ഈ നാടകം വായിച്ചിട്ടില്ലാത്തവരുണ്ടെങ്കിൽ വായിക്കാനുള്ള പ്രേരണ എന്ന നിലക്കുമാത്രം അതിലെ ഉള്ളടക്കം സൂചിപ്പിക്കുകയാണ്. രണ്ടാം ലോകമഹായുദ്ധ സമയം. വിവാഹം കഴിഞ്ഞ് ഭാര്യ സാറാമ്മയെ അവളുടെ
വീട്ടിൽ കൊണ്ടാക്കിയിട്ടു പട്ടാളത്തിൽ പോകുന്ന മാത്തുക്കുട്ടി നാലഞ്ചു വർഷങ്ങൾ കഴിഞ്ഞ് അന്ധനായി മടങ്ങിവരുന്നു.
അപ്പോൾ ഭാര്യ ഗർഭിണി. അതിനുകാരണം മാത്തുക്കുട്ടിയുടെ ഉത്തമസുഹൃത്തായിരുന്ന
കുഞ്ഞുവർക്കി . അമ്മയും ഭാര്യയും മാത്രം അടങ്ങുന്ന കുടുംബത്തിന്റെ
കാര്യങ്ങളൊക്കെ നോക്കിനടത്താൻ ഈ അയൽക്കാരനെ ഏല്പിച്ചിട്ടാണ് മാത്തുക്കുട്ടി
പട്ടാളത്തിൽ പോയത്. ഇപ്പോളിതാ കുഞ്ഞുവർക്കിയുടെ കുഞ്ഞ് സാറാമ്മയിൽ
വളരുന്നു. ഇതൊരു സാധാരണ ഇതിവൃത്തഘടനയാണ്. പക്ഷെ നാടകം വായിക്കുമ്പോൾ
അല്ലെങ്കിൽ കാണുമ്പോൾ നാമറിയുന്നു, മലയാളയത്തിൽ ഒരു നാടകത്തിലും
ലഭ്യമല്ലാത്ത അത്യന്തം മനോഹരമായ ഒരു ഭാവതലം ഇതിനു കൈവരുന്നുണ്ടെന്ന്.
ഉപദേശിയെന്ന കഥാപാത്രം ഇതിൽ
നിറഞ്ഞുനിൽക്കുന്നു. ബൈബിളിലെ
ചില
വാക്യങ്ങൾ വഴിയിൽ വിളിച്ചുപറഞ്ഞുകൊണ്ട് പോവുകയാണയാൾ. ''കർത്താവിന്റെ
മണവാട്ടികളെ, കാത്തിരിപ്പിന്‍, അവൻ വീണ്ടും വരുന്നു''. അശരീരി പോലെ
കേൾക്കുന്ന ശബ്ദം 1949 ല്‍ മലയാള നാടകത്തിൽ ഒരത്ഭുതം ആയിരുന്നു.
റിയലിസ്റ്റിക് തലത്തിലെ സംഭവങ്ങളെ ഉൾക്കണ്ണുകൊണ്ട് മറ്റൊരു തലത്തിൽ കാണാൻ
പ്രേക്ഷകനെ പ്രേരിപ്പിക്കുന്ന കഥാപാത്രം.
ഈ നാടകത്തിലെ സാറാമ്മ
സിജെയുടെ വേറിട്ട ചിന്തയുടെ സന്തതിയാണ്. സ്ത്രീയുടെ നിസ്സഹായാവസ്ഥ
പ്രതിപാദിക്കുമ്പോഴും അവളുടെ ഉറച്ച തീരുമാനങ്ങൾക്ക് മുൻതൂക്കം കൊടുക്കാൻ
സിജെ മടി കാണിക്കുന്നില്ല. പട്ടാളത്തിൽ പോയ ഭർത്താവിനെ വഞ്ചിച്ച് അയാളുടെ
സുഹൃത്തിന്റെ കുഞ്ഞിനെ ഗർഭത്തിലേറ്റിയ തെറ്റുകാരിയെന്ന് സാറാമ്മയെ സമൂഹം
വിധിയെഴുതി. പക്ഷെ, അത് അത്രയ്ക്ക് തെറ്റാണോ എന്ന് ഒരു നിമിഷം ചിന്തിക്കാൻ
സമൂഹത്തെ പ്രേരിപ്പിക്കുന്നുണ്ട് സിജെയുടെ ശില്പവൈദഗ്ദ്യം.
പശ്ചാത്താപത്തിനു വിധേയരായ കുഞ്ഞുവര്‍ക്കിയേയും സാറാമ്മയെയും
പാപവിമുക്തരാക്കുന്ന ഒരസാധാരണ പരിണതി തന്റെ നാടകത്തിന്റെ ക്രിയാംശവികാസ
പ്രക്രിയയിലൂടെ നാടകകൃത്ത് സാധിച്ചെടുത്തിരിക്കുന്നു. അതിനനുസൃതമായ
വിധത്തിൽ നാടകീയ സംഭവമുഹൂർത്തങ്ങളെ കോർത്തിണക്കാൻ കഴിഞ്ഞെന്നതാണ് സിജെയുടെ
വിജയം. പുരുഷനെ വിശുദ്ധനായും സ്ത്രീയെ തെറ്റുകാരിയായും മുന്ദ്രകുത്തുന്ന
സാധാരണ കാഴ്ചയിൽനിന്നും സിജെ വേറിട്ടുനിൽക്കുന്നു.
തന്റെ ഭാര്യ
ഗർഭിണിയാണെന്നറിഞ്ഞ മാത്തുക്കുട്ടി നിലകെട്ട് അട്ടഹസിച്ചുനിൽക്കുമ്പോൾ
സാറാമ്മ പൊടുന്നനെ കുപിതയാകുന്നു. ''മതി, നിറുത്ത്. ഇനി ഞാനെന്തു വേണം ?
മരിക്കണോ ? ഇത്ര അട്ടഹസിക്കാനെന്തിരിക്കുന്നു ? ഞാൻ തെറ്റു ചെയ്തു.
അതിനുമാത്രം അനുഭവിച്ചും കഴിഞ്ഞു. ഇനിയും എന്നെ ചവിട്ടുന്നതെന്തിന് ?
ഇവിടെ നിറുത്തിക്കൊല്ലുന്നതതെന്തിന് ? ഞാനൊരു പെണ്ണാണ്. എനിക്കും
ജീവിക്കണം. നാലുകൊല്ലം ആരുമേതുമില്ലാതെ എന്നെ ഒറ്റക്കിട്ട് , പേരിന്
വിവാഹിതയെന്നും പറഞ്ഞ്, ഇപ്പോൾ വന്നിരിക്കുന്നു ചോദിക്കാൻ'' ഇതു പറഞ്ഞു
പൊട്ടിക്കരയുന്ന സാറാമ്മക്കു മുമ്പിൽ അത്ഭുതസ്തബ്ധനാകാനേ
മാത്തുക്കുട്ടിക്ക് കഴിയുന്നുള്ളു. തന്നെ ഒരു വേലക്കാരിയായെങ്കിലും കൂടെ
ജീവിക്കാൻ യാചിക്കുന്ന നിസ്സഹായയായൊരു യുവതിയുടെ വാക്കുകളിലൂടെ അവളും
അവളുടെ ശിരസ്സിൽ തൊട്ടുതടവി ആശ്വസിപ്പിക്കുന്ന അന്ധനായ മാത്തുക്കുട്ടിയും
വേറിട്ട കാഴ്ച അനുവാചകനു പ്രദാനം ചെയ്യുന്നു. സ്ത്രീപുരുഷ ബന്ധത്തിൻറെ
മറ്റൊരു തലം ഇവിടെ ദൃശ്യമാകുന്നു. മാത്തുക്കുട്ടിയുടെ അമ്മ മരിച്ചു.
പടക്കശാലയിൽ പണിക്കുപോയ മാത്തുക്കുട്ടിയും ജീവനറ്റു. അശരണയും ഗർഭിണിയുമായ
സാറാമ്മയെ കുഞ്ഞുവർക്കിയെ ഏല്പിച്ചിട്ടാണ് അന്ന് മാത്തുക്കുട്ടി ജോലിക്കു
പോയത്. കുഞ്ഞുവർക്കി അവളുടെ രക്ഷകനായി. നിയമങ്ങൾക്ക് അതു വിരുദ്ധമാണ്.
മതത്തിന്റെ നിഷ്കരുണനിയമങ്ങളോട് അവർക്കു പൊരുതേണ്ടിവരുന്നു.
''കരുണയെന്നൊന്ന് നിങ്ങളുടെ വേദപുസ്തകത്തിലില്ലേ'' എന്ന് ഉപദേശിയോട്
കുഞ്ഞുവർക്കിക്കു ചോദിക്കേണ്ടിവന്നു. കാരണം അവർ ഒന്നിച്ചു താമസിക്കാൻ
പാടില്ല. ഉപദേശിയുടെ നിബന്ധനകളോട് പൊരുത്തപ്പെടാനാവാത്ത സാറാമ്മ,
മാത്തുക്കുട്ടി കെട്ടിയ താലി പൊട്ടിച്ചെറിയുന്നു. ആരെതിർത്താലും ഒരുമിച്ചു
ജീവിക്കാനുള്ള അവരുടെ ഉറച്ച തീരുമാനം മതത്തിനെതിരെയുള്ള സിജെയുടെ രോഷമാണ്
പ്രകടമാക്കുന്നത്. ഗർഭിണിയായൊരു യുവതി ഒറ്റയ്ക്ക് കിടന്നാലും പ്രശ്നമില്ല
എന്ന നിലപാടിനോടുള്ള നിഷേധമാണ് കുഞ്ഞുവർക്കിയിലൂടെ പ്രത്യക്ഷമാകുന്നത്.
''മനുഷ്യൻ ഒന്നിച്ചുചേർത്തവരെ ദൈവം വേർപെടുത്തരുത് '' എന്ന പുതുപുത്തൻ
നിയമമെഴുതിയാണ് സിജെ നാടകം അവസാനിപ്പിക്കുന്നത്.
സിജെയുടെ നാടകങ്ങളിലെ സ്ത്രീപക്ഷവിചാരങ്ങൾ മാനവവാദിയായൊരു നാടകചിന്തകനെയാണ് നമുക്കുമുന്നിൽ അവതരിപ്പിക്കുന്നത്. സ്ത്രീകഥാപാത്രങ്ങളുടെ ബാഹ്യഭാവങ്ങൾക്കപ്പുറം അവരുടെ
മാനസീകഭാവങ്ങളിൽ
പങ്കുചേരാനും കഴിയുന്നതുകൊണ്ടാണ് ഈ സ്ത്രീപക്ഷസമീപനം ഇത്ര സത്യസന്ധമായി
നമുക്കനുഭവപ്പെടുന്നത്. മാത്രമല്ല, അത്തരം കഥാപാത്രങ്ങൾ സ്നേഹത്തിന്റെ
അനന്തവും അഗാധവുമായ തലങ്ങളിലേക്ക് നമ്മുടെ വികാരങ്ങളെ എത്തിക്കുകയും
ചെയ്യുന്നു. (അടുത്തതിൽ ''1128 ല്‍ ക്രൈം 27 '')