അമേരിക്കയിലെ മലയാളി എഴുത്തുകാരുടെ ഇടയിലെ ആത്മീയകവിയാണ് ശ്രീമതി എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍. സത്യവേദ പുസ്തകത്തെ അടിസ്ഥാനമാക്കി ധാരാളം ഭക്ത കവിതകള്‍. അത് ഒരു അര്‍ച്ചന കൂടിയാണ് ടീച്ചര്‍ക്ക്. അടിയുറച്ച ദൈവ വിശ്വാസത്തിന്റെയും സ്‌നേഹത്തിന്റെയും അനുകമ്പയുടെയും കാവ്യാര്‍ച്ചന. ക്രിസ്തുമതത്തിന്റെ ചട്ടക്കൂടുകളില്‍ ഉറച്ചു നിന്ന് കൊണ്ട് തന്നെ മനോഹരങ്ങളായ ബൈബിള്‍ കവിതകള്‍ രചിക്കാം എന്ന് അവര്‍ നമുക്ക് കാണിച്ചു തരുന്നു. എന്ന് വെച്ച് എല്ലാം ഭക്ത കവിതകള്‍ ആണെന്ന് ചിന്തിച്ചാല്‍ തെറ്റി. മറ്റു കവിതകളും ധാരാളം എഴുതുന്നു. സന്ദര്‍ഭോചിതമായി, ആനുകാലിക പ്രസക്തിയുള്ള വിഷയങ്ങളെക്കുറിച്ചും കവിതകള്‍ രചിക്കുന്നു.
സമൂഹത്തിലെ അനീതികള്‍ക്കെതിരെ തൂലിക പടവാളാക്കുന്നു. ആശംസ കവിതകള്‍, സ്‌നേഹാദര കവിതകള്‍, മംഗളകാവ്യങ്ങള്‍ വിലാപകാവ്യങ്ങള്‍ അങ്ങിനെ പോകുന്നു ടീച്ചര്‍ തിരഞ്ഞെടുക്കുന്ന വിഷയങ്ങള്‍.
ഗൃഹാതുരത്വവും പിറന്ന നാടിനോടുള്ള സ്‌നേഹവും, ആ കവിതകള്‍ക്ക് പാത്രമാവാറുണ്ടെങ്കിലും ഭക്തിക്കാണ് കൂടുതല്‍ ഊന്നല്‍. മലയാളി ചെറുപ്പം മുതല്‍ കേട്ട് പഠിച്ച, പദ്യ ഭാഷയിലുള്ള കവിതകളാണ് ടീച്ചറുടെ ശൈലി. ദ്രാവിഡ വൃത്തങ്ങള്‍ ഉപയോഗിച്ചുള്ള ഈ പദ്യരചനാ രീതി ഇഷ്ടപ്പെടുന്നവര്‍ ധാരാളം. ഈണത്തില്‍ ചൊല്ലാവുന്ന അതിമനോഹരങ്ങളായ വരികള്‍ അങ്ങിനെ മലയാളികള്‍ക്ക് പ്രിയങ്കരമാവുന്നു.
അമേരിക്കയിലെയും കേരളത്തിലെയും മിക്ക ആനുകാലികങ്ങളില്‍ മലയാളത്തിലും ഇംഗ്ലീഷിലും കവിതകളും ചെറുകഥകളും ലേഖനങ്ങളും പ്രസിദ്ധികരിക്കാറുണ്ട്. ടാഗോറിന്റെ ഗീതാഞ്ജലി വിവര്‍ത്തനം, വൃത്തബദ്ധമായ 435 കവിതകളിലായി ഇംഗ്ലീഷില്‍ നിന്നും മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് അമേരിക്കന്‍ മലയാള സാഹിത്യത്തിനും മലയാളഭാഷക്കും മുതല്‍ക്കൂട്ട് തന്നെ. ഇത് കൂടാതെ പത്തു കവിതാ സമാഹാരങ്ങളും, രണ്ടു ലേഖന സമാഹാരങ്ങളും പ്രസിദ്ധികരിച്ചു. നാഷണല്‍ ബുക്ക് സ്റ്റാള്‍, കറന്റ് ബുക്ക്‌സ് കോട്ടയം, പ്രഭാത് ബുക്ക്‌സ്, വിദ്യാര്‍ത്ഥിമിത്രം, ക്രീയേറ്റീവ് മൈന്‍ഡ്സ് ഇവയെല്ലാമാണ് പ്രസാധകര്‍.
ആറു പതിറ്റാണ്ടുകളായി തുടരുന്നു എല്‍സി യോഹന്നാന്റെ സാഹിത്യ സപര്യ. ധാരാളം അവാര്‍ഡുകള്‍ക്കു അവര്‍ ഇതിനകം അര്‍ഹയായിട്ടുണ്ടു. മാമ്മന്‍ മാപ്പിള മെമ്മോറിയന്‍ അവാര്‍ഡ്, നാലപ്പാട്ട് നാരായണമേനോന്‍ അവാര്‍ഡ്, ഫോമാ, ഫൊക്കാന, സങ്കീര്‍ത്തനം അവാര്‍ഡ്, ഇ-മലയാളി അവാര്‍ഡ്, ന്യൂ യോര്‍ക്ക് കേരള സെന്റര്‍ അവാര്‍ഡ്, ഇതെല്ലം അവയില്‍ പ്രധാനപ്പെട്ട ചിലതു മാത്രം. ഫൊക്കാന അക്ഷര ശ്ലോക മത്സരങ്ങളില്‍ തുടര്‍ച്ചയായി മൂന്നു വര്‍ഷങ്ങളില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
കവിതയെഴുത്തിനൊപ്പം തന്നെ, സാമൂഹ്യ ആധ്യാത്മിക മണ്ഡലങ്ങളിലും സജീവം. അമേരിക്കന്‍ മലയാളികളുടെ പ്രിയ പുരോഹിത ശ്രേഷ്ടന്‍ ഡോ. യോഹന്നാന്‍ ശങ്കരത്തില്‍ കോര്‍ എപ്പിസ്‌കോപ്പയുടെ പത്‌നി പദം ഒരു ദൈവവിളി പോലെ കാണുന്നു എല്‍സി യോഹന്നാന്‍. ഒരു പുരോഹിത ഭാര്യയുടെ കടമയെന്നതിലുപരി സഭയിലെ സ്ത്രീകളുടെ ആത്മീയ പ്രവര്‍ത്തങ്ങളില്‍ സജീവയാണ് എല്‍സി കൊച്ചമ്മ എന്ന് ജനങ്ങള്‍ സ്‌നേഹപൂര്‍വ്വം വിളിക്കുന്ന എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍. 1981 ല്‍ അമേരിക്കയില്‍ മലങ്കര ഓര്‍ത്തോഡോക്‌സ് വനിതാ സമാജം രൂപവര്‍ക്കരിക്കുന്നതിന് നേതൃത്വം കൊടുത്തു. വര്ഷങ്ങളോളം വനിതാ സമാജത്തിന്റെ സെക്രട്ടറി. കഴിഞ്ഞ 49 വര്‍ഷങ്ങളായി സണ്‍ഡേ സ്‌കൂള്‍ അധ്യാപികയായി പ്രവര്‍ത്തിക്കുന്ന അവര്‍, ദേവാലയത്തോടു ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന മലയാളം സ്‌കൂളില്‍ കുട്ടികളെ മലയാള ഭാഷ അഭ്യസിപ്പിക്കുന്നു. വായന, പാചകം, തയ്യല്‍ ഇവയാണ് മറ്റു ഹോബികള്‍.
പത്തനംതിട്ട ജില്ലയിലെ കടമ്പനാട് താഴത്തേതില്‍ റിട്ടയേര്‍ഡ് ഹെഡ് മാസ്റ്റര്‍ ടി. ജി. തോമസിന്റെയും തങ്കമ്മയുടെയും മകളായി ജനിച്ച എല്‍സിക്ക് ഏഴു സഹോദരങ്ങളാണുള്ളത്. ഡിഗ്രിക്ക് ശേഷം ബി. എഡ് എടുത്തു കൂനൂര്‍ സ്റ്റെയിന്‍സ് ഹൈസ്‌കൂള്‍, നീലഗിരി, കടമ്പനാട് ഹൈസ്‌കൂള്‍ ഇവിടെയല്ലാം അദ്ധ്യാപികയായി ജോലിയിലിരുന്നപ്പോളായിരുന്നു അന്ന് ശെമ്മാശനായിരുന്ന റവ. യോഹന്നാന്‍ ശങ്കരത്തിലുമായുള്ള വിവാഹം. 1970 ല്‍ അച്ചന്‍ ഉപരിപഠനത്തിനായി യു.എസില്‍ വരുമ്പോള്‍ അനുഗമിച്ചു. തുടര്‍ന്ന് എഞ്ചിനീയറിങ്ങില്‍ ന്യൂ യോര്‍ക്ക് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ്റ്റര്‍ ബിരുദം നേടിയ കൊച്ചമ്മ 35 വര്‍ഷത്തോളം ന്യൂയോര്‍ക്കിലെ നാസാ കൗണ്ടി പബ്ലിക് വര്‍ക്‌സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ എഞ്ചിനിയറായി സേവനമനുഷ്ഠിച്ചു.
മലങ്കര ഓര്‍ത്തഡോക്ള്‍സ് സഭയിലെ അമേരിക്കന്‍ ഭദ്രാസനത്തിന്റെ പ്രഥമ വികാരിയും അമേരിക്കയിലെ പ്രഥമ കോര്‍ എപ്പിസ്‌ക്കോപ്പയും ന്യൂ യോര്‍ക്ക് ലോങ്ങ് ഐലന്‍ഡ് സെന്റ് തോമസ് മലങ്കര ഓര്‍ത്തോഡോക്‌സ് ഇടവക വികാരിയുമായ വെരി. റെവ. ഡോക്ര്‍ യോഹന്നാന്‍ ശങ്കരത്തില്‍ കോര്‍ എപ്പിസ്‌കോപ്പയോടൊപ്പം ന്യൂ യോര്‍ക്കിലെ ഗാര്‍ഡന്‍ സിറ്റി പാര്‍ക്കില്‍ താമസം. രണ്ടു ആണ്മക്കള്‍. ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കറായ മാത്യു യോഹന്നാനും കോര്‍പ്പറേറ്റു അറ്റോര്‍ണിയും ബിസിനസ്‌കാരനുമായ തോമസ് യോഹന്നാനും.
നന്മയും വിശുദ്ധിയും കലര്‍ന്ന ഇതിവൃത്തങ്ങളിലൂടെ ആവിഷ്‌ക്കരിച്ച തന്റെ കവിതകള്‍ക്ക് വായനക്കാരെ സദാചാരത്തിന്റെയും ഭക്തിയുടെയും പാതയിലേക്ക് നയിക്കുവാന്‍ സാധിച്ചിട്ടുണ്ടെന്നു പ്രിയ കവയിത്രി ഉറച്ചു വിശ്വസിക്കുന്നു. അലങ്കാരങ്ങളും വ്യാകരണങ്ങളുമെല്ലാം ഉള്‍പ്പെടുത്തി കവിതകള്‍ രചിക്കുകയും ക്ലാസ്സിക്ക് കവിതകളോട് പ്രതിബദ്ധത പുലര്‍ത്തുകയും ചെയ്യുന്നതാണ് രീതി. ആധുനിക കവിതകളില്‍ നിന്നും കൃത്യമായ അകലം പാലിക്കുവാനും ശ്രദ്ധിക്കുന്നു. കവിതകള്‍ വായനക്കാരന് മനസിലാവുകയും അതെ സമയം അവനെ നന്മയിലേക്കു നയിക്കുവാനും ഉതകേണ്ടതാണെന്നു അവര്‍ വിശ്വസിക്കുന്നു. ക്രിസ്തുമതത്തിന്റെ അന്തസത്തയായ സ്‌നേഹത്തിലൂടെ മാനവികതയെ നോക്കിക്കാണുന്നു.
ആ വിശ്വാസത്തില്‍ ഉറച്ചു നിന്ന് കൊണ്ട് തന്നെ ഇന്നും വളരെ സജീവമായി എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍ എഴുത്തു തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു. സസന്തോഷം.
see also