ഓര്‍ത്താല്‍ മിഥ്യ, മായിക വിദ്യ,
സൂര്യനു താഴത്തെല്ലാം മിഥ്യ,
സൃഷ്ടിസ്ഥിതികള്‍, സംഹാരത്താല്‍,
അസ്ഥിരമത്രേ, സര്‍വം മിഥ്യ,
കാലത്തിന്‍ വഴികാട്ടി കാല്യം-
പകലിന്‍ കുത്തുവിളക്കേന്തി,
അന്തിക്കടലില്‍ മുങ്ങിപ്പൊങ്ങി,
മാന്ത്രികവേലകള്‍ കാട്ടുമ്പോള്‍;
ദിവ്യനിയോഗം കയ്യൊപ്പിട്ട്,
ആത്മശരീരം വരമാക്കി,
വളരുംതോറും തളരുന്ന,
മര്‍ത്ത്യാ, നീയും മന്നിന് മിഥ്യ.
ബുദ്ധി, മനനം, ജ്ഞാനാജ്ഞാനം,
സത്യമസത്യം, ധര്‍മ്മാധര്‍മ്മം,
ദുഖസുഖങ്ങള്‍, പുണ്യം, പാപം,
ആശ, നിരാശ, ന്യായാന്യായം,
സ്‌നേഹം, വൈരം, കോപമിതെല്ലാം,
രൂപംപൂണ്ടിരുകാലികളായ്,
ഭാവരസങ്ങള്‍ക്കൊത്തവിധം,
താനെ മുഖമുദ്രകള്‍ മാറ്റി,
ജീവിതനാടകമാടുന്നു,
ചിരിതൂകുന്നു, കരയുന്നു,
വീഴുന്നിടയില്‍ തിരശീല,
മകുടം ചൂടുന്നവരെങ്ങ്?
നാളെപ്പറ്റി കോട്ടകള്‍ കെട്ടി,
നാളുകളെണ്ണിക്കഴിയുമ്പോള്‍,
ഭാവിഭാസുരമാക്കാനെന്നും-
ഭാരച്ചുമടുചുമക്കുമ്പോള്‍,
സമ്പത്തിന്‍ സമൃദ്ധിയിലെത്തി-
വമ്പു പറഞ്ഞ് മദിക്കുമ്പോള്‍,
കഷ്ടപ്പാടുകള്‍ സഹനത്തിന്‍-
കുരിശുകളാക്കി മാറ്റുമ്പോള്‍,
രാപ്പകലെന്യേ ഭോഗംതേടി-
ആപത്തുകളില്‍ വലയുമ്പോള്‍,
പെട്ടെന്നമ്പേ വീണുടയുന്നീ-
മണ്‍വണ്ടികള്‍ വവിയോരത്ത്.
പൊട്ടിമുളയ്ക്കുന്നവയൊക്കെ,
പൊട്ടിത്തകരാനൊരുമാത്ര;
സാന്ത്വനമേകാം സഹജര്‍ക്ക്,
യാത്ര മഹത്തരമാക്കിടാം;
സല്‍ക്കര്‍മ്മികള്‍ക്ക് സമാധാനം,
സന്തേഷക്കുളിരനുഭൂതി;
മിന്നലിനൊപ്പം, സ്വപ്നം മാത്രം,
നീര്‍പ്പോള, നിമിഷക്കുമിള.