മലയാള സാഹിത്യത്തില്‍ തന്റേതായ ശൈലിയിലൂടെ അടയാളപ്പെടുത്തപ്പെട്ട വളരെ വ്യത്യസ്തനായ എഴുത്തുകാരനാണ് ജോസഫ് നമ്പിമഠം. അദ്ദേഹം ആധുനിക കവിതകള്‍ക്കൊപ്പം നടക്കുവാന്‍ തുടങ്ങിയിട്ട് നാല് പതിറ്റാണ്ടിലേറെയായി. കൃത്യമായി പറഞ്ഞാല്‍ നാല്പത്തിയാറു വര്‍ഷം.
നൂതനവും അതേസമയം വ്യത്യസ്തവുമാണ് ആ കവിതാ വിഷയങ്ങള്‍. കവിത എഴുത്ത് വളരെ സാര്‍വത്രികമായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ വ്യത്യസ്തതയുടെ വെല്ലുവിളിയോടെ അതിനെ ഏറ്റെടുക്കുന്ന രീതിയാണ് നമ്പിമഠം സ്വീകരിച്ചിരിക്കുന്നത്. അമേരിക്കയിലെയും കേരളത്തിലെയും മിക്ക പ്രസിദ്ധീകരണങ്ങളിലും തന്റെ സൃഷ്ടികള്‍ പ്രസിദ്ധീകരിക്കുന്നു. 1975 ലാണ് ആദ്യകവിതയായ പുതുയുഗപ്പിറവി പ്രസിദ്ധീകരിച്ചത്. ആദ്യകാലത്ത് മരിയാദാസ് നമ്പിമഠം എന്ന പേരിലും എഴുതിയിരുന്നു.
രണ്ടു കവിതാ സമാഹാരങ്ങള്‍, ഒരു ലേഖന സമാഹാരം, ഒരു ചെറുകഥാ സമാഹാരം ഇവയാണ് പ്രസിദ്ധീകരിച്ചിരിക്കുന്ന പുസ്തകങ്ങള്‍. നിസ്വനായ പക്ഷി, ഉഷ്ണമേഖലയിലെ ശലഭം, കൊച്ചു കാര്യങ്ങളുടെ അരുന്ധതി നക്ഷത്രം ഇവയെല്ലാം പ്രസിദ്ധീകരിച്ചിരിക്കുന്നത് മള്‍ബറി ബുക്‌സ് ആണ്. 2004 ലാണ് തിരുമുറിവുകളിലെ തീ എന്ന കവിതാസമാഹാരം പാപ്പിയോണ്‍ ബുക്‌സ് പ്രസിദ്ധീകരിച്ചത് . 2009 ല്‍ കേരള സാഹിത്യ അക്കാദമി പ്രസിദ്ധികരിച്ച അമേരിക്കന്‍ മലയാളി കവിതകളുടെ ഗെസ്റ്റ് എഡിറ്ററായി പ്രവര്‍ത്തിച്ചിട്ടുണ്ട്. തന്റെ പുതിയ കവിതകള്‍ ചേര്‍ത്ത് ഒരു പുസ്തകമാക്കുന്നതിന്റെ പണിപ്പുരയിലാണിപ്പോള്‍ ഇദ്ദേഹം.
തന്റെ ഓരോ കവിതയും ഒന്നിനൊന്നു വേറിട്ടതാക്കാന്‍ ശ്രമിക്കാറുണ്ടെന്നു കവി പറയുന്നു. ആവര്‍ത്തന വിരസത തെല്ലുമില്ലാതെ വായിച്ചു പോകാവുന്ന ചടുലമായ വരികളാണ് അവ. പല കവിതകളിലും സമൂഹത്തിലെ അധര്‍മത്തോടും അനീതിയോടുമുള്ള ആത്മരോഷവും അസഹിഷ്ണുതയും മുന്നിട്ടു നില്‍ക്കുന്നതു കാണാം.
ധാരാളം പുരസ്‌കാരങ്ങള്‍ നമ്പിമഠത്തിനെ തേടി വന്നിട്ടുണ്ട്. ഫൊക്കാന, മലയാളവേദി, വേള്‍ഡ് മലയാളി കൗണ്‍സില്‍, വിചാരവേദി, ഇ-മലയാളി, ലാന സാഹിത്യ പുരസ്‌കാരം എന്നീ അവാര്‍ഡുകള്‍ അവയില്‍ ചിലതു മാത്രം.
1993 ല്‍ ഡാലസില്‍ രൂപം കൊണ്ട കേരള ലിറ്റററി സൊസൈറ്റി (കെഎല്‍എസ്) , 1997 ല്‍ രൂപം കൊണ്ട ലിറ്റററി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (ലാന) ഇവയുടെ സ്ഥാപക നേതാക്കളിലൊരാളാണ് ജോസഫ് നമ്പിമഠം. ഒരു പറ്റം സാഹിത്യ സ്‌നേഹികളുടെ കൂട്ടായ്മയുടെ ഫലമായി ഉടലെടുത്ത ഈ രണ്ടു സാഹിത്യ സംഘടനകളിലും വര്‍ഷങ്ങളോളം അധ്യക്ഷപദമുള്‍പ്പെടെയുള്ള നേതൃപദവികള്‍ വഹിച്ചിരുന്നു.
വായനയും എഴുത്തും നെഞ്ചോടു ചേര്‍ത്തു വെച്ചിരുന്ന ഒരു കൂട്ടം സുഹൃത്തുക്കള്‍ക്കു കൂടിച്ചേരാന്‍ ഒരു വേദിയെന്ന നിലയില്‍ തുടങ്ങിയതാണ് ഈ സംഘടനകള്‍. ഇന്നത്തെ അവയുടെ വളര്‍ച്ചയില്‍ അഭിമാനമുണ്ടെങ്കിലും എഴുത്തില്‍ ഇനിയും നാം അനേകം കാതം മുന്നോട്ടു പോകുവാനുണ്ടെന്നു നമ്പിമഠം വിശ്വസിക്കുന്നു. 'അമേരിക്കയുടെ മണ്ണില്‍ മലയാള സാഹിത്യം ഇനിയും വളരേണ്ടിയിരിക്കുന്നു. അമേരിക്കന്‍ മലയാളി എഴുത്തുകാരന്‍ ഏതു നേരവും കേരളത്തിലേക്കു നോക്കിയിരുന്നു സൃഷ്ടി നടത്തേണ്ടതില്ല. കുടിയേറ്റ നാടായ അമേരിക്കയില്‍ വേരുറപ്പിച്ചു കൊണ്ടുതന്നെ, മലയാള സാഹിത്യം ഈ മണ്ണില്‍ വളര്‍ത്തുവാന്‍ നാം പ്രാപ്തരാവണം. അമേരിക്കയിലെയും കാനഡയിലെയും മലയാളി എഴുത്തുകാര്‍ മത്സരിക്കേണ്ടത് ഇവിടെയുള്ളവരോടാണ്. ഇതിനെല്ലാം ആഴത്തിലുള്ള വായന അത്യാവശ്യവുമാണ്. ലോകക്ലാസിക്കുകള്‍ മുതല്‍ എല്ലാം നാം വായിക്കേണ്ടതുണ്ട്.' ഇന്നും വിടാതെയുള്ള വായനയാണ് തനിക്കു വീണ്ടും എഴുതുവാനുള്ള ഊര്‍ജ്ജം തരുന്നതെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
ഇന്നത്തെ സാമൂഹിക - നവമാധ്യമങ്ങളെക്കുറിച്ച് എന്താണ് അഭിപ്രായം?
സോഷ്യല്‍ മീഡിയയുടെ വരവോടെ, ആര്‍ക്കും എന്തും എഴുതാം, ആര്‍ക്കും എഴുത്തുകാരനാകാം, എഴുതിയാല്‍ ഉടന്‍ പ്രസിദ്ധീകരിക്കാം, അയച്ചു കൊടുത്തു മാസങ്ങള്‍ കാത്തിരിക്കേണ്ട, ആരുടെയും കാരുണ്യത്തിനു കാത്തു നില്‍ക്കണ്ട എന്നൊരു സാഹചര്യം ഉണ്ടായി. സാഹിത്യ പ്രസിദ്ധീകരണങ്ങളുടെ കുത്തകയ്ക്ക് ഇതൊരു അടിയായി എന്നു പറയാമെങ്കിലും ഇതിനെ മറ്റൊരു രീതിയിലാണ് ഞാന്‍ കാണുന്നത്. എല്ലാവര്‍ക്കും വേണ്ടത് അവിടെയുണ്ട്. ഗുണവും ദോഷവും. എന്ത് വേണമെന്ന് അവനവന്‍ തീരുമാനിക്കുന്നു. അതുപോലെതന്നെ സോഷ്യല്‍ മീഡിയ സാഹിത്യത്തെയും കണ്ടാല്‍ മതി. മൂല്യമുള്ള രചനകള്‍ നിലനില്‍ക്കും, വായിക്കപ്പെടും, ചര്‍ച്ച ചെയ്യപ്പെടും. വാമൊഴിയിലൂടെ മാത്രം പാടി നടന്ന കൃതികള്‍ ഇന്നും നിലനില്‍ക്കുന്നതു പോലെ. നല്ല കൃതികള്‍ നിലനില്‍ക്കുന്നത് ഗുണമേന്മ കൊണ്ടും കാലത്തെ അതിജീവിക്കാനുള്ള കരൂത്തുകൊണ്ടുമാണ്; സ്തുതിപാഠകരായ പാണന്മാര്‍ പാടി നടന്നതുകൊണ്ടോ കാശു കൊടുത്തു വാങ്ങിയ അവാര്‍ഡുകളുടെ പിന്‍ബലം കൊണ്ടോ അല്ല.
ഗുണമേന്‍മയ്ക്ക് അത്ര സഹായകരമല്ലെങ്കിലും, സോഷ്യല്‍ മീഡിയ എഴുത്തിനെയും വായനയെയും കൂടുതല്‍ ജനകീയമാക്കാന്‍ സഹായിച്ചിട്ടുണ്ട്. സാഹിത്യത്തെ ഗൗരവമായിക്കാണുന്നവര്‍ പിന്നീട് മികച്ച രചനകളുടെ വായനക്കാരായി, എഴുത്തുകാരായി നിലവാരമുള്ളവരായി പരിണമിച്ചുകൊള്ളും.
അമേരിക്കയിലെ മലയാള സാഹിത്യ രംഗത്ത്, ആദ്യ കാലങ്ങളില്‍ എഴുതിയിരുന്നവര്‍ക്ക് രചനകള്‍ പ്രസിദ്ധീകരിക്കാനോ വായിക്കപ്പെടാനോ ചര്‍ച്ച ചെയ്യപ്പെടാനോ ഇന്നുള്ളതുപോലെ മാധ്യമങ്ങളോ വായനക്കാരോ സൗകര്യങ്ങളോ ഇല്ലായിരുന്നു. ഇന്ന് അതിനൊക്കെ കാര്യമായ മാറ്റം വന്നിട്ടുണ്ട്. ഇന്ന് ഇവിടെ എഴുതുന്നതില്‍ പലരുടെയും രചനകള്‍ കേരളത്തിലെ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുകയും വായിക്കപ്പെടുകയും ചെയ്യുന്നുണ്ട്. ഏതാനും മാസങ്ങള്‍ക്കു മുന്‍പ് 'കുബ്ബൂസ്' എന്ന എന്റെ കവിത വാക്കനല്‍ എന്ന ഫെയ്‌സ്ബുക് പേജില്‍ ചര്‍ച്ചയ്ക്കു വരികയും ധാരാളം പേര്‍ ആ ചര്‍ച്ചയില്‍ പങ്കെടുക്കുകയും ചെയ്തു. സുകുമാര്‍ അഴീക്കോടിന്റെ പേരിലുള്ള തത്വമസി സാംസ്‌കാരിക അക്കാദമിയുടെ അംഗമാക്കുകയും പല കവിതകളും അവിടെ പ്രസിദ്ധീകരിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്യുന്നുണ്ട്.
ശക്തരായ നിരൂപകരുടെ അഭാവം മലയാളസാഹിത്യം നേരിടുന്ന ഒരു പ്രശ്നമല്ലേ?
അമേരിക്കയിലെ മാത്രമല്ല, പൊതുവേ മലയാള സാഹിത്യത്തില്‍ ഇന്ന് മികച്ച നിരൂപകര്‍ ഇല്ല എന്നതാണ് സത്യം. മാരാരും മുണ്ടശ്ശേരിയും എം. പി.പോളും അഴീക്കോടും തുടങ്ങി ഇങ്ങേ അറ്റത്ത് എം. കൃഷ്ണന്‍ നായരുടെ കാലവും കഴിഞ്ഞപ്പോള്‍ മലയാള സാഹിത്യ നിരൂപക സാമ്രാജ്യം ഏതാണ്ട് അന്യംനിന്നു പോയതു പോലെയാണ് തോന്നുന്നത്. നിരൂപകന്‍ ഇല്ലാത്ത കാലം എന്നാല്‍, കാലനില്ലാത്ത കാലം പോലെ ആണ്. നല്ല നിരൂപണം, എഴുത്തുകാര്‍ക്ക് പ്രചോദനം നല്‍കുക മാത്രമല്ല കൃതികളുടെ മൂല്യം കണ്ടെത്താനും സഹായിക്കും. ഭാവി എഴുത്തുകാര്‍ക്കും സാഹിത്യ വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കും പഠനവിഷയമാകുകയും ചെയ്യും.
ഇന്നത്തെ അവാര്‍ഡ് മാഫിയകളെക്കുറിച്ചു എന്താണ് അഭിപ്രായം?
ഒരു പുസ്തകം പ്രസിദ്ധീകരിച്ചാല്‍ ഉടനെ, നാട്ടിലും എവിടെയുമുള്ള ചില മഴക്കൂണ്‍ സംഘടനകളുടെ സ്വാധീനം ഉപയോഗിച്ച് പലരും അവാര്‍ഡുകള്‍ തരപ്പെടുത്തി അമിത പ്രാധാന്യം കൈവരിക്കുന്നത് കണ്ടിട്ടുണ്ട്. പണവും സ്വാധീനവും ഉണ്ടെങ്കില്‍ അവാര്‍ഡുകള്‍ കിട്ടാനും കൊടുക്കാനും വലിയ ബുദ്ധിമുട്ടൊന്നുമില്ല. അതിനൊന്നും പോകാത്തവര്‍ പലരും എത്ര എഴുതിയാലും എത്ര നിലവാരമുണ്ടെങ്കിലും ശ്രദ്ധിക്കപ്പെടാതെ പോകുന്നുമുണ്ട്. ഉത്സവത്തിന് പൊയ്ക്കാല്‍ കെട്ടിയവന്‍ എന്നും അതില്‍ നടക്കില്ലല്ലോ. ഒരിക്കല്‍ അത് അഴിച്ചു വയ്‌ക്കേണ്ടിവരും, വെറും മണ്ണില്‍ നടക്കേണ്ടതായും വരും. അതിനൊന്നും പോകാത്തവര്‍ എന്നും മണ്ണില്‍ തന്നെ നില്‍ക്കും.
വര്‍ഷങ്ങളുടെ സാഹിത്യ അനുഭവങ്ങളുടെ വാക്കുകളാണിവ.
ചങ്ങനാശ്ശേരിക്കടുത്തു വടക്കേക്കരയില്‍ നമ്പിമഠത്തു ദേവസ്യ സാറിന്റെയും അന്നമ്മയുടെയും മകനായി ജനിച്ച നമ്പിമഠത്തിന് ആറു സഹോദരന്‍മാരും രണ്ടു സഹോദരിമാരുമാണുള്ളത്. ചങ്ങനാശേരി എസ്ബി കോളജില്‍നിന്ന് ഇംഗ്ലിഷ് ലിറ്ററേറ്റച്ചറില്‍ ബിരുദമെടുത്ത ശേഷം 1985 ലാണ് കുടുംബസമേതം അമേരിക്കയിലേക്കു കുടിയേറുന്നത്. ഡാലസിലെ ഒരു പ്രമുഖ ആശുപത്രിയില്‍ റേഡിയോളജി ടെക്നോളജിസ്റ്റ് ആയിരുന്ന ഇദ്ദേഹം റിട്ടയര്‍മെന്റിനു ശേഷം കൂടുതല്‍ സമയം എഴുത്തിനും വായനയ്ക്കുമായി മാറ്റിവയ്ക്കുന്നു. വിശാലമായ തന്റെ ഹോം ലൈബ്രറിയില്‍ ലോക്ഡൗണ്‍ കാലത്തിന്റെ മടുപ്പറിയാതെ സാഹിത്യ രചനയില്‍ ഏര്‍പ്പെടുന്നു.
ഭാര്യ റോസമ്മയോടൊപ്പം ടെക്സസിലെ ഡാലസില്‍ സ്ഥിരതാമസമാക്കിയിരിക്കുന്ന ഇവര്‍ക്ക് രണ്ടു ആണ്‍മക്കളും ഒരു മകളുമാണുള്ളത്. അടുത്തിടെ വല്യപ്പച്ചനായ നമ്പിമഠത്തിന് കോവിഡ് കാലമായതിനാല്‍ തന്റെ പേരക്കുട്ടിയെ യഥേഷ്ടം ലാളിക്കുവാന്‍ കിട്ടുന്നില്ലെന്നൊരു വിഷമവും ഉണ്ട്. 'എത്രയും വേഗം കോവിഡിന് വാക്സീന്‍ കണ്ടു പിടിച്ച് സ്ഥിതിഗതികളൊക്കെ സാധാരണ ഗതിയിലാകട്ടെ' ..അദ്ദേഹം പറഞ്ഞു നിര്‍ത്തി.
വര്‍ത്തമാനകാലത്തോട് സംവദിച്ചും സ്വയം പുതുക്കിയുമാണ് നമ്പിമഠം തന്റെ കവിതകളെ സമീപിക്കുന്നത്. പാരമ്പര്യ കവിതാ ശൈലിയില്‍നിന്നു വിട്ടു നില്‍ക്കുമ്പോഴും പുരാണവും ഇതിഹാസങ്ങളും പ്രണയവുമെല്ലാം ഈ ചങ്ങനാശ്ശേരിക്കാരന്റെ കവിതകളില്‍ കടന്നു വരുന്നു. 'വാക്കുകളിലും അവയുടെ ക്രമീകരണത്തിലും മാത്രമല്ല, ബിംബങ്ങളുടെ മൗലികതയിലും നമ്പിമഠം ശ്രദ്ധേയനാണ്'- ഡോ. അയ്യപ്പപ്പണിക്കര്‍ നമ്പിമഠത്തിന്റെ 'നിസ്വനായ പക്ഷി' എന്ന കാവ്യ സമാഹാരത്തിന്റെ അവതാരികയില്‍ കുറിച്ച വരികളാണവ. അതെ, വളരെ പച്ചയായ, ചോരയിറ്റുന്ന വരികളാണ് അദ്ദേഹത്തിന്റെ കവിതകളില്‍ നമുക്ക് ദര്‍ശിക്കാനാവുക. തന്റെ കവിതകള്‍ പോലെ തന്നെയാണ് കവിയും. പരിചയമില്ലാത്തവര്‍ക്കു പരുക്കനെന്നു തോന്നിയേക്കാവുന്ന പച്ചമനുഷ്യന്‍, അടുത്ത സുഹൃത്തുക്കള്‍ക്ക് ശാന്തനും സൗമ്യനുമാണ്. കടല്‍ കടന്നു വന്നു കാലങ്ങള്‍ കഴിഞ്ഞിട്ടും സ്വന്തം നാടിനെയും ഭാഷയെയും നെഞ്ചോടു ചേര്‍ത്തുവച്ച് കവി ജോസഫ് നമ്പിമഠം അനസ്യൂതം എഴുത്തു തുടരുന്നു; സധൈര്യം. സുശക്തം.