Image

പാമ്പും കോണിയും - നിർമ്മല - നോവൽ - 45

Published on 08 May, 2021
പാമ്പും കോണിയും - നിർമ്മല - നോവൽ - 45
വെളുപ്പിൽ പലതരം പൂക്കളുടെ പടങ്ങളുള്ള കോണിങ് വെയർ പാത്രങ്ങൾക്ക് ഭംഗിയില്ലെന്ന് എങ്ങനെ പറയാൻ കഴിയും? 
അതിനുശേഷം ഉഷയുടെ മേശപ്പുറത്തു നിരന്നിരുന്ന പാത്രങ്ങളെ സാലി പ്രത്യേകം ശ്രദ്ധിച്ചു. പല വലിപ്പത്തിലും ആകൃതിയിലുമുള്ള പാത്രങ്ങളെല്ലാം ഒരേ നിറത്തിൽ ഒരേ തരത്തിലുള്ളവയാണെന്ന് സാലി മനസ്സിലാക്കി. തിളങ്ങുന്ന കറുത്ത നിറത്തിൽ പടങ്ങളൊന്നും ഇല്ലാത്ത പാത്രങ്ങൾ . ഉഷയുടെ കറുത്ത കോണിങ് വെയറിൽ സാലി വിരലോടിച്ചു.
- ഇതെവിടുന്നു വാങ്ങീതാ ഉഷേ ?
അപമാനം മറന്ന് സാലി ചോദിച്ചു.
- ഈറ്റൺസിൽനിന്നും . ഇത് കോണിങ് വെയറിന്റെ എക്സ്ക്ലൂസീവാണ്. ഫ്രഞ്ച് ബ്ലാക്ക് . ഇനി ഇതിറക്കില്ല. അല്ലെങ്കിൽ സെയിൽ വന്നു കഴിയുമ്പോൾ എല്ലാ മലയാളിയുടെ വീട്ടിലും കാണും ഒരേതരം.
ഉഷയുടെ പുച്ഛം പാത്രത്തിന്റെ വക്കോളം നിറഞ്ഞു നിന്നിരുന്നു. ഈ കുന്തത്തിനൊക്കെ പേരുണ്ടെന്ന് അപ്പോഴാണ് സാലി അറിയുന്നത്.
കാനഡ മരത്തിൽ
ഡോളർ പറിക്കാൻ
പോയവരുടെ കഥ
നിർമ്മലയുടെ
പാമ്പും കോണിയും തുടരുന്നു.
                          ......       .......     ......
- യൂ നീഡ് എ ബ്രേക്ക് , ഗേൾ !
കൂടെ ജോലി ചെയ്യുന്ന ലൊറൈൻ സാലിയെ ഓർമ്മിപ്പിച്ചുകൊണ്ടിരുന്നു.
- നീ എന്നെന്നും പോകാനാഗ്രഹിച്ചിട്ടുള്ള ഒരു സ്ഥലം തിരഞ്ഞെടുത്ത് അവിടെപ്പോകണം .
സാലിക്കും ലൊറൈനെപ്പോലെ ഒരവധി സ്വപ്നം കാണണം. സ്വപ്നം കണ്ടുകണ്ട് ദിവസങ്ങൾ തള്ളിവിടണം. നേരത്തേ സാധനങ്ങൾ വാങ്ങി യാത്രയ്ക്ക് ഒരുങ്ങണം. നഖം നീട്ടി വളർത്തി ചായമിടണം. യാത്ര ചെയ്യുമ്പോൾ ഇടാൻ ചെരിപ്പു വാങ്ങണം. അതെല്ലാം സ്വപ്നത്തിൽ മാത്രം നടക്കുന്ന കാര്യങ്ങൾ.
- ഒള്ള ചെരിപ്പങ്ങിട്ടാപ്പോരേ ?
ജോയി ചോദിക്കാൻ പോകുന്നത് എന്താണെന്ന് സാലിക്ക് അറിയാം.
കോണിങ് വെയർ ഫാക്ടറി. ജോയിയോടു പലതവണ പറഞ്ഞിട്ട് പോകാത്ത സ്ഥലം. സൈറക്കൂസെന്ന കണ്ടിട്ടില്ലാത്ത സ്ഥലം. പതിവുവിട്ട് സാലി നിർബന്ധിച്ചു.
- നമ്മക്ക് സൈറക്കൂസ്സിനു പോകാം. കോണിങ് വെയർ ഫാക്ടറിയിൽ പോകാം.
സൈറക്കൂസിലുള്ള ഒരു മലയാളിയെ ജോയി പണ്ടെങ്ങോ പരിചയപ്പെട്ടിരുന്നു. അങ്ങനെ അവർ മെയ് മാസത്തിലെ വിക്ടോറിയ ഡേയുടെ തിങ്കളാഴ്ച അവധിയും കൂട്ടി കിട്ടുന്ന മൂന്നുദിവസം , സൈറക്കൂസിലെ പരിചയക്കാരന്റെ വീട്ടിലേക്കു പോയി. ഒരു സ്ഥലത്തേക്കു യാത്ര പോകണമെങ്കിൽ അവിടെ ആരെയെങ്കിലും അറിഞ്ഞിരിക്കണം. രാപ്പാർപ്പും ഭക്ഷണവും പരിചയക്കാരന്റെ വീട്ടിലാവും. ഹോട്ടലിലെ താമസത്തെപ്പറ്റി ഓർക്കാൻതന്നെ അവർ മടിച്ചു.
പോകുന്ന വഴി സാലി ബിഗ് ആപ്പിൾ ചൂണ്ടിക്കാണിച്ചുകൊടുത്തു. ആപ്പിളിന്റെ ആകൃതിയിലൊരു വലിയ കെട്ടിടം. അതിനുള്ളിൽ ഒരു റെസ്‌റ്റോറന്റുണ്ട്. ആപ്പിളിനകത്തു കയറുക എന്നത് കൊച്ചു മനുവിന്റെ മോഹങ്ങളിലൊന്നായിരുന്നു.
- കണ്ടോ മോനേ, ബിഗ് ആപ്പിൾ !
- ഹൂ കെയേഴ്സ്! ഇറ്റ് ഈസ് എ സ്റ്റുപ്പിഡ് ബിൽഡിങ്.
സാലിക്കു വിഷമം തോന്നി. പണ്ട് അവിടെയൊന്നു കൊണ്ടുപോകാൻ കെഞ്ചിയതും നേരം പോകുമെന്നു പറഞ്ഞ് ഡാഡി കാറോടിച്ചതും ഓർത്തപ്പോൾ മനുവിന് അരിശം അധികമായി.
സാലി മനക്കണ്ണുകൊണ്ടു കണ്ടതുപോലെ ആയിരുന്നില്ല സൈറക്കൂസ്. തിരക്കു കുറഞ്ഞ പ്രഭ മങ്ങിയ ഒരു പഴയ പട്ടണം. ചെറിയൊരു കട പോലെ പാത്രങ്ങളുടെ ഔട്ട് ലെറ്റ് .
- ഇത്രേയുള്ളോ ?
പലതരം പാത്രങ്ങൾ, അടുക്കള ഉപകരണങ്ങൾ ...സാലി ഉൽസാഹത്തോടെ അലമാരകളിൽ തിരഞ്ഞു.
ഷൈലയുടെ വീട്ടിലെ ഊണു കഴിഞ്ഞു വന്ന് ഉഷ പറഞ്ഞ കമന്റ് സാലി ഓർത്തുവെച്ചിരുന്നു.
പത്തുതരം പാത്രത്തിലല്ലേ വിളമ്പിയിരിക്കുന്നത്. ഒരു കോഡിനേഷനും ഇല്ല.
ഷൈലയുടേത് ഭംഗിയുള്ള പാത്രങ്ങളാണെന്നാണ് സാലി ധരിച്ചു വെച്ചിരുന്നത്. വെളുപ്പിൽ പലതരം പൂക്കളുടെ പടങ്ങളുള്ള കോണിങ് വെയർ പാത്രങ്ങൾക്ക് ഭംഗിയില്ലെന്ന് എങ്ങനെ പറയാൻ കഴിയും? 
അതിനുശേഷം ഉഷയുടെ മേശപ്പുറത്തു നിരന്നിരുന്ന പാത്രങ്ങളെ സാലി പ്രത്യേകം ശ്രദ്ധിച്ചു. പല വലിപ്പത്തിലും ആകൃതിയിലുമുള്ള പാത്രങ്ങളെല്ലാം ഒരേ നിറത്തിൽ ഒരേ തരത്തിലുള്ളവയാണെന്ന് സാലി മനസ്സിലാക്കി. തിളങ്ങുന്ന കറുത്ത നിറത്തിൽ പടങ്ങളൊന്നും ഇല്ലാത്ത പാത്രങ്ങൾ . ഉഷയുടെ കറുത്ത കോണിങ് വെയറിൽ സാലി വിരലോടിച്ചു.
- ഇതെവിടുന്നു വാങ്ങീതാ ഉഷേ ?
അപമാനം മറന്ന് സാലി ചോദിച്ചു.
- ഈറ്റൺസിൽനിന്നും . ഇത് കോണിങ് വെയറിന്റെ എക്സ്ക്ലൂസീവാണ്. ഫ്രഞ്ച് ബ്ലാക്ക് . ഇനി ഇതിറക്കില്ല. അല്ലെങ്കിൽ സെയിൽ വന്നു കഴിയുമ്പോൾ എല്ലാ മലയാളിയുടെ വീട്ടിലും കാണും ഒരേതരം.
ഉഷയുടെ പുച്ഛം പാത്രത്തിന്റെ വക്കോളം നിറഞ്ഞു നിന്നിരുന്നു. ഈ കുന്തത്തിനൊക്കെ പേരുണ്ടെന്ന് അപ്പോഴാണ് സാലി അറിയുന്നത്.
അതിനടുത്ത മാസം ഉഷയുടെ മേശപ്പുറത്ത് ഗർവ്വോടെ ക്യൂനിന്ന പാത്രങ്ങളെ സാലി ഓർമ്മിച്ചെടുക്കാൻ ശ്രമിച്ചു. വെണ്മയിൽ പച്ച കോവൽവള്ളികൾ ചിതറി നിൽക്കുന്ന പാത്രത്തെപ്പറ്റി ചോദിച്ചപ്പോൾ ഉഷ പറഞ്ഞു.
- അതു കാലവേ ഓൺ ഫ്രഞ്ച് വൈറ്റ ഡിസൈനാണ്.
കോവൽവള്ളികൾ സാലിയുടെ കഴുത്തിൽ ചുറ്റി. കൈകൾ വരിഞ്ഞു. നാവിനെ ബന്ധിച്ചു.
അതൊക്കെ ഓർത്ത് സാലി പല തരത്തിലുള്ള പ്ലേറ്റുകളിൽ തൊട്ടു നോക്കി. കുറച്ചേറെ സംശയിച്ച് അവൾ രണ്ടു സെറ്റുകൾ എടുത്തു. ഉഷയുടെ പുച്ഛം നിറഞ്ഞ കണ്ണ് അവളെ പിന്തുടർന്നുകൊണ്ടിരുന്നു.
സാലി എടുത്തുവെച്ച പാത്രങ്ങളുടെ വില നോക്കിയിട്ട് ജോയി കടയുടെ മുന്നിൽ ഒരു വശത്തായി നിരത്തിവെച്ചിരിക്കുന്ന പ്ലേറ്റുകളുടെ സെറ്റിൽനിന്നും തിരഞ്ഞെടുക്കാൻ അവളോടു പറഞ്ഞു.
- ഇതിനൊക്കെയാ സെയില് . നീയെടുത്തു വെച്ചിരിക്കുന്ന ഒരു സെറ്റിന്റെ വെലകൊണ്ട് ഇതു രണ്ടെണ്ണം  വാങ്ങിക്കാം.
എന്നാലും സെയിലുള്ള സെറ്റുകൾ സാലിക്കിഷ്ടപ്പെട്ടില്ല. പഴയ ഡിസൈനുകൾ പലരുടെ വീട്ടിലു പലപ്പോഴായി കണ്ടിട്ടുള്ളതാണ്.
വില കൂടുതലാണെങ്കിലും സാലി തിരഞ്ഞെടുത്ത പാത്രങ്ങൾ ആരുടെ വീട്ടിലും കണ്ടിട്ടില്ലാത്ത തരമായിരുന്നു. അടുത്ത തവണ ആരെങ്കിലും വരുമ്പോൾ അതിൽ ചോറും കറികളും വിളമ്പിയാൽ ഈ പാത്രം എവിടെനിന്നും വാങ്ങിയെന്ന് തീർച്ചയായും അവർ ചോദിക്കും. അപ്പോൾ സാലിക്കും അഭിമാനത്തോടെ പറയാം.
- ഇതു ഞങ്ങളു സൈറക്കൂസിലെ ഫാക്ടറീന്നു വാങ്ങിച്ചതാ.
പേരും മന:പാഠമാക്കി വെക്കണം. പക്ഷേ, അതൊക്കെ ഉഷയ്ക്കായി മാറ്റിവെച്ചിട്ടുള്ള അഭിമാനങ്ങളാണ് എന്നു തിരിച്ചറിഞ്ഞ് അവൾ പാത്രങ്ങൾ തിരികെവെച്ചു. തീരുമാനങ്ങളെല്ലാം ജോയിക്കുള്ളതാണ്. അതിൽ സാലിക്കു പ്രത്യേകിച്ചു പങ്കൊന്നുമില്ല. ജോയി ചൂണ്ടിക്കാണിക്കുന്നത് എടുക്കുക. അതിനപ്പുറമൊരു ജീവിതം സാലിക്കു പറഞ്ഞിട്ടില്ലാത്തതാണ്. ചെളിയും നിറവും കളഞ്ഞു പിഴിഞ്ഞു നീരെടുത്ത പഴന്തുണി. ആ നിറമില്ലായ്മയായിരുന്നു ജോയിക്കു വേണ്ടിയിരുന്നത്.
സാധനങ്ങളെടുക്കുന്ന കാർട്ട് ജോയിയെ ഏൽപ്പിച്ച് സാലി അലങ്കാര വസ്തുക്കൾ വെക്കുന്ന സ്ഥലത്തേക്കു നടന്നു. ഉപ്പും കുരുമുളകും ഇട്ടുവെക്കാൻ കോണിന്റെയും മുളകിന്റെയും ആ കൃതിയിലുള്ള കുപ്പികൾ. അതൊന്നും സാലിയുടെ കണ്ണിൽപ്പെട്ടില്ല. അലങ്കാര വസ്തുക്കൾ അവൾക്കു വാങ്ങാനുള്ളതല്ല. അവൾ ചുറ്റുമുള്ളവരുടെ വർത്തമാനം ശ്രദ്ധിച്ചില്ല. സാലിയുടെ ചെവിയിൽ ചെറിയൊരു മൂളൽ നിറഞ്ഞുനിന്നു. ജോയി കാർട്ടു നിറയെ പാത്രങ്ങളുമായി വന്നു. കണ്ടു പഴകിയ നീലപ്പൂവുകൾ സാലിയെ നോക്കി പുച്ഛിച്ചു ചിരിച്ചു.
- പോകാം.
അയാൾ പറഞ്ഞു. അയാൾക്കു പുറകെ സാലി നടന്നു. വരേണ്ടിയിരുന്നില്ലെന്നു മനസ്സിൽ ഓർത്തു കൊണ്ട് . എന്നും പണിക്കാരിയുടെ വേഷം സാലിക്ക്. നേരിയ വേദനയോടെ സാലി ആ സത്യം വീണ്ടും ഓർമ്മിച്ചു.
ജോയിയുടെ ജീവിതത്തിന്റെ പസിലിലെ ഒരു പീസ് മാത്രമാണു താൻ എന്ന് സാലിക്കു പെട്ടെന്നു തോന്നി. ശ്രദ്ധയോടെ എടുത്ത് ചേരുന്ന വിടവിൽ ജോയി ചേർത്തുവെച്ച ഒരു പസിൽ പീസ്.
ബോംബെ എയർപോർട്ടിലെ ചാരുബെഞ്ചുകളിലൊന്നിൽ എന്തോ ഓർത്ത് ഇരിക്കുമ്പോഴാണ് ഒരാൾ അടുത്തുവന്നു ചോദിച്ചത്.
- സാലിയല്ലേ ?
സാലി അമ്പരപ്പോടെ മുഖമുയർത്തി നോക്കി. എങ്ങനെയാണു പരിചയം എന്ന് എത്ര ആലോചിച്ചിട്ടും അവൾക്ക് ഓർമ്മവന്നില്ല. അതേ എന്ന് വിമുഖതയോടെ ഉത്തരം പറയുമ്പോൾ അയാൾ വീണ്ടും ചോദിച്ചു.
- എന്നെ മനസ്സിലായില്ല അല്ലേ ?
സാലി കുറ്റബോധത്തോടെ തലയാട്ടി.
- ഞാൻ ജോയിയാണ്. സാലിയുടെ ഫോട്ടോ കണ്ടിട്ടുണ്ട്. ഈ ഫ്ളൈറ്റിനാണ് തിരുവനന്തപുരത്തിനു പോകുന്നതെന്ന് അമ്മായി പറഞ്ഞറിഞ്ഞിരുന്നു
വല്ലാത്തൊരു പകപ്പോടെ സാലി എഴുന്നേറ്റു. എന്താണു പറയേണ്ടതെന്ന് അവൾക്കിയില്ലായിരുന്നു. അയാളുടെ മുഖത്തേക്കു നോക്കാൻ പോലും സങ്കോചം തോന്നി. ആകെ തുടുത്തുപോയ ആ പെണ്ണിനെ അയാൾക്ക് ഇഷ്ടപ്പെട്ടു.
- എന്റെ പെണ്ണ് !
ജോയിയുടെ മനസ്സ് ആരവമിട്ടു. അമേരിക്കയൽനിന്നും വരുന്നവളായതുകൊണ്ട് ജോയിക്കു സംശയമുണ്ടായിരുന്നു. എന്നാൽ സാലി ജോയിയുടെ മനസ്സിനും അമ്മച്ചിയുടെ സ്വഭാവത്തിനും യോജിച്ചവൾ തന്നെ എന്ന് അയാൾ അപ്പോഴേ അറിഞ്ഞു. അയാൾ ഇരുന്നോ എന്നു പറഞ്ഞിട്ടും അവൾക്കിരിക്കാൻ കഴിഞ്ഞില്ല. പാടില്ലാത്തതെന്തോ ചെയ്ത കുട്ടിയെപ്പോലെ പരിഭ്രമിച്ചു നിന്നതേയുള്ളു സാലി. ജോയി ചോദിച്ചതിനൊക്കെ കുറഞ്ഞ വാക്കിൽ അവൾ ഉത്തരം പറഞ്ഞു.
പക്ഷേ, അയാളുടെ ശബ്ദത്തിൽ കരുണയുണ്ടെന്ന് അവളറിഞ്ഞു. കരുണയുടെ തരിമ്പു കണ്ടിട്ട് കാലം കുറെയായല്ലോ എന്ന് സാലിക്ക് അപ്പോഴനുഭവപ്പെട്ടു. അവളുടെ പരിഭ്രമം കുറഞ്ഞു. എന്നു തന്നെയല്ല, ജോയിയുടെ ചോദ്യങ്ങൾക്കുത്തരം പറഞ്ഞങ്ങനെ അയാളുടെ അടുത്തു നിൽക്കുന്നതിന്റെ സുഖം അവൾക്കിഷ്ടപ്പെട്ടു. ആർക്കും ശല്യമാവാതെ, മറ്റൊരാൾക്കു ഭാരമാകാതെ, മറിച്ച് അവളിതാ മറ്റൊരാൾക്കു മന:സുഖം പകർന്നങ്ങനെ...
സാലി എന്നും അരുമയോടെ നെഞ്ചിൽ സൂക്ഷിച്ചിരുന്ന ആ കൂടിക്കാഴ്ച ജോയി കണക്കുകൂട്ടി ചെയ്തതായിരുന്നു എന്ന അറിവ് പെട്ടെന്ന് സാലിയെ ശ്വാസം മുട്ടിച്ചു. എൽസി ആന്റിയുടെ ചേച്ചിയിൽ നിന്നും വിവരങ്ങൾ ശേഖരിച്ച് ബോംബെ എയർപോർട്ടിൽ വെച്ചൊരു കൂടിക്കാഴ്ച . അമ്മച്ചിയും ജിമ്മിയും സാലിയുടെ അപ്പനും അറിയാതെ. ദൂരെവെച്ചേ നോക്കി പഠിച്ചിരിക്കണം, ഇഷ്ടപ്പെട്ടിരുന്നില്ലെങ്കിൽ വന്ന് പരിചയപ്പെടുമായിരുന്നില്ല . പരിചയപ്പെട്ടു കഴിഞ്ഞിട്ടു തന്നെ ചേരുന്നതല്ലെന്നു കണ്ടിരുന്നെങ്കിൽ ജോയി ആ കല്യാണാലോചന അപ്പോഴേ ഉപേക്ഷിച്ചേനെ .
- ജോയിച്ചായൻ എല്ലാം കാൽക്കുലേറ്റഡ് ആയിട്ടാണു ചെയ്യുന്നത്.
ജിമ്മി പറയാറുള്ളത് എത്ര ശരിയാണെന്ന് സാലി ഓർത്തു. വേണ്ടത് എന്താണെന്നറിഞ്ഞ് അതു നേടിയെടുക്കും. യാദൃച്ഛികതയിൽ വീണു കിട്ടിയ സ്വർഗമെന്നു കരുതി സന്തോഷിച്ച താൻ വിഡ്ഢിയായിരുന്നുവെന്ന് സാലി അറിഞ്ഞു.
അല്ലെങ്കിൽ തന്നെ ആ പസിൽ പീസ് ആവുന്നതാണ് സാലിയുടെ സ്ഥാനം, സാലിയുടെ രക്ഷ, സാലിയുടെ അഭയം. ആ വിടവിൽ ചേർന്നിരിക്കാൻ കഴിഞ്ഞിരുന്നില്ലെങ്കിൽ സാലി ഒന്നും അല്ലാതെയാവും. വിലക്ഷണമായ ഒരു കാർഡ്ബോർഡ് തുണ്ട്. നടന്ന വഴികൾ അവൾക്കുമുന്നിൽ അപ്രിയമായൊരു രാക്ഷസനൃത്തം ചവുട്ടി.. ഇപ്പോൾ സാലിക്കു ജീവിതം മേഘമൊഴിഞ്ഞ ആകാശമായിരിക്കുന്നു. ആകാശം എന്നാൽ ശൂന്യതയെന്നർത്ഥം. ഭൂമിക്കു മുകളിലെ ആകാശത്തിനു നീലിമയെങ്കിലുമുണ്ട്. ജോയിയുടെ ആകാശം ഇരുണ്ട് പേടിപ്പെടുത്തുന്നതുപോലെ അവൾക്കു തോന്നിച്ചു.
അവധി തീർന്ന് തിങ്കളാഴ്ച ജോലിക്കു ചെന്നപ്പോൾ സാലി സങ്കടങ്ങൾ മറച്ചുപിടിച്ച് ലൊറൈനോട് അഭിമാനത്തോടെ പറഞ്ഞു.
- ഞങ്ങൾ കോണിങിന്റെ ഫാക്ടറിയിൽ പോയി.
ലൊറൈൻ പൊട്ടിച്ചിരിച്ചു.
- അത് ഭയങ്കരമായിരിക്കുന്നല്ലോ. കോണിങ് വെയർ ഫാക്ടറിയോ ? നിനക്കു സന്തോഷമായെന്നു കരുതുന്നു.
ലഞ്ചുറൂമിൽ സാലി ഇല്ലാതിരുന്ന സമയത്ത് ലൊറൈൻ തമാശ അഴിച്ചിട്ടു.
- നമ്മുടെ മദർ തെരേസ വെക്കേഷനു പോയത് എവിടെയാണെന്ന് അറിയാമോ ?
എല്ലാവർക്കും ഉൽസാഹമായി.
- എവിടെയാ ?
- കോണിങ് വെയർ ഫാക്ടറിയിൽ ....
ലഞ്ചുറൂമിൽ പൊട്ടിച്ചിരി തകർത്തു.
- ഹും ... ജമെയ്ക്കയും കാൻകൂണുമൊക്കെ അതിന്റെ മുന്നിൽ ഒന്നുമല്ലല്ലോ.
- ഹ ..ഹ.. അടുത്തത് ബൈവേയുടെ ഔട്ട് ലെറ്റ് പ്ലേസിലായിരിക്കും.
- ബൈ - വേ, കാനഡയിലെ ഏറ്റവും താണ , ഗുണനിലവാരം തീരെയില്ലാത്ത സാധനങ്ങൾ വിൽക്കുന്ന കട. ദരിദ്രരാണ് അവിടെ ഷോപ്പിങിനു പോകുന്നത്.
- അവൾ എവിടെനിന്നാണു തുണി വാങ്ങുന്നത് ? ഗുഡ് വില്ലിൽ നിന്നൊ?
ഉപയോഗിച്ച സാധനങ്ങൾ പാവങ്ങൾക്കുവേണ്ടി വിൽക്കുന്ന കടയാണു ഗുഡ് വിൽ.
- ഹൊ അടുത്ത എക്സ്പെൻസിവ് വെക്കേഷൻ ഈറ്റൺസിന്റെ ബേസ്മെന്റിലാവും,
പ്രസ്ററീജിയസ് കടകളിലൊന്നായിരുന്നു ഈറ്റൺസ്. അവരുടെ ചെലവാകാത്ത സാധനങ്ങൾ റിഡക്ഷൻ സെയിലിൽ താഴത്തെ നിലയിൽ വിൽക്കും, കുടിയേറ്റക്കാരുടെ ഇഷ്ടഷോപ്പിങ് സ്ഥലമാണ് ഈറ്റൺസിന്റെ ബേസ്മെന്റ്
വെളുവെളുത്ത കൊഴുത്ത ചിരി ലഞ്ചും കടന്ന് വരാന്തയിലേക്കൊഴുകി വീണുകൊണ്ടിരുന്നു. ലഞ്ച് കഴിഞ്ഞപ്പോൾ നോർമ്മ പറഞ്ഞു:
- താങ്ക്യൂ ലൊറൈൻ, ചിരിച്ചുചിരിച്ചെന്റെ കുടലുവരെ വേദനിക്കുന്നു.
- ഡോളോറസ് , നീ അടുത്ത ആഴ്ച വെക്കേഷനാണല്ലേ ? എന്താ പരിപാടി ?
- തീരുമാനിച്ചിട്ടില്ല, കോണിങ് വെയറിന്റെ ഔട്ട് ലെറ്റിൽ പോകണോ, ഗുഡ് വില്ലിൽ പോകണോന്ന് .
അവർ കുടുകുടെ ചിരിച്ചു. ആ ചിരിയുടെ ഒരരിക് അവർ സാലിയെ കാണുമ്പോൾ കാണിക്കുവാനായി കരുതിവെച്ചിരുന്നു.
                           തുടരും ...
പാമ്പും കോണിയും - നിർമ്മല - നോവൽ - 45പാമ്പും കോണിയും - നിർമ്മല - നോവൽ - 45
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക