Image

കെഎസ്ആർടിസി യുടെ സ്നേഹദൂരം ( കഥ : സന റബ്സ് )

Published on 11 March, 2021
കെഎസ്ആർടിസി യുടെ സ്നേഹദൂരം ( കഥ : സന റബ്സ് )
സമയം ഉച്ചതിരിഞ്ഞു  മൂന്നരമണിയോളം ആയിരുന്നു അപ്പോൾ. 
കെഎസ്ആർറ്റിസി ബസ്സിലേക്ക് കാലെടുത്തു വെക്കുമ്പോൾ എന്റെ വേദനകൊണ്ട് ചുളിഞ്ഞ മുഖം കണ്ടിട്ടോ എന്തോ കണ്ടക്റ്റർ വേഗം വഴിയിൽനിന്നും മാറിനിന്നു.  
രണ്ട് മാസത്തോളമായുള്ള കാലുവേദനയും കൂടാതെ ചെറിയൊരു അപകടം കൊണ്ടുണ്ടായ പുറംവേദനയും ഇടയ്ക്കിടെയുള്ള തലവേദനയും കൊണ്ട് വളരെ "സന്തോഷത്തിൽ" ആയിരുന്നു  ഈയിടെയായി ശാരീരികമാനസികനിലകൾ. 
ചെറിയൊരു ബാഗേ ഉള്ളുവെങ്കിലും അപ്പോഴത് തുമ്പി പാറക്കല്ലു പൊക്കുമ്പോലെ ആയിരുന്നു.
 അതും തൂക്കാൻ വയ്യേ എന്നൊരു നോട്ടം ഡ്രൈവറും കണ്ടക്റ്ററും പരസ്പരം കൈമാറിയത് കണ്ടപ്പോൾ ഒരു വാടിയ ചിരിയോടെ ഞാൻ പറഞ്ഞു. " കാല് വേദന... അത്കൊണ്ടാണ്... "
എന്തായാലും ഉടനെ കണ്ടക്റ്റർ ബാഗ് വാങ്ങി സീറ്റിന്റെ ഓരത്തു വെച്ചുതന്നു. 
ടിക്കറ്റ് നൽകാൻ  വീണ്ടും  അടുത്തെത്തിയപ്പോൾ ചിരിച്ചുകൊണ്ട് അയാൾ ചോദിച്ചു. 

"പളനിയിൽ എന്ത് ചെയ്യുന്നു? "

പളനിയിലേക്കല്ല അവിടെനിന്നും  പോകണമെന്ന് പറഞ്ഞപ്പോൾ അത് എവിടെയെന്നും എന്തെന്നും അയാൾ ചോദിച്ചറിഞ്ഞു. 

"എന്തിനാണ് വയ്യെങ്കിൽ ബസ്സിൽ പോകുന്നത്?ട്രെയിനില്ലേ..?"

 ഈ കാലുംവെച്ചു ട്രെയിനിന്റെ സമയത്ത്  ഓടിയെത്താൻ വൈകിയ കഥ പറയുമ്പോൾ നമ്മുടെ ശരീരം നൽകുന്ന പരിമിതികൾ ദൂരവ്യാപകമാണെന്ന് സ്വയം ഓർമ്മപ്പെടുത്തലും ആയിരുന്നു അത്.
"എക്സാം ഉണ്ട്, അതാണ്‌ ട്രെയിൻ മിസ് ആയെങ്കിലും ബസ്സിൽ പോകാമെന്ന് വെച്ചത് " ഞാൻ പറഞ്ഞു. 
ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞു. യാത്രക്കാർ പലരും ഉറങ്ങുന്നു. എനിക്ക് പുറം കഴച്ചു ഇരിക്കാൻ വയ്യ !
ഞാൻ എഴുന്നേറ്റുനിന്നു. 
ഉടനെ കണ്ടക്റ്റർ തിരിഞ്ഞു നോക്കി. 

"എന്തേ... "

"ഏയ്.. ഒന്നുമില്ല.... "
 വീണ്ടും ഇരുന്നു. ചെരിഞ്ഞും ചാഞ്ഞും... പക്ഷെ ഇരിക്കാൻ വയ്യ, വീണ്ടും എഴുന്നേറ്റു. 

""എന്താടോ....?"

"അതല്ല, ഒരേ ഇരിപ്പ് ഇരിക്കാൻ വയ്യ... "

"താൻ അവിടെ കിടന്നടോ...സ്ഥലമെത്തുമ്പോൾ ഞാൻ വിളിക്കാം...." 

അതും പറഞ്ഞയാൾ അടുത്തിരുന്ന സ്ത്രീയോട് പറഞ്ഞു. 

"ചേച്ചീ, നിങ്ങൾ ഇങ്ങോട്ടിരുന്നോ... ആ കുട്ടി അവിടെ കിടന്നോട്ടെ... അതിന് വയ്യാന്നു തോന്നുന്നു."
നല്ല പത്രാസ്സിൽ യാത്ര ചെയ്യുമ്പോൾ സീറ്റ് കാലിയാണെങ്കിൽപോലും ഇരുന്ന ഇരുപ്പിൽനിന്നും എണീക്കാൻ മടിയാണ് നമുക്കെല്ലാം. 

കാല് തരിച്ചു രക്തയോട്ടംനിന്നാലും  നീര് വന്നാലും ഒന്നെഴുന്നേറ്റുനിൽക്കാൻ  മെനെക്കെടാത്തത്ര മടി!
പണ്ടേ ഈവക ഫോർമാലിറ്റികൾ വശമില്ലാത്തതിനാൽ ഉറക്കം വന്നാൽ സീറ്റിൽ ആരുമില്ലെങ്കിൽ ഞാൻ ട്രാൻസ്‌പോർട്ട് ബസിലെ  സീറ്റിനെ ബർത്ത് ആക്കാറുണ്ട്.
അത് ആദ്യമായി പരീക്ഷിച്ചത് പണ്ട് നിലമ്പൂർ പഠിക്കുമ്പോൾ വീട്ടിലേക്കു വരുന്ന ബസ്സുകളിൽ ആയിരുന്നു. 
നിലമ്പൂരിൽനിന്നും പാലാ ബസ്സിൽ കേറിയാൽ പിന്നെ കുന്നംകുളം വന്നു ഇറങ്ങിയാൽ മതി. 
അന്നും കണ്ടക്റ്റർമാരായിരുന്നു എന്റെ അലാറം! കൂട്ടുകാർ കളിയാക്കും  "നീ ആനവണ്ടി തീവണ്ടിയാക്കുന്ന ആളല്ലേ...  നിന്റെ ആനത്തീവണ്ടി  വന്നില്ലേ എന്നൊക്കെ....  
ദൂരംതാണ്ടുന്ന ജീവനുള്ള ഉടലുകളെ സമയക്രമീകരണത്തില്‍ അളന്നിടുന്ന ചുവപ്പും മഞ്ഞയും വരകള്‍ ചിലപ്പോഴൊക്കെ നേര്ജീവിതങ്ങളെ കാണിച്ചുതരാറുണ്ട്.  ജീവിതത്തെ തോളിലിടുന്ന കപ്പലണ്ടി വില്‍പ്പനക്കാരും ഗായകരെയും എഴുത്തുകാരെയും സൃഷ്ടിക്കുന്ന പാട്ട്പുസ്തകവും പേനയും വില്‍ക്കുന്നവരെയും ഒറ്റനിമിഷത്തെ മറിമായംകൊണ്ട് കോടീശ്വരന്മാരെ ഉണ്ടാക്കുന്ന ലോട്ടറിയുടെ സ്വപ്നാടനവും എല്ലാം ഏതെങ്കിലും ടൌണില്‍ അഞ്ചുമിനിട്ട് ബസ്സ്‌ നിറുത്തിയാല്‍ സ്റ്റേജിലെപ്പോലെ  നടനംതീര്‍ക്കുന്ന ആനവണ്ടികള്‍!

ഇന്ന് ഉച്ചയ്ക്ക് ആഹാരം കഴിച്ചപ്പോൾ കൂടെ ഗുളികയും വാരിവിഴുങ്ങിയിരുന്നു. അതുകൊണ്ട് ഉറക്കം... ഉറക്കം... ഉറക്കം... 
കൺപോളകൾ അടഞ്ഞടഞ്ഞുപോയി. 
ആരോ തട്ടിവിളിച്ചപ്പോൾ ഞെട്ടി കണ്ണ്  തുറന്നു.  വണ്ടി നിറുത്തിയിരിക്കുന്നു. സ്ഥലമായോ.... 

ഇല്ല, പൊള്ളാച്ചിയാണ്. 

"എടോ... ഇവിടെ ചായ കുടിക്കാൻ നിറുത്തിയതാ... പത്തുമിനിറ്റ് ഉണ്ട്... "
അതും പറഞ്ഞയാൾ ഇറങ്ങിപ്പോയി. 
തല പൊട്ടിപ്പൊളിയുന്ന വേദന തുടങ്ങിയിട്ടിട്ടുണ്ട്. സകലതിനോടും ദേഷ്യം തോന്നി. പഠിക്കാൻ തോന്നിയ നിമിഷത്തോടും,  വയ്യെങ്കിൽ പിന്നെന്തിനു പുറപ്പെട്ടു എന്ന ചോദ്യവും.... പാതിരാ കഴിയുമല്ലോ സ്ഥലം എത്താൻ എന്ന വിഷമവും... 
വയ്യാത്തവർക്കു പറ്റിയ പണിയല്ല യാത്ര... ഉള്ളിൽ ആരോ മുറുമുറുത്തു.
 ബസ്സിൽ നിന്നും ഇറങ്ങാൻ ശ്രമിച്ചപ്പോൾ കാല് നിലത്തുകുത്താൻ പറ്റുന്നില്ല. പ്രാണൻ പോകുന്ന വേദന !
അൽപം തണുത്ത വെള്ളം കുടിക്കണം എന്നുണ്ട്. ഇറങ്ങിയാലല്ലേ കിട്ടൂ. 
ഹോട്ടലിന്റെ കണ്ണാടിയിൽ കൂടി ഡ്രൈവർ എന്നെ നോക്കുന്നത് കണ്ടു. 
ഞാൻ വീണ്ടും സീറ്റിലിരുന്നു. കുറച്ച് കഴിഞ്ഞു കണ്ടക്റ്റർ അടത്തുവന്നു. 

"എടോ ചായ വേണോ... "

"വേണ്ടാ... "

"വേണേൽ വാങ്ങിത്തരാടോ... 

"ഏയ്... വേണ്ട... "

"എടോ താൻ വാങ്ങടോ...കാശ് തന്നോ... വെറുതെയല്ല ഓഫർ.. "

 ചിരിവന്നു. 
"എനിക്കൊരു കുപ്പി തണുത്ത വെള്ളം വാങ്ങിത്തരാമോ...? "
എന്റെ ആവശ്യം കേട്ട് അയാളും ചെറുതായി ചിരിച്ചു. 
തിരികെവന്നപ്പോൾ അയാളുടെ കയ്യിൽ രണ്ട് വടയും കൂടിയുണ്ടായിരുന്നു. 

"താങ്ക്സ് ചേട്ടാ...  വളരെ ഉപകാരം.... "

"ആയിക്കോട്ടെ,സ്വീകരിച്ചു,  താൻ കിടന്നോ, പളനി എത്തിയാൽ വിളിക്കാം.... "

തണുത്തവെള്ളം അൽപം തലയിൽക്കൂടിയൊഴിച്ചു. പുകയുന്ന വേദന!!
അപ്പുറത്തെ സീറ്റില്‍നിന്നും ഉറക്കെയുള്ള സംസാരം കേട്ടു. പിണങ്ങിയ ഭാര്യയുടെ അരികിലിരിക്കാന്‍ ശ്രമിക്കുന്ന ഭര്‍ത്താവിനെ അവര്‍ ഉറക്കെ ശകാരിക്കുന്നു. “നിങ്ങള്‍ ചെയ്തതൊന്നും ഞാന്‍ മറക്കില്ല. ഇപ്പോഴും കുടിച്ചല്ലേ വന്നിരിക്കുന്നെ? അപ്പുറത്തേക്ക് ഇരിക്ക്...” ഭാര്യ അയാളോട് കല്‍പ്പിച്ചു.

“കുടിച്ചു, വിഷമം കൊണ്ടാണ്...” പറഞ്ഞിട്ട് അയാള്‍ അവളുടെ തോളിലേക്ക് തല ചായിച്ചു. ഭാര്യയുടെ അമ്മെയെന്ന് തോന്നിക്കുന്ന സ്ത്രീ ഇടപ്പെട്ടു. “എടാ, നീ മാറിയിരിക്കു അപ്പുറത്തേക്ക്... നീയവളെ തൊടേണ്ട...” ഇതെല്ലാം ആളുകള്‍ കേള്‍ക്കുന്നു എന്ന യാതൊരു മുഷിപ്പുമില്ലാതെ അയാള്‍ വീണ്ടും അവളുടെ തോളിലേക്ക് ചാഞ്ഞു.
അപ്രതീക്ഷിതമായാണ് അത് സംഭവിച്ചത്. ഭാര്യ അയാളുടെ തോളില്‍ ശക്തിയായി അടിച്ചു, ഊക്കോടെ തള്ളി!
എന്റെ തലയിലെ വേദനനല്‍കുന്ന കടന്നലുകള്‍ ഒരു നിമിഷം മൂളിയില്ല.
അയാള്‍ എഴുന്നേറ്റു ബെല്ലടിച്ചു വണ്ടി നിറുത്തിച്ചു അവിടെ ഇറങ്ങിപ്പോയി. ഏതോ ഒരു വഴിയോരത്ത്....
ഞാനാ സ്ത്രീയെ പിന്നീടു ശ്രദ്ധിച്ചു. അതുവരെ ചിലച്ചിരുന്ന അവള്‍ മൂകയായി ഇരിക്കുന്നു. കുറ്റബോധമോ സ്നേഹത്തിന്റെ വിങ്ങലുകളോ.... രണ്ടുപേരുടെ സ്നേഹത്തില്‍ മൂന്നാമതൊരാള്‍ക്ക് ഇടമില്ലെന്ന് നാമെല്ലാം എന്നാണ് പഠിക്കുക...

തലവേദനയുടെ ഒരു ടാബ്ലറ്റ്കൂടി കഴിച്ചു വീണ്ടും ഞാൻ കണ്ണടച്ചു.  ഒട്ടംചിത്തിരം എത്തിയപ്പോഴാണ് പിന്നെ ഉണർന്നത്. എഴുന്നേറ്റിരുന്ന ഞാൻ കണ്ടത് ഒരുപാട് പേര് സീറ്റ് ഇല്ലാതെ നിൽക്കുന്നതായിരുന്നു! അൽപം ചമ്മലോടെ 
നീങ്ങിയിരുന്ന എന്നോട് എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞു. 
"പറവാലെ,  പടുത്തുക്കോ,ഒടമ്പു മുടിയാതെ താനേ...." എന്ന് (സുഖമില്ലല്ലോ, എഴുന്നേൽക്കേണ്ട, സാരമില്ല എന്ന്)

പളനി എത്തിയപ്പോഴും അയാൾ ബാഗ് എടുത്ത് ഇറങ്ങാൻ സഹായിച്ചു.  മുന്നോട്ടുള്ള ബസ്സിലേക്ക് എന്റെ കൂടെവന്ന് ബാഗ് തരുമ്പോൾ ഞാനയാളുടെ പേര് ചോദിച്ചു. നന്ദി പറഞ്ഞു. 
"പേരിലെന്താണെടോ... നമുക്കും വീടൊക്കെ ഉണ്ടെടോ... മനുഷ്യരല്ലെടോ നമ്മളൊക്കെ, ഇതിനൊക്കെ എന്തിനാടോ ഒരു നന്ദി.... "

അൽപം നടന്നിട്ട് അയാൾ തിരിഞ്ഞുനോക്കി.  ഞാൻ അവിടെത്തന്നെ നിൽക്കുകയായിരുന്നു. 
ഡ്രൈവർ എത്തിനോക്കി കൈവീശുന്നുണ്ടായിരുന്നു.
മുന്നോട്ട് നീങ്ങുന്ന ആ ബസ്സിനെത്തന്നെ നോക്കിനിന്നപ്പോൾ പുറകിലെ ഹെഡ്‍ലൈറ്റുകൾ എന്നെനോക്കി കൺമിന്നിച്ചപോലെ തോന്നി. 

ജീവനുള്ള മനുഷ്യരും ജീവനില്ലാത്തതെന്ന് ഞാൻ കരുതിയിരുന്ന ആ വണ്ടിയും എത്രയോ മനുഷ്യരെ വഹിച്ചുകൊണ്ട് രാത്രിയുടെ കണ്ണായും പകലിന്റെ തണലായും ദൂരങ്ങൾ ഓടിത്തീർക്കുന്നു! മറ്റൊരിടത്തെക്കുള്ള യാത്രയില്‍ തന്റെ പടം പൊഴിച്ച് ഏവരെയും ഇറക്കിവിട്ട് നിസംഗമായി യാത്രതുടരുന്ന ആ വണ്ടി...

ഓരോ ഹർത്താലിനും സമരത്തിനും കല്ലേറ്കൊണ്ട് കണ്ണാടിക്കവിളുകളും  പ്രകാശിക്കുന്ന കണ്ണുകളും എന്നുമെന്നും തകരുന്ന  ആ വണ്ടി.....  
പ്രിയപ്പെട്ട വണ്ടീ... നീയില്ലാതായാല്‍ നീയില്ലായ്മയുടെ നിശബ്ദതയില്‍ ഇവിടത്തെ പാതിരാത്തീരങ്ങള്‍ ഉറങ്ങാതിരിക്കുമോ... നിന്‍റെ ചുവന്ന കണ്ണുകള്‍ അകലെനിന്നും വരാനുണ്ടെന്ന കാത്തിരിപ്പ്‌ ഓരോ തെരുവുകളും പറയാതിരിക്കുമോ....

ഹൃദയത്തിൽ നിന്നും പ്രിയമുള്ളതെന്തോ നാല് ടയറുകളോടെ  അകലേക്ക്‌ അകലേക്ക്‌ പോകുന്നത് ആ വഴിയോരത്തു ഞാൻ നോക്കിനിന്നു. 

             
Join WhatsApp News
രാജു തോമസ് 2021-03-11 21:41:28
നല്ലൊരു കഥപോലെ ഹൃദയത്തിൽ കൊണ്ടു. പ്രതിജനഭിന്നമായ ജീവിതങ്ങളും മനോവ്യാപാരങ്ങളുമായി ഒരു ബസ്‌സിൽ സഞ്ചരിക്കുന്ന കുറെ മനുഷ്യരുടെ ഉള്ളിലേക്കാണ് എഴുത്തുകാരി നമ്മെ കൊണ്ടുപോകുന്നത് . കഥയുടെ പേരും ഭംഗിയായി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക