പൊന്നൻ ചേട്ടൻ കടത്തുകടവീന്ന് കെതച്ചോടി വരണകണ്ട് അപ്പു നായരുടെ ചായക്കടേലിരുന്ന് പത്രം വായിച്ചോണ്ടിരുന്ന ഗോവിന്ദപ്പണിക്കൻ ചോദിച്ചു.
' എന്നതാ പൊന്നാ.. നീയെന്നാത്തിനാ കാലില് ചോണനുറുമ്പ് കേറിയപോലെ ഓടണത്?'
ചോദ്യം കേട്ട് ചായ കുടിച്ചോണ്ടിരുന്നവരെല്ലാം ശ്രദ്ധിച്ചു.
എന്നതാ കാര്യം?
'കളമ്പൂക്കാവിൽ കടവില് ഇന്നു മുതല് ആരേം കുളിപ്പിക്കണില്ല.'
പൊന്നൻ കിതപ്പിനിടെ പറഞ്ഞൊപ്പിച്ചു.
കളമ്പൂക്കാവ് അമ്പലത്തിലെ പുഴക്കടവിലാണ് പലരുടെയും കുളി.
അതു മുടങ്ങിയാൽ പ്രശ്നമാകും.
കേട്ടവർ കേട്ടവർ കടവിലേക്കോടി.
കടവിൽ ചെന്നപ്പോൾ അവിടെ പ്രത്യേകിച്ച് ഒന്നും സംഭവിച്ചിട്ടില്ല,
യാത്രക്കാരെ കാത്ത് കടത്തുകാരൻ തമ്പിച്ചേട്ടൻ മാത്രം വള്ളത്തിൽ ദിനേശ് ബീഡിയും വലിച്ചിരിപ്പാണ്.
എല്ലാരും ചോദ്യഭാവത്തിൽ പൊന്നനെ നോക്കി.
'കളമ്പൂക്കാവിൽ കടവില് ആരേം കുളിപ്പിക്കൂല്ല.. വേണോങ്കി...'
എല്ലാവരും ആകാംക്ഷ അടക്കി.
കളമ്പൂക്കാവിലമ്മയെ നോക്കി പൊന്നൻ പൂരിപ്പിച്ചു.
' വേണോങ്കി... വേണോങ്കി അവനോൻ തന്നെത്താനെ കുളിച്ചോളണം!!'