സുഗന്ധ വ്യഞ്ജനങ്ങൾ
വെഞ്ചാമരം വീശും
ചേതോഹരമാണെന്റെ നാട്.
പുഴപാടും പാട്ടിന്റെ
ശ്രുതികേട്ടുണരുന്ന
നന്മയാണെന്റെ നാട്.
നീലക്കുറിഞ്ഞികൾ പൂവിടും
നിത്യവസന്തത്തിൻ നിർമലമാണെന്റെ നാട്.
അമ്പലപ്പുഴയുടെ
തിരുമധുരം കവരും
അമ്പടിക്കണ്ണന്റെ
നാടാണെന്റെ നാട്.
ഓംകാരശംഖൊലി
നാദങ്ങൾകേട്ടുണരുന്ന സുന്ദര സുരഭില നാടാണെന്റെ നാട്.
വള്ളംകളിയും
തുള്ളൽപ്പാട്ടും
പൂരത്തിൻ പെരുമയും
ഗജവീര സംഗമവും
സമ്മേളിക്കുന്ന നാടാണെന്റെ നാട്.
അമൃതാക്ഷരങ്ങൾ അനവധി
നിറയുന്ന അറിവിന്റെ
എളിമയാണെന്റെ നാട്.
കൗമാരകലകൾക്ക്
കാവ്യവിസ്മയം തീർക്കും കൗതുകമാണെന്റെ നാട്.
തുഞ്ചന്റെ കിളിമൊഴിഞ്ഞ മധുരമലയാളമാണെന്റെ
നാട്.
നാനാമതസ്ഥർ
ഒരുമിച്ചുവാഴുന്ന
വശ്യമനോഹര
നാടാണെന്റെ നാട്.
ഒരു കൊച്ചുതുമ്പമലരിന്റെ നെറുകയിൽ
നിറയുന്നനീഹാര
നൈർമല്യമാണെന്റെ നാട്.