പഠിപ്പിക്കലും പ്രസംഗിക്കലും
വളരെ മുന്‍പായിരുന്നെങ്കില്‍ ഇങ്ങനെ എഴുതേണ്ടിവരുമായിരുന്നില്ല. ഇപ്പോള്‍ ഇതുപോലെ എഴുതേണ്ടിവന്നത്, അദ്ധ്യാപനവും പ്രഭാഷണവും രണ്ടും രണ്ടാണെന്നു ലോകമെങ്ങും അംഗീകരിച്ചു കഴിഞ്ഞ സ്ഥിതി വന്നുചേര്‍ന്നതുകൊണ്ടാണ്. ഈ രണ്ടു വിദ്യകളെയുംപറ്റി പൊതുവില്‍ നാട്ടിലെങ്ങും പരന്നുറച്ച അഭിപ്രായം ഇങ്ങനെ പോകുന്നു - പഠിപ്പിക്കുക എന്നുവച്ചാല്‍, സമയം മുഴുവനും അതുമിതും പറഞ്ഞുകൂട്ടി, പഠിക്കേണ്ട ഭാഗത്തിന് നോട്ടുകള്‍ പറഞ്ഞുകൊടുത്ത് നേരം കൂട്ടലാണ്. പ്രസംഗമെന്നു വച്ചാല്‍ വിഷയത്തിലുള്ള അറിവുകുറവിനെ ഒച്ച കുട്ടിയും അസംബന്ധ കാര്യങ്ങള്‍ പറഞ്ഞും നേരംകൂട്ടലാണ്. കടുത്ത "സിനിസിസം' കലര്‍ന്ന അഭിപ്രായങ്ങളാണെങ്കിലും കടുത്ത യാഥാര്‍ത്ഥ്യവും അവയ്ക്കു പിന്നിലില്ലെന്നു പറഞ്ഞുകൂടാ.
എന്റെ കുട്ടിക്കാലത്തുപോലും അധ്യാപകനും ആചാര്യനും തമ്മില്‍ വലിയ വ്യത്യാസമില്ലായിരുന്നു. അന്ന് അധ്യാപകന്‍ എന്ന വാക്കിന് അത്രപ്രിയം ഇല്ലായിരുന്നു. ശിഷ്യര്‍ക്ക് ജ്ഞാനം പ്രദാനം ചെയ്യുന്ന (ജ്ഞാനം വിതരണം ചെയ്യുക എന്ന് ഭര്‍ത്തൃഹരി പറഞ്ഞിട്ടുണ്ട്) ആള്‍ ഗുരുവാണ്. ബഹുമാനിക്കാന്‍ ഗുരുനാഥന്‍ എന്നു പറയും. പട്ടാമ്പിയില്‍ പണ്ടു പഠിച്ചിരുന്നവരെല്ലാം - വാസുദേവന്‍ മൂസ്സത് ആയാലും വിദ്വാന്‍ സി.എസ്. നായര്‍ ആയാലും കുറുവാന്തൊടി ശങ്കരനെഴുത്തച്ഛനായാലും - പുന്നശ്ശേരി നമ്പിയെ ഗുരുനാഥന്‍ എന്നേ വിളിച്ചിരുന്നുള്ളൂ. പക്ഷേ, പൊതുവേ കേരളത്തില്‍ ഗുരു എന്ന വാക്കിന് ഗുരുനാഥന്‍ എന്ന വാക്കിനെക്കാളും ശ്രേഷ്ഠതയുണ്ടായിരുന്നു. വള്ളത്തോള്‍ ഗാന്ധിജിയെ എന്റെ ഗുരുനാഥന്‍ എന്നാണ് വിളിച്ചത്. പക്ഷേ, അതേ കവിതയില്‍ ഗാന്ധിജിയെ ഗുരു എന്നും ആചാര്യന്‍ എന്നും ജഗദ്ഗുരു എന്നും മഹാകവി വാക്കുകള്‍ മാറിമാറി പരാമര്‍ശിച്ചിട്ടുണ്ട്. പൊതുവേ നിരീക്ഷിച്ചാല്‍ ഭൗതികതലത്തില്‍ ഗുരു എന്നും ഗുരുനാഥന്‍ എന്നും പ്രയോഗിക്കുമെങ്കില്‍ (മലയാളത്തില്‍ ഗുരുക്കള്‍ എന്നും ഉണ്ട്) ആത്മീയതലത്തില്‍ ഗുരു മാത്രമേയുള്ളൂ. നാരായണഗുരു എന്നാണ് ശ്രീനാരായണന്റെ ഒപ്പ്. വാഗ്ഭടാനന്ദഗുരു മറ്റൊരുദാഹരണമാണ്. ആശാന്‍ ശ്രീനാരായണനെക്കുറിച്ച് എഴുതിയ കവിതയുടെ പേര് ഗുരു എന്നുമാത്രം. ഗുരുവല്ലോ പരദൈവം എന്ന് എടുത്തുപറഞ്ഞിട്ടുണ്ട് അതില്‍. മൂന്നുലോകത്തിലും ഗുരുവിനു സമനായിട്ടു മറ്റൊന്നില്ല എന്നാണ് ശങ്കരാചാര്യര്‍ പാടിയത്.
ഇത്രയും വിസ്തരിച്ചുപോയത് ഗുരു പണ്ടേ പ്രബോധകനായിരുന്നു എന്നും ഇടക്കാലത്താണ് ഇവ തമ്മില്‍ അകലം വര്‍ദ്ധിച്ചത് എന്നും വെളിപ്പെടുത്താനാണ്. ഋഷികള്‍ ശിഷ്യരെ പഠിപ്പിച്ചു. മഹാസത്യങ്ങള്‍ ഉദ്‌ബോധിപ്പിക്കുകയും ചെയ്തു. ബുദ്ധഭഗവാനും ക്രിസ്തുദേവനും വിശുദ്ധ നബിയും മഹാത്മാഗാന്ധിയും അന്തേവാസികള്‍ക്ക് ഉപദേശം നല്‍കുകയും ലോകത്തോട് പരമസത്യങ്ങള്‍ വിളംബരപ്പെടുത്തുകയുമാണ് ചെയ്തത്. ഇവരില്‍ പഠിപ്പിക്കലും പ്രഭാഷണം ചെയ്യലും ഒന്നിച്ചു.
ഈ പാരമ്പര്യത്തിന്റെ അവസാനഘട്ടത്തിലൂടെയാണ് ഞാന്‍ വളര്‍ന്നു വന്നത്. എന്റെ അധ്യാപകര്‍ ക്ലാസില്‍ നേരംകൂട്ടുന്നവരായിരുന്നില്ല. അന്നത്തെ പ്രഭാഷകര്‍ നേരം കൊല്ലുന്നവരുമായിരുന്നില്ല. അന്ന് അധ്യാപകരെ സാമാന്യമായി വിളിച്ചിരുന്നത് മാസ്റ്റര്‍ എന്ന ഇംഗ്ലീഷ് വാക്കു കൊണ്ടായിരുന്നു. മാസ്റ്റര്‍ എന്നു പറഞ്ഞാല്‍ ഏതു വിദ്യയും പൂര്‍ണ്ണമായി സ്വായത്തമാക്കിയ ആള്‍ ആണ്. ബൈറന്‍ "അറിവുള്ളവരുടെ മാസ്റ്റര്‍' എന്ന് എഴുതി. മലയാളി ഏറ്റവും പ്രിയത്തോടെ സ്വന്തമായി നിത്യം ഉപയോഗിച്ചുവന്ന വാക്കാണ് മാസ്റ്റര്‍. മാഷ്, മേഷ്, മാഷ്ടര് എന്നൊക്കെ നാടന്‍ മനുഷ്യര്‍ പറഞ്ഞുവന്ന അപഭ്രംശങ്ങള്‍ പരിഹാസരൂപങ്ങളായിരുന്നില്ല. പ്രിയംകുറിക്കുന്നവതന്നെയായിരുന്നു. ഡ്രില്‍ പഠിപ്പിച്ച ആള്‍ ഡ്രില്‍ മാസ്റ്ററും ഡ്രോയിങ് പഠിപ്പിച്ച ആള്‍ ഡ്രോയിങ് മാസ്റ്ററും ആയിരുന്നു. ഞങ്ങളുടെ അധ്യാപകരുടെ പേര് മാസ്റ്റര്‍ എന്ന ഓമനവാക്ക് ചേര്‍ത്തല്ലാതെ ഞങ്ങള്‍ ഉച്ചരിച്ചിരുന്നില്ല. കുമാരന്‍ മാസ്റ്റര്‍, നമ്പ്യാര്‍ മാസ്റ്റര്‍ എന്നിങ്ങനെ. നല്ല അറിവും അതു പ്രദാനം ചെയ്യാനുള്ള തികഞ്ഞ കഴിവും ഉള്ള ആളാണ് മാസ്റ്റര്‍. യൂണിവേഴ്‌സിറ്റി നല്‍കുന്ന ബിരുദങ്ങളില്‍ അവസാനത്തേത് മാസ്റ്റര്‍ ബിരുദമാണെന്ന് ഓര്‍ക്കുക.
ഞങ്ങളുടെ അധ്യാപകര്‍ ക്ലാസ്സില്‍ നന്നായി പഠിപ്പിച്ചു. വെളിയില്‍ ജനങ്ങളോടു നന്നായി പ്രസംഗിച്ചു. ഞങ്ങളുടെ ഗുരുനാഥനായ എം.ടി. കുമാരന്‍ വാഗ്ഭടാനന്ദ ഗുരുദേവരുടെ ശിഷ്യനും നല്ല അധ്യാപകനും മികച്ച വാഗ്മിയും ആയിരുന്നു. ശമ്പളം കണക്കാക്കിയല്ല അവര്‍ പഠിപ്പിച്ചത്. ഗുരുവിന്റെ ധര്‍മ്മം ഓര്‍ത്തുകൊണ്ടാണ്. വാഗ്ഭടാനന്ദന്‍ ആത്മീയസത്യങ്ങള്‍ പ്രഭാഷണങ്ങളിലൂടെ ജനങ്ങളോട് ലളിത മലയാളത്തില്‍ വിളിച്ചുപറയുകയും ശിഷ്യരെ അവ നിഷ്കൃഷ്ടമായി പഠിപ്പിക്കുകയും ചെയ്തു. അധ്യാപകന് അന്നു കിട്ടിയത് വേതനം ആയിരുന്നു. വേദനിപ്പിക്കുമാറ് മോശമായ വേതനം. ഇന്ന് അതു വര്‍ധിച്ച് "വേധനം' ആയിട്ടുണ്ട്. പക്ഷേ, അധ്യാപകന്റെ ആത്മസമര്‍പ്പണം ധനംകൊണ്ട് ഉണ്ടാകുന്നതല്ല എന്നിപ്പോള്‍ വ്യക്തമായി.
വാഗ്ഭടാനന്ദന്റെ ശിഷ്യന്മാരില്‍ പലരും നല്ല പ്രഭാഷകരായിരുന്നു. കുമാരന്‍ മാസ്റ്ററുടെ പ്രഭാഷണം കേള്‍ക്കാന്‍ ഇമ്പമേറിയതും ചിന്തകൊണ്ടും ഭാഷകൊണ്ടും ഫലിതംകൊണ്ടും ഉപമകള്‍കൊണ്ടും ഏറെ സമാകര്‍ഷകവുമായിരുന്നു. പ്രാര്‍ത്ഥിച്ചുകൊണ്ടാണ് പ്രസംഗം തുടക്കം. ശബ്ദത്തിന്റെ പ്രയോഗവൈചിത്ര്യം പ്രഭാഷണത്തിന്റെ ഒന്നാമത്തെ ആകര്‍ഷണ കാരണമാണെന്ന് അതില്‍നിന്നു ഞാന്‍ ഉള്‍ക്കൊണ്ടു. മനസ്സിനെ എല്ലാത്തരം ആലോചനകളില്‍നിന്നും വികാരങ്ങളില്‍നിന്നും മോചിപ്പിച്ച് പ്രശാന്തവും ഏകാഗ്രവും ആക്കുക എന്നതാണ് ഞാന്‍ സ്വീകരിച്ചവഴി. സമ്മര്‍ദ്ദവും കലക്കവും കൂടാതെ തെളിഞ്ഞുകിട്ടിയാല്‍ നമ്മുടെ ബുദ്ധിയും ഭാവനയും എല്ലാം പുറത്തേക്ക് തടസ്സം കൂടാതെ വെളിപ്പെടും എന്നാണ് എന്റെ അനുഭവം. ആശയങ്ങള്‍ പരസ്പര ബന്ധത്തിലൂടെ ഇണങ്ങിച്ചേര്‍ന്ന് പുറത്തുവരും. നിങ്ങള്‍ക്കു പറയാനെന്തങ്കിലും ഉണ്ടാവുക, അതു പറയേണ്ടതാണെന്ന ശക്തമായ ആന്തര പ്രേരണ തോന്നുക - ഇതാണ് ക്ലാസ്മുറിയിലും പ്രസംഗവേദിയിലും വിജയിക്കാനുള്ള രഹസ്യം.
ഞാന്‍ പ്രഭാഷണത്തിലും അധ്യാപനത്തിലും ഒരുപോലെ മേല്‍പറഞ്ഞ വിഷയസംബന്ധിയായ ആത്മാര്‍ത്ഥതയ്ക്ക് ഏറ്റവും വലിയ സ്ഥാനം കൊടുത്തു. ശ്രോതാക്കളുടെ ശ്രദ്ധ പിടിച്ചുനിര്‍ത്താന്‍ സത്യത്തിന്റെ ആത്മാര്‍ത്ഥത മതി. അത് നമ്മുടെ സ്വരത്തിനും ഭാവത്തിനും അസാമാന്യമായ വിലോഭനീയത നല്‍കും. ഉള്ളില്‍നിന്നു പൊട്ടിവരുന്ന വാക്കുകളില്‍ ഏതോ ധമനിയിലൊഴുകുന്ന ചോരയുടെ പൊടിപ്പു കലര്‍ന്നിരിക്കും. അത് നിങ്ങളുടെ സ്വരത്തിന് ഒരു സവിശേഷമായ അനുരണന പ്രഭാവം കൊടുക്കും. പ്രസംഗത്തിനു ശക്തികൂട്ടാന്‍ ഒച്ച മൂപ്പിക്കേണ്ട കാര്യമില്ല. ഒച്ചകൊണ്ട് കുട്ടികളെപ്പോലും ആകര്‍ഷിക്കാന്‍ പറ്റില്ല. എന്തുചെയ്യണം എന്നറിയാത്ത ഇരിപ്പായിരിക്കും ആളുകളുടേത്. വലിയ ആള്‍ക്കൂട്ടമായാല്‍പ്പോലും ശബ്ദം താഴ്ത്തിയാല്‍ ലഭിക്കുന്ന ശ്രദ്ധ അതു കൂട്ടിയാല്‍ ലഭ്യമാവില്ല. തുടങ്ങുമ്പോള്‍ത്തന്നെ ഘോഷം കൂട്ടരുത്. മാന്യമഹാജനങ്ങളേ! എന്നു പരമോച്ചാവസ്ഥയില്‍ ആക്രോശിച്ച ജനനേതാവിന് തല്‍ക്കാലം വായ് അടയ്ക്കാന്‍ പറ്റിയില്ലെങ്കിലും സഹാനുഭൂതി നിമിത്തം തിരഞ്ഞെടുപ്പില്‍ ജയിച്ചുവെന്ന് ഒരു കഥ കേട്ടിട്ടുണ്ട്. നല്ല പ്രസംഗം വഴിക്കുണ്ടാകുന്ന ആ അനുഭവത്തിന്റെ ആസ്വാദ്യത അനുഭവിച്ച ആളുകള്‍ പിന്നീട് നിങ്ങളുടെ പ്രസംഗം അന്വേഷിച്ചുവരും കേള്‍ക്കാന്‍.
ക്ലാസും സദസ്സും രണ്ടും കേട്ടു മനസ്സിലാക്കാന്‍ വന്നവരുടെ സമൂഹങ്ങളാണ്. അതിനാല്‍ മാനസികാകര്‍ഷണത്തിനു വേണ്ട രീതികളും വിദ്യകളും പൊതുവേ ഇവിടെ പ്രയോഗിക്കാവുന്നതാണ്. ക്ലാസിന്റെയും സദസ്സിന്റെയും സ്വഭാവവ്യത്യാസങ്ങള്‍ കണക്കില്‍ എടുക്കണം എന്നുമാത്രം. ക്ലാസില്‍ നിശ്ചതവും പരിമിതവുമായ അറിവു നല്‍കലാണ് ലക്ഷ്യം. സദസ്സില്‍ കേന്ദ്രീകൃതമായ ഒരു വിഷയത്തെപ്പറ്റി പ്രസക്തങ്ങളായ വചനങ്ങളും വിശേഷങ്ങളും ഔചിത്യം കളയാതെ പ്രയോജനപ്പെടുത്താന്‍ കഴിയും. പ്രസംഗിച്ചു വിജയിക്കാന്‍ നിര്‍ദ്ദേശങ്ങള്‍ തരുകയല്ല, നിര്‍ദ്ദേശങ്ങളില്‍ ഒതുങ്ങാത്ത ഒരു കലയില്‍ തോല്‍വി വരാതിരിക്കാനുള്ള ചില "കോമണ്‍സെന്‍സ്' നടപടികളുടെ ഫലസൂചനകള്‍. സ്വാനുഭവത്തിന്റെ ബലത്തില്‍, ചൂണ്ടിക്കാണിക്കുകയേ ചെയ്യുന്നുള്ളു. ക്ലാസ്സായാലും സദസ്സായാലും പേടിക്കേണ്ടതും സൂക്ഷിക്കേണ്ടതുമായ ഒരു ആപത്തുണ്ട്. സന്തോഷപ്രദമാണ്, അതുകൊണ്ട് നാം വീണ്ടും അതുതന്നെ ചെയ്യും. അത് അശ്ലീലം പറയലാണ്. തമാശയും ഫലിതവും മറ്റും രണ്ടിടത്തു പറയുമ്പോഴും വല്ലപ്പോഴും അല്പം അശ്ലീലം കലര്‍ന്നുകൂടായ്കയില്ല. പിള്ളരും ആള്‍ക്കൂട്ടവും അതു കേള്‍ക്കുമ്പോള്‍ ചിരിക്കും. അതാണ് അത് ചതിക്കുഴിയാണെന്നു പറയാന്‍ കാരണം. അശ്ലീലം കേട്ടാല്‍ ആളുകള്‍ ചിരിക്കുന്നത് അതിലെ ആഭാസത്തരം അവരെ ചെറുതായി ഇക്കിളിപ്പെടുത്തുന്നതുകൊണ്ടാണ്. നഗ്നമായ അശ്ലീലമാകുമ്പോഴും ചിരിക്കും. പക്ഷേ, അവര്‍ അപ്പോള്‍ അപ്പുറവും ഇപ്പുറവും നോക്കും. ഇതൊക്കെ നേരിട്ട് വേദിയില്‍നിന്നു നോക്കിക്കഴിഞ്ഞ് എഴുതുകയാണ്. അതുപോലെ ആക്ഷേപിക്കലും. അത് ശക്തി കൂടി ശകാരമാകുമ്പോള്‍ അതിരുകടന്ന അശ്ലീലം പോലെതന്നെ ശ്രോതാക്കളെ വിഷമിപ്പിക്കുന്നു. വീണ്ടും ചിരിച്ചേക്കാം. പക്ഷേ, പറയുന്ന ആളിന്റെ വില പെട്ടെന്ന് ഇടിഞ്ഞുതകരും. അനവധി അധ്യാപകര്‍ക്കും പ്രസംഗകര്‍ക്കും ഈ അബദ്ധം പിണഞ്ഞുപോയിട്ടുണ്ട്.
അനവനെത്തന്നെ ഫലിതത്തിന് ഇരയാക്കുന്നതു കേള്‍ക്കുന്നവര്‍ എപ്പോഴും ഇഷ്ടപ്പെടുന്ന ഒരു വചന കൗശലമാണ്. കുട്ടികളായാലും മുതിര്‍ന്നവരായാലും, പൊട്ടിച്ചിരിക്കില്ല. പക്ഷേ, അവര്‍ ആസ്വദിക്കുന്നുണ്ടെന്നു വേഗം മനസ്സിലാക്കാന്‍ പറ്റും. ഈ ആത്മനിന്ദനവും ഔചിത്യപൂര്‍വ്വമാകാന്‍ ശ്രദ്ധിക്കണം. ഇല്ലെങ്കില്‍ അത് ഉദ്ദേശ്യത്തെ തോല്പിച്ചുവിടും. കേള്‍വിക്കാരന്‍ നാം പറയുന്നതെല്ലാം അപ്പടി കേട്ടു വിശ്വസിച്ചു കഴിയുന്ന ഒരുതരം "ബുദ്ദൂസ്' ആണ് എന്ന അഹങ്കാരപൂര്‍വ്വമായ ധാരണ നിങ്ങള്‍ക്കുണ്ടെങ്കില്‍ അത് കളയാന്‍ വൈകരുത്. കാരണം, നിസ്സഹായത സ്ഫുരിപ്പിക്കുന്ന ഈ കേള്‍വിക്കാര്‍ സാമാന്യബുദ്ധിക്കപ്പുറത്തുള്ള ഏതോ മേധാവൈഭവം കൊണ്ടു കേള്‍ക്കുന്നത് വിമര്‍ശനപൂര്‍വമേ സ്വീകരിക്കുകയുള്ളൂ. അതുകൊണ്ട് ആത്മപരിഹാസവും ആത്മാര്‍ത്ഥതയില്ലാത്ത ജാടയാണെങ്കില്‍ വിപരീതഫലമേ ഉണ്ടാവുകയുള്ളൂ. പൊതുയോഗങ്ങളില്‍ സദസ്യരെ സ്വാധീനിച്ച് അഭിപ്രായം സൃഷ്ടിക്കുന്ന പ്രഭാഷകന്‍ ഇന്നത്തെ തലമുറയെയാണ് ചികിത്സിക്കുന്നത്. എന്നാല്‍ കുട്ടികളെ പഠിപ്പിക്കുമ്പോള്‍ വരുംതലമുറയാണ് സ്വാധീനിക്കപ്പെടുന്നത്. ഏതാണ് വലുത്, ഏതാണ് ചെറുത് എന്ന് താരതമ്യപ്പെടുത്തേണ്ട കാര്യമില്ല. രണ്ടും ചീത്ത വഴിയിലൂടെ സഞ്ചരിക്കാന്‍ "ചൊറിച്ചിലുള്ള' കൂട്ടത്തില്‍പ്പെട്ട വിഭാഗങ്ങള്‍ ആണ്. അതു ശമിപ്പിക്കാന്‍ വാക്കിലൂടെ ജ്ഞാന സംസ്കാരങ്ങള്‍ വികസിപ്പിക്കാന്‍ നിയോഗിക്കപ്പെട്ടവര്‍ക്കു കഴിയേണ്ടതാണ്.
അധ്യാപനവും പ്രഭാഷണവും സരസ്വതീദേവിയുടെ രണ്ടു വിശിഷ്ട കര്‍മ്മങ്ങളാണെന്നു കരുതുന്നതില്‍ തെറ്റില്ല. സരസ്വതിയെ ധ്യാനിക്കുന്നവര്‍ "നിഭൂതാഖിലഘോരപാപനികരീ' എന്നു ഭജിക്കുന്നു - ഭയങ്കര പാപങ്ങളെയെല്ലാം ഇല്ലാതാക്കുന്നവള്‍ എന്ന്. ചെറുതും വലുതുമായ മനുഷ്യരെ പാപപഥങ്ങളില്‍നിന്നു തിരിച്ചെടുത്ത് സന്മാര്‍ഗത്തിലൂടെ സഞ്ചരിക്കാന്‍ പ്രേരിപ്പിക്കുന്ന തൊഴിലാണ് അധ്യാപനവും പ്രഭാഷണവും. അവ മൗലികമായി ഒന്നുതന്നെ. പക്ഷേ, അധ്യാപനത്തിന്റെ ഒരു മേന്മ പ്രഭാഷണത്തിനില്ല. പ്രഭാഷണത്തിന്റെ ഒരു മേന്മ അധ്യാപനത്തില്‍നിന്നും ലഭ്യമല്ല. നന്നായി പഠിപ്പിച്ചു കഴിഞ്ഞാല്‍ അധ്യാപകന്റെ ഹൃദയം ആത്മസംതൃപ്തികൊണ്ടു നിറയുന്നു. കുട്ടികളോട് അധ്യാപകനുള്ള അടിസ്ഥാന വികാരം സ്‌നേഹം അഥവാ ദയയാണ്. അധ്യാപകന്‍ "ജ്ഞാനസിന്ധു' ആയിരിക്കണം. പക്ഷേ, അമരസിംഹന്‍ പറയുന്നത് ഗുരു ജ്ഞാനദയാസിന്ധു ആണെന്നാണ്. കുട്ടികളെ പഠിപ്പിക്കാന്‍ മുതിരുന്ന ആള്‍ക്ക് പാഠ്യവിഷയം അറിഞ്ഞാല്‍ പോര, പഠിക്കുന്ന കുട്ടിയെയും അറിയണം. അറിയണമെങ്കില്‍ സ്‌നേഹിക്കണം. ജ്ഞാനത്തിന്റെ പടവുകള്‍ എത്രയോ കയറിപ്പോകാന്‍ ശങ്കിച്ചും പേടിച്ചും ആദ്യത്തെ കാല്‍വയ്പ്പുകള്‍ നടത്തുന്ന കുട്ടിയോട് അങ്ങേയറ്റത്തെ ദയയും സ്‌നേഹവും ആവശ്യമാണ്. "കഴിവുള്ളവര്‍ പ്രവര്‍ത്തിക്കുന്നു, കഴിവില്ലാത്തവന്‍ പഠിപ്പിക്കുന്നു' എന്ന ബര്‍ണാഡ്ഷായുടെ വചനം ഒരു പൊട്ടത്തമാശ മാത്രം. പഠിപ്പിക്കല്‍തന്നെ ഏതു പ്രവൃത്തിയും പോലെ ഒരു പ്രവൃത്തിയാണ്. അതു ചെയ്യാന്‍ ഏതു പ്രവൃത്തിയെക്കാളും കഴിവു വേണം. സ്‌നേഹപാത്രമായ വ്യക്തിയോട് ചെയ്യേണ്ട കടമ ചെയ്തു തീര്‍ത്താല്‍ മനസ്സില്‍ ഉയര്‍ന്നു വരുന്ന കൃതാര്‍ത്ഥയും സംതൃപ്തിയും അധ്യാപകന്റെ ഹൃദയത്തില്‍ മധു നിറയ്ക്കുന്നു.
ക്ലാസനുഭവവും വേദിയിലെ അനുഭവവും തമ്മില്‍ ഗണനീയമായ മറ്റൊരു വ്യത്യാസമുണ്ട്. ക്ലാസനുഭവം അധ്യാപകന്റെ ജീവിതംതന്നെയാണ്. ജീവിതത്തിന്റെ ഭാഗം എന്നു പറയുന്നതുപോലും തെറ്റാവും. അത് എപ്പോഴും നടക്കുന്നു. എന്നാല്‍ പ്രഭാഷണം എന്നത് ജീവിതത്തിലെ ഒരു സംഭവമാണ്. അതു നടക്കാം. നടക്കാതിരിക്കാം. അധ്യാപനത്തെ വിലയിരുത്താനുള്ള ഇപ്പോഴത്തെ സംവിധാനങ്ങള്‍ തീരെ പോരാത്തവയാണ്. അധ്യാപകനും അദ്ധ്യേതാക്കളും തമ്മിലുള്ള ഒരു കൂട്ടായ്മയാണ് ക്ലാസ്സനുഭവം എന്നത്. അതിനാല്‍ വിലയിരുത്തലിനുപോലും പ്രസക്തിയില്ല. അധ്യാപകന്‍ ഈ കൂട്ടായ്മയില്‍നിന്ന് സ്വയം തിരുത്താനും നന്നാക്കാനുമുള്ള സൂക്ഷ്മനിര്‍ദ്ദേശങ്ങള്‍ സ്വയം ഉള്‍ക്കൊള്ളണം. അതാണ് ഏറ്റവും നല്ല രീതി. ഞാന്‍ ഓരോ ദിവസത്തെ ക്ലാസ്സില്‍നിന്നും എന്റെ സമ്പ്രദായത്തില്‍ പല മാറ്റങ്ങളും യഥാവസരം വരുത്താന്‍ എന്നും ശ്രമിച്ചുപോന്നിട്ടുണ്ട്. അധ്യാപനത്തെപ്പറ്റി ഏറ്റവും ആഴത്തിലുള്ള ചിന്ത, അധ്യാപകന്‍ ഓരോ ക്ലാസിലും നവത്വം നിലനിര്‍ത്തണം എന്നതാണ്. മിക്ക അധ്യാപകരും പൊടിപിടിച്ച പഴയ കോട്ട് ധരിച്ചായിരുന്നു സ്കൂളില്‍ വന്നിരുന്നത്. ഇന്ന് വസ്ത്രധാരണത്തില്‍ പുതുമയ്ക്ക് ഒരു കുറവുമില്ലെങ്കിലും അധ്യാപകന്‍ സദാ പ്രയോഗിക്കുന്ന വാക്കുകളും ശൈലികളും ചിന്ത ആവിഷ്കരിക്കുന്ന രീതികളും ശൈലികളും എല്ലാം. ഉപ്പിലിട്ട മാങ്ങപോലെ ഏകരസമയങ്ങളും അരോചകങ്ങളുമായി കുട്ടികളെ മടുപ്പിക്കുന്നു. അധ്യാപകനെ അതു മടുപ്പിക്കുന്നില്ലെന്നത് ഒരത്ഭുതംതന്നെയാണ്.
പ്രസംഗവേദിയിലെ അനുഭവം യഥാര്‍ത്ഥത്തില്‍ വലിയ ഒരു ജനസഞ്ചയത്തിന്റെ അനുഭവമാണ്. പ്രസംഗകന്റെ ആശയസംപ്രേഷണത്തിന്റെ പ്രാഗല്ഭ്യവും കലാത്മകതയുമാണ് ആ അനുഭവത്തെ സൃഷ്ടിക്കുന്നത്. സദസ്സിന്റെ വിലയിരുത്തല്‍ മിക്കവാറും നിശ്ശബ്ദമായി നടക്കുന്നു. ജനങ്ങള്‍ക്കു വേണ്ടാത്ത പ്രഭാഷകനെ കണ്ടുപിടിക്കാന്‍ ഒരു പ്രയാസവുമില്ല. ചിലപ്പോള്‍ വളരെ ഉയര്‍ന്ന വ്യക്തികള്‍ ഇവിടെ അഭിപ്രായം പറഞ്ഞെന്നുവരാം. ഗുരുവായൂര് ഹിന്ദുമത സാംസ്കാരികസമ്മേളനത്തില്‍ അങ്ങനെയൊരഭിപ്രായം പുത്തേഴത്ത് രാമന്‍ മേനോനില്‍നിന്ന് എനിക്കു കിട്ടി. എന്റെ പ്രസംഗത്തെ എന്നെക്കാള്‍ സഭാപരിചയമുള്ള ഒരു വ്യക്തി പ്രശംസിച്ചു പറഞ്ഞു എന്നത് ചെറിയ ഒരു ഉത്തേജനം ആയിരുന്നില്ല. വളരെ വര്‍ഷത്തിനുശേഷം പുരോഗമന കലാസാഹിത്യത്തിന്റെ ഒരു വേദിയില്‍ ഇ.എം.എസ്. എന്റെ പ്രസംഗം കേട്ട് - ആദ്യമായി കേള്‍ക്കുകയായിരുന്നു - സംതൃപ്തനായി നന്നായി പറയുകയും പിന്നീട് പത്രത്തില്‍ എഴുതുകയും ചെയ്തു. ശ്രോതാക്കളുടെ അതൃപ്തി പകര്‍ന്നു പരന്നുപോയാല്‍ വേദിയില്‍നിന്നു പതുക്കെ പുറത്തേക്ക് പോകേണ്ടിവരും. അധ്യാപനത്തില്‍ നിന്ന് കിട്ടാത്ത ഒരു സാഫല്യം നന്നായി പ്രസംഗിച്ചുകഴിഞ്ഞാല്‍ പ്രഭാഷകനു സിദ്ധിക്കുന്നു. അത് മനസ്സിന്റെ എന്തെന്നില്ലാത്ത ഒരു പ്രഫുല്ലതയും ആന്തരശാന്തിയുമാണ്. സദസ്യരുടെ മനസ്സിനെ താമരയിലയിലെ മഞ്ഞുനീര്‍ക്കണംപോലെ ഇളക്കി അവരെ നാം സൃഷ്ടിച്ച ഒരു ആശയപ്രപഞ്ചത്തില്‍ എത്തിച്ച് ഒരു മാനസികോത്തേജനം നിര്‍വ്വഹിച്ചതായി അനുഭവപ്പെടുന്ന ഒരു പ്രഭാഷകന്റെ ഹൃദയം എത്തിച്ചേരുന്ന ഭാവശാന്തിയുടെയും ഹൃദയത്തിന്റെ വിശ്രാന്തിയുടെയും അരികത്തെത്താന്‍ പോലും പല ജോലികൊണ്ടും സാധിക്കുകയില്ല. ഭൗമാനുഭവത്തില്‍നിന്ന് വ്യത്യസ്തമായ വല്ലൊത്തൊരനുഭവമായിട്ടാണ് എനിക്കു തോന്നിയിട്ടുള്ളത്. എപ്പോഴും കിട്ടുകയില്ല. ചില പ്രഭാഷണങ്ങള്‍ക്കുശേഷം കിട്ടുന്നു. ശിവഗിരിയില്‍ ഞാന്‍ ചെയ്ത ഒരു പ്രസംഗം കേട്ടിട്ട് ഒരു വൃദ്ധസന്യാസി എന്നോട് കലയുടെ പതിനെട്ടാമത്തെ ഫലമായ സ്തംഭനം ശ്രോതാക്കളില്‍ അത് ഉളവാക്കി എന്നു പറഞ്ഞിരുന്ന കാര്യം മുമ്പു സൂചിപ്പിച്ചിട്ടുണ്ടെന്നാണ് എന്റെ ഓര്‍മ്മ. ആ പ്രസംഗം കഴിഞ്ഞുണ്ടാകുന്ന മനസ്സിന്റെ ശൂന്യതയില്‍നിന്ന് ഒരു കൃതാര്‍ത്ഥതാബോധത്തിന്റെ പ്രശാന്തമായ ഒരു കാന്തിയുണ്ട്. അതിനെപ്പറ്റി പറയാനാണ് ഞാന്‍ ശ്രമിച്ചത്.
പരിപൂര്‍ണ്ണമായ സത്യസന്ധതയും വിഷയത്തോടുള്ള ആത്മീയബന്ധവും ജനങ്ങളോടുള്ള സഹഭാവവും ഉപബോധമനസ്സിന്റെ ഉന്മേഷവും എല്ലാം ഒത്തുചേര്‍ന്നാലല്ലാതെ മഹത്തായ ഒരു പ്രഭാഷണം സൃഷ്ടിക്കാനാവില്ല. ഇപ്പറഞ്ഞതിനെതിരായ പ്രസംഗങ്ങളുടെ സംഹാരതാണ്ഡവം നാടുനീളെ നടക്കുന്ന ഈ കാലത്ത് ഇങ്ങനെയെല്ലാമാണ് പ്രസംഗം എന്നു പറയുന്ന ആളെ നോക്കി മനോവ്യാധി ബാധിച്ചിരിക്കുമെന്നു വിധി പ്രസ്താവിക്കുന്ന ലോകമാണ് ചുറ്റുമുള്ളത്. "അവതു വക്താരം' എന്ന് ഉപനിഷത്തിലെ ഋഷി പറഞ്ഞത് ഇത്തരം ഒരു കാലത്തെ മനസ്സില്‍ കണ്ടിട്ടായിരിക്കുമോ?
പാശ്ചാത്യരാജ്യങ്ങളില്‍ പ്രസംഗത്തിനു പ്രതിഫലം നല്‍കിവരുന്നു. നല്ല രീതിയാണ്. കവിതയ്ക്കുപോലും പ്രതിഫലം കൊടുക്കുന്ന ഇന്ത്യന്‍ സമൂഹം പ്രസംഗകര്‍ക്കു പ്രതിഫലം നല്‍കാത്തത് തെറ്റാണ്. ഇപ്പോള്‍ പെട്രോള്‍ വില പ്രഭാഷകനു നല്‍കുന്നുണ്ട്. അതായത് പ്രസംഗത്തിന് പെട്രോളിന്റെ വില. അതുമില്ല, പെട്രോള്‍ച്ചെലവ് കഴിച്ചാല്‍ ബാക്കി വല്ലതുമുണ്ടെങ്കില്‍ അതാണ് പ്രസംഗത്തിന്റെ കൂലി. ഫലത്തില്‍ പ്രസംഗത്തിനു പ്രതിഫലമില്ലാത്ത ദുരവസ്ഥതന്നെ. നല്ല പ്രസംഗത്തിനു പ്രതിഫലം നിശ്ചയിക്കുന്നതു ദുഷ്കരമാണ്. പക്ഷേ, ഈ അശക്യതയുടെ മറവില്‍ പ്രസംഗം സൗജന്യമായി കിട്ടണമെന്ന് ആഗ്രഹിക്കുന്ന ഒരു ധനപ്രവണമായ സമുദായത്തിന്റെ വൃത്തികെട്ട മുഖം ഇളിച്ചു നില്‍ക്കുന്നത് ആരും കാണുന്നില്ല.
നല്ല പ്രസംഗത്തിനു വില കല്പിക്കാനുള്ള പ്രയാസം ഒരു വശത്തും ചീത്ത പ്രസംഗങ്ങളുടെ വെള്ളപ്പൊക്കത്തില്‍ സമൂഹജീവിതം മുങ്ങിത്താഴുന്ന അവശത മറ്റൊരുവശത്തും ഇരിക്കുമ്പോള്‍, പ്രഭാഷകന് ലൗകിക മര്യാദയില്‍ നല്‍കേണ്ട പ്രതിഫലംപോലും നിഷേധിക്കപ്പെടുന്നു.