"
Memories sharpen the past; it is reality that decays."
Siddhartha Mukherjee.
ഓർമകൾക്ക് മങ്ങലേൽക്കുമ്പോൾ നമുക്ക് അന്യമാവുന്നത് ബാല്യത്തിന്റെ രുചിഭേദങ്ങളാണ്. ജീവിതം നമുക്കായി കരുതിവെച്ച ,നാം ഉപയോഗിച്ചു തീർത്ത ബാല്യകാലത്തിന്റെ തിളക്കം മങ്ങിയാലും അത് ഉള്ളിന്റെ ഉള്ളിൽ കൊളുത്തിവെച്ചിട്ടുള്ള കുഞ്ഞ് നെയ്ത്തിരി വെളിച്ചത്തിലൂടെ വീണ്ടെടുക്കുന്നത് ഒരായിരം ജീവിതങ്ങളെയും അവരുടെയെല്ലാം കഥകളെയുമാണ്. ഓർമ്മകൾ നമ്മുടെ ഭൂതകാലത്തെ കൂടുതൽ മിഴിവുറ്റതാക്കുന്നു.
ഓർമപുസ്തകങ്ങളെല്ലാം തന്നെ കാലത്തെ തിരിച്ചുവിളിക്കുന്നവയാണ്. മൺമറഞ്ഞുപ്പോയവർ പോലും അവരുടെ പഴയ അതേ മുഖഭാവത്തോടെ കുശലം പറയാനായി നമുക്ക് മുന്നിലേക്ക് തിരികെയെത്തും .ഇങ്ങനെ ഓർമകൾ കൊണ്ട് ഒരുപാട് പേരെ ആവാഹിച്ച് കുടിയിരുത്തിയ പുസ്തകമാണ് ഞാവൽപ്പഴമധുരങ്ങൾ. "ഓർക്കും തോറും ഓർമകൾക്ക് തീവ്രത കൂടും. മൂർച്ച ഇരട്ടിക്കും " എന്ന ആമുഖവാചകത്തിലൂടെ പഴയ കാലത്തിന്റെ സൗരഭ്യത്തിലേക്ക് മൂക്ക് വിടർത്താൻ പ്രേരിപ്പിക്കുന്ന രീതിയിൽ അക്ഷരങ്ങളിൽ ഓർമയുടെ സുഗന്ധലേപനം നടത്തിയിരിക്കുന്ന ഞാവൽപ്പഴമധുരങ്ങൾ എഴുതിയിരിക്കുന്നത് സജ്ന ഷാജഹാനാണ്. ലോഗോസ് പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ പുസ്തകത്തിൽ ഇരുപത് അധ്യായങ്ങളിലായി കുരുവി എന്നു വിളിക്കപ്പെടുന്ന ഒരു കുട്ടിയും അവളുടെ കൂട്ടുകാരും അവൾ കണ്ട ലോകവും നിറയുന്നു .
മുഖംമൂടികളോ ചായക്കോപ്പുകളോ കൊണ്ട് ഉള്ള് മറയ്ക്കാത്ത ഒരുപറ്റം ആളുകളെ നമുക്കിതിൽ കാണാം .ഗ്രാമവും അതിന്റെ വിശുദ്ധിയും കൈകോർത്തു നീങ്ങുന്ന ഇടവഴികൾക്കരികിലെ ചെറുമുറ്റങ്ങളിൽ ജാതിമതബോധമില്ലാതെ ആർത്തുവളരുന്ന ബാല്യവും വേലിപ്പടർപ്പുകളിൽ പൂവിടുന്ന പ്രണയവും, വീടുകളിൽ പുലരുന്ന നന്മയുമൊക്കെ അതിവിദഗ്ധമായവർ ചേർത്തുവെച്ചിരിക്കുന്നു.
കണ്ണിൽ കാണുന്നതെല്ലാം കൗതുകങ്ങളായ കുരുവി എന്ന കുട്ടി അയൽപക്കക്കാരുടെ സ്നേഹവായ്പുകൾ കൊണ്ടു വീർപ്പുമുട്ടി. വായനയും എഴുത്തും കൊണ്ടവൾ ജ്ഞാനസ്നാനം ചെയ്യപ്പെട്ടു. ചിറകുകൾ കിട്ടിയില്ലെങ്കിലും അവൾക്ക് പറക്കാൻ വേണ്ടി തൂവലുകൾ തുന്നിക്കൊണ്ട് കൂട്ടുകാർ ചുറ്റുമിരുന്നു. അറിയാതെ പോയ പ്രണയത്തിൽ നിന്നും പാറിവീണ കുങ്കുമവളെ ചുവപ്പിച്ചു. കാലമവളെ ഒരു മാലാഖയാക്കി. കയ്യിലുള്ള മാന്ത്രികപ്പേന കൊണ്ടവൾ അതേ കാലത്തെ തന്നെ അക്ഷരങ്ങൾക്കുള്ളിൽ ഒളിച്ചുവെച്ചു. അതാണ് ഞാവൽപ്പഴമധുരങ്ങളെന്ന പേരിൽ നമുക്ക് മുന്നിൽ ഓർമയുടെ വീഞ്ഞായി നുരയുന്നത്.
മധുരാഹ്ലാദങ്ങളോടൊപ്പം പലതരം നഷ്ടങ്ങളുടേത് കൂടിയാണാക്കാലം എന്ന് കുറത്തിയും മൈലാഞ്ചി മൊഞ്ചുളള ബീവിയും പത്മേടത്തിയും നമ്മെ ഓർമിപ്പിക്കും. എത്രയോ പ്രണയങ്ങൾ ഒലിച്ചുപോയ മഴയിലും കടലാസുവഞ്ചികൾ കൊണ്ട് വള്ളംകളി നടത്താൻ കഴിയുന്ന കുട്ടിക്കാലത്തിന്റെ എല്ലാ നിഷ്കളങ്കതയും ഇതിലുണ്ട്.
ഇത്തരം പുസ്‌തകങ്ങൾ കാലമാവശ്യപ്പെടുന്നവയാണ്. മതം അതിന്റെ ദംഷ്ട്രകൾ പതുപതുത്ത കാലിനുള്ളിൽ ഒളിപ്പിച്ചു വെച്ചിരുന്ന കാലത്ത് നമ്മൾ ആഹ്ലാദിച്ചിരുന്നതെങ്ങിനെയെന്ന് പുതുതലമുറയെ അറിയിക്കാൻ ഈ പുസ്തകത്തിന് കഴിയുന്നു. ആദിമധ്യാന്തം നിഷ്കളങ്കത ഒരു കഥാപാത്രം പോലെ ഞാവൽപ്പഴമധുരങ്ങളിൽ സാന്നിധ്യമറിയിക്കുന്നുണ്ട്.