Image

രാഷ്ട്രീയ പുംഗവന്മാര്‍ കേരളത്തെ നാണം കെടുത്തുന്നു(മാത്യു ജോയിസ്, ലാസ് വേഗാസ് )

മാത്യു ജോയിസ്, ലാസ് വേഗാസ് Published on 19 May, 2021
രാഷ്ട്രീയ പുംഗവന്മാര്‍ കേരളത്തെ നാണം കെടുത്തുന്നു(മാത്യു ജോയിസ്, ലാസ് വേഗാസ് )
കേരളത്തില്‍നിന്നും തൂടങ്ങി വെയ്ക്കാം, അവിടെയല്ലെ ഇപ്പോള്‍ ആഘോഷങ്ങള്‍ മുഴുവന്‍!

ജനം സ്വയം രക്ഷ മാത്രമല്ല ചുറ്റും ഉള്ളവരെയും കരുതലോടെ സൂക്ഷിച്ചു് വീടിനുള്ളില് കഴിയുകയും, ഇരട്ട മാസ്‌കുകളുമായി ശ്വാസം മുട്ടി അത്യാവശ്യങ്ങള്‍ക്കു  മാത്രം പുറത്ത് പോകാനും  നിര്‍ബന്ധിതരായിയിരിക്കുന്ന ഈ ദിവസ്സങ്ങള്‍ കടന്നുപോകും. (ഇല്ലെങ്കില്‍ ഞാന്‍ ഒരിക്കല്‍ കൂടി 'കടക്കൂ പുറത്ത് ' വീണ്ടും പറയേണ്ടി വരുമെന്ന് തോന്നുന്നു).

ജനങ്ങള്‍ അകത്തും, വിഹരിക്കുന്ന രാഷ്ട്രീയനേതാക്കള്‍ പുറത്തും. ട്രിപ്പിള്‍ ലോക് ഡൗണ്‍ എന്ന കര്‍ശന നിയമം പൊതുനങ്ങളെ വീട്ടിനകത്തു തടങ്കലില്‍ ഇരുത്തിയിരിക്കുന്നു. എന്നാല്‍ നിയമങ്ങള്‍ കാറ്റില്‍  പറത്തി, പലപ്പോഴും മാസ്‌കുകള്‍ പോലും ധരിക്കാതെ, സാമൂഹ്യ അകലം പാലിക്കാതെ ഇലക്ഷന്‍ പ്രചാരണവും വോട്ടിങ്ങും സത്യപ്രതിഞ്ജയും വിശാലമായി നടത്തുന്നതില്‍ യാതൊരു ഉളുപ്പും കാണിക്കാത്ത രാഷ്ട്രീയ പുംഗവന്മാര്‍ കേരളത്തെ നാണം കെടുത്തുന്നു, പൊതു ജനത്തെ വെല്ലുവിളിച്ചുകൊണ്ട് തന്നെ. പൊതുജനം വീണ്ടും വീണ്ടും വിഡ്ഢികള്‍ ആക്കപ്പെടുന്നു.

ഡിസാസ്റ്റര്‍ മാനേജുമെന്റ് ആക്ട് പ്രകാരമാണല്ലോ. സുരക്ഷാ നിയമങ്ങള്‍ അടിയന്തിരമായി നടപ്പില്‍ ആക്കുന്നത്. 20 പേര്‍ മാത്രം ശവമടക്കിനു, 12 പേര്‍ മാത്രം ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിനു, 15 പേര്‍ മാത്രം വിവാഹച്ചടങ്ങുകള്‍ക്കു എന്നിങ്ങനെ നിയമങ്ങള്‍ പരിമിതപ്പെടുത്തിയിരിക്കുന്നതു മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും ഒപ്പിട്ടു തന്നെയല്ലെ? ഇതിനിടയില്‍ ദുഖകരമായ നിലയില്‍ത്തന്നെ ബാലകൃഷ്ണപിള്ളയും, വലിയ മെത്രാപ്പോലീത്തയും,  വിപ്ലവനായിക ആയിരുന്ന ഗൗരിയമ്മയും നമ്മെ വിരട്ടുപിരിഞ്ഞപ്പോള്‍, യാതൊരു  നിയന്ത്രണവുമില്ലാതെ. ജനനിബിഡമായ അവരുടെ ശവസംസ്‌കാര ചടങ്ങുകള്‍, ഭരണാധികാരികളുടെയും അണികളുടെറ്റും സാന്നിദ്ധ്യത്തില്‍ നടത്തിയപ്പോള്‍, നിയമങ്ങള്‍ എവിടെപ്പോയി?  പൗരന്റെ ജീവിതം സംരക്ഷിക്കേണ്ടവര്‍, പൊതുജനങ്ങളെ സെന്‍ട്രല്‍ സ്റ്റേഡിയത്തിലേക്ക് വിളിച്ചുവരുത്തി, മഹാമാരിയെ വീണ്‍ടും വിതരണം ചെയ്യുമ്പോള്‍, നിയമലംഘനമാണ്, കോടതിയലക്ഷ്യമാണ്, ക്രിമിനല്‍ കുറ്റമാണ് ; ഈ നിയമലംഘനങ്ങള്‍ നടത്തുന്നവരെ  ഉടന്‍ ശിക്ഷാര്ഹരാക്കണം.

വീടിനുള്ളില്‍പോലും അനുഷ്ഠിക്കേണ്ട നിയമങ്ങള്‍ ദിവസ്സവും സായാഹ്നത്തില്‍ റ്റീവീക്ക് മുമ്പിലിരുന്നു വിളമ്പി ജനങ്ങളെ അവബോധനം നടത്തുന്നവര്‍, നിത്യവും നടത്തുന്ന നിയമലംഘനങ്ങള്‍  കാണാന്‍ ഇവിടെ ഒരു കോടതിയുമില്ലേ ? നിയമസംരക്ഷകര്‍ എവിടെ ? ഇവര്‍ ജനത്തിനു നല്‍കുന്ന സന്ദേശം എന്താണ് ?

സംഭവം ശരിയാണ് ഭരണത്തുടര്‍ച്ച അതൊരു ചരിത്രസംഭവമാണ്, ആഘോഷിക്കാന്‍ ആയിരം കാരണങ്ങളുമുണ്ട്, പ്രതിപക്ഷത്തെ ലജ്ജിപ്പിക്കാന്‍ നേടിയെടുത്ത ആദ്യ അവസരമാണ് എണ്‍പതിനായിരം ചതുരശ്ര അടിയില്‍ പടുത്തുയര്‍ത്തിയിരിക്കുന്ന അതിവിശാലമായ പന്തലില്‍ കാഴ്ച്ചവെക്കേണ്ടിയത്. അപ്പോള്‍ പിന്നെ പാര്‍ട്ടി ഓഫീസില്‍ കോവിഡ് മാനദണ്ഡങ്ങളെല്ലാം കാറ്റില്‍ പറത്തി, കേക്ക് മുറിച്ചു ഓരോരുത്തരുടെയും വായിലും കയ്യിലും കൊടുത്താഘോഷിച്ചതിന്റെ പേരില്‍ നമ്മുടെ പ്രിയ മുഖ്യമന്ത്രിയെ മുഖ്യപ്രതിയാക്കി. പോലീസില്‍ പരാതി കൊടുത്തത് കേരളാ കോണ്‍ഗ്രസ് ആയതിനാല്‍ തത്ക്കാലം, കേക്ക് വിഴുങ്ങുന്ന കൂടെ , അസൂയക്കാരന്റെ വിഷമവും കൂടെ അങ്ങ് വിഴുങ്ങിയേക്കാം ( ചിലപ്പോള്‍ ഭാഗ്യമുണ്ടെങ്കില്‍ താമസിയാതെ ഗോതമ്പുണ്ട വിഴുങ്ങേണ്ടി വരുമോ ആവോ?). ലോകത്തെ ആശങ്കയില്‍ നിര്‍ത്തിയിരിക്കുന്ന കോവിഡ് മഹാമാരിയില്‍ , ഒരു പക്ഷേ ഏറ്റവും ഭീതികരമായ വ്യാപനവും മരണവും നടമാടുന്ന ഈ കൊച്ചു പ്രദേശത്ത് , ഈ ആര്‍ഭാടം ഇപ്പോള്‍ വേണമായിരുന്നോ. കുറെ പ്രതിഷേധം കേട്ടപ്പോള്‍ 750 എന്നത് 500 ആക്കിയേക്കാം എന്ന ആശ്വാസ ദാക്ഷിണ്യങ്ങള്‍, ഏതു നിയമപരിധിയില്‍ വരും? 500 നേക്കാള്‍ വലുത് പാവപ്പെട്ടവന്റെ ഇരുപതാണെന്നു പറഞ്ഞുകൊണ്ട് ചങ്കത്തടിക്കുന്ന ഇരട്ടച്ഛങ്കന്മാര്‍, വിഡ്ഢികളായ കഴുതയുടെ നെഞ്ചത്ത് ചവുട്ടിനിന്ന്  ആഘോഷിക്കട്ടെ മാമാങ്കങ്ങള്‍. പാവപ്പെട്ടവന്റെ ശവമടക്കാനും, സ്വന്തം മക്കളെപ്പോലും അഞ്ചയലത്തുപോലും അടിപ്പിക്കാത്ത ''കൊരന്റെ കുമ്പിളിലെ കഞ്ഞി ' കുടിക്കാന്‍ മാത്രം വിധിക്കപ്പെട്ട മലയാളമേ നിന്റെ ചിന്തകള്‍ പോലും മരവിച്ചുപോയോ ? 

പലരും സൂചിപ്പിക്കുന്നതുപോലെ,  പകരം ഈ ആര്‍ഭാടങ്ങള്‍ ഒഴിവാക്കി ആള്‍ക്കൂട്ടത്തെ ഒഴിവാക്കി , ലളിതമായി രാജ്ഭവന്റെ നടുത്തളത്തില്‍ സത്യപ്രതിജ്ഞ നടത്തിയിരുന്നെങ്കില്‍, വിജയശ്രീ ലാളിതന്‍ ലോകത്തിനു മാതൃക ആയേനെ. റ്റീവീക്കാരെയും പ്രെസ്സ്ഫോട്ടോഗ്രാഫര്‍ന്മാരെയും ഒഴിവാക്കി ഗവണ്‍മെന്റിന്റെ ഒറ്റ റിപ്പോര്‍ട്ടിങ് സംവിധാനത്തിലൂടെ വാര്‍ത്തയും വീഡിയോകളും മാധ്യമങ്ങള്‍ക്കു ഉടനടി കൊടുക്കാനും മാതൃകയാക്കാമായിരുന്ന അവസരവും കളഞ്ഞുകുളിച്ചു, ഇങ്ങനെയൊക്കെ ചെയ്തിരുന്നെങ്കില്‍, ഇടിഞ്ഞുകൊണ്ടിരിക്കുന്ന മലയാളിയുടെ മാനമെങ്കിലും സ്വല്പം ഉയര്‍ത്താമായിരുന്നെന്നു ചിന്തിക്കാന്‍പോലും ആര്‍ജവം ഇല്ലാതായിപ്പോയല്ലോ എന്ന ദുഃഖം മാത്രം. 'വിവരം കെട്ട പാണ്ടിക്കാരായ് നാം കളിയാക്കുന്ന' തൊട്ടയല്പക്കത്തെ സ്റ്റാലിന്‍ സമയോചിതമായി ചെയ്ത ലളിതമായി അധികാരമേറ്റുകൊണ്ടു ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുന്നത് കാണുമ്പോള്‍, അതിര്‍ത്തി കടക്കാന്‍ മോഹിച്ചു പോകുന്നു.

കൂട്ടത്തില്‍ പറയാതിരിക്കാന്‍ വയ്യാ. ഒരു പാവം മലയാളിപ്പെണ്‍കുട്ടി ഇസ്രായേലില്‍ മിസൈല്‍ ആക്രമണത്തില്‍ മരിച്ചു വീണതിന് പിന്നാലെ അവളുടെ ചേതനയറ്റ മൃതദേഹം ആദരപൂര്‍വം നാട്ടില്‍ കൊണ്ടുവരുമ്പോള്‍, യുദ്ധം കൊടുമ്പിരി കൊണ്ട് നടക്കുന്ന അവിടെനിന്നും ഇസ്രയേലിന്റെ ഉന്നത പ്രതിനിധി കൂടെ വരികയും ദുഖാര്‍ത്തരായ ആ കുദുംബട്ട്‌ഗെയും ഗ്രാമത്തെയും ആശ്വസിപ്പിക്കാന്‍ കാണിച്ച ആ സന്മനസ് , കൂടാതെ എപ്പോള്‍ വേണമെങ്കിലും ഇസ്രായേലിലേക്ക് സൗമ്യയുടെ ഭര്‍ത്താവിന് വരാമെന്ന ഇസ്രായേല്‍ പ്രസിഡന്റിന്റെ നേരിട്ട ക്ഷണം ഫോണിലൂടെ അറിയിക്കാന്‍ കാട്ടിയ മനുഷ്യത്വം ഇതൊക്കെ സ്വാര്‍ത്ഥരായ നമ്മളും കണ്ടു പഠിക്കണം .. (ഓ  പിന്നെ ചാത്തോര്‍ക്ക് വോട്ടില്ലല്ലോ, പിന്നെന്തിനാ അവരെ താങ്ങാന്‍ നടക്കുന്നത് അല്ലേ മച്ചാനേ)

തെക്കുനിന്നും വടക്കോട്ടു കണ്ണോടിച്ചാല്‍ ഇതിലും ലജ്ജാകരമായ 'സിറ്റുവേഷന്‍'. ഒരു വശത്ത് കൊവിട്  ലോകത്തെ വിഴുങ്ങുമ്പോള്‍ ' ഞങ്ങള് ലോകത്തിനു മാതൃക, ഞങ്ങളാണ്  ലോക വാക്‌സിന്‍ നിര്‍മ്മാണ ആസ്ഥാനം ' എന്നൊക്കെ പി ആര്‍ കൊട്ടിഘോഷിക്കുമ്പോള്‍, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പലയിടത്തും  25-50% മേല്‍ കുതിച്ചുയര്‍ന്നു നില്‍ക്കുന്നതിന്റെ ഗൗരവം ബോധ്യമാകുന്നില്ലേ നേതാക്കളേ ?.  

പ്രധാന മന്ത്രി പറയുന്നു ഇന്‍ഡ്യാക്കാര്‍ക്കു വാക്‌സിന്‍ കൊടുത്തതിനെക്കാള്‍ കൂടുതല്‍ വാക്‌സിന്‍ മറ്റുരാജ്യങ്ങള്‍ക്ക് കയറ്റുമതി ചെയ്തിരിക്കുന്നു. ഐക്യരാഷ്ട്രസഭയില്‍  നമ്മുടെ പ്രതിനിധി നാഗരാജ് നായിഡു പറയുന്നു '70 രാജ്യങ്ങളിലേക്ക്, ഇന്ത്യയില്‍ കൊടുത്തതിനേക്കാള്‍  കൂടുതല്‍. വാക്‌സിന്‍ കയറ്റുമതി ചെയ്തിട്ടുണ്ട് '. ഇന്‍ഡ്യാക്കാരനെക്കാള്‍ നമുക്ക് മുഖ്യം മറ്റുള്ളവരല്ലേ. 

കോവിടിന്റെ രണ്ടാമത്തെയും മൂന്നാമത്തെയും തരംഗങ്ങള്‍ പടിവാതില്‍ക്കല്‍ എന്ന് ആരോഗ്യ ശാസ്ത്ര തന്ത്രജ്ഞന്മാര്‍ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും, താടിയും തടവി ടീവിയില്‍ തിളങ്ങാന്‍ ശ്രമിച്ചതല്ലാതെ, ആവശ്യത്തിന് വാക്‌സിന്‍ വാങ്ങിക്കൂട്ടാനോ, താത്ക്കാലികമായിട്ടെങ്കിലും ആശുപത്രിസംവിധാനങ്ങള്‍ രാജ്യത്താകമാനം നടപ്പാക്കാനോ ചിന്തിച്ചിരുന്നെങ്കില്‍, ഇത്രയും ഭാരതീയര്‍ ഓക്‌സിജന്‍ പോലും കിട്ടാതെ വഴിയിലും വണ്ടികളിലും. ആശുപത്രിവരാന്തകളിലുമായി മരിച്ചുകിടക്കയില്ലായിരുന്നു. ചത്തൊടുങ്ങിയാലെങ്കിലും മൃതശരീരങ്ങളോട് സ്വല്പം ആദരവു കാണിക്കുമെന്ന് പ്രതീക്ഷിച്ചതും തെറ്റ് തന്നെ. ഗംഗയിലും യമുനയിലും വലിച്ചെറിഞ്ഞ മനുഷ്യ ശവശരീരങ്ങള്‍ തലയും വേര്‍പെട്ടു കൈകളും  കാലുകളും വേറെവേറെയായി ഒഴുകിനടക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ലോകത്താകമാനം ചാനലുകള്‍ കാട്ടുമ്പോള്‍, രാജാവിന്റെ കൂട്ടത്തില്‍ പ്രജകളും നഗ്‌നരായി നില്‍ക്കുന്നതുപോലെ! ഇതാണ് ഇന്നത്തെ ഇന്ത്യയുടെ മുഖമുദ്ര.

ഗുജറാത്തില്‍ 597 അടി പൊക്കത്തില്‍ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ എന്ന ഉരുക്കു നേതാവിന്റെയും , സിംലയില്‍ ലോകത്തിലെ ഏറ്റവും വലിയ ഹനുമാന്‍ വിഗ്രഹവും, ഹൈദരാബാദിലെ ഹുസ്സൈന്‌സാഗര് തടാകത്തില്‍ വന്‍  ബുദ്ധ പ്രതിമയും ഉയര്ത്തിയ കൂട്ടത്തില്‍, ഭാരതത്തിന്റെ യശസ്സും വാനോളം ഉയര്‍ത്തിനിര്‍ത്തിയിരിക്കയല്ലേ ! കോവിഡ് വരും പോകും, പക്ഷേ നമ്മുടെ ഭാരതത്തിന്റെ പ്രതാപത്തിനൊത്ത രീതിയിലാണ് സെന്‍ട്രല്‍ വിസ്താരവും അനുബന്ധ നിര്‍മ്മാണ പ്രവര്‍ത്തികളും നടന്നു വരുന്നത്. ഏതോ, കണ്ണിനു കാണാന്‍ പോലും വയ്യാത്ത ഒരു കുഞ്ഞുവൈറസ് ലോകത്തില്‍ നടമാടുന്നു എന്നും പറഞ്ഞു നമ്മുടെ വന്‍  പദ്ധതികള്‍ നിര്‍ത്തി വെയ്ക്കാന്‍ പറ്റുമോ? ഒരിക്കലും പാടില്ല. ഇതിനു മുമ്പും എത്രയോ മഹാമാരികള്‍ വന്ന് ലോകത്തില്‍ എത്രയോ പേര്‍ മരിച്ചുപോയി, അതുപോലെ കരുതിയാല്‍ മതി. വിസ്താരയുടെ ഫണ്ട് വഴിമാറ്റി ഓക്‌സിജന്‍ വാങ്ങിക്കാന്‍ പോയാല്‍, ഫണ്ട് ദുര്‍വിനിയോഗം ചെയ്തുവെന്ന് നിങ്ങള്‍ തന്നെ നാളെ പറയും. നിങ്ങള്‍ ആരോപിക്കുന്നതുപോലെ ഓണത്തിനിടയില്‍ പൂട്ട് കച്ചോടത്തിനു വന്ന് കേറിയതൊന്നുമല്ല. ഓണവും പൂട്ടുകച്ചോടവും ഒരുമിച്ചു നടത്താനുള്ള പദ്ധതികള്‍ മാത്രമേ ഇപ്പോള്‍ വിഭാവനം ചെതിട്ടുള്ളു. നമുക്ക് നമ്മുടെ ഇമേജ് വളരെ മുഖ്യമാണെന്നു നിങ്ങള്‍ക്ക് അറിയാമല്ലോ !.

കൊവിട് പോയാലും ഇല്ലെങ്കിലും വിസ്താരവും വേഗം പണിതീര്‍ത്തു നിങ്ങള്‍ കണ്ടോ; ഈ വിജയന്‍ നടത്തിയ പോലെ ഒന്നുമല്ല 8 ലക്ഷം ചതുരശ്ര അടിയുടെ സ്ഥിരം പന്തലും ഇട്ടു, ഇതുവരെ ലോകത്ത് ഒരിടത്തും കാണാത്ത  ആഘോഷത്തോടെ ഇതിന്റ ഉത്ഘാടനവും നടത്തും . ഇന്ത്യയുടെ അമേരിക്കയിലെ വൈസ് പ്രസിഡന്റ് കമലാ ഹാരീസും അന്നത്തെ ബഡാ ഖാനയ്ക്ക് ശേഷം ഡാന്‍സ്ഫ്ളോറില്‍ ഉണ്ടാകാന്‍ ഞാന്‍ ശ്രമിക്കും. പണി തീരുന്നതിനു മുമ്പേ എന്റെ പണി തീരുമോ ആവോ ?

ശേഷം പിന്നാലെ..

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക