Image

പ്രകൃതിയുടെ മുഗ്ദ്ധമായ ലാവണ്യത്തിലലിഞ്ഞ് (ദിനസരി -26 : ഡോ. സ്വപ്ന സി കോമ്പാത്ത്)

ഡോ. സ്വപ്ന സി കോമ്പാത്ത് Published on 15 December, 2020
പ്രകൃതിയുടെ മുഗ്ദ്ധമായ ലാവണ്യത്തിലലിഞ്ഞ് (ദിനസരി -26 : ഡോ. സ്വപ്ന സി കോമ്പാത്ത്)
If you wish to know the divine, feel the wind on your face and the warm sun on your hand. - Sri Buddha

പുലിറ്റ്‌സര്‍ ബുക്‌സിന്റെ ഏറ്റവും പുതിയ കവിതാ സമാഹാരമാണ് ആര്‍ .ശ്രീലതാവര്‍മയുടെ 'ചൂണ്ടക്കാരന്‍ '. കവിതയാണ് പ്രാണവായുവെന്ന് വിശ്വസിക്കുന്ന, കവിത എന്ന മൂന്നക്ഷരത്തിന് ആരെയും വിസ്മയിപ്പിക്കുന്ന ഊര്‍ജമുണ്ട് ,ശക്തിയുണ്ട് എന്നതാണ് ലോക സത്യം എന്നു കണ്ടെത്തുന്നു കവിയുടെ ആഹ്ലാദമെന്ന് കരുതാവുന്ന 45 രചനകളുടെ സമാഹാരമാണ് ചൂണ്ടക്കാരന്‍ .

'കവിത എന്ന വന മദ്ധ്യദീപിക'  എന്ന അവതാരികയില്‍ കെ.പി. മോഹനന്‍ ശ്രീലതാവര്‍മയുടെ കവിതകളെ അബ്‌സ്ട്രാക്ട് ചിത്രങ്ങളോട് താരതമ്യപ്പെടുത്തുന്നുണ്ട്. ബാലചന്ദ്രന്‍ ചുള്ളിക്കാടും ,സുനില്‍ പി  ഇളയിടവും, കെ.പി.ശങ്കരനുമെല്ലാം ശ്രീലതാ വര്‍മയുടെ വിവിധ കവിതകളെ അടയാളപ്പെടുത്തിയതെങ്ങിനെ എന്ന് സവിസ്തരം പ്രതിപാദിക്കപ്പെടുന്ന ഈ അവതാരികയില്‍ ശ്രീലതാവര്‍മയുടെ കവിതകളെക്കുറിച്ച് കെ.പി. മോഹനന്‍ ശ്രദ്ധേയമായൊരു നിരീക്ഷണം മുന്നോട്ടു വെക്കുന്നു. ' ശ്രീലതയുടെ മൊത്തം രൂപകങ്ങളുടെ കണക്കെടുക്കുമ്പോള്‍ ഏറ്റവും വലിയ പ്രത്യാവര്‍ത്തിരൂപകം മരമായിരിക്കും എന്നു തോന്നുന്നു ' എന്നാണദ്ദേഹത്തിന്റെ നിരീക്ഷണം.

ലോകത്തിന്റെ സത്തയറിയാന്‍ കാറ്റിനെയും മഴയെയും വെയിലിനെയും ആകാശത്തെയും മണ്ണിനെയുമറിയുന്ന ഒരു കവിയാണിതെന്ന് കവിതകളിലെ കിളികളും, നാട്ടുവഴികളും, വയല്‍ വരമ്പും, നീര്‍ച്ചാലുകളും, ഇരുട്ടും, ജലധാരകളും സാക്ഷ്യം പറയുന്നതും നമുക്ക് കേള്‍ക്കാം. വിജനതയിലെ മരവും തീ മരവുമെല്ലാം പടര്‍ന്നു പിടിച്ച ചില്ലകള്‍ കൊണ്ടത് ശരിവെക്കും.

ഈ കവിതകളുടെയെല്ലാം പൊതുസവിശേഷത ആര്‍ദ്രതയാണ്. പ്രണയവും, വിപ്ലവവും ,ആഹ്വാനങ്ങളും, സന്ദേശങ്ങളുമെല്ലാം വാക്കുകള്‍ക്ക് തായ് വേരുകളാകുമ്പോള്‍ അവയിലേക്ക് സമൃദ്ധമായൊഴുകുന്ന ജലസാന്നിധ്യങ്ങള്‍ തന്നെയാകണം ഈ ആര്‍ദ്രതയ്ക്ക് നിദാനമാകുന്നത്.

ജലഗേഹങ്ങളില്‍ മാറി മാറി പാര്‍ത്ത് / ജലമേ നീയാണെനിക്കെല്ലാം എന്നു പറഞ്ഞ് / ജലത്തെ / അമ്മേ എന്നു വിളിക്കണം / എന്നാശിക്കുന്ന ഒരു കുഞ്ഞിനോടുള്ള വാത്സല്യമായി ഒട്ടുമിക്ക കവിതകളിലും വെള്ളം ചുരന്നുവരുന്നുണ്ട്. നീര്‍ച്ചാലും, പുഴ കടന്നു പോകും പോലെ കടന്നു പോയൊരാ പഴയ പെണ്‍കുട്ടിയും, ലോഹത്തില്‍ ജലം കൊണ്ട് മീട്ടി ആരോ വിസ്തരിക്കുന്ന വിശിഷ്ട രാഗവും, സൂര്യന്‍ തന്റെ കുമ്പിളില്‍ ജലം നിറച്ച് ഭൂമിയ്ക്കായി കരുതി വെക്കുന്നതും ഈ വാത്സല്യമല്ലാതെ  മറ്റൊന്നല്ല തന്നെ.

ആകാശത്തെ
 കടലാക്കിയും, വാക്കുകളെ  ജലജീവികളാക്കിയും ,ഒരുപകുതി വെള്ളത്തിലും മറുപകുതി മണ്ണിലുമായി ഒരു വീട് പണിയുകയും ചെയ്യുന്ന കവിഭാവനയിലും വെള്ളം ഒരസാധാരണ പണിയായുധമാകുന്നുണ്ട്. പഞ്ചഭൂതങ്ങളെ ആവാഹിച്ചു കൊണ്ട് നിര്‍മ്മിക്കപ്പെട്ട വാഗ്ശില്പ മാതൃകകളാണ് ഓരോ കവിതയും .തോട്ടിന്‍ കരയിലിരുന്ന് ചൂണ്ടയിടുന്ന ആ വലിയ ചൂണ്ടക്കാരനെ പോലെ വിരലുകള്‍ക്കിടയില്‍ വാക്കുകളുടെ മാന്ത്രികത കുരുങ്ങിക്കിടക്കുന്നവയാണ് ഓരോ കവിതയും .പുനര്‍വായനയില്‍ പാകമെന്നും ഹൃദ്യമെന്നും രുചിക്കനുസരിച്ച് വിശേഷിപ്പിക്കാവുന്ന പുതുവിഭവങ്ങള്‍ പോലെ കവിത സ്വാദായി മാറുന്ന അനുഭവം .
കവിയുടെ വാക്കുകള്‍ തന്നെ കടമെടുത്താല്‍,

 വാക്കുകള്‍ ചിലപ്പോള്‍
പ്രകാശിക്കുന്ന ഇരുട്ടു പോലെയെന്ന്  
ആവര്‍ത്തിച്ചുരുവിടുന്ന കവിതകള്‍

പ്രകൃതിയുടെ മുഗ്ദ്ധമായ ലാവണ്യത്തിലലിഞ്ഞ് (ദിനസരി -26 : ഡോ. സ്വപ്ന സി കോമ്പാത്ത്)പ്രകൃതിയുടെ മുഗ്ദ്ധമായ ലാവണ്യത്തിലലിഞ്ഞ് (ദിനസരി -26 : ഡോ. സ്വപ്ന സി കോമ്പാത്ത്)പ്രകൃതിയുടെ മുഗ്ദ്ധമായ ലാവണ്യത്തിലലിഞ്ഞ് (ദിനസരി -26 : ഡോ. സ്വപ്ന സി കോമ്പാത്ത്)
Join WhatsApp News
ചന്ദ്രതാര 2020-12-15 15:33:28
സ്വപ്ന സി.കോമ്പാത്ത് ചൂണ്ടക്കാരനെ പരിചയപ്പെടുത്തിയത് ഹൃദ്യമായ അനുഭവമായി. ചൂണ്ടക്കാരനു വേണ്ടി കാത്തിരിക്കുന്നു. ശ്രീലതാ വർമ്മയ്ക്ക് അഭിനന്ദനങ്ങളും ആശംസകളും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക