ഏതൊരു സാഹചര്യത്തെയും നേരിടാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനുമുള്ള ദാസിന്റെ കഴിവ് അപാരമായിരുന്നു. അയാള്‍ ഉടനെത്തന്നെ സമനില വീണ്ടെടുത്തു.
കര്‍ട്ടനു പുറകില്‍നിന്നും അയാള്‍ മകളെ വലിച്ചു മുന്നിലേക്ക് കൊണ്ടുവന്നു. “ഹാ മിത്രാ, നീ എവിടെയായിരുന്നു? കഴിഞ്ഞ നിമിഷം നീ കേട്ടില്ലല്ലോ...നിനക്കൊരു കുഞ്ഞനുജനോ അനിയത്തിയോ ഉണ്ടാകാന്‍ പോകുന്നു. നീ ഹാപ്പിയല്ലേ...”
മൈത്രേയിക്ക് ഒരക്ഷരവും മിണ്ടാനായില്ല. നടുങ്ങിനില്‍ക്കുകയാണ് തനൂജയും. അപ്രതീക്ഷിതമായ റായുടെ ഈ മാറ്റം രണ്ടുപേരെയും വല്ലാതെ കുഴക്കിക്കളഞ്ഞിരുന്നു.
“നോക്ക് മിത്രാ, ലെറ്റ്സ് സെലിബ്രേറ്റ്! നീ വന്നത് എന്നോട് പറഞ്ഞില്ലല്ലോ... ദാ, തനൂജ നിന്റെ അച്ഛന് ഏറ്റവും നല്ല വാര്‍ത്ത നല്‍കിയിരിക്കുന്നു. കേട്ടോ നീ....”
അവള്‍ യാന്ത്രികമായി തലയാട്ടി. മിലാന്‍ വിഷമത്തോടെ ഇറങ്ങിപ്പോയിട്ടും അച്ഛനെങ്ങനെ ചിരിക്കാന്‍ കഴിയുന്നു...
കുഞ്ഞു ഉണ്ടെന്നറിയുമ്പോള്‍ ഇങ്ങനെ പ്രതികരിക്കുന്ന ഒരു ദാസിനെയല്ലായിരുന്നു തനൂജ പ്രതീക്ഷിച്ചത്. അടുത്തത് എന്ത് എന്നത് അവള്‍ക്ക് ഊഹിക്കാന്‍ കഴിഞ്ഞില്ല. എങ്കിലും തനൂജ തന്റെ ഭാഗം വളരെയധികം നന്നാക്കിയെടുക്കാന്‍ മറന്നില്ല.
“നോ റായ്, മിലാന്‍ നമ്മളെ ഒരുമിച്ചു ഇവിടെ ഈ രാത്രിനേരത്ത് കണ്ടത് നന്നായില്ല, അല്ലെങ്കിലേ കുറെ വിഷമത്തിലാണ് മിലാന്‍, ഞാന്‍ പറഞ്ഞ കാര്യങ്ങളൊന്നും കേട്ടിരിക്കാന്‍ വഴിയില്ല. റായ് മിലാനെ വിളിക്കൂ, അല്ലെങ്കില്‍ ഞാന്‍ വിളിക്കാം....” തനൂജ മുന്നോട്ടാഞ്ഞു ഫോണ്‍ എടുത്തു.
“നോ വേ.... നോ നീഡ്.... ഇപ്പോള്‍ മിലനെയല്ല വിളിക്കേണ്ടത്, എന്റെ അമ്മയെയാണ്. മോളെ മിത്രാ നിന്റെ ഫോണ്‍ എവിടെ? അതെടുത്തിട്ട് വരൂ...എന്റെ ഫോണ്‍ ചാര്‍ജില്‍ ആണ്.”
മൈത്രേയി തലകുലുക്കി. അവള്‍ മുറിയിലേക്ക് ഓടി. എന്തായാലും ഇവിടെ നടന്നതൊന്നും വിശ്വസിക്കാനേ കഴിയുന്നില്ല. അവള്‍ അമ്മയെ വിളിച്ചു. പക്ഷേ മേനക ഫോണ്‍ എടുത്തില്ല.
പിക് അപ്...പിക് അപ് അമ്മാ.... റിംഗ് പോയതെല്ലാതെ മേനക ഫോണെടുത്തില്ല.
അവള്‍ താരാദേവിയുടെ നമ്പര്‍ ഡയല്‍ ചെയ്തു. കുറേനേരം റിംഗ് പോയി. മൈത്രേയി അക്ഷമയായിരുന്നു.
“എവിടെ മിത്രാ ഫോണ്‍...” ചോദ്യംകേട്ട് അവള്‍ ഞെട്ടിത്തിരിഞ്ഞു. ദാസ് വാതില്‍ക്കല്‍!
അയാള്‍ കൈനീട്ടി നില്‍ക്കുന്നു!
പെട്ടെന്ന് ഫോണ്‍ അറ്റന്‍ഡ് ചെയ്യപ്പെട്ടു! നീട്ടിയ കൈയോടെ നില്‍ക്കുന്ന അച്ഛന് ഫോണ്‍ കൊടുക്കുകയല്ലാതെ അവള്‍ക്കു വേറെ വഴിയുണ്ടായില്ല.
“എന്താ മിത്രാ, നീ വരുന്നില്ലേ?” നാനിയുടെ ചോദ്യം അവള്‍ വെളിയില്‍ കേട്ടു.
“അമ്മാ....” ദാസ് വിളിച്ചു.
“ആ നീയോ.... എന്തുണ്ട്..”
“അമ്മാ...ഞങ്ങള്‍ അങ്ങോട്ട് വരുന്നുണ്ട്. അമ്മയ്ക്കൊരു വലിയ സന്തോഷവാര്‍ത്തയുണ്ട്, പിന്നൊരു വലിയ സര്‍പ്രൈസ് കൂടിയുണ്ട്”
“നീ പറ.... ടെന്‍ഷനാക്കാതെ...”
“നോ അമ്മാ... ഞങ്ങള്‍ അങ്ങോട്ട് വരികയാണ്. അമ്മയൊരു ചെറിയ പാര്‍ട്ടിക്ക് തയ്യാറെടുത്തോളൂ...” ദാസ് വീണ്ടും ചിരിച്ചു.
അയാള്‍ ഫോണ്‍ ജുബ്ബയുടെ പോക്കറ്റിലേക്കിട്ടൂ.
“അച്ഛാ, അമ്മയെ വിളിക്കണം, അമ്മ എന്നെ പിക് ചെയ്യാന്‍ ഇങ്ങോട്ട് വരാമെന്നു പറഞ്ഞു.” മൈത്രേയി ഫോണിനു കൈനീട്ടി.
“ഓക്കേ മോളെ, ഞാന്‍ വിളിച്ചോളാം , എന്റെ ഫോണ്‍ ചാര്‍ജിലാണ്. ഒന്നുരണ്ടിടത്ത് വിളിക്കാനും ഉണ്ട്.” ദാസ് തിരിഞ്ഞുനടന്നു.
“അച്ഛന് വേറെ ഫോണില്ലേ?” മൈത്രേയി വിളിച്ചു ചോദിച്ചു.
രണ്ടുമൂന്നു ഫോണുകള്‍ എപ്പോഴും കൊണ്ടുനടക്കുന്ന തന്റെ കൈയിൽ ഈ സമയം മറ്റൊരു ഫോണും ഇല്ലാത്തത് മൈത്രേയിയെ വല്ലാതെ അസഹ്യപ്പെടുത്തി.
ഛെ...ഇതെല്ലാം എങ്ങനെ അമ്മയെ അറിയിക്കും... നാനിയെ അറിയിക്കും.... അച്ഛന്‍ മനപ്പൂര്‍വം ഫോണ്‍ തന്നില്‍നിന്നും മാറ്റിയതാണോ...
മൈത്രേയി വാതിലടച്ചു. അവള്‍ ലാന്ഡ് ഫോണിരികിലേക്ക് ഓടി. അതേ, അവിടെ എത്തുംമുന്‍പേ എങ്ങനെയെങ്കിലും നാനിയെ വിവരങ്ങള്‍ ധരിപ്പിക്കണം.
താരാദേവി ഫോണ്‍ എടുത്തപ്പോള്‍ മൈത്രേയി ഒറ്റശ്വാസത്തില്‍ കാര്യങ്ങള്‍ പറഞ്ഞു. അച്ഛനോട് ചോദിക്കേണ്ട ഇപ്പോഴെന്നും അച്ഛന്‍ പറയുമ്പോള്‍ അറിഞ്ഞാല്‍ മതിയെന്നും അമ്മയെ വിളിച്ചു പറയണമെന്നും പ്രത്യേകം പറഞ്ഞു അവള്‍ വേഗം തയ്യാറായി. അഴിഞ്ഞുകിടന്ന മുടി കെട്ടാന്‍പോലും മെനക്കെടാതെ അവള്‍ ബാഗുമെടുത്ത് വെളിയില്‍ വന്നു.
“നിന്റെ അമ്മയെ വിളിച്ചിരുന്നു. അവളിപ്പോള്‍ ഇങ്ങോട്ട് വരും. നമുക്കൊരുമിച്ചു പോകാം,” ദാസ് തനൂജയുടെ നേരെ തിരിഞ്ഞു. “നമ്മള്‍ ഡല്‍ഹിയിലെ വീട്ടിലേക്കു പോകുകയാണ്. തനൂജ വീട്ടില്‍ വിളിച്ചു പറയൂ, മാത്രല്ല എന്തെങ്കിലും എടുക്കാനോ മറ്റോ ഉണ്ടെങ്കില്‍ ഫ്ലാറ്റില്‍ പോയി എടുത്തിട്ട് വരൂ.... നമ്മളിന്നു മടങ്ങുന്നില്ല”
ഇതുവരെയുള്ള ഫോര്‍മല്‍ ഭാവത്തില്‍നിന്നും മാറി അധികാരസ്വരത്തിലേക്ക് ദാസിന്റെ ചലനങ്ങള്‍ മാറിയത് തനൂജ കൌതുകത്തോടെ വീക്ഷിച്ചു.
അതേ റായ്... അധികാരത്തോടെയുള്ള ഈ സ്നേഹമായിരുന്നു എനിക്ക് വേണ്ടത്. അതിനാണ് ഞാന്‍ തുഴഞ്ഞുകൊണ്ടേയിരുന്നത്. ലക്ഷ്യത്തിലേക്ക് അടുത്തുകൊണ്ടിരിക്കുന്ന ഒരു ഓട്ടക്കാരന്റെ ഉന്മാദം തനൂജയുടെ മുഖത്തുണ്ടായി. “ശരി റായ്...,ഞാനിപ്പോള്‍ വരാം.”
തനൂജ ഇറങ്ങിപ്പോയതും ചീറ്റയെപ്പോലെ മൈത്രേയി അയാളുടെ മേല്‍ ചാടിവീണു. “നാണമുണ്ടോ അച്ഛന്? അച്ഛാ എന്ന് വിളിക്കാന്‍പോലും എനിക്ക് ലജ്ജ തോന്നുന്നു. മറ്റുള്ളവരുടെ മനസ്സെന്തെന്ന് അച്ഛന്‍ എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ? എന്തിനായിരുന്നു ഈ നാടകങ്ങള്‍? എന്തായിരുന്നു അച്ഛന് മിലാന്‍ ദീദി....? ആരായിരുന്നു അവര്‍? ദീദി ഇവിടെ വന്നു മോതിരം എറിഞ്ഞു പോയിട്ടും ആഹ്ലാദിക്കാന്‍ മനസ്സുകാണിച്ച നിങ്ങള്‍ മനുഷ്യനാണോ...? മൈത്രേയി ചീറി.. അയാളുടെ ജുബ്ബയുടെ മുന്‍വശം കീറിപ്പോയി.
ദാസ് മകളെ പിടിച്ചു സോഫയിലേക്ക് തള്ളി. “മിത്രാ, ആവശ്യമില്ലാത്ത കാര്യത്തില്‍ നീ സംസാരിക്കരുത്. കണ്ടതിനനുസരിച്ചു പെരുമാറാന്‍ പഠിക്ക് നീ...”
മൈത്രേയി അയാളുടെ അടുത്തേക്ക് വീണ്ടും പാഞ്ഞുവന്നു. “നാണമില്ലേ... കണ്ട പെണ്ണുങ്ങള്‍ക്ക് ഗര്‍ഭമുണ്ടാക്കാന്‍ നാണമില്ലേ.... തെരുവില്‍ കിടക്കുന്ന പെണ്ണും വന്നു പറയും ഞാന്‍ ദാസിന്റെ കൂടെ കിടന്നു ഇതയാളുടെ കുഞ്ഞാണ് എന്ന്.. അപ്പോഴും രണ്ടു കൈയ്യും നീട്ടി സ്വീകരിക്കുമല്ലോ....”
“പ്ടെ....” ദാസിന്റെ കൈകള്‍ മകളുടെ കരണത്താഞ്ഞു വീണു! കറങ്ങിത്തിരിഞ്ഞ് മൈത്രേയി താഴേക്ക് വീണു. “സൂക്ഷിച്ച് സംസാരിക്ക്...സൂക്ഷിച്ച്...”
നാലഞ്ച് നിമിഷം കഴിഞ്ഞാണ് മൈത്രേയിക്ക് കണ്ണുകൾ തുറക്കാന്‍ കഴിഞ്ഞത്. തല കറങ്ങിപ്പോയിരുന്നു.
നിയന്ത്രണം തിരിച്ചുകിട്ടിയ അയാള്‍ മകളുടെ അടുത്തേക്ക് ഓടിവന്നു അവളെ താങ്ങിയെടുത്തു. “മോളേ.... പോട്ടെ...പോട്ടെ....നീയെന്തിനാണിങ്ങനെയെന്നെ ദേഷ്യം പിടിപ്പിക്കുന്നത്... പോട്ടെ എണീക്ക്..”
മൈത്രേയി പൊട്ടിക്കരഞ്ഞു. ജീവിതത്തില്‍ ആദ്യമായി അച്ഛന്‍ തല്ലിയിരിക്കുന്നു! അതും മറ്റൊരു അവകാശിയെ ചോദ്യം ചെയ്തതിന്... ദീദിയെ ഉപേക്ഷിച്ചത് ചോദ്യം ചെയ്തതിന്....
മേനക ഈ രംഗം കണ്ടായിരുന്നു ഹാളിലേക്ക് കയറിയത്. കരയുന്ന മകളേയും അവളെ താങ്ങിയിരിക്കുന്ന ദാസിനേയും കണ്ടവര്‍ ഭയന്നുപോയി ഒരു നിലവിളിയോടെ അവര്‍ ഓടിയടുത്തു.
“മിത്രാ...എന്താ മോളെ....എന്താ പറ്റിയേ....”.
“ഒന്നുമില്ല... നീ മോളെ നോക്ക്... ഞാനൊന്ന് വേഷം മാറട്ടെ...” ദാസിന്റെ വേഷം കണ്ട് മേനക അമ്പരന്നു. അലക്കിത്തേച്ച് ചുളിവു ഒട്ടും വീഴാത്ത വസ്ത്രം ധരിക്കുന്ന ആളുടെ ജുബ്ബ നെടുകെ കീറിയിരിക്കുന്നു!
എന്താണിവിടെ നടന്നത്...
“മേനകാ, വിശദീകരണം പിന്നീടു പറയാം... നീ തയ്യാറാവണം. ഉടനെ നമ്മള്‍ വീട്ടിലേക്കു പോകുന്നു. തനൂജ ഇപ്പോള്‍ വരും. അവളോട് വളരെ വളരെ മാന്യമായി ഇടപെടണം. കേട്ടല്ലോ....” കര്‍ശനമായ താക്കീതായിരുന്നു അവസാന വാക്കുകള്‍!
മേനക മകളെ പിടിച്ചെഴുന്നേല്‍പ്പിച്ചു. എന്തൊക്കെയാണ് നടക്കുന്നത് ഭഗവാനേ....
ദാസ് തയ്യാറായി വന്നപ്പോള്‍ മേനകയും മൈത്രേയിയും അവരുടെ കാറില്‍ കയറി ഇരിക്കുന്നുണ്ടായിരുന്നു. തനൂജ അവളുടെ കാറില്‍ ഉണ്ട്. ദാസ് തന്റെ കാറിലേക്ക് കയറിയിരുന്നു. എല്ലാ വണ്ടികളും ദാസിന്റെ കാറിനെ പിന്തുടര്‍ന്നു.
വിശാലമായ ആ ബംഗ്ലാവിന്റെ മുറ്റത്തെ ചുറ്റി കാറുകള്‍ നിന്നു. വാതില്ക്കലെത്തിയ താരാദേവി എല്ലാവരെയും അകത്തേക്ക് സ്വീകരിച്ചു.
താരാദേവിയുടെ മുഖം ഘനഗംഭീരമായിരുന്നു. അവരുടെ കണ്ണുകളും മുഖവും കവിള്‍ത്തടങ്ങളും നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈജിപ്ഷ്യന്‍ മമ്മിയെ ഓര്‍മ്മിപ്പിച്ചു. ചലിക്കാതെ നില്‍ക്കുന്ന ഇമകള്‍!
ഹാളിലെ ഇരിപ്പിടത്തില്‍ എല്ലാവരും ഇരുന്നു. മൈത്രേയി അകത്തേക്ക് പോയിരുന്നു. കരഞ്ഞുകലങ്ങിയ അവളുടെ മുഖം കണ്ടിട്ടും എന്താണെന്നു പോലും താരാദേവി ചോദിച്ചില്ല.
“അമ്മാ, ഒരു സന്തോഷവാര്‍ത്തയുണ്ട്. തനൂജയെ ഞാന്‍ വിവാഹം കഴിക്കാന്‍ പോകുന്നു. വിശ്വസിക്കാന്‍ ബുദ്ധിമുട്ടാകുമെന്നു അറിയാം.. പക്ഷെ ജീവിതം പലപ്പോഴും നമ്മുടെ കണക്കുകൂട്ടലുകളില്‍ നില്‍ക്കണമെന്നില്ലല്ലോ...”
നിശബ്ദമായ പരിസരം കൂടുതല്‍ നിശബ്ദമായി. ഓരോരുത്തരും ശ്വസിക്കുന്നത് പോലും കേള്‍ക്കാം.
“പെട്ടെന്നുള്ള ഈ തീരുമാനത്തിന് കാരണം.....” ദാസ് ഒന്ന് നിറുത്തി തനൂജയുടെ നേരെ നടന്നു. “ഇവള്‍ ഗർഭിണിയാണ്....”
“അല്ലേ തനൂജാ....” ദാസ് തനൂജയെ നോക്കി. താരാദേവിയുടെ കണ്ണുകള്‍ സര്‍പ്പദംശനമായി തനൂജയുടെ മുഖത്തുവീണു. തനൂജ കണ്ണുകള്‍ പിന്‍വലിച്ചു തലകുലുക്കി.
“ഇതാ....ഇത്രയും വര്‍ഷങ്ങള്‍ക്കുശേഷം ഈ വീട്ടില്‍ ഒരു കുഞ്ഞിക്കാല്‍ പതിയാന്‍ പോകുന്നു. പലപ്പോഴും ഓര്‍ത്തിട്ടുണ്ട് മിത്രയ്ക്ക് ഒരു കുഞ്ഞനുജനോ അനിയത്തിയോ ഉണ്ടായിരുന്നെങ്കില്‍ എന്ന്... ഞാനിനി ഈ കുഞ്ഞിന്റെ വളര്‍ച്ച കാണാന്‍ എത്ര കാലം ജീവിക്കും എന്നൊന്നും അറിയില്ല, പക്ഷെ അയാം ഹാപ്പി നൌ.... വെരി വെരി ഹാപ്പി...” അയാള്‍ അമ്മയേയും മുന്‍ഭാര്യയേയും മാറിമാറി നോക്കി.
“എനിക്കറിയാം, നമ്മുടെ കുടുംബത്തിലും ഈ ലോകം മുഴുവനും തന്നെ മിലാനുമായുള്ള ജീവിതം ആഘോഷിക്കപ്പെട്ടതാണെന്ന്. പക്ഷെ ഇങ്ങനെയൊരു സന്ദര്‍ഭത്തില്‍ അതേ നടത്താവൂ എന്നും എന്റെ കുഞ്ഞിനെ ഉപേക്ഷിക്കണം എന്നും ആരും പറയില്ലല്ലോ....”
തനൂജ ദാസിനെ സ്നേഹത്തോടെ നോക്കി. അതേ, എനിക്ക് വേണ്ടി വാദിക്കുന്ന, എന്നെ പരിഗണിക്കുന്ന ഈ ദാസിലേക്കാണ് ഞാന്‍ നടന്നടുത്തത്. എത്രയോ വര്‍ഷങ്ങളായി ആഗ്രഹിക്കുന്നു ഈ വീട്ടിലേക്കും ദാസിന്‍റെ ജീവിതത്തിലേക്കുമുള്ള ചുവടുവയ്പ്പ്...
“ഒരു കുഞ്ഞു ഉണ്ടാവുമ്പോഴുള്ള കൌതുകങ്ങള്‍ കാണാന്‍ ഞാന്‍ മിത്രയുടെ ചെറുപ്പക്കാലത്ത് വീട്ടില്‍ ഉണ്ടായിരുന്നില്ല. അതായിരിക്കാം കാലം ഇങ്ങനെയൊരു കാവ്യനീതി എനിക്കായി എടുത്തുവെച്ചത്....ങാ... പിന്നെ തനൂജാ, താന്‍ വീട്ടില്‍ വിളിച്ചു വിവരങ്ങള്‍ പറയണം. വളരെ ലളിതമായി നമുക്ക് നിശ്ചയമോ വിവാഹം തന്നെയോ നടത്താം....” അയാള്‍ തിരിഞ്ഞു അമ്മയെ നോക്കി. “അല്ലേ അമ്മേ....”
താരാദേവി എഴുന്നേറ്റു. പതുക്കെ തനൂജയുടെ അടുത്തേക്ക് കാലടികള്‍ വെച്ചു. തനൂജ എഴുന്നേറ്റുനിന്നു. അവളെ അടിമുടി നോക്കി അവര്‍ അവളുടെ ശിരസ്സില്‍ കൈവെച്ചു. “ഷാദീ മുബാരക്.... ദീര്‍ഘസുമഗലീ: ഭവ...”
മേനകയും അടുത്തേക്കുവന്നു. അവര്‍ കൈകളില്‍ കിടന്ന രണ്ടു വളകള്‍ ഊരി തനൂജയുടെ കൈകളില്‍ ഇട്ടുകൊടുത്തു. തലയ്ക്കു ചുറ്റും കൈകള്‍കൊണ്ട് ഐശ്വര്യചിഹ്നം കാണിച്ചു അവളുടെ തലയില്‍ കൈവച്ചു അല്‍പസമയം കണ്ണുകളടച്ചു പ്രാര്‍ഥിച്ചു.
തനൂജയെ അവര്‍ മുകളിലെ നിലയിലേക്ക് കൂട്ടികൊണ്ടുപോയി മുറികള്‍ കാണിച്ചു. ദാസിന്റെ മുറിയുടെ തൊട്ടടുത്തുള്ള മുറിയിലേക്ക് കടക്കുമ്പോള്‍ മേനക പറഞ്ഞു. “തനൂജ ഇതെല്ലാം വീട്ടില്‍ സംസാരിച്ചിരുന്നോ? റായ് തനൂജയെ വിവ്വാഹം കഴിക്കുന്നത് അവര്‍ക്ക് എതിര്‍പ്പ് ഉണ്ടാകുമോ..”
“നെവെര്‍.... ഒരിക്കലുമില്ല, എന്റെ ഇഷ്ടം എന്താണോ അതാണ് ഡാഡിയുടെ ഇഷ്ടം.”
മേനക താഴേക്ക് ഇറങ്ങുമ്പോള്‍ ദാസ് മുകളിലേക്ക് കയറി വരുന്നുണ്ടായിരുന്നു. ദാസ് അവരുടെ മുഖത്തേക്ക് ഒന്ന് നോക്കി. മേനകയുടെ കണ്ണുകള്‍ തിളയ്ക്കുന്നു! അയാള്‍ കുസൃതിയോടെ നോക്കി.
“ഉം? എന്തെങ്കിലും പറയാനുണ്ടോ?”
“ആര്‍ യൂ ഷുവര്‍ വിദേത്?”
“എന്ത്...?”
“ഈ വിവാഹം.... അതും തനൂജയുമായി?”
“വൈ നോട്ട്..... ഗര്‍ഭിണിയായ അവളെ ഉപേക്ഷിച്ചാല്‍ അവള്‍ വീട്ടുപടിക്കല്‍ സത്യാഗ്രഹമിരിക്കില്ലേ....?” ദാസ് ചിരിച്ചു.
“അതാണ് ഞാന്‍ ചോദിച്ചത്. അവള്‍ ഗര്‍ഭിണിയാണോ...? അതും നിങ്ങളില്‍നിന്നും?”
“അതെന്താ...എനിക്ക് ഗര്‍ഭമുണ്ടാക്കാനുള്ള കഴിവില്ലേ...” ചിരിക്കുന്ന അയാളുടെ നീണ്ട മൂക്കിന്‍തുമ്പില്‍ താഴേക്ക് ഇറ്റുംപോലെ ചുവപ്പ് നിറഞ്ഞു.
മേനകയുടെ മുഖം പക്ഷെ ദേഷ്യം കൊണ്ട് ചുവന്നുവിങ്ങി. അവര്‍ വേഗം പടികളിറങ്ങി.
ദാസ് രണ്ടുമൂന്നു പടികള്‍ ഓടിയിറങ്ങി മേനകയുടെ മുന്നില്‍ വിലങ്ങനെ നിന്നു സ്റ്റയര്‍കേസില്‍ കൈകള്‍ വെച്ചു. “പറയൂ ശ്രീമതീ... ഒരു കുഞ്ഞുണ്ടാക്കാന്‍ എന്നെ കഴിച്ചേ ആളുള്ളൂ എന്ന് വ്യക്തമായി അറിയുന്നവള്‍ നീ മാത്രമല്ലേ... പിന്നെന്തിനീ സംശയം...”
മേനക ഈര്‍ഷ്യയോടെ അയാളെ തള്ളി. അവര്‍ പെട്ടെന്ന് പഴയ കൗമാരക്കാരിയായി മാറി. “നാണമുണ്ടോ...പത്തൊമ്പത് വയസ്സ് കഴിഞ്ഞൊരു പെണ്‍കുട്ടിയുടെ തന്തയാണ്. എന്നാല്‍ പിന്നെ നിങ്ങളെന്താ മിലാന് ഗര്‍ഭമുണ്ടാക്കിക്കൊടുക്കാഞ്ഞേ.... കുറച്ചൂടെ അന്തസ്സ് കാണിക്കാ മായിരുന്നല്ലോ...”
ദാസ് പൊട്ടിച്ചിരിച്ചു. മേനക വല്ലായിമയോടെ ആ മുഖത്തേക്ക് നോക്കി. എങ്ങനെ ചിരിക്കാന്‍ കഴിയുന്നു... എന്തല്ലാമോ ഒളിച്ചുവെച്ചിരിക്കുന്ന ചിരിയാണോ...
“മിലാന്‍...മിലാന്‍...മിലാന്‍.... മിലാനെ ഇത്രയും പുകഴ്ത്താന്‍ മിലാന്‍ നിങ്ങള്‍ക്കൊക്കെ എന്ത് കൈവിഷം നല്‍കി? ഭയങ്കര ആരാധനയാണല്ലോ...” അയാള്‍ കൈകള്‍ മാറ്റി. മേനക വേഗം താഴേക്കിറങ്ങിപ്പോയി. സംസാരിക്കാന്‍ മെനക്കെടാതിരിക്കയാണ് നല്ലത്.
ദാസ് വാതിലില്‍ തട്ടി തനൂജയുടെ മുറിയിലേക്ക് കയറി. “എന്താണ് ഈ മുറി എടുത്തത്? എന്‍റെ മുറി ഉപയോഗിക്കാമല്ലോ, ഇനി നമുക്കെന്തിനാണ് രണ്ടു മുറികള്‍.... വരൂ, ബെഡ്റൂം കാണിച്ചു തരാം...”
“വേണ്ട റായ്, തല്ക്കാലം ഈ മുറി മതിയല്ലോ...”
“നോ നോ നോ ബേബി.... തനൂജ പഴയ തനൂജയാണോ ഇപ്പോള്‍...നോ കം ഹിയര്‍...” അയാള്‍ അവളുടെ കൈ പിടിച്ചു തന്റെ മുറിയിലേക്ക് നടന്നു.
“ദാ....ഇതാണ് നമ്മുടെ റൂം....കേട്ടോ...”തനൂജയുടെ കവിളില്‍ തട്ടിക്കൊണ്ടു ദാസ് ചിരിച്ചു. “ആട്ടെ...എപ്പോള്‍ വിവാഹം നടത്തണമെന്നാണ് താന്‍ കരുതുന്നത്?”
“റായ്...ഇപ്പോഴത്തെ തിരക്കൊക്കെ കഴിഞ്ഞിട്ട് മതി. ഇത്രയും ധൃതി വേണ്ടായിരുന്നു. ഞാന്‍ സൂചിപ്പിച്ചല്ലേ ഉള്ളൂ, ഇവിടെ എല്ലാവര്ക്കും ഇതെല്ലാം ഉള്‍ക്കൊള്ളാന്‍ അല്പം സമയം നല്‍കിയിട്ട് പോരെ വിവാഹം...”
“എന്താ തനൂജാ, എന്റെ കുഞ്ഞു അതുവരെ അച്ഛനില്ലാതെ വളരട്ടെ എന്നാണോ...”
“നോ നോ റായ്.... ഞാന്‍ കരുതിയത് റായ് മിലാനെ ഉപേക്ഷിക്കില്ല എന്നാണ്... ഈ കുഞ്ഞിനു ഇത്രയും ഇമ്പോര്‍ട്ടന്റ്സ് നല്‍കുമെന്ന് കരുതിയേയില്ല.”
“തനൂജ, ഞാന്‍ വളരെ ഡിഫ്രന്റ് ആണ്. അത് വഴിയേ മനസ്സിലാവും.”
“എനിക്കറിയാം റായ്, ഐ ലവ് യൂ മാഡ് ലീ... ഡീപ് ലീ....”
“ഐ നോ ബേബി.... ഐ നോ.... താന്‍ വിശ്രമിക്കൂ, ഡിന്നര്‍ ആവുമ്പോള്‍ താഴേക്ക് വന്നാല്‍ മതി. വീടെല്ലാം അമ്മയും മേനകയും കാണിച്ചു തരും, തനിക്കറിയാമല്ലോ മേനക എന്റെ ആദ്യഭാര്യയായിരുന്നു. കൂടാതെ അമ്മയുടെ സഹോദരന്റെ മകളുമാണ്. താനൊന്നു വിശ്രമിക്കുമ്പോഴേക്കും ഞാന്‍ വരാം. ഓക്കേ?”
ദാസ് താഴേക്ക് പോയപ്പോള്‍ തനൂജ ആ കിടക്കയിലേക്ക് ഇരുന്നു. പിന്നെ കിടന്നു. ഉന്മാദം കൊണ്ട് ആ കവിളുകള്‍ വിറച്ചു. സ്വപ്നം യാഥാര്‍ത്ഥ്യമാകുന്ന നിമിഷങ്ങള്‍ കണ്ടു അവളുടെ ഹൃദയം പുറത്തേക്കു ചാടാന്‍ വെമ്പിക്കൊണ്ടിരുന്നു.
താഴെ താരാദേവി കാത്തിരിക്കുന്നുണ്ടായിരുന്നു. അവരുടെ കവിളുകള്‍ വിറച്ചുകൊണ്ടിരുന്നു.
“അമ്മാ......” വിദേത് അവരെ കെട്ടിപ്പിടിച്ചു.
“സത്യം പറ വിദേത്.... നിന്റെ കുഞ്ഞാണോ....? ആണെങ്കില്‍ മനസ്സോടെ അവളെ ഞാന്‍ സ്വീകരിക്കും. മിലാന്‍ ഒരു വിഷയമേയല്ല. നിന്റെ കുഞ്ഞാണെങ്കില്‍ തനൂജ നാളെമുതല്‍ ഈ സാമ്രാജ്യത്തിന്റെ പട്ടമഹിഷിയാണ്. പറ, നീയാണോ ആ കുഞ്ഞിന്റെ അച്ഛന്‍...?”
വയറിനുള്ളിലെ ഭ്രൂണത്തെ കുത്തിയെടുത്തു കൊല്ലുന്ന സര്‍ജന്റെ കത്തിയുടെ മൂര്ച്ചയായിരുന്നു താരാദേവിയുടെ വാക്കുകള്‍ക്ക്. തന്റെ ഉള്ളിലുള്ളത് ചികഞ്ഞെടുക്കാന്‍ വേണ്ടി അന്‍പത്തിയാറു വര്‍ഷങ്ങള്‍ക്കു പിന്നിലേക്ക് അമ്മ തന്നെ ആവേഗത്തോടെ വലിക്കുന്നതും അവരുടെ ഗര്‍ഭപാത്രത്തിലേക്ക് തിരിച്ചടച്ചതും തന്റെ മനസ്സിനെ വരുതിയിലാക്കിയതും അയാളൊരു വന്യമൃഗത്തിന്റെ വാസനയോടെ മണത്തറിഞ്ഞു.
അതേ, അവര്‍ ചുരമാന്തുന്ന മൃഗമായി മാറിയിരിക്കുന്നു. തന്‍റെ കുഞ്ഞിന്‍റെ ജീവനും ജീവിതവും സുരക്ഷയും മാത്രം ലക്ഷ്യമാക്കിയ കാട്ടുമൃഗം!
റായ് വിദേതന്‍ ദാസിന്റെ കൃഷ്ണമണികളുടെ ചലനം നിലച്ചു. അയാള്‍ ഒരുനിമിഷം കൊണ്ട് ഭൂതകാലത്തില്‍നിന്നും തിരികെ ചാടി. ഇല്ല, അമ്മയ്ക്ക് തനൂജയെ വിട്ടുകൊടുത്തുകൂടാ.....
“അതേ അമ്മാ.... ഞാനാണ് ആ കുഞ്ഞിന്റെ അച്ഛന്‍.... അമ്മ ഉറപ്പിച്ചോളൂ...അത് നുണയല്ല.”
(തുടരും)