ഇരുപത്തെട്ട് വര്‍ഷങ്ങള്‍ക്കു ശേഷം അവര്‍ വീണ്ടും കണ്ടുമുട്ടുമ്പോള്‍ സുഹറയുടെ കണ്ണുകളില്‍ സുറുമയില്ലായിരുന്നു.
ആശുപത്രിയുടെ ആറാം നിലയില്‍ നിന്നും ലിഫ്റ്റിറങ്ങി പാര്‍ക്കിംഗ് ഏരിയായിലേക്ക് തിടുക്കത്തില്‍ നടക്കുമ്പോഴാണ് "മാഷേ' എന്നുള്ള പിന്‍വിളി കേട്ട് അയാള്‍ തിരിഞ്ഞുനിന്നത്. മുഖം നിറയെ ചിരിയുമായി ഓടിവന്ന ആ മൊഞ്ചത്തിയെ ഒറ്റനോട്ടത്തില്‍ത്തന്നെ അയാള്‍ തിരിച്ചറിഞ്ഞു.
""മാഷേ, മാഷിനെന്നെ മനസ്സിലായോ?'' ഇളം മഞ്ഞനിറത്തിലുള്ള തട്ടം തലയില്‍ ഉറപ്പിച്ചുവച്ച് അവള്‍ ചിരിക്കുമ്പോള്‍ വട്ടമുഖത്തെ ആ വലിയ കണ്ണുകളുടെ ആഴങ്ങളിലേക്ക് ആര്‍ദ്രതയോടെ നോക്കി ഒരു ചെറുപുഞ്ചിരിയോടെ അയാള്‍ പറഞ്ഞു: ""എനിക്ക് മനസ്സിലായി. സുഹറ എന്താണിവിടെ?''
""അള്ളാ! സാറിനെന്നെ മനസ്സിലാകുമോന്നായിരുന്നു ഞാന്‍ പേടിച്ചത്. സന്തോഷായി സാറേ. കൊല്ലമിത്ര കഴിഞ്ഞിട്ടും സാറെന്നെ മറന്നില്ലല്ലോ.''
""എനിക്ക് നിന്നെ അങ്ങനെയങ്ങ് മറക്കാന്‍ പറ്റുമോ സുഹറാ?''
ഒരുനിമിഷം ആ മിഴികളിലേക്ക് നോക്കിനിന്നിട്ട് അയാള്‍ കൗതുകത്തോടെ ചോദിച്ചു: ""എന്നെ എങ്ങനെ മനസ്സിലായി കുട്ടീ? അത്ഭുതമായിരിക്കുന്നു. മുഖത്തോടുമുഖം കാണാതെ, പിന്നില്‍ നിന്ന് മാത്രം കണ്ട്
. . .?''
""സാറ് ഹാള്‍വേയിലൂടെ നടന്നുവന്ന് ലിഫ്റ്റില്‍ കയറുന്നത് വരാന്തയുടെ മറ്റേ അറ്റത്ത് നിന്ന് ഞാന്‍ കണ്ടിരുന്നു. ചെറിയൊരു സംശയം തോന്നി ഓടിയെത്തിയപ്പോഴേയ്ക്കും ഡോറടഞ്ഞു. പിന്നെ വേഗം സ്റ്റെപ്പിറങ്ങി ഞാന്‍ താഴേയ്‌ക്കെത്തുകയായിരുന്നു. സാറിന്റെ ആ ചെരിഞ്ഞുനടത്തവും ചെറുകഷണ്ടിയും ഇപ്പോഴുമുണ്ട്. ശരിക്കും പറഞ്ഞാല്‍ അതാണെന്നെ തിരിച്ചറിയാന്‍ സഹായിച്ചത്.''
സുഹറ അതു പറയുമ്പോള്‍ അവളുടെ കണ്ണുകള്‍ തിളങ്ങുന്നുണ്ടായിരുന്നു. വിടര്‍ന്ന ആ മിഴികളിലേക്ക് വീണ്ടും നോക്കി അയാള്‍ അരുമയോടെ ചിരിച്ചു.
""ഇവിടെ?''
""ഉപ്പയെ ഇവിടെ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്. ഇത്തിരി സീരിയസ്സാണ്. ഇങ്ങോട്ട് കൊണ്ടുവന്നിട്ട് രണ്ട് ദിവസമായതേയുള്ളൂ. അതിനുമുമ്പ് കുന്നംകുളത്ത് റോയല്‍ ഹോസ്പിറ്റലിലായിരുന്നു. വലിയ പ്രതീക്ഷയൊന്നുമില്ല. "ലേക്ക് ഷോറി'ല്‍ കൊണ്ടുവന്നാല്‍ രക്ഷപ്പെട്ടേക്കാമെന്ന് പലരും പറഞ്ഞപ്പോള്‍ അതുകൂടി ഒന്നു പരീക്ഷിക്കാമെന്ന് കരുതി . . . സാറിവിടെ?''
""മോളിവിടെ അഡ്മിറ്റാണ് - ഫസ്റ്റ് ഡെലിവറി. സണ്‍ഡേയാണ് ഡ്യൂ ഡേറ്റ്. സണ്‍-ഇന്‍-ലോ ദുബായിലായതുകൊണ്ട് ഞങ്ങള്‍ തന്നെ എല്ലാം കൈകാര്യം ചെയ്യുന്നു. വൈഫ് മുകളില്‍ അവളുടെയടുത്തുണ്ട്. ആണായിട്ടും പെണ്ണായിട്ടും ഞങ്ങള്‍ക്ക് ഒരാളേയുള്ളൂ. നാളെ ഞാന്‍ വരുമ്പോള്‍ നമുക്കവരെ പരിചയപ്പെടാം. അല്ലെങ്കില്‍ വേണ്ട, ഇപ്പോള്‍ത്തന്നെ ആവാം.''
അയാള്‍ ആവേശത്തോടെ പറഞ്ഞുകൊണ്ടിരുന്നു. സുഹറ അപ്പോള്‍ ആശുപത്രിമുറ്റത്ത് തഴച്ച് വളര്‍ന്നുനില്‍ക്കുന്ന ഓര്‍ക്കിഡ് ചെടികളുടെ പൂക്കളിലേക്ക് നോക്കുകയായിരുന്നു. പെട്ടെന്ന് എന്തോ ആലോചിച്ചിട്ടെന്നതുപോലെ അവള്‍ ചോദിച്ചു:
""മോളുടെ കുഞ്ഞിന് എന്ത് പേരാണ് കണ്ടുവച്ചിരിക്കുന്നത് മാഷേ? നല്ല അര്‍ത്ഥമുള്ള ഏതെങ്കിലും പേരാവുമല്ലോ അല്ലേ?''
""അതൊക്കെ പിന്നീട് തീരുമാനിക്കേണ്ട കാര്യങ്ങളല്ലേ സുഹറ? കൊച്ചിന്റെ ജെന്‍ഡര്‍ പോലും അറിയില്ലല്ലോ . . . പിന്നെ മുത്തച്ഛനേക്കാള്‍ അതിനവകാശം കുഞ്ഞിന്റെ സ്വന്തം അച്ഛനമ്മമാര്‍ക്കല്ലേ?''
""ഞാന്‍ ഓരോന്നോര്‍ത്ത് അറിയാതെ ചോദിച്ചുപോയതാ മാഷേ . . . എത്ര കാലം കഴിഞ്ഞാലും മനസ്സില്‍ നിന്നും മാഞ്ഞുപോകാത്ത ചില വാക്കുകള്‍, ഓര്‍മ്മകള്‍ . . .''
സുഹറയുടെ വിടര്‍ന്നുയര്‍ന്ന കണ്ണുകളില്‍ ഈറന്‍ പൊടിയുന്നതുപോലെ അയാള്‍ക്ക് തോന്നി. ഉച്ചവെയിലിന്റെ തിളക്കത്തില്‍ ആ മിഴികളില്‍ പ്രതിഫലിച്ച ആള്‍രൂപങ്ങള്‍ ചാവക്കാട് ഹയര്‍ സെക്കണ്ടറി സ്കൂളിലെ പഴയൊരു പ്ലസ്സ് ടൂ ക്ലാസ്സ് മുറിയുടെ പിന്‍നിരകളിലിരുന്ന കൗമാരക്കാരികളുടേതാണെന്ന് പെട്ടെന്നയാള്‍ തിരിച്ചറിഞ്ഞു.
""ഇന്ന് പുതിയൊരു അഡ്മിഷനുണ്ട് സേര്‍ര്‍ര്‍'' – അകലങ്ങളിലെവിടെനിന്നോ അലയടിക്കുന്നൊരു കോറസ്സ് അയാളുടെ ചെവിയില്‍ മുഴങ്ങി.
ഉച്ചകഴിഞ്ഞുള്ള ഫസ്റ്റ് പീരിയഡില്‍ ക്ലാസ്സെടുക്കാന്‍ വന്ന മലയാളം ഭാഷാധ്യാപകന്‍ ജോസ് മാത്യു കൗതുകത്തോടെ ഓരോ ബഞ്ചുകളിലൂടെ കണ്ണോടിച്ച് ഒടുവിലാ "പുതിയ അഡ്മിഷനെ' കണ്ടുപിടിച്ചു – പിന്‍ബഞ്ചില്‍, ജനാലക്കരികില്‍ വിടര്‍ന്ന കണ്ണുകളോടെയിരിക്കുന്നൊരു കൊച്ചുസുന്ദരി!
വെളുത്തു തുടുത്ത വട്ടമുഖത്ത് വലിയ കണ്ണുകളുള്ള ആ കുട്ടിയെ ആദ്യകാഴ്ചയില്‍ത്തന്നെ അയാള്‍ക്കിഷ്ടമായി.
""കുട്ടിയുടെ പേരെന്താണ്?''
""സുഹറ''
പഴുത്ത ചാമ്പങ്ങാനിറമുള്ള അവളുടെ ചുണ്ടുകള്‍ അതുച്ചരിക്കുമ്പോള്‍ ജോസ് മാത്യു എന്ന യുവ അദ്ധ്യാപകന്‍ ഒരു നിമിഷം മധു നുകരാന്‍ കൊതിക്കുന്നൊരു വണ്ടായി മാറി. പവിഴാധരങ്ങള്‍ക്ക് തൊട്ടുതാഴെയുള്ള കറുത്ത മറുക് ചുംബിക്കാന്‍ ക്ഷണിക്കുന്നതുപോലെ . . .
""ഇവളുടെ പേരിന്റെ അര്‍ത്ഥമൊന്നു പറയൂ മാഷേ. ഞങ്ങളുടെയെല്ലാം പേരിന്റെ അര്‍ത്ഥവും ന്യൂമറോളജിക്കല്‍ മീനിംഗും സേര്‍ മുമ്പേ പറഞ്ഞിട്ടുള്ളതല്ലേ? ഇവളുടേതുകൂടി പറയൂ സേര്‍!'' ഉച്ചയൂണ് കഴിഞ്ഞുള്ള ഉന്മേഷമോ, സരസനും ചെറുപ്പക്കാരനുമായ പ്രിയ അധ്യാപകന്റെ സാമീപ്യം നല്‍കുന്ന ഊര്‍ജ്ജമോ, എന്തുകൊണ്ടോ ക്ലാസ്സിലപ്പോള്‍ വലിയ ആരവമായിരുന്നു.
""സുഹൈറ എന്ന അറബിവാക്കില്‍ നിന്നായിരിക്കണം സുഹറ എന്ന പേരുമുണ്ടായത്. "സുഹൈറ' എന്നാല്‍ പുഷ്പം എന്നാണര്‍ത്ഥം. തിളങ്ങുന്ന, മനോഹരമായ എന്നും അര്‍ത്ഥമുണ്ട് – ഈ കുട്ടിയുടെ മുഖം പോലെ . . .''
സുഹറയുടെ മുഖം അപ്പോള്‍ മാരിവില്ല് പോലെ തിളങ്ങി.
""ഇവളുടെ ഉപ്പുപ്പാ ഇവളെ ഖദീജക്കുട്ടീന്നാ വിളിക്കുന്നത്. ആ പേരിന്റെ അര്‍ത്ഥം കൂടി ഒന്നു പറയൂ മാഷേ.'' സുഹറയുടെ തൊട്ടടുത്തിരുന്ന ക്ലാസ്സിലെ ചുണക്കുട്ടി വഹീദ കെഞ്ചി.
""ഖദീജ എന്ന് പറയുന്നത് നബി തിരുമേനിയുടെ പ്രിയപത്‌നിയുടെ പേരല്ലേ? അതിനേക്കാള്‍ വലുതായി എന്താണ് വേണ്ടത് . . . പിന്നെ "ഖദീജ' എന്ന പേരില്‍ പഴയൊരു മലയാളസിനിമയുമുണ്ട്. അതിലെ മനോഹരമായൊരു പാട്ടാണെനിക്കിപ്പോള്‍ ഓര്‍മ്മ വരുന്നത്:
""സുറുമയെഴുതിയ മിഴികളേ,
പ്രണയമധുര തേന്‍ തുളുമ്പും
സൂര്യകാന്തി പൂക്കളേ . . .''
ഈണത്തില്‍ ജോസ് മാത്യു ആ പല്ലവി പാടിയപ്പോള്‍ ക്ലാസ്സിലാകെ നീണ്ട ആരവമുയര്‍ന്നു. സുഹറയുടെ മുഖത്ത് നോക്കി അയാള്‍ സ്വയം മറന്ന് ഒരു കാമുകനെപ്പോലെ മൊഴിഞ്ഞു:
""സുറുമ കൂടി എഴുതിയാല്‍ മതി. എല്ലാം പൂര്‍ത്തിയാകും.''
സുറുമ എഴുതിയ മിഴികളുമായാണ് പിറ്റേന്ന് മുതല്‍ സുഹറ ക്ലാസ്സില്‍ വന്നുതുടങ്ങിയത്. മറ്റ് ക്ലാസ്സുകളില്‍ പഠിപ്പിക്കുന്നതിനേക്കാളും ജോസ് മാത്യുവിന് താല്പര്യം സുഹറയുടെ ട്വൊല്‍വ് ബിയില്‍ ക്ലാസ്സെടുക്കുന്നതായത് സ്വാഭാവികം. കത്തുന്ന യൗവ്വനത്തിന്റെ അപക്വതയും ഏത് വിരക്തനെയും മോഹിപ്പിക്കുന്ന ആ കൗമാരക്കാരിയുടെ അസാധാരണമായ സൗന്ദര്യവും കൂടിയായപ്പോള്‍ അയാള്‍ അറിയാതെ അവളിലേക്കടുക്കുകയായിരുന്നു. പഠിപ്പിക്കുന്ന അധ്യാപകനെന്നതിനേക്കാളുപരി ഒരു കമിതാവിനോടുള്ള ഇഷ്ടവും ആരാധനയും ശിഷ്യയിലുമുരുവിട്ടതോടെ പരസ്പരം വെളിപ്പെടുത്താതെതന്നെ ഇരുവരുടെയും ഹൃദയങ്ങള്‍ തമ്മിലടുത്തു. സെക്കന്‍ഡ് ലാംഗ്വേജ് ക്ലാസ്സില്‍ വയലാറിന്റെയും ഓ.എന്‍.വി.യുടെയും പ്രണയകവിതകള്‍ സ്ഥാനത്തും അസ്ഥാനത്തും പ്രയോഗിച്ചുകൊണ്ട് അധ്യാപകന്‍ പ്രണയവീഥികള്‍ തെളിക്കുമ്പോള്‍ കവിത തുളുമ്പുന്ന കണ്ണുകള്‍ കൊണ്ട് സുഹറ ആ വഴികളില്‍ പ്രകാശം പരത്തിക്കൊണ്ടിരുന്നു.
""സാറെന്താണ് ആലോചിച്ചിരിക്കുന്നത്? . . . വേണ്ട, പറയാതെതന്നെ എനിക്കറിയാം . . . നമുക്ക് ഇവിടെ എവിടെയെങ്കിലും ഇരുന്ന് സംസാരിച്ചാലോ മാഷേ?'' സുഹറ മുറ്റത്തേയ്ക്കും പരിസരത്തേയ്ക്കും നോട്ടമെറിഞ്ഞു.
""ശരിയാണ്, ഇവിടെയിങ്ങനെ എത്ര നേരമാണ് . . . നമുക്ക് കാന്റീനില്‍ പോയി ഒരു കാപ്പിയും കുടിച്ചിരിക്കാം. പറയാന്‍ നമുക്കൊരുപാടുണ്ടല്ലോ.''
അയാളുടെ പിന്നാലെ അവള്‍ നടന്നു. ഉച്ചയൂണിന്റെ തിരക്കൊഴിഞ്ഞതുകൊണ്ടാവണം കാന്റീനില്‍ ആളുകള്‍ വളരെ കുറച്ചേ ഉണ്ടായിരുന്നുള്ളൂ. പടിഞ്ഞാറേ ജനാലയ്ക്കരികിലെ മേശകളിലൊന്ന് തിരഞ്ഞെടുത്ത് അവര്‍ അടുത്തടുത്ത കസേരകളിലിരുന്നു. ചില്ലുജാലകത്തിലൂടെ ദൂരെ, കല്ലുവെട്ടാംകുഴികള്‍ക്കുമപ്പുറം ബൈപ്പാസ്സിലൂടെ കുതിച്ചുപായുന്ന വാഹനങ്ങളെ നോക്കി ഇരുവരും ഏറെനേരം മിണ്ടാതിരുന്നു. വടക്കോട്ട് പാഞ്ഞുപോയൊരു സ്കൂള്‍ബസ്സിന്റെ പിന്നാലെ ഓടി അയാളുടെ മനസ്സ് ഒടുവില്‍ ചാവക്കാട്ടെ ആ പഴയ ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ സ്റ്റാഫ് റൂമിലെത്തി.
""ജോസ് മാത്യു എന്താ കിനാവ് കാണുകയാണോ?''
ഫ്രീ പീരിയഡ് നല്‍കിയ ആലസ്യത്തില്‍ സീറ്റില്‍ കണ്ണും തുറന്ന് ഓരോന്നും ആലോചിച്ചുകൊണ്ടിരുന്ന സഹപ്രവര്‍ത്തകനെ നോക്കി രാമകൃഷ്ണന്‍ സാര്‍ ചോദ്യമെറിഞ്ഞു.
""സത്യം പറഞ്ഞാല്‍ നല്ലൊരു കിനാവ് കാണുകയായിരുന്നു സാര്‍. സുഖമുള്ളൊരു കിനാവ്!''
""സുഖമുള്ളത് തന്നെ. പക്ഷെ താനിപ്പോള്‍ കാണുന്നത് ചുറ്റും തീപിടിപ്പിക്കുന്ന കിനാവുകളാണ്. ജീവിതം ഒരുപാട് കണ്ട ഒരു കിഴവന്റെ വാക്കുകളായിട്ടല്ല, തന്നോട് ഇത്തിരി വാത്സല്യമുള്ളൊരു സഹപ്രവര്‍ത്തകന്റെ ഉപദേശമായി കണ്ടാല്‍ മതി.''
മുറിയില്‍ മറ്റാരുമില്ലെന്ന് ഉറപ്പുവരുത്തി, തൊട്ടടുത്ത് വന്ന് അദ്ദേഹം തുടര്‍ന്നു:
""കണ്ണടച്ച് പാല് കുടിക്കുന്ന പൂച്ചയുടെ വിചാരം അതാരും കാണുന്നില്ലെന്നാണ്. സ്കൂളില്‍ നിങ്ങളുടെ കാര്യം അറിയാത്തവരായി ഇപ്പോള്‍ ആരുമുണ്ടാവില്ല. സ്റ്റാഫിന്റെയിടയിലെ സംസാരം പോകട്ടെ, മറ്റ് ക്ലാസ്സുകളിലെ ചെക്കന്മാരുടെയിടയില്‍ പോലും ഇപ്പോളത് പാട്ടാണ്. താനെന്തുവിചാരിച്ചാണ് ഇങ്ങനെ?''
""സാറ് പറയുന്നത് എന്തിനെപ്പറ്റിയാണെന്ന് മനസ്സിലായി. എന്റെ സാറേ, ഞങ്ങളങ്ങനെ മുട്ടിയുരുമ്മി നടക്കുകയോ ഒളിച്ചു കാണുകയോ ഒന്നും ചെയ്യുന്നില്ലല്ലോ? സത്യം പറഞ്ഞാല്‍ ഈ നിമിഷം വരെ ഇഷ്ടമാണെന്ന് ഞങ്ങള്‍ പരസ്പരം പറഞ്ഞിട്ടുപോലുമില്ല; ഇഷ്ടമാണെന്ന് ഞങ്ങള്‍ക്ക് രണ്ടാള്‍ക്കും അറിയാമെന്നത് സത്യമാണ്. കവികളൊക്കെ പറയുന്നതുപോലെ, കണ്ണുകള്‍ കൊണ്ടു മാത്രം പ്രണയം പങ്കിടുന്ന . . .''
""മണ്ണാങ്കട്ട . . . തനിക്കെന്തിന്റെ കേടാണ് മാഷേ? തടി കേടാകാതെ എങ്ങനെയെങ്കിലും തലയൂരാന്‍ നോക്ക്. എടോ, ആ കുട്ടിയുടെ വീട്ടുകാരെപ്പറ്റി തനിക്ക് വല്ലതുമറിയാമോ? അവളുടെ ഉപ്പുപ്പ അഹമ്മദ് ഹാജിയെപ്പറ്റി താന്‍ കേട്ടിട്ടുണ്ടോ? ഈ ചാവക്കാട് ടൗണ്‍ വിലയ്ക്ക് വാങ്ങാന്‍ പാങ്ങുള്ള ആളാണ്. നാട്ടുകാര് മുഴുവനും ആദരിക്കുന്ന വലിയൊരു മനുഷ്യന്‍. ഈ സ്കൂളിന്റെ ഉടമസ്ഥന്മാരിലൊരാളാണെങ്കിലും ഒരു കാര്യത്തിലും ഇടപെടാതെ പ്രിന്‍സിപ്പലിനും ബോര്‍ഡിനും മുഴുവന്‍ സ്വാതന്ത്ര്യവും മൂപ്പര് നല്‍കുന്നു. അതുകൊണ്ടാണല്ലോ നമ്മളേപ്പോലുള്ള അന്യമതസ്ഥര്‍ക്കും പുറംനാട്ടുകാര്‍ക്കും ഇവിടെ പണി കിട്ടുന്നത്. റിട്ടയര്‍മെന്റ് കഴിഞ്ഞ് സമയം പോക്കാന്‍ വരുന്ന എന്നെപ്പോലെയല്ലല്ലോ തന്റെ കാര്യം. വല്ല എയ്ഡഡ് സ്കൂളിലോ സര്‍ക്കാര്‍ സര്‍വ്വീസിലോ കയറിപ്പറ്റുന്നതുവരെ ഇടത്താവളമായി താനിവിടെ നില്‍ക്കുന്നത് നല്ലതുതന്നെ. പക്ഷെ അതിനിടയില്‍ ഇങ്ങനെ വേണ്ടാത്ത പണിക്കൊക്കെ പോയി തണ്ടും തടിയും കളയരുതെന്നേ എനിക്ക് പറയാനുള്ളൂ. ആ ഹാജിയാര് കൈവീശിയൊന്ന് തന്നാല്‍ തന്റെ എല്ലുകള്‍ പെറുക്കിക്കൂട്ടാന്‍ വേറെ ആള് വരേണ്ടിവരും. ഒരു ഫുള്‍ കോഴിയുടെ ബിരിയാണിയാണ് രണ്ട് നേരവും മൂപ്പര് തിന്നുന്നതെന്നാണ് പറഞ്ഞു കേട്ടിട്ടുള്ളത്. ഈയിടെ ഒരറ്റാക്ക് വന്നതിനു ശേഷം മക്കളും കൊച്ചുമക്കളും കൂടെത്തന്നെ വേണമെന്ന് പറഞ്ഞാണ് ദുബായിലായിരുന്ന മക്കളെയും അവിടെ പഠിക്കുകയായിരുന്ന ഈ കുട്ടിയുള്‍പ്പെടെയുള്ള കൊച്ചുമക്കളെയുമൊക്കെ നാട്ടിലേക്ക് വരുത്തിയത് എന്ന് കേള്‍ക്കുന്നു . . . എന്റെ ജോസ് മാത്യൂ, തനിക്ക് തന്റെ നാട്ടിലുള്ള കൊള്ളാവുന്ന അച്ചായത്തിപ്പെമ്പിള്ളേരെ വല്ലവരെയും നോക്കിയാല്‍ പോരേ . . . ഈ ഉമ്മച്ചിക്കുട്ടിയെത്തന്നെ മോഹിക്കുന്നതെന്തിനാടോ?''
രാമകൃഷ്ണന്‍ സാര്‍ അത് പറയുമ്പോള്‍ ആ മുഖത്ത് നിറഞ്ഞുനില്‍ക്കുന്നത് തന്നോടുള്ള വാത്സല്യമാണെന്ന് ജോസ് മാത്യു തിരിച്ചറിഞ്ഞു. ആത്മാര്‍ത്ഥത നിറഞ്ഞൊരു ഹൃദയത്തില്‍ നിന്നും ബഹിര്‍ഗമിച്ച ആ വാക്കുകള്‍ക്കു മുമ്പില്‍ അയാള്‍ ഒരു നിമിഷം ബലഹീനനായി. പിന്നെ, മരിച്ചുപോയ തന്റെ പിതാവിനോടെന്നതുപോലെ മെല്ലെ പറഞ്ഞു:
""സാര്‍ പറയുന്നതൊക്കെ ശരിയാണ്. എന്നാലും എന്തോ എനിക്കാ കുട്ടിയെ വല്ലാതെയങ്ങ് ഇഷ്ടപ്പെട്ടു. ശരിയാണ്, ഞങ്ങള്‍ രണ്ട് മതക്കാരാണ്; തമ്മില്‍ അഞ്ചോ ആറോ വയസ്സിന്റെ വ്യത്യാസവുമുണ്ട്. പക്ഷെ ഞങ്ങളുടെ മനസ്സുകള്‍ തമ്മില്‍ വല്ലാതെ അടുത്തുപോയി സാര്‍ . . . ജാതി, മതം, കുടുംബം, നാട് – എല്ലാം മറന്ന് ഞങ്ങള്‍ ഒരുമിച്ച് ജീവിക്കും. ഞാനവളെ സ്‌നേഹിച്ച് കൊല്ലും!''
""അതിന് മുമ്പ് ഇവിടുത്തെ നാട്ടുകാര്‍ തന്നെ തല്ലിക്കൊല്ലും! എടോ, ഇക്കാര്യത്തില്‍ കാലം പുറകോട്ടാണ് സഞ്ചരിക്കുന്നത്. ഒരമ്പത് കൊല്ലം മുമ്പായിരുന്നെങ്കില്‍ ഒരു സാധാരണ മിശ്രവിവാഹമായി മാത്രമേ ആളുകളതിനെ കാണുമായിരുന്നുള്ളൂ. പക്ഷെ ലോകമൊരുപാട് മാറിയിരിക്കുന്നു. പണ്ടത്തെ സഹിഷ്ണുതയൊന്നും ഇപ്പോള്‍ മനുഷ്യര്‍ക്കില്ലെടോ.''
ജോസ് മാത്യുവിന്റെ ഹൃദയത്തില്‍ നിന്നും ചൂടുള്ള കുറേ നെടുവീര്‍പ്പുകളുയര്‍ന്നു. ഇന്റര്‍വെല്ലിന്റെ മണി മുഴങ്ങിയതിനെത്തുടര്‍ന്ന് സ്റ്റാഫ് റൂമിലേക്ക് ഓരോരുത്തരും എത്തിത്തുടങ്ങിയതോടെ രാമകൃഷ്ണന്‍ സാര്‍ സംഭാഷണമവസാനിപ്പിച്ച് തന്റെ സീറ്റിലേക്ക് മടങ്ങി. ഏതോ തമാശ പറഞ്ഞ് ഉറക്കെച്ചിരിച്ചുകൊണ്ട് മുറിയിലേക്ക് എത്തിയ പി.ടി. മാഷ് നവാസ് വന്നപാടെ കൃത്രിമ ഗൗരവം നടിച്ച് എല്ലാവരോടുമായൊരു ചോദ്യമെറിഞ്ഞു:
""മ്മടെ ജോസ് മാത്യു സാര്‍ അടുത്തയാഴ്ച പൊന്നാനിക്ക് പോയി തൊപ്പിയിടുന്ന വിവരം ങ്ങളാരെങ്കിലുമറിഞ്ഞോ? മൂപ്പര് ജോസഫ് എന്ന പേര് മാറ്റി യൂസഫ് എന്നാക്കുകയാണ് ട്ടോ. നോമ്പ് കഴിഞ്ഞാലുടനെ നിക്കാഹ്. എല്ലാവര്‍ക്കും ബിരിയാണിസദ്യെണ്ട്.''
സ്റ്റാഫ്‌റൂമിലുയര്‍ന്ന കൂട്ടച്ചിരി നല്‍കിയ ഊര്‍ജ്ജത്തില്‍ ജോസ് മാത്യുവിന്റെ നേരെ തിരിഞ്ഞ് നവാസ് തുടര്‍ന്നു:
""എന്നാലും നിങ്ങളൊരു ഭയങ്കരന്‍ തന്നെയാണിഷ്ടാ. അഹമ്മദ് ഹാജിയുടെ കൊച്ചുമോളെത്തന്നെ കറക്കിയെടുത്തില്ലേ തിരുവിതാങ്കൂറില്‍ നിന്നും വന്ന ഈ പഹയന്‍? എന്റെ സംശയം അതല്ല, നമ്മുടെ ഈ ചുള്ളത്തി സൈനബ മിസ്സൊക്കെ ഇവിടെയുണ്ടായിട്ടും...''
രസികനായ പി.ടി. മാഷിന്റെ സംസാരം സാകൂതം കേട്ടുകൊണ്ടിരുന്ന സൈനബടീച്ചറുടെ മുഖത്ത് ചിരിവിടരുന്നത് കണ്ട് നവാസ് കൂടുതല്‍ ആവേശഭരിതനായി പിന്നെയും ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. ഓരോ വാചകവും ഉതിര്‍ത്ത പൊട്ടിച്ചിരിയില്‍ പങ്കുചേരാതിരിക്കുവാന്‍ ജോസ് മാത്യുവിനും കഴിഞ്ഞില്ല.
""സാര്‍ എന്താണ് ചിരിക്കുന്നത്? പണ്ടത്തെ കാര്യങ്ങളായിരിക്കും ഓര്‍ക്കുന്നത് അല്ലേ? സാറിന്റെ ക്ലാസ്സിലായിരുന്നു ഞങ്ങള്‍ ഏറ്റവും കൂടുതല്‍ കുസൃതികളൊപ്പിച്ചിരുന്നത്. മലയാളം ക്ലാസ്സായിരുന്നു ഏറ്റവും രസമെന്ന് വഹീദയും ഞാനും വല്ലപ്പോഴും വിളിക്കുമ്പോഴൊക്കെ പറയാറുണ്ട്. ക്ലാസ്സിലെ ഓരോ തമാശകള്‍ . . . അതൊക്കെ ഒരു കാലം'' സുഹറ അതുപറഞ്ഞ് വിദൂരത്തെ കാഴ്ചകളിലേക്ക് വീണ്ടും കണ്ണെറിഞ്ഞു.
""വഹീദ ഇപ്പോള്‍?''
""അവള്‍ കുടുംബമായി ഖത്തറിലുണ്ട്. നാല് മക്കളില്‍ രണ്ടുപേരുടെ നിക്കാഹ് കഴിഞ്ഞു. സാറിനറിയാമല്ലോ, അവളായിരുന്നു എന്റെ ബെസ്റ്റ് ഫ്രണ്ട്. ഇപ്പോഴും അങ്ങനെതന്നെ. പക്ഷെ എന്റെ സ്വപ്നങ്ങള്‍ തകര്‍ത്തതും അവള്‍ തന്നെയായിരുന്നു. കല്‍പ്പിച്ചുകൂട്ടി ചെയ്തതല്ലെങ്കിലും . . .''
അമ്പരപ്പോടെ ജോസ് മാത്യു സുഹറയുടെ മുഖത്തേയ്ക്ക് നോക്കി. ഈറന്‍ പൊടിയുന്ന അവളുടെ മിഴികളെ തലോടുവാന്‍ ഒരുനിമിഷം അയാളുടെ കൈകള്‍ തരിച്ചെങ്കിലും വീണ്ടുവിചാരത്താലെന്നവണ്ണംഅത് വേണ്ടെന്നുവച്ചു.
പുറത്ത് മഴ പെയ്യുവാന്‍ തുടങ്ങുകയായിരുന്നു. വെയില്‍ മറഞ്ഞ് അന്തരീക്ഷമാകെ ഇരുട്ട് പരന്നു. ക്ഷണിക്കാതെ വന്ന മഴയുടെ രൗദ്രതയിലേക്ക് കണ്ണുനട്ട് സുഹറ പറഞ്ഞുതുടങ്ങി:
""പ്ലസ്സ് ടു പരീക്ഷ കഴിഞ്ഞ് സ്കൂള്‍ പൂട്ടി ആഴ്ചകള്‍ക്കകം വഹീദയുടെ നിക്കാഹ് കഴിഞ്ഞു. ആയിടെയായിരുന്നു ഉപ്പുപ്പായ്ക്ക് രണ്ടാമത്തെ അറ്റായ്ക്കുണ്ടാവുന്നത്. എന്റെ നിക്കാഹ് എത്രയും വേഗം നടത്തണമെന്നു പറഞ്ഞ് ഉപ്പുപ്പാ ബഹളംകൂട്ടി. വഹീദയുടെ ഹസ്‌ബെന്റിന്റെ ബിസിനസ്സ് പാര്‍ട്ട്ണറെ അവള്‍ തന്നെയാണ് സജസ്റ്റ് ചെയ്തത്. എന്റെ മനസ്സിലെ മോഹം അവള്‍ക്കറിയാമായിരുന്നു. എന്നിട്ടും . . . അതൊക്കെ വെറുമൊരു ടീനേജ് ഇന്‍ഫാക്‌ച്വേഷന്‍ ആയി കണ്ടാല്‍ മതിയെന്നായിരുന്നു അവളുടെ ഉപദേശം. അന്നത്തെ അവസ്ഥയില്‍, ആ പ്രായത്തില്‍ എനിക്ക് വേറൊരു മാര്‍ഗ്ഗമില്ലായിരുന്നു മാഷേ . . . ഒരു വെഡ്ഡിംഗ് കാര്‍ഡ് പോലും സാറിനയക്കാന്‍ പറ്റിയില്ല. വെക്കേഷന്‍കാലമായതുകൊണ്ട് എങ്ങനെ ബന്ധപ്പെടാനാണ്? മാഷിന്റെ നാട്ടിലെ അഡ്രസ്സോ ഫോണ്‍ നമ്പറോ എനിക്കറിയില്ലായിരുന്നല്ലോ . . .''
""സമ്മര്‍ വെക്കേഷന്‍ കഴിഞ്ഞ് മടങ്ങിവന്നപ്പോഴാണ് ഞാന്‍ വിവരമറിയുന്നത്. സത്യം പറയാമല്ലോ സുഹറാ, ശരിക്കും സങ്കടപ്പെട്ടു. പിന്നെ ആ യാഥാര്‍ത്ഥ്യവുമായങ്ങ് പൊരുത്തപ്പെടുകയായിരുന്നു. ഭാഗ്യത്തിന്, മുമ്പെഴുതിയ ഒരു പി.എസ്.സി. ടെസ്റ്റിന്റെ ഫലം വന്ന് നാട്ടിലെ ഒരു സര്‍ക്കാര്‍ സ്കൂളിലേക്ക് ഉടനെ മടങ്ങാനും സാധിച്ചു . . . മനസ്സില്‍ നിന്നും ഈ ഉമ്മച്ചിക്കുട്ടി ഇറങ്ങിപ്പോകാന്‍ എത്രകാലമെടുത്തു എന്നറിയില്ല. ഇറങ്ങിപ്പോയോ എന്നുപോലും . . .''
മഴയുടെ ആര്‍ത്തലപ്പിലേക്ക് ഇരുവരും കണ്ണെറിഞ്ഞു. കോരിച്ചൊരിയുന്ന മഴയുടെ പ്രതിഫലനം സുഹറയുടെ മിഴികളില്‍ കണ്ടപ്പോള്‍ അയാള്‍ ആര്‍ദ്രമായി അവളെ നോക്കി. വിതുമ്പലുകളുടെ ഒരു ഇടവേളയില്‍ അവള്‍ ചോദിച്ചു:
""സാര്‍ കുറേക്കാലം അബുദാബിയിലുണ്ടായിരുന്നു അല്ലേ?''
""ശരിയാണ്. സര്‍വ്വീസില്‍ നിന്നും ലോംഗ് ലീവെടുത്ത് പത്തുവര്‍ഷത്തിലധികം അവിടെ വാദ്ധ്യാരായിപണിയെടുത്തു. അബുദാബി ഇന്ത്യന്‍ സ്കൂളിലെ ടീച്ചറായിരുന്നു എന്റെ വൈഫ് സ്റ്റെല്ല. കല്യാണം കഴിഞ്ഞ് ഞാനും ഒപ്പം കൂടുകയായിരുന്നു. കുറേക്കഴിഞ്ഞപ്പോള്‍ എനിക്ക് ഗള്‍ഫ് മടുത്തു; ഇതിനിടയില്‍ ഞങ്ങള്‍ക്കൊരു മോള്‍ പിറന്നിരുന്നു. അവളുടെ പഠിത്തവും നാട്ടിലാവട്ടെയെന്ന് കരുതി . . . അത് പറഞ്ഞില്ലല്ലോ, എങ്ങനെയറിഞ്ഞു ആ കാര്യം?''
""പറയാം. കല്യാണം കഴിഞ്ഞ് രണ്ട് വര്‍ഷം തികയുന്നതിന് മുമ്പേ ഞാന്‍ ദുബായിലേക്ക് മടങ്ങിയിരുന്നു സാര്‍. പക്ഷെ അതൊരുതരം രക്ഷപ്പെടലായിരുന്നു. പറയാനൊരുപാടുണ്ട് സാര്‍. മുഴുവനും കേട്ടാല്‍ സാറിനൊരു നോവലെഴുതാനുള്ള സ്‌കോപ്പുണ്ട്. പിന്നെ, സാറിന്റെ കഥകളും കവിതകളുമൊക്കെ ഞാനവിടെ നിന്നിറങ്ങുന്ന മലയാളം പ്രസിദ്ധീകരണങ്ങളില്‍ കാണാറുണ്ടായിരുന്നു. ഒപ്പം ചേര്‍ത്തിരുന്ന ഫോട്ടോയിലൂടെയാണ് ആളെ ഞാന്‍ തിരിച്ചറിഞ്ഞത്. സാറിന്റെ ഫോണ്‍ നമ്പര്‍ കിട്ടാന്‍ ഞാന്‍ കുറേ ശ്രമിച്ചതാണ്. ഒരു പെണ്ണിന്റെ അന്വേഷണത്തിനും പരിധിയുണ്ടല്ലോ സാര്‍.''
""എന്തുപറ്റി സുഹറാ, ഹസ്‌ബെന്റുമായി വല്ല അഭിപ്രായവ്യത്യാസവും . . .?''
""അഭിപ്രായവ്യത്യാസം എന്ന് പറഞ്ഞാല്‍ പോരാ, അടിച്ചുപിരിഞ്ഞു എന്നാണ് പറയേണ്ടത്. മൂപ്പരാള്‍ വല്ലാത്തൊരു സംശയരോഗിയായിരുന്നു സാര്‍. എന്തിനും ഏതിനും എന്നെ സംശയം. സുന്ദരിമാരെല്ലാം പിഴകളാണെന്നാണ് മൂപ്പരുടെ കണ്ടെത്തല്‍ - ഒരു തരം മാനസികരോഗം. ബിസിനസ്സില്‍ ആള് ഉഷാറാണ്, പക്ഷെ മനസ്സ് ശരിയല്ല. മാഷിന്റെ കാര്യം വഹീദ ഓളുടെ പുയ്യാപ്ലയോട് ഒരിക്കല്‍ പറഞ്ഞത് വള്ളിപുള്ളി വിടാതെ മൂപ്പരുടെ ചെവിയിലെത്തിയതിനു ശേഷം എനിക്ക് സമാധാനം കിട്ടിയിട്ടില്ല. നമ്മള്‍ തമ്മില്‍ അവിഹിതമായിരുന്നു എന്നു വരെ അയാള്‍ സങ്കല്പിച്ചുകൂട്ടി. ഇടയ്ക്കിടെ എന്നെ കാണാന്‍ സാര്‍ രഹസ്യമായി വരുന്നുണ്ടെന്നും വിളിക്കാറുണ്ടെന്നും പറഞ്ഞ് തല്ലോട് തല്ല്. എന്റെ വീട്ടില്‍ രണ്ടീസം നില്‍ക്കാന്‍ പോയാല്‍ മാഷിനെക്കാണാനുള്ള യാത്രയാണെന്നു പറഞ്ഞ് ബഹളമുണ്ടാക്കും. പൊന്നും പണ്ടോം ഒരുപാട് കൊടുത്തിട്ടാണ് ഉപ്പുപ്പാ എന്നെ നിക്കാഹ് ചെയ്തയച്ചത്. എന്തായാലും എന്റെ ദുര്‍ഗതിയെപ്പറ്റി അറിയുന്നതിന് മുമ്പേ ഉപ്പുപ്പാ കണ്ണടച്ചിരുന്നു. അതാണൊരാശ്വാസം . . . ഉപ്പയും ഉമ്മയും മൂപ്പരെ ഫോണിലൂടെയും നേരിട്ടും കണ്ട് കുറേ ഗുണദോഷിച്ചു. സഹികെട്ടപ്പോള്‍ മൊഴിചൊല്ലി ഒഴിവാക്കാന്‍ പറഞ്ഞു. ഒടുവില്‍ പെരുമ്പാവിലുള്ള ഞങ്ങളുടെ ഒരു തടിമില്ല് അയാളുടെ പേര്‍ക്ക് എഴുതിക്കൊടുത്തതിനു ശേഷമാണ് ഏകദേശം രണ്ട് വര്‍ഷത്തെ തടവറയില്‍ നിന്നും എന്നെ മോചിപ്പിച്ചത്. അതിനു മുമ്പ് ഒരുവട്ടം ഞാന്‍ കൈഞരമ്പ് മുറിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച്, കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. അതോടെ ഉപ്പയ്ക്ക് മറ്റൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല.''
ജോസ് മാത്യു നിമിഷങ്ങളോളം കണ്ണുകളടച്ചിരുന്നു. മഴയുടെ ശക്തി കുറഞ്ഞ് മാനം വീണ്ടും തെളിഞ്ഞുതുടങ്ങി. ദൂരെ, കല്ലുവെട്ടാംകുഴികളിലെവിടെനിന്നോ സുഹറയുടെ വിതുമ്പലുകള്‍ കയറിവരുന്നതുപോലെ അയാള്‍ക്ക് തോന്നി.
""മാഷിനെ ഞാന്‍ സങ്കടപ്പെടുത്തി അല്ലേ? സോറി സാര്‍. കൊല്ലങ്ങള്‍ക്കു ശേഷം അടുത്തുകണ്ടപ്പോള്‍ അറിയാതെ ഹൃദയം തുറന്നുപോയതാണ് . . . ദുബായിലേക്ക് ഉപ്പ എന്നെ കൊണ്ടുപോയതിനു ശേഷമാണ് എനിക്ക് മനഃസമാധാനം തിരിച്ചുകിട്ടിയത്. ഉപ്പയുടെയും ഉമ്മയുടെയും ഇക്കമാരുടെയും കൂടെ അവിടെ കഴിയുമ്പോഴും ഞാന്‍ സാറിനെ ഓര്‍ക്കാറുണ്ടായിരുന്നു. ഒന്ന് കാണണമെന്ന് വല്ലാതെ മോഹിച്ചിരുന്നു. "വെറുതെ ഈ മോഹങ്ങള്‍ എന്നറിയുമ്പോഴും . . .' ആ സിനിമാപ്പാട്ട് പോലെ!''
""വേറൊരു നിക്കാഹിന് ശ്രമിച്ചില്ലേ സുഹറാ?''
""ഉപ്പയും ഉമ്മയും ഒരുപാട് നിര്‍ബന്ധിച്ചിരുന്നു സാര്‍. പക്ഷെ പിന്നെയുമൊരു പരീക്ഷണത്തിന് തയ്യാറല്ലെന്ന് ഞാന്‍ കട്ടായം പറഞ്ഞു. ഉപ്പയ്ക്കവിടെ ബിസിനസ്സായിരുന്നു. ഷോപ്പിലെ മാനേജര്‍ മുതല്‍ ഇക്കമാരുടെ കൂട്ടുകാര്‍ വരെ ആലോചനയുമായി വന്നതാണ്. മിക്കതും രണ്ടാം കല്യാണങ്ങളും പ്രായം ചെന്നവരുടെ കേസുകളുമായിരുന്നു. എനിക്ക് വല്ലാതെ മടുത്തിരുന്നു സാര്‍. കല്യാണം എന്ന് കേള്‍ക്കുമ്പോള്‍ത്തന്നെ എനിക്കൊരുതരം ഭയമായിരുന്നു. പിന്നെയാവട്ടെ, മുറിവുണങ്ങാന്‍ സമയം വേണം എന്നൊക്കെ പറഞ്ഞ് ഞാന്‍ എല്ലാം വലിച്ചുനീട്ടി. പിന്നെപ്പിന്നെ ആരും നിര്‍ബന്ധിക്കാതായി. ഇതിനിടെ ഉമ്മ മരണപ്പെട്ടു. ഉപ്പ രോഗിയായി. ഉപ്പയ്ക്ക് വച്ചുവിളമ്പലും ശുശ്രൂഷിക്കലുമായി പിന്നെ എന്റെ പണി. ഇക്കമാര്‍ക്കും താത്തമാര്‍ക്കും അതൊരു സൗകര്യവുമായിരുന്നു. രോഗം മൂര്‍ഛിച്ചതോടെ നാട്ടില്‍ പോകണമെന്ന് ഉപ്പ മോഹം പറഞ്ഞപ്പോള്‍ ഞങ്ങള്‍ രണ്ടാളും തറവാട്ടിലേക്ക് മടങ്ങുകയായിരുന്നു . . . വഹീദ ഇടയ്‌ക്കൊക്കെ വിളിക്കും. ഓരോന്ന് പറഞ്ഞ് ഞങ്ങള്‍ രണ്ടാളും കരയും. ചിലപ്പോള്‍ പഴയ കാര്യങ്ങള്‍ പറഞ്ഞ് ചിരിക്കും. ആ പിന്നെ, ഇതിനിടെ മറ്റൊരു കാര്യവും നടക്കുന്നുണ്ടായിരുന്നു കേട്ടോ സാര്‍. സമയം പോക്കാന്‍ ഞാന്‍ ചിത്രരചനയും തുടങ്ങി! നല്ല അസ്സല്‍ പെയിന്റിംഗുകള്‍. സ്വയം പ്രശംസിക്കുന്നതല്ല സാര്‍, ഒരുപാട് പേര്‍ നല്ല അഭിപ്രായം പറഞ്ഞിരിക്കുന്നു. വിടരാന്‍ കൊതിക്കുന്ന പൂമൊട്ടുകളും ഒറ്റപ്പെട്ട മരങ്ങളും നിശ്ചല തടാകങ്ങളും കരയുന്ന സുന്ദരിയുമൊക്കെയാണ് മിക്കതും. സുറുമയെഴുതാത്ത അവരുടെ മിഴികളില്‍ നോക്കി ഞാന്‍ ചിലപ്പോഴൊക്കെ കരയാറുണ്ട്. സാറിന്റെ ചില കഥകളിലും ഞാനവരെ കാണാറുണ്ടായിരുന്നു. ആത്മാവിനെ അഗാധമായി സ്പര്‍ശിക്കുന്ന, കവിതപോലുള്ള കഥകള്‍ . . .'' അത് പറയുമ്പോള്‍ സുഹറയുടെ തൊണ്ടയിടറിയിരുന്നു.
""ശരിയാണ് സുഹറ, അന്നൊക്കെ എഴുതാനിരിക്കുമ്പോള്‍ എന്റെ മുമ്പില്‍ തെളിഞ്ഞുവന്നിരുന്നത് നിന്റെ രൂപമായിരുന്നു. ലോകം നീ എന്ന ഒരാളിലേക്കൊതുങ്ങിയപോലെയാണെനിക്കനുഭവപ്പെട്ടിരുന്നത്. പറഞ്ഞു തീരാത്ത പ്രണയമന്ത്രങ്ങളും ഹൃദയരാഗങ്ങളും കടലാസ്സിലേക്കങ്ങനെ . . . കാലം കുറേ ചെന്നപ്പോള്‍, ജീവിതത്തിരക്കുകള്‍ കൊണ്ടാവാം, എഴുത്തും നിലച്ചു. നാട്ടിലേക്ക് മടങ്ങി സര്‍വ്വീസില്‍ തിരികെ പ്രവേശിച്ചതോടെ പിന്നെയതിന് തീരെ സമയം കിട്ടാതെയുമായി; താല്പര്യവും കുറഞ്ഞു. മോളുടെ പഠിപ്പ്, കല്യാണം, ദേ ഇപ്പോള്‍ അവളുടെ പ്രസവം - മുന്‍ഗണനകള്‍ മാറുമ്പോള്‍ മറവിയും വിരക്തിയും സ്വാഭാവികം.''
സുഹറയുടെ കണ്ണുകള്‍ പുറത്തെ കാഴ്ചകളിലേക്ക് തെന്നിമാറി. സൂര്യന്‍ അറബിക്കടലിലേക്കുള്ള പ്രയാണത്തിന്റെ അന്ത്യഘട്ടത്തിലെത്തിയിരുന്നു. പെയ്‌തൊഴിഞ്ഞ മഴയുടെ സംഗീതം അപ്പോഴും അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുന്നതുപോലെ . . . സന്ധ്യയുടെ വരവറിയിച്ചുകൊണ്ട് ഒരുപറ്റം പക്ഷികള്‍ പടിഞ്ഞാറേയ്ക്ക് പറന്നു. അവയുടെ ചിറകുകള്‍ക്ക് പിന്നാലെ പോയ സുഹറയുടെ കണ്ണുകള്‍ എന്തോ ഓര്‍ത്തിട്ടെന്നതുപോലെ പെട്ടെന്ന് പിന്‍വാങ്ങി.
""നമ്മള്‍ തമ്മില്‍ ഏറ്റവും അവസാനം കണ്ട ദിവസം സാര്‍ ഓര്‍ക്കുന്നുണ്ടോ?''
""ഉവ്വ്. നിങ്ങളുടെ ആനുവല്‍ പരീക്ഷ തീരുന്ന ദിവസം. അന്ന് സുഹറയുടെ പിറന്നാളുമായിരുന്നല്ലോ. ബര്‍ത്ത്‌ഡേക്കാര്‍ക്ക് യൂണിഫോം നിര്‍ബന്ധമല്ലാതിരുന്നതുകൊണ്ട് വര്‍ണ്ണപ്പകിട്ടുള്ള ചുരിദാറുമണിഞ്ഞായിരുന്നു അന്ന് സുഹറ സ്കൂളില്‍ വന്നത്. ഞാനിപ്പോഴുമോര്‍ക്കുന്നു, തലയില്‍ അന്ന് നീ അണിഞ്ഞ തട്ടത്തിന് ചുവന്ന നിറമായിരുന്നു; മിഴികളില്‍ അന്നും സുറുമയെഴുതിയിരുന്നു . . .''
സുഹറ നന്നായി പുഞ്ചിരിച്ചു. അവളുടെ കണ്ണുകള്‍ സായംസന്ധ്യാപ്രഭയില്‍ വെട്ടിത്തിളങ്ങുന്നൊരു നീലജലാശയമാണെന്ന് അയാള്‍ക്ക് തോന്നി.
""അന്ന് പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനു മുമ്പ് സാറിന്റെയടുത്ത് ഓട്ടോഗ്രാഫ് വാങ്ങുവാന്‍ വഹീദയും ഞാനും കൂടി സ്റ്റാഫ്‌റൂമിലെത്തിയിരുന്നു. എന്റെ ഓട്ടോഗ്രാഫില്‍, സാറിനായി മാറ്റിവച്ച ഒന്നാം പേജില്‍ സാറെഴുതിയ വാക്കുകള്‍ ഓര്‍മ്മയുണ്ടോ സാര്‍?''
""പൂര്‍ണ്ണമായും ഓര്‍ക്കുന്നില്ല. ഓ.എന്‍.വി. എഴുതിയ ചില സിനിമാപ്പാട്ടുകളുടെ വരികള്‍ ഉള്‍പ്പെടുത്തിയിരുന്നു എന്നോര്‍മ്മയുണ്ട്.''
""പക്ഷെ ഞാനാ വരികള്‍ മറന്നിട്ടില്ല, ഒരിക്കലും മറക്കുകയുമില്ല:
"ഭൂമിയെ സ്‌നേഹിച്ച ദേവാംഗനയൊരു
പൂവിന്റെ ജന്മം കൊതിച്ചു-
പിന്നെ നീയെന്ന ജന്മമെടുത്തു . . .
ഈ പൂവെന്നുമെന്നരികിലുണ്ടായിരുന്നെങ്കില്‍!'
അതു വായിച്ചപ്പോള്‍ സന്തോഷംകൊണ്ട് എന്റെ കണ്ണുകള്‍ നിറഞ്ഞുപോയിരുന്നു സാര്‍.''
""ഞാനോര്‍ക്കുന്നു സുഹറാ . . . അന്ന് കണ്ണ് തുടച്ചുകൊണ്ട് നീ യാത്ര പറഞ്ഞ് പോകുന്ന വഴി പലവട്ടം തിരിഞ്ഞുനോക്കിയിരുന്നു. ജീവിതം മുഴുവനും നിഴലുപോലെ എന്നെ പിന്തുടര്‍ന്ന നോട്ടമായിരുന്നു അത്.''
പരിസരം മറന്ന് സുഹറ പൊട്ടിക്കരയാന്‍ തുടങ്ങി. അരുമയോടെ അയാള്‍ അവളുടെ പുറത്ത് തലോടി; മിഴികള്‍ തുടച്ചു. അയാളുടെ കൈകളില്‍ മുറുകെപ്പിടിച്ചുകൊണ്ട് അവള്‍ മെല്ലെ കെഞ്ചി:
""എന്നെ ഒന്നു ചേര്‍ത്തുപിടിക്കൂ സാര്‍ . . . എന്നിട്ട് ഇനിയും എഴുതുമെന്ന് പറയൂ. എനിക്കുവേണ്ടി . . .''
പ്രിയശിഷ്യയെ ചേര്‍ത്തുപിടിച്ചുകൊണ്ട് ജോസ് മാത്യു മെല്ലെ പറഞ്ഞു:
""എഴുതാം സുഹറാ. നിനക്കുവേണ്ടി ഞാന്‍ വീണ്ടും . . . പക്ഷെ ഈ മിഴികളില്‍ വീണ്ടും സുറുമയെഴുതുമെന്ന് നീയുമെനിക്ക് വാക്കുതരണം.''
പ്രപഞ്ചത്തിന്റെ സന്തോഷം മുഴുവനും തന്റെ കണ്ണുകളില്‍ പ്രതിഫലിപ്പിച്ചുകൊണ്ട് സുഹറ ഒരു ചെറുപുഞ്ചിരിയോടെ അയാള്‍ക്ക് ഉറപ്പുകൊടുത്തു:
""വീട്ടില്‍ പോയിട്ട് സാര്‍ നാളെ മടങ്ങിയെത്തുമ്പോള്‍ പഴയ സുഹറയെ സാറിന് വീണ്ടും കാണുവാന്‍ സാധിക്കും.''
പിറ്റേന്ന് പക്ഷേ, സുഹറയ്ക്ക് തന്റെ മിഴികളില്‍ സുറുമയെഴുതേണ്ടിവന്നില്ല. അന്ന് രാത്രി അവളെ തനിച്ചാക്കി ഉപ്പ ആത്മാക്കളുടെ ലോകത്തേയ്ക്ക് യാത്രയായി. സുറുമയെഴുതാത്ത, തോരാത്ത മിഴികളുമായി അവള്‍ തന്റെ മാഷിനെയും കാത്തിരുന്നു. $