Image

സൗമ്യം, സുശക്തം: നീന പനക്കലിന്റെ സാഹിത്യ സപര്യ  (മുൻപേ നടന്നവർ -മീനു എലിസബത്ത്)

Published on 16 December, 2020
സൗമ്യം, സുശക്തം: നീന പനക്കലിന്റെ സാഹിത്യ സപര്യ  (മുൻപേ നടന്നവർ -മീനു എലിസബത്ത്)

അമേരിക്കയിലെ മലയാളി വായനക്കാർക്ക് ഏറെ പ്രിയങ്കരിയായ എഴുത്തുകാരിയാണ് നീന പനക്കൽ. അമേരിക്കക്കാരുടെ സാധാരണ ജീവിതത്തിലേക്കൊരു എത്തിനോട്ടമാണ് അവരുടെ മിക്ക കഥകളുടെയും ഉള്ളടക്കം. അതിഭാവുകത്വമില്ലാതെ, വിശ്വസനീയത ചോർന്നു പോകാതെ നീനയുടെ തൂലിക അതു വരച്ചിടുന്നു. അമേരിക്കൻ സംസ്കാരത്തിന്റെ സാമൂഹിക പ്രശ്നങ്ങളായ വിവാഹമോചനം, ലൈംഗിക പീഡനം, അരാജകത്വം, എയ്ഡ്‌സ്, ക്ലെപ്‌റ്റോമാനിയ തുടങ്ങിയവയെല്ലാം നീന പനക്കലിന്റെ സൃഷ്‌ടികൾക്കു തന്തുക്കളാകുന്നു. നീനയുടെ എഴുത്തിലെ സത്യസന്ധതയുടെ ആർജ്ജവം വായനക്കാർ നെഞ്ചോടു ചേർക്കുന്നു. ചെറുപ്പം മുതലേ നല്ല വായനാശീലമുണ്ടായിരുന്ന നീന കഥകളെഴുതി പ്രസിദ്ധീകരിക്കാൻ ആരംഭിച്ചത് വിവാഹത്തിനു ശേഷമാണ്.

‘‘എഴുത്തുകാരികളെ വേറൊരു കണ്ണിൽ കൂടി കണ്ടിരുന്ന കാലമായിരുന്നു അത്. അതിനാൽ മറ്റു പേരുകളിലാണ് അന്നൊക്കെ എഴുതി പ്രസിദ്ധീകരിച്ചിരുന്നത്. ആദ്യമായി ഒരു കഥ അച്ചടിച്ചു വരുന്നത് കുങ്കുമത്തിലാണ്. അത് കുടുംബക്കാരെ പോലും അറിയിക്കാതെയാണ് പ്രസിദ്ധീകരണത്തിനു കൊടുത്തത്. ഇന്ന് എഴുത്തുകാരികളോടുള്ള മനോഭാവത്തിന് അല്പമൊരു മാറ്റം വന്നിട്ടുണ്ട്. കേരളത്തിൽ നിന്നിരുന്നെങ്കിൽ ഞാൻ ഒരിക്കലും ഒരു എഴുത്തുകാരിയാവില്ലായിരുന്നു...’’

‘‘1995 മുതലാണ് എന്റെ കഥകൾ അമേരിക്കയിൽ  പ്രസിദ്ധീകരിക്കുവാൻ തുടങ്ങിയത്. പ്രധാനമായും മലയാളം പത്രം, കൈരളി, ജനനി, മലയാളം വാർത്ത ഇവയിലൊക്കെയായിരുന്നു എഴുതിയിരുന്നത്. ഓൺലൈൻ മാസികകളുടെ വരവോടെ അവിടെയും പ്രസിദ്ധീകരിച്ചു തുടങ്ങി. ഇ - മലയാളിയാണ് എന്റെ രണ്ടു  നോവലുകളും പ്രസിദ്ധീകരിച്ചത്’’

അമേരിക്കൻ മലയാള നോവലുകളുടെ ‘കുത്തകമുതലാളി’യെന്നാണ് നീനാ പനക്കലിനെ കാനഡയിലെ  സാഹിത്യകാരി നിർമലാ തോമസ് വിശേഷിപ്പിക്കുന്നത്. ആ വിശേഷണം അർഥവത്താണു താനും.   2001 ലാണ് ആദ്യനോവലായ ‘സ്വപ്നാടനം’ വനിതയിൽ ഖണ്ഡശ്ശഃ പ്രസിദ്ധീകരിച്ചത്. അത് പിന്നീട് പ്രശസ്ത സംവിധായകൻ ഷാജി എം. ’സമ്മർ ഇൻ അമേരിക്ക’യെന്ന പേരിൽ കൈരളി ടിവിയിൽ പരമ്പരയാക്കി.      

     

ഇലത്തുമ്പിലെ തുഷാരബിന്ദുക്കൾ, മല്ലിക, നിറമിഴികൾ നീലമിഴികൾ, കളേഴ്‌സ് ഓഫ് ലവ്, ആഞ്ചല മൈ ആഞ്ചല ഇവയാണ് നീനയുടെ മറ്റു നാല് നോവലുകൾ. പ്രഭാത് ബുക്ക്ഹൗസ്, ഡിസി ബുക്സ് എന്നിവരാണ് ഇവയുടെ പ്രസാധകർ. സന്മനസുള്ളവർക്കു സമാധാനം, ഒരു വിഷാദഗാനം പോലെ, മഴയുടെ സംഗീതം, വജ്രം എന്നി  ചെറുകഥാ സമാഹാരങ്ങളും നീനയുടേതാണ്.  

∙ ജനിതക ശാസ്ത്രം കഥാതന്തുവായി വരുന്ന ‘നിറമിഴികൾ നീലമിഴികൾ’ എന്ന നോവൽ എഴുതുവാനുണ്ടായ സാഹചര്യം?         

ഞാൻ വർഷങ്ങളായി ജോലി ചെയ്യുന്നത് ഒരു ഹിസ്റ്റോളജി ലാബിലാണ്. അതിനു തൊട്ടടുത്തുള്ള ഒരു ജനറ്റിക് ലാബിലുള്ള പലരും എന്റെ പരിചയക്കാരായിരുന്നു. അവരിൽനിന്ന് ഇടക്കൊക്കെ ഈ തരം  കേസുകളെകുറിച്ചൊക്കെ അറിഞ്ഞിരുന്നു. ഒരിക്കൽ നീലക്കണ്ണുകളുള്ള ആഫ്രിക്കൻ അമേരിക്കൻ യുവതിയെ കണ്ടപ്പോളാണ് ഇങ്ങിനെയൊരു കഥയുടെ സാധ്യതയെക്കുറിച്ചു ചിന്തിച്ചത്. എഴുതി വന്നപ്പോൾ അത് ഒരു നോവലായി പരിണമിക്കുകയായിരുന്നു. എല്ലാ അമ്മമാരും നൂറു ശതമാനം വിശ്വസ്തരല്ല എന്ന സത്യവും ഞാനതിലൂടെ പറയാൻ ശ്രമിച്ചു.

‘‘മലയാള നോവലിസ്റ്റുകൾ ചെന്നിട്ടില്ലാത്ത പാരമ്പര്യ ശാസ്ത്രത്തിന്റെ ആഴങ്ങളിൽ പരതിയെടുത്ത മുത്തുകൾ കൊണ്ട് നിർമിച്ച ഹൃദ്യമായ സാഹിത്യോപഹാരമാണ് നീനാ പനക്കലിന്റെ നിറമിഴികൾ നീലമിഴികൾ എന്ന നോവൽ’’ –  ഭിഷഗ്വരനും സഹൃദയനും വാഗ്മിയുമായ ഡോ. എം.വി. പിള്ള ആ പുസ്തകത്തെക്കുറിച്ചു അഭിപ്രായപ്പെടുകയുണ്ടായി.

‘‘ജനിതക ശാസ്ത്രത്തിന്റെ സങ്കീർണ്ണമായ മേഖലകളിൽ നിന്നാണ് ശ്രീമതി നീനാ പനക്കൽ  ഈ നോവലിന്റെ കഥാതന്തു കണ്ടെത്തിയിരിക്കുന്നത്. ഒരുപക്ഷേ ഇന്നുവരെ ഒരു  മലയാള സാഹിത്യകാരനും കടന്നു ചെല്ലാത്ത പുതുമയുള്ള ആശയം അതിമനോഹരമായി വികസിപ്പിച്ചെടുത്തിരിക്കുകായാണ് നോവലിസ്റ്റ്’’ – എഴുത്തുകാരിയായ ഡോ. സാറാ ഈശോ അവതാരികയിൽ പറഞ്ഞിരിക്കുന്നു.        
1981–ലാണ് നീനയും കുടുംബവും അമേരിക്കയിലേക്കു കുടിയേറുന്നത്. 
∙ തിരുവനന്തപുരത്ത് നിന്നും ഫിലഡൽഫിയയിലേക്കുള്ള ഒരു മാറ്റം... എങ്ങിനെയായിരുന്നു ആ കാലം ?

‘‘കയ്യിലൊരു ഡോളർ പോലുമില്ലാതെ അമേരിക്കയിൽ വന്നിറങ്ങുന്ന ഏതൊരാളുടെയും അരക്ഷിതാവസ്ഥ എനിക്കുമുണ്ടായിരുന്നു. അമേരിക്കൻ ഇംഗ്ലിഷ് എന്നെ കുഴക്കി. നാട്ടിൽ ഇലക്ട്രിസിറ്റി ബോർഡിലെ ജോലിക്കായി ഇംഗ്ലിഷിൽ എഴുത്തുകുത്തുകൾ നടത്തിയിരുന്ന എനിക്ക് അമേരിക്കൻ അക്‌സെന്റ് കുറച്ചു പ്രയാസം തന്നെയായിരുന്നു. ഒരു ലാബ് ടെക്ക് ആയിട്ടാണ് ജോലിയിൽ കയറിയത്. അവിടെയും വർണ്ണവെറിയും മറ്റു പ്രശ്ങ്ങളുമൊക്കെ നേരിട്ടു. പക്ഷേ നമുക്ക് വിട്ടു കൊടുക്കാൻ കഴിയില്ലല്ലോ, ജീവിക്കണ്ടേ. ഞാൻ പിടിച്ചു നിന്നു. അതിജീവനത്തിന്റെ നാളുകളായിരുന്നു അതൊക്കെ’’

അമേരിക്കയിലെ മലയാളി വായനക്കാരെ പ്രതിനിധീകരിച്ചു നിരവധി സംഘടനകൾ പുരസ്കാരങ്ങൾ നൽകി തങ്ങളുടെ പ്രിയ എഴുത്തുകാരിയെ ബഹുമാനിച്ചിട്ടുണ്ട്. ലാന, ഫൊക്കാന, ഫോമ, മലയാളി അസോസിയേഷൻ ഓഫ് ഫിലഡൽഫിയ, ട്രൈസ്റ്റേയിറ്റ് കേരള ഫോറം ഇവയെല്ലാം അതിൽ ചിലതു മാത്രം.

  

വൈക്കം ചെമ്പിൽ കണ്ണങ്കുളത്തു മാനുവൽ ജോർജും മെറ്റിൽഡയുമാണ് മാതാപിതാക്കൾ. തിരുവനന്തപുരത്തു പേട്ടയിൽ ജനിച്ച നീനയ്ക്ക് മൂന്നു സഹോദരിമാരും രണ്ടു സഹോദരൻമാരുമാണുള്ളത്. പേട്ട ഗവൺമെന്റ് സ്‌കൂളിൽനിന്നു പത്തം ക്ലാസ് പാസായതിനു ശേഷം വഴുതക്കാട് മഹാരാജാസ് കോളജ് ഫോർ വുമനിലായിരുന്നു കോളജ് പഠനം. ഡിഗ്രിക്ക് ശേഷം കേരളാ ഇലക്ട്രിസിറ്റി ബോർഡിൽ ജോലി നോക്കുന്നതിനിടയിൽ 1972 ലായിരുന്നു വിവാഹം. തലവടിക്കാരനായ ഭർത്താവ് ജേക്കബ് പനക്കലിനൊപ്പം കഴിഞ്ഞ നാൽപതു വർഷമായി നീന ഫിലഡൽഫിയയിൽ താമസമാക്കിയിരിക്കുന്നു. മക്കൾ അബു, ജിജി, സീന. മരുമക്കൾ മനീഷ, അനിത, വിനു. ഇവർക്ക് ആറു കൊച്ചുമക്കളാണുള്ളത്.    
ചിൽഡ്രൻസ് ഹോസ്പിറ്റൽ ഓഫ് ഫിലഡൽഫിയയിലെ റിസേർച് സെന്ററിൽ റിസേർച് ഓഫിസറായി ജോലി ചെയ്തിരുന്ന നീന പനക്കൽ റിട്ടയർമെന്റിനു ശേഷവും പാർട് ടൈംമായി ജോലി തുടരുന്നു. സാഹിത്യ മീറ്റിങ്ങുകളിലെല്ലാം നിറസാന്നിധ്യമാണ് നീനയും ഭർത്താവ് ജേക്കബ്  പനക്കലും. കവിത ചൊല്ലാനും അക്ഷരശ്ലോകത്തിനുമെല്ലാം ജേക്കബ് പനക്കലും മുന്നിൽ തന്നെ.

 

 

പ്രവാസി മലയാളികളുടെ കൂടപ്പിറപ്പായ നൊസ്റ്റാൾജിയയിൽ കുടുങ്ങാതെയുള്ള എഴുത്താണ് നീന പനക്കലിന്റെ കൃതികളുടെ പ്രത്യേകത. തന്റെ കഥകളിലും നോവലുകളിലുമെല്ലാം നീന പ്രമേയമാക്കുന്നത് അമേരിക്കൻ ജീവിതവും സംസ്കാരവുമാണ്. അതുകൊണ്ടുതന്നെ നീനയുടെ സൃഷ്ടികളിൽ ധാരാളം ഇംഗ്ലിഷ് പദങ്ങളും വാചകങ്ങളും കഥാപാത്രങ്ങളുടേതായി കടന്നു വരുന്നു. നീനയുടെ സ്ത്രീകൾ മാറുന്ന ജീവിത സാഹചര്യങ്ങൾക്കനുസരിച്ചു  ജീവിക്കാൻ പഠിക്കുന്നവരാണ്. ജീവിതം നൽകുന്ന കയ്പിന്റെ കാസ അവരെ കൂടുതൽ ശക്തരാക്കുന്നതായി നാം കാണുന്നു.  

എഴുത്തുകാരിയെപ്പോലെതന്നെ സൗമ്യവും ലളിതവുമാണ് അവരുടെ കഥകളും. ചുറ്റുമുള്ള ജീവിതങ്ങളെ അവർ സൂക്ഷ്മമായി നിരീക്ഷിച്ചു നൈർമല്യമുള്ള ആഖ്യാന രീതിയിലൂടെ  കഥയും നോവലുകളും രചിക്കുന്നു. അമേരിക്കയിൽ അവർ കണ്ടുമുട്ടുന്ന മനുഷ്യജീവിതങ്ങളുടെ ആകുലതകളും സന്തോഷങ്ങളും വേവലാതികളും ഹൃദയത്തിൽ തൊടും പോലെ അവതരിപ്പിക്കുന്നു. അവ വായനക്കാരന്റെ ഹൃദയത്തെ തേജോമയമാക്കുന്ന പ്രകാശകിരണങ്ങൾ പുറപ്പെടുവിച്ച് അവനു ചുറ്റും നൃത്തം വെയ്ക്കുന്നു. ഇനിയും മുന്നോട്ടുള്ള എഴു: ത്തിലും നീനാ പനക്കലിന്റെ തൂലികയ്ക്ക് കൂടുതൽ പ്രകാശം പരത്തുവാൻ കഴിയട്ടെ.

Neena Panackal: https://emalayalee.com/repNses.php?writer=24

 Meenu Elizabeth: https://emalayalee.com/repNses.php?writer=14

സൗമ്യം, സുശക്തം: നീന പനക്കലിന്റെ സാഹിത്യ സപര്യ  (മുൻപേ നടന്നവർ -മീനു എലിസബത്ത്)സൗമ്യം, സുശക്തം: നീന പനക്കലിന്റെ സാഹിത്യ സപര്യ  (മുൻപേ നടന്നവർ -മീനു എലിസബത്ത്)സൗമ്യം, സുശക്തം: നീന പനക്കലിന്റെ സാഹിത്യ സപര്യ  (മുൻപേ നടന്നവർ -മീനു എലിസബത്ത്)സൗമ്യം, സുശക്തം: നീന പനക്കലിന്റെ സാഹിത്യ സപര്യ  (മുൻപേ നടന്നവർ -മീനു എലിസബത്ത്)സൗമ്യം, സുശക്തം: നീന പനക്കലിന്റെ സാഹിത്യ സപര്യ  (മുൻപേ നടന്നവർ -മീനു എലിസബത്ത്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക