പ്രസംഗകല -സുകുമാര്‍ അഴീക്കോട് സമാഹരണവും പഠനവും (ഭാഗം-9: ഡോ. പോള്‍ മണലില്‍)
Published on 02 March, 2021
കോളജ് പഠനത്തിനെത്തിയപ്പോള്‍ എഴുതാന്‍ തുടങ്ങിയെങ്കിലും പ്രസംഗിക്കാന്‍ ശ്രമിച്ചില്ല. എന്നാല്‍ അവിടെയും വായന തുടര്‍ന്നു. മംഗലാപുരം സെന്റ് അലോഷ്യസ് കോളജ് ലൈബ്രറിയില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിലെയും പാശ്ചാത്യചിന്തയിലെയും മിക്ക പുസ്തകങ്ങളും വായിച്ചു. കോനന്‍ഡോയല്‍, എഡ്ഗാര്‍ വാലസ് തുടങ്ങിയവരുടെ ഡിക്റ്ററ്റീവ് നോവലുകള്‍ വായിച്ചു തുടങ്ങിയതും അന്നാണ്. വലിയ ചിന്തകരുടെ ലോകത്തിലേക്ക് പ്രവേശിച്ചതു കണ്ണൂരില്‍ പാമ്പന്‍ മാധവന്റെ വീട്ടിലെ ഗ്രന്ഥശേഖരം വഴിയാണ്. ഹാരോള്‍ഡ് ലാസ്കി, സിഡ്നി വെബ്ബ്, ആല്‍ഡസ് ഹക്സലി എന്നിവരുടെ കൃതികള്‍ അവിടെനിന്നാണ് വായിച്ചത്. കൂടാതെ തിങ്കേഴ്സ് ലൈബ്രറിയും എവരിമാന്‍സ് ലൈബ്രറിയും പ്രസിദ്ധീകരിച്ച തത്ത്വചിന്ത-ശാസ്ത്രഗ്രന്ഥങ്ങള്‍ വായിച്ചതും പാമ്പന്‍ മാധവന്റെ ശേഖരത്തില്‍ നിന്നായിരുന്നു. ഇന്റര്‍മീഡിയറ്റിനു പഠിക്കുമ്പോള്‍ സെന്റ് അലോഷ്യസ് കോളജിലെ ലൈബ്രറിയില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിലെ ഗ്രന്ഥങ്ങള്‍ അകാരാദിക്രമത്തില്‍ എടുത്തുവായിക്കാന്‍ തുടങ്ങി. അങ്ങനെ വാള്‍ട്ടര്‍ സ്കോട്ട്, ചാള്‍സ് ഡിക്കന്‍സ്, എമിലി ബ്രോണ്ടി, താക്കറെ എന്നിങ്ങനെ ഓരോ എഴുത്തുകാരെയും വായിച്ചുതീര്‍ത്തു. ബര്‍ണാഡ് ഷാ, എച്ച്.ജി. വെല്‍സ്, ജെ.ബി. പ്രീസ്റ്റ്ലി, ബര്‍ട്രാന്‍ഡ് റസ്സല്‍, എ.എന്‍, വൈറ്റ് ഹെഡ്, ടി.എസ്. എലിയറ്റ് എന്നിവരെ കൂടാതെ അമേരിക്കന്‍ എഴുത്തുകാരായ ഫെന്നിമൂര് കൂപ്പര്‍, ഹാരി ബീച്ചര്‍ സ്റ്റൗവ്, മാര്‍ക്ക് ടൈ്വന്‍, വാള്‍ട്ട് വിറ്റ്മാന്, ഹെന്റി ജെയിംസ്, തോറോ, എമേഴ്സണ്‍, വില്യം ഫോക്നര്‍, ഹെമിങ്വേ എന്നിവരുടെ കൃതികളും വായിച്ചു. റഷ്യന്‍ സാഹിത്യവും ഗ്രീക്ക് സാഹിത്യവും പരിചയപ്പെട്ടു. ദാന്തേ, ഗെയ്ഥേ, വിക്ടര്‍ യുഗോ, ഫ്ളാബേര്‍, ബല്‍സാക്ക്, മോപ്പസാങ്, ഡോസ്റ്റോവ്സ്കി എന്നിവരുടെ കൃതികള്‍ "വായിച്ച് പ്രണമിച്ചു'. സോക്രട്ടീസ് മുതല്‍ റസ്സല്‍ വരെ വായിക്കപ്പെട്ട ചിന്തകന്മാരില് അഴീക്കോട് ആവര്‍ത്തിച്ചു വായിച്ചതു വില്‍ ഡ്യൂറന്റിന്റെ "ദി സ്റ്റോറി ഓഫ് ഫിലോസഫി'യായിരുന്നു. മംഗലാപുരം കോളജ് ലൈബ്രറിയില്‍ നിന്നു വായിച്ച ചില പുസ്തകങ്ങളെ അഴീക്കോട് മഹാഗ്രന്ഥങ്ങള് എന്നാണ് നിര്‍വചിക്കുന്നത്. ഭാരതീയ തര്ക്കശാസ്ത്രത്തെപ്പറ്റി പ്രൊഫ. കുപ്പുസ്വാമി ശാസ്ത്രി എഴുതിയ ഗ്രന്ഥം, ഡോ. എസ്. രാധാകൃഷ്ണനും പ്രൊഫ. എസ്.എന്‍. ദാസ്ഗുപ്തയും രചിച്ച ഇന്ത്യന്‍ തത്ത്വചിന്തയുടെ ചരിത്രഗ്രന്ഥങ്ങള്‍, ഡോ. ഹരിദാസ് ഭട്ടാചാര്യ എഡിറ്റ് ചെയ്ത ഠവല ഈഹൗേൃമഹ ഒലൃശമേഴല ീള കിറശമ എന്നിവ അതില്‍ ചിലതാണ്. ഡോ. അലക്സിസ് കാറല്‍ എഴുതിയ ങമി വേല ഡിസിീംി, പ്രൊഫ. ഗില്‍ബര്‍ട്ട് ഹയറ്റ് എഴുതിയ ങമി' ൌിരീിൂൗലൃമയഹല ാശിറ എന്നീ പുസ്തകങ്ങള്‍ അഴീക്കോടിന്റെ ചിന്തയെ ആഴത്തില്‍ സ്വാധീനിച്ചവയാണ്. ഷേക്സ്പിയര് കൃതികള്‍ വായിച്ച് താന്‍ അതില്‍ പറന്ന് പറന്ന് ഇല്ലാതായെന്നാണ് അഴീക്കോട് പറഞ്ഞിട്ടുള്ളത്. അഴീക്കോടിന്റെ പ്രഭാഷണസാഹിത്യത്തിന്റെ നട്ടെല്ലായി നിവര്‍ന്നു നില്ക്കുന്നതു വേദങ്ങളും ഉപനിഷത്തുക്കളും ഇതിഹാസങ്ങളും ഭാസന്റെയും കാളിദാസന്റെയും ഭവഭൂതിയുടെയും കാവ്യനാടകങ്ങളും ശങ്കരന്റെ ഭാഷ്യങ്ങളുമാണ്. ഇതെല്ലാം കോളജ് പഠനകാലത്തിനു മുമ്പ് വായിക്കാന്‍ കഴിഞ്ഞതു ആറാംക്ലാസ്സില്‍ ആരംഭിച്ച അറിവിനും ജ്ഞാനത്തിനും വേണ്ടിയുള്ള അന്വേഷണത്തിന്റെയും സമര്‍പ്പണത്തിന്റെയും ഫലമായിട്ടാണ്. "പുനര്ജന്മ'ത്തെപ്പറ്റി പ്രസംഗം എഴുതിക്കൊടുക്കാന്‍ വൈമനസ്യം കാണിച്ച അച്ഛന് പറഞ്ഞതു പോലെ ഒരു വിഷയമല്ല, പലപല വിഷയങ്ങള്‍ പഠിച്ചതിനുശേഷം മാത്രമാണ് പത്തൊമ്പതാം വയസ്സില്‍ അഴീക്കോട് ആദ്യത്തെ പൊതുപ്രസംഗം നടത്തിയത്. അതായത് ഇത്രയൊക്കെ പുസ്തകങ്ങള്‍ വായിച്ചതിന്റെ ബലത്തിലാണ് അഴീക്കോട് 1945-ല്‍ മഹാകവി കുമാരനാശാന്റെ ജന്മദിനത്തില് (മേടം ഒന്ന്) തന്റെ പ്രസംഗജീവിതത്തിനു തുടക്കം കുറിച്ചത്. സെന്റ് അലോഷ്യസില്‍ പഠിച്ചിരുന്ന നാലുവര്‍ഷത്തില്‍ (1941-46) ഒരിക്കല്‍ പോലും അഴീക്കോട് പ്രസംഗിച്ചിട്ടില്ലെങ്കിലും മംഗലാപുരത്ത് അന്ന് പ്രസംഗിക്കാന്‍ എത്തിയിരുന്ന ദേശീയ നേതാക്കളുടെ പ്രസംഗങ്ങള്‍ കേള്‍ക്കാന്‍ അദ്ദേഹം അഭിനിവേശം കാണിച്ചിട്ടുണ്ട്. സ്വാതന്ത്ര്യസമരകാലത്ത് അവിടെ പ്രസംഗിച്ച കമലാദേവി ചതോപാധ്യായ, സി. രാജഗോപാലാചാരി, ലക്ഷ്മണ സ്വാമി മുതലിയാര്‍, പണ്ഡിറ്റ് എച്ച്.എന്‍. കുന്‍സ്റു, എസ്.ആര്. രംഗനാഥന്, എച്ച്.വി. കമ്മത്ത്, ലിയാക്കത്ത് അലിഖാന് എന്നിവരുടെ പ്രസംഗങ്ങള്‍ അദ്ദേഹത്തെ ആകര്‍ഷിച്ചിട്ടുണ്ട്. മംഗലാപുരത്തു പഠിക്കുമ്പോള്‍ അവിടെ പ്രസംഗങ്ങള്‍ ഒന്നും നടത്തിയിട്ടില്ലെങ്കിലും അവിടെവച്ച് എഴുത്തുകാരന് എന്നൊരു ഖ്യാതി നേടിയിരുന്നു. അക്കാലത്തു മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ അദ്ദേഹം എഴുതിത്തുടങ്ങിയിരുന്നു - 1945-ല്‍. ഒരു എഴുത്തുകാരന് എന്ന നിലയില്‍ നാട്ടിലും അദ്ദേഹം അറിയപ്പെട്ടു തുടങ്ങിയെങ്കിലും കണ്ണൂരില്‍ 1945-ല്‍ പ്രസംഗം നടത്താന്‍ ക്ഷണിച്ചപ്പോള്‍ പ്രസംഗം ഏതാണ്ട് മനഃപാഠമാക്കിയാണ് വേദിയിലെത്തിയത്! അതിനൊരു പശ്ചാത്തലം കൂടിയുണ്ട്. അക്കാലത്തു ഡോ.കെ. ഭാസ്കരന് നായര്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ആശാന് കവിതകളെപ്പറ്റി ഒരു ലേഖനമെഴുതി - "വിഷാദമോ പ്രസാദമോ' എന്ന ശീര്‍ഷകത്തില്‍. ആശാന് കവിത മനുഷ്യഹൃദയങ്ങളില്‍ വിഷാദത്തിന്റെ കരിനീല തടാകങ്ങള്‍ തുറക്കുന്നുവെന്നായിരുന്നു ഭാസ്കരന് നായരുടെ വിമര്‍ശനം. വിഷാദം ഹൃദയത്തിലേക്കു വരുന്നത് ഒരു ദോഷമായി അദ്ദേഹം കണ്ടു. ""മനുഷ്യന്റെ അന്തരാത്മാവിലേക്കു വിഷാദത്തിന്റെ കരിനീല തടാകങ്ങളെ കെട്ടഴിച്ചു വിടുന്ന കുമാരനാശാന്'' എന്നായിരുന്നു ഭാസ്കരന് നായര്‍ എഴുതിയത്. ഈ വിമര്‍ശനം അന്നത്തെ വിമര്‍ശകരെ ഒന്നടങ്കം ക്ഷോഭം കൊള്ളിച്ചു. ആശാന് ദുഃഖോപാസകനല്ലെന്ന് വാദിച്ച എഴുത്തുകാരെ, ""ഉപാസിക്കുന്നു ദുഃഖത്തെ ഞാന്‍'' എന്നവസാനിക്കുന്ന ആശാന് പദ്യം ഉദ്ധരിച്ചുകൊണ്ടായിരുന്നു ഡോ. ഭാസ്കരന് നായര്‍ അന്ന് വിജയപീഠത്തില്‍ കയറി നിന്നത്. ഡോ. ഭാസ്കരന് നായരെ ആ വിജയപീഠത്തില്‍ നിന്നു താഴെയിറക്കാന്‍ അഴീക്കോട് ആഗ്രഹിച്ചു. ഈ ലേഖനത്തിന് ഒരു മറുപടി എഴുതി "മാതൃഭൂമി' ആഴ്ചപ്പതിപ്പിന് അയച്ചു - "ഭാരതീയതയും ആശാന്റെ വിഷാദാത്മകതയും' എന്ന പേരില്‍. മാതൃഭൂമി ആ പ്രതികരണം പ്രസിദ്ധീകരിച്ചില്ല. അഴീക്കോടിനു വാശിയായി. തന്റെ ഉള്ളിലെ അഗ്നിയെ ആളിക്കത്തിക്കുന്നതു വാശിയാണെന്ന് അഴീക്കോട് പറഞ്ഞിട്ടുണ്ട്. ""വാക്കുകള്‍ ഉള്ളിലെ തീയില്‍ നീറ്റും. അതില്‍ അറിവും അനുഭവവും ബുദ്ധിയും നിരീക്ഷണവും എല്ലാം ചാലിച്ചു ചേര്‍ക്കും'' എന്നൊരു വിശദീകരണം കൂടി അഴീക്കോട് നല്‍കിയിട്ടുണ്ട്. ഒരു എഴുത്തുകാരന് എന്ന നിലയില്‍ ഡോ. കെ. ഭാസ്കരന് നായരെ സര്‍വ്വരും ആരാധിക്കുന്ന സന്ദര്‍ഭത്തിലാണ് അദ്ദേഹത്തെ എതിര്‍ത്തുകൊണ്ട് അഴീക്കോട് രംഗത്തുവന്നത്. ആശാന് ജന്മദിനത്തില് കണ്ണൂരിലെ കൂട്ടുകാര്‍ ചേര്‍ന്നായിരുന്നു അഴീക്കോടിന്റെ "ആദ്യ'പ്രസംഗത്തിന് അരങ്ങൊരുക്കിയത്. കണ്ണൂര്‍ ടൗണില്‍ ഒരു മാടക്കടയുടെ മറവില്‍ പത്തുപതിനെട്ടു പേരുള്ള ഒരു സദസ്സിലായിരുന്നു അഴീക്കോട് അന്ന് പ്രസംഗിച്ചത്. ചെറിയൊരു സദസ്സായിരുന്നെങ്കിലും രംഗഭീതി എന്ന പ്രഭാഷണശാപം തന്നെ മൃദുലമായി അന്ന് പിടികൂടിയിരുന്നുവെന്ന് അഴീക്കോട് പറഞ്ഞിട്ടുണ്ട്. അതേപ്പറ്റി ഇപ്രകാരമാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്: ""അക്കാലത്തു ഞാന്‍ ഫുള്‍കൈ ഷര്‍ട്ടാണ് ധരിച്ചിരുന്നത്. അതിനാല്‍ കൈവിറക്കുന്നതൊന്നും ആരും കണ്ടിരിക്കാന്‍ ഇടയില്ല. അന്നത്തെ പ്രസംഗം മിക്കവാറും മന:പാഠം പഠിച്ചാണ് അവതരിപ്പിച്ചത്. മന:പാഠം നടത്തി പ്രസംഗം വേണ്ടായെന്നു തീരുമാനിച്ചതും അന്നാണ്. മന:പാഠം ഓര്‍മ്മിച്ചെടുക്കുന്നതു പ്രസംഗത്തിന്റെ സ്വാഭാവികത നഷ്ടമാകുമെന്ന് എനിക്കു മനസ്സിലായി.'' ആദ്യത്തെ പ്രസംഗം മന:പാഠം നടത്തി അവതരിപ്പിച്ചതാണെങ്കിലും പില്ക്കാലത്ത് അഴീക്കോട് മലയാളികളെ മുഴുവന്‍ അഭിസംബോധന ചെയ്തപ്പോള്‍ രൂപപ്പെട്ട വ്യത്യസ്തമായ ആ എതിര്‍പ്പിന്റെ ശൈലിയും സ്വരവും അന്നത്തെ പ്രസംഗത്തില്‍ തന്നെ കടന്നുവന്നിരുന്നു എന്നതാണ് ആദ്യത്തെ പ്രസംഗത്തിന്റെ പ്രത്യേകത! ആദ്യത്തെ പ്രസംഗത്തില്‍ ഡോ. കെ. ഭാസ്കരന് നായരെ എതിര്‍ത്തെങ്കിലും ആ വിമര്‍ശനം വാക്കുകളില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതായിരുന്നു. ഇരുവരും തമ്മില്‍ പില്ക്കാലത്ത് അത്രമാത്രം ഹൃദയബന്ധം നിലനിര്‍ത്തിയിരുന്നു. അഴീക്കോടിന്റെ ഏതൊരു പ്രസംഗത്തിലും എതിര്‍പ്പിന്റെയും വിമര്‍ശനത്തിന്റെയും സ്വരമുണ്ടെങ്കിലും അത് ശ്രോതാക്കളുടെ ഹൃദയത്തില്‍ ഒരിക്കലും വിദ്വേഷമോ വിവേചനമോ നിക്ഷേപിച്ചിരുന്നില്ല. 1945-ല്‍ മൂന്നു പ്രസംഗങ്ങള്‍ കൂടി അഴീക്കോട് നടത്തി. അതില്‍ രണ്ടെണ്ണം അനുശോചന പ്രസംഗങ്ങള്‍ ആയിരുന്നു. ഗാന്ധിയനും ഗോപാലകൃഷ്ണ ഗോഖലെയുടെ കേരളത്തിലെ നേതാവുമായിരുന്ന വി.ആര് നായനാര്‍ അന്തരിച്ചപ്പോള്‍ മെയ് ഒന്നിന് അലവിലും മെയ് രണ്ടിനു കണ്ണൂരും നടത്തിയ അനുശോചന സമ്മേളനത്തിലായിരുന്നു ആ പ്രസംഗങ്ങള്‍. അഴീക്കോട് വാഗ്ഭടാനന്ദ ഗുരുദേവസമാജം നടത്തിയ യോഗത്തിലായിരുന്നു മറ്റൊരു പ്രസംഗം. സുകുമാര്‍ അഴീക്കോട് പില്ക്കാലത്തു തന്റെ അച്ഛനെക്കാള്‍ കീര്‍ത്തി നേടിയ പ്രഭാഷകനായെങ്കിലും പ്രസംഗകലയില്‍ തന്റെ ഗുരുവും വഴികാട്ടിയും അച്ഛന് തന്നെയാണെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. അച്ഛന്റെ പ്രസംഗം കേട്ടിട്ടാണ് പ്രഭാഷകന്റെ ഒരു ഉള്‍വിളി തന്നില്‍ ഉണ്ടായതെന്ന് വെളിപ്പെടുത്തുക മാത്രമല്ല ചുരുണ്ട തലമുടിയും ചുണ്ടത്തെ നേരിയ ചിരിയും മറ്റുമായി വീട്ടില്‍ കാണുന്ന അച്ഛനില്‍നിന്നും ഭിന്നനായ ഒരാളെ, ശബ്ദരൂപങ്ങളോടു കൂടിയ മറ്റൊരു പുതിയ അച്ഛനെയാണ് താന്‍ വേദികളില്‍ കണ്ടിട്ടുള്ളതെന്നും അഴീക്കോട് സ്മരിച്ചിട്ടുണ്ട്. വിദ്വാനായിരുന്ന അച്ഛന് സംസ്കരിച്ച മലയാളം ഉപയോഗിച്ചാണ് പ്രസംഗിച്ചിരുന്നതെങ്കിലും ആദ്യകാലത്തു അഴീക്കോട് പ്രസംഗിച്ചപ്പോള്‍ "അച്ഛന്റെ ഭാഷ' ആയിരുന്നില്ല, അവലംബിച്ചിരുന്നത്! അത് സംസ്കൃതത്തോടുള്ള ആഭിമുഖ്യം കൊണ്ടായിരുന്നു. പില്ക്കാലത്ത് അഴീക്കോട് അതു തിരുത്തി. അച്ഛന്റെ പ്രസംഗം മാത്രമല്ല എഴുത്തും എല്ലാം പോയ്മറഞ്ഞതു ജീവിതവ്യഗ്രതയുടെ തീകുണ്ഡത്തില്‍ എരിഞ്ഞെരിഞ്ഞാണെന്ന് ആത്മകഥയില്‍ അഴീക്കോട് സൂചിപ്പിച്ചിട്ടുണ്ട്. അഴീക്കോടും ചുറ്റും ഉള്ള സാംസ്കാരിക പരിപാടികളിലും ആത്മവിദ്യാസംഘത്തിന്റെ യോഗങ്ങളിലും അഴീക്കോടിന്റെ അച്ഛന് ഒരു സ്ഥിരം പ്രഭാഷകനായിരുന്നു. അച്ഛന്റെ പ്രസംഗം കേള്‍ക്കാന്‍ അമ്മയോടൊപ്പം മക്കളെല്ലാം പോകുമായിരുന്നു. അതേപ്പറ്റി അഴീക്കോട് ഇപ്രകാരം പറയുന്നു: ""ചെറുപ്പത്തില്‍ അച്ഛന്റെ പ്രസംഗം കേള്‍ക്കാന്‍ പോകുന്നതില്‍ കാണിച്ച ഉത്സാഹമാണ് പിന്നീട് എന്റെ സ്വഭാവത്തിന്റെ അനിവാര്യമായ ഭാഗമായിത്തീര്‍ന്നത്. വൈകുന്നേരം കളിക്കാന്‍ പോകുന്നതു നിരുത്സാഹപ്പെടുത്തിയ അച്ഛനും അമ്മയും പ്രസംഗം കേള്‍ക്കാന്‍ പോകുന്നതിനെ തികച്ചും പ്രോത്സാഹിപ്പിച്ചു. എന്റെ സഹോദരങ്ങളെല്ലാം ആ പ്രസംഗം കേട്ടിട്ടുണ്ടെങ്കിലും പ്രസംഗപ്രണയത്തോട് ഒട്ടിപ്പിടിച്ചതു ഞാന്‍ മാത്രം.'' അച്ഛന്റെ പ്രസംഗങ്ങള്‍ കേട്ടതില്‍നിന്നും എന്തു നേടിയെന്നുള്ള ചോദ്യത്തിനു അഴീക്കോടിന്റെ മറുപടി ഇങ്ങനെയായിരുന്നു: ""അച്ഛന്റെ ഓരോ പ്രസംഗവും കേട്ടു കഴിയുമ്പോള്‍ തുടര്‍ന്നുള്ള പ്രസംഗങ്ങളും കേള്‍ക്കാന്‍ തോന്നും. അങ്ങനെ അച്ഛന് എനിക്കു പ്രചോദനമായി. എന്നെ ഒന്നാമതായും വീണ്ടും വീണ്ടും ആകര്‍ഷിച്ചത് അച്ഛന്റെ ശബ്ദമായിരുന്നു. ഒച്ച ഉയര്‍ത്തിയുള്ള സംസാരമല്ല. കേള്‍വിക്കു മധുരമായ ശബ്ദമല്ല. ഗാംഭീര്യമുള്ള ശബ്ദം. വെള്ളം തോട്ടിലൂടെ ഒഴുകിപ്പോകുമ്പോള്‍ ഗുളുഗുളു എന്ന് താളത്തിലുള്ള ഒരൊച്ച കേള്‍ക്കുമല്ലോ. അതുപോലത്തെ ശബ്ദമാണ്. തൊണ്ടയില്‍ നിന്നുണ്ടാകുന്ന ഒരു ഒഴുക്കിന്റെ മുഴക്കമാണ് അത്.'' അച്ഛന്റെ ശബ്ദം മാത്രമല്ല, പ്രസംഗിക്കുമ്പോള്‍ അച്ഛന്റെ മുഖവും സംസാരരീതിയും രംഗവിക്ഷേപങ്ങളും ധരിച്ച കോട്ടും അഴീക്കോടിനെ ആകര്‍ഷിച്ചു. അച്ഛന്റെ പ്രസംഗം എന്താണെന്ന് ഓര്‍മ്മയില്ലെങ്കിലും തന്നെ പ്രചോദിപ്പിച്ചത് അച്ഛന്റെ പ്രഭാഷണത്തിന്റെ ശില്പമായിരുന്നെന്നും അഴീക്കോട് എഴുതി. അതേപ്പറ്റി ഇങ്ങനെ പറയുന്നു: ""വിഷയവും ജ്ഞാനവും എനിക്കു സൃഷ്ടിക്കാന്‍ കഴിയും. പക്ഷേ ആ ശബ്ദവും നില്പും മുഖഭാവവും വളരെ പ്രധാനമാണെന്ന് എങ്ങനെയോ എന്റെ ഉള്ളില്‍ ഒരു തോന്നലുണ്ടായി.'' അച്ഛന്റെ പ്രസംഗത്തിനു "മാര്‍ക്ക്' ഇടുകയോ അതെപ്പറ്റി അഭിപ്രായം രേഖപ്പെടുത്തുകയോ ചെയ്യാനല്ല, പിന്നെയോ, ആ പ്രസംഗം ശ്രദ്ധിക്കുന്നതില്‍ പുതിയൊരു സുഖം മെല്ലെ കണ്ടെത്താനാണ് അഴീക്കോട് ശ്രമിച്ചത്. തുടര്‍ന്ന് അച്ഛന്റെ മിത്രങ്ങളുടെ, പ്രത്യേകിച്ച് വാഗ്ഭടാനന്ദഗുരുദേവന്, എം.ടി. കുമാരന്, പാമ്പന്‍ മാധവന്, സ്വാമി ബ്രഹ്മവ്രതന്, കെ. അച്യുതന് നായര്‍ എന്നിവരുടെ പ്രസംഗങ്ങള്‍ അദ്ദേഹം കേട്ടു തുടങ്ങി. ഇവരുടെ പ്രസംഗങ്ങള്‍ കേട്ടുരസിച്ചപ്പോഴും അവരുടെ പ്രസംഗത്തിലെ വ്യത്യാസങ്ങളും മേന്മകളും പോരായ്മകളും ബാലനായ അഴീക്കോടിന്റെ മനസ്സില്‍ തെളിഞ്ഞു വന്നിരുന്നു. ഇതിനെ അബോധപൂര്‍വ്വം ഉണ്ടായ വിവേചനമെന്നാണ് അദ്ദേഹം വിശേഷിപ്പിക്കുന്നത്. ഇത്തരമൊരു ത്യാജ്യഗ്രാഹ്യവിവേചന ബുദ്ധി ബാല്യത്തില്‍ തന്നെ തെളിഞ്ഞുവന്നതു കൊണ്ടാണ് അഴീക്കോടിനു പ്രസംഗകലയില്‍ ഉയരത്തിലെത്താന്‍ കഴിഞ്ഞത്. അച്ഛന്റെ പ്രസംഗമാണ് അഴീക്കോട് ആദ്യം കേട്ടു തുടങ്ങിയതെങ്കിലും അച്ഛനെ കാണാന്‍ വീട്ടില്‍ വരുന്നവരുടെയും പ്രസംഗങ്ങളില്‍ അഴീക്കോട് ആകൃഷ്ടനായതാണ് ബാല്യത്തില്‍ ഒരു "പ്രസംഗപരിശീലന'ത്തിന് അവസരമുണ്ടാക്കിയത്. അച്ഛനെ കാണാന്‍ വന്നിരുന്നവര്‍ അക്കാലത്ത് അറിയപ്പെടുന്ന പ്രഭാഷകരായിരുന്നു - വാഗ്ഭടാനന്ദന്റെ ശിഷ്യന് എം.ടി. കുമാരന്, ആത്മവിദ്യാസംഘം പ്രവര്ത്തകന് ടി.വി. അനന്തന്, കോണ്‍ഗ്രസ്-സോഷ്യലിസ്റ്റ് നേതാവ് പി.എം. കുഞ്ഞിരാമന് നമ്പ്യാര്‍, പാമ്പന്‍ മാധവന്, കമ്യൂണിസ്റ്റ് നേതാവ് കെ.പി. ഗോപാലന് എന്നിങ്ങനെ ആ പട്ടിക നീളുന്നു. പ്രസംഗത്തില്‍ മുഖം നോക്കാതെ പറയാനുള്ള ധീരത മാത്രമല്ല ഖണ്ഡനവിമര്‍ശനം, വൈരുധ്യം കണ്ടുപിടിക്കല്, വാദപ്രതിവാദം എന്നിങ്ങനെയുള്ള മട്ടുകളും രീതികളും അഴീക്കോട് സ്വായത്തമാക്കിയതു വാഗ്ഭടാനന്ദന്, എം.ടി. കുമാരന്, സ്വാമി ബ്രഹ്മവ്രതന്, പാമ്പന്‍ മാധവന് എന്നിവരില്‍ നിന്നായിരുന്നു. പ്രസംഗത്തില്‍ വാഗ്ഭടാനന്ദന് അവതരിപ്പിച്ച ആശയങ്ങളുടെ ആഴവും ബ്രഹ്മവ്രതന് അവതരിപ്പിച്ച വാക്കുകളിലെ രോഷവും എം.ടി. കുമാരന് അവതരിപ്പിച്ച വസ്തുതകളിലെ പരിഹാസവും പ്രസംഗം ശ്രവിച്ച അഴീക്കോടിനെ ബാല്യത്തില്‍ ആകര്‍ഷിച്ചു. സുകുമാര്‍ അഴീക്കോടിന്റെ പ്രഭാഷണജീവിതത്തിലേക്ക് ആദ്യം കടന്നുവന്നതു വാഗ്ഭടാനന്ദ ഗുരുദേവന്റെ പ്രഭാവമായിരുന്നു. അദ്ദേഹം ഇങ്ങനെ പറയുന്നു: ""ഞങ്ങളൊക്കെ സൂര്യനെ നോക്കുന്നതുപോലെ അദ്ദേഹത്തിന്റെ പ്രഭാഷണം കേള്‍ക്കും. അദ്ദേഹം പറയുന്ന ആത്മവിദ്യയുടെ വേദാന്തം കുട്ടികള്‍ക്കു പോലും മനസ്സിലാകും. വേദാന്തം ഞങ്ങളുടെ ഉള്ളിലേക്കു നിഷ്പ്രയാസം കയറും.'' വാഗ്ഭടാനന്ദന് ശ്വസിച്ചു ജീവിച്ച അന്തരീക്ഷത്തില്‍ വളര്‍ന്നുവന്ന അഴീക്കോട് അദ്ദേഹത്തിന്റെ പ്രൗഢമായ പ്രഭാഷണം ആദ്യം കേള്‍ക്കുന്നതു പത്തുപതിനൊന്നു വയസ്സുള്ളപ്പോഴായിരുന്നു. ആ വചനാമൃതത്തിന്റെ മാസ്മരമായ വശീകരണശക്തി അറിയുന്നതിന് ഒരു പ്രഭാഷണം കേട്ടാല്‍ മതിയെന്നും പ്രഭാഷണം ശ്രവിച്ച ശിഷ്യന്മാരും അനുയായികളും അദ്ദേഹത്തെ ഗുരുദേവന് എന്നു വിളിച്ചത് ഈ അനുഭവത്തിനു വാക്കിന്റെ രൂപം കൊടുക്കാനാണെന്നും അഴീക്കോട് പറഞ്ഞിട്ടുണ്ട്. ആത്മകഥയില്‍ അഴീക്കോട് ഇങ്ങനെ എഴുതുന്നു: ""ഗുരുദേവന്റെ പ്രസംഗം കേട്ടിട്ട് എനിക്കു മനസ്സിലായില്ല എന്നു സമ്മതിക്കാം. പക്ഷെ "മനസ്സിലാവില്ല എന്നു മനസ്സിലാകും' എന്നാണ് മൊത്തത്തില്‍ മനസ്സിലായത്. പ്രഭാഷണം മനസ്സിലാവുക എന്നു പറയുമ്പോള്‍ നാം ശബ്ദഭാഷയിലുള്ള പ്രഭാഷണം ഗ്രഹിക്കുന്ന കാര്യമാണ് ഉദ്ദേശിക്കുന്നത്. പക്ഷെ നല്ല പ്രഭാഷകനു മറ്റൊരു ഭാഷയുണ്ട്. സമാന്തരമായി അതിലും പ്രസംഗം നടത്തുന്നു. രണ്ടും ചേര്‍ന്നുണ്ടായ പ്രഭാഷണം നാം ഒരേസമയത്ത് കാണുകയും കേള്‍ക്കുകയും ചെയ്യുന്നു. ശബ്ദഭാഷയ്ക്കപ്പുറത്താണ് ശരീരഭാഷ. അതിനപ്പുറത്ത് ആത്മാവിന്റെ ഭാഷ. ഗുരുദേവന്റെ ശരീരഭാഷ നാവിനേക്കാള്‍ വാചാലമാണ്. വെറുതെയല്ല വാഗ്ഭടന് ആയത്. അദ്ദേഹത്തിന്റെ പുഞ്ചിരി, ഇടയ്ക്കുള്ള മൗനം, തിരിഞ്ഞുനോട്ടം, ആംഗ്യങ്ങള്‍, മറ്റു ചേഷ്ടകള്‍, ശബ്ദവിന്യാസത്തിലെ വൈചിത്ര്യം, പദ്യം ചൊല്ലല്‍ തുടങ്ങി പലപല ആശയപ്രകടനത്തിനുള്ള ഉപായങ്ങള്‍ അദ്ദേഹത്തിനു മലയാളമോ സംസ്കൃതമോ പോലെ തന്നെ തികച്ചും വശംവദമായിരുന്നു. അതിനപ്പുറത്താണ് ശബ്ദത്തിന്റെ ഗാംഭീര്യവും മുഖത്തിന്റെ തേജസ്സും. ആത്മാവിന്റെ ഭാഷ, ശബ്ദഭാഷ എണ്പതു ശതമാനവും തലയ്ക്കു മുകളില്‍ പാറിപ്പോയാലും ശരീരത്തിന്റെ സ്പഷ്ടമായ ഭാഷ ആ പോരായ്മയെ ശരിക്കും നികത്തിയിരുന്നു. പ്രസംഗകലയുടെ ബാലപാഠങ്ങള്‍ - അല്ല ഗുണപാഠങ്ങള്‍ - സ്വയം അറിയാതെ ഞാന്‍ മനസ്സിലാക്കുകയായിരുന്നു. ഗുരുദേവന്റെ ശ്രോതാക്കളെയെല്ലാം അദ്ദേഹം നിര്‍മലമായ ഗദ്യവും നിശ്ശബ്ദമായ ചിന്തയും കൊണ്ട്, ഭാരതീയ സംസ്കാരത്തിന്റെ അടിത്തറ പടുത്ത എല്ലാ തത്ത്വങ്ങളെയും മഹാഗ്രന്ഥങ്ങളെയും അ മുതല്‍ ക്ഷ വരെ ഹൃദയം കവര്‍ന്നുകൊണ്ട് പഠിപ്പിക്കുകയായിരുന്നു. എതിരാളികളെ എള്ളുപോലെ ചവച്ചരച്ച് ജിജ്ഞാസുക്കളെ വാത്സല്യത്തോടെ തലോടിയുണര്ത്തിയും ജാതിമതഭേദങ്ങള്‍ക്കതീതമായി നമ്മുടെ അജ്ഞാനാന്ധകാരങ്ങളുടെ പാപക്കറ കഴുകി. ചെറുശ്ശേരിയുടെ കോലത്തുനാടു തൊട്ട് കണ്ണശ്ശന്മാരുടെ വഞ്ചിനാടു വരെ ആ വിചാരസുധ അലിഞ്ഞുചേര്‍ന്ന് നവദേവഗംഗ പരന്നൊഴുകി.'' വാഗ്ഭടാനന്ദന്റെ പ്രസംഗം ഒരു പ്രശാന്തസമരം പോലെ അഴീക്കോടിന് അനുഭവപ്പെട്ടു. അധര്‍മ്മത്തിനു അഭ്യുത്ഥാനം വരുമ്പോള്‍ നമുക്കു കൈവന്ന ജ്ഞാനാവതാരമായിട്ടാണ് അദ്ദേഹം വാഗ്ഭടാനന്ദനെ വീക്ഷിച്ചത്. വാഗ്ഭടാനന്ദന്റെ പ്രസംഗങ്ങള്‍ ശ്രവിച്ച ബാലനായ അഴീക്കോട് അന്ന് ""പുതുദീപം മുന്നില്‍ പതംഗി പോലെ'' സംഭ്രമിച്ചിട്ടായാലും തന്റെ ജീവിതവും ചിന്തയും കര്‍മ്മവും വാഗ്ഭടാനന്ദപ്രഭയാല് തെളിയിക്കപ്പെട്ടതായിരിക്കണമെന്ന് പ്രതിജ്ഞയെടുത്തു. വാഗ്ഭടാനന്ദന്റെ ശിഷ്യനായ എം.ടി. കുമാരന്റെ വാഗ്മിത്വവും അഴീക്കോടിനെ ആകര്‍ഷിച്ചു. പ്രസംഗത്തിനു മുമ്പ് വേദിയില്‍ വന്നു പ്രാര്‍ത്ഥന ചൊല്ലുമ്പോള്‍ തന്നെ അദ്ദേഹം സദസ്യരെ മുഴുവന്‍ വശീകരിച്ചു കഴിയും. എം.ടി. കുമാരന് മാസ്റ്റര്‍ അഴീക്കോടിന്റെ എലിമെന്ററി സ്കൂള്‍ അധ്യാപകനായിരുന്നതിനാല്‍, പ്രസംഗയാത്രയുടെ തുടക്കം മുതല്‍ തന്നേ ""ദുര്‍ഘടവഴിയിലൂടെ കൈപിടിച്ചു നടത്തിയ ഗുരു'' എന്നാണ് അഴീക്കോട് അദ്ദേഹത്തെ വിശേഷിപ്പിച്ചിട്ടുള്ളത്. കുമാരന് മാസ്റ്ററെപ്പറ്റി അഴീക്കോട് ഇങ്ങനെ എഴുതുന്നു: ""പ്രസംഗത്തില്‍ മാസ്റ്റര്‍ വികാരാവേശത്തിന്റെയും നര്മ്മപ്രയോഗത്തിന്റെയും പ്രതീക്ഷ ആദ്യമേ ഉയര്‍ത്തും. എന്നിട്ട് ശ്രോതാക്കളെ തനിക്കു വിധേയരാക്കും. ഇത്തരമൊരു സിദ്ധിവിശേഷം അദ്ദേഹത്തെ അനുഗ്രഹിച്ചിരുന്നു. അതുപോലെ അദ്ദേഹത്തിന്റെ നര്മ്മലാളിത്യം. അത് എന്നെ സ്വാധീനിച്ചു.'' എം.ടി. കുമാരന് അഴീക്കോടിന്റെ "ഹീറോ' തന്നെയായിരുന്നു. ആശാന്റെയും വള്ളത്തോളിന്റെയും മറ്റനവധി കവികളുടെയും കവിതയും ശ്രീശങ്കരന്റെ അദൈ്വതവും ഒരേ മാധുര്യത്തോടെ പ്രസംഗിക്കാന്‍ കഴിവുള്ള അനുഗ്രഹീതനായിരുന്നു കുമാരന് മാസ്റ്റര്‍. തന്റെ മാസ്റ്റര്‍ പ്രസംഗകലയില്‍ ഒരു അനുഭവംതന്നെയാണെന്ന് അഴീക്കോട് പറയുന്നു: ""നീണ്ടു നിവര്‍ന്നു ആകെ തൂവെള്ള ഖാദി ധരിച്ച അദ്ദേഹം വേദിയില്‍ വന്നു നില്ക്കുന്നതുതന്നെ ഒരു അനുഭവമാണ്. അതിന്റെ പാതിരൂപ പ്രഭാവം ഇല്ലാത്ത ഞാന്‍ ആദ്യം പ്രസംഗവേദിയെ പേടിച്ചതു എന്റെ പോരായ്മ ഓര്‍ത്താണ്.'' പ്രഭാഷണകലയില്‍ ഒന്നാമനായ എം.ടി. കുമാരനു പക്ഷേ കേരളമൊട്ടാകെ പ്രശസ്തി കിട്ടാതെ പോയത് അദ്ദേഹത്തിന് എഴുത്തില്ലാതെ പോയതുകൊണ്ടാണ്. പ്രഭാഷണകേസരിയായ എം.പി. മന്മഥന് പ്രഭാഷകന്‍ എന്ന കീര്‍ത്തി ഉറയ്ക്കാതെ പോയതും ഈ കാരണം കൊണ്ടുതന്നെ. ""എന്നാല്‍ മുണ്ടശ്ശേരിയെ ഒരു കയ്യില്‍ തൂലികയും മറ്റേ കയ്യില്‍ ചുരുട്ടിയ മുഷ്ടിയുമായേ നമുക്കു സങ്കല്പിക്കാന് കഴിയൂ'' എന്നു ബോധ്യപ്പെട്ടിരുന്ന അഴീക്കോടും തന്റെ പ്രഭാഷണ ജീവിതത്തിന്റെ തുടക്കം മുതല്‍ അതിനെ എഴുത്തിന്റെ ഒരു ഭാഗമായിട്ടാണ് സ്വീകരിച്ചുവന്നത്. എം.ടി. കുമാരന് മാസ്റ്ററുടെ വാഗ്മിത്തം അഴീക്കോടിനെ ആകര്‍ഷിച്ചെങ്കിലും അദ്ദേഹത്തിന്റെ പ്രസംഗരീതി ശിഷ്യനായ അഴീക്കോട് അനുസരിച്ചില്ല! എന്നാല്‍ കുമാരന് മാസ്റ്ററുടെ രസികത്തവും പ്രത്യുത്പന്നമതിത്വവും അഴീക്കോടിന്റെ പ്രസംഗകലയെ വളരെ സ്വാധീനിച്ചു. തന്റെ ബാല്യത്തില്‍ കുമാരന് മാസ്റ്ററുടെ പ്രസംഗങ്ങള്‍ കേട്ടതിനെപ്പറ്റി അഴീക്കോട് ഇപ്രകാരം പറയുന്നു: ""മാസ്റ്ററുടെ പ്രസംഗം ഇമ്പമേറിയതും ചിന്തകൊണ്ടും ഭാഷകൊണ്ടും ഫലിതംകൊണ്ടും ഉപമകള്‍ കൊണ്ടും ഏറെ സമാകര്ഷവുമായിരുന്നു. ആ ശബ്ദത്തിന്റെ പ്രയോഗവൈചിത്ര്യം പ്രഭാഷണത്തിന്റെ ഒന്നാമത്തെ ആകര്ഷണകാരണമാണ്. അതില്‍ നിന്നു ഞാന്‍ ഉള്‍കൊണ്ടു. സ്വാഭാവികരീതിയില്‍ നിന്നു വ്യത്യസ്തമായ ആ പ്രസംഗത്തില്‍ ശബ്ദം മാത്രമല്ല, നില്പ്, അംഗവിക്ഷേപം, നിര്‍ഭീകമായ വിമര്ശനതല്പരത, മധുരമായ കവിതോദ്ധാരണം എന്നിവയും എല്ലാം കൊണ്ടും വിലോഭനീയമായിരുന്നു. ഇങ്ങനെ എല്ലാം രസകരമായതുകൊണ്ട് ആ പ്രസംഗത്തിന്റെ ആകര്‍ഷകത്വവും കൂടി.'' എം.ടി. കുമാരന്റെ ഈ രസികത്വം അഴീക്കോടും പ്രസംഗകലയില്‍ സ്വീകരിച്ചു. കുമാരന് മാസ്റ്ററുടെ പ്രസംഗം അല്പം ഇഷ്ടക്കുറവോടെ കേള്‍ക്കാന്‍ വന്ന നാട്ടിലെ ഒരു പ്രമാണി, പ്രസംഗം കഴിഞ്ഞപ്പോള്‍, എം.ടിയുടെ പ്രസംഗം ഒട്ടും "എംപ്ടി'യല്ല എന്നു പറഞ്ഞത് അഴീക്കോടിന് ഓര്‍മ്മയുണ്ടായിരുന്നു. അഴീക്കോടും ഒരിക്കലും "എംപ്ടി'യായ പ്രസംഗം ഒരിടത്തും നടത്തിയിട്ടില്ല. ഭിന്നരുചിക്കാരായ സാധാരണ ജനങ്ങളെ പ്രസംഗം കേള്‍പ്പിച്ച് ഇരുത്തുന്നതിനു ചില ശില്പവേലകള് ആവശ്യമാണെന്ന് കുമാരന് മാസ്റ്ററില്‍ നിന്നാണ് അഴീക്കോട് മനസ്സിലാക്കിയത്. ഒരിക്കല്‍ ശിവഗിരിയില്‍ പ്രസംഗിച്ചപ്പോള്‍ ആര്. ശങ്കര്‍, വേദിയില്‍ ഉണ്ടായിരുന്ന എം.ടി. കുമാരനെ നോക്കി ഒരു നേരംപോക്ക് പറഞ്ഞു കയ്യടി വാങ്ങി. ""എന്റെ സ്നേഹിതന് കുമാരന് അടുത്തുതന്നെ ശിവഗിരിയില്‍ വരുമ്പോള്‍ മഞ്ഞവസ്ത്രം ധരിച്ചുവരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു'' എന്നായിരുന്നു ശങ്കര്‍ പറഞ്ഞത്. എന്നാല്‍ താന്‍ രാഷ്ട്രീയക്കാരെപ്പോലെ അവസരം അനുസരിച്ച് വസ്ത്രം മാറുന്ന ആളല്ല എന്നായിരുന്നു തന്റെ ഊഴം വന്നപ്പോള്‍ കുമാരന് മാസ്റ്റര്‍ തിരിച്ചടിച്ചത്. ഇത്തരം തിരിച്ചടികള്‍ അഴീക്കോടും ഒട്ടും കൂസാതെ നടത്തിയിട്ടുണ്ട്. വാഗ്ഭടാനന്ദന്റെ മറ്റൊരു ശിഷ്യനായ സ്വാമി ബ്രഹ്മവ്രതന്റെ പ്രസംഗത്തിന്റെ ഉജ്വലതയും അഴീക്കോടിനെ സ്വാധീനിച്ചു. ബ്രഹ്മവ്രതനും പ്രസംഗത്തില്‍ വിമര്‍ശന തല്പരത ഉണ്ടായിരുന്നു. ഉള്ളൂര്‍ വിമര്‍ശനത്തിന്റെ പേരില്‍ ജോസഫ് മുണ്ടശ്ശേരിയെ എതിര്‍ത്തു ബ്രഹ്മവ്രതന് നടത്തിയ പ്രസംഗം അഴീക്കോടിനെ ആകര്‍ഷിച്ചു. ആര്‍ക്കും കീഴടങ്ങാത്ത ബ്രഹ്മവ്രതന്റെ പ്രകൃതം ഏറെക്കുറെ അഴീക്കോടിനും ഉണ്ടായിരുന്നു. അഴീക്കോട് ബാല്യത്തില്‍ കേട്ട് ആസ്വദിച്ച മറ്റൊരു പ്രഭാഷകന്‍ പാമ്പന്‍ മാധവനായിരുന്നു. ദേശീയബോധവും രാഷ്ട്രീയബോധവും പ്രസരിപ്പിച്ചുകൊണ്ട് പാമ്പന്‍ മാധവന് മണിക്കൂറുകള്‍ പ്രസംഗിക്കുന്നതു അഴീക്കോടിനെ വിസ്മയിപ്പിച്ചു. ഏതു വിഷയത്തെപ്പറ്റിയും പ്രസംഗിക്കാന്‍ ആഴത്തിലുള്ള വായന ആവശ്യമാണെന്ന് പാമ്പന്‍ മാധവനാണ് അദ്ദേഹത്തെ ബോധ്യപ്പെടുത്തിയത്. മാധവന്റെ വീട്ടിലെ പുസ്തകങ്ങളും വായിച്ചുതീര്ത്തിട്ടായിരുന്നല്ലോ അഴീക്കോട് തന്റെ പ്രസംഗജീവിതത്തിലേക്കു കടന്നുവന്നത്. പാമ്പന്‍ മാധവന്റെ രാഷ്ട്രീയ പ്രസംഗത്തെപ്പറ്റി അഴീക്കോട് ഇങ്ങനെ പറയുന്നു: ""പാമ്പന്റെ പ്രസംഗങ്ങള്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയപാണ്ഡിത്യത്തിന്റെ നിദര്‍ശനങ്ങളായിരുന്നു. ചരിത്രസംഭവങ്ങള്‍ കൊല്ലംതെറ്റാതെ വര്‍ണ്ണിക്കുമ്പോള്‍ ബോറടി തോന്നാതെ എങ്ങനെ അവതരിപ്പിക്കാമെന്ന് അദ്ദേഹം കാണിച്ചുതന്നു. വായനയുടെ ആഴം ആ പ്രസംഗങ്ങളില്‍ നിഴലിച്ചു. കോണ്‍ഗ്രസില്‍ ഇതുപോലെ ഒരു പ്രസംഗം ഞാന്‍ കേട്ടിട്ടില്ല. പുസ്തകച്ചുവയുടെ ഇടയിലൂടെ കോണ്‍ഗ്രസിന്റെ ആദര്‍ശത്തിലുള്ള അചഞ്ചലമായ വിശ്വാസം പുറത്തുവരുന്നതു ശ്രോതാക്കളുടെ മനസ്സിനെ പിടിച്ചുനിര്‍ത്തുവാന്‍ ഉതകി.'' ഗുരുക്കന്മാരില് ഒന്നാംസ്ഥാനത്ത് അഴീക്കോട് കിരീടധാരണം ചെയ്തിരുത്തിയിരിക്കുന്നതു ഹെഡ്മാസ്റ്റര് കെ. അച്യുതന് നായരെയാണ്. അദ്ദേഹത്തിന്റെ ഇംഗ്ലീഷ് പ്രസംഗം കേട്ടിട്ടാണ് തനിക്കും അതുപോലെ പ്രസംഗിക്കണമെന്ന് ആഗ്രഹം തോന്നിയത്. അച്യുതന് നായരുടെ പ്രസംഗം ബുദ്ധിശക്തിയുടെ തോരാത്ത വെളിച്ചം കൊണ്ട് മറക്കാന്‍ കഴിയാത്തതാണെന്നു അഴീക്കോട് പറഞ്ഞിട്ടുണ്ട്. അച്യുതന് നായരില്‍ നിന്നുണ്ടായ സ്വാധീനത്തെപ്പറ്റി ഇങ്ങനെ എഴുതുന്നു: ""അച്ഛന്റെ പ്രസംഗം പോലെ തൊണ്ടയില്‍ നിന്നുള്ള ഗുളുഗുളു നാദം കലര്‍ന്ന് ഇമ്പം ഉണ്ടാക്കിയ മറ്റൊരു പ്രഭാഷകനായിരുന്നു അച്യുതന് മാഷ്. അച്ഛന്റെ ശബ്ദത്തെക്കാള്‍ അതിന് അല്പം നേര്‍മ്മ കൂടുതലാണ്. ആ നേര്‍മ്മ എന്നെയും സ്വാധീനിച്ചിട്ടുണ്ട്.'' ഗുരുക്കന്മാരില് മറ്റൊരു പ്രഭാഷകന്‍ പി.എം. കുഞ്ഞിരാമന് നമ്പ്യാര്‍ മാഷാണ്. അദ്ദേഹം വലിയ ഉച്ചത്തില്‍ ശക്തിയായി പ്രസംഗിക്കുന്ന രീതിക്കാരനായിരുന്നു. നമ്പ്യാര്‍ മാഷിന്റെ പ്രസംഗത്തിനു എം.ടി. കുമാരന് മാസ്റ്റര്‍ക്കും അച്യുതന് മാഷിനും നല്കിയ മാര്‍ക്ക് അഴീക്കോട് നല്‍കിയില്ല - കാരണം ഉച്ചത്തില്‍ നടത്തുന്ന പ്രസംഗം അത്ര ഇഷ്ടപ്പെടാന്‍ കഴിഞ്ഞില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല