ജീവിതമെന്ന ഞാന്‍, ഈ ജീവകുടീരത്തിലാര്?
ഏതോ പ്രഹേളികയോ? സമസ്യയോ? സത്യത്തിലെത്തുന്ന മിഥ്യയോ?
എന്നെ നയിക്കുന്നവര്‍ക്ക് എത്രയോ വ്യത്യസ്ത നിര്‍വചനങ്ങള്‍?
ഞാന്‍ ഉത്തമജന്മത്തിന്റെ കര്‍മ്മവേദി, മനനം സിദ്ധിയാക്കിയ മനസ്സിനവകാശി;
ജ്ഞാനം വരദാനമായ സൃഷ്ടിയുടെ നിയോഗം, മഹത്തായ തീര്‍ത്ഥാടനം;
കാലത്തിന്റെ സഹയാത്രിക, പുഞ്ചിരിത്തിരി തെളിക്കുന്ന മുഖപ്രസാദം;
ഋതുഭേദങ്ങളുടെ വഴിത്തിരിവുകളില്‍ വളര്‍ച്ചയുടേയും തളര്‍ച്ചയുടേയും ചൂണ്ടുപലക,
ആരോ ചരട് വലിക്കുന്ന പട്ടംപോലെ, നീണ്ടും കുറുകിയും മായുന്ന നിഴല്‍പോലെ,
സൂര്യപ്രകാശത്തിലലിയുന്ന മൂടല്‍മഞ്ഞുപോലെ,
വിസ്മൃതിയുടെ ചങ്ങള്‍ക്കണ്ണികള്‍ കൊളുത്തി നിശ്ചിത സമയത്ത് നിശ്ചലമാകുന്ന വിസ്മയം,
അണിയാത്ത വേഷങ്ങളണിഞ്ഞ്, അറിയാത്ത വഴിത്താരകളിലൂടെ.....
ജീവിതമെന്ന ഞാന്‍, സൃഷ്ടിയുടെ കിരീടം, ആത്മവെളിച്ചത്തിന്റെ വിളനിലം;
മാതൃഗര്‍ഭത്തിലുരുവായി പുഷ്ടിപ്രാപിച്ച മനുഷ്യത്വത്തിന്റെ മൂര്‍ത്തരൂപം;
ആദ്യശ്വാസം കരിച്ചിലായ ചിരിയുടെ തമ്പുരാകന്‍, സരലഹൃദയന്‍;
പ്രായം പടിപടിയായി കയറിപ്പോകുമ്പോള്‍ മാറ്റങ്ങള്‍ക്കുടമ,
മുളയാകുമ്പോള്‍, മുകുളമാകുമ്പോള്‍, പൂവാകുമ്പോള്‍, കായാകുമ്പോള്‍-
കരിയാകുമ്പോള്‍ മുന്നറിവില്ലാതെ കൊഴിഞ്ഞുവീഴുന്ന ജീര്‍ണ്ണത;
ജീവിതമെന്ന ഞാന്‍, നിഗൂഢതകളുടെ ആകെത്തുക;
അനുഭവകളരിയിലെ അഭ്യാസി, ഭാവരസങ്ങള്‍ക്കധികാരി;
ചിന്തകള്‍ ചിറകുകളേന്തി പാറിപ്പറക്കുമ്പോള്‍-
എന്തും കരവലയത്തിലാക്കാന്‍ വെമ്പുന്ന,
മോഹങ്ങള്‍ക്ക് കടിഞ്ഞാണിടാതെ പടക്കുതിരയായി പായുന്ന,
എടുത്തുചാട്ടംമൂലം ആപത്തുകളിലേക്ക് കൂപ്പുകുത്തുന്ന,
തെറ്റും ശരിയും സദാ പയറ്റിക്കൊണ്ടിരിക്കുന്ന,,
നന്മതിന്മകള്‍ക്ക് കാവല്‍നില്‍ക്കുന്ന സാഹസം, സ്വപ്നസഞ്ചാരി;
ജീവിതമെന്ന ഞാന്‍, കടലിലേക്കൊഴുകുന്ന പുഴ;
ചിലപ്പോള്‍ ശാന്തമായി, ചിലപ്പോള്‍ തീരം തകര്‍ത്ത് കുത്തിയൊലിച്ച്,
ചിലപ്പോള്‍ മെലിഞ്ഞുണങ്ങി കണ്ണീര്‍ച്ചാലുകളായി;
ഈ യാത്രയില്‍ ഞാന്‍ പലതും ഇഷ്ടപ്പെടുന്നു, ആഗ്രഹിക്കുന്നു, സ്വപ്നം കാണുന്നു,
വര്‍ണ്ണാഭയോടെ മാടിവിളിക്കുന്നവയേറെ, ദൂരത്തും ചാരത്തും;
എന്നാല്‍ ഞാനിഷ്ടപ്പെടാതെ, ഒട്ടും ആഗ്രഹിക്കാതെ, എന്നെ മാത്രം കാമിക്കുന്ന,
എന്റെ സവിധത്തിലെത്തി അരുമയോടെ തഴുകുന്ന ഏക ശക്തി, നിത്യകാമുകന്‍-
മരണം, അതെ മരണം മാത്രം ജന്മങ്ങള്‍ ജന്മാന്തരങ്ങളാക്കാന്‍.