ഇന്‍കംടാക്സ് ഉദ്യോഗസ്ഥരുമായും ടാക്സ് സംബന്ധിച്ച ഫയലുകളുമായുള്ള ദിവസങ്ങള്‍ നീണ്ട മല്‍പ്പിടുത്തമാണ് ദാസിനെയും ടീമിനേയും കാത്തിരുന്നത്.
“റായ്, എന്നോട് അകല്‍ച്ചയും ദേഷ്യവും ഉണ്ടെങ്കിലും എനിക്കുചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ ചെയ്യാന്‍ എന്താണ് എന്നെ അനുവദിക്കാത്തത്? കയറ്റുമതിയുടെയും ഇറക്കുമതിയുടെയും സെസ് തീരുവകള്‍ അടച്ചില്ലെങ്കില്‍ നമ്മുടെ ബിസിനസ് എത്രയോ കോടി പുറകിലേക്ക് പോകുമെന്ന് അറിയില്ലേ? ഇപ്പോള്‍തന്നെ കമ്പോളത്തില്‍ നമ്മുടെ പോയിന്റ് കുത്തനെ ഇറങ്ങിക്കിടക്കുന്നു.” ദാസിന്റെ ഓഫീസിലായിരുന്നു തനൂജ. ദാസിനരികില്‍ നിരഞ്ജൻ ഉണ്ട്.
“നോക്കൂ നിരഞ്ജന്‍, റായിയോട് നിങ്ങള്‍തന്നെ പറയൂ, ഞാന്‍ മാത്രമായി പറഞ്ഞാല്‍ അനുസരിക്കില്ലെന്ന് അറിയാവുന്നതിനാലാണ് നിരന്ജനോടുംകൂടി ഓഫീസില്‍ വരാന്‍ പറഞ്ഞത്.” സംസാരിച്ചു നിറുത്തി തനൂജ എഴുന്നേറ്റു വാതില്‍ കടന്നുപോയി.
“താനെന്തു തീരുമാനിച്ചു?” നിരഞ്ജന്‍ തിരിഞ്ഞു ദാസിനുനേരെ നോക്കി.
“ഉത്തരം അവള്‍ തന്നെ പറഞ്ഞല്ലോ, അവളോട് അകല്‍ച്ചയും വെറുപ്പും ഉണ്ടാവുമ്പോള്‍ എങ്ങനെയാണ് ആ ഭാഗത്തുനിന്നുള്ള സഹായം തേടുക?”
“ലുക്ക് വിദേത്, അവള്‍ക്കുള്ള പിടിപാടുകള്‍ തനിക്കുണ്ടെങ്കിലും ഫാസ്റ്റ് മൂവിംഗ് ആണ് നമുക്കിപ്പോള്‍ വേണ്ടത്. മൌറീഷ്യസ് കമ്പനി മാത്രമല്ല ദുബായ്, മലേഷ്യ, സിങ്കപ്പൂര്‍ തുടങ്ങിയ കമ്പനികളും നമ്മുടെ അടുത്ത പ്രോഡക്റ്റ് അവിടെയെത്തി നിലവാരം ചെക്ക് ചെയ്തിട്ടു മാത്രമേ ഡീല്‍ ഉറപ്പിക്കൂ എന്ന് പറഞ്ഞിട്ടുണ്ട്. ഇന്‍ഡസ്ട്രിയില്‍ താരാക്കമ്പനിയെ നിലം പരിശാക്കാന്‍ മറ്റുള്ളവര്‍ ക്യൂവില്‍ ആണ്.”
ദാസ് ആലോചനയോടെ എഴുന്നേറ്റു.
“നമ്മുടെ ഡീല്‍ മുടങ്ങിയാല്‍ അടുത്ത പ്രിഫറന്‍സ് നെക്സ്റ്റ് കമ്പനിക്ക് കിട്ടും. കോണ്‍ട്രാക്റ്റ് ഒപ്പിട്ടാല്‍ അഞ്ചുവർഷം നമ്മള്‍ പുറത്തു നില്‍ക്കേണ്ടി വരും. പല ജ്വല്ലറികളും തകര്‍ന്നു തരിപ്പണമാകുന്നത് ഇങ്ങനെയുള്ള കാലയളവില്‍ വ്യവസായത്തില്‍ ചലനം സൃഷ്ടിക്കാന്‍ കഴിയാഞ്ഞിട്ടാണ്. മോഡേണ്‍ ട്രെന്‍ഡ് അനുസരിച്ച് നീങ്ങിയില്ലെങ്കില്‍ നമ്മള്‍ ഔട്ടേറ്റഡായിപ്പോകും.”
“ഇതെല്ലാം എനിക്ക് മാത്രമായി ഡീല്‍ ചെയ്യാവുന്നതേയുള്ളൂ നിരഞ്ജന്‍.... അവളുടെ മാത്രമല്ല ആരുടെയും സഹായം വേണ്ട”
നിരഞ്ജന്‍ അയാളുടെ അടുത്തേക്ക് വന്നു ആ ചുമലില്‍ പിടിച്ചു.
“തനൂജ വളരെ അപകടകാരിയാണ് വിദേത്, താന്‍ അവളെ പിണക്കി വിട്ടാല്‍ അവള്‍ പുറത്തുനിന്നുകൊണ്ടു എല്ലാം നശിപ്പിക്കും. താനും മിലാനുമായുള്ള ബന്ധം തകര്‍ക്കാന്‍ അവള്‍ എന്തും ചെയ്യും, ചെയ്തു കഴിഞ്ഞു.”
“മിലാനോട് ഞാന്‍ സംസാരിച്ചാല്‍ തീരാവുന്ന പ്രശ്നങ്ങളേയുള്ളൂ എന്നാണ് കുറച്ചു മുന്‍പുവരെ ധരിച്ചിരുന്നത്. പക്ഷെ എല്ലാ പഴുതുകളും അടഞ്ഞിരിക്കുന്നു.” ദാസ് വീണ്ടും ഇരിപ്പിടത്തില്‍ ഇരുന്നു ഒന്ന് കറങ്ങി.
“ഞാന്‍ ഈ തിരക്കിനിടയില്‍ തന്നോട് പറയാന്‍ വൈകിച്ചതാണ്. ഞാന്‍ മിലാനെ വിളിച്ചിരുന്നു. മിലാനും കുടുംബത്തിനും ഈ ബന്ധത്തിന് താല്പര്യമില്ല എന്നാണ് പറഞ്ഞത്. അതുകൊണ്ട് ഈ വിഷയം സംസാരിക്കാന്‍ അവരാരും ആഗ്രഹിക്കുന്നില്ല. സഞ്ജയ് വളരെ കടുത്ത സ്വരത്തിലും ഭാഷയിലും സംസാരിച്ചു. ഒരേയൊരു മകളുടെ ജീവിതം പന്താടന്‍ കൊടുക്കാനുള്ളതല്ല എന്ന് സഞ്ജയ് അടിവരയിട്ടിരിക്കുന്നു.” നിരഞ്ജന്‍ ദാസിനെ നോക്കി.
“ആരായാലും അങ്ങനെയേ കരുതൂ, വീട്ടില്‍വെച്ച് കരോളിനെ കാണാതായ വിവരം ഞാന്‍ പറഞ്ഞപ്പോള്‍ സഞ്ജയ് എന്നെ പരിഹസിച്ചു. നിരന്ജനും ദാസിനും കണ്ടുപിടിക്കാന്‍ മാത്രമായി അല്‍പ നേരത്തേക്കാണോ കരോലിന്‍ ഒളിവില്‍ പോയത്, അതും ദാസിന്റെ വീട്ടില്‍ ഇത്രയും സെക്യൂരിറ്റി ഉള്ളപ്പോള്‍ എന്നായിരുന്നു ആ പരിഹാസത്തിന്റെ വ്യന്ഗ്യം, മാത്രമല്ല.... ഇപ്പോള്‍ കരോളിന്റെ കൈയ്യിലെ ഫോട്ടോ മിലാന്‍ കണ്ട സാഹചര്യവും അറിയാമല്ലോ.... എന്തെങ്കിലും ന്യായീകരണം തിരികെ പറയാന്‍ ഇല്ലാത്ത രീതിയിലാണ് മിലാന്‍ ഉറച്ചുനില്‍ക്കുന്നത്.”
“ഉം.... പക്ഷേ മിലാന്‍ കണ്ടതല്ല സത്യമെന്ന് നമുക്കറിയാമല്ലോ...” ദാസ് സമ്മതിക്കാൻ മനസ്സില്ലാതെ പറഞ്ഞു.
“വിദേത്.... ഡോണ്ട് ബി സില്ലി, ഇതൊക്കെ അറിയാവുന്നത് എനിക്കും തനിക്കും കരോലിനും അമ്മയ്ക്കും ആണ്. ഇവരില്‍ ആരുപറഞ്ഞാലും മിലാനും കുടുംബവും വിശ്വസിക്കില്ലല്ലോ.... തന്നെ വെള്ള പൂശാന്‍ ഞങ്ങള്‍ കെട്ടിച്ചമച്ച കഥയായല്ലേ ഇതെല്ലാം വ്യാഖ്യാനിക്കപ്പെടൂ...”
“മതി....” ദാസ് അസഹ്യതയോടെ കൈ ഉയര്‍ത്തി.
സാമി കയറിവന്നു. “സാബ്, അപ്പുറത്തെ ഫ്ലാറ്റ് തനൂജ വാങ്ങിയിരിക്കുന്നു.”
“വിച്ച് ഫ്ലാറ്റ്?” നിരഞ്ജന്‍ രണ്ടുപേരെയും മാറിമാറി നോക്കി.
സാമി കാര്യങ്ങള്‍ വിവരിച്ചു. “നമുക്ക് അതെടുക്കാം എന്ന് ഞാന്‍ സാബിനോട് പറഞ്ഞിരുന്നു.” അയാള്‍ ശബ്ദം താഴ്ത്തി.
“എന്തിനാണ്.... നമുക്കാവശ്യമില്ല.” ദാസ് തല കുടഞ്ഞു.
“അവള്‍ അവളുടെ ഫ്ലാറ്റില്‍ തന്നെ പോകുന്നില്ല, പിന്നെ എന്തിന്നാണ് ഇത്രയും അടുത്ത് വേറെ? അതും നിങ്ങളുടെ വീടിനരികില്‍? നിരഞ്ജന്റെ കണ്ണുകള്‍ ചെറുതായി.
“അതാണ് സംശയിപ്പിക്കുന്നത് . തനൂജ എന്തിനാണിങ്ങനെ പണം മുടക്കുന്നത്? നമ്മുടെ വീട്ടില്‍ താമസിക്കുന്ന സമയത്ത് സാബ് പലപ്പോഴും തനിയെ ആയിരിക്കും. സെക്യൂരിറ്റി ഉണ്ടെങ്കിലും അവര്‍ വലതുവശത്തെ മുറികളിലാണ്. സാബിന്‍റെ മുറികള്‍ ജിം അറ്റാച്ച്ട് ആയതിനാലും സ്വിമ്മിംഗ് പൂള്‍ ഉള്ളതിനാലുമൊക്കെ അവിടെന്ന് മാറാനും സാബിന് ഇഷ്ടമല്ല.” സാമി ദാസിനെ നോക്കി.
“അത് സാരമില്ല, തല്ക്കാലം സെക്യൂരിറ്റി സ്റ്റാഫിനോട് ഇപ്പുറത്തേക്ക് മാറാന്‍ പറയണം. വിദേത് മദ്ധ്യത്തിലുള്ള മുറിയില്‍ താമസിച്ചാല്‍ മതി. സൌകര്യങ്ങള്‍ ഉപയോഗിക്കുന്ന സമയത്ത് മാത്രം അങ്ങോട്ട് പോയാല്‍ മതി. പക്ഷെ തീര്‍ച്ചയായും രണ്ടു വശത്തും ഗാര്‍ഡിനെ ഉറപ്പാക്കണം.”
പ്രധാനപ്പെട്ട ചില കാര്യങ്ങളില്‍ക്കൂടി കടന്നുപോയതിനു ശേഷം നിരഞ്ജന്‍ യാത്ര പറഞ്ഞിറങ്ങി. അപ്പോഴും തനൂജ പുറത്തുണ്ടായിരുന്നു.
തനൂജ ഇറങ്ങുന്നുണ്ടോ? ഞാന്‍ ഡ്രോപ്പ് ചെയ്യാം.” അയാള്‍ കുശലം പറഞ്ഞു.
“ഒഹ്, താങ്ക്യൂ, ബട്ട് കുറച്ചു കാര്യങ്ങള്‍ ഉണ്ട്. നിരഞ്ജന്‍ ഇറങ്ങിക്കൊള്ളൂ, പുതിയ ഫ്ലാറ്റ് വാങ്ങിയതിന്റെ ചെറിയ ആഘോഷമുണ്ട് രാത്രിയില്‍.
നിരഞ്ജന്‍ ഡല്‍ഹിയില്‍ ഉണ്ടോ ഇന്ന് രാത്രി?”
“ഉണ്ട്, പക്ഷെ പല തിരക്കുകളിലാണ്.” അയാള്‍ ചിരിച്ചു.
“എങ്കിലും ശ്രമിച്ചാല്‍ വരാമല്ലോ, റായുടെയും എന്റെയും ഫ്ലാറ്റ്സെയിം ലൊക്കേഷന്‍ ആണ്. അടുത്താണ്”
“നോക്കട്ടെ, പക്ഷെ വന്നില്ലെങ്കില്‍ പിണങ്ങരുത്. വിദേതിനരികില്‍ വരുമ്പോള്‍ അടുത്ത വട്ടം അവിടെ കയറാം.” നിരഞ്ജന്‍ അവളെ നോക്കി കൈവീശി നടന്നുപോയി.
എന്തൊക്കെയോ ആലോചിച്ചു ഉറപ്പിച്ചതിനു ശേഷം റായ് വിദേതന്‍ ദാസ് നിരന്ജനെയും തനൂജയെയും ഒരുമിച്ചു വീഡിയോ കോണ്‍ഫറന്‍സില്‍ വിളിച്ചു.
“ഇപ്പോഴത്തെ പ്രതിസന്ധികള്‍ പരിഹരിക്കാന്‍ ഞാന്‍ തനൂജയുടെ സഹായവും അപേക്ഷയും സ്വീകരിക്കുന്നില്ല എന്നാണല്ലോ നിങ്ങളുടെ പരാതി. അതുകൊണ്ട് തനൂജ ഇന്‍കംടാക്സ് ഉദ്യോഗസ്ഥരുമായും മൌറീഷ്യസിലെ ഡോപ്ലര്‍ കമ്പനിയുമായും സംസാരിക്കട്ടെ. കാരണം മുന്‍പേ ഡോപ്ലര്‍ കമ്പനിയുടെ പ്രശനം വന്നപ്പോള്‍ അവിടേക്ക് ഡോളര്‍ അയച്ചതും സംസാരിച്ചതും തനൂജയായാണല്ലോ, സൊ ഇപ്പോഴും അങ്ങനെ ചെയ്യുന്നതില്‍ നമുക്കു വിരോധമില്ല.”
ആദ്യം അമ്പരപ്പ് തോന്നിയെങ്കിലും നിരഞ്ജൻ തലകുലുക്കി. തനൂജ വളരെ ഹാപ്പിയായി കാണപ്പെട്ടു.
“ഒഹ്, താങ്ക്യൂ റായ്, ഞാന്‍ പറഞ്ഞല്ലോ ഞാന്‍ എപ്പോഴും നമ്മുടെ നേട്ടത്തിന് വേണ്ടിയാണ് നില കൊള്ളുന്നത്.”
വല്ലാത്ത സന്തോഷത്തോടെയാണ് തനൂജ ഫോണ്‍ വെച്ചത്.
അന്നുരാത്രി മിലാന്റെ ഫോണിലേക്ക് ദാസ് പലവട്ടം വിളിച്ചു. അവള്‍ എടുക്കില്ല എന്നത് അയാള്‍ക്ക് ഉറപ്പുണ്ടായിരുന്നു. എങ്കിലും അയാൾ പലപ്പോഴും ആ നമ്പര്‍ ഡയല്‍ ചെയ്തു.
രാത്രി തനൂജയുടെ പുതിയ ഫ്ലാറ്റില്‍ പല പ്രമുഖരും എത്തിച്ചേര്‍ന്നു. ആട്ടവും പാട്ടും ബഹളവും പുലര്‍ച്ചെവരെ നീണ്ടു. തനൂജ വല്ലാതെ സന്തോഷിച്ച ആ രാത്രിയില്‍ അവളുടെ അടുത്ത കൂട്ടുകാരി സോണിയയും ഉണ്ടായിരുന്നു.
“എന്താണ് ഇത്രയടുത്ത് റായ് ഉണ്ടായിട്ടും ഇങ്ങോട്ട് വരാഞ്ഞത്? നീ ക്ഷണിച്ചില്ലേ?” സോണിയ തനൂജയെ മാറ്റിനിറുത്തി ചോദിച്ചു.
“എന്തിനാണ് റായ് ഇനിയിങ്ങോട്ടു വരുന്നത്? ഞാന്‍ സ്ഥിരമായി ഇനി റായുടെ അടുത്തായിരിക്കുമല്ലോ...” തനൂജ കയ്യിലെ നുരയുന്ന വൈന്‍ഗ്ലാസ് ചുണ്ടിലേക്ക് ചേര്‍ത്തു.
“എങ്ങനെ...?”
“അതൊക്കെയുണ്ട്, ഒന്നും ആലോചിക്കതെയല്ല ഞാന്‍ ഇത്രയും അടുത്തേക്ക് വന്നത്. നീ കണ്ടോ... രണ്ടു ദിവസത്തിനുള്ളില്‍ നീയൊരു സൂപ്പര്‍ ഹോട്ട്ന്യൂസ് കേള്‍ക്കും, ഞാന്‍തന്നെ നേരിട്ട് നിന്നെ അറിയിക്കുന്നുണ്ട്.”
സോണിയ തനൂജയെ സൂക്ഷിച്ചുനോക്കി. “എന്താണാ ഹോട്ട്ന്യൂസ്?”
“അതുണ്ട്, നീ ഇപ്പൊ വാ, അതൊക്കെ സര്‍പ്രൈസ് ആണ്, എന്തായാലും നിന്നെ അറിയിച്ചിട്ടേ ഞാനത് പുറത്തുവിടൂ...”
സോണിയ മാത്രമല്ല കാര്‍ട്ടന് പുറകില്‍നിന്നു തനൂജയുടെ അമ്മ പ്രയാഗയും ഈ വാക്കുകള്‍ കേള്‍ക്കുന്നുണ്ടായിരുന്നു. എന്താണ് മകളുടെ സര്‍പ്രൈസ്? ഇനിയുമൊരു സര്‍പ്രൈസ്....?
പിറ്റേദിവസം ഉച്ചതിരിഞ്ഞു ദാസിന്റെ ഡൽഹിയിലെ വീട്ടിലേക്ക് മൈത്രേയി വന്നു. മൈത്രേയി തന്റെ പ്രൊജക്റ്റ് പൂര്‍ത്തിയാക്കാന്‍ മുംബൈ ഐഐറ്റിയില്‍നിന്നും ബംഗ്ലൂർക്ക് പോയിരുന്നു. തിരികെ നാനിയുടെ അടുത്തേക്ക് പോകും മുന്‍പേ അച്ഛനെ കാണണമെന്ന് കരുതിയാണ് ഡല്‍ഹിയിലേക്ക് വന്നത്. മാത്രമല്ല മിലാന്‍ അവളോട് മുന്‍പ് കാണിക്കുന്ന അടുപ്പം ഇപ്പോള്‍ കാണിക്കുന്നില്ല. നാനിയോടു ചോദിക്കുമ്പോള്‍ ഒന്നും പറയുന്നുമില്ല. അച്ഛനുമായുള്ള എന്തെങ്കിലും പ്രോബ്ലം ഉണ്ടോ എന്നതും മൈത്രേയിയുടെ മനസ്സില്‍ കരടായി വീണിരുന്നു.
വഴിയില്‍ വെച്ച് അവള്‍ അമ്മയെ വിളിച്ചു.
“അമ്മാ, ഞാന്‍ ഡല്‍ഹിയില്‍ ഉണ്ട്, അപ്പയെ കാണാന്‍ പോകുവാണ്.”
“മിത്ര, നീ അപ്പയോട് വിളിച്ചു പറഞ്ഞോ വീട്ടിലേക്കു വരുന്നുണ്ടെന്ന്?” മേനക ചോദിച്ചു.
“നോ, അച്ഛന്‍ ബിസി ആയിരിക്കും, രാത്രിയല്ലേ വരുള്ളൂ, അപ്പോഴേക്കും ഞാനൊന്ന് ഫ്രഷ് ആവട്ടെ...”
“അപ്പാ ഇന്ന് വല്ല ബിസിനസ് യാത്രയും പ്ലാന്‍ ചെയ്തിട്ടുണ്ടെങ്കില്‍ നീ എങ്ങനെ കാണും? വിളിച്ചു നോക്കൂ...”
“എന്തായാലും കുറച്ചു കഴിയട്ടെ അമ്മാ... ഞാന്‍ റ്റയെര്‍ഡാണ്. ഒന്നുറങ്ങണം.”
“ശരി, ഞാന്‍ ഡല്‍ഹിയില്‍ ഉണ്ട്, ഇവിടെ ഒരു കവിസമ്മേളനം ഉണ്ട്. കഴിഞ്ഞാല്‍ ഞാന്‍ വിളിക്കാം, അതുവഴി വന്നു നിന്നെ പിക് ചെയ്തോളാം...” മേനക പറഞ്ഞു.
“ഓക്കേ അമ്മാ...” മൈത്രേയി സമ്മതിച്ചു.
ദാസ് ഫ്ലാറ്റില്‍ ഉണ്ടായിരുന്നില്ല. സെക്യൂരിറ്റി അവളെ അകത്തേക്ക്‌കൂട്ടിക്കൊണ്ടുപോയി. അൽപനേരം കഴിഞ്ഞപ്പോൾ യാത്രാക്ഷീണംകൊണ്ട് മൈത്രേയി ഉറങ്ങിപ്പോയി.
ആരോ ഉറക്കെ സംസാരിക്കുന്നത് കേട്ടാണ് മിത്ര ഉറക്കമുണര്‍ന്നത്. അവള്‍ കാതോര്‍ത്തു. അച്ഛന്‍ വന്നെന്നു തോന്നുന്നു.
അച്ഛന്റെ പാര്‍ട്ടിക്കാരും മറ്റും ആയിരിക്കും. മൈത്രേയി കര്‍ട്ടന്‍ മാറ്റി താഴേക്ക് നോക്കിയപ്പോള്‍ ദാസ് ഒന്നുരണ്ട് ആളുകളോട് സംസാരിക്കുന്നത് കണ്ടു. വാഷ് റൂമില്‍ പോയി മുഖം കഴുകി വരുമ്പോള്‍ വാതില്‍ കടന്നു തനൂജ ദാസിനരികിലേക്ക് വരുന്നത് മൈത്രേയി കണ്ടു. മൈത്രേയി അല്പം കൂടി അടുത്തേക്ക് വന്നു. അവര്‍ സംസാരിക്കുന്നത് ഇപ്പോള്‍ കേള്‍ക്കാം.
“റായ്, കമ്പനിയും ഇന്‍കംടക്സ് പ്രോബ്ലവും സോള്‍വ് ആയിട്ടുണ്ട്. ഹാപ്പി ആയില്ലേ?” തനൂജ വല്ലാത്ത സന്തോഷത്തിലായിരുന്നു.
“യെസ് യെസ്....എങ്ങനെ ഇത്ര പെട്ടെന്ന്?”
“അവര്‍ക്കെല്ലാം പൈസയാണല്ലോ വേണ്ടത്... അത് കൊടുത്താല്‍മതിയാകും”
“അതായത് വീണ്ടും പ്രശ്നങ്ങള്‍ ഉണ്ടാവുമെന്നു സാരം, യഥാർത്ഥവിഷയത്തെ പൈസ കൊടുത്തു ഒതുക്കുമ്പോള്‍ ആ പ്രശനമല്ല നമ്മള്‍ പരിഹരിക്കുന്നത് എന്ന് തനൂജയ്ക്ക് അറിയാമല്ലോ അല്ലേ, ബൈ ദി വേ, ഇരിക്കൂ...” ദാസ് സോഫയിലേക്ക് വിരല്‍ ചൂണ്ടി.
“അങ്ങനല്ല റായ്, നമ്മുടെ യഥാര്‍ത്ഥ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള വഴികൾ കണ്ടെത്തി എന്നാണ്. ആളുകളെ നേരിട്ടുതന്നെ കണ്ടു കാര്യങ്ങള്‍ സ്പീടാക്കാന്‍ കുറച്ചു പൈസ മുടക്കി എന്നാണ് പറഞ്ഞത്. വഴികള്‍ ക്ലീയറായാല്‍ മതിയല്ലോ...” തനൂജ വ്യക്തമാക്കി.
“അതെ, വഴികള്‍ ക്ലിയര്‍ ആയാല്‍ മതി” അയാള്‍ ആ വരികളില്‍ ഊന്നി.
“പിന്നെ റായ്.... എനിക്കൊരു പേര്‍സണല്‍ കാര്യം പറയാനുണ്ട്.”
തനൂജ പറഞ്ഞത് കേട്ട് കര്‍ട്ടന്‍ പുറകില്‍നിന്നും മുന്നോട്ടു വാരാനാഞ്ഞ മൈത്രേയി നിന്നു.
“എന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു കാര്യമാണ്, റായ് എങ്ങനെ ഈ വിഷയം എടുക്കുമെന്ന് എനിക്കറിയില്ല.” തനൂജ എഴുന്നേറ്റു തന്റെ ഓറഞ്ച് സില്‍ക്ക്ടോപ് വലിച്ചു നേരെയിട്ടു ദാസിനരികിലേക്കുവന്നു.
മൈത്രേയിക്കു ദാസിന്റെ മുഖം മുഴുവനായും കാണാന്‍ കഴിയുന്ന രീതിയിലായിരുന്നു ദാസ് ഇരുന്നിരുന്നത്.
“റായ്.... ഞാന്‍ ഗര്‍ഭിണിയാണ്, അയാം പ്രഗ്നനന്റ്....!”
മൈത്രേയി നടുങ്ങിത്തരിച്ചുപോയി.
മൂന്നാല് നിമിഷത്തേക്ക് അവള്‍ക്കു ശ്വാസം കിട്ടിയില്ല. ഭൂമി വട്ടം കറങ്ങുന്നുണ്ടോ.... അവള്‍ കര്‍ട്ടനില്‍ അള്ളിപ്പിടിച്ചു.
ദാസിന്റെ കണ്ണുകളില്‍ ആദ്യം അവിശ്വസനീയതയും ഞൊടിയിൽ ഭാവം മാറി ഒരു ചിരിയും ഉടന്‍തന്നെ സന്തോഷത്തിന്റെ പൂത്തിരിക്കഷണവും കണ്ട മൈത്രേയി വീണ്ടും നടുങ്ങി.
“റായ്...., നമ്മുടെ അന്നത്തെ രാത്രി ഓര്‍മ്മയുണ്ടല്ലോ....യാദൃശ്ചികമായി നമ്മള്‍ പെട്ടുപോയതാണെങ്കിലും ഞാന്‍ അന്ന് ഒരുപാട് സന്തോഷിച്ചിരുന്നു. ഒരു രാത്രിയെങ്കിലും റായ് എന്നെ സ്നേഹിച്ചല്ലോ എന്നത് വല്ലാത്തൊരു ജീവിതോന്മേഷം നല്‍കി. പക്ഷെ പ്രഗ്നന്‍സി ഞാന്‍ ആഗ്രഹിച്ചതല്ല. ഈ അപ്രതീക്ഷിത ട്വിസ്റ്റ് എന്റെ കരിയറിനേയും ജീവിതത്തേയും പ്രതികൂലമായി ബാധിക്കുമെന്ന് എനിക്ക് നന്നായറിയാം.”
ദാസ് അനങ്ങാതെ അങ്ങനെതന്നെ ഇരുന്നു.
തനൂജയുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു. അച്ഛന്‍ എന്താണ് പറയുന്നതെന്നറിയാന്‍ മൈത്രേയി ചെവി വട്ടം പിടിച്ചു.
തനൂജ തുടര്‍ന്നു. “എനിക്കറിയാം റായും മിലാനും തമ്മിലുള്ള ബന്ധം. ഇപ്പോഴത്തെ വിഷമങ്ങള്‍ മാറി നിങ്ങള്‍ ഒരുമിക്കും എന്നും അറിയാം, അതുതന്നെയാണ് ഞാനും ആഗ്രഹിക്കുന്നത്. റായ് സമ്മതിക്കുകയാണെങ്കില്‍ ഞാനീ കുഞ്ഞിനെ വളര്‍ത്താം, അതെനിക്ക് റായ്യോടുള്ള ഇഷ്ടം കൊണ്ടാണ്. എന്നാല്‍ ഒരിക്കലും ആ കുഞ്ഞുമായി നിങ്ങളുടെ ജീവിതത്തില്‍ വരികയേയില്ല. എന്റെ കരിയര്‍ നഷ്ടപ്പെടാതെ തന്നെ പ്രസവിക്കാനും വളര്‍ത്താനും എനിക്കു കഴിയുമെന്നും റായ് മനസ്സിലാക്കുമല്ലോ... പുറംലോകത്തുനിന്നും അല്പകാലം മാറിനിൽക്കേണ്ടി വരുമെന്ന് മാത്രം."
എന്താണ് അച്ഛനൊന്നും മിണ്ടാത്തത്? മൈത്രെയിക്ക് ശ്വാസം വിലങ്ങി. തനൂജ ഇപ്പോള്‍ പുറം തിരിഞ്ഞാണു നില്‍ക്കുന്നത്. അവളുടെ മുഖം കാണാന്‍ കഴിയുന്നില്ല.
മുന്നോട്ടു കടന്നുചെന്നു അവളുടെ കവിളത്തടിക്കാന്‍ മൈത്രേയിയുടെ ശരീരം വെമ്പി.
“റായ് എന്താണ് ഒന്നും പറയാത്തത്? റായ് പറഞ്ഞാല്‍ ഈ കുഞ്ഞിനെ അബോര്‍ഷന്‍ ചെയ്തുകളയാനും ഞാന്‍ തയ്യാറാണ്. റായുടെ ജീവിതമാണ് എനിക്കു മറ്റെന്തിനേക്കാളും വലുത്. മിലാന്‍ ഒരിക്കലും ഇതറിയില്ല. മിലാന്‍ മാത്രമല്ല ആരുമറിയില്ല.”
വലിഞ്ഞുമുറുകിയ തന്റെ മനസ്സിനെ മൈത്രേയി ബലൂണ്‍ പോലെ അഴിച്ചു വിട്ടു. ഓ, അപ്പോള്‍ ബ്ലാക്ക് മെയില്‍ ചെയ്യാനായിരിക്കും ഇവളുടെ പ്ലാന്‍, ശരി ഡിമാന്റ് എന്താണെന്ന് കേള്‍ക്കട്ടെ....
ഇരുന്നിടത്തുനിന്നും എഴുന്നേറ്റ ദാസ് തനൂജയുടെ തൊട്ടരികില്‍ വന്നു. അയാളുടെ കണ്ണുകളിലെ ഭാവം തനൂജയ്ക്ക് മനസ്സിലായില്ല. ദാസിന്റെ മിഴികള്‍ അവളുടെ വയറിലേക്ക് നീണ്ടു ചെന്നു. കുറച്ചു നിമിഷങ്ങള്‍ അങ്ങനെതന്നെ കടന്നുപോയി.
പെട്ടെന്നാണ് ദാസ് അവളുടെ ഇരുചുമലിലും കൈ വെച്ചത്. അയാളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു.
“തനൂജാ.... നീ സത്യമാണോ പറഞ്ഞത്? നീ ഗര്‍ഭിണിയാണെന്ന് പറഞ്ഞത് സത്യമാണോ? പറ.... ഒന്നൂടി പറ....”
വല്ലാത്തൊരു ആവേശത്തോടെ ദാസ് തനൂജയെ നെഞ്ചോട് ചേര്‍ത്തു. അയാളുടെ കൈകള്‍ അവളുടെ വയറിലേക്ക് നീണ്ടു ചെന്നു. “സത്യമാണോ നീ പറഞ്ഞത്? ഇത് എന്റെ കുഞ്ഞാണെന്ന് പറഞ്ഞത് സത്യം തന്നെയാണോ....?"
തനൂജയും അമ്പരന്നുപോയി. ഒരു പൊട്ടിത്തെറി പ്രതീക്ഷിച്ചാണ് തനൂജ കടന്നുവന്നതുതന്നെ.
റായ് വിദേതന്‍ദാസ് പൊട്ടിച്ചിരിച്ചു. അയാള്‍ തനൂജയുടെ കൈ പിടിച്ചു കറക്കി വട്ടം ചുറ്റിച്ചു നെഞ്ചിലേക്ക് ചേര്‍ത്തു.
മൈത്രേയിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. വാട്ട് എ ബ്ലഡി ഹെല്‍.....
“റായ്... ആര്‍ യു റിയലീ സീരിയസ്?” അവിശ്വസനീയതോയോടെ തനൂജ അയാളുടെ മുഖത്തേക്ക് നോക്കി.
“വൈ നോട്ട് തനൂജാ, എന്റെ കുഞ്ഞെന്ന് പറയുമ്പോള്‍ അതിനെ വെറുതെ എടുത്തു വേസ്റ്റ് ബിന്നില്‍ കളയാന്‍ ഉള്ളതാണോ? എന്റെ രക്തത്തെ ഏതെങ്കിലും ഓപ്പറേഷന്‍ മേശയിലെ കത്തിമുനകൊണ്ട് ഞെരിച്ചു കൊന്നേക്കാന്‍ പറയുമെന്നാണോ താന്‍ കരുതിയത്? ഞാന്‍ അത്തരക്കാരനല്ല തനൂജാ.... താന്‍ എന്നെ മനസ്സിലാക്കാന്‍ കിടക്കുന്നതേയുള്ളൂ മൈ ഡാര്‍ലിംഗ്....”
അയാള്‍ വീണ്ടും അവളുടെ വയറില്‍ തൊട്ടു. “സത്യത്തില്‍ ഈ നിമിഷം ആഘോഷത്തിന്റെതാണ്; റായുടെ പരമ്പരയ്ക്ക് ഒരവകാശികൂടി...
“തന്നോടെനിക്ക് ദേഷ്യം ഉണ്ടായിരുന്നു തനൂജാ, പക്ഷെ ഈ നിമിഷം മുതല്‍ നീയെനിക്ക് ഏറ്റവുമേറ്റവും പ്രിയപ്പെട്ടവളാണ്. റിയലി ഐ മീന്‍ ഇറ്റ്!”
“പക്ഷേ റായ്....” തനൂജ വിക്കി..... “റായ്.... റായുടെ വീട്ടുകാര്‍... മിലാന്‍...നിങ്ങളുടെ വിവാ....”
അവളെ മുഴുവനാക്കാന്‍ അനുവദിക്കാതെ ദാസ് ആ ചുണ്ടില്‍ വിരല്‍ വെച്ചു. “മൈ സില്ലി ഗേള്‍.... അതിനേക്കാള്‍ എത്രയോ വിശേഷപ്പെട്ടതാണ് നീയെനിക്ക് നല്‍കിയ ഈ അമൂല്യസമ്മാനം! അതിനു മുന്നില്‍ ബാക്കിയെല്ലാം വെറും വെറും നിസ്സാരം...”
“ഇവിടിരിക്ക്...ഇവിടിരിക്ക്....”അയാള്‍ അവളുടെ കൈപിടിച്ച് ഇരുത്താന്‍ ശ്രമിച്ചു.
വാതില്‍ തള്ളിതുറക്കപ്പെട്ടത് അതേ നിമിഷത്തിലായിരുന്നു.
വാതിലിനപ്പുറത്ത് മിലാന്റെ മുഖം വന്നു . അതിനുമപ്പുറം സഞ്ജയ് പ്രണോതി!
അകത്തേക്ക് നോക്കിയ സഞ്ജയ് കര്‍ട്ടണ് പുറകിലെ മൈത്രേയിയെ ആദ്യം കണ്ടു. അയാളുടെ കണ്ണുകള്‍ കുറുകി.
മിലാന്‍ ദാസിനെയും തനൂജയെയും നേരിയ മന്ദസ്മിതത്തോടെ നോക്കി. ദാസിന്റെ കൈകള്‍ തനൂജയുടെ കൈകളിലാണ്.. മറഞ്ഞുനില്‍ക്കുന്ന മിത്രയേയും ഒരുമാത്ര മിലാന്‍ കണ്ടു.
വായുവിലെ സൂക്ഷ്മകണങ്ങൾക്കൂടി നിശബ്ദമായതായി ദാസ് അറിഞ്ഞു. സ്വന്തം പൾസ് മിടിക്കുന്നത് ചെവിയിൽ കേൾക്കാം!
മിലാന്‍ മുന്നോട്ടു നടന്നപ്പോള്‍ ഹാളില്‍ അവളുടെ ഹൈഹീല്‍ ഷൂവിന്റെ ടിക്ക് ശബദം മാത്രം പ്രതിദ്ധ്വനിച്ചു.
“ഞാന്‍ നിങ്ങളുടെ വിലപ്പെട്ട സമയം അപഹരിക്കുന്നില്ല റായ് വിദേതന്‍ ദാസ്, എന്തോ സന്തോഷമുള്ള നിമിഷങ്ങള്‍ ആണെന്ന് മനസ്സിലായി, എന്ജോയ് യുവര്‍ ഡ്രീം ലൈഫ്....” മിലാന്‍ നാടകീയമായി മുന്നോട്ടുവന്നു.
“ഞാനിതു തിരികെ ഏല്‍പ്പിക്കാന്‍ വന്നതാണ്. ഈ വെഡിങ് റിംഗ്....” മിലാന്‍ വിരലില്‍ കിടന്ന മോതിരമൂരി അയാളുടെ മുന്നിലെ മേശയിലേക്കുവെച്ചു.
“ഭൂതകാലത്തിന്റെ യാതൊരു തിരുശേഷിപ്പും എന്നില്‍ നിലനിറുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല." അവൾ ഒന്നു നിറുത്തി.
"ഗുഡ്ബൈ......”
വാതിലിനടുത്തെത്തിയ മിലാന്‍ തിരിഞ്ഞു ദാസിനെ ഒരുനോട്ടംകൂടി നോക്കി. തീക്കാറ്റു വീശിയപോലെ അയാളുടെ മുഖം ചുവന്നുപോയി.
സഞ്ജയ് പ്രണോതിയുടെ വിരല്‍ പിടിച്ചുകൊണ്ട് മിലാൻ പുറത്തേക്കു നടന്നു പോയി.
(തുടരും)