ഒരുപാടുകാര്യങ്ങൾ മറക്കാതെ ചെയ്യണം
ഒരു വീടൊഴിഞ്ഞു പോകുമ്പോൾ
ഒക്കെയും പൊടിതട്ടി വൃത്തിയാക്കിവയ്ക്കണം
ഒരുകാലം നാമിവിടെ ഉണ്ടായിരുന്നതിന്റെ തെളിവുകൾ
ഒന്നും ബാക്കിനിൽക്കാതെ നോക്കണം..
ഓർമ്മകളുടെ മാറാലകൾ തുടച്ചുമാറ്റണം
സ്വപ്നങ്ങളുടെ പൊട്ടും പൊടിയും വാരിക്കൂട്ടി
ആരും കാണാതെ പിന്നാമ്പുറത്ത്
എവിടെയെങ്കിലും ഉപേക്ഷിക്കണം
മെഴുക്കു പുരണ്ട അടുക്കളച്ചുമരുകൾ
വെള്ളപൂശി മിനുക്കണം
പഴമയുടെ പഴുത്തിലകൾ അടിച്ചുവാരി
അടുക്കളപ്പുറത്തു തീയിടണം
മീൻ മണം തേടി വന്ന അയലത്തെ പൂച്ചക്കുഞ്ഞിനെ,
ഇനിയിവിടെ ഒന്നുമുണ്ടാവില്ല ചക്കീ എന്നു മടക്കണം
പിറക്കാതെപോയ കുഞ്ഞുങ്ങളുടെ കാണാക്കൈകൾ
വരച്ചിട്ട വർണ്ണചിത്രങ്ങൾ മാത്രം ശേഷിക്കണം...
ആർക്കറിയാം, ഇനിയൊരുവേള അവയിവിടെ
പുതുജീവനാർജ്ജിച്ചെങ്കിലോ...
ഒടുവിലായി, മുറ്റത്തെക്കിണറ്റിൽ നിന്നും
കണ്ണീർത്തെളിച്ചമുള്ള കുളിർ വെള്ളം കോരി
ആത്മാവ് തണുക്കുവോളം കുടിയ്ക്കണം
പടിയിറങ്ങുമ്പോൾ പിൻതിരിഞ്ഞു നോക്കരുത്
നെഞ്ചുലഞ്ഞ് വീടു നീട്ടുന്ന അദൃശ്യകരങ്ങൾ
കാണാതിരിക്കാനാണത്...
ഒരുപാടുകാര്യങ്ങൾ ചെയ്യേണ്ടതുണ്ട്
ഒരു വീടൊഴിഞ്ഞുപോകുമ്പോൾ..!