അമേരിക്കന്‍ മലയാളിയുടെ സാധാരണവും അസാധാരണവുമായ ജീവിതം അതിന്റെ നന്മതിന്മകളോടെ, ഏറ്റക്കുറച്ചിലുകളോടെ, പുസ്തകത്താളുകളിലേക്ക് പകര്‍ത്തിയ എഴുത്തുകാരിയാണ് റീനി മമ്പലം. പ്രത്യേകിച്ചും അമേരിക്കയിലെ മലയാളി സ്ത്രീകളുടെ കഥകള്‍. ഒറ്റപ്പെടലനുഭവിക്കുന്ന മലയാളി സ്ത്രീജീവിതം അത്ര സൂക്ഷ്മതയോടെ അവര്‍ തന്റെ തൂലികകൊണ്ടു കോറിയിട്ടിരിക്കുന്നു. റീനിയുടെ ചില കഥകള്‍ മഞ്ഞുതുള്ളി പോലെ സ്‌നിഗ്ദ്ധമാണെങ്കില്‍, ചില കഥകള്‍ മൂര്‍ച്ചയുള്ള കത്തി പോലെ വായനക്കാരുടെ മനസ്സിനെ മുറിവേല്‍പിക്കുന്നു.
അമേരിക്കന്‍ ജീവിതത്തിന്റെ നാനാ ഏടുകളിലൂടെ കഥകളുമായി റീനി നമ്മളെ കൊണ്ടുപോകുന്നു. സാധാരണ പ്രവാസി എഴുത്തുകാരില്‍ ഉറഞ്ഞു കൂടുന്ന കട്ട കെട്ടിയ ഗൃഹാതുരത്വം ഇല്ലെന്നുള്ളതാണ് ഈ കഥപറച്ചിലുകാരിയെ വ്യത്യസ്തയാക്കുന്നത്. അധികമാരും പറഞ്ഞിട്ടില്ലാത്ത പല വിഷയങ്ങളും റീനിയുടെ കഥകളില്‍ കടന്നു വരുന്നു. ഒരു ചെറുപുഴയുടെ ഒഴുക്ക് പോലെയാണ് റീനിയുടെ കഥപറച്ചില്‍. കഥയുടെ ഒഴുക്കിനൊപ്പം അനായാസേന വായിച്ചെടുക്കുവാന്‍ പറ്റിയ ഭാഷയാണ് ഈ കഥാകാരിയുടെ വലിയ കൈമുതല്‍.
വായനയുടെ വലിയ ലോകം തനിക്കു തുറന്നു തന്നെന്ന് അവകാശപ്പെടാവുന്ന മാതാപിതാക്കളോ പുസ്തകങ്ങള്‍ നിറഞ്ഞ ബുക്ക് ഷെല്‍ഫുകളോ ഇല്ലാതിരുന്ന ബാല്യകാലമായിരുന്നു തന്റേതെന്ന് റീനി പറയുന്നു. വീടിനടുത്ത് ആകെയുള്ള ഒരു വായനശാല അന്നാട്ടിലെ ചെറുപ്പക്കാരുടെ ഒരു വിഹാര കേന്ദ്രവും. പിതാവാണ് അവിടെനിന്നു വല്ലകാലത്തും ചില പുസ്തകങ്ങള്‍ എടുത്തു തന്നിരുന്നത്. ഹൈസ്‌കൂള്‍ വരെയേ റീനി മലയാളം പഠിച്ചിരുന്നുള്ളൂ. കോളജിലെത്തിയപ്പോള്‍ സെക്കന്‍ഡ് ലാംഗ്വജ് ഹിന്ദിയായിരുന്നു.
'കോളജ് കാലത്താണ് ആദ്യമായി എഴുതുന്നത്. ഒരു രസത്തിനു കഥയെഴുതിത്തുടങ്ങി. അത് സുഹൃത്തുക്കള്‍ക്ക് വായിക്കുവാന്‍ കൊടുക്കും. അടുത്ത ഒരു സുഹൃത്തായിരുന്നു അവ കൂടുതലും വായിച്ചിരുന്നത്. ഞങ്ങള്‍ അന്യോന്യം കഥകള്‍ കൈമാറിയിരുന്നു എന്നു പറയുന്നതാണ് ശരി. അന്ന് എഴുത്തൊന്നും ഗൗരവമായി എടുത്തിരുന്നില്ലെങ്കിലും നല്ല വായനശീലമുണ്ടായിരുന്നു. കല്യാണം കഴിഞ്ഞ് 1977 അമേരിക്കയില്‍ എത്തുമ്പോള്‍ ഭര്‍ത്താവിന്റെ പുസ്തകശേഖരത്തിലതാ ധാരാളം പുസ്തകങ്ങള്‍. ഇടയ്ക്ക് അതൊക്കെ വായിക്കും. അന്നൊന്നും അമേരിക്കയില്‍ മലയാളം പത്രമോ മാസികകളോ ഇല്ല. നാട്ടില്‍ പോയാലല്ലാതെ പുസ്തകങ്ങള്‍ കിട്ടാന്‍ വഴിയുമില്ല. പിന്നെപ്പിന്നെ കുടുംബിനി, അമ്മ റോളുകളിലുള്ള ഓട്ടം. ഒന്നിനും സമയമില്ലാതെയായി. രണ്ടാമത്തെ മകള്‍ കോളജില്‍ പോകും വരെ അങ്ങനെതന്നെയായിരുന്നു.
ആയിടയ്ക്ക് നാട്ടിലുള്ള ഒരു ബന്ധുകുടുംബത്തിലെ ഒരു കുഞ്ഞുമകന്റെ അപ്രതീക്ഷിതമായ അപകടമരണം എന്നെ വല്ലാതെയുലച്ചു. അതിനുമുന്‍പ് ഞാന്‍ നാട്ടില്‍ പോയപ്പോള്‍ അവനെ കണ്ടതാണ്. ദുഃഖം സഹിക്കാനാവാതെ അത് കടലാസ്സില്‍ പകര്‍ത്തി ബന്ധുക്കള്‍ക്ക് അയച്ചു കൊടുത്തു. കേരളം വിട്ടതിനു ശേഷം ഞാനെഴുതുന്ന ആദ്യത്തെ സൃഷ്ടി അതായിരുന്നു. എന്നിലെ കഥാകാരിയെ ഞാന്‍ തിരിച്ചറിയുക കൂടിയായിരുന്നു. പിന്നീട് ഒരു അടുത്ത സുഹൃത്തിന്റെ സംഭവബഹുലമായ ജീവിതം കഥയായി എഴുതി. സാഹിത്യപ്രേമിയായ ഒരു നല്ല സുഹൃത്തിന്റെ പ്രോത്സാഹനവും എനിക്കുണ്ടായിരുന്നു.
1993 ലാണ് ന്യൂയോര്‍ക്കില്‍നിന്നു മലയാളം പത്രം എന്ന വാരാന്ത്യ പ്രസിദ്ധീകരണം ആരംഭിക്കുന്നത്. 'വിടവാങ്ങിയ വസന്തം' എന്ന ആദ്യത്തെ കഥ പ്രസിദ്ധീകരിച്ചത് മലയാളം പത്രമാണ്. അയച്ചുകൊടുത്ത എല്ലാ കഥകളും നല്ല ചിത്രങ്ങളോടെ അവര്‍ പ്രസിദ്ധീകരിച്ചിരുന്നത് നല്ല പ്രോത്സാഹനമായിരുന്നു. കഥയെഴുതുന്നതിനും അത് പ്രസിദ്ധീകരിച്ചു കാണുന്നതിനുമൊക്കെ ഭര്‍ത്താവ് ജേക്കബ് തോമസിന്റെ പിന്തുണയുമുണ്ടായിരുന്നു. നാട്ടിലായിരുന്നപ്പോള്‍ അദ്ദേഹവും കവിതകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നല്ല വായനക്കാരനുമാണ്. എല്ലാ സാഹിത്യ മീറ്റിങ്ങുകള്‍ക്കും ഒപ്പം ജേക്കബും ഉണ്ടാകും. അങ്ങനെ എന്നിലെ കഥാകാരി എഴുത്താരംഭിച്ചു. കഥകളും ലേഖനങ്ങളും അമേരിക്കയിലെയും കേരളത്തിലെയും മിക്ക മാസികകളിലും പ്രസിദ്ധീകരിച്ചു. വായനക്കാരുമായി സംവദിച്ചു. കേരളത്തിലെ പല എഴുത്തുകാരെയും അങ്ങനെ പരിചയപ്പെടുവാന്‍ സാധിച്ചു.
എഴുത്തുകാരനും തികഞ്ഞ ഭാഷാസ്‌നേഹിയുമായ മനോഹര്‍ തോമസിന്റെ നേതൃത്വത്തിലുള്ള ന്യൂയോര്‍ക്കിലെ സര്‍ഗ്ഗവേദി സാഹിത്യക്കൂട്ടായ്മയില്‍ സ്ഥിരം പങ്കെടുക്കുമായിരുന്നു. 2006 ല്‍ എം. മുകുന്ദന്റെ നേതൃത്വത്തില്‍ ഒരു സാഹിത്യശില്‍പശാല സര്‍ഗ്ഗവേദിയില്‍ നടന്നു. എങ്ങനെ കഥകള്‍ നന്നാക്കാമെന്നുള്ള ഒരു പഠനക്കളരിയായിരുന്നു അത്. അതൊരു നല്ല പ്രോത്സാഹനമായിരുന്നു. വീട്ടില്‍നിന്ന് ഒന്നര മണിക്കൂര്‍ ദൂരമുണ്ടായിരുന്നെങ്കിലും, ഞായറാഴ്ച വൈകുന്നേരങ്ങളില്‍ ആയിരുന്നിട്ടും സര്‍ഗവേദിയില്‍ സ്ഥിരമായി പോകാറുണ്ടായിരുന്നു. കേരളത്തില്‍ നിന്നെത്തിയ പല എഴുത്തുകാരെയും അവിടെവച്ച് പരിചയപ്പെടാനും സാധിച്ചു. പല കാരണങ്ങളാലും കഴിഞ്ഞ മൂന്നുനാലു വര്‍ഷമായി സര്‍ഗവേദിയില്‍ പോകുവാന്‍ കഴിയാത്തതില്‍ വിഷമമുണ്ട്.'
റീനിയുടെ ആദ്യ ചെറുകഥാ സമാഹാരം 'റിട്ടേണ്‍ ഫ്‌ലൈറ്റ്' 2010 ലെ നോര്‍ക്ക റൂട്ട്‌സിന്റെ അവാര്‍ഡ് നേടിയിരുന്നു. പ്രശസ്തി പത്രവും ശില്‍പവും അന്‍പതിനായിരം രൂപയുമായിരുന്നു സമ്മാനം. തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ അന്നത്തെ സാംസ്‌കാരിക മന്ത്രി കെ.സി. ജോസഫാണ് പുരസ്‌കാരം സമ്മാനിച്ചത്. 2015 ലാണ് അമേരിക്കന്‍ പശ്ചാത്തലത്തില്‍ എഴുതിയ 'അവിചാരിതം' എന്ന നോവല്‍ പ്രസിദ്ധീകരിക്കുന്നത്. 2018 ല്‍ 'ശിശിരത്തില്‍ ഒരു ദിവസം' എന്ന ചെറുകഥാ സമാഹാരം പുറത്തിറങ്ങി. ന്യൂ ബുക്ക്‌സ് തൃശൂര്‍ ആണ് പ്രസാധകര്‍. ഇതും അമേരിക്കയുടെ പശ്ചാത്തലത്തിലാണ്.
'പറിച്ചു നടപ്പെടുന്ന സംസ്‌കാരത്തിന്റെ വേദന, മുറുകെ പിടിക്കാന്‍ ശ്രമിക്കുന്ന നല്ലതും തീയതുമായ പൈതൃകങ്ങള്‍, രഹസ്യമായി കൊണ്ടുനടക്കുന്ന പുരുഷ കേന്ദ്രീകൃത സങ്കല്‍പങ്ങള്‍, അവയ്ക്കിടയില്‍ ഉണ്ടാകുന്ന സ്ത്രീയാലോചനകളുടെ പ്രശ്ന പരിസരങ്ങള്‍- റീനി മമ്പലം എഴുതുമ്പോള്‍ ഇവയൊക്കെ കഥാപാത്രങ്ങളായും കഥാഭാവങ്ങളായും വേഷപ്പകര്‍ച്ചയാടുന്നുണ്ട്.' - പ്രശസ്ത സാഹിത്യകാരന്‍ ശിഹാബുദീന്‍ പൊയ്ത്തുംകടവ്, റീനിയുടെ 'റിട്ടേണ്‍ ഫ്‌ലൈറ്റി'ന്റെ അവതാരികയില്‍ കുറിച്ച വരികളാണിവ.
എഴുത്തില്‍ വളരെ സിലക്ടീവാണ് റീനി മമ്പലം. താന്‍ എഴുതാന്‍ വേണ്ടി എഴുതാറില്ലെന്നും എഴുതുന്നതെല്ലാം പ്രസിദ്ധീകരിക്കണമെന്ന വാശിയുള്ളയാളല്ലെന്നും അവര്‍ തുറന്നു പറയുന്നു. അമേരിക്കന്‍ മലയാളികളുടെ പ്രധാന സംഘടനകളിലൊന്നായ ഫോമയുടെ ലിറ്റററി അവാര്‍ഡ്, കണക്റ്റിക്കട്ട് കേരളാ അസോസിയേഷന്റെ ലിറ്റററി അവാര്‍ഡ്, മെരിലാന്‍ഡ് മലയാളി അസോസിയേഷന്റെ ചെറുകഥാ അവാര്‍ഡ് ഇവയെല്ലാം റീനിയുടെ സര്‍ഗശേഷിയെ തേടിയെത്തിയ പുരസ്‌കാരങ്ങളാണ്.
അമേരിക്കയിലെ മലയാളിസ്ത്രീക്കു വായന തീരെയില്ലെന്നു തോന്നുന്നുണ്ടോ?
അമേരിക്കയിലെ ആദ്യകാല മലയാളിസ്ത്രീകള്‍ക്കു വായിക്കാന്‍ നേരമുണ്ടായിരുന്നില്ല എന്നതാണു സത്യം. അന്നത്തെ മിക്ക കുടുംബങ്ങളിലും സ്ത്രീയായിരുന്നു മുഖ്യ സാമ്പത്തിക സ്രോതസ്സ്. ഒരു ജോലിയില്‍നിന്നു മറ്റൊന്നിലേക്കും പിന്നെ വീട്ടിലെ അടുക്കളപ്പണിയിലേക്കും മക്കളുടെ കാര്യങ്ങളിലേക്കും ഷിഫ്റ്റ് മാറുന്ന അവള്‍ക്ക് എന്തു വായന? ഇന്നിപ്പോള്‍ പുതിയ കുടിയേറ്റക്കാരുടെയിടയില്‍- പ്രത്യേകിച്ച് ഐ ടി മേഖലയിലൊക്കെ- പുരുഷനും സ്ത്രീയും ജോലിക്കാരാണ്. ഏകദേശം തുല്യവരുമാനക്കാരാണ്. വിവിധ കാരണങ്ങളാല്‍ പുറത്തു ജോലിക്കു പോകാത്ത സ്ത്രീകളുമുണ്ട്. പക്ഷേ ഇവരിലും നല്ലൊരു വിഭാഗത്തിനു വായന കുറവായിട്ടു തന്നെയാണ് കാണുന്നത്. .
ഇവിടെ എഴുത്തുകാരുടെ സംഘടനകളില്‍പോലും സ്ത്രീകള്‍ കുറവാണെന്നു തോന്നിയിട്ടില്ലേ?
അമേരിക്കയില്‍ പൊതുവേ എല്ലാ സംഘടനകളിലും സ്ത്രീസാന്നിധ്യം കുറവാണ്. സ്ത്രീകളെ മനഃപൂര്‍വം ഒഴിവാക്കുകയാണ്. എവിടെയും സ്തീകള്‍ക്ക് കുടുംബം ചങ്ങലയാണ്. അവരില്‍നിന്ന് കുടുംബം പലതും പ്രതീക്ഷിക്കുന്നു. അതുകൊണ്ട് സ്ത്രീകളും മുന്നോട്ടുവരുവാന്‍ മടിക്കുന്നു. പുരുഷകേന്ദ്രീകൃതമാണല്ലോ നമ്മുടെ സമുദായം. അതിന്റെ പ്രതിഫലനം തന്നെ നാം ഇവിടെയും കാണുന്നു. എന്നാല്‍ പുതിയ തലമുറയിലെ ചെറുപ്പക്കാരുടെ സംഘടനയില്‍ സ്ത്രീകളുടെ പ്രാതിനിധ്യം കാണാനും ഉണ്ട്.
കോട്ടയം ജില്ലയിലെ പള്ളം സ്വദേശികളായ മമ്പലത്തു ജോര്‍ജ് സഖറിയയും അച്ചാമ്മയുമാണ് റീനിയുടെ മാതാപിതാക്കള്‍. റീനിക്ക് ആറു സഹോദരിമാരാണുള്ളത്. പള്ളം ബുക്കാനന്‍ സ്‌കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം കോട്ടയം സിഎംഎസ് കോളജിലായിരുന്നു തുടര്‍ പഠനം. ചെങ്ങന്നൂര്‍ പാണ്ടനാട് മൂലേത്തറയില്‍ ജേക്കബ് തോമസാണ് റീനിയുടെ ഭര്‍ത്താവ്. നല്ലൊരു വായനക്കാരനും കവിയുമാണ് ജേക്കബ്. കണക്റ്റിക്കട്ടില്‍ സ്ഥിരതാമസമാക്കിയ ഇവര്‍ക്ക് രണ്ടു പെണ്‍മക്കളാണ്- വീണയും സപ്നയും.
നാല് പതിറ്റാണ്ടോളം അമേരിക്കയില്‍ ജീവിച്ച റീനി മമ്പലത്തിന് ഇന്നും മലയാളഭാഷയും കേരളവും പ്രിയങ്കരം തന്നെ. ഇന്ത്യ വിട്ട് യൂറോപ്പിലേക്കോ അമേരിക്കയിലേക്കോ കാലെടുത്തു കുത്തുമ്പോള്‍ മുതല്‍ സ്വന്തം ഭാഷയെയും രാജ്യത്തെയും പുച്ഛിക്കുന്നവരും തള്ളിപ്പറയുന്നവരുമായ ധാരാളം പേരുള്ള ഈ കാലത്താണ് ഈ പള്ളംകാരി, കണക്റ്റിക്കട്ടിലെ തന്റെ വീട്ടിലിരുന്നു മനോഹരങ്ങളായ മലയാളം കഥകള്‍ രചിക്കുന്നത്. അമേരിക്കയില്‍ ഇവര്‍ കണ്ട കാഴ്ചകള്‍, അനുഭവങ്ങള്‍, എല്ലാം ഭാഷയുടെ തനിമ ചോരാതെ, അതിഭാവുകത്വമില്ലാതെ, തന്റെ തൂലികത്തുമ്പിലൂടെ കോറിയിടുന്നു.
കഥകള്‍ക്ക് തിരഞ്ഞെടുക്കുന്ന വൈവിധ്യമാര്‍ന്ന പ്രമേയങ്ങള്‍ റീനി മമ്പലത്തെ വ്യത്യസ്തയാക്കുന്നു. തന്റെ കഥകളിലൂടെ റീനി മമ്പലം അമേരിക്കന്‍ മലയാളി മലയാളിയുടെ നേര്‍ചിത്രമാണ്, ചരിത്രമാണ് എഴുതുന്നതെന്നു പറയാം. അമേരിക്കന്‍ പ്രവാസത്തിന്റെ ചൂരും ചൂടുമുള്ള കഥകള്‍ പല വെല്ലുവിളികള്‍ക്കുമിടയിലും അവര്‍ എഴുതിക്കൊണ്ടേയിരിക്കുന്നു; സ്വച്ഛന്ദം.
Reeni Mmbalam: https://emalayalee.com/repNses.php?writer=33
മീനു എലിസബത്ത്
https://emalayalee.com/writer/14