മലയാള നാടകങ്ങളുടെ കൂട്ടത്തിൽ ധീരമായൊരു പരീക്ഷണമായി ഇതിന്നും നിലകൊള്ളുന്നു. ആദിമധ്യാന്തപ്പൊരുത്തമുള്ള നാടകങ്ങളുടെ ചട്ടക്കൂടിനു പുറത്തു നിന്നുകൊണ്ട്, ലോകനാടകവേദിയിലെ ആധുനിക സിദ്ധാന്തങ്ങൾ പരീക്ഷിച്ചുകൊണ്ട് നടനഭൂമിയിലെ നവഭാവുകത്വത്തിന് വഴിതെളിച്ച നാടകമാണിത്.
നാടകാഭിനയം തന്നെ വിഷയമായതല്ല ഇതിന്റെ പ്രത്യേകത. പല തട്ടുകളിൽ യാഥാർഥ്യം ഉൾക്കൊള്ളുന്ന കഥാപാത്രങ്ങൾ ഒന്നിച്ചു വരുമ്പോഴത്തെ വിഭ്രാന്തികരമായ അവസ്ഥ വിട്ടുകളയാതെ തന്നെ ഗൗരവമേറിയൊരു പ്രശ്നം അവതരിപ്പിക്കാൻ ഇതിനു കഴിഞ്ഞിട്ടുണ്ട്. നമ്മുടെ നടന്മാരും നാട്യവേദിയും നാടകാസ്വാദനവും ഇപ്പോഴത്തെപ്പോലെ ഇരിക്കുന്നിടത്തോളംകാലം ഈ നാടകം സമർത്ഥമായ നിലയിൽ അവതരിപ്പിക്കാൻ ബുദ്ധിമുട്ടുണ്ടാകും. സംവിധായകന്റെയും നടീനടന്മാരുടെയും സർവ്വ കഴിവുകളും പരീക്ഷിക്കപ്പെടുന്നൊരു നാടകമാണിത്. ഹാസ്യവും ശോകവും ഈരിഴചേർത്തു പിന്നിയിരിക്കുകയാണിവിടെ. വികാരങ്ങളുടെ മുറുക്കം പെട്ടെന്നു കൂടുകയും കുറയുകയും വേണം. ഗുരുവും സ്റ്റേജുമാനേജരും ശിഷ്യനും ഒരു തട്ടിൽ, മറ്റു കക്ഷികൾ വേറൊരു തട്ടിൽ, കാഴ്ചക്കാർ രണ്ടു തട്ടുകളും കാണേണ്ടിയിരിക്കുന്നു. അവയുടെ പരസ്പരബന്ധം മനസ്സിലാക്കുകയും വേണം.
പ്രധാന വിഷയം മരണമാണ്. കഥാതന്തു വളരെ ലളിതം. എറുപ്പക്കയുടെ ഭർത്താവായ മാർക്കോസും അവളുടെ ജാരനായ വർക്കിയും ഒരേ കുമ്മായച്ചൂളയിൽ ജോലി ചെയ്യുന്നു. അവിടെവച്ച് അവർ ഏറ്റുമുട്ടുന്നു. മാർക്കോസ് പെട്ടെന്ന് അപ്രത്യക്ഷനാകുന്നു. അയാൾ ചൂളയിൽ വീണുമരിച്ചതാണെന്നും അല്ല കൊല്ലപ്പെട്ടതാണെന്നും ജനസംസാരം. ഈ സംഭവത്തെ പത്രം, കുടുംബം, കോടതി എന്നീ സ്ഥാപനങ്ങളിൽ എന്ത് പ്രതികരണമാണ് ഉണ്ടാക്കുന്നതെന്ന് ഗുരു ഓരോ ഘട്ടത്തിൽ ശിഷ്യനെ ബോധ്യപ്പെടുത്തുന്നു. മരണത്തെപ്പറ്റിയുള്ളൊരു സംവാദമാണ് ഈ നാടകം. മരണത്തെ കുറിച്ച് മരിച്ചവന്റെ കാഴ്ചപ്പാട് എന്തായിരിക്കുമെന്നാണ് നാടകകൃത്തിന്റെ ചോദ്യം. അവനവന്റെ മരണം ഒരു തികഞ്ഞ ഫലിതമായിരിക്കും എന്നാണ് ഗുരുവിന്റെ ഉത്തരം. തുടർന്ന് മരണമെന്ന ദാര്‍ശനികസമസ്യയെ ജീവിച്ചിരിക്കുന്നവർ എങ്ങനെയാണ് സമീപിക്കുന്നതെന്ന് വിവിധ രംഗങ്ങളിലായി അരങ്ങേറുന്ന നാടകത്തിലൂടെ ഗുരു കാട്ടിത്തരുന്നു.
മരണത്തെപ്പറ്റിയുള്ള വാർത്ത പത്രത്തിൽ പ്രാധാന്യത്തോടെ അടിച്ചുവരുമെന്നു വിചാരിക്കുന്ന ഘട്ടത്തിൽ മന്ത്രിയുടെ താറാവ് കൃഷിയെപ്പറ്റിയുള്ള പ്രസംഗം പത്രമാഫീസിൽ ലഭിക്കുന്നു. അത് പ്രധാനവാർത്തയാകുന്നു. അപ്പോൾ മരണത്തെപ്പറ്റിയുള്ള വാർത്ത ഒരിഞ്ചായി ചുരുങ്ങി. മരണം മരണവീട്ടിൽ ഭീകരവും ശോകനിർഭരവും ആയിരിക്കും എന്നാണല്ലോ പൊതുധാരണ. എന്നാൽ അവിടെ കണ്ടതോ ? മരിച്ചവന്റെ ഭാര്യയും അപ്പനും തമ്മിൽ പൊരിഞ്ഞ വായ്പ്പയറ്റ് . മരണസഹായധനം എങ്ങനെ ചെലവാക്കണമെന്നതാണ് തർക്കവിഷയം. കൊച്ചുങ്ങൾക്ക് കഞ്ഞി അനത്തണമെന്ന് ഭാര്യ , കറുപ്പ് തിന്നണമെന്ന് അപ്പൻ. കോടതിയിലാണെങ്കിൽ കൊലപാതകക്കേസിൻറെ വിചാരണ അതിഗൗരവപൂർവ്വം നടക്കുന്നു. അപ്പോൾ 'കൊടന്ത' എന്ന 'കൊടവയറി'ന്റെ പരിഭാഷ തെരഞ്ഞ് ജഡ്ജി വശംകെടുന്നു. പോലീസുകാരാണെങ്കിൽ ആയുർവേദവിധിപ്രകാരം ശിശ്രൂഷിച്ച് പ്രതിയെ ആത്മഹത്യയിലെത്തിക്കുന്നു. സാമാന്യജനങ്ങളുടെ പ്രതിനിധിയായി എറുപ്പക്കയുടെ അയൽക്കാരി ചക്കി, ജഡ്ജിയെയും സർക്കാർ വക്കീലിനെയും പോലീസുകാരെയും കൂട്ടിൽ കയറ്റി വിസ്തരിക്കുന്നു. വിസ്താരമെല്ലാം കഴിയുമ്പോഴേക്കും മരിച്ചെന്നു കരുതപ്പെട്ടിരുന്ന മാർക്കോസ് തിരിച്ചുവരുന്നു. അങ്ങനെ മരണം ഒരു ഫലിതമായിത്തീരുന്നു.
ഇന്നേക്ക് 66 വർഷങ്ങൾക്കു മുൻപെഴുതിയ നാടകമാണിത്. പക്ഷെ
ഇതുപോലൊരു നാടകം പിന്നീട് അധികമൊന്നുമുണ്ടായിട്ടില്ല. അരങ്ങിനെ കഷണംകഷണമാക്കി മാറ്റിയ, അരങ്ങ് അരങ്ങല്ലന്നോ നാടകം നാടകമല്ലെന്നോ വരുത്തിയ
നാടകവിസ്മയം. നിങ്ങൾ കൊണ്ടുനടക്കുന്ന വലിയ ദർശനങ്ങളും തത്വസംഹിതകളുമൊന്നും ദർശനങ്ങളും തത്വസംഹിതകളുമല്ലെന്നും, മനുഷ്യൻ മഹത്വമുള്ളതെന്നു പറയുന്നത് അത്ര മഹത്വമുള്ളതല്ലെന്നും പിച്ചിച്ചീന്തിക്കാണിച്ചു ചിരിക്കുന്ന അത്ഭുതജീവിയായൊരു കുട്ടിയുടെ സാന്നിധ്യമാണ് ഈ നാടകം വായിക്കുമ്പോഴും കാണുമ്പോഴും നമുക്കനുഭവപ്പെടുന്നത്.
ഇത് വ്യാസന്റെ ചിരി പോലെയാണ്. 'മഹാഭാരതം' എഴുതിയ വ്യാസൻ പലരെയും ജനിപ്പിച്ചു. ദൈവങ്ങളെ സൃഷ്ടിച്ചു. യുദ്ധം ചെയ്യിപ്പിച്ചു. യാദവകുലത്തെയാകെ നശിപ്പിച്ചു. ഇതൊക്കെ കഴിയുമ്പോൾ എന്തിനാ ഇതൊക്കെ ചെയ്തതെന്നു തോന്നും. യുദ്ധം മനുഷ്യനെ എങ്ങും കൊണ്ടെത്തിക്കുകയില്ലെന്നു കാണിക്കാൻ വേണ്ടിയാണിത്. അതാണ് കുട്ടികൃഷ്ണമാരാർ 'ഭാരതപര്യടന'ത്തില്‍ വ്യാസന്റെ ചിരിയെപ്പറ്റി പറയുന്നത്. അത്രയും വലിപ്പമുള്ളൊരു ചിരിയാണ് 1128 ല്‍ ക്രൈം 27 എന്ന നാടകത്തിലൂടെ സിജെയും ചിരിക്കുന്നതെന്ന് നമുക്ക് തോന്നും. അങ്ങനെ മാറിനിന്നുകൊണ്ട് തന്റെ വിഷയത്തെ നിർദ്ദയം അപഗ്രഥിച്ച്, നിങ്ങളൊക്കെ കാണുന്നതാണോ ജീവിതം, മരണം, ഫലിതം എന്നു കാണിച്ചുതരുന്നു. ഇത് അത്ഭുതകരമായൊരു രചനയാണ്. സൃഷ്ടിയാണ്.
ഈ കൃതി ഇന്നു വായിക്കുന്നൊരു നാടകവിദ്യാർത്ഥിക്കുണ്ടാകുന്ന വികാരം അത്ഭുതമാണ്. സംവിധായകർക്ക് ഈ നാടകം ഒട്ടേറെ വെല്ലുവിളികളും സാധ്യതകളും നൽകുന്നു. പല രീതിയിൽ വ്യാഖ്യാനിക്കുവാനുള്ള സൗകര്യം സമ്മാനിക്കുന്നൊരു രചനയാണിത്. ഓരോ വായനയിലും ഓരോ വായനക്കാരന്റെ മുന്നിലും പുതിയ അർത്ഥതലങ്ങൾ തെളിഞ്ഞുവരുന്നു. കാലത്തെ അതിജീവിക്കുന്ന എന്തോ ഒന്ന് ഈ കൃതിയിലുണ്ട്. അതുകൊണ്ടുതന്നെയാകാം ഇതിന്നും ചർച്ച ചെയ്യപ്പെടുന്നതും. (അടുത്തതിൽ 'ലിസിസ്ട്രാറ്റ')