ബ്രിട്ടാനിക്ക :ജോൺബ്രിട്ടാസിന്റെ അനുഭവക്കുറിപ്പ്
ഡല്‍ഹിയുടെ മനോഹാരിത നുകര്‍ന്ന് എന്‍റെ യുവത്വത്തിന്‍റെ നല്ലൊരുപങ്കും ഞാന്‍ ചിലവിട്ടത് ഇന്ദ്രപ്രസ്ഥയിലാണ്. ദില്ലി എന്ന് പറഞ്ഞാല്‍ ദില്‍ എന്നാണ്….. ഹൃദയം! എന്‍റെ ഹൃദയത്തില്‍ ഇടം നേടിയ ഏറ്റവും പ്രധാനപ്പെട്ട ഭൂമിക തലസ്ഥാനനഗരിയായ ഡല്‍ഹിയാണ്. വിദ്യാര്‍ത്ഥിയായും മാധ്യമപ്രവര്‍ത്തകനായും എത്രയോ വര്‍ഷം ഡല്‍ഹി അരിച്ചുപെറുക്കാനുള്ള അവസരം ലഭിച്ചിട്ടുണ്ട്. ഡല്‍ഹിയുടെ വശ്യത എന്നെ അക്ഷരാര്‍ത്ഥത്തില്‍ മത്ത് പിടിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ കുറേ നാളുകളായി എന്‍റെ മനസ്സിലെ ഡല്‍ഹി മങ്ങിക്കൊ ണ്ടിരിക്കുകയാണ്. എന്തെങ്കിലും ഒരു കാരണം കണ്ടെത്തി ഡല്‍ഹിയില്‍ എത്താന്‍ ആയിരുന്നു ഞാന്‍ ശ്രമിച്ചിരുന്നതെങ്കില്‍ ഇന്ന് ഡല്‍ഹിയില്‍ പോകാതിരിക്കാനുള്ള കാരണമാണ് ഞാന്‍ തേടുക. കിട്ടുന്ന അവസരത്തിലെല്ലാം ഡല്‍ഹിയിലെ പഴയ സഹപ്രവര്‍ത്തകരെ അവിടെ നിന്ന് രക്ഷപ്പെടാന്‍ നിരന്തരം പ്രേരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. തണുപ്പും ചൂടും മുതല്‍ വായുമലിനീകരണം വരെയുള്ള കാരണങ്ങളാണ് ഞാന്‍ നിരത്തുന്നതെങ്കിലും യഥാര്‍ത്ഥ വിയോജിപ്പുകള്‍ ഇതിനുമപ്പുറത്തതാണ്. ഈ അടുത്തകാലത്ത് അന്തരിച്ച മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും എന്‍റെ സ്‌നേഹിതനുമായിരുന്ന ഡി.വിജയമോഹനുമായി അവസാനം നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിന്‍റെയും ഇതിവൃത്തം ഇതുതന്നെയായിരുന്നു.
മാതൃഭൂമി ഡല്‍ഹി ബ്യൂറോ ചീഫ് എം.കെ.അജിത്ത് കുമാര്‍ ഇക്കാരണം കൊണ്ട് പലപ്പോഴും എന്‍റെ ടെലിഫോണ്‍ സംഭാഷണങ്ങളില്‍ നിന്നും വഴുതിമാറാന്‍ ശ്രമിക്കും. എന്നിട്ടും ഞാന്‍ പിടിവിടാതെ ഡല്‍ഹി ഉപേക്ഷിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് പലരേയും ഉത്തേജിപ്പിച്ചുകൊണ്ടിരിക്കുന്നു.
എണ്‍പതുകളുടെ അന്ത്യത്തില്‍ ഡല്‍ഹിയിലേക്ക് ചേക്കേറിയപ്പോള്‍ ആശങ്കയ്‌ക്കൊപ്പം ആകാംക്ഷയും ആവേശവും എനിക്കുണ്ടായിരുന്നു. പതുക്കെയത് ആസക്തി ആയി രൂപാന്തരപ്പെട്ടു. നാട്ടിലേക്ക് അവധിക്ക് വന്നാല്‍പോലും എങ്ങനെയെങ്കിലും ഡല്‍ഹിയില്‍ തിരിച്ചെത്താനുള്ള വെമ്പലിലായിരുന്നു ഞാന്‍. എത്തിനോട്ടവും പരദൂഷണവും ഇല്ലാത്ത സ്വച്ഛന്ദമായ വിഹായസ് എന്നതാണ് ഡല്‍ഹിയെ എനിക്ക് കൂടുതല്‍ അനുഭവവേദ്യമാക്കിയത്.
യമുനനദിക്കരയിലെ നഗരം എന്ന് കവികളും സാഹിത്യകാരന്മാരും ഡല്‍ഹിയെ കുറിച്ച് പറഞ്ഞു വച്ചിട്ടുള്ളതെങ്കിലും അതൊന്നുമായിരുന്നില്ല എന്നെ ആകര്‍ഷിച്ചത്.
‘നദികളില്‍ സുന്ദരി യമുന
സഖികളില്‍ സുന്ദരി അനാര്‍ക്കലി’ …..
എന്നൊക്കെ നമ്മുടെ പാട്ടെഴുത്തുകാര്‍ അടിവരയിട്ട് പറഞ്ഞിട്ടുണ്ടല്ലോ. ഡല്‍ഹിയില്‍ എത്തുമ്പോള്‍ യമുന വലിയൊരു അഴുക്കുചാല്‍ മാത്രമാണ്. മഴക്കാലത്ത് മാത്രമാണ് ഇതിനൊരു അപവാദം. 3000 കിലോമീറ്റര്‍ ദൂരെയിരുന്ന് വരികള്‍ കുറിച്ച വയലാര്‍ ഡല്‍ഹിയിലെ യമുനയുടെ യഥാര്‍ത്ഥ ചിത്രം കണ്ടിരുന്നുവെങ്കില്‍ മലയാളിക്ക് നല്ലൊരു ഗാനം നഷ്ടപ്പെടുമായിരുന്നു.
ഡി വിജയമോഹൻ
എന്തുകൊണ്ടാണ് ഇപ്പോഴും എന്‍റെ അര്‍ദ്ധ താവളമായ ഡല്‍ഹി എന്‍റെ മനസ്സില്‍ മങ്ങി കൊണ്ടിരിക്കുന്നത്? ഒന്നല്ല അനവധി കാരണങ്ങളുണ്ട്. ഞാന്‍ അനുഭവിച്ചിരുന്ന സ്വാതന്ത്ര്യത്തിന്‍റെ ശുദ്ധവായുവിന് പകരം ഇന്നവിടെ സംശയത്തിലും വിദ്വേഷത്തിലും മലീമസമായ പൊടിപടലങ്ങള്‍ ആണ് ഓരോരുത്തരും ശ്വസിക്കുന്നത്. ഞാന്‍ എന്ന വ്യക്തിയുടെ ജാതിയും മതവും രാഷ്ട്രീയവും ഒന്നും പണ്ട് വലിയ പ്രതിബന്ധങ്ങള്‍ ആയിരുന്നില്ല. മലയാളിയെ ‘മദ്രാസി’ എന്ന് ഉത്തരേന്ത്യക്കാര്‍ വിളിക്കുമെന്ന് പറഞ്ഞ് ഞങ്ങള്‍ പരിഭവിച്ചിട്ടുണ്ട്. എന്നാല്‍ അത് തൊലിപ്പുറത്തുള്ള വികാരപ്രകടനം മാത്രമായിരുന്നു. ഇന്ന് വഴിയിലൊരു അപകടമുണ്ടായാല്‍ കുറ്റം അപരന്റെ ആണെങ്കിലും കേസ് ഉപേക്ഷിച്ച് പോലീസ് വരുന്നതിനു മുന്‍പ് അവിടെ നിന്ന് രക്ഷപ്പെടാനെ ഞാന്‍ തയ്യാറാകുകയുള്ളൂ. നീതി നിര്‍വഹണത്തില്‍ സത്യവും ന്യായവും ഒന്നുമല്ല,മറിച്ച് ബാഹ്യചിഹ്നങ്ങള്‍ക്ക് പ്രസക്തി കൂടുന്ന കാലമാണ്. ഡല്‍ഹിയിലെ പതിനായിരങ്ങളുടെ പ്രതീകമാണ് ഞാന്‍. ഒരു പരാതിയുമായി പോലീസ് സ്റ്റേഷനില്‍ ഒരു മുസ്ലിം പോയാല്‍ അത് സൃഷ്ടിച്ചേക്കാവുന്ന പ്രതികരണം കേരളത്തില്‍ ജീവിക്കുന്ന ഒരാള്‍ക്ക് വിഭാവനം ചെയ്യാന്‍ കഴിയില്ല. കഴിഞ്ഞ ഡല്‍ഹി കലാപത്തില്‍ എന്തു സംഭവിച്ചു എന്നത് സ്വതന്ത്ര റിപ്പോര്‍ട്ടുകളിലൂടെ നമ്മള്‍ കണ്ടതാണ്. പൗരത്വ ഭേദഗതി ബില്ലിനെതിരെയുള്ള സമരം എങ്ങനെ മുസ്ലിം ഭീകരതയായി വ്യാഖ്യാനിക്കപ്പെട്ടു? ‘സാലെ കൊ ഗോലി മാര്‍ദോ ‘ -ഈ തെണ്ടികള്‍ക്കെതിരെ വെടിയുതിര്‍ക്ക് എന്ന് വിളിച്ചു പറഞ്ഞത് ജനപ്രതിനിധികളാണ്.
അവര്‍ ഭൂരിപക്ഷ മതത്തില്‍പെട്ടവരായതിനാല്‍ ഒരു കേസിലും ഉള്‍പ്പെട്ടില്ല. ഇന്ത്യയില്‍ ഏറ്റവും പ്രശസ്തമായ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല(ജെ എന്‍ യു)യിലെ വിദ്യാര്‍ത്ഥികളില്‍ പലരും ഇന്ന് രാജ്യദ്രോഹികള്‍ ആണ്.ഞാന്‍ ആറു വര്‍ഷം പഠിച്ച സര്‍വകലാശാലയാണ്. ലോകത്തിന്‍റെ ഏതു വിദൂര കോണില്‍ ഉള്ള പ്രശ്‌നങ്ങള്‍ പോലും രാത്രിയുടെ അന്ത്യയാമങ്ങളില്‍ വരെ ചര്‍ച്ച ചെയ്തിരുന്നവരാണ് ഞങ്ങള്‍. ജാതിയും മതവും നിറവും ഭാഷയും രാഷ്ട്രീയവും ഒന്നും അവിടെ വൈതരണികള്‍ ആയിരുന്നില്ല. ഇന്ന് ജെഎന്‍യുവില്‍ രണ്ടുവിഭാഗങ്ങള്‍ ആണുള്ളത് -ദേശസ്‌നേഹികളും ദേശവിരുദ്ധരും. ജോര്‍ജ് ബുഷിനെ പോലെയുള്ള അമേരിക്കന്‍ പ്രസിഡന്‍റ്മാര്‍ പുലമ്പിയിരുന്നത് നമുക്ക് ഏറെ പഥ്യമാകുന്നു. ഒന്നുകില്‍ ഞങ്ങള്‍ക്കൊപ്പം അല്ലെങ്കില്‍ ശത്രുവിനൊപ്പം. ഇടയില്‍ ഒരിടം ആവിയായി പോയിരിക്കുന്നു.
പൗരത്വ ഭേദഗതിയില്‍ പ്രതിഷേധിച്ച ജാമിയമില്ലിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ പലരും ഇന്നും ജയിലഴിക്കുള്ളിലാണ്. കടുകട്ടിയുള്ള യു എ പി എയാണ് ചുമത്തിയിട്ടുള്ളത് .സമീപകാലത്ത് രാജ്യദ്രോഹികളായവരുടെ പ്രായം പരിശോധിച്ചാല്‍ ബഹുഭൂരിപക്ഷവും മുപ്പതില്‍ താഴെയാണ്. കൊച്ചുകുട്ടികള്‍ ആണ് രാജ്യദ്രോഹികളായി മുദ്രകുത്തപ്പെടുന്നത്. സമൂഹമാധ്യമങ്ങളില്‍ അവര്‍ ചാര്‍ത്തുന്ന കുത്തും കോമയും രാജ്യസ്‌നേഹത്തിന്‍റെ ഭൂതക്കണ്ണാടിയിലൂടെ വിലയിരുത്തപ്പെടുമ്പോള്‍ ഡല്‍ഹിയുടെ ചിത്രം മറ്റൊന്നാകുന്നു.
ഇന്ദിരഗാന്ധിയുടെ അമിതാധികാര പ്രവണതയ്ക്കെതിരെ ആദ്യ ശബ്ദമുയര്‍ന്നത് നമ്മുടെ ക്യാംപസുകളിലാണ്. നവനിര്‍മാണ്‍ പ്രസ്ഥാനത്തിന്‍റെ അലയൊലി ഉയര്‍ന്നപ്പോള്‍ ഗുജറാത്തിലെ ക്യാംപസുകളും മുന്‍പന്തിയില്‍ നിന്നു. ജനകീയ പ്രസ്ഥാനത്തിന്‍റെ ഗുണഭോക്താക്കളാണ് ഇന്ന് പലരൂപത്തിലും ഭാവത്തിലും ഭരണതലപ്പത്തുള്ളവര്‍. എന്നാല്‍ ഇന്ന് ക്യാമ്പസുകള്‍ ഗുരുകുലം മാത്രമാണെന്ന് വിദ്യാഥികളെ ഓര്‍മിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അഡോള്‍ഫ് ഹിറ്റ്‌ലര്‍ തന്‍റെ ആത്മകഥയായ മെയ്ന്‍ കാംഫ് (എന്റെ പോരാട്ടം)ഇല്‍ പറയുന്ന ഒരു കാര്യമുണ്ട്-ജനങ്ങളുടെ ബോധത്തെയല്ല മറിച്ച് അവരുടെ വികാരത്തെയാണ് നമ്മള്‍ പിടിക്കേണ്ടത്. ഇന്ന് ബുദ്ധിയും ചിന്തയുമൊന്നും നമുക്ക് പ്രധാനപ്പെട്ടതല്ല. ജനങ്ങളുടെ വികാരത്തിന്മേല്‍ ഊഞ്ഞാല്‍ കെട്ടി ആടുക!
വിയോജിപ്പാണ് ജനാധിപത്യത്തിന്‍റെ അന്തസത്ത. പരമോന്നത നീതിപീഠം എത്രയോ തവണ ജനാധിപത്യത്തിന്‍റെ മഴവില്‍ചാര്‍ത്തിന് അടിവരയിട്ടുണ്ട്.കളിക്കളത്തില്‍ പോലും മുഷ്ടിചുരുട്ടി വിയോജിപ്പ് രേഖപ്പെടുത്തുന്നവരാണ് നമ്മള്‍. പൊതുജീവിതത്തില്‍ പ്രതിഷേധമാണ് വിയോജിപ്പിന്‍റെഅര്‍ത്ഥവത്തായ തലം.പലരും സഹിക്കാനും ത്യജിക്കാനും സന്നദ്ധമായതിന്‍റെ അനന്തരഫലമാണ് സ്വതന്ത്രഇന്ത്യ തന്നെ. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ സമരജീവി മഹാത്മാഗാന്ധിയാണ്. എത്രയോ സമരപഥങ്ങളിലെ സുവര്‍ണ്ണ പദ ശബ്ദങ്ങള്‍ പ്രദാനം ചെയ്തതും ഗാന്ധിജിയാണ്. ഉപ്പ് തൊട്ട് കൗപീനം വരെ ഗാന്ധിജിക്ക് സമരായുധങ്ങളായിരുന്നു. ഇത്തരമൊരു നാട്ടിലാണ് സമരജീവി എന്നൊരു പദം രാജ്യദ്രോഹിക്ക് തുല്യമായി ഭവിക്കുന്നതും.
എന്തുപറയുന്നു എന്നത് പ്രസക്തമല്ല. ആര് എന്തു പറയുന്നു എന്നതിനാണ് പ്രസക്തി. വചനത്തിനല്ല കര്‍ത്താവിന്റെ ജാതിയും മതവും രാഷ്ട്രീയവും ആണ് ഇന്ന് ഏറെ പ്രസക്തം. പത്താം ക്ലാസിനു ശേഷം ഞാന്‍ ശരിക്കും പള്ളിയില്‍ പോയിട്ടില്ല. ആരാധനക്രമങ്ങളോടുള്ള വിയോജിപ്പ് കൊണ്ടൊന്നുമല്ല.എനിക്ക് എന്‍റെ രീതി. അതാണല്ലോ എന്റെ സ്വാതന്ത്ര്യം. പക്ഷേ ഇന്ന് ഞാന്‍ എന്തെങ്കിലും പറഞ്ഞാല്‍ ക്രിസ്ത്യാനി പറഞ്ഞതായി തീരും. ഓരോരുത്തരെയും ഓരോ കള്ളികളില്‍ ആക്കാനുള്ള തീവ്രയജ്ഞമാണ് സമൂഹത്തില്‍ വന്നുകൊണ്ടിരിക്കുന്നത്. ഞാന്‍ ഏറെ ഇഷ്ടപ്പെട്ട ഡല്‍ഹിയിലാണ് അതിന്റെ ഏറ്റവും വലിയ ഫാക്ടറി പ്രവര്‍ത്തിക്കുന്നത്.
മോട്ടോര്‍സൈക്കിളില്‍ ഡല്‍ഹി തെരുവുകളിലൂടെ അലഞ്ഞ ദിനങ്ങള്‍ ഓര്‍മ്മിച്ച് എടുക്കുമ്പോള്‍ ഇന്ന് മനസ്സില്‍ ഒരു വിമ്മിഷ്ടമാണ്. ഡല്‍ഹി ഗേറ്റില്‍ പോയി ബീഫ് വാങ്ങി ഫിറോസ് ഷാ റോഡിലെ ഒറ്റമുറി താവളത്തില്‍ പാചകം ചെയ്തിരുന്ന കാലമുണ്ട്. അന്ന് മുറതെറ്റാതെ ബീഫ് കഴിക്കാന്‍ നിരവധി മാധ്യമ പ്രവര്‍ത്തകര്‍ എത്തിയിരുന്നു.രമേശും വെങ്കിടേഷ് രാമകൃഷ്ണനും,പി വി തോമസും അന്തരിച്ച ടി എന്‍ ഗോപകുമാറുമൊക്കെ ആ ലിസ്റ്റില്‍ ഉണ്ടാകും.കോഫീ ബോര്‍ഡിലെ പി വി പവിത്രനായിരുന്നു വഴികാട്ടി.
ഭട്ടതിരിപ്പാടും ഇന്ന് ഡല്‍ഹി ദേശാഭിമാനിയിലെ ഫോട്ടോഗ്രാഫറുമായ കെ എം വാസുദേവനാണ് പാചകത്തില്‍ ഞങ്ങളുടെ സഹായി. ബീഫ് കഴുകിയെടുത്ത് കുക്കറില്‍ ഇടുന്നതോടെ വാസുദേവന്‍ ഒരു മൂളിപ്പാട്ട് പാടി പിന്‍വാങ്ങും. വിസിലുകളുടെ എണ്ണം ഏറ്റവും കൃത്യമായി കിട്ടാറുള്ളത് വാസുദേവനാണ്.ഉപ്പും മസാലയും വേവും നോക്കി പ്ലെയ്റ്റിലേക്കെടുക്കാനുള്ള സര്‍ട്ടിഫിക്കറ്റും വാസുദേവന്റെ വക തന്നെ.
ഭാര്യ വസന്തയോട് ഇപ്പോള്‍ എത്താം എന്ന് പറഞ്ഞാണ് രണ്ടു കിലോമീറ്റര്‍ ദൂരെയുള്ള വി പി ഹൗസില്‍ നിന്നും പവിത്രന്‍ എത്തിയിട്ടുണ്ടാകുക.’വാ’ എന്ന് വിളിക്കുന്ന (കസ്തൂര്‍ബയെ ഗാന്ധിജി ‘ബാ’ എന്നാണ് വിളിച്ചിരുന്നത്!)ഭാര്യയെ തൃപ്ത്തിപ്പെടുത്താന്‍ ശേഷിക്കുന്ന ബീഫ് കറി കുക്കറോട് കൂടി പവിത്രന്‍ കൈയ്യിലെടുക്കും.
പാതിരയോടടുക്കുന്ന നേരം ഹനുമാന്‍ ഗദയുമായി പോകുന്നപോലെ കുക്കറുമായി പവിത്രന്‍ നടന്നു തുടങ്ങും. വാസുദേവന്‍ തൊട്ടുപിറകെയും. ആ രംഗം കൊഴുക്കാന്‍ അല്പനേരമേ വേണ്ടൂ.റോഡില്‍ അവിടെയും ഇവിടെയും കിടക്കുന്ന പട്ടികള്‍ ബീഫിന്റെ മണമടിച്ച് ഇരുവരുടെയും പിന്നാലെ കൂടും.’മക്‌മോഹന്‍ ലൈന്‍’ പോലെ പവിത്രന്റെ മനസിലും ഒരതിര്‍ത്തിയുണ്ട്. ആ ലക്ഷ്മണരേഖ കടന്നാല്‍ പവിത്രന്‍ കുക്കര്‍
ഒന്ന് ആഞ്ഞു വീശും. അഞ്ചാറു തവണ വീശി കഴിയുമ്പോഴേക്കും പവിത്രനും വാസുദേവനും വി പി ഹൌസിന്റെ വളപ്പിലെത്തും.ഒപ്പം രണ്ടു ഡസന്‍ നായകളും.പൈഡ്‌പൈപ്പെറിന്‍റെ പുതിയ അവതാരമായിരുന്നു പവിത്രന്‍.കാലം പിന്നെയും മുന്നോട്ട് പോയി.പുതിയ അംഗങ്ങള്‍ ഞങ്ങളുടെ ഭക്ഷ്യ സംസ്‌കാരത്തില്‍ പങ്കു ചേര്‍ന്നു.പവിത്രന്‍ അപ്പോഴും പൊതുഘടകമായി നിലകൊണ്ടു.എന്‍ പി ഉല്ലേഖും ബിജോയിയും ബിപിനുമൊക്കെ പുതിയ കണ്ണികളായി.
ഞായറാഴ്ച ഷോപ്പിങ്ങില്‍ നിസാമുദ്ദീനിലെ ബീഫും പഹാഡ്ഗഞ്ച്‌ലെ പച്ചക്കറിയും അനിവാര്യ ഘടകങ്ങളായിരുന്നു അതൊരു തീര്‍ത്ഥയാത്രയാണ് അവരെല്ലാം കണ്ടിരുന്നത്.ദേശാഭിമാനിയില്‍ പിന്നീട് വന്ന നമ്പൂതിരിയായ വി ബി പരമേശ്വരനും ഈ ചിട്ടവട്ടങ്ങളില്‍ സാന്നിധ്യമായി.
ഇന്ന് അത്തരം ഒരു കൂടിച്ചേരലിനെ കുറിച്ച് ആലോചിക്കാന്‍ പോലും പറ്റില്ല. ബീഫ് കറിയുമായിനടുറോഡിലൂടെ പവിത്രന്‍ നടന്നു നീങ്ങുന്നത് ആര്‍ക്കെങ്കിലും ഇന്ന് സങ്കല്‍പ്പിക്കാന്‍ കഴിയുമോ ?മനമിരുണ്ടു, മനസിരുണ്ടു,മറുകരയാരു കണ്ടു…. ഡല്‍ഹി അതുപോലെ മാറിയിരിക്കുന്നു.
അടിയന്തരാവസ്ഥക്കാലത്ത് ദാരിദ്ര്യത്തിന്‍റെ മുഖം മറയ്ക്കാനാണ് ചേരികളിലൂടെ ബുള്‍ഡോസറുകള്‍ പാഞ്ഞത്. എന്നാല്‍ ഇന്ന് സ്വതന്ത്രചിന്തയുടെ വഴിത്താരയിലൂടെയാണ് ജെസിബികള്‍ തലങ്ങുംവിലങ്ങും ഓടുന്നത്. ഡല്‍ഹി ശവകുടീരങ്ങളുടെ നഗരമാണ്. ഇന്ത്യ അഹങ്കരിച്ചിരുന്ന സ്വാതന്ത്ര്യത്തിന്റെയും വിയോജിപ്പിന്റെയും നാനാത്വത്തിന്റെയും, പോരാട്ടത്തിന്റെയും, പ്രതിഷേധത്തിന്റെയും നൂറ് നൂറ് ശവക്കല്ലറകളാണ് ഇന്ദ്രപ്രസ്ഥത്തില്‍ ഇന്ന് രൂപം കൊള്ളുന്നത്. ഡല്‍ഹി എനിക്കന്യമാകുന്നതിന് ഇനി എന്ത് കാരണമാണ് ഞാന്‍ നിരത്തേണ്ടത്?