പിറ്റേന്ന് ഒമ്പതുമണിയോടെ ദാസ് ഭക്ഷണമേശയിലേക്ക് വന്നു. അവിടെ താരാദേവി ഉണ്ടായിരുന്നു. ദാസ് അമ്മയെ സൂക്ഷിച്ചുനോക്കി. ഇന്നലെ രാത്രി കണ്ട ക്ഷീണിതയായ അമ്മയല്ല ഇപ്പോള്‍, പട്ടുസാരിയും കൈകളില്‍ വളകളും നെറ്റിയില്‍ വലിയ പൊട്ടും സിന്ദൂരവും ചാര്‍ത്തിയിരിക്കുന്നു. അച്ഛന്റെ മരണശേഷവും അമ്മ ഒരിക്കലും സിന്ദൂരം ഉപേcക്ഷിച്ചിരുന്നില്ല എന്നയാള്‍ ഓര്‍ത്തു. അച്ഛന്റെ ഓര്‍മ്മയെ തന്റെ നെറ്റിയില്‍നിന്നും തൂത്തുകളയാന്‍ അവര്‍ തയ്യാറായില്ല. അമ്മ എപ്പോഴും ആഭിജാത്യസൗന്ദര്യത്തിലും പെരുമാറ്റത്തിലും റാണിതന്നെ.
“നിന്റെ തനൂജ രാവിലെ പോയല്ലോ... നിന്റെ ഫ്ലാറ്റിലേക്ക് വൈകീട്ട് എത്താമെന്നാണ് പറഞ്ഞത്.” താരാദേവി അയാളെ നോക്കി.
ദാസ് അത് പ്രതീക്ഷിച്ചതാണ്. “ഉം, മറ്റൊന്നും പറഞ്ഞില്ലേ?”
“പ്രാതല്‍ കഴിക്കാന്‍ വന്നിരുന്നു. വിവാഹത്തിനും മറ്റുമുള്ള വസ്ത്രത്തെക്കുറിച്ചും കല്യാണപത്രികയുടെ ഡിസൈനിനെക്കുറിച്ചും പറഞ്ഞു.”
ദാസ് ചിരിച്ചു. “അത് അമ്മയും മരുമകളും കൂടി തീരുമാനിക്കൂ. മിത്രയോടും ചോദിച്ചോളൂ..”
“ഉം.... വായില്‍വെച്ച കഷണം നന്നായി ചവച്ചുകൊണ്ട് താരാദേവി നീളമുള്ള മൂളലോടെ തലകുലുക്കി.
ദാസ് പുറത്തിറങ്ങുംമുന്‍പേ താരാദേവി അരികിലേക്ക് വന്നു. “മറ്റൊന്നുകൂടി, നമ്മുടെ മൂക്കുത്തിയുടെ ഒറിജിനല്‍ പാറ്റേണ്‍ തനൂജ അന്വേഷിച്ചിരുന്നു. അവള്‍ക്കു പുതിയ മൂക്കുത്തി മതി എന്നാണ് പറഞ്ഞത്. പഴയ മൂക്കുത്തി വേണമെങ്കില്‍ പുതിയതില്‍ ഉരുക്കിചേര്ക്കാം എന്ന്.”
“സമയമുണ്ടല്ലോ അമ്മേ, മറ്റുള്ള ആഭരണങ്ങള്‍ എടുത്തുകഴിയട്ടെ, എന്നിട്ടാവാം മൂക്കുത്തി ഉരുക്കല്‍....”
കാറിലിരുന്നു ദാസ് ഊറിച്ചിരിച്ചു. അപ്പോൾ യുദ്ധം നേരിട്ട് തുടങ്ങിക്കഴിഞ്ഞു. എന്തു സംഭവിച്ചാലും താരാക്കമ്പനിയില്നിന്നും കുടുംബത്തില്‍നിന്നും താന്‍ പടിയിറങ്ങുകയില്ല എന്ന തീരുമാനം കൊള്ളാം... ദാസിന്റെ തൊട്ടരികിലുള്ള ഫ്ലാറ്റിലേക്ക് കുടുംബസമേതം തനൂജ എത്തിയിട്ടുണ്ടെന്നു ഉച്ചതിരിഞ്ഞപ്പോള്‍ വിവരം ലഭിച്ചു.
ദാസ് ചെന്നപ്പോൾ പ്രതീക്ഷിച്ചപോലെ തനൂജ ദാസിന്റെ അപ്പാര്ട്ട്മെന്റില്തന്നെയുണ്ടായിരുന്നു. ജോലിക്കാര്‍ക്കും മാനേജര്‍മാര്‍ക്കും നിര്‍ദ്ദേശങ്ങള്‍ കൊടുത്തുകൊണ്ട് ഒഴുകി നടക്കുന്ന തനൂജയെ കണ്ടു ദാസ് പുഞ്ചിരിച്ചു. ജോലിക്കാരുടെ അരികില്‍നിന്നും അവള് ഉടനെ ദാസിനരികിലേക്ക് ഓടിയെത്തി.
“ഹായ് റായ്, റായ് പറഞ്ഞിരുന്നില്ലേ ഇവിടെ വേണ്ട രീതിയിലുള്ള സൗകര്യങ്ങള്‍ നോക്കാനും വിപുലപ്പെടുത്താനും; എന്റെ ഡാഡിയും മമ്മിയും നവവധൂവരന്മാരുടെ കൂടെ കുറച്ചുദിവസം താമസിക്കും. വേണ്ടേ?”
കണ്‍കോണുകളിലെ മുനയും വാക്കുകളിലെ മയവും കണ്ടു ദാസ് ഉടനെ പറഞ്ഞു.
“യാ യാ.... തീര്‍ച്ചയായും. എന്റെ ഇന്ലാസ്സിനെ ഞാന്‍ പരിഗണിക്കണമല്ലോ...”
തനൂജ തൊട്ടരികിലേക്കുചെരിഞ്ഞുകൊണ്ട് ദാസിന്റെ ചെവിയിലേക്കായി പറഞ്ഞു. “ഇപ്പോള്‍ ചതുരംഗത്തില്‍ രാജാവും രാജ്ഞിയും മാത്രം. ആരാണ് രാജാവിനെ രക്ഷിക്കാന്‍ വരുന്നതെന്ന് ഈ റാണി ഒന്ന് കാണട്ടെ. ചെക്ക് മിസ്റ്റർ റായ് വിദേതൻ..."
ചിരി മായാത്ത അവളുടെ മുഖത്തേക്ക് ദാസ് ക്ഷമയോടെ നോക്കി. “ചരിത്രം എന്നത് വിജയിച്ച രാജാക്കന്മാരുടെ മാത്രമല്ല റാണീ, അത് പരാജയമേറ്റുവാങ്ങിയ റാണിമാരുടെയും കൂടെയാണ്. എന്തായാലും ഈ കളിയിലേക്ക് നിനക്ക് സ്വാഗതം...”
നാരായണസാമി ധര്‍മ്മസങ്കടത്തിലായി. തനൂജയെ തടയാന്‍ കഴിയുന്നില്ല. ദാസിനു വേണ്ടത്ര സുരക്ഷ കൊടുക്കാന്‍ കഴിയുന്നുണ്ടോ എന്ന അങ്കലാപ്പ് വേറെ... തനൂജ വീട്ടില്‍ വരുന്നതിനോട് ദാസ് എതിര്‍പ്പും കാണിക്കുന്നില്ല.
“സാബ്, അവര്‍ എപ്പോഴും നമ്മുടെ സ്വകാര്യതയിലുണ്ട്. ഇവിടെ ചില ഇന്ടീരിയര് ചേഞ്ച് വേണമെന്നും പറയുന്നു. സ്വമ്മിംഗ് പൂളിനപ്പുറത്തുള്ള രണ്ടുമൂന്നു മുറികളിലും മാറ്റങ്ങള്‍ പറഞ്ഞിട്ടുണ്ട്.”
“ഉം, പറഞ്ഞെതെല്ലാം ചെയ്തുകൊടുക്കുക, കണക്കുകള്‍ ഞങ്ങള്‍ തീര്‍ത്തുകൊള്ളാം. ഒന്നും മറ്റുള്ളവരിലേക്ക് എത്തേണ്ടതില്ല. പുറത്തുള്ളവര്‍ ഇതൊന്നും അറിയാനും പാടില്ല.” ദാസ് ഓര്‍മ്മപ്പെടുത്തി.
പിറ്റേന്ന് ഉച്ചയോടുകൂടി താരാദേവി ദാസിന്റെ അരികിലെത്തി. ദാസ് അത്ഭുതത്തോടെ അമ്മയെ നോക്കി. “അമ്മ ഇങ്ങോട്ട് വരുന്നില്ലെന്ന് പറഞ്ഞിട്ട്...”
“ഓ.... ഇന്നോ നാളെയോ എന്ന് വിസയും പാസ്പോര്‍ട്ടും കിട്ടി ഇരിക്കുന്ന ഞാനിനി എവിടെ താമസിച്ചാല്‍ എന്താ? വീണിടം വിഷ്ണുലോകം... അത്രേയുള്ളൂ... നീ എപ്പോഴും തിരക്കില്‍.... വല്ലപ്പോഴുമേ അങ്ങോട്ട് വരുന്നുള്ളൂ, നീയുള്ളിടത്തു കുറച്ചുനാള്‍ നില്ക്കാമെന്നു കരുതി.” താരാദേവി അലക്ഷ്യമായി പറഞ്ഞു. സാമി ചെറുചിരിയോടെ അത് കേട്ടു. അതു കലക്കി!! വളരെ നന്നായി.
സാമി അന്ന് രാത്രി ദാസിനോട് പറഞ്ഞു. “സാബ്. മറ്റെന്നാള്‍ പ്രണോതിമേം പങ്കെടുക്കുന്ന ഒരു പരിപാടിയുണ്ട് കൊല്‍ക്കത്തയില്‍. ഇതാണ് പ്രോഗ്രാം നോട്ടീസ്...”
ദാസ് ആലോചനയോടെ എഴുന്നേറ്റു. മിലാനെ കാണാന്‍ ഒന്നുകൂടി ശ്രമിച്ചുനോക്കാം. ഇത്രയും ദിവസം കഴിഞ്ഞുപോയതിനാല്‍ അവളുടെ കോപത്തിന്റെ ഹൈപീക്ക് കുറഞ്ഞിരിക്കാന്‍ സാധ്യതയുണ്ട്.
നടാഷയും ദുര്ഗ്ഗയുംകൂടി ആസൂത്രണം ചെയ്ത പരിപാടികള്‍ മാത്രമേ മിലാന് ഏറ്റെടുത്തിരുന്നുള്ളൂ, സിനിമയിലേക്ക് വന്ന ചില ഓഫറുകള്‍ വിവാഹം കഴിഞ്ഞു ഏറ്റെടുക്കാം എന്നുകരുതി മിലാന് വിട്ടുകളയുകയും ചെയ്തു. വലിയരീതിയില്‍ ബാഡ്പബ്ലിസിറ്റി കിട്ടിക്കഴിഞ്ഞ വിവാഹഗോസിപ്പുകള്‍ കാരണം മിലാന് തന്റെ കാമ്പസ്സിലേക്കുകൂടി പോകാന്‍ മടിതോന്നി. എങ്കിലും കൊല്‍ക്കത്തയിലെ വാടകവീട്ടില്‍തന്നെ മിലാന് ഉണ്ടായിരുന്നു. ഒപ്പം ശാരികയും. രണ്ടുവട്ടം മിലാനെ കാണാന്‍ കരോളിന് ശ്രമിച്ചെങ്കിലും നടന്നില്ല. പ്രഭാതസൂര്യനെ കണ്ടുകൊണ്ടു വീടിനു വെളിയില്‍ തന്റെ ഊഞ്ഞാലില്‍ ഇരുന്ന മിലാന് വെളിയില്‍ കാര്‍ വന്നുനിന്നത് കണ്ടു.
കരോലിന് ഇറങ്ങുന്നു!
എന്തോ മിലാന് അപ്പോള്‍ വല്ലാത്തൊരു നിസ്സംഗതയാണ് തോന്നിയത്. തന്റെ ജീവിതത്തിലെ പ്രശ്നങ്ങള്‍ക്ക് താന്‍ മറ്റുള്ളവരോട് ദുര്‍മുഖം കാണിച്ചിട്ടു എന്തു കാര്യം? എല്ലാവരും അവരവരുടെ വേഷങ്ങള്‍ ആടുന്നു. അതില്‍ നേട്ടങ്ങളും കോട്ടങ്ങളും പലരെയും ബാധിക്കുന്നു. ആജീവനാന്ത ശത്രുത താന്‍ ഇവരോടൊക്കെ കാണിക്കേണ്ടതുണ്ടോ?
കരോലിന് പൂമുഖത്തേക്ക് കയറി. മിലാന് എഴുന്നേറ്റു. “പറയൂ കരോലിന്... എന്താണ് എന്നെ കണ്ടേ തീരൂ എന്ന്...?”
കരോലിന് മിലാന്റെ മുഖത്തേക്ക് നോക്കി. മിലാനും അവളെ നോക്കി. ഒരു പാവക്കുട്ടിയെപ്പോലെ കാണപ്പെടുന്ന കരോളിന്റെ കണ്ണുകളില്‍ ദുഃഖം നിറഞ്ഞുകിടക്കുന്നു.
“മേം.... ഞാന്‍ യാതൊന്നും അറിഞ്ഞതല്ല മേം... തനൂജ വര്‍ഷങ്ങളായി റായ് സാറിനെ കുരുക്കാന്‍ നെയ്ത വലയില്‍ സര് വീണുപോയതാണ്. പ്രത്യേകിച്ച് സാറിനു ലേഡി വിഷയത്തില്‍ നല്ലതല്ലാത്ത ഇമേജ് ഉള്ളതിനാല്‍ ആരെ ചേർത്തു പറഞ്ഞാലും അതെല്ലാം തെളിവ് ആവശ്യപ്പെടാതെ സാമാന്യവല്ക്കരിക്കപ്പെടും. അതാണ് സംഭവിച്ചത്.”
മിലാന് വിഷാദം നിറഞ്ഞ ഒരു ചിരി സമ്മാനിച്ചു. “എനിക്കിപ്പോള്‍ അത്തരം കാര്യങ്ങളില്‍ യാതൊരു വേവലാതിയും ഇല്ല കരോലിന്. ആ അദ്ധ്യായം മാത്രമല്ല ആ പുസ്തകം തന്നെ ഞാന്‍ അടച്ചുകളഞ്ഞു. അവര്‍ ജീവിക്കട്ടെ.”
മിലാന് കരോളിന്റെ മുഖത്തേക്ക് നോക്കി. “തന്നോട് എനിക്ക് തോന്നിയ ഒരു കാര്യം, താനും വിദേതും ഒരു മുറിയില്‍ അന്തിയുറങ്ങിയിട്ടും താന്‍ അതേപറ്റി എന്നോട് സൂചിപ്പിച്ചുപോലും ഇല്ലെന്നാണ്. മാത്രമല്ല അവരുടെ കുടുംബവീട്ടില്വെച്ചും തന്നെ ഞാന്‍ കണ്ടു. താനും വിദേതും ചേര്‍ന്ന വീഡിയോ. അറിയാമെനിക്ക് തനിക്കും അയാള്‍ക്കും സാഹചര്യത്തെപ്പറ്റി പറയാനുള്ള പഴുതുകള്‍ അതില്‍ ഉണ്ടെന്ന്. എന്റെ ജീവിതം ഭദ്രമാവാന്‍ ആയിരിക്കുമല്ലോ അതെല്ലാം നിങ്ങള്‍ എന്നില്‍നിന്നും ഒളിപ്പിച്ചത്... എന്നിട്ടോ? എന്നിട്ടെവിടെ എന്റെ ജീവിതം?”
കരോളിന് പകച്ചുകൊണ്ട് അടുത്തേക്കുവന്നു. “മേം...ഞാന്‍ പറയാം മേം....”
മിലാന് വിലക്കി. “നോ, ഞാന്‍ കുറ്റപ്പെടുത്തി പറയുകയല്ല, ഇനിയിതും തനൂജയുടെ പ്ലാനായിരുന്നു എങ്കില്‍ ഇതില്‍ ഉള്‍പ്പെട്ടവള്‍ എന്ന നിലയില്‍, എന്റെ അടുത്ത ഫ്രണ്ട് എന്ന നിലയില്‍, അതെല്ലാം കഴിഞ്ഞെങ്കിലും തനിക്കത് എന്നോട് പറയാമായിരുന്നു. നിങ്ങള്‍ രണ്ടുപേരും അത് ചെയ്തില്ല. പിന്നെ എങ്ങനെയാണ് രണ്ടുപേരെയും ഞാന്‍ കേള്‍ക്കാന്‍ നിന്ന്തരിക?”
മിലാന് തന്റെ പൂമുഖത്തെ കൈവരികളില്‍ പിടിച്ചുകൊണ്ടു ഒറ്റടി വെക്കുംപോലെ നടന്നു. “തന്നെ എന്തിനു പറയുന്നു, പറയേണ്ടവന് എന്നോട് പറഞ്ഞില്ല, പിന്നെ താനെന്തിനു പറയണം അല്ലെ...”
കരോലിൻ വാക്കുകള്‍ വിഴുങ്ങിനിന്നു. അവള്‍ക്കു എന്തൊക്കെയോ പറയാന്‍ ഉണ്ട്. പക്ഷെ തകര്‍ന്നു നില്ക്കുന്ന മിലാനോട് എന്തെങ്കിലും വിശദീകരിച്ചാല്‍ അതേ അർത്ഥത്തിൽ മനസ്സിലാക്കപ്പെടുമോ എന്ന സംശയം മുഴച്ചുനിന്നു.
“മേം.... അമേരിക്കയില്‍ ഉള്ളപ്പോൾ എന്റെ മുറിയില്‍നിന്നും തനൂജയാണ് ആ ഫോട്ടോ എടുത്തുകൊണ്ടുപോയത്. ദിവസങ്ങള്‍ക്കു മുന്‍പാണ് ആരോ അയച്ചു എനിക്കത് തിരികെ കിട്ടിയത്. അതാണ് മേം അന്നു വീട്ടിൽവെച്ചു കണ്ടത്. പിന്നീട് ഞാനത് സാറിനു തിരികെ കൊടുത്തിരുന്നു.”
മിലാന് ചിരിച്ചു. “സാരമില്ല കരോലിന്, എനിക്കതില്‍ ഒരു വിഷമവും തോന്നുന്നില്ല. ഒരര്‍ത്ഥത്തില്‍ തനൂജയാണ് വിദേതിന് മാച്ച്. എന്തായാലും വിവാഹത്തിന് പോകാന്‍ ഞാന്‍ നിശ്ചയിച്ചിട്ടുണ്ട്.”
കരോലിന്റെ മുഖം മ്ലാനമായി. കൂടുതല്‍ സംസാരിക്കുന്നതില്‍ അര്‍ത്ഥമില്ല. “ശരി മേം, ഞാന്‍ ഇറങ്ങട്ടെ...”
മിലാന് തലകുലുക്കി.
.................................................................
“എന്റെ ഡാഡിയും മമ്മിയും നാളത്തെ ഡിന്നറിനു ഇവിടേയ്ക്കു വരുന്നുണ്ട്. റായ് ഉണ്ടാകുമല്ലോ....” തനൂജയുടെ ചോദ്യം കേട്ട് ദാസ് തിരിഞ്ഞു. രാത്രിയില്‍ തന്റെ പതിവുള്ള പെഗ്ഗ് വോഡ്ക ഗ്ലാസിലേക്ക് ഒഴിക്കാന്‍ തുടങ്ങുകയായിരുന്നു അയാള്‍. കുപ്പി താഴെവെച്ച് അയാള്‍ തിരിഞ്ഞു.
“എന്താണ് വിശേഷം, ഗര്‍ഭമുള്ള മകളെക്കൊണ്ട് ആയാസമുള്ള ജോലികള്‍ ചെയ്യിക്കരുതെന്നു നിന്റെ അമ്മയ്ക്ക് പറഞ്ഞുകൊടുക്കൂ. ഡിന്നര്‍ പ്രസവശേഷം കൊടുക്കുന്നതല്ലേ നല്ലത്?”
പരിഹാസമോ പുച്ഛമോ ദാസിന്റെ ചുണ്ടില്‍...
തനൂജ അയാളുടെ അരികിലെത്തി ബോട്ടില്‍നിന്നും വോഡ്ക ഗ്ലാസ്സിലേക്ക് ഒഴിച്ചു. ട്രേയില്നിന്നും രണ്ടു ഐസ്കട്ടകള്‍ എടുത്തു ഗ്ലാസ്സിലേക്ക് ഇട്ടു ദാസിനു നേരെ നീട്ടി.
“താങ്ക്സ്....” അയാളുടെ ചുണ്ടില്‍ അതേ ചിരി
“മിസ്റ്റര്‍ റായ്.... ഗര്‍ഭമുണ്ടോ ഇല്ലയോ എന്നത് ഒരു സ്ത്രീക്ക് മാത്രം അറിയാന്‍ കഴിയുന്ന ശാരീരികമാറ്റമാണ്.” തനൂജ മുന്നോട്ട് നീങ്ങി തന്റെ വയറില്‍ തൊട്ടു. “ദാ, ഇവിടെ ചലനമുണ്ടായോ എന്നത് ഒരു സംശയം മാത്രമായിരുന്നു എന്നും എനിക്കു പറയാം. അതല്ല ഈ നിമിഷം വരെ ഉണ്ട് എന്നും പറയാം. അമ്മയാകാന്‍ പോകുന്ന തോന്നല്‍ സ്ത്രീക്ക് മാത്രം അവകാശപ്പെട്ടതാണെന്നും സ്ത്രീ പറഞ്ഞാല്‍ അത് ലോകം മുഴുവനും വിശ്വസിക്കുന്ന കാര്യവുമാണ്. മാസമുറ ഉണ്ടാകുന്ന ഏത് സ്ത്രീക്കും അങ്ങനൊരു സംശയത്തിന്റെ സേഫ്സോണ്‍ ഉണ്ട്.” പുച്ഛം നിറഞ്ഞ മറുപടി.
“ഒഹ്, വെരി ഗുഡ്, അപ്പൊള്‍ എന്നാണ് വാഷ്റൂമില്‍ തെന്നിവീണോ കോണിപ്പടിയുടെ താഴത്തെ സ്റെപ്പില്നിന്നും എടുത്തുചാടിയോ ഇല്ലാത്ത ഗര്‍ഭം അലസിപ്പിക്കുന്നത്? വേഗമായിക്കോട്ടേ.... വെറുതെ വയസ്സാങ്കാലത്ത് തന്റെ മകള്‍ക്കൊരു കുഞ്ഞുണ്ടായി പേരക്കുട്ടിയെ താലോലിക്കാമെന്നു അര്‍ജുന്‍തിവാരി സ്വപ്നം കണ്ടു തുടങ്ങേണ്ടല്ലോ....” ദാസ് അതേ നാണയത്തില്‍ തിരിച്ചടിച്ചു.
തനൂജ ചിരിച്ചു. “ആരെങ്ങനെ തലകുത്തി വീണാലും തനൂജ ഈ വീട്ടില്‍ ഉണ്ടാകും. നിശചയിച്ച മുഹൂര്‍ത്തത്തില്‍ നാം അഗ്നിക്ക് വലംവെയ്ക്കും. മാറ്റമില്ല മിസ്റ്റര്‍ ബിസിനസ് മാന്‍....”
ദാസ് തലകുലുക്കി. വാതില്‍ കടക്കാന്‍ നേരം അയാളൊന്നു തിരിഞ്ഞുനിന്നു.
“ഓക്കേ മൈ ഡിയര്‍, എന്റെ അംഗരക്ഷകര്‍ അപ്പുറത്തെ മുറിയിലുണ്ട്. ട്രൈ ചെയ്യുന്നോ? കൃത്യം പത്താം മാസം തനിക്കു പ്രസവിക്കാം...”
“യൂ ബ്ലഡി ബാസ്റ്റട്.....” അടുത്തിരുന്ന ബോട്ടിലെടുത്തു തനൂജ അയാള്‍ക്കുനേരെ വീശിയെറിഞ്ഞു. അടഞ്ഞ വാതിലിനപ്പുറത്ത് എന്തൊക്കെയോ തകരുന്നത് കേട്ട് ദാസ് നടന്നകന്നു.
.......................................................................
ശാരിക മിലാന്റെ അരികിലേക്ക് വന്നു. “വിദേത് നിന്നെ കാണണമെന്ന് പറഞ്ഞു. എന്നെയിപ്പോള്‍ വിളിച്ചിരുന്നു. അയാള്‍ നമ്മുടെ കാറിനരികില്‍ ഉണ്ട്.” മിലാന് ആളുന്ന കണ്ണുകളോടെ അമ്മയെ നോക്കി. അവള് കോപത്തോടെ എഴുന്നേറ്റു.
“നോക്ക് മിലാന്, നിങ്ങള്‍ ബ്രേക്കപ്പാണെന്ന് ലോകം മുഴുവനും അറിയാം, നീ ഇവിടൊരു സീന്‍ ഉണ്ടാക്കരുത്. നിനക്ക് കരിയറും ജീവിതവും ഏറെ കിടക്കുന്നു. വിവാദങ്ങളും ഗോസ്സിപ്പുകളും ഉണ്ടാക്കാന്‍ തുടങ്ങിയാല്‍ വേറെ ഒന്നിനും പോകേണ്ടിവരില്ല.” ശാരിക അമര്‍ന്ന സ്വരത്തോടെ പറഞ്ഞു.
“അയാള്‍ എന്തിനു വീണ്ടും വരുന്നു? എല്ലാം തികഞ്ഞ ഒരാളെ പങ്കാളിയായി കിട്ടിയല്ലോ? എനിക്ക് കാണേണ്ട എന്ന് പറയമ്മേ...” മിലാന് അമര്‍ഷം കൊണ്ട് വിറച്ചു.
“മിലാന്, ഇതൊരു പ്രോഗ്രാം ആണ്. പലരും ശ്രദ്ധിക്കും. നിന്നെ കാണാതെ അയാള്‍ പോകില്ല. മുന്‍പ് കാരവാനില്‍ വന്നു തട്ടിയത് ഓര്‍ക്കുന്നല്ലോ, നോക്ക്, നിനക്ക് പറയാനുള്ളത് നീയിന്നു പറയണം. ഇനിയുമൊരിക്കല്‍ക്കൂടി ഇങ്ങനെ മുഖാമുഖം വരാന്‍ അയാള്‍ ധൈര്യപ്പെടരുത്.”
മിലാന് കര്ട്ടന് മാറ്റി നോക്കി. കാര്‍ അപ്പുറത്ത് കിടപ്പുണ്ട്. “അമ്മാ അയാളോട് സ്റ്റേജിനരികിലേക്ക് വരാന്‍ പറ...” മിലാന് ശാരികയെ നോക്കി.
“എന്തിന്? ഇവിടെ ആളുകളുടെ കൂട്ടത്തില്‍ എന്താണ് നിനക്ക് പറയാന്‍ പറ്റുക?”
“അതേ, ഇനിയെനിക്ക് രഹസ്യമായി ഒന്നും പറയാനില്ല. എല്ലാം എല്ലാവരും കേള്‍ക്കെ മതി. അമ്മ വിളിക്ക്...”
മിലാനെ സൂക്ഷിച്ചുനോക്കി ശാരിക ദാസിനെ വിളിച്ചു. പെട്ടെന്നുണ്ടായ സെക്യൂരിറ്റി അലെര്‍ട്ടില്‍ സ്റ്റേജും പരിസരവും നിരീക്ഷണത്തിലായി. ദാസ് സ്റ്റേജിനു ഒരു വശത്തേക്ക് വന്നു. ദാസ് നില്‍ക്കുന്നതിന്റെ അല്പം അകലെയായി അംഗരക്ഷകര്‍ വലയം തീര്‍ത്തു. ഉറക്കെ സംസാരിച്ചാല്‍ അവര്‍ക്കും കേള്‍ക്കാം...
“പറയൂ, എന്താണ് വന്നത്?”
ദാസ് തിരിഞ്ഞു. ചുവന്ന കല്ലുകള്‍ പതിച്ച സാരി തലവഴി മൂടി തന്റെ നീലക്കല്ലുള്ള വൈരമൂക്കുത്തി മാത്രം മുഖത്ത് അലങ്കാരമായി ചാര്‍ത്തിക്കൊണ്ട് മിസ്സ് മിലാന് പ്രണോതി അയാളുടെ മുന്നില്‍!!!
“മിലാന്....”
“അതേ... പേര് മറക്കാന്‍ സമയമായില്ലല്ലോ.... മിലാന് തന്നെ.....മിലാന് പ്രണോതി!”
“നീയാ കത്ത് വായിച്ചില്ലേ?” കഴിയുന്നത്ര സ്വരം താഴ്ത്തിയാണ് ദാസ് സംസാരിച്ചത്.
മിലാന് ചിരിച്ചു. “പ്രത്യേകിച്ച് വായന വേണ്ടിവരുന്ന ആളാണു നിങ്ങളെന്നു എന്റെ അമ്മയടക്കം പലരും പറഞ്ഞപ്പോഴും ഇത്രയും പ്രതീക്ഷിച്ചില്ല. ഇപ്പോള്‍ ഈ കൂടിക്കാഴ്ച നമ്മുടെ അവസാനത്തേതാണ്. മേലാല്‍ ഞാന്‍ ജോലി ചെയ്യുന്നിടത്തുവന്നു എന്നെ അപമാനിക്കാതിരിക്കാനുള്ള നന്മ നിങ്ങള്‍ കാണിക്കണം. ഇല്ലെങ്കില്‍ എനിക്ക് പോലീസിനെ അറിയിക്കേണ്ടിവരും.” മുറുകിയ ചുണ്ടുകളില്‍നിന്നും വാക്കുകള്‍ ചീറ്റി.
“മിലാന്, ഇത് അവസാനത്തെ വരവാണ്. എന്നെ കേള്‍ക്കാന്‍ നിന്നുതന്നില്ലല്ലോ എന്ന കുറ്റബോധത്തില്‍ നീ ഉരുകാന്‍ പോകുന്നേയുള്ളൂ. ശ്രമിക്കാനേ എനിക്ക് കഴിയൂ, ലക്ഷ്യത്തിലേക്ക് എത്തിക്കേണ്ടത് നീയാണ്. എന്റെ ജീവിതത്തില്‍ മറ്റൊരാളില്ല.”
അവളയാളുടെ മുഖത്തേക്കൊന്നു നോക്കി. കണ്ണുകള്‍ നേര്‍രേഖയില്‍ വന്നയുടെനെ മിലാന് നോട്ടം പിന്‍വലിച്ചു. “ലൈഫില്‍ മറ്റൊരാളില്ലാത്ത നിങ്ങളുടെ സ്നേഹമാണോ നിശ്ചയം കഴിഞ്ഞു അമ്മയുടെകൂടെ വീട്ടില്‍ താമസിപ്പിക്കുന്ന ഒരു തെന്നിന്ത്യൻ സുന്ദരിയിലേക്കു നിങ്ങളെ എത്തിച്ചത്..?”
“മിലാന്....”
“വേണ്ടാ.... പ്ലീസ് ഗോ.... എന്നെ വീണ്ടും വീണ്ടും ആഞ്ഞടിക്കാനുള്ള ഈ വരവ് ദയവുചെയ്തു നിങ്ങള്‍ നിറുത്തണം. അപേക്ഷയാണ്.” മിലാന് രണ്ടു കൈകളും അയാളുടെ നേര്ക്കുകൂപ്പി.
ദാസ് തിരഞ്ഞുനടന്നു. ഇല്ല, ഇനിയും ആരുടെ മുന്നിലും കെഞ്ചാന്‍ കഴിയില്ല.
മിലാനെ കാണാന്‍ ഒരു വരവുകൂടി ഉണ്ടാവില്ല എന്നയാള്‍ ഓരോ ചുവടിലും ആവര്‍ത്തിച്ചുറപ്പിച്ചിരുന്നു.
.....................................................................
രാത്രി....
അര്‍ജുന്‍തിവാരിയും പ്രയാഗയും വൈകുന്നേരംതന്നെ മകളുടെ അരികില്‍ എത്തിയിരുന്നു. താരാദേവി അവരെ സ്വീകരിച്ചു കുശലം പറഞ്ഞുകൊണ്ടിരുന്നു. തനൂജയുടെ ഉറച്ച സ്വഭാവത്തില്‍നിന്നും അവള് ദാസിനെ വിട്ടു പോവുകയില്ലെന്നു ആ അമ്മയ്ക്ക് മനസ്സിലായി. എങ്കില്‍പ്പിന്നെ അവളുടെ മാതാപിതാക്കളോട് അനിഷ്ടം കാണിക്കേണ്ട കാര്യവുമില്ലല്ലോ. രാത്രിയിലെ പാര്‍ട്ടിക്ക് ദാസ് പങ്കെടുക്കുമോ എന്നൊരു ആശങ്ക ഏവരിലും ഉണ്ടായിരുന്നെങ്കിലും ആരും അത് പുറത്തുകാണിച്ചില്ല. തനൂജയുടെ അടുത്ത കൂട്ടുകാരി സോണിയ മാത്രമേ അതിഥിയായി പുറത്തുനിന്നും ഉണ്ടായുള്ളൂ.
ഏവരെയും അമ്പരപ്പിച്ചുകൊണ്ട് ദാസ് എത്തുകതന്നെ ചെയ്തു. ആഹാരം കഴിക്കുമ്പോഴും മകളുമായി ഇടപെടുമ്പോഴും അര്‍ജുന്‍തിവാരിയുടെ കണ്ണുകള്‍ ദാസില്തന്നെയായിരുന്നു. എന്താണാ മനസ്സില്‍?
തനൂജ വലിയൊരു വെള്ളിത്താലത്തില്‍ നിറയെ മധുരപലഹാരവുമായി വന്നു. ഇരുന്നിരുന്ന ദാസ് ചാടിയെഴുന്നേറ്റു അവളുടെ കയ്യില്‍നിന്നും തട്ട് വാങ്ങി.
“മൈ ഹണീ, ഈ സമയത്താണോ ഇങ്ങനെ സ്ട്രയിന്‍ ചെയ്യുന്നേ, ഇതൊക്കെ ചെയ്യാന്‍ ഇവിടെ ആളില്ലേ?”
“ഇറ്റസ് ഓക്കേ മൈ ഡാര്‍ലിംഗ്....” തനൂജ ദാസിന്റെ കവിളില്‍ കവിള് ചേര്‍ത്തു.
താരാദേവി മുഖം തിരിച്ചുകളഞ്ഞു.
“പതുക്കെ തനൂജാ, നിന്റെ ദിവ്യഗര്‍ഭം വളരെ വിശേഷപ്പെട്ടതാണ്, അതിങ്ങനെ ഭാരമെടുത്തു നീ ആളുകളുടെ മുന്നില്‍ ഇപ്പോള്‍തന്നെ പൊളിച്ചാലോ?” തന്റെ കവിളിലേക്കു മുഖം ചേര്‍ത്ത തനൂജയോടു ദാസ് മറ്റാരും കേള്‍ക്കാതെ ചോദിച്ചു.
“മിസ്റ്റര്‍ റായ്, വിവാഹത്തിന്റെ ഒരുക്കങ്ങളെക്കുറിച്ച് ഒന്നും പറഞ്ഞില്ലല്ലോ.” മുന്നോരുക്കങ്ങളെക്കുറിച്ച് ഒരു സംസാരവും ദാസില്‍നിന്നു വരാതിരുന്നപ്പോള്‍ അര്‍ജുന്‍തിവാരി സംഭാഷണത്തിന് തുടക്കമിട്ടു.
“ഉം, യെസ്, തനൂജ തീരുമാനിക്കട്ടെ, എനിക്ക് തിരക്കില്ല, മാത്രമല്ല, വിവാഹം ഉടനെ വേണമോ? തനൂജയുടെ ഇപ്പോഴത്തെ ശാരീരികാവസ്ഥയില്‍ വിവാഹത്തിന്റെ ഒരുക്കങ്ങളും മറ്റും അമ്മയ്ക്കും കുഞ്ഞിനും ദോഷം ചെയ്യുമല്ലോ.... ആദ്യത്തെ മൂന്നുമാസം വളരെ സൂക്ഷിക്കണമെന്ന് ഡോക്ടര്‍ പറഞ്ഞിട്ടുണ്ട്. റൈറ്റ് ഡാര്‍ലിംഗ്?” അയാള്‍ തിരിഞ്ഞു തനൂജയെ നോക്കി.
പ്രയാഗയുടെ കണ്ണില്‍ ഒരു നടുക്കം മിന്നിമാഞ്ഞു. വിവാഹം കഴിക്കാതെ മകള്‍ പ്രസവിക്കട്ടെ എന്നോ.... അവര്‍ ഉടനെ പറഞ്ഞു. “നോ റായ്, നമ്മുടെ പരമ്പരയില്‍ അതൊരിക്കലും നടന്നിട്ടില്ലല്ലോ... ഛെ, അത് വേണ്ട...”
അര്‍ജുന്‍തിവാരിയും അസ്വസ്ഥനായി. അയാള്‍ മകളെ നോക്കി. “അതേ റായ്, അതൊരു ശരിയായ നടപടിയല്ലല്ലോ... വിവാഹം ഉടനെ ഉണ്ടാകുമെന്നാണല്ലോ നിങ്ങള്‍ പറഞ്ഞത്...”
ദാസ് എഴുന്നേറ്റു. “ഞാനല്ല പറഞ്ഞത് മിസ്റ്റര്‍ തിവാരി, നിങ്ങളുടെ മകളാണ് അത് ലോകത്തോട് വിളിച്ചുപറഞ്ഞത്. മിലാനുമായി എന്റെ വിവാഹം നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍തന്നെ തനൂജയും ഞാനുമായുള്ള വിവാഹം നടക്കുമെന്ന്.” കനത്ത ശബ്ദം!
“നിങ്ങള്‍ എന്താണ് ഇങ്ങനെ സംസാരിക്കുന്നത്?” അര്‍ജുന്‍തിവാരിയും എഴുന്നേറ്റു.
“ഹഹ, ഞാന്‍ എങ്ങനെ സംസാരിക്കണമെന്ന് നിങ്ങളുടെ മകള്‍ എന്നെ പഠിപ്പിക്കാന്‍ തുടങ്ങിയിട്ട് കുറച്ചായി. ഇതാണ് എന്റെ തീരുമാനം. ഇവള് പ്രഗ്നന്റ്റ് ആണല്ലോ, ആ കുഞ്ഞു ജനിച്ചു വീഴട്ടെ, എന്നിട്ടാവാം വിവാഹം.” അയാള്‍ തനൂജയുടെ അടുത്തേക്ക് നടന്നു. മുഖത്ത് അല്പവും രക്തമയമില്ലാതെ തനൂജ ഇരിക്കുന്നു!
തൊട്ടടുത്തിരിക്കുന്ന പ്രയാഗയെ നോക്കി ദാസ് ചിരിച്ചു. “മൈ ഡിയര്‍ മാ, പരമ്പരയെപ്പറ്റി നിങ്ങള്‍ ഇപ്പോള്‍ സംസാരിച്ചില്ലേ? വിവാഹത്തിന് മുന്‍പേ ഗര്‍ഭവുംപേറി ഈ വീട്ടിലേക്കും ആരും കയറിയിട്ടില്ല. ആ കാര്യം മകളെ ഓര്‍മ്മിപ്പിക്കാന്‍ വിട്ടുപോയതാണോ അതോ...”
അയാള്‍ തിരിഞ്ഞുനടന്നു. “മറ്റൊരു കാര്യം, പ്രസവംവരെ തനൂജയ്ക്കോ നിങ്ങള്‍ക്കോ ഇവിടെ താമസിക്കാം, ഞാനും അമ്മയും മറ്റുള്ളവരും ഉണ്ടിവിടെ, ഇത് ഞാന്‍ നല്കുന്ന ഔദാര്യമൊന്നുമല്ല എന്ന് തനുവിനു അറിയാം, അല്ലേ മൈ ഡാര്‍ലിംഗ്...?”
അര്‍ജുന്‍തിവാരി മുഖമടച്ചു അടികിട്ടിയപോലെ നില്‍ക്കുകയാണ്. അയാളുടെ മുഷ്ടികള്‍ വലിഞ്ഞുമുറുകിയിരുന്നു.
സ്വന്തം മുറിയിലേക്ക് കയറിപ്പോയ ദാസ് കൈകള്‍ ചുരുട്ടി ഭിത്തിയില്‍ ഇടിച്ചു. മൈ ഫുട്.......ബ്ലഡി ഫുട്.... അയാള്‍ക്ക് രോഷമടക്കാനായില്ല. മിലാന്റെ മുന്നിലുള്ള പരാജയം...തനൂജയുടെ വിജയങ്ങള്‍...തന്നെ ഉടുമ്പ് പോലെ കാര്ന്നുപിടിച്ചിരിക്കുന്ന വിഷജന്തു....
അയാള്‍ കാറിലേക്ക് കയറിയിരുന്നു. “എങ്ങോട്ടാണ് സാബ്..” നാരായണസാമി പതുക്കെ ചോദിച്ചു.
“ഹോട്ടല്‍ ലീലാ പാലസ്....”
കാര്‍ പുലിയെപ്പോലെ കുതിച്ചു. ഹോട്ടല്‍ സ്യൂട്ടിലെത്തിയിട്ടും ദാസിന്റെ മുന്നിലെ മദ്യഗ്ലാസുകള്‍ ഒഴിഞ്ഞില്ല.
“സാബ്, വളരെ വൈകുന്നു. മതിയാക്കാം ഇനി.” പറയാമോ വേണ്ടയോ എന്ന സംശയത്തോടെ സാമി നിന്നു. അയാള്‍ക്ക് പോകാനും കഴിയുന്നില്ല.
“താന്‍ പോയി ഇഷയെ വിളിച്ചോണ്ട് വാ...ചെല്ല്..” ദാസ് മുരണ്ടു.
“ഇഷാ...?”
“അതേടോ...ആ ഹിന്ദി സുന്ദരി.... വേഗം വരാന്‍ പറ... അവളെന്റെ ഫാനല്ലേ...പോയി കൊണ്ടുവാ..”
“സാബ്...?!”
“പോയി വിളിച്ചോണ്ട് വാടോ... ങാ, പിന്നെ അവള് ഫ്രീ ആണേല്‍ നാല് ദിവസം കഴിഞ്ഞേ പോകാന്‍ പറ്റൂ എന്ന് പറഞ്ഞേക്കണം... പോ...”
ദാസ് കിടക്കയിലേക്ക് മലര്‍ന്നു വീണു. “യുവര്‍ ടൈം സ്റ്റാര്‍ട്ട്സ് നൌ...”
ഒന്നും മിണ്ടാനാവാതെ സാമി ഇറങ്ങിപ്പോയി.
ഒരു മണിക്കൂറിനു ശേഷം....
ഹോട്ടല്സ്യൂട്ടിലെ വാതിലിന്റെ ഹാന്‍ഡില്‍ ഒരു “ക്ലിക്ക്” ശബ്ദത്തോടെ തിരിഞ്ഞു.
“വെല്‍ക്കം മൈ ഹോട്ട് ബട്ടര്‍ഫ്ലൈ!!” അകത്തെ മുറിയില്‍ നിന്നും പുഞ്ചിരിച്ചുക്കൊണ്ടിറങ്ങിവന്ന ദാസ് ഒരു വെടിയുണ്ട വന്നു തറഞ്ഞപ്പോലെ അവിടെത്തന്നെനിന്നുപോയി.
“യൂ ടൂ...!” തനൂജ വിടര്‍ത്തിയിട്ട പീച്ച് സില്ക്ക്സാരിയുടെ മേലെ ചാര്‍ത്തിയ വലിയ മുത്തുമാലയില്‍ പിടിച്ചു മനോഹരമായി ചിരിച്ചു.
“നീ....” പണിപ്പെട്ടാണയാള്‍ ശബ്ദിച്ചത്.
“അതെ...ഞാന്‍തന്നെ...തനൂജാ തിവാരി... പേര് മറക്കാന്‍ കഴിയില്ലല്ലോ ..!”
നാടകീയമായി പറഞ്ഞുക്കൊണ്ട് അയാള്‍ക്കെതിരെ അവള് കസേരയില്‍ ഇരുന്നു. “ഇരിക്കണം മിസ്റ്റര്‍ റായ്... ഇരുന്നു സംസാരിക്കാം...”
തുടുത്ത അയാളുടെ കവിളിലും മൂക്കിലും ചുവപ്പുരാശി പടര്‍ന്നു. ഉടനെതന്നെ അയാള്‍ സമനില വീണ്ടെടുത്തു. “വാട്ട് ബ്രിങ്ങ്സ് യു ഹിയര്‍...?”
“മെമ്മറി ഓഫ് ലവ് ആന്‍ഡ് സ്മെല്സ്....സ്നേഹത്തിന്റ് സുഗന്ധമല്ല...ദുര്‍ഗന്ധം!!” തനൂജയുടെ കണ്ണുകളും ചുണ്ടുകളും കൂര്‍ത്തു.
“പ്രതീക്ഷിച്ചത് എന്നെയല്ല എന്നറിയാം... നിങ്ങളെ നിരാശപ്പെടുത്തേണ്ടിവന്നതില്‍ വളരെ ഖേദിക്കുന്നു മിസ്റ്റര്‍ റായ്... ഒരു മാന്‍പേട ഈ രാത്രിയില്‍ ഈ കരവലയത്തില്‍ ഒതുങ്ങാന്‍ മോഹിച്ചു പുറപ്പെട്ടിട്ടുണ്ട് എന്നുമറിയാം. അതിനുമുന്പേ ആ ആവേശം നുരയുന്ന മുഖം നേരില്‍ കാണുന്നതും ഒരു സുഖമല്ലേ...?”
ദാസിന്റെ കണ്ണുകള്‍ കുറുകി. പിന്നെ ചെറുതായി. “നീയെന്തു കരുതി? ഹോട്ടല്‍മുറികളിലേക്ക് പതുങ്ങിവന്നെന്നെ ഭീഷണിപ്പെടുത്തിയാല്‍ വാടിപ്പോകുന്നവനാണ് ഈ റായ് എന്നോ? എന്നെ നിനക്ക് ശരിക്കറിയില്ല..!”
“ഓഹോ... ഫന്റ്റാസ്റ്റിക്! ശരിയാണ്... എനിക്കും നിങ്ങളെ അറിയില്ലായിരുന്നു.....അറിയാന്‍ ശ്രമിക്കുന്നതുകൊണ്ടാണല്ലോ ഇവിടെയിപ്പോള്‍ ഇരിക്കുന്നത്...”
“ഹഹ....” ദാസ് പുച്ഛത്തോടെ ഒന്ന് ചിരിച്ചു. “ഇത്ര മിടുക്ക് സ്വന്തം കാര്യത്തില്‍ കാണുന്നില്ലല്ലോ .. നീ വിവാഹത്തിന് ഒരുങ്ങിക്കഴിഞ്ഞല്ലോ... അതൊന്ന് നടത്തി കാണിക്ക്. കാണട്ടെ നിന്റെ മിടുക്ക്.”
ചവിട്ടേറ്റ കാട്ടുസര്പ്പംപോലെ അവളൊന്നു ചുരുണ്ടത് അയാള്‍ കണ്ടു.
“നീയെന്തു കരുതി തനൂജാ? നിന്നെപ്പോലൊരു പീറപ്പെണ്ണ് മനസ്സ് വെച്ചാല്‍ തകരുന്നതാണ് ഞാനും എന്റെ സാമ്രാജ്യവും എന്നോ...? നിനക്ക് കയ്യെത്തിപ്പിടിക്കാന്‍ ആവുന്നിടത്തല്ല ഞാനെന്ന് എന്നാണ് നീ മനസ്സിലാക്കുക? നീ പറഞ്ഞതുപോലെ ഞാനിപ്പോള്‍ മറ്റൊരു മൂഡില്‍ ആണ്. നീയിപ്പോള്‍ പോ....”
ഇരുന്നിടത്ത്നിന്നും എഴുന്നേറ്റു അയാള്‍ രണ്ടുചുവട് നടന്നു.
“റായ് വിദേതന് ദാസിനു ടാഗ് ചാര്‍ത്താന്‍ നീയായിട്ടില്ല കുട്ടീ...നിന്റെ അറിവില്ലായ്മയായി കണ്ടു നിന്നെ തിരിച്ചയക്കാന്‍ ഞാന്‍ തയ്യാറാണ്. എന്റെ ജീവിതത്തില്‍നിന്നും നിനക്ക് പരിക്കുകള്‍ ഇല്ലാതെ ഇറങ്ങിപ്പോകാനുള്ള അവസരമാണിത്. ഈ ഫേവര്‍ ഒരിക്കല്‍ നീയെന്റെ നല്ല സുഹൃത്തായിരുന്നു എന്ന കണ്സിഡറേഷന് കൊണ്ടാണ്... അല്ലാതെ നിന്റെയീ കാട്ടിക്കൂട്ടലും വിവരക്കേടുകളും കണ്ടു പേടിച്ചിട്ടല്ല.”
പുട്ടപ്പ് ചെയ്തുവെച്ച മുടിയില്‍നിന്നും പടര്ന്നുവന്ന ഒരു സാരിയാഭരണം ആയിരുന്നു ആ മാല. തനൂജ ചെറുചിരിയോടെ അതിലെ മുത്തുകള്‍ തലോടി.
“താങ്ക്സ് ഫോര്‍ യുവര്‍ കണ്സേന് റായ്....ഒരിക്കല്‍ കണ്ട സ്ത്രീകളെ പിന്നീടു നിങ്ങള്‍ ഓര്‍ക്കാറില്ലല്ലോ, ഉണ്ടെങ്കിലും ഇപ്പോള്‍ വരുന്നവളെപ്പോലെ അപൂര്‍വ്വമായ കൂട്ടിമുട്ടല്‍ ആയിരിക്കുമല്ലോ...മുന്‍പേ കിട്ടിയ സ്വീറ്റ് മെമ്മറീസ് മറക്കാന്‍ ആവാത്തതിനാലല്ലേ ഇഷയെ വീണ്ടും വിളിച്ചത്?" തനൂജ ചിരി വിടാതെത്തന്നെ അയാളുടെ കണ്ണുകളില്‍ തന്റെ കണ്ണുകള്‍ ഉറപ്പിച്ചു.
“അതുകൊണ്ട്തന്നെ മറക്കാതിരിക്കാന്‍ ഇതൊന്നു കണ്ടുനോക്കൂ......ലൈറ്റ് കുറവാണ്, സാരമില്ല, കാര്യങ്ങള്‍ മനസിലാവാന്‍ ഈ കിടപ്പറ രംഗത്തില്‍ വെളിച്ചം വേണമെന്നില്ല.”
ദാസിന്റെ ചുണ്ടിലെ ചിരി മാഞ്ഞു നെറ്റിയില്‍ വരകള്‍ വീണു.
തന്റെ ഫോണ്‍ തനൂജ അയാള്‍ക്ക് നേരെ നീട്ടി “ഇതിലെ വീഡിയോയില്‍ നിങ്ങള്‍ രണ്ടുപേരുമുണ്ട്... നിങ്ങളുടെയും ഇഷയുടെയും ആദ്യരാത്രി. വര്‍ഷങ്ങള്‍ക്കു മുന്പേയുള്ളതാണ്. അത്യാവശ്യമാണെങ്കില്‍ ഡേറ്റ് അതിനു താഴെ കാണും. സത്യം പറയാമല്ലോ റായ്, ഒരു രാത്രി മാത്രമേയുള്ളൂ എങ്കിലും സ്ത്രീകളെ സ്നേഹിക്കാനുള്ള നിങ്ങളുടെ കഴിവ് അപാരമാണ്.
ഈ സ്നേഹം കണ്ടിട്ടാണ് എല്ലാ രാത്രിയിലും നിങ്ങളെ എനിക്കുതന്നെ വേണം എന്ന് ഞാന്‍ ആഗ്രഹിച്ചുപോയത്. തെറ്റുണ്ടോ?” തനൂജ മന്ദഹസിച്ചു.
“എന്നാലും ഇതെല്ലാം നിങ്ങളെ കാണിക്കണം എന്ന് ഞാന്‍ ആഗ്രഹിച്ചതല്ല, പക്ഷെ നിങ്ങള്‍ വഴങ്ങുന്നില്ലെങ്കില്‍ എന്ത് ചെയ്യും?” അവളുടെ സ്വരം കടുത്തു. പതുക്കെ അടിവെച്ചു തനൂജ നടന്നു.
“ഈ രാത്രി എന്റെ മാതാപിതാക്കളെ നിങ്ങള്‍ അപമാനിച്ചയച്ചില്ലേ? എന്റെ സ്വഭാവത്തെയും അവരുടെ പാരമ്പര്യത്തേയും ചോദ്യം ചെയ്തില്ലേ? നിങ്ങള്‍ക്കെന്തുണ്ട് പാരമ്പര്യം? നിങ്ങള്‍ക്കും കുടുംബത്തിനും എന്ത് മേന്മയാനുള്ളത്? അത് നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ?” അവള് സൂചിമുനപോലെ അയാളെ നോക്കി “ഒരത്യാവശ്യം വന്നാല്‍ ഈ വീഡിയോ ഞാനങ്ങ് പുറത്തുവിടും. ചെക്ക് മിസ്റ്റർ കിങ് മേക്കർ..."
കൈപ്പുനിറഞ്ഞൊരു ഭാവം ദാസില്‍ മിന്നിമാഞ്ഞു.
“ഈ വീഡിയോകൊണ്ട് എന്നെയങ്ങ് വിലയ്ക്കെടുക്കാമെന്ന് ധരിച്ച നിന്റെ വിഡ്ഢിത്തമോര്‍ത്തു ഞാന്‍ സഹതപിക്കുന്നു തനൂജാ... ഇവിടെനിന്നു നീ ജീവനോടെ തിരിച്ചുപോകില്ല. കൊണ്ടും കൊടുത്തും വാങ്ങിയും വളര്‍ന്നവനാണ് ഞാന്‍... ഡോണ്ട് ഫോര്‍ഗെറ്റ് ഇറ്റ്!!”
തനൂജ എഴുന്നേറ്റു അയാള്‍ക്ക് മുഖാമുഖം നിന്നു. അയാളുടെ കത്തുന്ന കണ്ണുകളില്‍ നിന്നും പുകവമിക്കുന്നതവള് കണ്ടു. “ഒരിക്കലുമില്ല റായ് വിദേതന്... ഒരു ചെകുത്താനുമായാണ് ഉടമ്പടിയുണ്ടാക്കുന്നതെന്ന് ഒരിക്കലും ഒരാള്‍ ജീവിതത്തില്‍ മറക്കില്ലല്ലോ..”
ചിരിച്ചുകൊണ്ട് തനൂജ ഫോണ്‍ കയ്യിലെടുത്തു. “കാണുന്നോ കേളികള്‍...?” ചുണ്ടിലെ ചിരി മായാതെ അവള് വീഡിയോബട്ടന് പ്രസ് ചെയ്തു.
ഇഷയുടെയും ദാസിന്റെയും മുഖം തെളിഞ്ഞു. അതേ, താനും ഇഷയും... സ്വകാര്യതകളില്‍ ഒന്നിലധികം സമയം ഒരുമിച്ചു കഴിഞ്ഞിട്ടുണ്ട്. ഇതെല്ലാം എങ്ങനെ ഇവള്‍ക്ക് കിട്ടി?
തന്റെ ഹൈഹീല്ടു ഷൂവില്‍ പതുക്കെയിളകുന്ന തിരമാലപോലെ തനൂജ ചുവടുകള്‍ വെച്ചു.
“ഹിയര്‍ ഈസ് മൈ റേസ്പോന്‍സ് ടു യു, മിസ്റ്റര്‍ കാസനോവ..... നിങ്ങള്‍ ആഗ്രഹിക്കാതെ നിങ്ങളില്‍ എത്തിയ ഗാര്‍ബേജാണ് ഞാനെന്ന് എനിക്കറിയാം. എന്നാല്‍ ഈ ഗാര്‍ബേജ് വഴിയിലേക്ക് വലിച്ചെറിയാന്‍ നിങ്ങള്‍ ഭാവിക്കുന്നു എങ്കില്‍....”
“എന്താണ് നിനക്ക് വേണ്ടത്?” ദാസിന്റെ സ്വരം ഉടഞ്ഞിരുന്നു.
“ അങ്ങനെ ചോദിക്ക്... ഈ വിവാഹം നടക്കണം. ഞാന്‍ പറഞ്ഞിട്ടില്ലേ മുന്‍പ്? ജസ്റ്റ് ഒരു പേര് മാറ്റുന്ന വിഷയമേയുള്ളൂ, തനൂജാ തിവാരി തനൂജാവിദേതന് ദാസ് ആകുന്നു. നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍!”
“ഇല്ലെങ്കില്‍....?”
“ഇല്ലെങ്കില്‍... ഈ ഫോണിലുള്ള ത്രസിപ്പിക്കുന്ന രംഗങ്ങള്‍ ലോകം മുഴുവനും കാണും. വെട്ടിപ്പിടിച്ചവ ഏതെല്ലാം ശവക്കല്ലറകളുടെ പുറത്താണെന്ന് ലോകം അറിയും, ഇന്നുവരെ നിങ്ങള്‍ സഞ്ചരിച്ച ഓരോ നാറുന്ന തെരുവും ഞാന്‍ ജനങ്ങള്‍ക്ക് തുറന്നു കൊടുക്കും.
എനിക്കാകെ നഷ്ടപ്പെടാനുള്ളത് മിന്നുന്ന കുറച്ചു ഫ്ലാഷ് ലൈറ്റുകള്‍ മാത്രമാണ്!
എന്നാല്‍....നിങ്ങള്‍ക്കോ....? ഇറ്റ് വുഡ് അപ്പിയര്‍ പ്ലെന്റ്റി.... ധാരാളം... ധാരാളം കാണപ്പെടുന്നു ചുറ്റിലും..... നഷ്ടങ്ങള്‍ക്ക് കാതോര്‍ത്തു നോക്കു....”
സുന്ദരമായി തിരിഞ്ഞുകൊണ്ട് തന്റെ വിടര്‍ത്തിയിട്ട സാരി തലയിലേക്ക് വലിച്ചിട്ടു വലതുകൈ മുഖത്തിനുനേരെ ഉയര്‍ത്തി തലകുനിച്ചുവണങ്ങുംപോലൊരു ആഗ്യം തനൂജ കാണിച്ചു.
“ഹുദാ ഹാഫിസ്...
ഇത് ഞാന്‍ നിങ്ങള്‍ക്ക് ചെയ്യുന്ന ഫേവര്‍ ആണ്...എന്റെ ജീവനെടുക്കുവാന്‍ നില്ക്കുന്ന നിങ്ങള്‍ക്ക് നിങ്ങളുടെ ജീവിതംതന്നെ ഞാന്‍ ദാനമായി നല്കുന്നു.....ലോകം നമ്മുടെ മാതൃകാവിവാഹജീവിതം കണ്ടു അസൂയപ്പെടട്ടെ....”
ഫണം വിടര്‍ത്തിയ കാട്ടുസര്പ്പം ശക്തിയായി ചീറ്റി!
ഫോണ്‍ മുന്നിലെ മേശപ്പുറത്തുവെച്ച് തനൂജ തിരിഞ്ഞുനടന്നു. “ഹാവ് എ വണ്ടര്ഫുള് നൈറ്റ്! എന്ജോയ്!!”
ഒറ്റദംശത്തിനാല് ഇലകളെല്ലാം പൊഴിഞ്ഞ് കാളിമ പടര്‍ന്ന മരംപോലെ നിന്ന ദാസിനെയും കടന്നു കാറ്റുപോലെ അവള് പുറത്തേക്കു പോയി.
(തുടരും)