Image

നിസ്സഹായരുടെ ഹൃദയത്തിനുള്ളിലേക്കൊരു എത്തിനോട്ടം ( ദിനസരി-23: ഡോ. സ്വപ്ന സി.കോമ്പാത്ത്‌)

Published on 09 November, 2020
നിസ്സഹായരുടെ ഹൃദയത്തിനുള്ളിലേക്കൊരു എത്തിനോട്ടം ( ദിനസരി-23: ഡോ. സ്വപ്ന സി.കോമ്പാത്ത്‌)
“Don’t feel lonely; the entire universe is inside you.” – Rumi

 ഏകാന്തതയും നിസ്സഹായതയും കൈകോർത്ത്  പലപ്പോഴും കൂട്ടംതെറ്റിക്കാൻ നോക്കുമെങ്കിലും നമ്മുടെ വഴി നേരെ നീണ്ടു കിടക്കുന്നതാണ്., അവിടേക്ക് തന്നെയാണ് മനസ്സ് വെക്കേണ്ടതെന്ന് ആവർത്തിച്ചാവർത്തിച്ച് ബോധ്യപ്പെടുത്തുന്ന പത്ത്  കഥകളുടെ സമാഹാരമാണ് സൈകതം ബുക്സ് പ്രസിദ്ധീകരിച്ച മങ്കമ്മാൾ സാലൈ.

വള്ളുവനാടൻ ഗ്രാമങ്ങളും ഉത്തരേന്ത്യൻ നഗരങ്ങളും തമിഴ്നാട്ടിലെ തെരുവുകളുമെല്ലാം ചേർന്ന വിശാലഭൂമികയിലാണ് ഇവയിലെ  കഥകൾ ഉരുവം കൊള്ളുന്നത്. പ്രണയവും വിരഹവും ഏകാന്തതയും
നിർമമതയും അതിനേക്കാളുപരി തിരിച്ചറിവുകളും പരിലസിക്കുന്ന പ്രമേയം. നവീനമായ ആഖ്യാന പദ്ധതി
കളോ ഫാന്റസിയുടെ കൗതുകങ്ങളോ സമകാലീനതയോടുള്ള കലഹമോ അല്ല വായനാപ്രദമാകുന്ന ലാളിത്യവും മനുഷ്യജീവിതത്തിന്റെ നൈതികതയുമാണ് ഈ കഥകളെ ഹൃദയത്തോട് ചേർത്തുനിർത്തുന്നത്‌.

അവതാരികാകാരനായ ഡോ. എൻ.ആർ ഗ്രാമപ്രകാശ് അവകാശപ്പെടുന്നതു പോലെ അവിഹിതം എന്ന വാക്ക് അപ്രസക്തമാകുകയും പാരസ്പര്യം എന്ന വാക്ക് തെളിഞ്ഞു വരികയും ചെയ്യുന്നവയാണ് പല കഥകളും.
സ്ത്രീ പുരുഷബന്ധങ്ങളുടെ പൊതു സമവാക്യത്തെ വിപ്ലവസമാനമായ ആഹ്വാനങ്ങൾ എന്ന ഘോഷങ്ങളില്ലാതെ സ്വാഭാവികതയോടെ  മറികടക്കുവാനുള്ള ശ്രമങ്ങളാണ് ഈ സമാഹാരത്തിലെ പല കഥകളുടെയും ജീവസ്സ്.

 വിസ്മൃതിയിൽ നിന്ന് എത്തി നോക്കുന്ന നിഴലുകളിലെ ഉഷാറാണിയെ ബോധപൂർവ്വം ഭൂതകാലത്തിലേക്ക് ക്ഷണിക്കുന്ന നിഴലുകളെ തലയുയർത്തിപ്പിടിച്ച് നിഷേധിക്കുന്നതും, "ഐ ആം നോട്ട് എ ഫൂൾ, രാജീവ് " എന്ന  അവസാനവാക്യത്തിലൂടെ ദാമ്പത്യത്തിന്റെ മുഖം മൂടി സത്യ വലിച്ചുകീറുന്നതും, ബസ്സിലെ തിരക്കുകൾക്കിടയിലൂടെ തേരട്ട പോലെ നീണ്ടു വന്ന വിരലുകളുടെ  സ്പർശത്തെ പ്രതിഫലം ചോദിച്ചു കൊണ്ട് പരിഭ്രമിപ്പിച്ച മധുര മീനാക്ഷിയും ഇത്തരം സമവാക്യങ്ങളെ തകർത്തെറിഞ്ഞവരാണ്.

മങ്കമ്മാൾ സാലൈ എന്ന കഥ ചരിത്രവും സമകാലികതയും കെട്ടുപിണയുന്ന സാമൂഹ്യസാഹചര്യത്തെ ഭാവനാത്മകമായി അവതരിപ്പിക്കുന്നു.സ്വാതന്ത്ര്യപ്രഖ്യാപനത്തിന്റെ പുതിയ ചിന്തകളിലേക്ക് കമലയെ നയിക്കുന്നത്, ചരിത്രം നിർബന്ധപൂർവ്വം മറന്നുകളഞ്ഞ മങ്കമ്മാളിന്റെ കഥയാണ്. രാജ്ഞിക്കുപോലും നിഷേധിക്കപ്പെടുന്ന സ്വാതന്ത്ര്യത്തിന്റെ, അഭിലാഷങ്ങളുടെ, നീതിയുടെ കഥ. ഒരു സ്ത്രീയെ വാർധക്യത്തിന്റെ ഏകാന്തതയിലേക്ക് കുടുംബവും സമൂഹവും തള്ളിവിടുമ്പോൾ അതുവരെയുള്ള അവളുടെ സേവനങ്ങൾ  തമസ്കരിക്കപ്പെടുന്നതെങ്ങിനെ എന്ന ജീവിതയാഥാർത്ഥ്യത്തെ ഉൾക്കൊള്ളാനും, ജീവിതത്തിലേക്ക് ഉപാധികളില്ലാതെ പ്രവേശിക്കാൻ റിട്ടയർമെന്റിനെങ്കിലും സാധിച്ചിരിക്കുന്നെങ്കിൽ  എന്ന പ്രത്യാശ നിലനിർത്താനും ഈ കഥയ്ക്ക്  കഴിയുന്നുണ്ട്.  

"അൻവർ ബുർഹർ - ഒരു അപൊളിറ്റക്കൽ കഥ" വ്യക്തമായി സംവിധാനം ചെയ്ത ഒരു കഥയുടെ കെട്ടുറപ്പോട് കൂടിയതാണ്."ചീത്തപ്പേര് "പഴയഭാവുകത്വത്തിലേക്ക് ചേർന്നു നിൽക്കുമ്പോഴും സ്ത്രീപക്ഷത്തെ നെഞ്ചോട് ചേർക്കുന്നുണ്ട്.
" എപ്പോ വേണെങ്കിലും ഒരു സംശയമില്ലാതെ തർക്കങ്ങളില്ലാതെ, തുടക്കപിരിമുറുക്കങ്ങളില്ലാതെ പുറപ്പെടാം" എന്ന അവിവാഹിത ജീവിതത്തിന്റെ സ്വാതന്ത്ര്യത്തെക്കുറിച്ച് പറഞ്ഞു തുടങ്ങി നമ്മളറിയാതെ തന്നെ കണ്ണികളായി ചേരുന്ന അജ്ഞാതമായ നൈരന്തര്യമാണ് ജീവിതത്തിന്റെ കാതലെന്ന് " ഗുരുവായൂരിൽ ഒരു ദർശന " മെന്ന കഥ ഓർമിപ്പിക്കുന്നു.

എഴുത്തുകാരിയെന്ന നിലയിൽ സുജയ വിജയിയാകുന്നത് ലോലിത, നിശ്ശബ്ദമാകുന്നവർ എന്നീ കഥകളിലൂടെയാണ്. വ്യക്തിത്വത്തിലൂടെയാണ്  "ലോലിത "  ഹൃദയത്തിലിടം പിടിക്കുന്നതെങ്കിൽ, വാക്കുകളുടെ കരുതലില്ലാത്ത, നിശ്ശബ്ദതയുടെ കനമാണ് നിശ്ശബ്ദമാകുന്നവരെ ഹൃദയത്തോടു ചേർത്തു നിർത്തുന്നത്.
സുജയയുടെ കഥകളിലെ വാക്കുകളുടെ കരുത്ത് കൂടുതൽ ദൃഢമാകുമെന്നും വരുംകാലങ്ങളിൽ അതു കൊടുങ്കാറ്റ് പോലെ വായനക്കാരുടെ മനസ്സിൽ വീശിയടിക്കുമെന്നുള്ള വാഗ്ദാനമാണ് ഓരോ കഥയും പറഞ്ഞു വെക്കുന്നത്.


നിസ്സഹായരുടെ ഹൃദയത്തിനുള്ളിലേക്കൊരു എത്തിനോട്ടം ( ദിനസരി-23: ഡോ. സ്വപ്ന സി.കോമ്പാത്ത്‌)നിസ്സഹായരുടെ ഹൃദയത്തിനുള്ളിലേക്കൊരു എത്തിനോട്ടം ( ദിനസരി-23: ഡോ. സ്വപ്ന സി.കോമ്പാത്ത്‌)നിസ്സഹായരുടെ ഹൃദയത്തിനുള്ളിലേക്കൊരു എത്തിനോട്ടം ( ദിനസരി-23: ഡോ. സ്വപ്ന സി.കോമ്പാത്ത്‌)നിസ്സഹായരുടെ ഹൃദയത്തിനുള്ളിലേക്കൊരു എത്തിനോട്ടം ( ദിനസരി-23: ഡോ. സ്വപ്ന സി.കോമ്പാത്ത്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക