Image

നീലച്ചിറകുള്ള മൂക്കുത്തികൾ -- 44 - സന റബ്സ്

Published on 19 December, 2020
നീലച്ചിറകുള്ള മൂക്കുത്തികൾ -- 44 - സന റബ്സ്
താഴത്തെ നിലയില്‍നിന്ന്  ദാസ്‌ മറ്റൊരു വഴിക്ക് തന്റെ രഹസ്യമുറിയിലേക്ക്  കയറിപ്പോയി. അയാള്‍ ആ മുറിയില്‍ നിന്ന് തന്റെ മുറിയിലേക്ക് നോക്കി. തനൂജ അവിടെയില്ല.

അത് ദാസ്‌ ഊഹിച്ചിരുന്നു. തന്റെ മുറിയില്‍ വെച്ച് പ്രധാനമായ കാര്യങ്ങള്‍ ആരുമായും അവള്‍ ഈ രാത്രി ഫോണില്‍ ചര്‍ച്ച ചെയ്യില്ല. താന്‍ പെട്ടെന്ന് മുറിയിലേക്ക് കടന്നുവന്നാലോ എന്നുള്ള ആശങ്ക ഉണ്ടാവാം.

അയാള്‍ മൊബൈല്‍ എടുത്തു മിലാന്റെ നമ്പര്‍ ഡയല്‍ ചെയ്തു. താന്‍ അണിയിച്ച മോതിരം എടുത്തവള്‍ മുഖത്തെറിഞ്ഞു പോയിരിക്കുന്നു! കണ്ട വീഡിയോയിലെയും ചുറ്റുപാടുമുള്ള സാഹചര്യത്തെയും വിലയിരുത്താനുള്ള ബുദ്ധി ഇവള്‍ക്കിനി എന്നാണ് ഉണ്ടാവുക?

തനൂജയെ കൂടെ താമസിപ്പിച്ചതിനാലൊന്നും മിലാന്‍ ഓടിക്കിതച്ചു തന്റെയരികിലേക്ക് വരില്ലെന്ന് അറിയാം, എങ്കിലും എന്താണ് ചെയ്യുക ഈ വൈതരണിയില്‍നിന്നും കര കയറാന്‍.... ഫോണ്‍ വിളിച്ചാല്‍ എടുക്കില്ലെന്ന് അറിയാം,  മിലാനെ കണ്ടേ പറ്റൂ. ഇപ്പോഴുണ്ടായ ഈ സാഹചര്യങ്ങള്‍ അവളെ ബോധ്യപ്പെടുത്തണം. എങ്കിലവളുടെ തെറ്റിദ്ധാരണകള്‍ അകന്നുപോകും.

ദാസ്‌ തല പുകഞ്ഞാലോചിച്ചു. വീണ്ടും അവളുടെ വീട്ടിലേക്കു എങ്ങനെ ചെല്ലും... ചിലപ്പോള്‍ സഞ്ജയ്‌ പ്രണോതി ആട്ടിയിറക്കാനും മതി!

ദാസ്‌ സെക്രട്ടറിയെ വിളിച്ചു മിലാന്‍ നാളെ പങ്കെടുക്കുന്ന എന്തെങ്കിലും പരിപാടികള്‍ ഉണ്ടോ എന്ന് കണ്ടെത്താന്‍ ആവശ്യപ്പെട്ടു.

 ആഹാരത്തിനു സമയമായപ്പോള്‍ എല്ലാവരും താഴെയെത്തി. ഭക്ഷണഹാളിലെ  മേശയുടെ മുകളില്‍ വലിയ ഷെവലിയര്‍ വിളക്ക് തൂങ്ങിക്കിടന്നിരുന്നു. അര്‍ദ്ധവൃത്താകൃതിയിലുള്ള നെടുങ്കന്‍ മേശയുടെ ഒരറ്റത്ത് ദാസ്‌ ഇരുന്നപ്പോള്‍ ബാക്കിയെല്ലാവരും വന്നു ചുറ്റിലും ഇരുന്നു. മൈത്രേയി ആഹാരം കഴിക്കാന്‍ വന്നില്ല. മേനകയുടെ കൂടെയാണ് തനൂജ വന്നത്.

“മിത്ര എവിടെ?” ദാസ്‌ അന്വേഷിച്ചു.

“അവള്‍ കിടന്നെന്നു തോന്നുന്നു.” മേനക മറുപടി പറഞ്ഞു.

കഴിച്ചു കഴിയുംവരെ വേറെ യാതൊരു സംസാരവും ഉണ്ടായില്ല. പരിചാരകര്‍ മാത്രം വിളമ്പാന്‍ അങ്ങോട്ടും ഇങ്ങോട്ടും നടന്നു.

മേനക വീണ്ടും തനൂജയെ ആദ്യത്തെ മുറിയില്‍ തന്നെയാണ് കൊണ്ടു വിട്ടത്. തന്നെ കാണാതാവുമ്പോള്‍ ദാസ്‌ പഴയപോലെ വന്നുനോക്കുമെന്നു തനൂജ കരുതി.

അപ്പോഴേക്കും മിലാന്‍ അടുത്ത ദിവസങ്ങളില്‍ പങ്കെടുക്കുന്ന പ്രോഗ്രാം പട്ടിക ദാസിന്റെ കയ്യില്‍ എത്തിയിരുന്നു. അടുത്ത രണ്ടു ദിവസങ്ങളില്‍ മിലാന്‍ ഡല്‍ഹിയില്‍ത്തന്നെയുണ്ട്. അയാള്‍ പുറകിലെ ഡേറ്റ് നോക്കി. ഇന്നലെയും ഇന്നും ഡല്‍ഹിയില്‍ മിലാന്‍ തന്നെയുണ്ട്‌. അതാണവള്‍ ഇന്നവിടെ വന്നത്. 
തനൂജ മുറിയില്‍ ഇല്ലാത്ത സമയമായിരുന്നു മിലാന്‍ വന്നിരുന്നതെങ്കില്‍ എന്തെല്ലാം ചാന്‍സുകള്‍ ഉണ്ടായിരുന്നു അവളോട്‌ സംസാരിക്കാന്‍. വരട്ടെ...നോക്കാം എവിടെ വരെ പോകുമെന്ന്...

ദാസ്‌ താഴെ തന്‍റെ ഓഫീസ് മുറിയിലേക്ക് പോയി അവിടെ കിടന്നുറങ്ങി. 
താരാദേവി ഇതെല്ലാം കാണുന്നുണ്ടായിരുന്നു.

ഡല്‍ഹിയിലെ മോണ്ടിസ്സോറി സ്കൂളിലെ കുട്ടികളുടെ കൂടെയുള്ള പ്രോഗ്രാമില്‍ പങ്കെടുക്കുകയായിരുന്നു  മിലാന്‍. അംഗവൈകല്യം ഉള്ള കുട്ടികളുടെ ചിത്രപ്രദര്‍ശനവും നടക്കുന്നു. മിലാനും ദുര്‍ഗയും സ്പോണ്‍സര്‍ ചെയ്ത ചില കുട്ടികള്‍ അവിടെ പഠിക്കുന്നുണ്ട്. അവരുമായുള്ള സംവാദം കഴിഞ്ഞയുടനെ ദുര്‍ഗാ മിലാന് അരികിലെത്തി.

“ആര്‍ട്ട് ഗാലറിയില്‍ ഗംഭീരമായി ചിത്രപ്രദര്‍ശനം നടക്കുന്നു. ചിത്രങ്ങള്‍ വിറ്റുപോകുന്നുണ്ട്.പുറത്തുനിന്നുള്ള ആര്ട്ടിസ്റ്റുകളുടെ കൂട്ടത്തില്‍ മിലാന്റെ ഫിയാന്സേയുടെ മകള്‍ ഉണ്ടല്ലോ...”

“ആര് മൈത്രേയിയോ....”

അതേ.... കൂടെ ആ പോപ്‌സിങ്ങര്‍ ഉണ്ട്. അവിടെ മീഡിയ കൂടിയിരിക്കുന്നു.”

മുന്‍പ് ഹോട്ടലില്‍ വെച്ച് മൈത്രെയിയുടെ ബോയ്‌ഫ്രണ്ട് എന്ന് പരിചയപ്പെടുത്തിയ മെലിഞ്ഞ ചെറുപ്പക്കാരനെ മിലാന്‍ ഓര്‍ത്തു. എന്തായാലും താന്‍ ഇവിടെ ഉണ്ടെന്നു മിത്ര അറിഞ്ഞിരിക്കും. അവിടെ വരെ പോയേക്കാം....

മിലാന്‍ അങ്ങോട്ട്‌ നടന്നു. മൈത്രേയി വലിയൊരു കൂട്ടത്തിനുള്ളിലാണ് നില്‍ക്കുന്നത്. എങ്കിലും അവള്‍ മിലാനെ കണ്ടു.

ദീദി ഇവിടെ ഉണ്ടെന്നു അറിഞ്ഞിരുന്നു. എന്തായാലും ഇപ്പോഴുണ്ടായ കാര്യങ്ങള്‍ ദീദിയെ അറിയിക്കണം. അവള്‍ കൂട്ടത്തില്‍നിന്നും പുറത്തു ചാടി മിലാനരികിലേക്ക് ഓടിവന്നു.

“ഞാന്‍ കുറെ വിളിച്ചിരുന്നു. എന്താ ദീദി ഫോണ്‍ എടുക്കാഞ്ഞേ...”

“ഞാന്‍ പുറത്തായിരുന്നു മിത്രാ, വന്നിട്ട് രണ്ടു ദിവസമേ ആയുള്ളൂ...” മിലാന്‍ കള്ളം പറഞ്ഞു.

“എന്താ ഉണ്ടായത് ദീദി, എന്താ റിംഗ് തിരികെ കൊടുത്തത്?” മിത്രയുടെ ഉദ്വേഗം നിറഞ്ഞ ചോദ്യം കേട്ട് മിലാന്‍  പുഞ്ചിരിച്ചു.

“കാരണം നിനക്കറിയാമല്ലോ മിത്രാ, നീ അറിയാത്ത കാര്യങ്ങളും ഉണ്ട്. നമുക്കിഷ്ടമില്ലാത്ത ഒരു ബന്ധത്തില്‍ നമ്മള്‍ തുടരുന്നത് പോയ്സന്‍ നിറഞ്ഞ മുറിയില്‍ കഴിയുമ്പോലെയാണ്. കൂടുതല്‍ സര്‍വൈവല്‍ സാധിക്കില്ല.”

മൈത്രെയിയുടെ മുഖം മങ്ങി. അപ്പോള്‍ തനൂജ ഗര്‍ഭിണിയാണെന്ന് ദീദി അറിഞ്ഞുകാണും.

“അപ്പൊ ദീദി അതെല്ലാം അറിഞ്ഞല്ലേ....” മിത്രയുടെ സ്വരത്തില്‍ നിറയെ നിരാശയുണ്ടായിരുന്നു.

“എന്ത്....?”

“അച്ഛന്‍ തനൂജാ തിവാരിയെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചു.”

മിലാന്‍ വായ്‌ തുറന്നപടി തരിച്ചുനിന്നുപോയി.

“ഇന്നലെ ഫ്ലാറ്റില്‍നിന്നും അച്ഛനും ഞങ്ങളും തനൂജയും നാനിയെ കാണാന്‍ പോയി.... അവിടെ വെച്ച്  ഉടനെ തനൂജയുമായുള്ള വിവാഹം വേണമെന്ന് അച്ഛന്‍ പറഞ്ഞു.”

ആരോ പുറകില്‍നിന്നും ആഞ്ഞടിച്ചതുപോലെ മിലാന്‍ വേച്ചുപോയി... അവള്‍ അവിശ്വസനീയതയോടെ മിത്രയെ നോക്കി.
മൈത്രേയി പെട്ടെന്ന് മിലാനെ പിടിച്ചു. “എന്താ ദീദി....ആര്‍ യൂ ഓക്കേ...?’
മൈത്രേയിയുടെ ബോയ്‌ഫ്രണ്ട് അവരുടെ അരികിലേക്ക് ഓടിവന്നു. ദുര്‍ഗ്ഗയും വേറെ ചിലരും മിലാനെ തിരക്കി അടുത്തെത്തിയിരുന്നു.
“ഒന്നൂല്ലാ.... ഞാന്‍ ഒന്നും കഴിച്ചില്ലായിരുന്നു.... എന്തെങ്കിലും കഴിക്കട്ടെ...” വിളറിയ തന്റെ മുഖം ആരും കാണാതിരിക്കാന്‍ മിലാന്‍ ഷാള്‍ കൊണ്ട് മുഖം തുടച്ചു. ദുര്ഗ അവളെ സ്കൂള്‍ ഓഫീസിലേക്ക് കൊണ്ടുപോയി.

മിലാന് തല ചുറ്റുന്നുണ്ടായിരുന്നു. എന്താണ് കേട്ടത്... തനൂജയെ വിവാഹം കഴിക്കാന്‍ പോകുകയോ...എന്തിന്.... എങ്ങനെ.... വിദേത് തനൂജയെ വിവാഹം കഴിക്കുകയോ....

“എന്തുപറ്റി മിസ്സ്‌ മിലാന്‍.... വിയര്‍ക്കുന്നല്ലോ... ഡോക്ടരുടെ അടുത്ത് പോകണോ...” ദുർഗ  അടുത്തിരുന്ന പേപ്പര്‍ എടുത്തു മിലാനെ വീശി. അവള്‍ സംശയത്തോടെ മിലാന്റെ നെറ്റിയിലും കഴുത്തിലും കൈ വെച്ച് നോക്കി.

സഞ്ജയ്‌ പ്രണോതിയും ശാരികയും സ്കൂളിലെ മറ്റു കാര്യങ്ങള്‍ ചുറ്റി നടന്നു കാണുകയായിരുന്നു. അവര്‍ മൈത്രേയിയുടെ അടുത്തെത്തി കുശലം പറയുമ്പോഴാണ് മിലാന്‍ സുഖമില്ലാത്ത പോലെ പോയെന്നു മൈത്രേയി പറഞ്ഞത്. കേട്ടതുപാതി ശാരിക ഓഫീസ് മുറിയിലേക്ക് ഓടി.
“എന്താ മിലൂ... എന്ത് പറ്റി....” ചോദ്യത്തോടെ രണ്ടുപേരും മിലാനെ വളഞ്ഞു.

പോലീസും സെക്യൂരിറ്റിയും നിറഞ്ഞ മോണ്ടിസ്സോറി കാമ്പസ്സിലേക്ക് മറ്റൊരു സെക്യൂരിറ്റി വ്യൂഹം ഇരച്ചെത്തി. റായ് വിദേതന്റെ കാര്‍ സുരക്ഷിതമായി കടന്നുവരാന്‍ അവര്‍ ആളുകളെ ഒതുക്കി.

കണ്ണുകള്‍ തുറക്കാതെ തന്‍റെ കാരവാനില്‍ കിടക്കുകയായിരുന്നു മിലാന്‍. പരിപാടികള്‍ കഴിയാതെ പോകാന്‍ കഴിയില്ല. രണ്ടു ദിവസം ആദ്യമേ അവര്‍ക്ക് ഡേറ്റ് കൊടുത്തതാണ്. തന്റെ സാമീപ്യം ആ കുട്ടികള്‍ക്ക് പ്രോത്സാഹനവും അവരുടെ പ്രോഡക്റ്റ് വാങ്ങാന്‍ വിസിറ്റെഴ്സിനെ ആക്കം കൂട്ടുകയും ചെയ്യും. പക്ഷെ മനസ്സ് നേരെ നില്‍ക്കുന്നില്ല.

എങ്ങനെയാണ് വിദേത് തനൂജയെ....

അവളോടുള്ള വെറുപ്പ്‌ എത്രവട്ടം തന്നോട് പറഞ്ഞിട്ടുണ്ട്. പക്ഷെ ഇന്നലെ കണ്ടത് എന്താണ്...അവളുടെ കൈകള്‍ സ്നേഹത്തോടെ പിടിച്ചിരിക്കുന്നു. അരുമയോടെ തലോടുന്ന വിരലുകള്‍....തന്നെ പെട്ടെന്ന് കണ്ടതുകൊണ്ടുള്ള വെപ്രാളം പോലും ആ കണ്ണുകളില്‍ ഇല്ലായിരുന്നു. പകരം എന്തൊക്കെയോ ഉന്മാദങ്ങള്‍.....

ഛെ....തന്നോട് എന്തായിരുന്നു വിദേതിന് ഉണ്ടായിരുന്നത്?

പണംകൊണ്ടും സ്വാധീനംകൊണ്ടും തന്നെ വരുതിയിലാക്കാന്‍ കഴിയില്ലെന്ന് കണ്ടപ്പോള്‍ തന്ത്രമുപയോഗിച്ചു കീഴടക്കിയതാണോ....

മിലാന്‍റെ മിഴികള്‍ കടച്ചിലോടെ എരിഞ്ഞു.

തന്നോട് പറയാതെ തനൂജയെ അമ്മയെ കാണിക്കാന്‍ കൊണ്ടുപോയത് മുതലുള്ള രംഗങ്ങള്‍ അവളിലൂടെ ഓടിമറഞ്ഞു.

ഒരുമിച്ചുള്ള വിമാനയാത്രകള്‍ കണ്ടിട്ട് റിനു തന്നെ വിളിച്ചു പറഞ്ഞത്....

താരാദേവി തനൂജയ്‌ക്ക് സമ്മാനിച്ച വംഗി.... അതോ വിദേത് സമ്മാനിച്ചതോ....

അമേരിക്കയിലെ യാത്ര.... ഹെലിക്കോപ്റ്റര്‍ സവാരികള്‍....

ഒരുമിച്ചുള്ള കാമ്പൈന്‍ പരിപാടികള്‍...താനും വിദേതും മാത്രം അഭിനയിക്കേണ്ട പരസ്യത്തില്‍ അവളെയും ചേര്‍ത്തുകൊണ്ടുള്ള റീകാസ്റ്റിംഗ്സ്....

തന്നെ പരസ്യത്തില്‍ നിന്നും മാറ്റാന്‍ ഹരിലാല്‍ മെഹറ  പറഞ്ഞെന്ന് തന്നെ വിശ്വസിപ്പിച്ചത്‌.... ഒടുവില്‍ ആ ഷെയര്‍ കൂടി തനൂജ വാങ്ങിയത്...

സോണിയായും തനൂജയും തന്റെ വീട്ടില്‍ വന്നു പറഞ്ഞതും മിലാന്‍ ഓര്‍ത്തു. “അമേരിക്കന്‍ യാത്ര സ്വപ്നസമാനം ആയിരുന്നു...”എന്ന്...

ഒടുവില്‍ അവളെ വിദേതിന്റെ മുറിയില്‍നിന്നും താന്‍ പിടിച്ചത്.

ഇതൊക്കെയായിട്ടും താന്‍ ക്ഷമിച്ചത്.. തന്നേക്കാള്‍ അവളുടെ സ്നേഹമല്ലേ വിദേതിനെ കൂടുതല്‍ സ്വാധീനിച്ചത്...അതല്ലേ അവളെ ബിസിനസ്സില്‍നിന്നും പുറത്താക്കാഞ്ഞത്...

ഛെ......എന്തൊക്കെ എന്റെ മുന്നില്‍ ഇവര്‍ നാടകമാടി...

കൈപ്പിടിയിലുള്ള തനൂജയെ കൈവെള്ളയില്‍ തന്നെ നിറുത്തി, തന്നെ അയാള്‍ തന്ത്രപൂര്‍വ്വം കീഴടക്കി.

പണംകൊണ്ട് നേടാനാകാത്തത് അയാള്‍ ബുദ്ധിയുപയോഗിച്ചു നേടി. വിവാഹത്തിലൂടെയല്ലാതെ തന്നെയും കുടുംബത്തെയും വരുതിയിലാക്കാന്‍ കഴിയില്ലെന്ന പഴുതിലാണ് അയാള്‍ കളിച്ചത്.

എങ്കിലും വിദേത്..... നിങ്ങളെ ഞാന്‍ ഇങ്ങനെ അന്ധമായി വിശ്വസിച്ചുകളഞ്ഞല്ലോ....

തനൂജയുടെ കണക്കില്ലാത്ത പണവും സ്വത്തുക്കളും കണ്ടാണോ നിങ്ങള്‍ മയങ്ങിപ്പോയത്.... അതോ നോക്കുമ്പോഴൊക്കെ ക്ഷണം നല്‍കുന്ന അവളുടെ മദാലസ സൌന്ദര്യം മത്തുപിടിപ്പിച്ചോ നിങ്ങളെ....

അല്ലെങ്കിലും നിങ്ങള്‍ എന്നെ അര്‍ഹിക്കുന്നില്ല. ഹൃദയംകൊണ്ട് സ്നേഹിക്കുന്ന എന്നെപ്പോലൊരു പെണ്‍കുട്ടിയെ നിങ്ങള്‍ അര്‍ഹിക്കുന്നേയില്ല മിസ്റ്റര്‍ ബിസിനസ് മാന്‍... നിങ്ങള്ക്ക് എല്ലാം ബിസിനസ് ആണ്. ബിസിനസ് മാത്രമാണ്.

കാരവാന്റെ വാതിലില്‍ ശക്തിയായി ആരോ തട്ടുന്നു.

മിലാന്‍  മുഖം തുടച്ചു വാതില്‍ തുറന്നു.

റായ് വിദേതന്‍ ദാസ് വാതില്‍ക്കല്‍!! പുറകില്‍ അസംഖ്യം ആളുകള്‍! പത്രക്കാര്‍...ആരാധകര്‍....

ദാസ്‌ പെട്ടെന്ന് അകത്തേക്ക് കയറി വാതിലടച്ചു.

“എന്താണ് വന്നത്....? ഞാന്‍ പറഞ്ഞല്ലോ എനിക്കൊന്നും പറയാനില്ല എന്ന്.... അതുപോലെതന്നെ എനിക്കൊന്നും കേള്‍ക്കുകയും വേണ്ട...” കർക്കശമായിരുന്നു ആ സ്വരം. 

“മിലാന്‍...നിന്നെ നേരില്‍ കാണാനാണ് ഞാന്‍ ഇത്രയും റിസ്ക്‌ എടുത്തു വന്നത്...” ദാസ്‌ സ്വരം വളരെ താഴ്ത്തി. പുറത്തുള്ളവര്‍ ചെവി കൂര്‍പ്പിച്ചാണ് നില്‍ക്കുന്നത്.

“ഒഹ്...റിയലീ....എന്നാല്‍ കണ്ടല്ലോ... ഇനി പോകാമല്ലോ....” പുച്ഛമായിരുന്നു മിലാന്റെ സ്വരത്തില്‍... “എന്താണ് കൂടുതല്‍ എനിക്ക് കാണിക്കാനുള്ളത്? ഇന്നലെ ഞാന്‍ നേരില്‍ കണ്ടതിനപ്പുറം? ഇന്ന് കേള്‍ക്കുകയും ചെയ്തു. നിങ്ങളുടെ മകള്‍ പറഞ്ഞു വിശേഷമെല്ലാം അറിഞ്ഞു. വിവാഹം ക്ഷണിക്കാന്‍ വന്നതാണോ...?”

“നീ എന്തറിഞ്ഞു.... അറിഞ്ഞത് പറ....” തീക്ഷ്‌ണമായ ചോദ്യം....

“അയ്യോ.... ഞാനൊന്നും അറിഞ്ഞില്ല... ഒന്നുമിനി പുതുതായി അറിയേണ്ട... കണ്ടാല്‍ ചോദിക്കാന്‍ ഒരു ചോദ്യമേ ഉണ്ടായുള്ളൂ... നിങ്ങള്ക്ക് എന്റെ ശരീരമായിരുന്നോ വേണ്ടിയിരുന്നത്? ആദ്യമേ പറഞ്ഞിരുന്നെങ്കില്‍ മാന്യമായ ഒരു വിലയിട്ടു ഞാന്‍ തന്നെ  നിങ്ങളെ ബെഡ്റൂമിലേക്ക്‌ ക്ഷണിച്ചേനേ! അതിനു വിവാഹക്കമ്പോളത്തിന്റെ കൂട്ടുപിടിച്ചു ഇത്രയും കോടികള്‍ എന്തിനു ചെലവാക്കി... അത്രയും സുന്ദരിയാണോ ഞാന്‍... ഈ ബിസിനസ് ചക്രവര്‍ത്തിയെ ഭ്രമിപ്പിക്കാന്‍ മാത്രം...?”

പോകെപ്പോകെ മിലാന്‍റെ സ്വരം അടഞ്ഞു. പിന്നീട് രൂക്ഷമായി തീ പാറി...

“മിലാന്‍...നീ കാര്യമറിയാതെ ഇങ്ങനെ പൊട്ടിത്തെറിക്കല്ലേ...പുറത്ത് ആളുകളുണ്ട്. പത്രക്കാരുണ്ട്....”

“അതേ... മിലാന്‍ മുന്നോട്ടാഞ്ഞു. “പത്രക്കാരുണ്ട്. നിങ്ങള്ക്ക് ഒരു പോറല്‍പോലും എല്ക്കരുതെന്നു കരുതി അന്ന് ഐപിഎല്‍ നടക്കുമ്പോള്‍ ഞാന്‍ അടങ്ങിയതിനാലാണ്  ദാ ഈ തല  ഇപ്പോഴും  താഴാതെ നില്‍ക്കുന്നത്. നിങ്ങളുടെ രഹസ്യക്കാമുകിയെ അന്നേ കയ്യോടെ പിടികൂടി ഞാന്‍ പത്രക്കാരെ എല്പ്പിക്കേണ്ടതായിരുന്നു. ചെയ്യാഞ്ഞതു എന്റെ തെറ്റ്...” മിലാന്‍ കിതച്ചു.

“മിലാന്‍ ഞാനിപ്പോള്‍ വന്നത് നിന്നോട് തര്‍ക്കിച്ചു ജയിക്കാനല്ല. എനിക്കറിയാം, ഞാന്‍ പറയുന്നത് കേള്‍ക്കാന്‍ നീ നിന്നുതരില്ല എന്ന്. ഇതാ ഇതില്‍ ഞാന്‍ എഴുതിയിട്ടുണ്ട് എല്ലാം.. നിനക്ക് മനസ്സുണ്ടെങ്കില്‍ വായിച്ചു നോക്ക്. എന്നിട്ട് തീരുമാനിക്ക് ഞാന്‍ തെറ്റാണോ ചെയ്യുന്നതെന്ന്...എന്നിട്ട് തീരുമാനിക്ക് എന്താണ് ശരിയെന്ന്....”

ദാസ്‌ തന്റെ കയ്യിലെ കവര്‍ മിലാന് നേരെ നീട്ടി. പിന്നീട് ആ കവർ  ഡ്രസ്സിംഗ് ടേബിലില്‍ വെച്ചു. “നിന്റെ ദേഷ്യം തണുക്കുമ്പോള്‍ നീ വായിക്ക്... എന്നിട്ട് തീരുമാനിക്ക്...”

മിലാന് സഹിച്ചില്ല. അവള്‍ പാഞ്ഞുവന്നു ആ കവര്‍ തട്ടിത്തെറിപ്പിച്ചു. അരിശം തീരാഞ്ഞു കുനിഞ്ഞെടുത്തു ചുരുട്ടിക്കൂട്ടി അയാളുടെ നേര്‍ക്ക് വലിച്ചെറിഞ്ഞു.

“ഒരു സ്ക്രീന്‍ പ്ലേയും എനിക്ക് കാണണ്ട. ഇതുവരെ കഥ അറിയാതെ അഭിനയിച്ചു ഞാന്‍. ഇനിയും വിഡ്ഢിയാവാന്‍ പറ്റില്ല. കടന്നുപോ ഇവിടന്ന്.... പോകുമ്പോള്‍ ദാ ഇതുകൂടെ കൊണ്ട് പോ....”

ഭ്രാന്തമായ ആവേശത്തോടെ അവള്‍ മൂക്കുത്തി അഴിച്ചെടുത്തു. താരാദേവി അവള്‍ക്കു നല്‍കിയ വജ്രമൂക്കുത്തി!
പരമ്പരയായി റായ് വിദേതന്‍ ദാസിന്‍റെ വംശം കൈമാറിവന്ന അതേ മൂക്കുത്തി...!

“മിലാന്‍...അബദ്ധം കാണിക്കരുത്. എന്താണ് നീ ചെയ്യുന്നത്...” ദാസ്‌ അവളെ തടയാന്‍ നോക്കി അടുത്തേക്ക് വന്നു.

“എന്നെ തൊടരുത്.... തൊട്ടുപോകരുത്....” തീ പിടിച്ച അലര്‍ച്ച...

ദാസ്‌ അവിടെത്തന്നെ നിന്നുപോയി. നിറഞ്ഞൊഴുകുന്ന മിഴികള്‍ക്കിടയിലൂടെ തന്റെ മൂക്കില്‍ പോറലുകള്‍ എല്പ്പിച്ചുകൊണ്ട് മിലാന്‍ മൂക്കുത്തി  വലിച്ചഴിച്ചെടുത്തു.

“ദാ...കൊണ്ടുപോയി അടുത്ത അവകാശിക്ക് കൊടുക്ക്‌... സാമ്രാജ്യങ്ങള്‍ വെട്ടിപ്പിടിക്കാന്‍ നിങ്ങള്‍ സ്ത്രീകളെയും പുരുഷന്മാരെയും ഒരുപോലെ കാണുന്നു.. ഉപയോഗിക്കുന്നു. തനൂജയെയും അങ്ങനെയേ കാണൂ എന്നറിയാം...ചെല്ല്...ചെന്ന് അവള്‍ക്കു കാവലിരിക്ക്...”

ദാസിന്റെ മുഖം ചുവന്നു തിളച്ചു.

 “നിങ്ങള്‍ക്കറിയാമോ...ചെറുപ്പത്തില്‍ വിറ്റമിന്‍ എയും സിയും നിറഞ്ഞ ഭക്ഷണം നിറയെ കഴിച്ച കുട്ടികള്‍ വളരുമ്പോള്‍ കണ്ണുകളും തൊലിയും തിളങ്ങും. ചുണ്ടുകള്‍ക്ക് തുടിപ്പേറും! തലമുടിക്ക് വളര്‍ച്ചയും മിനുപ്പും ഉണ്ടാകും... അതില്ലാത്തവര്‍ക്ക് നല്ല മിനുമിനുപ്പുള്ളോരു ഹൃദയമുണ്ടാകും. അത് പക്ഷെ നിങ്ങളെപ്പോലുള്ള ആണ്‍വേശ്യകൾക്കുണ്ടാവില്ല!”

മിലാന്‍റെ സ്വരം കിതപ്പ് കൊണ്ടടഞ്ഞിരുന്നു.

“സൂര്യന് ചുറ്റും ഉപഗ്രഹങ്ങളെ കറക്കുംപോലെ തന്‍റെ ചുറ്റും കൂടുന്നവരെ  മയക്കാന്‍  കഴിവുള്ളൊരു മുഖം മാത്രമല്ലേ നിങ്ങള്‍ക്കുള്ളൂ ? മറ്റെന്തുണ്ട് നിങ്ങള്‍ക്ക്?  ഇന്നേവരെയുണ്ടായ ബന്ധങ്ങളിൽ സ്വന്തം   ഹൃദയത്തിന്നുടമയെ സമ്പാദിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ...ഉണ്ടോ...?”

അയാളുടെ തൊട്ടരികിലേക്ക് നടന്നടുത്തു മുഖമുയര്‍ത്തി  കൈപ്പത്തി വിടര്‍ത്തി രത്നക്കല്ല് ആ കൈവെള്ളയിലേക്ക് മിലാന്‍ വെച്ചു.  ആ കണ്ണുകളില്‍ സൂക്ഷിച്ചുനോക്കി മിലാന്‍ മുരണ്ടു.

“ഇനിയെന്‍റെ ജീവിതത്തില്‍ നിങ്ങളില്ല. എന്നും രാവിലെ കണ്ണാടി നോക്കുമ്പോള്‍ ഒരു കാര്യം നോക്കിവെച്ചേക്കുക...പെണ്‍കുട്ടികള്‍ നോക്കുന്നത് ഈ ചോക്ലറ്റു മുഖത്തേക്കല്ലെന്ന്. അവര്‍ നോക്കുന്നത് അവയവത്തിന്റെ വലിപ്പത്തിലേക്കോ കിടക്കയിലെ റോക്കിംഗ് കപ്പാസിറ്റിയിലേക്കോ നിങ്ങളുടെ കണക്കില്ലാത്ത സ്വത്തിലേക്കോ അല്ലെന്ന്. മറിച്ച് ഹൃദയത്തിന്‍റെ വലിപ്പത്തിലേക്കാണെന്ന്...”

 ആയിരം പത്തികളോടെ ചീറ്റിയാടുന്ന വിഷസര്‍പ്പം ദംശിച്ചതുപോലെ ദാസിന്റെ മുഖത്തെ രക്തം വാര്‍ന്നുപോയി. 
അയാള്‍ തല താഴ്ത്തി. പതുക്കെ തിരിഞ്ഞു വാതിലിനരികിലേക്ക് നടന്നു.

“നിൽക്ക്....” മിലാന്‍റെ കല്ലിച്ച സ്വരം പുറകില്‍..

അവള്‍ മുന്നോട്ടു വന്നു അയാളുടെ തൊട്ടരികില്‍ നിന്നു.

“ഷാദീ മുബാറക്ക്‌...”

വാതിലിന്റെ ഹാന്ടിലില്‍ പിടിച്ചു മിലാന്‍ വലിച്ചു. തുറന്ന വാതിലിനപ്പുറത്തേക്ക് ദാസ്‌ ഇറങ്ങിപ്പോയി.
.......................................................................
മൂന്നു ദിവസങ്ങള്‍ക്കു ശേഷമുള്ള പ്രഭാതം.

തലേന്ന് വല്ലാത്ത തലവേദനയോടെയായിരുന്നു മിലാന്‍ കിടന്നത്. തലച്ചോറ് നെരിപ്പോടായതിനുശേഷം അവള്‍ക്കു ഉറങ്ങാനേ കഴിഞ്ഞിട്ടില്ല. പില്‍സ് വിഴുങ്ങി നിര്‍ബന്ധപൂര്‍വ്വം ഉറങ്ങിയതായിരുന്നു.

പിറ്റേന്ന് രാവിലെ മുറിയുടെ കതക് ഉറക്കെയുറക്കെ തട്ടുന്നതും അവളുടെപേര് വിളിക്കുന്നതും കേട്ടാണ് മിലാന്‍ ഞെട്ടിയുണര്‍ന്നത്.

കണ്ണും തിരുമ്മിയെഴുന്നേറ്റുവന്ന അവളെ ശാരിക കെട്ടിപ്പിടിച്ചു.

“മോളു....ആര്‍ യു ഓക്കേ...” പരിഭ്രമത്തോടെ ശാരിക അവളുടെ മുഖം തന്‍റെ മാറോടു ചേര്‍ത്തു.

“എന്താ അമ്മാ......ചെറിയൊരു തലവേദനയല്ലേ.... അത് മാറി...”

“ഉം....” അവളെ മാറ്റിക്കൊണ്ട് അവര്‍ മുറിക്കകത്തേക്ക് കയറി.

“നീ ന്യൂസ്‌ കണ്ടോ....” അവളെ നോക്കികൊണ്ട്‌ ശാരിക ചോദിച്ചു.

“ഇല്ല.. എന്തേ.. അവാര്‍ഡ്‌ എന്തെങ്കിലും....” ചെറിയൊരു മന്ദസ്മിതത്തോടെ അവള്‍ ചോദിച്ചു.

“അതല്ല.. നീ ന്യൂസ്‌ ഒന്ന് വെയ്ക്കൂ..” ശാരിക അതും പറഞ്ഞു ടിവി ഓണ്‍ ചെയ്തു  ന്യൂസ്‌ ചാനല്‍ ഇട്ടു.

റായ് വിദേതന്‍ ദാസിന്റെ മുഖം സ്ക്രീനില്‍ തെളിഞ്ഞു..

മനോഹരമായ വേഷം...!

തൊട്ടരികില്‍ തനൂജതിവാരി...!!

അതിമനോഹരമായ വേഷത്തില്‍...!

മിലാന്‍ ശ്വാസമെടുക്കാതെ കണ്ണുകള്‍ തുറന്നപടിനിന്നു.

ന്യൂസ്‌ റീഡര്‍ തുടരുന്നുണ്ടായിരുന്നു.

“പ്രശസ്ത വ്യവസായി റായ് വിദേതന്‍ദാസിന്റെയും  പ്രസിദ്ധ  തെന്നിന്ത്യന്‍നടി തനൂജാതിവാരിയുടെയും വിവാഹനിശ്ചയം ഇന്നലെ രാത്രി തനൂജയുടെ വസതിയില്‍ വെച്ച് നടന്നു. വിവാഹമോതിരം കൈമാറിയ ചടങ്ങില്‍ ഇരുകുടുംബത്തിലേയും വളരെ അടുത്ത ബന്ധുക്കള്‍ പങ്കെടുത്തു. സൂപ്പര്‍സ്റാര്‍ മിലാന്‍ പ്രണോതിയുമായുള്ള റായ് വിദേതന്റെ ബ്രേക്കപ്പിന് ശേഷം, തനൂജയുമായുള്ള വിവാഹത്തീരുമാനം ഇരുവീട്ടുകാരും ചേര്‍ന്ന് എടുത്തതാണെന്നും മുന്‍പേ നിശചയിച്ച മുഹൂര്‍ത്തത്തില്‍തന്നെ വിവാഹം നടത്താനാണ് തീരുമാനമെന്നും തനൂജ മാധ്യമങ്ങളോട് പറഞ്ഞു."

വാര്‍ത്തകള്‍ വിശദമായി.....

                                (തുടരും)
നീലച്ചിറകുള്ള മൂക്കുത്തികൾ -- 44 - സന റബ്സ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക