Image

കരിയിലയും മണ്ണാങ്കട്ടയും (കവിത: ജോര്‍ജ്‌ നടവയല്‍)

Published on 17 June, 2012
കരിയിലയും മണ്ണാങ്കട്ടയും (കവിത: ജോര്‍ജ്‌ നടവയല്‍)
അവര്‍:
കരിയിലയും മണ്ണാങ്കട്ടയുമായിരുന്നു.
കബറിടത്തിലെ മാര്‍ബിള്‍ പാളിയില്‍
അങ്ങനെയായിരുന്നു
ആലേഖനം ചെയ്‌തിരുന്നത്‌.
കരിയില:
കിളികളും സര്‍പ്പങ്ങളും
ഭിക്ഷാടകരും വഴിപോക്കരും
തണലറിയവേ;
ഭൂവുറവിനെ
സിരകളിലേറ്റി,
സൂര്യതാപത്തെ
സിമ്പൂരരറിയാ!ി,
കരിവാതത്തെ
നീല ഞരമ്പിലാക്കി,
ഒറ്റക്കാലില്‍
യുഗാരംഭം മുതല്‍ക്കേ
തപംകൊണ്ട
മഹാതപസ്വിനി
അന്നപൂര്‍ണ്ണേശ്വരിയുടെ
ബാക്കിപത്രം; കരിയില.
മണ്ണാങ്കട്ട:
സ്വര്‍ല്ലോക പൂരുഷര്‍ മോഹിച്ച
ഭൂകന്യകള്‍ ഉരുവാകും മുമ്പേ
ആദാമിനെ രൂപപ്പെടുത്തിയ
തലച്ചോറ്‌;
നെറ്റിയിലെ വിയര്‍പ്പ്‌
കൂട്ടിക്കുഴച്ച്‌
അപ്പം ചുടാന്‍ പഠിപ്പിച്ച
സര്‍വ്വംസഹയുടെ
മാര്‍വ്വിടം;
ചരാചരങ്ങള്‍ക്ക്‌
ഭാരമിറക്കാന്‍
ഉയര്‍ത്തിനിര്‍ത്തിയ
വിരിമാറ്‌; മണ്ണാങ്കട്ട.
മണ്ണാങ്കട്ടയും കരിയിലയും
കൂട്ടുകൂടി
തീര്‍ത്ഥാടനത്തിനിറങ്ങി.
കാറ്റുവന്നപ്പോള്‍
മണ്ണാങ്കട്ട കരിയിലയ്‌ക്കു താങ്ങായി.
മഴവന്നപ്പോള്‍
കരിയില മണ്ണാങ്കട്ടയ്‌ക്കു കുടയായി.
കാറ്റും മഴയും ഒരുമിച്ചപ്പോള്‍,
കരിയിലയും മണ്ണാങ്കട്ടയും
വിറപൂണ്ട്‌്‌ ശയനപ്രദക്ഷിണമായി
കല്ലറയിലേക്കിറങ്ങി...
അവിടെയൊട്ടിയിരുന്ന്‌
അവര്‍
കാലത്തിന്റെ ആവേഗങ്ങളെ
കുതൂഹലത്തോടെ നോക്കിക്കാണുന്നു;
അവരുടെ കണ്‍പീലിത്തിളക്കമായി
മാര്‍ബിളില്‍
ഇന്നും
ആലേഖനം
ബാഷ്‌പബിമ്പു ചൂടിനില്‌പൂ:
`കരിയിലയും മണ്ണാങ്കട്ടയും;
കാറ്റുവന്നപ്പോള്‍
മണ്ണാങ്കട്ട കരിയിലയ്‌ക്കു താങ്ങായി.
മഴവന്നപ്പോള്‍
കരിയില മണ്ണാങ്കട്ടയ്‌ക്കു കുടയായി.'
കരിയിലയും മണ്ണാങ്കട്ടയും (കവിത: ജോര്‍ജ്‌ നടവയല്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക