മുനിയമ്മ കയറിവന്നത്, മുഖം നിറയെ ചിരിയുമായി. മുടി നിറയെ പൂവും ചൂടി.
കൈയിലൊരു വലിയ ജിലേബിപ്പൊതിയുമായി. പള പളെ തിളങ്ങുന്ന പുടവയുമണിഞ്ഞ്!
"അമ്മാ..."! അവളുടെ വിളിയിൽ അടിമുടി തുടിച്ചത്,അടക്കാനാവാത്ത ആവേശം.
ഒരു ലോട്ടറി അടിച്ചതുപോലെയുള്ള സന്തോഷം.
"എന്താ..എന്താ , മുനിയമ്മാ"?
"കേരളാപ്പോറേൻ "! അവളറിയിച്ചു. ശബ്ദത്തിന് ചെണ്ട കൊട്ടിന്റെ മുഴക്കം.
"ഏ? എപ്പോ?" ടെലിവിഷനിലെ സ്തോഭജനകമായ സമരചിത്രങ്ങളിൽ കണ്ണു നട്ടു നിൽക്കുകയായിരുന്നെങ്കിലും , അവളുടെ പോക്കിന്റെ കാര്യം കേട്ടപ്പോൾ ശരിക്കും ഞെട്ടി.
ചോദ്യങ്ങളിലെ വെപ്രാളം വായിച്ചെടുത്തതുപോലെ, അവളുടനെ പറഞ്ഞു.
"സായംകാലം പൊറേൻ! ഒരു വാരത്ത്ക്ക് മട്ടും ! "
എന്തിനാണാവോ ഇപ്പഴീ യാത്ര !
എലക്ഷൻ ജാഥകൾക്കാവാൻ തരമില്ല. ഇവിടെയും അതിന്റെ കൊയ്ത്തു കാലമായല്ലോ.
സത്യം പറയണമല്ലോ, എവിടെയാണെങ്കിലും ഇത്രയും നിഷ്പക്ഷമായി, ഏതു "പാർട്ടി കൂട്ട"മായാലും, സ്വയം സമർപ്പിതയാകുന്ന, ഇതുപോലുള്ള ഒരു നിസ്സ്വാർത്ഥ സേവികയെ കിട്ടുകയെന്നത്, ഒട്ടും എളുപ്പമുള്ള കാര്യമാവില്ലെന്നത് തീർച്ച.
അതും, വെറുമൊരു പോക്കറ്റ് മണിയുടെ ചിലവിൽ!
ചെറുതോ വലുതോ, ഇടതോ വലതോ, നടുവോ, മതേതരമോ മതപരമോ, മുന്നണിയോ പിന്നണിയോ, ഏതു പാർട്ടിയുമാട്ടെ, കാശു കൈപ്പറ്റിയാൽ, മുനിയമ്മയുടെ കൈയും ശബ്ദവും ഉദാര സേവനത്തിന് ഉണർന്നുയരുമെന്നത് ഉറപ്പ്.
ഏതു കൂട്ടത്തിന്റെയും സ്വന്തം പ്രവർത്തകർ പോലും, ഇത്രയ്ക്കങ്ങോട്ട് സേവിച്ചെന്ന് വരില്ല.
കൊടി പച്ചയായാലും, കാവിയായാലും, ചുവപ്പായാലും, ത്രിവർണമായാലും അവളുടെ കൈയിൽ ഭദ്രമായിരിക്കും. അതേസമയം,ഒരു വർണവും കലരാത്ത തികഞ്ഞ വെള്ളതന്നെയാവണം ഉള്ളിലെ സൂക്ഷിപ്പെന്നത്, അവളുടെ നിർബന്ധവുമാണ്.
"അമ്മാ, എങ്കള്ക്ക് സ്വന്തമെന്ററു ചൊല്ല, എന്ത പാർട്ടി? പട്ടിണിക്കാർക്ക് എന്ത കച്ചി?എങ്കള്ക്ക് നാങ്ക താൻ തുണ! പിന്നെ, ഇതുക്ക് പോനാ , രണ്ടു പടം പാക്കറ കാസു കിടയ്ക്കും. ഒരു വായ് സാപ്പാടും! അവ്വളവു താൻ."
മുമ്പൊരിക്കൽ അവൾ പറഞ്ഞിരുന്നതോർക്കുന്നു..
അവളുടെ അക്ക വിളിച്ചതു കൊണ്ടു തന്നെയാകും ഇപ്പോഴത്തെ കേരള യാത്ര.
അക്കയുടെ പുരുഷൻ അവിടെ "പെരിയ പെരിയ ജനങ്കടെ " മുണ്ടും ഷർട്ടും നിത്യം തേച്ചു കൊടുക്കുന്ന ഇസ്തിരിക്കാരനാണെന്നും, അങ്ങിനെ, അവിടെ പെരിയ ആളാണെന്നുമൊക്കെ മുനിയമ്മ പറയാറുണ്ട്.
ഇനി അവന്റെ വീരസ്യം വല്ലതും കാട്ടികൊടുക്കാനാകുമോ?
"അമ്മാ....വിഷയമെന്നാന്നു ചൊന്നാൽ , കണവന്റെ ടെംപറവരി വേല
പെർമനന്റാച്ച്!"
വെടി പൊട്ടും പോലെ മുനിയമ്മ പറഞ്ഞു.
വീണ്ടും ഞാനൊന്നു ഞെട്ടി. ആറാം ക്ലാസുകാരൻ,കഷ്ടിച്ച് കുടി നിർത്തിയവൻ, വെറുമൊരു സ്വകാര്യ കെട്ടിട കാവൽക്കരൻ, ഇവനെന്തു സ്ഥിരപ്പണി? പോയിട്ടു ഒരു വർഷം പോലും ആയിട്ടുമില്ല!
"അമ്മാ...എൻ പുരുഷൻ അങ്കെ അന്ത പെരിയ സ്വീറ്റ്സ് കടയിലെ, മുൻഗേറ്റിലെ, വാച്ച് മാനായിരുന്തതല്ലേ?
ഇപ്പൊ, പിന്നാടിയിലെ ഗേറ്റ്ക്കും കാവൽ ഡ്യൂട്ടി കൊടുത്ത്, അവങ്കളെ പേര്മനൻറ് പണ്ണിയാച്ച്! എന്ന സൊന്നാലും ഇനിപ്പാച്ചേ ...! ആരും താൻ കൈ വെക്കുമേ...!ആനാൽ, പിന്നാടി ഗേറ്റ് വഴി സ്വീറ്റ്സ് വെളിയിലെ പോകറുത് , ഇനി നടക്കാത്!"
ഹാവൂ, ശ്വാസം നേരെ വീണു. അപ്പോൾ പേടിച്ചിരുന്ന പിൻവാതിൽ നിയമനമല്ല!
അപ്പോഴും ടെലിവിഷനിൽ, ഉദ്യോഗാർഥികളുടെ സമരചിത്രങ്ങളുടെ, ഘോഷയാത്രകൾ ലൈവ് ആയി ഓടുകയായിരുന്നു!