നാടകമെന്നാൽ എന്തെന്നും എന്തല്ലെന്നും സി. ജെ. തോമസിന് വ്യക്തമായിട്ടറിയാമായിരുന്നു. അദ്ദേഹം പറഞ്ഞു ''വലിയ മനുഷ്യന്റെ വലിയ മനസ്സിലെ ഗംഭീര സംഘട്ടനങ്ങൾക്കു മാത്രമേ നാടകീയതയുള്ളു''. എന്നാൽ സിജെയുടെ 'ആ മനുഷ്യൻ നീ തന്നെ' എന്ന നാടകത്തിൽ സംഘട്ടനമുണ്ടാകുന്നത് ദാവീദിലെ തന്നെ രണ്ടു സവിശേഷ വ്യക്തിത്വങ്ങൾ തമ്മിലാണ്.
സ്വാർത്ഥതയും കുടിലതയും പാപവും പുണ്യവുമെല്ലാം ഇഴുകിച്ചേർന്നു രൂപം പ്രാപിച്ച സംഘർഷഭൂമിയിലാണ് നാടകം അരങ്ങേറുന്നത്. വികാരസാന്ദ്രമായ കാൽപ്പനിക ഭാഷണങ്ങളും നിർവികാരമായ പരിഹാസവചനങ്ങളും കേവലാശയങ്ങളും ഒരുപോലെ ഈ നാടകശിൽപ്പത്തിന് സങ്കീർണ്ണസൗന്ദര്യം നൽകുന്നു. ഒന്നാം രംഗം ആരംഭിക്കുന്നതുതന്നെ ദാവീദിന്റെ അർത്ഥനിര്ഭരവും ധ്വന്യാത്മകവുമായ വാക്കുകളോടെയാണ്. ''കണ്ണുള്ളത് തുറക്കാൻ മാത്രമല്ല അടയ്‌ക്കാൻകൂടിയാണ് ''. ഇത് ആത്മാവിന്റെ ഇരുണ്ട ആഴങ്ങളിലേക്ക് വിരൽ ചൂണ്ടുന്നു. മഹാനായ ദാവീദ് രാജാവിന് ഒരു പൂർവ്വാശ്രമം ഉണ്ടായിരുന്നു. കാലികളെ മേയ്‌ക്കുന്ന, മരുഭൂമിയിലലയുന്ന അജപാലകൻ, ചുണ്ടിൽ ഓടക്കുഴലുമായി മധുരസ്വപ്നങ്ങളില്‍ ഊയലാടുന്ന പ്രേമഗായകൻ, പ്രകൃതിയുടെ നിറം മാറ്റങ്ങളിൽ വിസ്മയിക്കുന്ന കവി. കിരീടത്തിലെ അധികാരവും ഹൃദയത്തിലെ വേണുനാദവും തമ്മിലാണ് സംഘർഷം. വേണുനാദത്തിന്റെ മൂർത്തമായ പ്രതീകം മാത്രമാണ് ബത്ത്ശേബ. അതിസങ്കീർണ്ണമായ ഭാവഘടനയും നിറപ്പകിട്ടുമുള്ള ഒരതികായരൂപിയാണ് ആട്ടിടയനും കവിയും ഗായകനും രാജാവും യുദ്ധവീരനും സർവ്വോപരി കാമുകനുമായ ദാവീദ് രാജാവ്. ആ മഹാനാണ് അപഹാസ്യമായ രീതിയിൽ തന്റെ കീഴിലുള്ളൊരു പട്ടാളക്കാരന്റെ ഭാര്യയെ കാമിക്കുന്നതും ആ സൈനികനെ ഉന്മൂലനം ചെയ്യുന്നതും. ദാവീദിന്റെ വൈകല്യങ്ങൾക്കുപോലും അസാധാരണ സൗന്ദര്യം നൽകാൻ അദ്ദേഹം ഉച്ചരിക്കുന്ന വാക്കുകൾക്ക് കഴിയുന്നുണ്ട്. ബത്ത്ശേബയുടെ അരികിലിരുന്ന് സർവ്വപ്രതാപിയായ ആ മന്നവൻ പറയുന്നു.
''ആദ്യമെല്ലാം ഞാനെന്റെ അസ്വസ്ഥത ശത്രുരക്തത്തിൽ മുക്കിക്കൊന്നു. പക്ഷെ, എത്രകാലം
മനുഷ്യൻ കശാപ്പുകൊണ്ട് ആത്മശാന്തി നേടും ? ബത്ത്ശേബാ, ഇന്നെന്റെ ഹൃദയം ശൂന്യമാണ്.... എന്റെ ഗാനം നിലച്ചുപോയി. ഞാനിന്നൊരു മരുഭൂമിയാണ് ''
ദാവീദിന്റെ മാനസികാസ്വാസ്ഥ്യം തിരിച്ചറിഞ്ഞ ബത്ത്ശേബഃ
''തിരുമേനി, എനിക്ക് വയ്യ. അങ്ങ് ഇസ്രായേലിന്റെ അഭിഷിക്തനാണ് ഹൃദയങ്ങളുടെ ചക്രവർത്തിയും''
ദാവീദ്ഃ ''പ്രേമം ഒരുവനെ ചെറുതാക്കുമെങ്കിൽ ഞാൻ വെറുമൊരു
മണൽത്തരിയോളമായിക്കൊള്ളട്ടെ
ബത്ത്ശേബാ....''
ഈ നാടകത്തിലെ പശ്ചാത്തല സംഗീതം ബത്ത്ശേബയുടെ വ്യക്തിത്വത്തിൽ ഒരേസമയം കർത്തവ്യനിരതയായ ഭാര്യയും പ്രണയപരവശയായ കാമുകിയും ഇടകലരാൻ സഹായിക്കുന്നു. മാത്രമല്ല, ദാവീദിന്റെ അവിഹിതമെങ്കിലും പ്രണയതപ്തമായ ഹൃദയത്തെ സംഗീതസാന്ദ്രമാക്കാനും ഈ പശ്ചാത്തലകാവ്യങ്ങൾക്ക് കഴിയുന്നുണ്ട്. ''നിന്റെ പ്രേമത്തെ വീഞ്ഞിനേക്കാൾ സ്ലാഘിക്കും'' എന്ന ഉത്തമഗീതത്തിലെ വരി ഈ രംഗങ്ങളിൽ ആവർത്തിക്കുന്നുമുണ്ട്. അവസാന രംഗങ്ങളിൽ ദാവീദ് രാജാവിന്റെ അപരാധബോധം വ്യക്തമാക്കപ്പെടുന്ന സന്ദർഭത്തിൽ ബൈബിൾ മറനീക്കി പ്രത്യക്ഷപ്പെടുന്നു . അത് നാഥാന്‍ പ്രവാചകനിലൂടെയാണ് ;-
''നീ യഹോവയുടെ കല്പന ലംഘിച്ച് അവന് അനിഷ്ടമായത് ചെയ്തത് എന്തിന് ? ഭൃത്യനായ ഊരിയാവിനെ
വാളുകൊണ്ട് വെട്ടി അവന്റെ ഭാര്യയെ
നീ ഭാര്യയായി എടുത്തു. അവനെ അമ്മോന്യരുടെ വാൾകൊണ്ട് കൊല്ലിച്ചു . പാപത്തിന്റെ കൂലി മരണമത്രേ''
എന്നു പറഞ്ഞുകൊണ്ടാണ് നാഥാന്‍ നിഷ്ക്രമിക്കുന്നത് . ദാവീദ് യഹോവയുടെ തിരുവിഷ്ടത്തിനു കീഴടങ്ങി. പാപബോധം, ശിക്ഷ ഏൽക്കുന്നതിലൂടെയുള്ള പാപമോചനം എന്നിവയിലൂടെയാണ് ദാവീദ് ദുരന്തത്തെ അതിജീവിക്കുന്നത്. പ്രസവത്തിൽ ബത്ത്ശേബയുടെ സ്വന്തം കുഞ്ഞ് മരിച്ചുപോയതറിഞ്ഞതോടെ ചെയ്‌ത പാപത്തിന്റെ ശിക്ഷ ഏറ്റുവാങ്ങിക്കൊണ്ട് അദ്ദേഹം നഷ്‌ടൈശ്വര്യമെല്ലാം വീണ്ടെടുക്കുന്നു. ആത്മീയവരംകൊണ്ട് നവീകരിക്കപ്പെടുന്നു.
ഈഡിപ്പസിന്‍റെ ദുരന്തത്തോട് ഭാരതീയമായ നായകോദയമെന്ന ഉദാത്തസങ്കല്പം ചേർത്താണ് സിജെ ദാവീദിനെ സൃഷ്ടിച്ചത്. ഇങ്ങനെയുള്ള
ഭാവഗരിമകൊണ്ട് ഉയർച്ചയും വളർച്ചയുമുള്ള അന്തരീക്ഷം സൃഷ്ടിക്കുന്ന നാടകങ്ങൾ മലയാളത്തിൽ മുമ്പുണ്ടായിട്ടില്ല . അതിനുശേഷം ഉണ്ടായിട്ടുള്ള നാടകമാണ് സി. എൻ. ശ്രീകണ്ഠൻനായരുടെ 'ലങ്കാലക്ഷ്മി'. അതിലെ രാവൺ എന്ന കഥാപാത്രവും സിജെയുടെ ദാവീദും നമ്മുടെ മനസ്സിൽ ഉടക്കികിടക്കുന്നു. പാപപുണ്യങ്ങളുടെ തട്ടിൽ നഷ്ടപ്പെട്ട സന്തുലിതാവസ്ഥ വീണ്ടെടുക്കാനായി ഒരുങ്ങിയ കഥാപാത്രങ്ങളാണ് ഇരുവരും. മലയാളനാടകവേദി ഇരട്ടപെറ്റ കഥാപാത്രങ്ങൾ. ഇത്രയും വലിപ്പമുള്ള കഥാപാത്രങ്ങൾ മലയാളത്തിൽ വേറെയുണ്ടെന്ന് തോന്നുന്നില്ല.
ഈഡിപ്പസിന്‍റ പതനമാണ് യവനനാടകത്തിലെ ദുരന്തബീജം. പതനത്തിൽ നിന്നുള്ള ഉയർത്തെഴുന്നേൽപ്പാണ് ദാവീദിന്റെ വിജയം. അതുകൊണ്ട് വിലാപത്തോടെയല്ല സങ്കീർത്തനത്തോടെയാണ് സിജെയുടെ ഈ നാടകത്തിന് തിരശ്ശീല വീഴുന്നത്. (അടുത്തതിൽ ''അവൻ വീണ്ടും വരുന്നു'')