അമേരിക്കയെ വീണ്ടും ഗംഭീരം ആക്കുക എന്ന ജനപ്രിയ മുദ്രാവാക്യം മുഴക്കി അധികാരത്തിൽ കയറിയ ഡോണാൾഡ് ട്രംപ് കൊറോണ എന്ന പകർച്ചവ്യാധിയുടെ കാര്യത്തിൽ ഈ രാജ്യത്തെ ഒന്നാമത് ആക്കിയതിനു ശേഷം പരാജിതനായി പടിയിറങ്ങുന്ന ദയനീയ കാഴ്ചെക്ക് ജനങ്ങൾ സാക്ഷിയാകേണ്ട ഒരു സ്ഥിതിവിശേഷമാണ് തിരഞ്ഞെടുപ്പ് ഫലം കൊണ്ടെത്തിച്ചിരിക്കുന്നത്.
സമ്പന്ന രാഷ്ട്രങ്ങൾ തങ്ങളുടെ ആരോഗ്യ പരിപാലനത്തിനായി ചിലവഴിക്കുന്ന പ്രതിശീർഷ ശരാശരി ചെലവിനേക്കാൾ ഇരട്ടി പണം ചിലവിടുന്ന അമേരിക്കയിലാണ് ഇത് സംഭവിച്ചത് എന്നോർക്കുമ്പോൾ ദുഃഖവും അതിലുപരി ആശ്ചര്യവും തോന്നുന്നു. ഭരണ തലപ്പത്തിരിക്കുന്നവരുടെ അക്ഷന്തൃ വും കുറ്റകരവും ആയ കേടുകാര്യസ്ഥത യാണ് ഈ ഭീമൻ വീഴ്ചക്ക് കാരണം എന്ന് മനസ്സിലാക്കിയ ജനങ്ങൾ ബാലറ്റ് പേപ്പറിൽ കൂടി നടത്തിയ ഒരു വിധിയെഴുത്താണ്ന വംബർ മൂന്നിന് നടന്ന തെരഞ്ഞെടുപ്പ്.
കൊറോണ എന്ന മഹാമാരി വന്നതിന്റെ ഉത്തരവാദിത്വം ആരും തന്നെ പ്രസിഡണ്ട് തലയിൽകെട്ടി വെക്കുന്നില്ല. തുടക്കം മുതലേ തികഞ്ഞ ഗൗരവത്തിൽ കാണേണ്ടിയിരുന്ന ഒരു മഹാമാരിയെ മതിയായ മുന്നൊരുക്കങ്ങൾ ഒന്നുംതന്നെ നടത്താതെ വളരെ ലാഘവ ബുദ്ധിയോടെ എതിരാളികളുടെ പേപ്പിടിയാണ് ഇത് എന്ന് ചിരിച്ചു തള്ളിയതി ന്റെ പരിണിതഫലം ആണിത്. മുൻനിരയിൽ നിന്ന് മാരകവും, അദൃശ്യവുമായ ശത്രുവിനോട് പൊരുതുന്നവർക്ക് ആവശ്യമായി വരുന്ന സുരക്ഷാ കവചങ്ങൾ യുദ്ധകാലടിസ്ഥാനത്തിൽ ഉല്പാദിപ്പിക്കുവാൻ തൻറെ പ്രത്യേക അധികാരം ഉപയോഗിച്ചു ഉത്തരവ് ഇടുന്നതിനു പകരം മാസ്ക് ധരിച്ച് നടക്കുന്നവരെ പരിഹസിക്കുക, ദശകങ്ങളായി രാജ്യത്തെ പകർച്ചവ്യാധി മേഖലയിൽ പ്രവർത്തിച്ചു കഴിവുതെളിയിച്ച വിദഗ്ധരെ, അതുപോലെ തന്നെ ശാസ്ത്രലോകം ആദരവോടെ മാത്രം കാണുന്നു പ്രതിഭകളെയും മറ്റും മൂഡന്മാർ എന്ന് വിളിച്ച് ആക്ഷേപിക്കുക, അവർ നൽകുന്ന ഉപദേശങ്ങൾ ഗൗരവമായി കാണാതെ പൊതു ഭരണവുമായി പുലബന്ധം പോലുമില്ലാത്തതും അതേ സമയം തൻറെ മരുമകൻ ആണെന്നുള്ള ഒറ്റ യോഗ്യത കൊണ്ട് മാത്രം മുഖ്യ ഉപദേശകൻ എന്ന പദവി അലങ്കരിക്കുന്ന ജെറാഡ് കുഷ്ണർ നൽകുന്ന അപക്വമായ ഉപദേശങ്ങൾ ഗുണത്തിനു പകരം ദോഷമായാണ് ജനങ്ങൾ അനുഭവിക്കേണ്ടിവന്നത്. കഴിഞ്ഞ ഏപ്രിൽ മാസത്തിൽ കുഷ്ണർ ശ്രീ ബോബ് വുഡ്വാർഡും നടത്തിയ അഭിമുഖത്തിൽ അഭിമാനത്തോഡും അതിലുപരി അല്പം അഹങ്കാരത്തോടു കൂടി പറഞ്ഞത് “നമ്മൾ തിരിച്ചുവരവിന് പാതയിലാണ്. ഡോക്ടർമാരുടെ കയ്യിൽനിന്നും പ്രസിഡണ്ട് ട്രംപ് രാജ്യത്തെ സ്വന്തം കയ്യിൽ ഏറ്റെടുത്തിരിക്കുന്നു”. ദിവസേന മുപ്പതിനായിരത്തിൽ അധികം ആൾക്കാർ പോസിറ്റീവ് ആയി രോഗം വ്യാപിച്ചു കൊണ്ടിരിക്കുന്ന അവസരത്തിലാണ് ഇത്തരം ഗീർവാണങ്ങൾ മുഴക്കുന്ന് എന്നോർക്കണം.
കോവിഡ് 19 കൈകാര്യം ചെയ്യുന്നതിൽ തങ്ങൾക്ക് പരാജയം സംഭവിച്ചു എന്ന വസ്തുത ട്രംപ് ഭരണകൂടം മനസ്സിലാക്കി പക്ഷേ അത് തുറന്നു സമ്മതിച്ചാൽ വരാൻപോകുന്ന തിരഞ്ഞെടുപ്പിൽ വലിയ വില നൽകേണ്ടിവരും എന്നറിയാമായിരുന്ന ട്രൂമ്പ് ഭരണകൂടം തങ്ങളുടെ വീഴ്ച മറികടക്കാൻ മറ്റു കുറുക്കുവഴികൾ തേടുവാൻ ആരംഭിച്ചു. റിപ്പബ്ലിക്ൻസ് സ്ഥിരമായി പിന്തുടർന്നുവരുന്ന ഒരു നയമാണ് സമ്മതിദാന അവകാശംഅമർച്ച ചെയ്യുക എന്നത്, പ്രത്യേകിച്ച് ന്യൂനപക്ഷങ്ങളുടെയും സമൂഹത്തിൽ സാമ്പത്തികമായി പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെയും. ഈ ലക്ഷ്യം മുൻനിർത്തിയാണ് പുതിയ പോസ്റ്റ് മാസ്റ്റർ ജനറലായി ശ്രീമാൻ ലൂയിസ് ഡിജോയ്യെ പ്രസിഡന്റ് ട്രംപ് നിയമിക്കുന്നത്. പോസ്റ്റൽ ഡിപ്പാർട്ട്മെൻറ് കൂടുതൽ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യം മുന്നിൽ നിർത്തി ശ്രീ ഡിജോയ് യുടെ നിർദ്ദേശാനുസരണം പല പ്രധാന നഗരങ്ങളിലും സോർട്ടിംഗ്യന്ത്രങ്ങൾ പൊളിച്ചു മാറ്റുവാൻ തുടങ്ങി. തന്നെയുമല്ല തികച്ചും ദുരുദ്ദേശം എന്ന് പ്രകടമാകാം വിധത്തിൽ പിൻവലിച്ച സോർട്ടിങ് യന്ത്രങ്ങള് ആക്രി കച്ചവടക്കാർക്ക് ഉതകുന്ന വിധത്തിൽ പൊളിച്ചടക്കി. തപാൽ വിതരണ സംവിധാനം കാലതാമസം സൃഷ്ടിക്കുക എന്നതായിരുന്നു ലക്ഷ്യം. അത് ഫലപ്രാപ്തിയിൽ എത്തിയെന്ന് തുടർന്നുള്ള കണക്കുകൾ കാണിക്കുന്നുണ്ട്.
സമ്പന്നരിൽ അതിസമ്പന്നരായ ഒരു ശതമാനം ആൾക്കാർക്ക് ആകർഷകമായ നികുതി ഇളവുകൾ നടപ്പാക്കി എന്നതൊഴിച്ചാൽ സാധാരണ ജനങ്ങളുടെ മുൻപിൽ അവതരിപ്പിക്കാനായി യാതൊരു പരിപാടിയും ഇല്ലാതെ ആണ് ട്രംപ് ഇപ്രാവശ്യത്തെ തിരഞ്ഞെടുപ്പിന് ഇറങ്ങിത്തിരിച്ചത്. അടുത്ത നാലു വർഷത്തേക്ക് എന്താണ് ചെയ്യുവാൻ പോകുന്നത് എന്നുള്ള ചോദ്യത്തിന് വ്യക്തമായ മറുപടിയൊന്നും ഇല്ല. അമേരിക്കയിലെ നല്ലൊരു വിഭാഗം ജനങ്ങളും വളരെ പ്രാധാന്യം കൊടുക്കുന്ന ഒരു വിഷയമാണ് ആരോഗ്യസംരക്ഷണം എന്നത്. ഒബാമകെയർ എന്നപേരിലറിയപ്പെടുന്ന അഫൊർഡബിൾ കെയർ ആക്ട് ഉന്മൂലനം ചെയ്യുക എന്നത് ട്രുഅമ്പിന്റെയും റി പ്പബ്ലിക്കൻ നേത്രുത്തത്തിന്റെയും പ്രഖ്യാപിത നയമായിരുന്നു. നിലവിലുള്ളത് പൊളിച്ചതിനു ശേഷം പകരം വെക്കുന്നത് എന്തുകൊണ്ട് എന്നതിന് ട്രമ്പിനോ അദ്ദേഹത്തിൻറെ ഭരണനേതൃത്വത്തിനോ യാതൊരു നയ പരിപാടിയും ഇല്ലായിരുന്നു എന്നത് ഒരു വസ്തുതയായിരുന്നു. ഈ തുഗ്ലക്ക് നയം ഇടത്തരക്കാരും പാവപ്പെട്ടവരും അടങ്ങുന്ന വലിയ ഒരു വിഭാഗം സമ്മതിദായകരെ ട്രമ്പിനെ വീണ്ടും അധികാരത്തിൽ കയറ്റണമോഎന്ന കാര്യം ഇരുത്തി ചിന്തിപ്പിക്കുക ഉണ്ടായി. തിരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങൾക്ക് മുൻപ് പ്രസിദ്ധ മാധ്യമപ്രവർത്തക ശ്രീമതി ലെസ്ലി സ്റ്റാളുംയി നടത്തിയ അഭിമുഖത്തിൽ അവർ ഈ ചോദ്യം ഉന്നയിക്കുകയുണ്ടായി. കാടും പടപ്പും തല്ലി ലെസ്ലിയിടെ ചോദ്യങ്ങളിൽനിന്ന് വഴുതാൻ ശ്രമിച്ചുവെങ്കിലും ട്രംബ് അംബേ പരാജയപ്പെടുന്നതാണ് ജനങ്ങൾ കണ്ടത്. തടി കൂടുതൽ കേടാകണ്ട എന്ന് മനസ്സിലാക്കിയ ട്രംപ് അഭിമുഖം പൊടുന്നനേ മതിയാക്കി സ്ഥലം കാലിയാക്കി.
2016ലെ ട്രുമ്പിന്റെ ഏറ്റവും വലിയ പ്രചാരണായുധം ഞാൻ രാഷ്ട്രീയക്കാരനല്ല എന്നതായിരുന്നു. രാഷ്ട്രീയക്കാരൻ അല്ലാത്ത വളരെ ധനികനായ, വിജയിയായ പ്രതിഭാസമ്പന്നനായ വ്യവസായീ എന്നുള്ള ലേബൽ ജനങ്ങൾക്ക് ആകർഷകമായി. ഞാൻ ഒറ്റയ്ക്ക് വിചാരിച്ചാൽ ഇന്നു കാണുന്ന പല പ്രശ്നങ്ങളും നിഷ്പ്രയാസം പരിഹരിക്കാൻ സാധിക്കും. അത്യന്തം ആകർഷണകരമായ, വാഷിങ്ടണിൽ നിന്നും പുറത്തുള്ള അതി ബുദ്ധിശാലിയായ ഒരു വ്യക്തിയെ പ്രസിഡണ്ടായി ലഭിക്കുന്നത് ഭാഗ്യമായി അമേരിക്കൻ ജനത കണ്ടു. ഭൂരിപക്ഷം ജനത ഈ മോഹനവാഗ്ദാനങ്ങൾ അതേപടി വിശ്വസിക്കാൻ തയ്യാറായില്ല, അതാണല്ലോ ട്രംപിനെക്കാൾ മൂന്ന് മില്യൺ വോട്ടുകൾ കൂടുതൽ ഹിലരി ക്ലിന്റണ് ലഭിച്ചത്. ഇലക്ടറൽ കോളേജ് തുണചതിനാൽ ട്രംപ് ന്യൂനപക്ഷത്തിന്റെ പ്രസിഡണ്ടായി 2020 വരെ തകർത്താടി.
പഴയ തന്ത്രങ്ങളുമായി വീണ്ടും ജനങ്ങളെ സമീപിച്ചുവെങ്കിലും നല്ലൊരു വിഭാഗം സമ്മതിദായകർക്ക് തങ്ങൾക്ക് പറ്റിയ പിഴവ് തിരിച്ചറിഞ്ഞു. വർണ്ണവെറിയെ താലോലിക്കുന്ന, വംശവെറിയെ പ്രോത്സാഹിപ്പിക്കുന്ന ഒരു നേതാവല്ല അമേരിക്കൻ ഐക്യനാടുകൾ നയിക്കേണ്ടത് എന്ന് ജനങ്ങൾ ബാലറ്റ് പേപ്പറിലൂടെ ഉറക്ക പ്രഖ്യാപിച്ചു. ലോകരാഷ്ട്രങ്ങൾക്കിടയിൽ എന്നും തലയുയർത്തി നിൽക്കാൻ അമേരിക്കയെപ്രാപ്തനാക്കാൻ ശേഷിയുള്ള പുതിയ നേതൃത്വം ജോ ബയിടൺ - കമല ഹാരിസ് ടീമാണെന്ന് അമേരിക്കൻ ജനത അസന്നിഗ്ധമായി വിധിയെഴുതി. ജനങ്ങളെ ഭിന്നിപ്പിക്കുക അതിൽനിന്നും രാഷ്ട്രീയലാഭം കൊയ്യുക എന്ന കഴിഞ്ഞ നാലുവർഷത്തെ ട്രൂമ്പിന്റെ നയത്തിൽ നിന്നും വ്യത്യസ്തമായി ആയി രാജ്യത്തിൻറെ അഖണ്ണതക്ക് ഊന്നൽ നൽകി , ഐക്യത്തോടെ മുന്നേറാനുള്ള ആഹ്വാനമാണ് കഴിഞ്ഞ ദിവസം ബൈഡൻ നൽകിയത്. പുതുവർഷത്തിൽ ജോ ബയിടൺ - കമല ഹാരിസ് നേതൃത്വം നൽകുന്ന പുതിയ ഭരണത്തിൻറെ മാറ്റത്തിൻറെ ചിലമ്പൊലി ക്കുവേണ്ടി നമുക്ക് കാതോർക്കാം.