ഓര്മ്മകളോര്മ്മകള്, പുക്കളമാക്കുന്ന,
മാനസം പീലി വിരിച്ചിടുന്ന,
മംഗള വേളകള്‍ മിന്നിത്തിളങ്ങുന്ന,
'മെയ് ഫ്ളവര്‍' മാടിവിളിച്ചിടുന്ന,
മാമക വീഥിയലങ്കരിച്ചിടുന്ന,
മെയ്യില്‍ കുളിരണിയിച്ചിടുന്ന,
മന്നിടത്തില്‍ 'തൊഴിലാളിദിനമായി'-
'മാതൃദിനമായ്' വരച്ചിടുന്ന;
കാണാക്കയങ്ങിലൂളിയിടുംവരെ-
നാഴികക്കല്ലുകളായിടുന്ന;
മന്ദഹസിക്കുന്ന വശ്യപ്രകൃതിയായ്-
മെയ്മാസമേ, വരവേല്‍ക്കുന്നു ഞാന്‍.
ആയുസ്സിന് പുസ്തകത്താളില്‍ കുറിച്ചിട്ട-
മാഞ്ഞുപോകാത്ത കയ്യൊപ്പുമായി,
'മെയ് ഇരുപത്തൊന്ന' നിക്ക് പ്രിയങ്കരം-
ജന്മനക്ഷത്രമുദിച്ച നേരം;
പ്രാണന്റെ വീണയിലീണമിട്ടക്ഷണം,
ഈ മണ്മടിത്തട്ടിലാരോമലായ്;
വര്‍ണ്ണവെളിച്ചവും, ശബ്ദവും, കണ്‍കളില്‍-
മര്‍ത്ത്യലോകത്തില്‍ മനോഹാരിത;
രാപ്പകല്‍ സൂചികളങ്കനം ചെയ്യുന്ന-
കാലക്രമത്തില്‍ മുന്നോട്ടു യാ്ത്ര;
ഓരോ പിറന്നാളുമോരോ പടിയാക്കി-
പ്രായം പദമുദ്രകുത്തിടുമ്പോള്,
ജീവിതമെന്നെ സുമംഗലിയാക്കിയ,
മുത്തശ്ശിയാക്കിയ, വിസ്മയങ്ങള്‍;
ഊര്‍ജ്ജം പകര്‍ന്ന് നയിക്കുമീനാളുകള്,
മെയ്മാസമേകിയ സമ്മാനമായ്;
ജീവനിലാവര്ത്തനങ്ങളായ്ത്തീരുവാന്,
കാത്തിരിക്കുന്നുഞാനാശയോടെ...
അമ്മ ദൈവങ്ങളേ, നാഭിച്ചുഴിനര-
ജന്മത്തില് മായാത്ത ചിത്രമായോര്,
നിത്യവുമുള്ത്തുടികൊട്ടിപ്പറക്കുന്നു,
മൃത്യുവിഹായസ്സിലേക്ക് തന്നെ;
എങ്കിലും കയ്പിനിടയ്ക്ക് മധുരമായ്,
ദിവ്യാനുഭൂതിയുണര്ത്തീടുന്ന,
നിര്വൃതിദായകമാകുന്നമാത്രകള്
എത്രയീവാഴ് വിലെന്നാരറിവൂ!
see also