Image

ഇലച്ചൻ ഡ്യൂട്ടിയിരുക്ക് : മീര കൃഷ്ണൻകുട്ടി, ചെന്നൈ

Published on 05 April, 2021
ഇലച്ചൻ ഡ്യൂട്ടിയിരുക്ക് : മീര കൃഷ്ണൻകുട്ടി, ചെന്നൈ
നഗരം, നിശ്ചലമായിരുന്നു. തീരെ നിശ്ശബ്ദവും.
പാതകൾ പോലും   പൂരപ്പിറ്റേന്നത്തെ അവസ്ഥപൂണ്ട് ആലസ്യവും, തളർച്ചയുമാണ്ട് മയക്കത്തിലായിരുന്നു.
വാഗ്ദാനങ്ങളും, വഴക്കുകളും, വാക്‌ ശരങ്ങളും,  സ്വപ്നങ്ങളുടെ   വീൺ വിതകളും, വെടിക്കെട്ടും,  ജാഥ മേളങ്ങളും, എല്ലാമെല്ലാം കാറ്റെടുത്തു കടലിൽ കളഞ്ഞപോലെ!
മണി ഒമ്പതായി എന്നു  ക്ലോക്ക്.
എന്നാൽ,  മുനിയമ്മയുടെ  പാദസരകിലുക്കത്തിനായി മാത്രം വട്ടം  പിടിച്ചിരുന്ന  കാതുകൾ, അത് കേട്ടിട്ടും കേട്ടില്ലെന്ന് നടിച്ചു.
ഒടുവിൽ കാവലിരുന്നു മടുത്ത്,
വാതിൽ തുറന്നുവെച്ച്, മനമില്ലാ മനസ്സോടെ,  അടുക്കളയിലേക്ക് നടക്കുമ്പോഴും മനസ്സ്  മുനിയമ്മയിൽതന്നെ  ഉടക്കികിടന്നു.
മൂന്ന് ദിവസത്തെ ലീവു  ചോദിച്ചു പോയതാണ്. 
'ഇലച്ചൻ  ഡ്യൂട്ടിയിരുക്ക് ',  എന്നാണവൾ  പറഞ്ഞത്. അതും  വളരെ  ഗൗരവത്തോടെ!
ഓരോ കക്ഷിക്കും  ഓരോ ദിവസത്തെ സേവനം കരാറാക്കിയിരുന്നു,  അവൾ.
മൂന്നു പാർട്ടിക്കാരുടെ ഏജന്റുമാരും    ഓരോ ദിവസത്തേക്ക് 1500 രൂപയാണ് പറഞ്ഞുറപ്പിച്ചിരുന്നവേതനം....
മൊത്തത്തിൽ 4500 രൂപയുടെ  അറ്റാദായം..
പ്രാതലും ഉച്ചനേരത്തെ  ബിരിയാണിയും  അതിനു പുറമെയും.
"അമ്മാ..., മൂന്നു നാൾ  കൊണ്ട് ഇവ്വളവു കാശ്, വേറെ എങ്കെ കിടയ്ക്കും?"
അവളുടെ ചോദ്യവും, ന്യായം.
എന്നാലും,  ഇന്നിപ്പോൾ എന്തു പാർട്ടിസേവനം? ഈ  വീട്ടിലെ  കാര്യത്തെ കുറിച്ച് ഒരു ചിന്തയുമില്ലാതെ!
 ഇനി കാശും  കൊണ്ട് വല്ല യാത്രയും പോയിട്ടുണ്ടാകുമോ? 
ഉള്ളിൽ രോഷം  പതഞ്ഞു പൊങ്ങി. അതത്രയും ഇഡ്ഡലിമാവിന്റെ പ്ലാസ്റ്റിക് കവറിൽ  മർദ്ദിച്ചും പീച്ചിയും, തീർക്കുമ്പോഴായിരുന്നു, നായികയുടെ  രംഗപ്രവേശം!
കാലിൽ കിലുങ്ങുന്ന പാദസരമില്ല. കൈയിൽ ഓടിക്കളിക്കുന്ന വളകളില്ല.
തലയിൽ  പൂവില്ല  . അരക്കെട്ടിൽ ഒട്ടികിടക്കാറുള്ള    ചുരുക്കു സഞ്ചിയില്ല.
ചുമലിൽ  തൂങ്ങിയാടാറുള്ള മൊബൈൽ  ഫോണിന്റെ തോൽ കവറില്ല.
മറിച്ച്,  ആനക്കാൽ പോലെ നീരു വന്നു വീർത്തിരുന്ന കാലുകൾ..
ചൂണ്ടുവിരലൊഴിച്ചു  ബാക്കിയൊക്കെ ബാൻഡേജിൽ കെട്ടിപൊതിഞ്ഞു വെച്ചിരുന്ന വലതുകൈ. മറുകൈ ഒരു സ്ലിങ്ങിൽ തൂക്കിയിട്ടിരിക്കുന്നു.
കഴുത്തിലാണെങ്കിൽ പോറലുകളുടെ വരകുറികൾ വേണ്ടത്ര.... 
'അമ്മാ..', മുനിയമ്മ യുടെ അടഞ്ഞചങ്കിൽ  നിന്നും
പുറത്തുവന്നതൊരു വല്ലാത്ത കരച്ചിൽ.
ഒന്നു ഞെട്ടി. ഇതേതു യുദ്ധം കഴിഞ്ഞുള്ള  വരവ്!
"എന്തുപറ്റി"?
മുള്ളു തടഞ്ഞ തൊണ്ടയിൽ നിന്നെന്നപോലെ നിരങ്ങിച്ചി തറിവീണു കൊണ്ടിരുന്ന വാക്കുകളിൽ നിന്ന്, ഞാനൊരുവിധം കാര്യങ്ങൾ വായിച്ചെടുത്തു.
അപ്പോൾ, മൂന്നാം ദിവസം, അതായത്  ഇന്നലെയായിരുന്നു സംഭവം.
കൊട്ടിക്കലാശ മൊന്നുമുണ്ടായില്ലെങ്കിലും
ജാഥകൾക്കിടയിൽ  പാട്ടും കൂത്തും കേമമായിരുന്നുവെന്ന്....!
കണക്കിലധികം ചെന്ന കള്ളും, ബിരിയാണിയും ആൺശബ്ദങ്ങളിൽ തീർത്തത്  പുതിയ മുദ്രാവാക്യങ്ങളായിരുന്നുവത്രെ!
ജാഥക്ക് വേണ്ടി  വിലക്കെടുത്ത  സർവ്വ പെണ്ണുങ്ങളോടുമായുള്ള തെറിപ്പാട്ടുകളായി അതു  മാറിയെന്ന്!
എതിർത്തുനിന്ന  പെണ്ണുങ്ങളും ഒരുകൂട്ടം  ആണുങ്ങളുമായി  തല്ലും തള്ളും  തകർത്തു പൊടിപൊടിച്ചെന്ന്! 
ആ സമയം 
പാർട്ടിയുമില്ല, നേതാക്കന്മാരുമില്ല എന്നായെന്ന്!
ആരുപറഞ്ഞു  കാശിന് 
ജാഥക്ക്  പോകാൻ, എന്നു പറഞ്ഞു പോലീസും  കൈയൊഴിഞ്ഞെന്ന്!
"അപ്പോ  അങ്കെ കച്ചി, ഒന്നേയൊന്ന് മട്ടും! കുടിക്കാരംഗൾ ആ മ്പിളൈകൾ  സേർന്ത ഒരേയൊരു   കച്ചി മട്ടും!
മൂന്ന് ഏജന്റുകാരും  അപ്പൊ  അതേ കച്ചിയാൾകളാച്ച്...!     
ആനാലും ,  നാങ്കളും വിട്ടുകൊടുക്കലെ! നല്ലാ ഒത കൊടുത്തു താൻ     തിരുമ്പിനേൻ!    മാനം താൻ എങ്കൾക്ക് പെരിശ്! ഒടമ്പ് നാങ്ക വിക്കലെ!"
അതു  പറയുമ്പോൾ മുനിയമ്മയുടെ  ശബ്ദം തൊണ്ടയടപ്പിനേയും തോൽപ്പിച്ചു കൊണ്ട്  ഉയർന്നു  പൊങ്ങിയിരുന്നു.....!
ഇനിയെന്താ, ഭാവം  എന്ന് ചോദിക്കാൻ തുടങ്ങും മുൻപു തന്നെ   മറുപടി  വന്നു.
"കൊഞ്ചം  കാശ് വേണും, അമ്മാ.... ആസ്പത്രിയിൽ കെട്ടണം. "
ദയനീയതയുടെ  അപേക്ഷ  തള്ളാനാവാതെ, കാശുകൊടുക്കു മ്പോൾ,പക്ഷെ ഇത്രയും  ചോദിക്കാതിരുന്നില്ല.
"ഇനി, നാളെ....? വോട്ട്  എങ്ങിനെയാണാവോ? ആർക്കാണാവൊ?"
ആവേശം  മൂത്ത്  പെട്ടെന്നവൾ കൈ  പൊന്തിച്ചു. പുറത്തേക്കു തള്ളിനിന്ന  ചൂണ്ടുവിരൽ  ഉയർത്തി പിടിച്ചു.
"അമ്മാ....ഇതിലെ വീഴറ വര നാട്ടിനുടെ തലവര!    പൊമ്പിളെക്കു  നൊന്താ നാടേ വെന്തിടും! 
എങ്ക കൂട്ടക്കാർ, ഒന്നാകെ ഒരിടത്തു താൻ വോട്ടു പോടുവോം...! മുടിവാച്ച്!അത്  പൊമ്പിളെകളെ മതിക്കാത്തവറുക്കെല്ലാം  ശരിയാന  പാഠമാകട്ടും.  ഇന്തവാട്ടി വോട്ട്  കാസുക്ക്  കെടയാത്!! ആനാൽ എന്തയിടം, എന്നു സൊല്ലമാട്ടേൻ!കൂടാത്, അല്ലവാ?"
പരമാവധി ശബ്ദത്തിൽ അത്രയും പറഞ്ഞ മുനിയമ്മയുടെ കുണ്ടിലാണ്ട കണ്ണിലപ്പോൾ കണ്ടത് ഒരുപുതിയ തിളക്കമായിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക