പോകുക ഡിസംബര്‍!
നിന് മഞ്ഞുകൂടയ്ക്കുള്ളിലായ്
പാതിയും കണ്ണീരുറഞ്ഞലി-
യാതിരിക്കുന്നു.
ഒരു പുഞ്ചിരിയ്ക്കുള്ളില്‍
നിലാപ്പൂതേടി കവി!
ഒടുവില്‍ മിഴി പൂട്ടി
ശാന്തമായുറങ്ങിപ്പോയ്
കവിതയ്ക്കുള്ളില്‍
കനലായങ്ങ് ജ്വലിച്ചൊരാള്‍
പിരിഞ്ഞേ പോയി രാത്രി-
മഴകള്‍ പെയ്തേ പോയി
വരികള്‍ തെറ്റി, പിന്നെ
വാക്കുകള്‍ തെറ്റി നില-
ത്തെഴുതും ബാല്യം പോലെ
നോക്കിനില്ക്കുന്നു ഞാനും
പോകുക ഡിസംബര്‍ നീ-
നിന്റെയീ തണുപ്പിന്റെ
ജാലകങ്ങളില്‍ തൊട്ട്
കിഴക്കിന് സൂര്യന് നില്പ്പൂ
മിഴിയില്‍ തുളുമ്പുന്ന
പുഴകള്‍ക്കുള്ളില്‍ കൂടി
കുളിര്‍ന്ന കാറ്റും നാട്ടു-
പൂക്കളും തലോടവെ
ആതിര വരാന്‍ കാത്തു-
കാത്തൊരു രാവിന് നദി
അറിയാത്ത പോലമ്മ
നടന്നേ മറഞ്ഞ് പോയ്.
പോക നീ ഡിസംബര്‍!
നിന് രജനീഗന്ധിപ്പൂക്കള്
പാതിയും മൂടിക്കിടക്കു-
ന്നിതാ ഭൂമിയ്ക്കുള്ളില്‍
ശവക്കച്ചകള്‍ ചുറ്റി
കടുത്ത ഗന്ധത്തിന്റെ
മരണം തുന്നിക്കൂട്ടും
ശിശിരപ്പുതപ്പൊന്നില്
കുടഞ്ഞ് കുടഞ്ഞ് ഞാ-
നെടുത്തു അല്പം മഞ്ഞ്
ഹിമയുഗത്തിന് ഭൂമി
അതിന്മേലുറഞ്ഞ് പോയ്
ഞാന്‍ നട്ട കാറ്റാടിതന്
മരച്ചില്ലകള്‍, കൂട്ട്-
കൂടുവാന്‍ തിരക്കിട്ട്
വന്നിടും പുത്തന്‍ വര്‍ഷം
ഏതിലാണേതില് നിന്ന്
ചക്രവാളത്തെ തൊട്ട്
പോകുന്ന യാനങ്ങളില്‍
കവിത പൊഴിയുക...
ഏകതാരയില്. തന്ത്രി-
പൊട്ടിയ വീണയ്ക്കുള്ളില്‍
ഏതിലൊന്നിനെ നിന്നെ-
ഡിസംബര്‍ ഞാന്‍ ചേര്‍ത്തിടും
പോക നീ കണ്ണീരുപ്പ്
വീണൊരു സമുദ്രമായ്
ദൂരെയായ് ത്രിസന്ധ്യയില്‍
ചക്രവാളത്തെ തൊട്ട്.
പോകുക, സമയത്തിന്
പെന്ഡുലങ്ങളില് നിന്ന്
പോകുക കാലത്തിന്റെ
രഥത്തോടൊപ്പം നീയും...