നടരാജ ഗുരുവിന്റെ ആത്മകഥയായ 'ഓട്ടോബയോഗ്രഫി ഓഫ് എ അബ്സൊല്യുട്ടിസ്റ്റ്'-ൽ വിവരിക്കുന്ന പത്തൊമ്പതാം നൂറ്റാണ്ടിലെ ഒരു രംഗമുണ്ട്: "അന്ന് അയൽ രാജ്യമായ കൊച്ചിയിലെ എറണാകുളം വരെ മാത്രമേ തീവണ്ടി എത്തിയിരുന്നുള്ളൂ. തപാൽ കൊണ്ടുപോകുന്ന ഭാരം നിറഞ്ഞ കാളവണ്ടികളിൽ കൊള്ളക്കാർ നിറഞ്ഞ പ്രദേശങ്ങളിൽ കൂടി രണ്ടു രാവും പകലും സഞ്ചരിച്ചു തിരുനൽവേലി പട്ടണത്തിലെത്തണം അടുത്ത തീവണ്ടിയോഫീസ് കാണുവാൻ. എറണാകുളത്തെത്തണമെങ്കിൽ വഞ്ചിയിൽ ആറോ എഴോ ദിവസം കഴിയണം. ഇത്തരം പുരവഞ്ചികളിൽ നിത്യോപയോഗ സാധനങ്ങളെല്ലാം സംഭരിച്ചു വെച്ചു തണ്ടു പിടിച്ചോ ഏറിയ കൂറും കഴുക്കോലൂന്നിയോ വേണം പോകേണ്ടത്. തക്കത്തിന് കാറ്റ് വീശിയാൽ ചിലപ്പോൾ ഓടുപായ് നിവർത്തും. തോടുകൾ താണ്ടിച്ചെല്ലുമ്പോൾ ഇടക്കിടക്ക് കാണാവുന്ന, പത്തും പന്ത്രണ്ടും നാഴിക ദൂരമുള്ള കായലുകളിലാണ് ഈ സൗകര്യം കിട്ടുക. ആവിബോട്ടുകൾ പിന്നെ ഒന്നോ രണ്ടോ ദശാബ്ദം കഴിഞ്ഞാണ് ആവിർഭവിച്ചത്. അന്നൊക്കെ എല്ലാവരും അത്ഭുതം കൂറാറുണ്ട്: ബോട്ട് ഒരു നാഴികക്ക് മുമ്പ് കേവു വഞ്ചികളെയെല്ലാം പിന്നിട്ട് ഒരു പുക മാത്രം കാണത്തക്കവണ്ണം അകലത്തുപോയി മറയുന്നു. അത്ഭുതസ്ഥിതിമിതരായി ഈ കാഴ്ച നോക്കിനിൽക്കുന്ന മീൻപിടുത്തക്കാർ അറിയാതെ പറഞ്ഞുപോകും, 'വെള്ളക്കാരന്റെ തല!'('ഓട്ടോബയോഗ്രഫി ഓഫ് എ അബ്സൊല്യുട്ടിസ്റ്റ്', വോളിയം I, പേജ് 15).
നടരാജ ഗുരുവിന്റെ ആത്മകഥ ഓൺലൈനിൽ കിട്ടും. വർക്കലയിലുള്ള നാരായണ ഗുരുകുലമാണ് 'Autobiography of a Absolutist' ൻറ്റെ മലയാളം തർജ്ജിമയുടെ പ്രസാധകർ. ഇതെഴുതുന്ന ആൾക്ക് ഓൺലൈനിൽ ആ ആത്ഥകഥാ സമാഹാരം അങ്ങനെ കിട്ടിയതാണ്. 4 വോളിയം ഉണ്ട്. മുനി നാരായണ പ്രസാദ് ആണ് തർജ്ജിമ നിർവഹിച്ചിരിക്കുന്നത്.
സത്യത്തിൽ 'വെള്ളക്കാരന്റെ തല!' എന്ന് 'ഓട്ടോബയോഗ്രഫി ഓഫ് എ അബ്സൊല്യുട്ടിസ്റ്റ്'-ൽ പറയുന്നത് അന്നത്തെ കാലത്ത് അക്ഷരാർത്ഥത്തിൽ ശരിയായിരുന്നു. ഇവിടെ സ്റ്റീം എഞ്ചിനും, തീവണ്ടിയും, ടെലഗ്രാമും ഒക്കെ കൊണ്ടുവന്നത് സായിപ്പ് ആയിരുന്നു. കരിവണ്ടിയും, സ്റ്റീം എഞ്ചിനും, തീവണ്ടിയും ഒന്നും വന്നില്ലായിരുന്നുവെങ്കിൽ നാം ഇപ്പോഴും പണ്ടത്തെ പോലെ പൊതിച്ചോറു കെട്ടി രാവിലെ തൊട്ട് നടപ്പ് നടന്നേനേ. പണ്ട് എവിടെയെങ്കിലും യാത്ര ചെയ്യാൻ എത്ര ബുദ്ധിമുട്ടായിരുന്നുവെന്നുള്ളത് പഴമക്കാരോട് ചോദിച്ചാൽ അറിയാൻ സാധിക്കും. പണ്ട് പാലായിൽ നിന്ന് മലബാറിൽ കുടിയേറിയവർ നടന്നും, കരിവണ്ടി പിടിച്ചും, പിന്നീട് ബോട്ടിലും ട്രെയിൻ കേറിയും, വീണ്ടും നടന്നുമാണ് അന്നൊക്കെ മലബാറിൽ എത്തിയിരുന്നത്. മൂന്നു ദിവസത്തെ യാത്രയായിരുന്നു അത്. ഇന്നത്തെ യുവ തലമുറക്ക് ഈ കഥകളൊക്കെ അറിയാമോ?
പണ്ട്
“തൊട്ട് കൂടാത്തവർ; തീണ്ടി കൂടാത്തവർ
ദൃഷ്ടിയിൽ പെട്ടാൽ ദോഷമുള്ളോർ” – ഉണ്ടായിരുന്ന കാലത്ത് ആ മൂല്യബോധത്തിനൊക്കെ ഉപരിയായി പ്രവർത്തിച്ച മിഷനറിമാർ കേരളത്തിൻറ്റെ ആരോഗ്യപരിപാലനത്തിന് കരുത്തുറ്റ സംഭാവനകൾ നൽകിയിട്ടുണ്ട്. ബ്രട്ടീഷ് കൊളോണിയൽ സർക്കാരിന്റെ കാലത്ത്, അവരെ തിരുവിതാംകൂറിലും, കൊച്ചിയിലും പ്രവർത്തിക്കുവാൻ അനുവദിക്കുകയും, അവർക്ക് വേണ്ട സകല പിന്തുണയും സഹായവും ചെയ്തുകൊടുത്ത കേരളത്തിലെ രാജ വംശങ്ങളും കേരളത്തിൻറ്റെ ആരോഗ്യ മേഖലക്ക് നിർണായക സംഭാവനകൾ നൽകിയിട്ടുണ്ട്.
കൊറോണ പടർന്നുപിടിച്ചിരിക്കുന്ന ഇക്കാലത്ത് തിരുവിതാംകൂറിൽ ആധുനിക നഴ്സിംഗ് സമ്പ്രദായം ഏർപ്പെടുത്തുന്നതിൽ ക്രൈസ്തവ സഭക്കുള്ള പങ്ക് സ്മരിക്കപ്പെടേണ്ടതുണ്ട്. അധികം പേർക്കും അറിവുള്ളതല്ല അക്കാര്യം. കൊല്ലം ബിഷപ്പ് ആയിരുന്ന അലോഷ്യസ് മരിയ ബെൻസിഗർ ആയിരുന്നു ആധുനിക നേഴ്‌സിംഗ് രീതികൾ കേരളത്തിൽ എത്തിച്ചതിൻറ്റെ പിന്നിൽ പ്രവർത്തിച്ചത്. ഇരുപതാം നൂറ്റാണ്ടിൻറ്റെ തുടക്കത്തിൽ വിദേശ കന്യാസ്ത്രീകളാണ് നേഴ്സുമാരായി പ്രവർത്തിച്ചിരുന്നത്. അവരുടെ സേവനങ്ങളെ മാനിച്ച്, തിരുവിതാംകൂറിൽ അവർക്ക് അലവൻസും, സൗജന്യമായി ക്വാർട്ടേഴ്സും തിരുവിതാംകൂർ ദിവാൻ ലഭ്യമാക്കിയിരുന്നു. സ്വിറ്റ്സർലണ്ടിലെ മെൻസിൻജിനിലെ ഹോളി ക്രോസ്സ് കോൺവെൻറ്റിൽ നിന്നുള്ളവരായിരുന്നു ആദ്യത്തെ കന്യാസ്ത്രീ നേഴ്‌സുമാർ. 1906 ഒക്ടോബർ 1- ന് അവർ എത്തി തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ നഴ്സിംഗ് വിഭാഗത്തിൻറ്റെ ചുമതലയേറ്റു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, മാവേലിക്കര, തിരുവല്ല, നാഗർകോവിൽ, പറവൂർ എന്നിവിടങ്ങളിലെ സർക്കാർ ആശുപത്രികളുടെ ചുമതല ഈ നേഴ്സുമാരായിരുന്ന കന്യാസ്ത്രീമാർക്കായിരുന്നു. ഇവ കൂടാതെ തിരുവനപുരത്തെ മാനസികാശുപത്രിയിലും, നൂറനാട്ടിലെ കുഷ്ഠരോഗാശുപത്രിയിലും യൂറോപ്പിൽ നിന്നുള്ള കന്യാസ്ത്രീമാർ നേഴ്സുമാരായി സേവനം അനുഷ്ഠിച്ചു. ഒന്നാം ലോക മഹായുദ്ധം മൂലം യൂറോപ്പിൽ നിന്ന് കന്യാസ്ത്രീകൾക്ക് വരാൻ ബുദ്ധിമുട്ട് ആയതിനെ തുടർന്ന് 1920-ൽ കൊല്ലത്ത് തദ്ദേശീയരായ വനിതകൾക്കായി ബെൻസീഗർ മെത്രാൻ ഒരു സ്ഥാപനം ആരംഭിച്ചു. ഇന്ന് കൊല്ലത്തെ ബെൻസീഗർ നഴ്സിംഗ് കോളേജും, കൊട്ടിയത്തെ ഹോളി ക്രോസ്സ് നഴ്സിംഗ് കോളേജും ആ മഹാൻറ്റെ നിത്യസ്മാരകങ്ങളായി നിലകൊള്ളുന്നൂ എന്നുള്ളത് മലയാളികൾ ഓർമിക്കേണ്ടതാണ്.
ബ്രട്ടീഷുകാരാണ് ഇന്ത്യയിൽ 'സ്റ്റാൻഡിങ് ആർമിയും', ഇന്ന് കാണുന്ന ജുഡീഷ്യറിയും, പോലീസ് സംവിധാനവും, സിവിൽ സർവീസും, വിദ്യാഭ്യാസ സമ്പ്രദായവുമൊക്കെ ഉണ്ടാക്കിയത്. സത്യത്തിൽ ഇന്ത്യയെ സാമ്പത്തികമായി കൊള്ളയടിച്ചെങ്കിലും ഈ രാജ്യത്തെ ആധുനികവൽകരിച്ചതിൽ ബ്രട്ടീഷുകാരുടെ പങ്ക് നിസ്തുലമാണ്. അതുകൊണ്ട് സായിപ്പിനോടുള്ള വിരോധം പറയുമ്പോഴും അവർ നൽകിയ സംഭാവനകളെ മാനിക്കണം.
1990-കളിൽ ഇതെഴുതുന്നയാൾ ഡൽഹിയിൽ ജോലിക്ക് ജോയിൻ ചെയ്തപ്പോൾ ഞങ്ങളുടെ കൂടെ 'കൺസൾട്ടൻറ്റ്' ആയി റിട്ടയർ ചെയ്ത ഒരു പഞ്ചാബി ബക്ഷി ഉണ്ടായിരുന്നു. പ്രായക്കൂടുതൽ ഉള്ളതുകൊണ്ട് ഞങ്ങളൊക്കെ 'ബക്ഷി സാബ്' എന്ന് ആദരപൂർവം വിളിച്ചിരുന്നു അദ്ദേഹത്തെ. ഈ ബക്ഷി സാബിൻറ്റെ പിതാവ് ബ്രട്ടീഷ് ആർമിയിൽ ഓഫീസർ ആയിരുന്നു. അതുകൊണ്ട് പണ്ടത്തെ പല കഥകളും അദ്ദേഹം ഞങ്ങളോട് പറയുമായിരുന്നു. ബക്ഷി സാബിൻറ്റെ കഥകളിൽ നിന്ന് ഞാൻ മനസിലാക്കിയ ലളിതമായ ഒരു വസ്തുതയുണ്ട്: നമ്മൾ ഈ സ്വാതന്ത്ര്യ സമരത്തെ കുറിച്ച് പറഞ്ഞു കണ്ടമാനം പൊലിപ്പിക്കുന്നുണ്ട്. സത്യത്തിൽ ബ്രട്ടീഷുകാരോട് വലിയൊരു വിഭാഗം ഇൻഡ്യാക്കാർക്കും ഒരു ശത്രുതയും ഇല്ലായിരുന്നു. സായിപ്പായ ഓഫീസർമാരോട് ഇന്ത്യയിലെ ബഹു ഭൂരിപക്ഷം ജനതക്കും ആരാധന മാത്രമേ ഉണ്ടായിരുന്നുള്ളൂ. സ്വാതന്ത്ര്യം കിട്ടികഴിഞ്ഞിട്ട് ബക്ഷി സാബിൻറ്റെ ബ്രട്ടീഷ് ആർമിയിലെ ഓഫീസറായിരുന്ന പിതാവിന് കീഴിലുള്ളവരുടെ വിധേയത്വം നേടാൻ വളരെ ബുദ്ധിമുട്ടേണ്ടി വന്നു എന്നാണ് അദ്ദേഹം നേരിട്ട് ഞങ്ങളോട് പറഞ്ഞിട്ടുള്ളത്. സത്യത്തിൽ പുന്നപ്ര-വയലാർ സമരത്തെ ഒക്കെ സാധാരണകാർക്ക് സായിപ്പിനോട് ഉണ്ടായിരുന്ന വിധേയത്വത്തിൽ അടിസ്ഥാനപ്പെടുത്തി വേണം നോക്കി കാണേണ്ടത്.
കമ്യുണിസ്റ്റ് അനുഭാവികൾ സാധാരണക്കാരുടെ സായിപ്പിനോട് അന്ന് നിലനിന്നിരുന്ന ആരാധന കാണുന്നില്ല. ബ്രട്ടീഷുകാരോട് ആയുധമെടുത്ത് കോൺഗ്രസുകാർ പോരാടിയില്ലെന്ന് കമ്യുണിസ്റ്റുകാർ പറയുമ്പോൾ, സായിപ്പുമായി ഇന്ത്യൻ ജനതക്ക് എവിടെയാണ് അടിസ്ഥാനപരമായ ശത്രുത ഉണ്ടായിരുന്നതെന്ന് കമ്യുണിസ്റ്റുകാർ അന്വേഷിക്കുന്നില്ല; ദേശസ്നേഹത്താൽ പുളകം കൊള്ളുന്ന സംഘ പരിവാറുകാരും അത് അന്വേഷിക്കുന്നില്ല. സത്യത്തിൽ സായിപ്പിനോട് ഇന്ത്യൻ ജനതക്ക് അടിസ്ഥാനപരമായ ഒരു ശത്രുതയും ബ്രട്ടീഷ് ഭരണകാലത്ത് ഉണ്ടായിരുന്നില്ല.
നേരത്തേയുണ്ടായിരുന്ന ജാതി മേൽക്കോയ്‌മയിൽ നിന്ന് വ്യത്യസ്തമായി 200-300 വർഷം നമ്മെ ഭരിച്ച ബ്രട്ടീഷുകാർ നിറത്തെ മുൻനിർത്തി ഒരു ‘സുപ്പീരിയോരിറ്റി കോമ്പ്ലെക്സ്’ ഇൻഡ്യാക്കാരിൽ രൂഢമൂലമാക്കി. ബ്രട്ടീഷുകാർ ഇന്ത്യ വിട്ടതിന് ശേഷം നമ്മുടെ പട്ടാള ഓഫീസർമാർക്കും, സിവിൽ സർവീസ് ഉദ്യോഗസ്ഥ പ്രഭുക്കൾക്കും കീഴുദ്യോഗസ്ഥരുടെ വിധേയത്വം നേടാൻ വലിയ പ്രയാസമായിരുന്നു. അത്രയും ശക്തമായിരുന്നു ബ്രട്ടീഷുകാർ നിറത്തെ ചൊല്ലി ഉണ്ടാക്കിയെടുത്ത സുപ്പീരിയോരിറ്റി കോമ്പ്ലെക്സ്!!! ഇതൊക്കെ പഴയ പട്ടാള ഓഫീസർമാരോടും പോലീസ്-സിവിൽ സർവീസ് ഉദ്യോഗസ്ഥരോടും ചോദിച്ചാൽ അവർ പറഞ്ഞു തരും. ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും നിറത്തെ ചൊല്ലിയുള്ള ‘സുപ്പീരിയോരിറ്റി കോമ്പ്ലെക്സ്’ ഇൻഡ്യാക്കാരിൽ രൂഢമൂലമായി നിലനിൽക്കുന്നു. അപ്പോൾ പിന്നെ പഴയ കാര്യങ്ങൾ ചോദിക്കേണ്ട ആവശ്യം തന്നെ ഉണ്ടോ?
ഗാന്ധിജിയും നെഹ്‌റുവും ഒക്കെ ഒരു പുതിയ രാഷ്ട്ര നിർമാണ പ്രക്രിയയെ ചൊല്ലിയാണ് ബ്രട്ടീഷുകാരിൽ നിന്ന് സ്വാതന്ത്ര്യം ആവശ്യപ്പെട്ടത്; അത് ഒരിക്കലും വ്യക്തിപരമായ കാലുഷ്യത്തിൽ അധിഷ്ഠിതം അല്ലായിരുന്നു. കമ്യുണിസ്റ്റുകാരുടേയും നേതാജിയുടേയും പ്രവർത്തന ശൈലി എന്നും അതിസാഹസികത മാത്രമായിരുന്നു. 'പസിഫിസ്റ്റായ' ഗാന്ധി അത്തരം അതി സാഹസികതയെ എതിർത്തത്തിൽ ഒരു കുറ്റവും പറയാനില്ല. സത്യാഗ്രഹവും, നിസഹകരണവും ആയുധമാക്കിയ ഗാന്ധി എങ്ങനെ കമ്യുണിസ്റ്റുകാരേയും നേതാജിയേയും എതിർക്കാതിരിക്കും? ഈ അതിസാഹസികതയാണ് ഗാന്ധിയും കമ്യുണിസ്റ്റുകാരും നേതാജിയും തമ്മിൽ തെറ്റാനുള്ള കാരണം. 1940 - ലെ ചരിത്ര സാഹചര്യങ്ങളെ കുറിച്ച് യാതൊരു ധാരണയും ഇല്ലാത്തവർ ആണ് ഇവരെയൊക്കെ ഇന്നും പൊക്കി പിടിച്ചു കൊണ്ട് നടക്കുന്നത്. വെറും മൂഠമായ സങ്കൽപം മാത്രമായിരുന്നു ബ്രട്ടീഷുകാരോട് ഏറ്റുമുട്ടുമ്പോൾ INA - യുടേയും, ഇന്ത്യൻ വിപ്ലവകാരികളുടേയും വിജയ സാധ്യത. അതിപ്പോഴും അതിസാഹസികത ഇഷ്ടപ്പെടുന്ന ചിലരുടെ ഭാവനകൾക്ക് നിറം പകരുന്നുണ്ട്. അത്രയേ ഉള്ളൂ.
പുന്നപ്ര-വയലാറും, തെലുങ്കാനാ സമരവും, കൽക്കട്ട തീസിസുമൊക്കെ അതിസാഹസികത ഇഷ്ടപ്പെടുന്ന ചിലരുടെ മൂഠമായ സങ്കൽപങ്ങൾ മാത്രമായിരുന്നു. പിന്നീടുണ്ടായ നക്സലൈറ്റ് കലാപവും അതുതന്നെ ആയിരുന്നു. കെ. വേണു കായണ്ണ പോലീസ് സ്റ്റേഷൻ ആക്രമിക്കുന്നതൊക്കെ വിവരിക്കുന്നത് വായിച്ചാൽ സുബോധമുള്ളവർ ചിരിച്ചു പോകും. സന്ദേശം സിനിമയിൽ "സായുധ സമരം ഞങ്ങൾക്ക് പുത്തരിയല്ലാ" എന്ന് ശ്രീനിവാസൻറ്റെ കഥാപാത്രമായ സഖാവ് കോട്ടപ്പള്ളി പ്രഭാകരൻ പറയുന്ന പോലുള്ളൊരു പ്രസ്താവന പ്രാവർത്തികമാക്കിയാൽ പറ്റുന്ന അബദ്ധമാണ് സത്യത്തിൽ കായണ്ണ പോലീസ് സ്റ്റേഷൻ ആക്രമണമൊക്കെ കാണിച്ചു തന്നത്. വാരിക്കുന്തവും പിടിച്ചുകൊണ്ട് സായുധരായ പട്ടാളക്കാരെ നേരിട്ടാലുള്ള അബദ്ധമാണ് പുന്നപ്ര-വയലാർ സമരവും കാണിച്ചു തന്നത്. ഇന്നും ഇതിനെ ഒക്കെ മഹത്വവൽക്കരിച്ചു കമ്യുണിസ്റ്റ് വിധേയത്വം പുറത്തെടുക്കുന്നവർക്ക് യാഥാർഥ്യ ബോധം എന്ന് പറയുന്ന ഒന്നില്ല.
(ലേഖകൻറ്റെ ഈ അഭിപ്രായങ്ങൾ തീർത്തും വ്യക്തിപരമാണ്. അതിന് ലേഖകൻറ്റെ ജോലിയുമായി ഒരു ബന്ധവുമില്ലാ.)