഷ്ണന്‍ തിരുവാഴിയോട്, ചെറാമംഗലം രാധാകൃഷ്ണന്‍, മാവേലിക്കര രാമചന്ദ്രന്‍ എന്നിവരുമായി ചേര്‍ന്ന് ആധുനിക സാഹിത്യകൃതികളുടെ പഠനത്തിന് ഡല്‍ഹി ലിറ്റററി വര്‍ക്ഷോപ് എന്ന പ്രസ്ഥാനത്തിന് രൂപം കൊടുത്തത്.
മദ്രാസില്‍നിന്നു പ്രസിദ്ധികരിച്ചിരുന്ന ജയകേരളം, അന്ന്വേഷണം, സൈനിക സമാചാര്‍ തുടങ്ങി കേരളത്തിലെ വിവിധ മാസികകളിലും എഴുത്തു സജീവമായി തുടര്‍ന്നിരുന്നു.
കുടിയേറ്റത്തിന്റെയും കൂടുമാറ്റത്തിന്റെയും തിരക്കുകളില്‍ മുഴുകുമ്പോള്‍ത്തന്നെ, എണ്‍പതുകളുടെ അവസാനമായപ്പോഴേക്കും വീണ്ടും ജോണ്‍ മാത്യു എഴുത്തില്‍ സജീവമായി. ഇതിനു സഹായകമായത് ഹൂസ്റ്റണിലെ റൈറ്റേഴ്‌സ് ഫോറവും മറ്റു മലയാള പ്രസിദ്ധീകരണങ്ങളും. തൊണ്ണൂറുകളുടെ തുടക്കത്തില്‍ ന്യൂയോര്‍ക്കില്‍നിന്നു പ്രസിദ്ധീകരണം ആരംഭിച്ച മലയാളം പത്രത്തെ ജോണ്‍ മാത്യൂ നന്ദിയോടെ സ്മരിക്കുന്നു.

ഏഴു കഥാസമാഹാരങ്ങളും മൂന്നു ലേഖന സമാഹാരങ്ങളും ഭൂമിക്കു മേലൊരു മുദ്ര എന്ന നോവലും അദ്ദേഹത്തിന്റേതായുണ്ട്. ജോണ്‍ മാത്യുവിന്റെ കഥകള്‍ എന്ന കഥാസമാഹാരവും, ഭൂമിക്കു മേലൊരു മുദ്രയും വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.. ഇപ്പോഴും അദ്ദേഹം എഴുത്തില്‍ വളരെ സജീവം.

1974 ജോണ്‍ മാത്യുവും സുഹൃത്തുക്കളും ചേര്‍ന്നാണ് ആദ്യത്തെ മലയാളി കൂട്ടായ്മ ഡെട്രോയിറ്റില്‍ തുടങ്ങുന്നത്. 1982 ലാണ് അദ്ദേഹവും കുടുംബവും ടെക്സസിലെ ഹൂസ്റ്റണിലേക്കു വരുന്നത്. 1989 ഹൂസ്റ്റണിലെ ഒരു കൂട്ടം എഴുത്തുകാര്‍ക്കൊപ്പം തുടങ്ങിയ കേരളം റൈറ്റേഴ്സ് ഫോറം ഇന്നും സജീവമായി പ്രവര്‍ത്തിക്കുന്നു. 1996 -1997 കാലഘട്ടത്തില്‍ രൂപം കൊണ്ട ലിറ്റററി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക - ലാന - യുടെ തുടക്കം മുതല്‍ ജോണ്‍ മാത്യുവും ഉണ്ട്. ലാനയുടെ വിവിധ കമ്മിറ്റികളില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന ഇദ്ദേഹം രണ്ടു വര്‍ഷത്തോളം അതിന്റെ പ്രസിഡന്റുമായിരുന്നു.

എഴുത്തില്‍ വളരെയധികം പ്രോത്സാഹിപ്പിക്കുന്ന ഭാര്യ ബേബികുട്ടിയോടൊപ്പം ഹൂസ്റ്റണിലെ എനര്‍ജി കോറിഡോറില്‍ സ്ഥിരതാമസമാക്കിയിരിക്കുന്ന ജോണ്‍ മാത്യുവിന് ഒരു പുത്രനും ഒരു പുത്രിയുമാണ്. മൂന്നു പേരക്കുട്ടികളും.

അമേരിക്കയിലിരുന്ന് എഴുതുന്ന മലയാളി എഴുത്തുകാരനെ പ്രവാസി എഴുത്തുകാരന്‍ എന്ന ലേബല്‍ കൊടുത്തു മാറ്റിയിരുത്തേണ്ട കാര്യമില്ലന്നു ജോണ്‍ മാത്യു വിശ്വസിക്കുന്നു. പ്രവാസമോ ഗൃഹാതുരത്വമോ ഒന്നുമല്ല വിഷയം. ചരിത്രത്തില്‍ സംഭവിച്ച മനുഷ്യ നീക്കങ്ങള്‍ നാം എങ്ങിനെ വിലയിരുത്തി എന്നതാണ് കാര്യം. വരും തലമുറകള്‍ക്കു ഗവേഷണവും പഠനവും സാധ്യമാവുന്ന വിധത്തില്‍ ചരിത്രവും സന്ദര്ഭങ്ങളും അടയാളപ്പെടുത്തിവയ്ക്കേണ്ടതു മലയാളി എഴുത്തുകാരുടെ ദൗത്യമായി അദ്ദേഹം കാണുന്നു. ആ വലിയ ദൗത്യവുമായി ജോണ്‍ മാത്യു തന്റെ എഴുത്തു ജീവിതം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു; സുശക്തം.

മലയാളസാഹിത്യം അമേരിക്കയില്‍: മുന്‍പേ നടന്നവര്‍ - ജോണ്‍ മാത്യു (മീനു എലിസബത്ത്)മലയാളസാഹിത്യം അമേരിക്കയില്‍: മുന്‍പേ നടന്നവര്‍ - ജോണ്‍ മാത്യു (മീനു എലിസബത്ത്)മലയാളസാഹിത്യം അമേരിക്കയില്‍: മുന്‍പേ നടന്നവര്‍ - ജോണ്‍ മാത്യു (മീനു എലിസബത്ത്)
Join WhatsApp News
ജോസഫ് നമ്പിമഠം 2020-10-13 02:42:17
മീനു മാത്യുവിന്റെ പുതിയ പംക്തിക്ക് എല്ലാ വിധ ആശസകളും നേരുന്നു. മുൻപേ നടന്നവരെ തേടിയുള്ള യാത്ര, സഫലയാത്രയാകട്ടെ! തുടക്കം നന്നായാൽ പകുതി നന്നായി എന്നാണല്ലോ. തുടക്കം വളരെ നന്നായിരിക്കുന്നു, അഭിനന്ദനങ്ങൾ ആശംസകൾ (ജോസഫ് നമ്പിമഠം)
Thomas K Varghese 2020-10-13 14:46:26
ഒരു പ്രത്യേക ശൈലിയുടെ ഉടമ ആയ ശ്രീ ജോണ് മാത്യുവിനും മിസ് മീനു മാത്യുവിന്റെ ഈ സംഭരംഭത്തിനും വിജയങ്ങൾ നേരുന്നു. സത്യാന്വേഷണങ്ങൾ വിജയിക്കട്ടെ. സത്യ സന്ധരായ സാഹിത്യ സർഗ പ്രതിഭകളെ പ്രോത്സാഹിപ്പിക്കാനും അനുമോദിക്കാനും ഈ പംക്തിക്ക് കഴിയട്ടെ എന്നുമാശംസിക്കുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക