Image

കവിതയുടെ സുവിശേഷങ്ങളും പെൺജീവിതത്തിന്റെ വേനൽപ്പുഴകളും (ദിനസരി-24- ഡോ. സ്വപ്ന. സി.കോമ്പാത്ത്)

Published on 16 November, 2020
കവിതയുടെ സുവിശേഷങ്ങളും  പെൺജീവിതത്തിന്റെ വേനൽപ്പുഴകളും (ദിനസരി-24- ഡോ. സ്വപ്ന. സി.കോമ്പാത്ത്)

Love has a way of making the sane insane and the insane normal.
Shannon L. Alder

 പ്രണയമില്ലാതായിത്തീർന്ന നാൾ മുതൽക്കാണ്/അവൾ കണ്ണാടി/ നോക്കാൻ തുടങ്ങിയത് എന്നെഴുതിക്കൊണ്ട് അടുക്കളയിലെ പുകയും കരിയുമല്ല ,വഴിയരികിലെ കുത്തുന്ന  തുറിച്ചു നോട്ടങ്ങളും  കൊള്ളിവാക്കുകളുമല്ല, പ്രണയവും കൂടി  ചേർന്നതാണ് സ്ത്രീയുടെ ജീവിതം എന്ന്  കാവ്യാത്മകതയുടെ കയ്യൊപ്പിനാൽ ഊട്ടിയുറപ്പിക്കുന്ന   കൃതിയാണ് കലസജീവന്റെ ജിപ്സി പെണ്ണ്. സ്ത്രൈണമനസ്സിന്റെ നിഗൂഢതകളെ പ്രണയം കൊണ്ട് സാക്ഷ്യപ്പെടുത്തുന്ന സുവിശേഷങ്ങളാണിവ. ഉന്മാദിനിയുടെ സുവിശേഷത്തിലെ ഒരു വരി കടമെടുത്താൽ സ്ത്രീമനസ്സ് എന്ന പ്രഹേളികാസമമായ ഒറ്റവാക്കിനെ ഏകാത്വത്തിലെ നാനാത്വസാധ്യതകളായി കൊണ്ടാടുന്ന അമ്പത്തിയെട്ട് കവിതകളാണ് ജിപ്സി പെണ്ണിലുള്ളത്.

തിരിച്ചറിവുകളാണ് ഓരോ കവിതയുടെയും കാതൽ. അഗ്നിയാൽ സ്ഫുടം ചെയ്തെടുത്തതുപോലെ എന്നൊക്കെ വിശേഷിപ്പിക്കാവുന്ന  അനുഭവങ്ങളാൽ തീക്ഷ്ണമായതെന്നു കരുതാവുന്ന ചിന്തുകൾ. ഒറ്റക്കാൽപാദസരത്തിലെ ഒറ്റമണിയും കണ്ണെഴുത്തിന്റെ കലയും കടുംചുവപ്പിന്റെ ധാരാളിത്തവും കവിതയായി മാറുന്ന ഉമ്മകളും അകവും പുറവും നിറച്ചുകൊണ്ട് ഇടക്കിടക്ക് വിരുന്നുവരുന്ന കവിതകൾ. പെണ്ണകങ്ങളുടെ പന്തീരായിരമറകളുടെ  രഹസ്യ താക്കോലുകളാണിവയെല്ലാം. ഉള്ളിന്നുള്ളിൽ ഒരുത്തിയെ കൊന്നു ചവിട്ടിത്താഴ്ത്തിയിട്ട് മുഖംമൂടി വെച്ചാഘോഷിക്കേണ്ടി വരുന്ന സ്ത്രീജീവിതങ്ങളുടെ ആദർശപുസ്തകം.

കെഡാവർ, വെറും ഹോബി, ഒരു ചീത്ത ദിവസത്തെ മറികടക്കേണ്ടതെങ്ങിനെ, ദമയന്തിപാചകം എന്നിവ സ്വത്വം നിഷേധിക്കപ്പെടുന്ന സ്ത്രൈണസത്തയെ ആവിഷ്കരിക്കാൻ ശ്രമിക്കുമ്പോൾ ഒസ്യത്തും അഭിസരണവും പറത്തവും സംഹാരവുമെല്ലാം സ്വാതന്ത്ര്യപ്രഖ്യാപനത്തിന്റെ മാനിഫെസ്‌റ്റോകളാകുന്നു. അമ്മവീടും, മറന്നാളുമെല്ലാം അനാഥബാല്യത്തിന്റെ കണ്ണീർത്തുള്ളികളാണ്.പ്രമേയപരമായുള്ള പലമയാണ് കവിതകൾക്ക്  നിറച്ചാർത്തുകൾ നൽകുന്നത്.  'വെർജീനിയാ വൂൾഫ് മുതൽ ജിപ്സിപ്പെണ്ണ് വരെ കാലവും ദേശവും അതിരുകൾ സൃഷ്ടിക്കാത്ത ആഗോള സ്ത്രീജീവിതങ്ങളുടെ പ്രതിഛായയായി മാറുന്ന കവിതകൾ.

അവതാരികയിൽ പി.എൻ ഗോപീകൃഷ്ണൻ,  നദികൾക്കും കടലുകൾക്കും പർവ്വതങ്ങൾക്കും സമാന്തരമായി കവിതയുടെ ദേശത്ത് സമാന്തരമായി ഇവയെല്ലാം കവിക്ക് തീർക്കാനാവട്ടെ എന്നാശംസിക്കുന്നുണ്ട്. ഒന്നുറപ്പാണ്  കടൽ പോലെ  ഇനിയും കലയിൽ കവിതയുടെ തിരകളുയർന്നു കൊണ്ടേയിരിക്കും. പച്ചകുത്തൽ, മുന്നറിയിപ്പ്‌, വിരഹലേഖനങ്ങളുണ്ടാകുന്നു, ഇണ തുടങ്ങിയ കവിതകളെല്ലാം വലിയ വാഗ്ദാനങ്ങളാണ് .സ്ത്രീ മനസ്സുകളെ മടുപ്പിന്റെ മരുഭൂമികളാകാൻ വിടാതെ പ്രണയത്തിന്റെ പച്ചപ്പ് കൊണ്ട് ജ്ഞാനസ്നാനം ചെയ്യിക്കുമെന്ന മായാജാലക്കാരിയുടെ വാഗ്ദാനം .പ്രസാധകർ സൈകതം ബുക്സ്. കവിതകളുടെ ഉളള് തൊട്ട മുഖചിത്രം രാജേഷ് ചലോടിന്റേത്.

കവിതയുടെ സുവിശേഷങ്ങളും  പെൺജീവിതത്തിന്റെ വേനൽപ്പുഴകളും (ദിനസരി-24- ഡോ. സ്വപ്ന. സി.കോമ്പാത്ത്)കവിതയുടെ സുവിശേഷങ്ങളും  പെൺജീവിതത്തിന്റെ വേനൽപ്പുഴകളും (ദിനസരി-24- ഡോ. സ്വപ്ന. സി.കോമ്പാത്ത്)കവിതയുടെ സുവിശേഷങ്ങളും  പെൺജീവിതത്തിന്റെ വേനൽപ്പുഴകളും (ദിനസരി-24- ഡോ. സ്വപ്ന. സി.കോമ്പാത്ത്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക