കളമ്പൂക്കാവിലെ തൂക്കത്തട്ടിൽ ഗരുഡൻതൂക്കങ്ങളെല്ലാം കൂടി ഒന്നിച്ച് പോരടിക്കുന്ന പുലർകാലനേരത്താണ് അത് സംഭവിച്ചത്.
'മര്യാദക്ക് മാറിനില്ലെടാ മുൻപീന്ന്..'
ശബ്ദം കേട്ട് ഞെട്ടി തിരിഞ്ഞു നോക്കിയ ദേവസ്വം അധികാരി ഗോപാലകൃഷ്ണൻ അതു പറഞ്ഞയാളെക്കണ്ട് അമ്പരന്നു പോയി.
ആരായാലും അമ്പരക്കും.
കളമ്പൂക്കാവിലെ പാനമഹോൽസവം സമാപിക്കുന്നത് തൂക്കത്തോടു കൂടിയാണ്.
'പാന' എന്ന വാക്കിനോട് നീതി പുലർത്തിയിരുന്നു അന്നത്തെ യുവതലമുറ. പാനം ചെയ്യുക എന്നാൽ കുടിക്കുക എന്നർത്ഥമുണ്ടല്ലോ. രണ്ടെണ്ണം വിട്ട് അന്തക്കരണം മറിഞ്ഞ് പൂരപ്പറമ്പിലൂടെ നടന്ന് തരികിട കാട്ടി നേരം വെളുപ്പിക്കലാണ് യുവാക്കളുടെ മുഖ്യജോലി.
ഇന്നത്തെപ്പോലെ ബിവറേജും മുക്കിനു മുക്കിന് ബാറുമൊന്നുമില്ലാത്ത അക്കാലത്ത് പട്ടാളക്കാരുടെ ആരുടെയെങ്കിലും ക്വാട്ട ഒപ്പിച്ച് നാല് പൂശുന്നത് പാനക്ക് മാത്രമാണ്.
പാന നാലു ദിവസമുണ്ടല്ലോ.അരിയേറും ചെറിയപാനയും വലിയ പാനയും കഴിഞ്ഞുള്ള തൂക്കത്തിന് പ്രത്യേകിച്ച് കലാപരിപാടികളൊന്നുമില്ല.സത്യത്തിൽ കലാപരിപാടികളുടെ ആവശ്യമുണ്ടായിരുന്നില്ല. അതിലേറെ രസകരമാണ് പൂരപ്പറമ്പിലൂടെ നടന്നാലുള്ള കാഴ്ചകൾ.
താലപ്പൊലികൾ, പിന്നാലെയുള്ള ദാരികൻതൂക്കം, ഗരുഡൻ തൂക്കങ്ങൾ, മേമ്പൊടിയായി കയ്യാങ്കളികൾ..ഭരണിപ്പാട്ട്..
വർഷങ്ങൾക്ക് മുൻപുള്ള ഒരു പാനക്കാലത്താണ് സംഭവം.
അന്ന് വഴിപാട് രസീതുകൾ എഴുതിയിരുന്നത് ആശാനായിരുന്നു.
കഷ്ടിച്ച് മൂന്നു മൂന്നരയടി മാത്രം ഉയരമുള്ളയാൾ.
വിദ്യാരംഭത്തെക്കുറിച്ചുള്ള ഓരോ വാർത്ത വായിക്കുമ്പോഴും ഞാൻ ആശാനെ ഓർത്തു പോകും.
കവി കുഞ്ഞുണ്ണിയെ പോലെ
'പൊക്കമില്ലായ്മയാണെന്റെ പോക്കമെന്നറിഞ്ഞ
ഒരാളായിരുന്നു
കുഞ്ഞാശാൻ.ഒന്നിലേറെ തലമുറകളെ അക്ഷരത്തിന്റെ ലോകത്തേക്ക് ആനയിച്ചയാൾ.
ബാലകൃഷ്ണൻ എന്നാണ് യഥാർത്ഥ പേരെങ്കിലും വളരെ കുറച്ചു പേർക്കേ അതറിയുകയുള്ളു.അല്ലെങ്കിലും ഒരു പേരിലെന്തിരിക്കുന്നു!
തൂക്ക ദിവസം രാത്രിയാണ് സംഭവം.
കുഞ്ഞുണ്ണിയെപ്പോലെ കുഞ്ഞനായിരുന്ന് ഉറക്കം തൂങ്ങുന്ന ആശാനെ കണ്ടപ്പോൾ അന്നത്തെ ദേവസ്വം അധികാരി ഗോപാലകൃഷ്ണന് ഒരാഗ്രഹം.
ആശാനെ ഒന്ന് പറ്റിക്കണം..
അതായത് ആശാനെ ഒന്ന് പറ്റടിപ്പിക്കണം.!
അന്നത്തെ മേൽശാന്തി പറഞ്ഞതുപോലെ കളമ്പൂക്കാവിലമ്മയും താനുമൊഴികെ മറ്റെല്ലാവരും 'കിക്കാ'വുന്ന ദിവസമാണല്ലോ തൂക്കം.
ഗോപാലകൃഷ്ണൻ ആളൊരു ആറടി പൊക്കക്കാരൻ ഗഡാഗഡിയനാണ്.
ഗൂഡാലോചനക്കൊടുവിൽ 'മറ്റവൻ'
കലർത്തിയ കരിക്കുമായി ഗോപാലത്തിന്റെ ആനയുടെ കൂടെ എപ്പോഴും നടക്കുന്നതിനാൽ ആന നാരായണൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന നാരായൺജി ആശാന് മായം ചേർത്ത കരിക്ക് സദയം നീട്ടി.
'ആശാനെ, ഇതങ്ങ് പിടിപ്പിക്ക്, ഷീണിച്ചിരിക്കുവല്ലേ?'
താലപ്പൊലിയ്ക്കൊപ്പമുള്ള പാണ്ടിമേളം ശ്രദ്ധിച്ചു കൊണ്ട്
ഒരു കവിൾ കുടിച്ച ആശാൻ അക്ഷരമൊന്നു പിഴച്ച പോലെ സംശയിച്ച് നിന്നു.കരിക്കിൻ വെള്ളത്തിന് മധുരം കൂടാതെ ഒരു ചവർപ്പ്.!
സംശയിച്ച് തലയുയർത്തി നോക്കിയ കുഞ്ഞാശാന്റെ മുഖം അപ്പോൾ ജാമിയായിലെ പ്രസംഗം കഴിഞ്ഞിറങ്ങി വന്ന ശശി തരൂരിന്റെ മുഖം പോലെയുണ്ടായിരുന്നു.
'കുടിയാശാനെ, ദാഹം മാറാനിച്ചിരി ദ്രാക്ഷാ ചേർത്തതാ.'
അൽപ്പസ്വൽപ്പം വൈദ്യം പാരമ്പര്യമായുള്ള ഗോപിനാഥന്റെ വാക്കുകേട്ട് ദ്രാക്ഷാകൽപ്പം ആശാനൊറ്റവലിയ്ക്കകത്താക്കി.
അൽപ്പം കഴിഞ്ഞ് അമ്പത്തൊന്നക്ഷരങ്ങൾ അമ്മാനമാടിയ ആശാന്റെ കുഞ്ഞു വിരലുകൾ വിറച്ചു..
കണ്ണുകൾ ചുവന്നു.
ഗോപിച്ചേട്ടൻ പാടി..
'അഗ്നിപർവ്വതം പുകഞ്ഞൂ,,, ഭൂചക്രവാളങ്ങൾ ചുവന്നു,,'
ഗരുഡൻ തൂക്കങ്ങൾ ഒന്നിച്ച് തൂക്കത്തട്ടിൽ കയറി പയറ്റിത്തുടങ്ങിയപ്പോൾ മരടിൽ ഹോളി ഫെയ്ത്ത് ഫ്ളാറ്റ് പൊളിച്ചതു പോലെ പൊടിപടലമുയർന്നു.
ഫ്ളാറ്റായി നിന്ന ആറടിക്കാരൻ ഗോപാലകൃഷ്ണൻ കാഴ്ച മറച്ചുകൊണ്ട് ആശാന്റ മുന്നിൽ കയറി നിന്നു.
അപ്പോഴാണ് ആ ചരിത്രപ്രസിദ്ധമായ അലർച്ച ഉണ്ടായത്.!
'മര്യാദക്ക് മാറിനില്ലെടാ മുൻപീന്ന്.. ഒരൊറ്റയടിക്ക് നീ താഴെ കിടക്കും. അറിയാമോ?!'
തിരിഞ്ഞ് നിന്ന് താഴേക്ക് നോക്കിയ ഗോപാലകൃഷ്ണൻ അൽഭുതം കൊണ്ട് കണ്ണ് മിഴിച്ചു.
'ഉണ്ടക്കണ്ണ് മിഴിച്ചു കാണിക്കാതെ മാറി നില്ല്? എന്റെ ഒരടിക്കില്ല നീ..'
തലയുയർത്തി മുകളിലേക്ക് ശ്രമപ്പെട്ട് നോക്കി ആശാൻ ആക്രോശിച്ചു.!
ഇതു കേട്ട് സ്ഥലം കാലിയാക്കാനൊരുങ്ങിയ നാരായണനെ ഗോപാലകൃഷ്ണം കയ്യോടെ പിടികൂടി.
'ഡാ, ..നീ എവിടെ പോവ്വാടാ? എന്നെ ഒറ്റയ്ക്കാക്കീട്ട്?'
'അതു പിന്നെ...'
നാരായണൻ തല ചൊറിഞ്ഞു.
'ആശാന് ചേട്ടനെ അടിക്കണോങ്കി കേറി നിക്കാനൊരു ഡസ്ക്ക് വേണ്ടെ? അതെടുക്കാൻ പോയതാ..'
( ചിത്രം. കളമ്പൂക്കാവിലെ ഗരുഡൻ തൂക്കം)