Image

വിഷവൃക്ഷം (ചെറുകഥ-സാംജീവ്)

Published on 20 February, 2021
 വിഷവൃക്ഷം  (ചെറുകഥ-സാംജീവ്)

ഏഴാംകടലിനപ്പുറത്ത് ഒരു ദ്വീപുണ്ട്. ആ ദ്വീപില്‍ ഒരു അത്ഭുതവൃക്ഷം പടര്‍ന്നുപന്തലിച്ചു നില്ക്കുന്നു. ആ വൃക്ഷത്തിന് അമ്പത് ശിഖരങ്ങളുണ്ട്. അമ്പത് ശിഖരങ്ങളിലും ഇലകളും കായ്കളുമുണ്ട്.
ഒരിക്കലും വാടാത്ത ഇലകളാണ് അത്ഭുതവൃക്ഷത്തിനുള്ളത്. മരത്തില്‍ കാറ്റടിക്കുമ്പോള്‍ ഇലകള്‍ ചലിക്കും.
ചലിക്കുന്ന ഇലകള്‍ ശബ്ദമുണ്ടാക്കും. ആ ദലമര്‍മ്മരങ്ങള്‍ സ്വര്‍ണ്ണനാണയങ്ങളുടെ കിലുക്കം പോലെയാണ്.
അത്ഭുതവൃക്ഷത്തില്‍ പൂക്കളും കായ്കളും വന്നു. പൂക്കളുടെ സുഗന്ധം ഏഴുകടലും കടന്ന് ഭൂതലം മുഴുവന്‍ വ്യാപിച്ചു. ഭൂതലനിവാസികള്‍ സൗഗന്ധികപുഷ്പം അന്വേഷിച്ചു പോയ ഭീമസേനനെപ്പോലെ ഏഴാംകടലിനപ്പുറത്തുള്ള തുരുത്തിലേയ്ക്ക് പ്രയാണം തുടങ്ങി. അവര്‍ക്കെല്ലാം ലക്ഷ്യം ഒന്നായിരുന്നു.
ഏഴാംകടലിനപ്പുറത്തുള്ള അത്ഭുതവൃക്ഷത്തിന്റെ ഫലം ഭുജിക്കുക എന്നതായിരുന്നത്.

ഏഴാംകടലിനപ്പുറത്തുള്ള തുരുത്ത് ഭരിച്ചിരുന്നത് ഹുക്കാമി എന്നൊരു ദേവതയായിരുന്നു.
ദേവസൈന്യത്തില്‍ നിന്നും വഴിതെറ്റിപ്പോയ ഒരു ദേവതയായിരുന്നവള്‍. അവള്‍ക്ക് ഒരു പ്രത്യേക കഴിവുണ്ടായിരുന്നു. അവള്‍ക്ക് മനുഷ്യനെ ഉറുമ്പാക്കാന്‍ കഴിയും. ഹുക്കാമിയുടെ ദ്വീപില്‍ എത്തിപ്പെടുന്ന മനുഷ്യരെല്ലാം ഉറുമ്പുകളായി മാറും. ഭൂതലത്തില്‍ നിന്നെല്ലാം പ്രവാസികള്‍ ആ ദ്വീപിലേയ്ക്ക് വന്നതുകൊണ്ട് ഉറുമ്പുകളുടെ ഒരു വലിയ സൈന്യംതന്നെ അവിടെയുണ്ടായി.
പലനിറത്തിലും തരത്തിലും ഇനത്തിലും വലിപ്പത്തിലുമുള്ള ഉറുമ്പുകളുടെ സൈന്യത്തെനോക്കി ഹുക്കാമിദേവത പൊട്ടിച്ചിരിച്ചു.
കറുത്ത ഉറമ്പുകളുടെ സൈന്യം
വെളുത്ത ഉറുമ്പുകളുടെ സൈന്യം
ചുവന്ന ഉറുമ്പുകളുടെ സൈന്യം
തവിട്ടുനിറമുള്ള ഉറുമ്പുകളുടെ സൈന്യം.
മഞ്ഞനിറമുള്ള ഉറുമ്പുകളുടെ സൈന്യം..
ഊതനിറമുള്ള ഉറുമ്പുകളുടെ സൈന്യം.
അങ്ങനെ ഉറുമ്പുകളുടെ സൈന്യനിരകള്‍ ഹുക്കാമിദ്വീപില്‍ ആകാശത്തിലെ നക്ഷത്രങ്ങള്‍ പോലെയും കടലോരത്തെ മണല്‍ത്തരികള്‍ പോലെയും വര്‍ദ്ധിച്ചു.
എല്ലാ ഉറുമ്പുകളുടെയും ലക്ഷ്യമൊന്നായിരുന്നു. ഹുക്കാമിദ്വീപിലെ അത്ഭുതവൃക്ഷത്തിന്റെ ഫലം ഭുജിക്കുക, കൊതി തീരുന്നതുവരെ ഭുജിക്കുക. അതിന്റെ ഫലമെത്ര സ്വാദുള്ളതായിരിക്കും!
ആ വൃക്ഷഫലം തിന്മാന്‍ നല്ലതും കാണ്മാന്‍ഭംഗിയുള്ളതും ജ്ഞാനം പ്രാപിപ്പാന്‍ കാമ്യവുമെന്ന് ഉറുമ്പുകള്‍ മനസ്സിലാക്കി.

ഹുക്കാമിയുടെ അത്ഭുതവൃക്ഷത്തെ നോക്കി ഉറുമ്പുകള്‍ സ്വപ്നങ്ങള്‍ നെയ്തുകൂട്ടി. ഹുക്കാമിയുടെ അത്ഭുതവൃക്ഷത്തിന്റെ സൗഗന്ധികകുസുമങ്ങളെങ്ങളെക്കുറിച്ച് ഉറുമ്പുകള്‍ കവിതകളുണ്ടാക്കി പാടാന്‍ മത്സരിച്ചു. ഉറുമ്പുകള്‍ നൂറുനൂറു സ്വപ്നങ്ങള്‍ നെയ്തുകൂട്ടാനും ആ സ്വപ്നങ്ങള്‍ക്കുവേണ്ടി മത്സരിച്ചോടാനും പഠിച്ചു. സ്വപ്നങ്ങളും മത്സരങ്ങളും ഹുക്കാമിദ്വീപിലെ ഉറുമ്പുകളുടെ ജീവിതമൂല്യങ്ങളായി മാറി.

ഹുക്കാമിദ്വീപില്‍ ഉറുമ്പുകള്‍ കോളനികള്‍ സ്ഥാപിച്ചു..
കറുത്ത ഉറുമ്പുകളുടെ കോളനി
ചുവന്ന ഉറുമ്പുകളുടെ കോളനി
വെളുത്ത ഉറുമ്പുകളുടെ വിശാലമായ കോളനി
തവിട്ടുനിറമുള്ള ഉറുമ്പുകള്‍ക്കായി ചെറിയചെറിയ കോളനികള്‍ പലത്.
അങ്ങനെ ഹുക്കാമിദ്വീപില്‍ ഉറുമ്പുകളുടെ കോളനികള്‍ പലതുണ്ടായി.
അവരവരുടെ കോളനികളില്‍ ഉറുമ്പുകള്‍ ദേവാലയങ്ങളുണ്ടാക്കി.
ഏഴാംകടലിനക്കരെനിന്നും ചിലര്‍ പുരോഹിതന്മാരെ വരുത്തി. പുരോഹിതന്മാരും ഹുക്കാമിദ്വീപില്‍ കാലുകുത്തിയപ്പോള്‍ ഉറുമ്പുകളായി പരിണമിച്ചു. അവര്‍ ദേവാലയങ്ങളില്‍ ഹുക്കാമിദേവിയെ പ്രതിഷ്ഠിച്ചു. അവിടെ ഉറുമ്പുകള്‍ ഹുക്കാമിദേവിയുടെ സ്തുതിഗീതങ്ങള്‍ പാടി.
''അമൃതവാഹിനീ ദേവി
മുക്തിദായിനി നമോ.''

''തായേ നമിപ്പൂ, നീയെന്‍ പൊരുളേ
ശരണം തവ ചരണം ഹുക്കാമി.''

ദേവാലയങ്ങളില്‍നിന്ന് ഉറുമ്പുകള്‍ നിരത്തുകളിലേയ്ക്കിറങ്ങി. അവിടെ അവര്‍ ആടുകയും പാടുകയും ചെയ്തു. ഉറുമ്പുകള്‍ അട്ടഹസിച്ചുപാടി.
''ഇണയെത്തേടലും ഇരയെത്തേടലും
അല്ലാതെന്താണാനന്ദം!'' 1
ഹുക്കാമിദ്വീപിലെ നിരത്തുകളില്‍ ഉറുമ്പുകള്‍ നൃത്തമാടി. അതിന്റെ ഇരുണ്ട നിഴലുകളില്‍ അവര്‍ ഇണചേര്‍ന്നു.
കറുത്ത ഉറുമ്പുകള്‍ വെളുത്ത ഉറുമ്പുകളുമായി ഇണചേര്‍ന്നു.
തവിട്ടുനിറക്കാര്‍ വെളുപ്പുമായും കറുപ്പുമായി ഇണചേര്‍ന്നു.
ഉറുമ്പുകളുടെ നൃത്തവും മേളകളും കണ്ട് ഹുക്കാമിദേവി അട്ടഹസിച്ച് ചിരിച്ചു.

ഹുക്കാമിദ്വീപിലെ പ്രവാസി ഉറുമ്പുകളുടെ വിശേഷങ്ങള്‍ ഏഴുകടലുകളും താണ്ടി വിദൂരദേശങ്ങളില്‍ ചെന്നെത്തി. അവിടൊക്കെയുള്ള മാനവപ്പരിഷ ഹുക്കാമിദ്വീപിലേയ്ക്ക് കുടിയേറിപ്പാര്‍ക്കാന്‍ ആഗ്രഹിച്ചു.
''ഈ മഹീതലത്തില്‍ ജീവിക്കുകയാണെങ്കില്‍ ഹുക്കാമിദ്വീപില്‍ ജീവിക്കണം. അവിടുത്തെ ഉറമ്പുകള്‍ എത്രയോ ഭാഗ്യമുള്ളവരാണ്! അവര്‍ക്ക് തെരുവുകളില്‍ നൃത്തം ചെയ്യാം. അത്ഭുതവൃക്ഷത്തിന്റെ തണലിലുറങ്ങാം. അതിന്റെ ശാഖകളില്‍ ഉയരത്തിലുയരത്തിലേയ്ക്ക് കയറാം. ഹുക്കാമിദ്വീപിലെ അത്ഭുതവൃക്ഷത്തിന്റെ ഫലത്തിന്റെ മാദകലഹരിയില്‍ ആറാടാം.''
കടലുകള്‍ താണ്ടി മനുഷ്യസന്തതികള്‍ ഹുക്കാമിദേവിയുടെ ദ്വീപിലേയ്ക്ക് വന്നുകൊണ്ടിരുന്നു. അവരില്‍ പ്രഭുക്കന്മാരും പ്രഭ്വികളും രാജകുമാരന്മാരും രാജകുമാരികളും പണ്ഡിതനും പാമരനും തൊഴിലാളിയും മുതലാളിയും എല്ലാവരുമുണ്ടായിരുന്നു. ഹുക്കാമിദ്വീപില്‍ കാലുകുത്തിയ മനുഷ്യസന്തതികളുടെ
ആകൃതിയും പ്രകൃതിയും മാറി. അവരെല്ലാം ഉറുമ്പുകളായി മാറി. കടിച്ചുമരിക്കുന്ന ഉറുമ്പുകളും കുടിച്ചുമരിക്കുന്ന ഉറുമ്പുകളും ഹുക്കാമിയുടെ തെരുവുകളില്‍ ഇഴഞ്ഞുനടന്നു. എല്ലാ ഉറുമ്പുകളുടെയും ലക്ഷ്യം ഒന്നായിരുന്നു.
ഹുക്കാമിദ്വീപിലെ അത്ഭുതവൃക്ഷത്തിന്റെ ഫലമനുഭവിക്കുക. ഉറുമ്പുകളും അവരുടെ സന്തതികളും അത്ഭുതവൃക്ഷത്തിന്റെ ചുവട്ടിലേയ്ക്ക് വരിവരിയായി നീങ്ങി. വേഗത പോരാത്ത ചിന്നക്കൊടന്തകളെ തന്തയുറുമ്പും തള്ളയുറുമ്പും ഉന്തിത്തള്ളി പ്രോത്സാഹിപ്പിച്ചു.
''അത്ഭുതവൃക്ഷഫലത്തിന്റെ സ്വാദ് അനുഭവിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കടലുകള്‍ താണ്ടി ഈ ദ്വീപില്‍ വന്നതെന്തിന്?'' ഉറുമ്പുകള്‍ കുഞ്ഞുറുമ്പുകളോട് ചോദിച്ചു.
''ഹുക്കാമിദ്വീപിലെ അത്ഭുതവൃക്ഷത്തിന്റെ തേന്‍ കിനിയുന്ന കനികള്‍ നിങ്ങള്‍ക്ക് ലഭ്യമാക്കാന്‍ വേണ്ടിയാണ് ഞങ്ങള്‍ ഏഴാം കടലിനക്കരെ നിന്ന് ഇവിടെയെത്തിയതും ഉറുമ്പുകളായിമാറിയതും.''
തന്തയുറുമ്പും തള്ളയുറുമ്പും കുട്ടിയുറുമ്പുകളോട് പ്രസംഗിച്ചു.
പക്ഷേ തന്തതള്ളമാരുടെ ത്യാഗത്തിന്റെ ആഴം മനസ്സിലാക്കാന്‍ കുഞ്ഞുറുമ്പുകള്‍ക്ക് കഴിഞ്ഞില്ല.
അവര്‍ ഉറുമ്പായി പരിണമിച്ചവരല്ല, ഉറുമ്പായി ജനിച്ചവരാണ്. ഹുക്കാമിദേവിയുടെ സ്വന്തം പ്രജകളാണവര്‍. ഏഴാംകടലിനക്കരെയുള്ള മനുഷ്യജീവിതത്തെക്കുറിച്ച് ഹുക്കാമിദ്വീപിലെ ഉറുമ്പ് കുഞ്ഞുങ്ങള്‍ക്ക് വിദൂരസങ്കല്പങ്ങള്‍ പോലുമില്ല.

മനുഷ്യനില്ലാത്ത ഒരു പ്രത്യേക വരദാനം ജഗന്നിയന്താവ് ഉറുമ്പുകള്‍ക്ക് നല്കിയിട്ടുണ്ട്.
അതീന്ദ്രിയജ്ഞാനകേന്ദ്രം എന്ന് ശാസ്ത്രജ്ഞന്മാര്‍ വിളിക്കുന്ന ഒരു സംവിധാനമാണത്. ഒരു ജ്ഞാനക്കണ്ണടയാണത്. എന്നാല്‍ എല്ലാ ഉറുമ്പുകളും അവരവരുടെ ജ്ഞാനക്കണ്ണടകള്‍ ഉപയോഗിക്കാറില്ല. എന്നാല്‍ വളരെ ചുരുക്കം ഉറുമ്പുകള്‍ അവരുടെ ജ്ഞാനക്കണ്ണടകള്‍ അപൂര്‍വസാഹചര്യങ്ങളില്‍ ഉപയോഗിക്കാറുണ്ട്. ജ്ഞാനക്കണ്ണടകള്‍ ഉപയോഗിക്കുന്ന ഉറുമ്പുകളെനോക്കി മഹാജ്ഞാനിയായിരുന്ന സോളമന്‍രാജാവ് സുഭാഷിതം ചൊല്ലി.
''മടിയാ, ഉറുമ്പിന്റെ അടുക്കല്‍ ചെല്ലുക. അതിന്റെ വഴികളെ നോക്കി ബുദ്ധിപഠിക്ക.''

ഹുക്കാമിദ്വീപിന്റെ വീഥികളില്‍ അലസഗമനം നടത്തുന്ന തവിട്ടുനിറമുള്ള ഒരു ഉറുമ്പിനെ സാധാരണ കാണാറുണ്ട്. അപ്പാപ്പന്‍ എന്നാണ് ഹുക്കാമിയിലെ ഉറുമ്പുസമൂഹം അദ്ദേഹത്തെ വിളിക്കുന്നത്.
ദശവത്സരങ്ങളായി ഹുക്കാമിദ്വീപില്‍ താമസിക്കുന്നുവെങ്കിലും ഒരിക്കലെങ്കിലും

അത്ഭുതവൃക്ഷത്തില്‍ കയറുവാന്‍ അപ്പാപ്പന് കഴിഞ്ഞിട്ടില്ല. പലതവണ അത്ഭുതവൃക്ഷത്തിന്റെ ചുവട്ടില്‍ അപ്പാപ്പന്‍ ചെന്നിട്ടുണ്ട്. പക്ഷേ കയറാന്‍ ഭയപ്പെടുന്നു. ഇന്നയാള്‍ പരിക്ഷീണിതനാണ്.
''അപ്പാപ്പന്‍ ഒരു പേടിത്തൊണ്ടനാണ്. അത്ഭുതവൃക്ഷത്തിന്റെ ഉയരം കണ്ടയാള്‍ ഭയക്കുന്നു.''
ഉറുമ്പുസമൂഹം അപ്പാപ്പനെ പരിഹസിച്ച് ചിരിച്ചു.
അത്ഭുതവൃക്ഷത്തിന്റെ ഏതെങ്കിലുമൊരു ശാഖയില്‍ കയറി ഉയരങ്ങളിലേയ്ക്കുകയറിപ്പറ്റാനും അതന്റെ തേനൂറുന്ന കനികളിലൊന്ന് മതിവരുവോളം ആസ്വദിക്കുവാനും മോഹമില്ലാഞ്ഞിട്ടല്ല.
അതിനുവേണ്ടിത്തന്നെയാണ് അപ്പാപ്പന്‍ ഹുക്കാമിയുടെ ദ്വീപിലെത്തിയതും ഉറുമ്പായി
പരിണമിച്ചതും. പക്ഷേ ഓരോതവണയും അത്ഭുതവൃക്ഷത്തിന്റെ ചുവട്ടിലെത്തുമ്പോള്‍ മനസ്സിന്റെ താളം തെറ്റുന്നു.

അത്ഭുതവൃക്ഷത്തിലേയ്ക്ക് ഉറുമ്പുകള്‍ ആവേശത്തോടെ കയറുന്നത് അപ്പാപ്പന്‍ നോക്കിനിന്നു..
എല്ലാനിറത്തിലും തരത്തിലുമുള്ള ഉറുമ്പുകള്‍ അക്കൂട്ടത്തിലുണ്ട്. അത്ഭുതവൃക്ഷത്തിന്റെ അമ്പതു ശാഖകളിലൂടെ ഉയരങ്ങളിലേയ്ക്ക് അവര്‍ കയറിപ്പറ്റുന്നു. മുകളിലേയ്ക്ക് കയറുന്ന ഉറുമ്പുവര്‍ഗ്ഗം ഇറങ്ങിവരുന്നതായി കാണുന്നില്ല. എന്തുകൊണ്ട്? അപ്പാപ്പന്റെ ഉറുമ്പുമനസ്സില്‍ ചോദ്യങ്ങളുയര്‍ന്നു.
ഉത്തരം നല്കിയത് ചാരത്ത് നിന്നിരുന്ന ഒരു ഉറുമ്പുമുത്തശ്ശിയായിരുന്നു.
''അത്ഭുതവൃക്ഷത്തിന്റെ തേന്‍കനി ഭക്ഷിച്ച് അവര്‍ക്ക് മതിവരുന്നില്ല. അതുകൊണ്ടവര്‍ ഇറങ്ങിവരുന്നില്ല. എനിക്ക് കിടാങ്ങളും പേരക്കിടാങ്ങളുമായിട്ട് ഇരുപതെണ്ണമുണ്ട്. പേരക്കിടാങ്ങളെ വളര്‍ത്താനാണ് ഞാന്‍ നീചമായ നരജന്മം ഉപേക്ഷിച്ച് കടലുകള്‍ താണ്ടി ഈ നല്ല ദേശത്ത് വന്നത്.
അതുകൊണ്ട് പ്രയോജനമുണ്ടായി. ഒരെണ്ണംപോലും പൊട്ടനും ചട്ടനുമായില്ല. അവരെല്ലാം ഹുക്കാമിദേവിയുടെ കൃപകൊണ്ട് അങ്ങ് ഉയരങ്ങളിലാണ്, അത്ഭുതമരത്തിന്റെ വിവിധ ശാഖോപശാഖകളില്‍.
അവരില്‍ നാലുപേരുടെ ഇണകള്‍ വെളുത്ത ഉറുമ്പുസുന്ദരികളാണ്. ഒരാളിന്റേത് ചുവന്നതും.''
ചാരനിറമുള്ള ഉറമ്പുമുത്തശ്ശി അഭിമാനത്തോടെ മൊഴിഞ്ഞു. അവര്‍ മുകളിലേയ്ക്ക് നോക്കിനിന്ന് ഉറുമ്പുതനയന്മാര്‍ എത്തിപ്പിടിച്ച ഉയരങ്ങള്‍ കണ്ട് ആസ്വദിച്ചു.
''മടിയന്മാര്‍ താഴെ നില്ക്കും.'' ഉറുമ്പുമുത്തശ്ശി കൂട്ടിച്ചേര്‍ത്തു. അതൊരു കുത്തുവാക്കായിരുന്നു.

ഓരോതവണയും അത്ഭുതവൃക്ഷത്തിന്റെ ചുവട്ടിലെത്തുമ്പോള്‍ അപ്പാപ്പനുറുമ്പ് കണ്ണുതുടച്ച് ജ്ഞാനക്കണ്ണട വച്ച് മുകളിലേയ്ക്ക് നോക്കിനില്ക്കും. അവിശ്വസനീയമായത് എന്തോ കണ്ടതുപോലെ അപ്പാപ്പനുറുമ്പ് പരിഭ്രാന്തനാകും. ആ കണ്ണുകളില്‍ ഭയം വ്യാപിക്കും. ചുണ്ടുകള്‍ വിറയ്ക്കും.
അപ്പാപ്പനുറുമ്പ് ഒരു ഭ്രാന്തനെപ്പോലെ വിളിച്ചുപറയും.
''വിഷവൃക്ഷം, വിഷവൃക്ഷം. കേറരുത്, അടുക്കരുത്, തൊടരുത്.''
അപ്പാപ്പന്റെ മുന്നറിയിപ്പ് ഒരു ഭ്രാന്തന്റെ ജല്പനങ്ങളായേ സഹജീവികള്‍ക്ക് തോന്നിയുള്ളു.
ചിലര്‍ പറഞ്ഞു. ''അയാള്‍ക്ക് വട്ടാണ്.''
മറ്റുചില ഉറുമ്പുകൂട്ടായ്മക്കാര്‍ പറഞ്ഞു.
''അയാള്‍ വട്ടൊനൊന്നുമല്ല. അയാള്‍ അസൂയക്കാരനാണ്. അത്ഭുതവൃക്ഷത്തിന്റെ തേന്‍കനികള്‍ അപ്പാപ്പനും അയാളുടെ പ്രിയപ്പെട്ടവരും കൂടി തട്ടിയെടുക്കാനുള്ള അടവാണിത്. അയാള്‍

അസൂയക്കാരനും സ്വാര്‍ത്ഥനുമാണ്. നാം അയാളുടെ കെണിയില്‍ വീഴരുത്. അയാളുടെ ചങ്ങാത്തം ഇനി നമുക്ക് ആവശ്യമില്ല.''
''കണ്ണുകടിയുള്ളവന്റെ അപ്പം തിന്നരുതെന്ന് ഉറുമ്പുപുരാണത്തില്‍ പറഞ്ഞിട്ടൊള്ളതാ. ഈ അപ്പാപ്പനുറുമ്പ് ഹുക്കാമിദ്വീപില്‍ വരാന്‍ കയറുപൊട്ടിച്ചതിന്റെ കഥയൊക്ക
ഉറുമ്പുകാരണവന്മാര്‍ക്കറിയാം. അതൊക്കെ മറക്കാന്‍ കാലമായില്ല.''
എല്ലാവരും അപ്പാപ്പനുറുമ്പിന്റെ മുന്നറിയിപ്പ് അവഗണിച്ചു. ആരും ഈശ്വരന്‍ അവര്‍ക്ക് നല്കിയ ജ്ഞാനക്കണ്ണടകള്‍ ഉപയോഗിക്കാന്‍ തയ്യാറായതുമില്ല.

ജ്ഞാനക്കണ്ണടയിലൂടെ അപ്പാപ്പനുറുമ്പ് കണ്ടതിതാണ്. അത്ഭുതവൃക്ഷത്തിന്റെ ശാഖകളില്‍, ഉയരങ്ങളില്‍, തേനൂറുംകനികളുടെ സമീപത്ത് വൃക്ഷത്തിന്റെ പട്ടയിലൂടെ ഒരു ദ്രാവകം ഒലിച്ചിറങ്ങുന്നു.
സൗഗന്ധിക പുഷ്പങ്ങളുടെ മാദകഗന്ധമാണതിന്. പ്ലാവിന്റെ അരക്ക് പോലെ ഒട്ടിപ്പിടിക്കുന്ന സ്വഭാവമതിനുണ്ട്. തേന്‍കനികള്‍ തേടിയെത്തുന്ന മിടുമിടുക്കന്മാരും മിടുമിടുക്കികളും അത്ഭുതവൃക്ഷത്തിന്റെ അരക്കിലേയ്ക്ക് ആകര്‍ഷിക്കപ്പെടുന്നു. അവരുടെ ജീവിതം അവിടെ ഹോമിക്കപ്പെടുന്നു. തിരിനാളംകണ്ട് പറന്നെത്തുന്ന ഈയാംപാറ്റകള്‍! ഉറുമ്പുകളുടെ ദുര്യോഗം കണ്ട്
ഹുക്കാമിദേവി ആര്‍ത്തട്ടഹസിച്ചു. അവള്‍ അട്ടഹസിച്ചപ്പോള്‍ സൗഗന്ധികപ്പുഷ്പങ്ങളുടെ
മാദകഗന്ധം പരന്നു. അവളുടെ അട്ടഹാസത്തിന് സംഗീതത്തിന്റെ താളവും ലയവുമുണ്ടായിരുന്നു.
വൃദ്ധനും ക്ഷീണിതനുമായ അപ്പാപ്പനുറുമ്പ് ഭ്രാന്തനെപ്പോലെ വിളിച്ചുകൂവി.
''വിഷവൃക്ഷം, വിഷവൃക്ഷം.''
പക്ഷേ അപ്പാപ്പനുറുമ്പിന്റെ പ്രരോദനങ്ങള്‍ കേള്‍ക്കാന്‍ ആരും തയ്യാറായില്ല.

സ്വന്തം മാളത്തിലിരുന്ന് അപ്പാപ്പനുറുമ്പ് തപസ്സ് ചെയ്യാന്‍ തുടങ്ങി. ആഴ്ചകളും മാസങ്ങളും വര്‍ഷങ്ങളും നീണ്ടുനിന്ന തപസ്സായിരുന്നത്. ഒടുവില്‍ ഈശ്വരന്‍ പ്രസാദിച്ചു. അദ്ദേഹം അപ്പാപ്പനുറുമ്പിന്റെ മാളത്തില്‍ പ്രത്യക്ഷനായി. അവിടെ ദൈവികതേജസ്സ് വ്യാപരിച്ചു.
''പ്രിയഭക്താ, ഞാന്‍ നിന്റെ തപസ്സില്‍ പ്രസാദിച്ചിരിക്കുന്നു. നിനക്കെന്താണ് വേണ്ടത്? പറയൂ.''
ഭഗവാന്‍ ചോദിച്ചു.
''ഭഗവാനേ, ഹുക്കാമിദ്വീപിലെ ഉറുമ്പുസമൂഹത്തിന് വന്നുചേര്‍ന്ന ദുര്യോഗം അങ്ങ് കാണുന്നില്ലേ? ഈ ദ്വീപിന്റെ അധിപതിയായ ഹുക്കാമി എന്ന ദുഷ്ടദേവത ഞങ്ങളെ വഞ്ചിച്ചിരിക്കയാണ്. അവളുടെ വിഷവൃക്ഷവും തേന്‍കനികളുമെല്ലാം ചതിക്കുഴികളാണെന്ന് ഉറമ്പുകള്‍ മനസ്സിലാക്കുന്നില്ല.
ദിവസവും ആയിരക്കണക്കിന് ഉറുമ്പുകളാണ് വിഷവൃക്ഷത്തില്‍ നിഹനിക്കപ്പടുന്നത്. താമസംവിനാ ഞങ്ങളുടെ വംശംതന്നെ നശിച്ചുപോകും.
സാധുക്കളുടെ സംരക്ഷണത്തിന് ദുഷ്ടന്മാരെ നിഗ്രഹിക്കുന്നതിന് ധര്‍മ്മത്തിന്റെ പുനസ്ഥാപനത്തിന് യുഗായുഗങ്ങളില്‍ അവിടുന്ന് അവതരിക്കുമല്ലോ.
അവിടുന്ന് മത്സ്യമായും കൂര്‍മ്മമായും വരാഹമായും നരസിഹമായും വാമനനായുമൊക്ക അവതരിച്ച് ധര്‍മ്മരക്ഷ ചെയ്തിട്ടുണ്ടല്ലോ.

ഇത്തവണ ഭഗവാന്‍ ഉറുമ്പായി അവതരിച്ച് ഞങ്ങളെ രക്ഷിക്കണം. ഹുക്കാമി എന്ന ദുഷ്ടശക്തിയെ നിഗ്രഹിക്കണം.'' അപ്പാപ്പനുറുമ്പ് പ്രാര്‍ത്ഥിച്ചു.
അപ്പാപ്പനുറുമ്പിന്റെ പ്രാര്‍ത്ഥനയ്ക്ക് ഭഗവാന്‍ ഇപ്രകാരം മറുപടിനല്കി.
''ഭക്താ, എനിക്ക് നിന്നോട് അനുകമ്പയുണ്ട്. പക്ഷേ നിന്റെ അപേക്ഷ സ്വീകരിക്കാന്‍ എനിക്ക് സാധ്യമല്ല. കാരണമിതാണ്.
മറ്റു ജീവികള്‍ക്കില്ലാത്ത ഒരു പ്രത്യേക വരദാനത്തോടുകൂടിയാണ് ബ്രഹ്‌മാവ് നിങ്ങളെ
സൃഷ്ടിച്ചിരിക്കുന്നത്. നിങ്ങള്‍ ജ്ഞാനക്കണ്ണടകള്‍ എന്നു വിളിക്കുന്ന
അതീന്ദ്രിയജ്ഞാനകേന്ദ്രമാണത്. എന്റെ ഒരു അവതാരത്തിന് തുല്യമാണത്. ഓരോ ഉറുമ്പിനും വര്‍ണ്ണവര്‍ഗ്ഗവ്യത്യാസമെന്യേ ജ്ഞാനക്കണ്ണടകള്‍ ജഗന്നിയന്താവ് നല്കിയിട്ടുണ്ട്.
അധര്‍മ്മനിഗ്രഹത്തിനും ധര്‍മ്മത്തിന്റെ പുനസ്ഥാപനത്തിനും ജ്ഞാനക്കണ്ണടകള്‍ ഉപയോഗിക്കുക.
അതിനപ്പുറം ഞാന്‍ പുനരവതാരം ചെയ്യേണ്ട കാര്മില്ല.''
ഭഗവാന്റെ മറുപടികേട്ട് അപ്പാപ്പനുറുമ്പ് നിരാശനായില്ല. അദ്ദേഹം പറഞ്ഞു.
''ഭഗവാനേ, അങ്ങ് കരുണാമയനാണല്ലോ. എനിക്ക് ഒരു അപേക്ഷ കൂടിയുണ്ട്.''
''ഭക്താ, എന്താണ് നിന്റെ അപേക്ഷ? പറയൂ.''
''ഭഗവാനെ, ഉത്കൃഷ്ടമായ മനുഷ്യജന്മം ഉപേക്ഷിച്ചിട്ടാണല്ലോ അടിയന്‍ കടലുകള്‍താണ്ടി ഹുക്കാമിയുടെ ദേശത്ത് വന്നതും ഉറുമ്പായി പരിണമിച്ചതും. എന്റെ നരജന്മം തിരിച്ചുനല്കണം. എനിക്ക് ഏഴാംകടലിനക്കരെയുള്ള എന്റെ സ്വന്തം ഭൂമിയില്‍ മനുഷ്യകുലത്തിലെ അംഗമായി ജീവിക്കുവാന്‍ അവിടുന്ന് വരദാനം നല്കണം.''

ഭഗവാന്‍ അല്പനേരം മൗനമായി നിന്നു. അനന്തരം കരുണയൂറുന്ന സ്വരത്തില്‍ ഇപ്രകാരം കല്പിച്ചു.
''ഭക്താ, നിന്റെ ഈ പ്രാര്‍ത്ഥനയും എനിക്ക് അംഗീകരിക്കുവാന്‍ സാധ്യമല്ല. മനുഷ്യജന്മമാണ് ഏറ്റവും ഉത്തമമെന്ന് നീ താമസിച്ചാണെങ്കിലും മനസ്സിലാക്കിയല്ലോ. ഏഴാം കടലിനപ്പുറത്ത് ഞാന്‍ നിനക്ക് സകല സൗഭാഗ്യങ്ങളും നല്കിയിരുന്നു. എന്നാല്‍ ദുഷ്ടദേവതയായ ഹുക്കാമിയുടെ പ്രലോഭനത്തില്‍ നീ വീണു. അവളുടെ വിഷക്കനികള്‍ നീ മോഹിച്ചു. പളുങ്കുപാത്രം മോഹിച്ച് പൊന്‍ചഷകം നീ
വലിച്ചെറിഞ്ഞു. അതു നിന്റെ കര്‍മ്മമാണ്. ഇപ്പോള്‍ നീ അനുഭവിക്കുന്ന വേദന നിന്റെ കര്‍മ്മഫലമാണ്. കര്‍മ്മഫലം തടയാന്‍ ഈശനുപോലും കഴിയുകയില്ല.
ലോകാ സമസ്താ സുഖിനോ ഭവന്തു.''
ഭഗവാന്‍ അപ്രത്ക്ഷനായി.
''ലോകാ സമസ്താ സുഖിനോ ഭവന്തു.''

കുറിപ്പ്.
1 ഉദ്ധരണി: പി. രാമചന്ദ്രന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക