തിരഞ്ഞെടുപ്പ് വിശേഷങ്ങള്‍ ചൂടുപിടിക്കുന്ന ഈ അവസരത്തില്‍ സ്ഥാനാര്‍ത്ഥികളെക്കുറിച്ചുള്ള വിലയിരുത്തലുകള്‍ തകൃതിയായി നടന്നു കൊണ്ടിരിക്കുന്നതാണ് ഇന്നത്തെ കേരളത്തിന്റെ പശ്ചാത്തലം. അവശന്മാര്‍, ആര്‍ത്തന്മാര്‍, ആലംബഹീനന്മാര്‍, വെളളിത്തിരയില്‍ സ്വഭാവകഥാപാത്രങ്ങളുടെ മുഖവുമായി എത്തുന്നവര്‍ എന്നിവര്‍ ജനങ്ങള്‍ക്കുവേണ്ടി ജനങ്ങള്‍ തെരഞ്ഞെടുക്കേണ്ട പ്രതിനിധികളുടെ പട്ടികയില്‍ സ്ഥാനംപിടിക്കുന്നത് ഇക്കാലത്തെ രാഷ്ട്രീയത്തിന്റെ ഒരു സ്വഭാവമായിരിക്കുന്നതായി കാണാം. ഒരു ജനപ്രതിനിധി ആരായിരിക്കണം അല്ലെങ്കില്‍ സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നതിന്റെ മാനദണ്ഡം എന്താണ്? കേരളത്തിലെ നിലവിലുള്ള എം എല്‍.എ മാരില്‍ 65 ശതമാനം കുറ്റവാളികള്‍ ആണെന്ന് അസോസിയേഷന്‍ ഫോര്‍ ഡെമോക്രറ്റിക് റിഫോംസ് ആന്‍ഡ് കേരള എലക്ഷന്‍ വാച്ച് സര്‍വ്വേ നടത്തി കണ്ടെത്തിയതായി എവിടെയോ വായിക്കുകയുണ്ടായി. അങ്ങിനെയാണെങ്കില്‍ ജനങ്ങള്‍ പ്രതിനിധികളെ തിരഞ്ഞെടുക്കുന്നത് അവരുടെ യോഗ്യതകള്‍ വിലയിരുത്തികൊണ്ടുതന്നെയാണോ എന്നതാണ്. ഏതെങ്കിലും ഒരു പാര്‍ട്ടിയുടെ പ്രതിനിധി എന്ന നിലയില്‍ യോഗ്യതനോക്കാതെ ജനങ്ങള്‍ വോട്ടു രേഖപ്പെടുത്തുന്നതും ഇതിനൊരു കാരണമാകാം.
ജനങ്ങളെ മുന്നോട്ട് നയിക്കാന്‍ കഴിവുള്ള ഒരു ജനപ്രതിനിയെ തിരഞ്ഞെടുക്കാതെ വ്യക്തിപരമായ ഏതെങ്കിലും കാരണത്താല്‍ അല്ലെങ്കില്‍ അവര്‍ വെള്ളിത്തിരയില്‍ കെട്ടിയാടുന്ന വേഷങ്ങള്‍ വിലയിരുത്തി രാഷ്ട്രീയ സ്ഥാനാര്‍ത്ഥിത്വം പതിച്ചുകൊടുക്കുന്ന ഒരു പാരമ്പര്യം നമ്മുടെ സാക്ഷരകേരളത്തിനുണ്ടോ?
ഇതേകുറിച്ചോര്‍ക്കാന്‍ ഇപ്പോള്‍ ഒരു കാരണമുണ്ടായി. രണ്ട് പെണ്‍മക്കളെ പീഡിപ്പിച്ച് കെട്ടിത്തൂക്കി കൊലപ്പെടുത്തിയ നരാധമന്മാര്‍ക്ക് മതിയായ ശിക്ഷനല്‍കാന്‍ അധികാരകസേരയില്‍ ഇരിക്കുന്നവര്‍ക്കും നീതിിപീഠത്തിനും കഴിയാത്ത സാഹചര്യത്തില്‍ നീതിക്കുവേണ്ടി ഒരു മാതാവ് രാഷ്ട്രീയ കളരിയിലേക്ക് ഇറങ്ങുന്നു എന്ന വാര്‍ത്ത തന്നെയാണത്. കേരള-തമിഴ്‌നാട് അതിര്‍ത്തിയായ വാളയാറില്‍ ജനുവരി 13 , 2017 പതിമൂന്നു വയസ്സായ ഒരു ദളിത് പെണ്‍കുട്ടി അവളുടെ ഒറ്റമുറി വീട്ടിലെ കഴുക്കോലില്‍ തൂങ്ങി മരിച്ചു. രണ്ട് മാസങ്ങള്‍ക്ക് ശേഷം മാര്‍ച്ച് നാലിന് അവളുടെ ഒമ്പത് വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന അനുജത്തിയും തൂങ്ങി മരിച്ചു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അവര്‍ രണ്ടുപേരും പ്രകൃതിവിരുദ്ധമായ പീഡനത്തിനിരയാക്കപ്പെട്ടിരുന്നു എന്ന് കണ്ടിരുന്നു. ഇതിനെതിരെ പൊതുജനപ്രക്ഷോഭം മൂലം അഞ്ചുപേരെ അറസ്റ്റ് ചെയ്തെങ്കിലും 2019 ല്‍ പോസ്‌കോ (POCSO) കോടതി ഇവരെയെല്ലാം കുറ്റക്കാരല്ലെന്നു കണ്ട് വെറുതെ വിട്ടു.
ആ കുട്ടികളുടെ മാതാവാണ് ഇന്ന് നീതിലഭിക്കുന്നതിനായി രാഷ്ട്രീയാങ്കണത്തില്‍ ഇറങ്ങിയിരിക്കുന്നത് എന്ന വാര്‍ത്ത മാധ്യമങ്ങളിലൂടെ അറിയാന്‍ കഴിഞ്ഞു. തന്റെ പിഞ്ചോമനകളെ കൊലപ്പെടുത്തിയവരെ കണ്ടുപിടിക്കാന്‍ കഴിയാതെ അല്ലെങ്കില്‍ അതിനു പരിശ്രമിക്കാതെ അധികാരത്തിലിരിക്കുന്നവരുടെയും ഗവണ്‍മെന്റിന്റെയും ഉദാസീനതയെ ചോദ്യം ചെയ്യാനാണ് അവര്‍ മത്സരിക്കുന്നത് എന്ന് പറയുന്നു. നീതിക്കുവേണ്ടി അവര്‍ അധികാരപ്പെട്ടവരെ കണ്ട് കരഞ്ഞു കേണപേക്ഷിച്ചിരുന്നു. എന്നാല്‍ ഫലമുണ്ടാകാത്തതുമൂലം അവര്‍ക്കെതിരെ മത്സരിച്ച് നീതി നേടുക എന്ന ഉദ്ദേശത്തോടെ ഈ 'അമ്മ മത്സരകളരിയിലേക്കിറങ്ങിയിരിക്കുന്നതെന്ന് പറയുന്നു.
കുറ്റവാളികളെ നിരുപാധികം വിട്ടയച്ചപ്പോള്‍ മുതല്‍ ഈ പിഞ്ചോമനകളുടെ മാതാപിതാക്കള്‍ അനേകം പ്രക്ഷോഭങ്ങള്‍ നടത്തിയെങ്കിലും തൃപ്തികരമായ ഒരു വിധിയുണ്ടായില്ല. കേരള ഹൈക്കോടതി പുനരന്വേഷണത്തിനുള്ള കല്‍പ്പന പുറപ്പെടുവിച്ചെങ്കിലും കുറ്റവാളികള്‍ക്ക് ശിക്ഷ കിട്ടുന്നവിധത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നതായി അവര്‍ക്ക് ബോധ്യമായില്ല. അതിനാല്‍ അധികാരത്തിലിരിക്കുന്നവരുടെ കീഴ്വഴക്കങ്ങളുടെ തൊപ്പി ജനപ്രതിനിധിയായി ലഭിക്കുന്ന രാഷ്ട്രീയാധികാരം നേടിക്കൊണ്ട് തട്ടിത്തെറിപ്പിക്കുക എന്നതാണ് ഈ അമ്മയുടെ സ്ഥാനാര്‍ത്ഥിത്വത്തിന്റെ ഉദ്ദേശമെന്നും മാധ്യമങ്ങള്‍ പറയുന്നു . ഈ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരുടെ തൊപ്പി തെറിപ്പിക്കാനുള്ള മനോശക്തിക്കുവേണ്ടിയാണത്രെ അവര്‍ തല മുണ്ഡനം ചെയ്ത പ്രതിഷേധം രേഖപ്പെടുത്തിയത് എന്ന വാര്‍ത്തയും ഉണ്ടായിരുന്നു.
ഈ വാര്‍ത്തകളെയെല്ലാം വിലയിരുത്തുമ്പോള്‍ മരണപ്പെട്ട പിഞ്ചോമനകളുടെ മാതാവ് സ്വമേധയാ മത്സരിക്കാന്‍ മുന്നോട്ട് വന്നിരിക്കുകയാണെങ്കില്‍ അതിനു പിന്നിലുള്ള മാനസിക പ്രചോദനം എന്താണെന്ന് വിലയിരുത്തേണ്ടതുണ്ട്. അതല്ല നീതിക്കുവേണ്ടി നിയമകാര്യാലയങ്ങളില്‍ കയറിയിറങ്ങുന്ന ഈ മാതാവ് ആരുടെയൊക്കെയോ പ്രേരണകൊണ്ടാണ് രാഷ്ട്രീയ അങ്കത്തട്ടിലേയ്ക്ക് ഇറങ്ങാന്‍ തീരുമാനിച്ചിരിക്കുന്നത് എങ്കില്‍ നമ്മുടെ രാഷ്ട്രീയ പശ്ചാത്തലം വിചിത്രം തന്നെ. ഒരാളുടെ ജീവിതത്തില്‍ സംഭവിച്ച ദുരന്തം അല്ലെങ്കില്‍ ഒരു പോരായ്മപോലും രാഷ്ട്രീയ വളര്‍ച്ചക്കായി ചൂഷണംചെയ്യാന്‍ തീരുമാനിക്കുന്നുവെങ്കില്‍ എത്രയോ ദയനീയമാണ് ഇവിടുത്തെ രാഷ്ട്രീയം. രാഷ്ട്രീയമുതലെടുപ്പുകളുടെ ഏറ്റവും ശോചനീയമായ തരംതാഴാലല്ലേ ഇതില്‍നിന്നും വ്യക്തമാകുന്നത്? മനുഷ്യന് മനുഷ്യനോട് തോന്നുന്ന മനുഷ്യത്വം ,സഹതാപം ഒരു രാഷ്ട്രീയ മുതലെടുപ്പാക്കാമോ?
ഒരു സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു ജയിച്ചാല്‍ ഈ മാതാപിതാക്കള്‍ക്ക് എങ്ങിനെ നീതിതേടികൊടുക്കാന്‍ കഴിയും? സമൂഹത്തില്‍ നടക്കുന്ന അനീതികള്‍ക്കെതിരെ ജനങ്ങള്‍ക്ക് നീതി കൈവരിക്കുവാനും, അനീതികള്‍ക്ക് കടിഞ്ഞാണ്‍ ഇടുന്നതിനുമാണ് നീതിന്യായവ്യവസ്ഥകള്‍. 1895 ല്‍ ലോകമാന്യതിലക് സ്വരാജ് ബില്ല് അവതരിപ്പിച്ചതോടെയാണ് ഇന്ത്യയില്‍ മൗലികാവകാശങ്ങളെക്കുറിച്ചുള്ള ചിന്തകള്‍ക്ക് തുടക്കമായെതെന്നു നമ്മള്‍ക്കറിയാം. ഒരു പൗരന്റ ജീവിതത്തിനു ഒഴിച്ചുകൂടാനാവാത്ത അടിസ്ഥാനപരമായ അവകാശങ്ങളാണ് മൗലികാവകാശങ്ങള്‍. ഇത് നമ്മള്‍ അമേരിക്കന്‍ ഭരണഘടനയില്‍ നിന്നും സ്വീകരിച്ചവയാണ്. ഭരണഘടനയുടെ മൂന്നാംഭാഗത്തില്‍ അനുച്ഛേദം പന്ത്രണ്ട് മുതല്‍ മുപ്പത്തിനയഞ്ച വരേയാണ് മൗലികാവകാശങ്ങള്‍ പ്രതിപാദിക്കുന്നത്. സമത്വത്തിനുള്ള അവകാശം, സ്വാതന്ത്ര്യത്തിനുള്ള അവകാശം, ചൂഷണത്തിനെതിരെയുള്ള അവകാശം, മതസ്വാതന്ത്ര്യത്തിനുള്ള അവകാശം, സാംസ്‌കാരികവും വിദ്യാഭ്യാസപരവുമായ അവകാശം, ഭരണഘടനാ പരിഹാരങ്ങള്‍ക്കുള്ള അവകാശം എന്നിങ്ങനെ മൗലികാവകാശങ്ങളെ ആറായി തിരിച്ചിട്ടുണ്ടെന്നു കാണുന്നു. ഇതിലൂടെ ഓരോ പൗരനും അവരര്‍ഹിക്കുന്ന നീതി ലഭിക്കുമെന്നാണ് വിശ്വാസം. വായിച്ചറിഞ്ഞതില്‍നിന്നുമുള്ള മിതമായ അറിവനുസരിച്ച് രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും തുല്യമായ നിയമപരിരക്ഷ ഉറപ്പുവരുത്തുന്നതാണ് ഭരണഘടനയുടെ അനുച്ഛേദം 14. വംശം, വര്‍ണം, ദേശീയത എന്നിവയ്ക്ക് അതീതമായി നിയമത്തിനുമുന്നില്‍ എല്ലാവരും തുല്യരാണെന്ന് അനുച്ഛേദം 14ല്‍ പറയുന്നു.
ജീവനും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള സംരക്ഷണം അനുച്ഛേദം 21 ഉറപ്പാക്കുന്നു. ശുദ്ധ വായു, ശുദ്ധ ജലം, ആറ് മുതല്‍ 14 വയസുവരെയുള്ള കുട്ടികള്‍ക്ക് സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം (21A), സ്വകാര്യത എന്നീ അവകാശങ്ങളെ നിലവില്‍ ഈ അനുച്ഛേദത്തിനു കീഴിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ഭരണഘടനാ പരിഹാരങ്ങള്‍ക്കായുള്ള അവകാശം (അനുച്ഛേദം 32-35). മുകളില്‍ പ്രതിപാദിച്ചിട്ടുള്ള ഏതെങ്കിലും മൗലികാവകാശം ലംഘിക്കപ്പെടുന്ന പക്ഷം പൗരന് കോടതിവഴി ഇത് പുനഃസ്ഥാപിച്ചുകിട്ടാനുള്ള അവകാശമുണ്ട്. ഇവരുടെ മൗലികാവകാശങ്ങള്‍ നിഷേധിക്കപ്പെട്ടാല്‍ ഹൈക്കോടതിയെ അല്ലെങ്കില്‍ സുപ്രീം കോടതിയെ സമീപിക്കാമെന്നു ഭരണഘടന അനുശാസിക്കുന്നെങ്കിലും ഹൈക്കോടതിയില്‍ പോയതുകൊണ്ട് ഈ മാതാപിതാക്കള്‍ക്ക് വലിയ പ്രയോജനമുണ്ടായതായി കാണുന്നില്ല.
നീതിന്യായവ്യവസ്ഥക്ക് കഴിയാത്തത് രാഷ്ട്രീയത്തിലൂടെ നേടിയെടുക്കാന്‍ കഴിയുമെന്ന് ഈ മാതാപിതാക്കള്‍ വിശ്വസിക്കുന്നു അല്ലെങ്കില്‍ അവരെ പറഞ്ഞു വിശ്വസിപ്പിച്ചിട്ടുണ്ടെങ്കില്‍ അതെത്രമാത്രം പ്രായോഗികമാകുമെന്നത് അനുഭവിച്ചറിയേണ്ട കാര്യമാണ്. എന്തായിരുന്നാലും തന്റെ രണ്ടു പിഞ്ചോമനകളുടെയും ജീവനെടുത്തവര്‍ക്ക് മതിയായ ശിക്ഷയെങ്കിലും വാങ്ങിക്കൊടുക്കാന്‍ കഴിയാത്ത ഒരു അമ്മമനസ്സിന്റെ വേദന കാണാന്‍ നീതിന്യായവ്യവസ്ഥകള്‍ കണ്ണുതുറക്കട്ടെ എന്ന് എല്ലാവര്ക്കും ആഗ്രഹിക്കാം. അകാലത്തില്‍ പൊലിഞ്ഞുപോയ ആ ആത്മാക്കള്‍ക്ക് നിത്യശാന്തി നല്‍കുന്നതിനായി നിയമപ്രകാരമുള്ള ഏതു മാര്‍ഗ്ഗത്തിലൂടെയാണെങ്കിലും ഈ അമ്മയ്ക്ക് കഴിയട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം.
എന്തായിരുന്നാലും ഒരു ജനപ്രതിനിധിയെ ജനങ്ങള്‍ തിരഞ്ഞെടുക്കുന്നത് ഏതെങ്കിലും സഹതാപത്തിന്റെ പേരിലോ, അവര്‍ക്കുള്ള മറ്റേതെങ്കിലും സ്വകാര്യകാരണത്താലോ ആകരുത്. ജനങ്ങള്‍ക്കുവേണ്ടി, പൊതുജന നന്മയ്ക്കുവേണ്ടി സ്വാര്‍ത്ഥത വെടിഞ്ഞു പ്രവര്‍ത്തിക്കുവാനുള്ള കഴിവും അറിവും ഉള്ളവരായിരിക്കണം ഒരു ജനപ്രതിനിധി എന്ന് ജനങ്ങളും ഏതൊരു രാഷ്ട്രീയകക്ഷികളും മനസ്സിലാക്കിയാല്‍ അത് നമ്മുടെ ജനാധിപത്യ രാഷ്ട്രത്തിന്റെ കെട്ടുറപ്പും ഉന്നമനവും ഉറപ്പുവരുത്തും. ഏതുപാര്‍ട്ടിയുടെ പ്രതിനിധി എന്നോര്‍ക്കാതെ സ്ഥാനാര്‍ത്ഥിയില്‍ നിക്ഷിപ്തമായ കഴിവുകളെ വിലയിരുത്തി ഓരോരുത്തരും തന്റെ പൗരാവകാശം രേഖപ്പെടുത്തിയാല്‍ ശക്തമായ ഒരു രാഷ്ട്രം ജനങ്ങള്‍ക്ക് വിദൂരത്തല്ല എന്ന വസ്തുത തിരഞ്ഞെടുപ്പ് ചൂടുപിടിച്ചുനില്‍ക്കുന്ന ഈ വേളയില്‍ നമുക്ക് അനുസ്മരിക്കാം.